Tuesday, December 27, 2011

പാര്‍ടികോണ്‍ഗ്രസും മാധ്യമ കൗശലവും 4

മഴ മോസ്കോയില്‍ ; കുട കേരളത്തില്‍

ഒന്നാം ഭാഗം, രണ്ടാം ഭാഗം, മൂന്നാം ഭാഗം

മോസ്കോയില്‍ മഴ പെയ്യുമ്പോള്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നുപറഞ്ഞ് പരിഹസിക്കാന്‍ മാതൃഭൂമിയിലൂടെ പണ്ട് സഞ്ജയനെപ്പോലുള്ളവര്‍ മുതിര്‍ന്നിരുന്നു. എന്നാലിന്ന് മോസ്കോയുടെ പേരില്‍ കുട പിടിക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉത്സാഹപൂര്‍വം ഇവിടെ രംഗത്തുണ്ട്. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സോഷ്യലിസത്തിനെതിരായ പുതുപുത്തന്‍ പ്രത്യയശാസ്ത്ര ആക്രമണം മാത്രമല്ല മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളുടെ മരണത്തെപ്പോലും വീണ്ടും കുഴിതോണ്ടി വിവാദമാക്കുന്നു. മോസ്കോയില്‍ മഴ പെയ്യുമ്പോള്‍ കേരളത്തില്‍ കുടപിടിക്കുന്നോ എന്ന് കമ്യൂണിസ്റ്റുകാരോട് ചോദിച്ചവരാണ് ലെനിന്റെ മരണത്തിന്റെ പേരില്‍ കമ്യൂണിസത്തെ ആക്രമിക്കാന്‍ വിവാദക്കുട ഉയര്‍ത്തുന്നത്. എണ്‍പത്തൊന്‍പത് വര്‍ഷം മുന്‍പ് ലെനിന്‍ മരിച്ചത് 53-ാം വയസ്സില്‍ .

രണ്ട് പതിറ്റാണ്ട് മുന്‍പ് സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടര്‍ന്ന് റഷ്യയില്‍ ലെനിന്റെ മരണം വിവാദമാക്കിയിരുന്നു. "അധികാരമോഹിയായ" സ്റ്റാലിന്‍ ലെനിന് വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന കമ്യൂണിസ്റ്റ്വിരുദ്ധരുടെ പഴയ ആക്ഷേപം കുത്തിപ്പൊക്കി. അതേത്തുടര്‍ന്ന് ലെനിന്റെ മരണത്തെ സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കാന്‍ റഷ്യയിലെ പുതിയ ഭരണാധികാരികള്‍ ഉത്തരവിട്ടു. അങ്ങനെ ലെനിനെ അവസാനകാലത്ത് ചികിത്സിച്ച ഡോക്ടര്‍ വിക്ടര്‍ പെലോവിച്ച് ഓസിപ്പോവിന്റെ ഡയറിക്കുറിപ്പുകള്‍ തേടിപ്പിടിച്ചു. ലെനിന് അസുഖമുണ്ടായത് നായാട്ട് വിനോദത്തിനിടയിലായിരുന്നു. 1922 അവസാനത്തോടെ ശരീരത്തിന്റെ വലതുഭാഗം തളര്‍ന്നുപോവുകയും സംസാരശേഷി നഷ്ടപ്പെടുകയുംചെയ്തു. ലെനിന്റെ മൃതദേഹം 10 ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. സെറിബ്രല്‍ ത്രോംബോസിസ് മൂലമായിരുന്നു മരണം. ലെനിന്റെ അച്ഛന്‍ 53-ാം വയസ്സിലും അമ്മ 70-ാം വയസ്സിലും ഇതേ രോഗത്താലാണ് മരിച്ചത്. ഡോക്ടറുടെ ഡയറിക്കുറിപ്പ് കണ്ടെത്തിയതോടെ റഷ്യയില്‍ ഒരു വ്യാഴവട്ടം മുമ്പ് കെട്ടിപ്പൂട്ടിയ കെട്ടുകഥയാണ് കെട്ടഴിച്ച് കേരളത്തില്‍ വിടാന്‍ ദീപികയാദി പത്രങ്ങള്‍ ഇറങ്ങിയത്. ആഗോളമായിത്തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നായകരും പ്രതിനായകരുമുണ്ടെന്ന് വരുത്താനുള്ള നിലകെട്ട പരിശ്രമമാണ് മനോരമ-മാതൃഭൂമി-മംഗളം- ദീപിക- ഏഷ്യാനെറ്റാദി മാധ്യമങ്ങളുടേത്. റഷ്യയില്‍ ലെനിനും സ്റ്റാലിനും തമ്മിലാണെങ്കില്‍ ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയും ചെഗുവേരയും തമ്മിലായിരുന്നത്രേ ഏറ്റുമുട്ടല്‍ . ചെ ക്യൂബ വിട്ടത് കാസ്ട്രോയുമായുള്ള താത്വിക തര്‍ക്കവും സംഘടനാപരമായ പിണക്കവുംകൊണ്ടാണെന്ന കെട്ടുകഥ സജീവമായി. അതിസൂക്ഷ്മമായ ഗവേഷണത്തിനും അന്വേഷണത്തിനുംശേഷം ചേ യുടെ ആധികാരികവും ബൃഹത്തുമായ ജീവചരിത്രം-Che Guevara, A Revolutionary Life എന്ന ഗ്രന്ഥം ജോണ്‍ ലീ ആന്‍ഡേഴ്സണ്‍ പുറത്തുവിട്ടതോടെ അത്തരം ഭാവനാസൃഷ്ടികള്‍ പൊളിഞ്ഞു. ലാഹിഗ്വേരയിലെ പൊട്ടിപ്പൊളിഞ്ഞ സ്കൂള്‍ കെട്ടിടത്തിലെ ചെളിത്തറയില്‍ കൈയും കാലും കെട്ടിയിട്ട് ചെ യെ വെടിവെച്ചുകൊന്നു. ബന്ധനസ്ഥനായി വെടിയുണ്ടയേറ്റ് രക്തം വാര്‍ന്നൊഴുകുമ്പോഴും ഫിദലിനെതിരെ എന്തെങ്കിലും പ്രതികരണം കിട്ടാന്‍ സിഐഎ പ്രതിനിധിയും അയാളുടെ ബൊളീവിയന്‍ സഹായികളും ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. പക്ഷേ, അതൊന്നും ഇന്നാട്ടിലെ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമ കുമാരിമാര്‍ക്കും കുമാരന്മാര്‍ക്കും ഓര്‍ക്കേണ്ടതില്ലല്ലോ.

ഇന്ത്യയില്‍ , വിശിഷ്യാ ബംഗാളില്‍ മാര്‍ക്സിസം അപകടപ്പെട്ടുവെന്നും അതിനു കാരണം സുര്‍ജിത്- ജ്യോതിബസു കൂട്ടുകെട്ടിലേക്ക് പാര്‍ടി എത്തിയതുകൊണ്ടാണെന്നും ചില അരാജക ഇടതുബുദ്ധിജീവികള്‍ മാതൃഭൂമിയിലൂടെ സമര്‍ഥിക്കാന്‍ പരിശ്രമിക്കുന്നു. ഇ എം എസ്- ബി ടി ആര്‍ - ബസവ പുന്നയ്യ എന്നിവര്‍ നല്ലവര്‍ . സുര്‍ജിത്-ജ്യോതിബസു ഇപ്പോള്‍ പ്രകാശ് കാരാട്ട് എന്നിവര്‍ മോശം എന്നതാണ് ഇവരുടെ കണ്ടുപിടിത്തം. ചെന്നായയുടെ ഉടലും ഇ എം എസിന്റെ മുഖവുമുള്ള മുഖ്യമന്ത്രിയായിരുന്നു മാതൃഭൂമിക്ക് വിമോചനസമരകാലത്ത് ഇ എം എസ്. അദ്ദേഹത്തിന് ഇപ്പോള്‍ ശാപമോക്ഷം നല്‍കിയത് നല്ല കാര്യം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടത് മതനിരപേക്ഷ പ്രസ്ഥാനവും എന്നും ഓര്‍മിക്കുന്ന സമുന്നതനേതാക്കളില്‍ മുന്‍നിരക്കാരാണ് സുര്‍ജിത്തും ബസുവും. ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന നിയമബിരുദമായ ബാര്‍ അറ്റ് ലോ നേടിയ ജ്യോതിബസു 1940ല്‍ ഇന്ത്യയിലെത്തിയശേഷമുള്ള ഏഴ് പതിറ്റാണ്ടിലെ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമര്‍പ്പിതമായിരുന്നു. മൂന്നരക്കൊല്ലം ജയിലിലും രണ്ടുവര്‍ഷം ഒളിവിലും. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പോരാടിയതിന് സൂര്യപ്രകാശം കടക്കാത്ത ആഴമുള്ള കിണറില്‍ വര്‍ഷങ്ങളോളമിട്ട് കണ്ണിന്റെ കാഴ്ചകളഞ്ഞ പീഡനങ്ങളെ അതിജീവിച്ച നേതാവാണ് സുര്‍ജിത്. മാര്‍ക്സിസം ലെനിനിസത്തില്‍ ആഴത്തിലുള്ള അറിവ്, അത് പ്രായോഗികമാക്കുന്നതിലുള്ള അനുപമമായ പാടവം, തികഞ്ഞ ജനാധിപത്യ സമീപനം ഇതെല്ലാമുണ്ടായിരുന്ന നേതാക്കളെയാണ് ഇന്ന് മോശക്കാരായി ചിത്രീകരിക്കുന്നത്.

1992 ജനുവരിയില്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസില്‍ സുര്‍ജിത് ജനറല്‍സെക്രട്ടറിയായതോടെ പാര്‍ടി കമ്യൂണിസ്റ്റ്പാത ഏറെക്കുറെ ഉപേക്ഷിച്ചുവെന്നും സാമ്രാജ്യത്വ അനുകൂല ആഗോളവല്‍ക്കരണ നയത്തിന് കീഴ്പ്പെട്ടുവെന്നുമാണ് മാതൃഭൂമിയുടെ ഇഷ്ട അരാജകബുദ്ധിജീവികള്‍ പറയുന്നത്. സുര്‍ജിത് നയത്തെ അന്നെതിര്‍ത്ത പ്രകാശ്കാരാട്ട് ജനറല്‍സെക്രട്ടറിയായതോടെ തെറ്റായ നയം നടപ്പാക്കാന്‍ മുന്‍നിന്നു പ്രവര്‍ത്തിക്കുന്ന നേതാവായി മാറിയിരിക്കുന്നുവെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. ഇത്തരം നെറികെട്ട ആക്ഷേപമുന്നയിക്കുന്നവര്‍ക്ക് ഇ എം എസ് ജീവിച്ചിരുന്നെങ്കില്‍ മാപ്പുകൊടുക്കില്ലായിരുന്നു. ചെന്നൈ പാര്‍ടി കോണ്‍ഗ്രസിലും അതിനുശേഷമുള്ള ഏതാനും വര്‍ഷങ്ങളിലും ഇ എം എസിന്റെകൂടി സജീവ ഇടപെടലിലൂടെയാണ് നയങ്ങളും പ്രവര്‍ത്തനപരിപാടികളും പാര്‍ടി രൂപപ്പെടുത്തിയത്. കല്‍ക്കത്ത കോണ്‍ഗ്രസുവരെ സുര്‍ജിത്- ജ്യോതിബസു ലൈനിനെതിരെ നിലപാടെടുത്ത പ്രകാശ്കാരാട്ട് ജനറല്‍സെക്രട്ടറിയായതോടെ സുര്‍ജിത്തിന്റെ ആഗോളവല്‍ക്കരണ അനുകൂലവും സാമ്രാജ്യത്വത്തോട് മൃദുസമീപനവും സ്വീകരിക്കുന്ന നയത്തിലെത്തിയെന്ന ആക്ഷേപം നിലവാരമില്ലാത്തതാണ്. അമേരിക്കയുമായി ഇന്ത്യ ആണവകരാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതെന്നും അന്ന് പ്രകാശ്കാരാട്ടാണ് ജനറല്‍സെക്രട്ടറിയെന്നതും യുക്തിരഹിതമായ ആക്ഷേപമുന്നയിക്കുന്നവര്‍ ഓര്‍ക്കണം. ബഹുജനവിപ്ലവപാര്‍ടിയായി സിപിഐ എമ്മിനെ പുനഃസംഘടിപ്പിക്കുമെന്ന് 1978ല്‍ പശ്ചിമബംഗാളിലെ സല്‍ക്കിയായില്‍ ചേര്‍ന്ന പ്ലീനം തീരുമാനിച്ചപ്പോള്‍ ജനറല്‍സെക്രട്ടറി ഇ എം എസായിരുന്നു. ഇ എം എസ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മാതൃഭൂമിയുടെ അരാജക ഇടതുപക്ഷ ബുദ്ധിജീവികള്‍ ബഹുജനവിപ്ലവപാര്‍ടിയെന്ന സങ്കല്‍പ്പത്തിന്റെ പേരില്‍ ഇ എം എസിനെയും പരിഷ്കരണവാദിയാക്കിയേനെ. സല്‍ക്കിയാ പ്ലീനത്തിന് പാര്‍ടിയുടെ ചരിത്രത്തില്‍ തീര്‍ച്ചയായും പ്രാധാന്യമുണ്ട്. ബഹുജനങ്ങളെയാകെ ഉള്‍ക്കൊള്ളുന്നതും മാര്‍ക്സിസം ലെനിനിസം അടിസ്ഥാനപ്രമാണമായി അംഗീകരിക്കുന്നതുമായ ഒരു തൊഴിലാളിവര്‍ഗ വിപ്ലവ ബഹുജനപാര്‍ടിയായി സിപിഐ എമ്മിനെ ഉയര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. പാര്‍ടി സംഘടനയെ എങ്ങനെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും കരുത്തുറ്റതാക്കാമെന്ന ചര്‍ച്ചയില്‍നിന്നാണ് ഈ നയം സ്വീകരിച്ചതെന്നെല്ലാം മറന്ന് ഇ എം എസിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ഉത്സാഹിച്ചേനേ. പാര്‍ടി നേതൃത്വത്തെ രണ്ടുതട്ടിലാക്കി, ഒരു തട്ടിനെ കമ്യൂണിസ്റ്റ്വിരുദ്ധതയുടെ ചാപ്പകുത്തി മോശമാക്കാനുള്ള പരിശ്രമം കേരളത്തില്‍ അനാദികാലംമുതലേയുള്ളതാണ്.

ഇ എം എസ്-എ കെ ജി, നായനാര്‍ -വി എസ്, വി എസ്-പിണറായി എന്നെല്ലാമുള്ള കള്ളികളിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം തുടരുകയാണ്. നായകനും പ്രതിനായകനും സിനിമയിലും നാടകത്തിലുമാണ്. കമ്യൂണിസ്റ്റ്പാര്‍ടിയിലില്ല. അതുകൊണ്ട് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെയും ചുറ്റിപ്പറ്റി നടത്തുന്ന ചിത്രീകരണം അസംബന്ധമാണ്. കമ്യൂണിസ്റ്റ് നേതാക്കള്‍ ദൈവങ്ങളല്ല. മനുഷ്യരായ നേതാക്കള്‍ക്ക് പ്രതികരണങ്ങളില്‍ തെറ്റും പിശകും വരാം. ആ തെറ്റുകള്‍ അറിഞ്ഞോ അറിയാതെയോ എന്നത് പരിശോധിക്കാനുള്ള സംഘടനാ സംവിധാനം സിപിഐ എമ്മിനുണ്ട്. ജില്ലാസമ്മേളനങ്ങളുമായി ബന്ധപ്പെടുത്തി വി എസ് കൊച്ചിയില്‍ നടത്തിയ ഒരു പരാമര്‍ശത്തെ ചില പത്രങ്ങള്‍ ലീഡ് വാര്‍ത്തയാക്കി. എന്നാല്‍ , പിറ്റേദിവസം സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനംചെയ്ത് വി എസ് പറഞ്ഞത് പാര്‍ടി സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ കുപ്രചാരണമാണ് അധികവും വരുന്നതെന്നാണ്. ജനാധിപത്യം തീരെ ഇല്ലെന്നും മത്സരിക്കാന്‍ സ്വാതന്ത്ര്യവുമില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് ജില്ലാസമ്മേളനങ്ങളെന്നും വി എസ് ചൂണ്ടിക്കാട്ടി. പക്ഷേ, വി എസിന്റെ ഈ പ്രസംഗം വലതുപക്ഷ മാധ്യമങ്ങള്‍ അപ്രധാന വാര്‍ത്തയാക്കി.

പാര്‍ടിക്കകത്ത് ഇല്ലാത്ത തര്‍ക്കങ്ങള്‍ കുത്തിയിളക്കാനും ഉള്‍പാര്‍ടി സമരം വഴിതെറ്റിക്കാനും വലതുപക്ഷമാധ്യമങ്ങള്‍ക്ക് അജന്‍ഡയുണ്ട്. പാര്‍ടിക്കകത്തെ ഐക്യത്തെയും സംഘടനാദാര്‍ഢ്യത്തെയും അപായപ്പെടുത്തിയാലേ ശത്രുവിന് അത് സഹായകരമാവൂ. ഇതിനുവേണ്ടിയാണ് വ്യക്തികേന്ദ്രീകൃത ആക്രമണങ്ങള്‍ക്ക് വലതുപക്ഷ മാധ്യമങ്ങള്‍ വഴിതുറന്നുകൊടുക്കാന്‍ നോക്കുന്നത്. ഇതിന്റെ ഭാഗമായിവേണം മനോരമ പല ഘട്ടങ്ങളിലായി എഴുതുന്ന പാര്‍ടികോണ്‍ഗ്രസ് വിരുദ്ധ പരമ്പരയില്‍ ഉയര്‍ത്തുന്ന യുക്തിരഹിതമായ വാദമുഖങ്ങളെ കാണാന്‍ .

കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിലെ ഏറ്റവും വലിയ ചോദ്യം വി എസ് അച്യുതാനന്ദന്‍ പാര്‍ടി പിബിയില്‍ തിരിച്ചെത്തുമോ എന്നതാണെന്നാണ് മനോരമയുടെ പക്ഷം. അതുപോലെ പിണറായി വിജയന്‍ ഹിന്ദി പഠിക്കാന്‍ തുടങ്ങുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു. കോഴിക്കോട്ട് മുമ്പുനടന്ന സംസ്ഥാനസമ്മേളനത്തില്‍ ഇ കെ നായനാര്‍ സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹി ആക്കണമോ എന്ന ശങ്കയില്‍ വി എസ് ഹിന്ദി പഠിക്കാന്‍പോയി എന്നൊരു അടിസ്ഥാനരഹിതമായ കണ്ടെത്തലും മനോരമയുടെ പാര്‍ടികോണ്‍ഗ്രസ് വിരുദ്ധ പരമ്പരയിലുണ്ട്. അതുപോലെ തിരുവനന്തപുരത്തെ സംസ്ഥാനസമ്മേളനം കഴിഞ്ഞാല്‍ പിണറായി വിജയന്‍ സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്ന് മാറി ഹിന്ദി പഠിക്കാന്‍ പോകുമോ എന്നാണ് ഒരുകൂട്ടം ലേഖകരുടെ സംയുക്തപരമ്പരയിലെ അന്വേഷണം. വ്യക്തികളെ കേന്ദ്രമാക്കിയുള്ള മനോരമയുടെ ഇത്തരം സംശയങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ല. ഏതെങ്കിലും നേതാവ്, ആ നേതാവ് എത്ര സമുന്നതനായാലും ആ നേതാവ് ഇന്ന ഘടകത്തില്‍വരുമോ, സെക്രട്ടറിയാവുമോ എന്നതല്ല പാര്‍ടി സമ്മേളനങ്ങളുടെ മുഖ്യ കടമയും കര്‍ത്തവ്യവും. പിന്നെ മനോരമയ്ക്ക് സംശയംവരുന്ന വിഷയങ്ങളില്‍ , അതായത് സംസ്ഥാനസെക്രട്ടറിയാരാവണം, പിബി അംഗങ്ങള്‍ ആരാവണം എന്നതിലെല്ലാം തീരുമാനമെടുക്കുന്നതില്‍ പാര്‍ടി സമ്മേളനങ്ങള്‍ക്ക് ഒരു വിഷമവുമുണ്ടാവില്ല. മലപ്പുറം സംസ്ഥാനസമ്മേളനത്തിനുമുമ്പ് ഒരു പത്രം സ്വപ്നംകണ്ടത് സമ്മേളനം കഴിഞ്ഞാല്‍ പിണറായി വിജയന്റെ പാര്‍ടി അംഗത്വം പിണറായിയിലെ ബ്രാഞ്ചിലേക്ക് ചുരുങ്ങുമെന്നാണ്. ലോക്കല്‍ കമ്മിറ്റി മുതലുള്ള പാര്‍ടി ഘടകങ്ങളിലെ സെക്രട്ടറിമാര്‍ക്ക് മൂന്ന് ടേം എന്ന വ്യവസ്ഥ കോഴിക്കോട്ട് പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ പോവുകയാണ്. അതില്‍തന്നെ ആവശ്യമെങ്കില്‍ മൂന്നു ടേമില്‍ ഇളവിനുള്ള വ്യവസ്ഥയുമുണ്ടാകും. സെക്രട്ടറിമാര്‍ക്ക് കാലപരിധിവച്ച സിപിഐതന്നെ ആ വ്യവസ്ഥയ്ക്ക് ഇളവ് നല്‍കുകയും അതുപ്രകാരം എ ബി ബര്‍ദന്‍ സെക്രട്ടറിയായി തുടരുകയുംചെയ്തു. മൂന്നു ടേം കഴിഞ്ഞിട്ടും അനന്തഗോപനെ പത്തനംതിട്ടയില്‍ സിപിഐ എം ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോള്‍ മനോരമയും മറ്റും എഴുതിയത് ഇങ്ങനെയാണ്: "പത്തനംതിട്ട ഒരു സൂചനയാണ്. മൂന്ന് ടേം സംസ്ഥാനസമ്മേളനത്തിലും നടപ്പാകാന്‍ പോകുന്നില്ല." ആരെല്ലാം ഉള്‍പ്പെടുന്നതാവണം ഒരു ഘടകത്തിന്റെ കമ്മിറ്റിയെന്നതും ആര് സെക്രട്ടറിയെന്നതും ഒട്ടും വിഷമമില്ലാതെ തീരുമാനിക്കാനുള്ള ഉറച്ച ഉള്‍പ്പാര്‍ടി ജനാധിപത്യകരുത്ത് സിപിഐ എമ്മിനുണ്ടെന്ന വസ്തുത ഒരുവിഭാഗം മാധ്യമങ്ങള്‍ വിസ്മരിക്കുകയാണ്. കോഴിക്കോട്ട് പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യാന്‍പോകുന്ന മൂന്ന് ടേം എന്ന വ്യവസ്ഥയെച്ചൊല്ലി മുന്‍കൂട്ടി കോലാഹലമുണ്ടാക്കാന്‍ നോക്കുന്നതും വലതുപക്ഷ മാധ്യമങ്ങളുടെ ഗൂഢഅജന്‍ഡയുടെ ഭാഗമാണ്.

