Wednesday, March 21, 2012

ഏകധ്രുവ ലോകത്തിനെതിരെ

ഇക്കഴിഞ്ഞ നാലാംതീയതി റഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പൊതുവെ പ്രതീക്ഷിച്ചതുപോലെ വ്ളാദിമിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റായി വിജയിച്ചിരിക്കുന്നു. പുടിന്റെ വിജയം സാര്‍വദേശീയരംഗത്ത് നിര്‍ണായകമായ പരിവര്‍ത്തനങ്ങള്‍ വരുത്തും എന്ന് കരുതപ്പെടുന്നു. വ്ളാദിമിര്‍ പുടിന്‍ പാശ്ചാത്യ മേധാവിത്വത്തിനെതിരാണ്. അവരുടെ മുഖ്യ സൈനിക സംഘടനയായ ഉത്തര അറ്റ്ലാന്റിക് ഉടമ്പടി (നാറ്റോ) സഖ്യത്തെ പുടിന്‍ ശക്തിയായി എതിര്‍ക്കുന്നു. ചൈനയും ഇന്ത്യയുമായുള്ള പുടിന്റെ നയം വളരെ സൗഹാര്‍ദപരമാണ്. അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തിവന്ന അതിക്രമങ്ങളെ പുടിന്‍ അപലപിച്ചു. ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാട് അത്യന്തം അപകടകരമാണെന്ന് പുടിന്‍ താക്കീത് നല്‍കിയിട്ടുണ്ട്. റഷ്യയും ചൈനയും ഇന്ത്യയും ചേര്‍ന്നാല്‍ ലോക ജനസംഖ്യയുടെ മൂന്നില്‍രണ്ട് ഭാഗമാകുമെന്നത് അമേരിക്കയ്ക്ക് വിസ്മരിക്കാനാവുകയില്ല.

അനുദിനം വളര്‍ന്നു ശക്തിയാര്‍ജിക്കുന്ന ചൈനയും അവരുടെ സമ്പദ്ഘടനയും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. അമേരിക്കന്‍ ഡോളറിന്റെ ഏറ്റവും വലിയ നിക്ഷേപം ഇപ്പോള്‍ ചൈനയിലാണ്. ഇപ്പോള്‍ സ്ഥാനമൊഴിയുന്ന ദിമിത്രി മെദ്വദേവിന് മുമ്പ് പ്രസിഡന്റായിരുന്ന സന്ദര്‍ഭത്തില്‍ പുടിന്‍ പലതവണ ഇന്ത്യ സന്ദര്‍ശിക്കുകയും സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്തെപ്പോലെ ഇന്ത്യയുമായി അടിയുറച്ച ബന്ധം സ്ഥാപിക്കാന്‍ നടപടികള്‍ കൈക്കൊള്ളുകയുംചെയ്തു.

സിറിയന്‍പ്രശ്നത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ അമേരിക്കന്‍ ഐക്യനാടുകള്‍ കൈക്കൊള്ളുന്ന ശത്രുതാപരമായ നിലപാട് റഷ്യ അംഗീകരിക്കുന്നില്ല. സിറിയയുടെ സുഹൃത്തുക്കള്‍ എന്ന പേരില്‍ ടൂണിസില്‍ ചേര്‍ന്ന യോഗത്തില്‍ റഷ്യ പങ്കെടുത്തില്ല. മുന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ആ യോഗത്തിന്റെ വാര്‍ത്തകള്‍ക്ക് റഷ്യന്‍ പത്രങ്ങള്‍ പ്രാധാന്യം നല്‍കിയില്ല. മു അമ്മര്‍ ഗദ്ദാഫിയെ അമേരിക്ക അട്ടിമറിച്ച ലിബിയന്‍ നാടകം ഇനി ആവര്‍ത്തിക്കാന്‍ അവസരം നല്‍കുകയില്ല എന്നതാണ് പുടിന്റ നിലപാട്. ഐക്യരാഷ്ട്രസഭയെ ഉപയോഗപ്പെടുത്തി അമേരിക്കയും കൂട്ടാളികളും മറ്റ് പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കൈയുംകെട്ടി നോക്കിയിരിക്കുകയില്ല എന്ന് ശക്തമായിത്തന്നെ പുടിന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇനി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരം ഇടപെടലുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കുകയുമില്ല എന്നും വ്യക്തമാക്കിക്കഴിഞ്ഞു. പഴയ സോവിയറ്റ് യൂണിയന്‍ റിപ്പബ്ലിക്കുകളെ കരുവാക്കി യൂറോപ്യന്‍മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള പാശ്ചാത്യപരിശ്രമങ്ങള്‍ ഇനിയും അനുവദിക്കുകയില്ല എന്നും പുടിന്‍ വ്യക്തമാക്കി.

