Sunday, January 29, 2012

ഇന്ത്യാ- ചൈനാ ബന്ധത്തില്‍ പുത്തന്‍ വഴിത്തിരിവ്

ഇന്ത്യാ-ചൈനാ ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സുഷ്ടിച്ചുകൊണ്ട് അതിര്‍ത്തി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്രവര്‍ത്തന സംവിധാനം രൂപീകരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയും ഏകോപനവും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പ്രവര്‍ത്തന സംവിധാനം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അതിര്‍ത്തിയില്‍ അനിഷ്ടസംഭവങ്ങളൊനും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ പ്രത്യേക പ്രവര്‍ത്തന സംവിധാനത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്‍റി മക്മോഹന്‍ അതിര്‍ത്തി നിര്‍ണയിച്ചതുമുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രത്യേക സംവിധാനത്തിന്റെ രൂപീകരണം. ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോനും ചൈനയുടെ സ്റ്റേറ്റ് കോണ്‍സലര്‍ ദായ്ബിന്‍ഗ്വായും തമ്മില്‍ ജനുവരി 16, 17 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന പതിനഞ്ചാമത് പ്രത്യേക പ്രതിനിധിതല ചര്‍ച്ചക്കൊടുവിലാണ്സുപ്രധാന വഴിത്തിരിവുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന പ്രത്യേക പ്രതിനിധിതല ചര്‍ച്ചയാണ് രണ്ടുമാസം വൈകി ഡല്‍ഹിയില്‍ നടന്നത്.

ചൈനയിലെ വിമത നേതാവായ ദലൈലാമ ഇന്ത്യയില്‍ നടക്കുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് ചര്‍ച്ച നീണ്ടുപോയത്. ചര്‍ച്ചയ്ക്കൊടുവില്‍ ഇരു രാഷ്ട്രങ്ങളും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. കിഴക്കനേഷ്യയുടെ ചുമതലയുള്ള വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറിയും ചൈനീസ് വിദേശമന്ത്രാലയത്തിലെ അതിര്‍ത്തി-സമുദ്ര വിഭാഗത്തിലെ ഡയറക്ടര്‍ ജനറലും സംയുക്തമായിട്ടായിരിക്കും പ്രവര്‍ത്തന സംവിധാനത്തിന് നേതൃത്വം നല്‍കുക. ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും സൈനിക ഉദ്യേഗസ്ഥരും ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കും. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പ്രത്യേക സംവിധാനത്തിന്റെ യോഗം ചേരും. അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനും അധികാരമുണ്ടായിരിക്കും. അതിര്‍ത്തിക്ക് ഇരുവശവുമുള്ള സൈനികര്‍ തമ്മിലുള്ള സന്ദര്‍ശനവും സഹകരണവും ശക്തമാക്കുകയും പ്രത്യേക സംവിധാനത്തിന്റെ ലക്ഷ്യമാണ്. ഇരുരാജ്യങ്ങളും അതിര്‍ത്തി സംബന്ധിച്ച് അംഗീകരിച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ സംവിധാനം ശ്രമിക്കും. പ്രത്യേക സംവിധാനത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും അനുവാദത്തോടെ എന്ത് ഭേദഗതിയും വരുത്താവുന്നതാണ്. എന്നാല്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക പ്രതിനിധി തല ചര്‍ച്ചയെ, പ്രവര്‍ത്തന സംവിധാനത്തിന്റെ രൂപീകരണം ഒരു തരത്തിലും ബാധിക്കില്ല. പ്രത്യേക പ്രതിനിധിതല ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പതിനാറാംവട്ട ചര്‍ച്ച ഈ വര്‍ഷാവസാനം ചൈനയില്‍ നടക്കും.

