Friday, September 16, 2011

പുതിയ പെന്‍ഷന്‍ പദ്ധതി ഭീകരമായ പകല്‍ക്കൊള്ള

തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് തൊഴിലാളികളുടെ ചോര ഊറ്റിയെടുക്കാന്‍ നവഉദാരവല്‍ക്കരണ സര്‍ക്കാരുകള്‍ പലവിധത്തില്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ ഗൂഢാലോചനയുടെ പ്രധാന ഭാഗങ്ങളാണ് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണവും ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണവും. പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുകയാണ് പിഎഫ്ആര്‍ഡിഎ ബില്‍ . ജീവനക്കാര്‍ക്കെതിരായ ഈ ബില്ലിനെ എതിര്‍ക്കുന്നത് ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ ഈ ബില്ല് നിയമമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണ് അറിയുന്നത്.

നിയമാനുസരണം നിശ്ചിത ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതിയില്‍ (Statutory Defined Benefit Pension System) അനാവശ്യമായി ഇടപെട്ട്, തങ്ങളുടെ വര്‍ക്ക് പേപ്പറില്‍ ഐഎംഎഫ് പുതിയ പെന്‍ഷന്‍ഫണ്ട് രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. വാര്‍ധക്യകാലത്ത് ജീവിക്കാനാവശ്യമായ വാര്‍ഷിക വേതനം (annuity) ലഭ്യമാക്കുന്നതിനായി വേതനം ലഭിക്കുന്നവരില്‍നിന്ന് അവരുടെ സേവനകാലാവധിയുടെ ആരംഭ കാലഘട്ടം മുതല്‍തന്നെ നിശ്ചിത വിഹിതം ഈടാക്കിയായിരിക്കണം ഈ പെന്‍ഷന്‍ഫണ്ട് രൂപീകരിക്കേണ്ടത്. വാസ്തവത്തില്‍ , നിശ്ചിതാനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതിയില്‍നിന്ന് നിശ്ചിത വിഹിതം ഈടാക്കുന്ന പദ്ധതിയിലേക്കുള്ള പ്രതിലോമപരമായ ഒരു മാറ്റത്തിനായുള്ള നിര്‍ദേശമാണിത്. ഇങ്ങനെ നിര്‍ദേശം ഉന്നയിച്ച് അവര്‍ വ്യക്തമായി പ്രസ്താവിക്കുന്നത് പ്രമുഖ രാജ്യങ്ങള്‍ നേരിടുന്ന ജനസംഖ്യാപരമായ സമ്മര്‍ദം ഇന്ത്യ നേരിടുന്നില്ല എന്നാണ്. 60 ന് മുകളില്‍ പ്രായമുള്ള ഇന്ത്യക്കാരുടെ എണ്ണം 2004 ല്‍ ഏകദേശം ഏഴ് ശതമാനമായിരുന്നത് 2010 ല്‍ 8.3 ശതമാനമായി ഉയര്‍ന്നു; 2030 ആകുമ്പോള്‍ ഇത് 13.7 ശതമാനമായും 2050 ല്‍ 20 ശതമാനമായും വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അടുത്തകാലത്ത് വാഷിങ്ടണ്‍ സന്ദര്‍ശനവേളയില്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി അമേരിക്കയുടെ ട്രഷറി സെക്രട്ടറിക്ക് ഉറപ്പുനല്‍കിയത് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം, ബാങ്കിങ് വ്യവസായത്തിന്റെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ എഫ്ഡിഐ എന്നിങ്ങനെയുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കുമെന്നാണ്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയും മിക്കവാറും സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയുംചെയ്ത പുതിയ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍പദ്ധതിയാണ് പിഎഫ്ആര്‍ഡിഎ ബില്ലിന്റെ പരിധിയില്‍ വരുന്നത്. അതിനൊപ്പം ഈ ബില്ലില്‍ വാര്‍ധക്യകാലത്ത് വാര്‍ഷികാനുകൂല്യം ലഭിക്കണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായുള്ള ഒരു സാമൂഹ്യസുരക്ഷാപദ്ധതിയും അവതരിപ്പിക്കുന്നു; അതില്‍ സ്വമേധയാ ചേരാവുന്നതാണ്; നിര്‍ബന്ധിതമല്ല. എന്നാല്‍ , നിശ്ചിത തീയതിക്കുശേഷം (1.1.2004) സര്‍വീസില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി നിര്‍ബന്ധിതമാണ്. ജീവനക്കാര്‍ ചുരുങ്ങിയത് അവരുടെ മൊത്തം ശമ്പളത്തിന്റെ 10 ശതമാനമെങ്കിലും പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിക്കണം; തൊഴിലുടമ എന്ന നിലയില്‍ സര്‍ക്കാര്‍ തുല്യതുക നിക്ഷേപിക്കേണ്ടതാണ്. ഒരു ജീവനക്കാരനും ഇതില്‍ ചേരാതെ മാറിനില്‍ക്കാനാവില്ല. സാധ്യതയുള്ള ഒരു നിയമം കൊണ്ടുവരാന്‍ പറ്റാതിരുന്നിട്ടും പശ്ചിമബംഗാള്‍ , കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും നിയമവിരുദ്ധമായ എക്സിക്യൂട്ടീവ് ഉത്തരവു പ്രകാരം കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും മേല്‍ ഏകപക്ഷീയമായി കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍സമ്പ്രദായം അടിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സായുധസേനയിലെയും അര്‍ധസൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പശ്ചിമബംഗാള്‍ , കേരളം, ത്രിപുര എന്നീ ഇടതുപക്ഷഭരണം നിലനിന്ന സംസ്ഥാനങ്ങള്‍ നിലവിലുള്ള നിശ്ചിതാനുകൂല്യം ഉറപ്പുവരുത്തുന്ന പെന്‍ഷന്‍പദ്ധതി തുടരുകയാണ്. വിപണി അധിഷ്ഠിത ഗ്യാരന്റിയല്ലാതെ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ആനുകൂല്യം ഈ പദ്ധതി ഉറപ്പുനല്‍കുന്നില്ലെന്ന് പിഎഫ്ആര്‍ഡിഎ ബില്‍ സംശയാതീതമായി വ്യക്തമാക്കുന്നു. ഇതില്‍ ചേരുന്നയാള്‍ വിരമിച്ചതിന് ശേഷം ചുവടെ ചേര്‍ക്കുന്ന അപകടസാധ്യതകള്‍ നേരിടാന്‍ ഇടയുണ്ട്.