പ്രകൃതിവാതകവും എണ്ണനിക്ഷേപവും ധാരാളമുള്ള റഷ്യയെ മുഷിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഭയമാണ്. അവരുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് പശ്ചിമേഷ്യയെ എന്നപോലെ റഷ്യയെയും ആശ്രയിക്കേണ്ടിവരുന്നു. നാറ്റോയുടെ സ്വാധീനം പഴയ സോവിയറ്റ് ചേരിയിലെ അംഗങ്ങളായിരുന്ന രാഷ്ട്രങ്ങളിലേക്ക് വികസിപ്പിക്കാനുള്ള ശ്രമങ്ങളെ റഷ്യ എതിര്‍ക്കുന്നു.

ഇന്ത്യയുടെ വഞ്ചന

നേരത്തെ പറഞ്ഞതുപോലെ ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കാനാണ് കഴിഞ്ഞ ഊഴത്തിലെന്നപോലെ ഇപ്പോഴും വ്ളാദിമിര്‍ പുടിന്‍ ശ്രമിക്കുന്നത്. എന്നാല്‍ , ഇന്ത്യ അത്തരത്തില്‍ ഒരു മനോഭാവം സ്വീകരിക്കാതെ അമേരിക്കയോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയില്‍ സിറിയക്ക് എതിരായ പ്രമേയത്തെ അമേരിക്കയും ഇന്ത്യയും അനുകൂലിച്ചപ്പോള്‍ റഷ്യയും ചൈനയും വീറ്റോ ഉപയോഗിച്ച് അത് തള്ളിക്കളയുകയാണുണ്ടായത്. ഇന്ത്യയുടെ ഈ നടപടി അമേരിക്കയ്ക്ക് അനുകൂലമാണെന്ന് മാത്രമല്ല ചൈനയുമായുള്ള സൗഹാര്‍ദത്തിന് വിഘാതവുമാണ്. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യയുടെ ഈ നിലപാട് തകരാറിലാക്കും.

പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിക്കൊണ്ടുവന്ന വിദേശനയത്തിന്റെ തിരസ്കാരമാണ് ഈ നിലപാടില്‍ നിഴലിക്കുന്നതെന്ന് റഷ്യന്‍ പണ്ഡിതനായ പ്രൊഫ. വോളാഡിന്‍ അഭിപ്രായപ്പെടുന്നു. റഷ്യയുമായി പോര്‍വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ നിലനില്‍ക്കുമ്പോള്‍തന്നെ അതനുസരിച്ച് പ്രവര്‍ത്തിക്കാതെ അമേരിക്കയില്‍നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങുകയാണ് ഈ അടുത്തകാലത്ത് ഇന്ത്യ ചെയ്തത്. യൂറോ ഏഷ്യന്‍ വന്‍കരയില്‍ ഇന്ത്യക്കുള്ള സ്വാധീനത്തെ അമേരിക്കയ്ക്ക് തീറെഴുതുന്ന നടപടിയാണിതെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഈ നിലപാട് സ്വീകരിച്ചാലും അത് ലോകത്തിലെ ഇരുധ്രുവാവസ്ഥയ്ക്ക് വലിയ കോട്ടമൊന്നും വരുത്തുകയില്ല. ചൈനയും റഷ്യയും തമ്മിലുള്ള സഖ്യത്തെ മറികടക്കാനുള്ള അമേരിക്കന്‍ കുതന്ത്രങ്ങളെ മാത്രമേ അത് സഹായിക്കൂ. അങ്ങനെ ഇരുധ്രുവലോകം യാഥാര്‍ഥ്യമായിത്തന്നെ തുടരുകയുംചെയ്യും- പഴയ സോഷ്യലിസ്റ്റ് ചേരിയും സാമ്രാജ്യത്വ ചേരിയും തമ്മിലുള്ള വൈരുധ്യങ്ങള്‍പോലെതന്നെ.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 21 മാര്‍ച്ച് 2012

No comments: