Wednesday, September 7, 2011

പത്താണ്ട്; ഭീതിയൊഴിയാതെ ലോകം

ലോകത്തിന്റെ നെറുകയിലാണ് തങ്ങളെന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെ മുദ്രയായി തലയുയര്‍ത്തിനിന്ന വേള്‍ഡ്ട്രേഡ് സെന്റര്‍ സമുച്ചയം തകര്‍ന്നടിഞ്ഞിട്ട് പത്തുവര്‍ഷമാവുന്നു. തിരിച്ചടിയായി അമേരിക്ക നടത്തിയ അഫ്ഗാന്‍ ആക്രമണവും മറ്റു മനുഷ്യത്വരഹിത നടപടികളും അല്‍ക്വയ്ദയുടെ ചെറുത്തുനില്‍പ്പും ചോരപ്പുഴകള്‍ തീര്‍ത്ത കാലമായിരുന്നു കഴിഞ്ഞ 10 വര്‍ഷം. ലോകം 2001 സെപ്റ്റംബര്‍ 11 നു മുന്‍പും ശേഷവുമെന്ന് വിഭജിക്കപ്പെട്ടു. 3000 ജനങ്ങളും 400 പൊലീസുകാരും കൊല്ലപ്പെട്ടു. അമേരിക്കയെ നാണം കെടുത്തി പ്രതിരോധകേന്ദ്രമായ പെന്റഗണിലും ലോകവ്യാപാരകേന്ദ്രത്തിലും വിമാനം ഇടിച്ചിറക്കി. ദുരന്തത്തില്‍ നിന്നും മുക്തരാവാന്‍ അമേരിക്ക സമയമെടുത്തു. ആദ്യമായി കിട്ടിയ തിരിച്ചടിയുടെ പ്രതികരണമായി അല്‍ക്വയ്ദക്കെതിരെ യുദ്ധപ്രഖ്യാപനമുണ്ടായി. ലാദനുവേണ്ടിയുള്ള തെരച്ചില്‍ കലാശിച്ചത് നിരപരാധികളായ ആയിരക്കണക്കിന് അഫ്ഗാനികളുടെ വധത്തിലാണ്. പത്തുവര്‍ഷത്തോളം അമേരിക്ക നടത്തിയ ലാദന്‍ വേട്ടയും ലാദന്റെ വധവും സജീവചര്‍ച്ചയായി.
ഇറാഖില്‍ നടത്തിയ ഇടപെടലുകളും പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും ലോകം കണ്ടു. 134 ഷിയാ വംശജരെ കൊന്നൊടുക്കിയെന്ന് സദ്ദാമിനുമേല്‍ കുറ്റം ചുമത്തിയ അമേരിക്ക കൊന്നൊടുക്കിയ ഇറാഖികളുടെ എണ്ണം ആരുമെടുത്തിട്ടില്ല. ബിന്‍ലാദനെ കണ്ടെത്താനായി അഫ്ഗാനില്‍ നടത്തിയ സൈനികനടപടിയില്‍ സ്കൂളുകള്‍ക്കും ആശുപത്രിക്കും മേല്‍ വരെ ബോംബുവര്‍ഷിച്ചത് ആശങ്കയോടെയാണ് ദര്‍ശിച്ചത്. ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ച മുതല്‍ സാമ്പത്തികരംഗത്ത് അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ ഒന്നൊന്നായി പുറത്തുവന്നു.തീവ്രവാദികള്‍ക്കെതിരായും ലാദന്‍ വേട്ടക്കുമായി അമേരിക്ക ചെലവഴിച്ച പണത്തിന് കണക്കില്ല. അവസാനം പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിത്താവളത്തില്‍ നടത്തിയ മറ്റൊരാക്രമണത്തിലൂടെ ലാദനെ വധിച്ചു.

പരമാധികാര രാഷ്ട്രമായ പാക്കിസ്ഥാന്റെ അനുമതിയില്ലാതെ ആ രാഷ്ട്രത്തിന്റെ മണ്ണില്‍ കടന്നു കയറി നടത്തിയ കൊലപാതകം അമേരിക്കന്‍ അധീശത്വത്തിന്റെ വിളംബരമായി. ലോകത്തെവിടെയുമുള്ള ശത്രുക്കളെ നിഗ്രഹിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ട് എന്നതായിരുന്നു അമേരിക്കന്‍ അവകാശവാദം.

മൂന്നാം ലോകരാജ്യങ്ങളുടെ പരമാധികാരം പോലും പിടിച്ചടക്കിയ അമേരിക്കയുടെ കച്ചവടക്കണ്ണ് കുത്തകകമ്പനികളുടെ രൂപത്തില്‍ ചെറുരാജ്യങ്ങളുടെ സമ്പന്നമായ പ്രകൃതിനിക്ഷേപങ്ങളിലാണ് ഇപ്പോള്‍ ഉടക്കിയിരിക്കുന്നത്. സുഡാനിലെയും ഈജിപ്തിലെയും ലിബിയയുടെയുമൊക്കെ ആഭ്യന്തരകലാപത്തിലും പ്രശ്നങ്ങളിലും ഇതു കാണാം. ലിബിയയില്‍ നാലുവിദേശഎണ്ണക്കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയതിനെയും ഇതുമായി ചേര്‍ത്തുവായിക്കാം. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങള്‍ വരെ അമേരിക്കന്‍ ചോര്‍ത്തിയെടുത്തതായി വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ വന്നു അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധിയും ഒബാമയുടെ ധനവിനിയോഗനിയന്ത്രണനടപടികളുമെല്ലാം ഇപ്പോള്‍ സജീവമായി ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍ . യൂറോപ്യന്‍ രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന അപകടകരമായ സാമ്പത്തികമാന്ദ്യം പരിഹരിക്കാനാവാതെ അവര്‍ പലമാര്‍ഗങ്ങളന്വേഷിക്കുന്നു. ഇറ്റലിയും ഗ്രീസും കരകയറാനാവാത്ത പ്രശ്നങ്ങളിലാണ്. ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതനിലവാരം 1930 കളിലേക്ക് താഴ്ന്നു.അമേരിക്കയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ക്രെഡിറ്റ് റേറ്റിങ്ങ് താഴ്ത്തിയതിനു പുറമേ പ്രതിരോധാവശ്യങ്ങള്‍ പോലും വെട്ടിച്ചുരുക്കി. അമേരിക്കന്‍ ബാങ്കില്‍ നിന്നും 30000 ജീവനക്കാരെ പിരിച്ചുവിട്ടു.നാസ നടത്തിയിരുന്ന ബഹിരാകാശഗവേഷണങ്ങള്‍ പോലും ഉപേക്ഷിച്ചു.

സുരക്ഷിതനിക്ഷേപമാര്‍ഗ്ഗമായി ലോകം കണ്ടിരുന്ന അമേരിക്കന്‍ നിക്ഷേപത്തില്‍ നിന്നും പതുക്കെ പിന്‍വാങ്ങല്‍ പ്രവണതയും തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ മൊത്തംകടം 652 ലക്ഷംകോടി രൂപയാണ്. അമേരിക്കയുടെ സ്ഥിരതയില്‍ വിശ്വാസമര്‍പ്പിച്ച് ലോക രാഷ്ട്രങ്ങള്‍ വാങ്ങിക്കൂട്ടിയ ഓഹരികളെല്ലാം നഷ്ടത്തിലാകുമെന്ന ഭയവുമുണ്ട്. വിദേശരാജ്യങ്ങളോടുള്ള നയത്തില്‍ അമേരിക്കന്‍ ജനതക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയില്‍ അമേരിക്കയെ ലോകം വെറുക്കുന്നതായി ഭൂരിപക്ഷം പേരും ആശങ്കപ്പെട്ടു. 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് മറ്റുരാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനം മോശമെന്നാണ്. യുവാക്കള്‍ക്കിടയില്‍ 52 ശതമാനവും അമേരിക്കയുടെ ഈ നയത്തെ എതിര്‍ക്കുന്നു. 19 നും 22 നുമിടയില്‍ പ്രായമുള്ളവര്‍ക്കിടയിലും അതൃപ്തി രൂക്ഷമായതായി സര്‍വേഫലം പറയുന്നു. ആക്രമിച്ചു കീഴടക്കി ഭരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം വ്യാപകമാവുന്നു. മറ്റൊരു വന്‍ദുരന്തത്തിനുകൂടി സാക്ഷിയാവേണ്ടിവരുമോയെന്ന ആശങ്കയും പ്രകടമാണ്. ലാദനെ പിടികൂടിയതും കൊന്ന് കടലില്‍ താഴ്ത്തിയതിനുമെതിരെ തീവ്രവാദികള്‍ക്കിടയിലുള്ള രോഷം ഏതുരൂപത്തിലാവും അമേരിക്കയെ തേടിയെത്തുകയെന്ന് കാത്തിരുന്നു കാണാം.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്തിന്റെ നെറുകയിലാണ് തങ്ങളെന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെ മുദ്രയായി തലയുയര്‍ത്തിനിന്ന വേള്‍ഡ്ട്രേഡ് സെന്റര്‍ സമുച്ചയം തകര്‍ന്നടിഞ്ഞിട്ട് പത്തുവര്‍ഷമാവുന്നു.