ഓരോ പാര്‍ടി കോണ്‍ഗ്രസും പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. പാര്‍ടി ശക്തിപ്പെടുത്തല്‍ നാടിന്റെ പുരോഗതിക്കും നന്മയ്ക്കുമാണ്. ആ അര്‍ഥത്തില്‍ സിപിഐ എമ്മിന്റെ പാര്‍ടി സമ്മേളനങ്ങള്‍ നാടിനുവേണ്ടിയുള്ളതാണ്. ആഗോളവല്‍ക്കരണനയം നടപ്പാക്കുന്ന കേന്ദ്രത്തിലെയും കേരളത്തിലെയും മുതലാളിത്ത ഭരണത്തിനെതിരായി പോരാടാനും സോഷ്യലിസ്റ്റ് ചിന്ത വളര്‍ത്താനും കരുത്ത് പകരുന്നതാവും പാര്‍ടി കോണ്‍ഗ്രസും അതിന് മുന്നോടിയായ സംസ്ഥാനസമ്മേളനവും. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സമരവീര്യം അലതല്ലുന്നതും ഇടതുപക്ഷത്തിന് അനുകൂലവുമായ ഒരന്തരീക്ഷമാണ് പാര്‍ടി സമ്മേളനങ്ങള്‍ പ്രദാനം ചെയ്തിരിക്കുന്നത്. അതിനെ ബലഹീനപ്പെടുത്താനുള്ള മാധ്യമശ്രമങ്ങള്‍ പരാജയപ്പെടുമെന്നത് ഉറപ്പ്. (അവസാനിച്ചു)

*
ആര്‍ എസ് ബാബു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മോസ്കോയില്‍ മഴ പെയ്യുമ്പോള്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നുപറഞ്ഞ് പരിഹസിക്കാന്‍ മാതൃഭൂമിയിലൂടെ പണ്ട് സഞ്ജയനെപ്പോലുള്ളവര്‍ മുതിര്‍ന്നിരുന്നു. എന്നാലിന്ന് മോസ്കോയുടെ പേരില്‍ കുട പിടിക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉത്സാഹപൂര്‍വം ഇവിടെ രംഗത്തുണ്ട്. സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സോഷ്യലിസത്തിനെതിരായ പുതുപുത്തന്‍ പ്രത്യയശാസ്ത്ര ആക്രമണം മാത്രമല്ല മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളുടെ മരണത്തെപ്പോലും വീണ്ടും കുഴിതോണ്ടി വിവാദമാക്കുന്നു. മോസ്കോയില്‍ മഴ പെയ്യുമ്പോള്‍ കേരളത്തില്‍ കുടപിടിക്കുന്നോ എന്ന് കമ്യൂണിസ്റ്റുകാരോട് ചോദിച്ചവരാണ് ലെനിന്റെ മരണത്തിന്റെ പേരില്‍ കമ്യൂണിസത്തെ ആക്രമിക്കാന്‍ വിവാദക്കുട ഉയര്‍ത്തുന്നത്. എണ്‍പത്തൊന്‍പത് വര്‍ഷം മുന്‍പ് ലെനിന്‍ മരിച്ചത് 53-ാം വയസ്സില്‍ .