(1) ഒരു പ്രമുഖ വിപണി ആഘാതം (Market Shock) ഉണ്ടായാല്‍ , പുതിയ പെന്‍ഷന്‍പദ്ധതിയില്‍ ചേരുന്നയാള്‍ക്ക് വാര്‍ഷികാനുകൂല്യം ലഭിക്കുമെന്നുള്ളതിന് ഒരു ഉറപ്പുമില്ല. അയാള്‍/അവര്‍ അടച്ച മൊത്തം തുകയും നഷ്ടപ്പെടും.

(2) വാര്‍ഷികാനുകൂല്യം അടച്ച തുകയുമായി ബന്ധപ്പെട്ടതായിരിക്കില്ല; അങ്ങനെയാകാന്‍ കഴിയുകയുമില്ല. സമ്പദ്ഘടനയ്ക്കുമേല്‍ വിലക്കയറ്റം ചെലുത്തുന്ന സ്വാധീനത്തെ ആശ്രയിച്ചായിരിക്കും വാര്‍ഷികാനുകൂല്യത്തിന്റെ യഥാര്‍ഥ മൂല്യം.

(3) ഈ പദ്ധതിപ്രകാരം, നിക്ഷേപത്തിനുള്ള സ്ഥാപനം ഏതാണെന്ന് തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ട്. ധനകാര്യ ഇടപാടുകളും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ശരിയായ അറിവ് ലഭ്യമല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെറ്റായ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിന് സാധ്യതയുണ്ട്. ആ സ്ഥാപനങ്ങള്‍ പിന്നീട് അവരുടെ വാര്‍ധക്യകാല പെന്‍ഷന്‍ കൊള്ളയടിക്കും.

(4) ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ നിരക്കുകള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണ്; ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍മാരുടെ മുന്‍ഗണന പരമാവധി ലാഭം തട്ടിയെടുക്കുന്നതിലായിരിക്കും. ജീവനക്കാരന്റെ വിഹിതവും തൊഴിലുടമയുടെ വിഹിതവും ഉപയോഗിച്ച് സൃഷ്ടിച്ച പെന്‍ഷന്‍ഫണ്ട് ഓഹരിവിപണിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്; തൊഴിലുടമയുടെ വിഹിതം ഖജനാവില്‍നിന്ന് നേരിട്ട് എത്തുന്നതാണ് (അതായത് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍നിന്ന് വരുന്നതാണ് ഈ തുക). ഈ തുക ഓഹരിവിപണിക്ക് നല്‍കുന്നത് അധാര്‍മികമാണെന്നു മാത്രമല്ല, സ്വകാര്യമേഖലയ്ക്ക്, വിദേശികളും ഇന്ത്യക്കാരുമായ മുതലാളിമാര്‍ക്ക്, ലാഭമുണ്ടാക്കുന്നതിനായി പൊതുപണം നഗ്നമായി വകമാറ്റലുമാണിത്.

പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാക്കി കഴിയുമ്പോള്‍ ഇപ്പോള്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുപോലും നിയമപരമായി നിശ്ചിതാനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന പെന്‍ഷന്‍പദ്ധതി നിഷേധിക്കാനോ അതില്‍ മാറ്റം വരുത്താനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്; നിശ്ചിത തീയതിക്ക് ശേഷം നിയമിക്കപ്പെട്ടവരുടെ കാര്യത്തില്‍ എന്നതുപോലെ ആയിത്തീരും അതിനുശേഷം സര്‍വീസില്‍ പ്രവേശിച്ചവരുടെയും നിലവിലുള്ള പെന്‍ഷന്‍കാരുടെയും സ്ഥിതി.

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയെ സംബന്ധിച്ച അജന്‍ഡ പരിഗണിക്കവെ 6-ാം കേന്ദ്ര ശമ്പളകമീഷന്‍ ഈ പ്രശ്നം പരിശോധിക്കാന്‍ ബംഗളൂരുവിലെ സെന്റര്‍ ഓഫ് ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പോളിസിയോട് ആവശ്യപ്പെട്ടു. അവര്‍ നടത്തിയ പഠനത്തിന്റെ നിഗമനം ഇങ്ങനെ ആയിരുന്നു:ഭ"മിക്കവാറും എല്ലാ സംസ്ഥാന സര്‍ക്കാരുകളും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമിലേക്ക് തിരിയാന്‍ നിശ്ചയിച്ചതിനാല്‍ , ഈ പഠനത്തില്‍നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം സംസ്ഥാന സര്‍ക്കാരുകളുടെ പെന്‍ഷന്‍ബാധ്യത 2038 ആകുമ്പോള്‍ ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്ന് ഉറപ്പാണ്." ഇതിന്റെ പച്ചയായ അര്‍ഥം ഇന്ത്യക്കാരും വിദേശികളുമായ മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായി സര്‍ക്കാരിന്റെ വരുമാനം നഷ്ടപ്പെടുത്തുന്നുവെന്നാണ്.

6-ാം കേന്ദ്ര ശമ്പളകമീഷന്‍ ഈ വിഷയത്തെ സംബന്ധിച്ച് തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അവസാന ഖണ്ഡിക (സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പോളിസി - ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ 76-ാം പേജ്) ചുവടെ.

"ഭാവിയില്‍ ഉണ്ടാകുന്ന ബാധ്യത വളരെ വലുതായിരിക്കുമെങ്കിലും അത് ദീര്‍ഘകാലത്തേക്ക് വേണ്ടിവരില്ല; ജിഡിപിയുടെ വിപല്‍ക്കരമാംവിധം വലിയ ഭാഗം വരുന്നതുമായിരിക്കില്ല അത്. ഇത് കുറഞ്ഞുവരികയുമാണ്. നിലവിലുള്ള സമ്പ്രദായം തുടരുന്നത് ബാധ്യത നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമാണെന്നാണ് തോന്നുന്നത്."

ആയതിനാല്‍ , കേന്ദ്രസര്‍ക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നത് ഒരു വിദഗ്ധ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഉദ്ധരിച്ച മേല്‍ ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ പിഎഫ്ആര്‍ഡിഎ ബില്‍ പ്രകാരമുള്ള പുതിയ പെന്‍ഷന്‍പദ്ധതി പാര്‍ലമെന്റില്‍നിന്ന് അടിയന്തരമായി പിന്‍വലിക്കണമെന്നാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും രാജ്യത്തിന്റെ ഖജനാവിന്റെയും താല്‍പ്പര്യം ഇതാണ് ആവശ്യപ്പെടുന്നത്.


*****


സുകോമള്‍ സെന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

6-ാം കേന്ദ്ര ശമ്പളകമീഷന്‍ ഈ വിഷയത്തെ സംബന്ധിച്ച് തീരുമാനിക്കാന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അവസാന ഖണ്ഡിക (സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പോളിസി - ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ 76-ാം പേജ്) ചുവടെ.

"ഭാവിയില്‍ ഉണ്ടാകുന്ന ബാധ്യത വളരെ വലുതായിരിക്കുമെങ്കിലും അത് ദീര്‍ഘകാലത്തേക്ക് വേണ്ടിവരില്ല; ജിഡിപിയുടെ വിപല്‍ക്കരമാംവിധം വലിയ ഭാഗം വരുന്നതുമായിരിക്കില്ല അത്. ഇത് കുറഞ്ഞുവരികയുമാണ്. നിലവിലുള്ള സമ്പ്രദായം തുടരുന്നത് ബാധ്യത നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച പരിഹാരമാണെന്നാണ് തോന്നുന്നത്."

ആയതിനാല്‍ , കേന്ദ്രസര്‍ക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നത് ഒരു വിദഗ്ധ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഉദ്ധരിച്ച മേല്‍ ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ പിഎഫ്ആര്‍ഡിഎ ബില്‍ പ്രകാരമുള്ള പുതിയ പെന്‍ഷന്‍പദ്ധതി പാര്‍ലമെന്റില്‍നിന്ന് അടിയന്തരമായി പിന്‍വലിക്കണമെന്നാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും രാജ്യത്തിന്റെ ഖജനാവിന്റെയും താല്‍പ്പര്യം ഇതാണ് ആവശ്യപ്പെടുന്നത്.