2010 ല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ചൈനയുടെ പ്രധാനമന്ത്രി വെന്‍ ജിയാബാവോയാണ് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം എന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെച്ചത്. 2011 ഏപ്രിലില്‍ ചൈനയിലെ സാന്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍ ജിയാബാവോയും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ സംവിധാനത്തിന് രൂപം നല്‍കാന്‍ അന്തിമമായി തീരുമാനിച്ചത്. 1980 കളിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് ഉഭയകക്ഷി സംഭാഷണം ആരംഭിച്ചത്. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് 1993 ലും 1996 ലും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി 2003 ല്‍ ശിവശങ്കര്‍ മേനോന്‍ ബീജിങ്ങില്‍ ഇന്ത്യയുടെ അംബാസഡറായ ഘട്ടത്തിലാണ് പ്രത്യേക പ്രതിനിധിതല സംഭാഷണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണ് ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ അതിര്‍ത്തി സംഭാഷണത്തിന്റെ തത്വങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ അളവുകോലും എന്താണെന്ന് നിശ്ചയിച്ചു. അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച ഒരു ചട്ടക്കൂടിന് രൂപം നല്‍കുകയെന്ന രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ് പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമായി ഇപ്പോള്‍ നടന്നിട്ടുള്ളത്. അടുത്ത ഘട്ടമാണ് ഏറെ വിഷമകരം. അതിര്‍ത്തി നിര്‍ണയമാണ് ഈ അവസാന ഘട്ടം. ലഡാക്കിനടുത്തുള്ള അക്സായിചിന്‍ , അരുണാചല്‍പ്രദേശ് എന്നിവയുടെ അതിര്‍ത്തി നിര്‍ണയമാണ് പ്രധാന തര്‍ക്കവിഷയം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സുവര്‍ണകാലം എത്തിപ്പിടിക്കാന്‍ ഇന്ത്യയും ചൈനയും തയ്യാറാകണമെന്നാണ് ചൈനീസ് പ്രതിനിധിയായ ദായ് ബിന്‍ഗ്വയുടെ അഭിപ്രായം. ഇന്ത്യയുടെ വികസനം തടയാനോ ഇന്ത്യയെ ആക്രമിക്കാനോ ചൈനയ്ക്ക് പരിപാടിയില്ലെന്നും ഇതു സംബന്ധിച്ച പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പതിനഞ്ചാംവട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് നീണ്ട 61 വര്‍ഷത്തെ ചരിത്രമുണ്ട്. ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് വിപ്ലവം വിജയിച്ചതിനുശേഷം ജനകീയ ചൈനാ റിപ്പബ്ലിക്കിനെ ആദ്യമായി അംഗീകരിച്ച സോഷ്യലിസ്റ്റ് ഇതര രാഷ്ട്രം ഇന്ത്യയായിരുന്നു.

1950 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യ ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. "ഹിന്ദി ചീനി ഭായ് ഭായ്" എന്ന മുദ്രാവാക്യം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സുഹൃദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 1962 ലെ സംഘര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണ് തുടര്‍ന്നിരുന്നത്. 1954 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ അഞ്ചു ലക്ഷം പേരാണ് അദ്ദേഹത്തെ എതിരേറ്റത്. പ്രസിദ്ധമായ പഞ്ചശീല തത്വപ്രഖ്യാപനത്തിലും ഇതേവര്‍ഷം തന്നെയാണ് ഒപ്പുവെച്ചത്. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അടിയുറച്ചതായിരുന്നു ഈ ബന്ധം. എന്നാല്‍ 1962 ന് ശേഷം ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. 1988 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചൈനാ സന്ദര്‍ശനത്തോടെയാണ് ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതുയുഗം തന്നെ ഇതോടെ ആരംഭിച്ചു. 1991 ല്‍ ചൈനീസ് പ്രധാനമന്ത്രി ലീ പെങ് ഇന്ത്യ സന്ദര്‍ശിച്ചു.

2003 ല്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയും 2007 ല്‍ സോണിയാഗാന്ധിയും 2008 ല്‍ മന്‍മോഹന്‍സിങ്ങും ബീജിങ് സന്ദര്‍ശിച്ചു. ഉഭയകക്ഷി ബന്ധത്തിലുള്ള ഈ ഉണര്‍വ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ദൃശ്യമായി. 1990 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 26 കോടി ഡോളറായിരുന്നെങ്കില്‍ 2010 ല്‍ അത് 6000 കോടി ഡോളറായി വര്‍ധിച്ചു. വര്‍ഷത്തില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. നാഥുല ചുരം വ്യാപാരത്തിന് തുറന്നുകൊടുത്തതും ഈ രംഗത്തെ മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയുടെ എറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ചൈനയെങ്കില്‍ ചൈനയുടെ പത്താമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപത്തിലും മത്സരിക്കുകയാണിപ്പോള്‍ . പുതിയ ലോകസാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ രണ്ടും മൂന്നും സാമ്പത്തിക ശക്തിയായി മാറുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സൈനികമായി ഒന്നാമതെങ്കിലും സാമ്പത്തികമായി അമേരിക്ക തകരുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സഹകരണത്തിന് സാധ്യതകളും മാനങ്ങളും ഏറെയാണ്. എന്നാല്‍ പശ്ചിമേഷ്യക്ക് പകരം ഏഷ്യ-പസഫിക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ചൈനയെ പിടിച്ചുകെട്ടി ഇന്ത്യ-ജപ്പാന്‍ -അമേരിക്ക സഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. ഈ പശ്ചാത്തലത്തിലായിരിക്കണം ഇന്ത്യാ-ചൈനാ ഉഭയകക്ഷി ബന്ധത്തിലുണ്ടായ ഈ മുന്നേറ്റത്തെ വീക്ഷിക്കേണ്ടത്.

*
വി ബി പരമേശ്വരന്‍ ചിന്ത വാരിക

1 comment:

P.C.MADHURAJ said...

നമ്മുടെ മുതലാളിയും നിങ്ങടെ മുതലാളിയും ചാര്ച്ച്ചക്കാരാണേ!