Saturday, August 6, 2011

അമേരിക്കന്‍ കടക്കെണി കോടീശ്വരന്‍മാര്‍ക്ക് അനുഗ്രഹം

ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ-സൈനിക ശക്തിയും തങ്ങളാണെന്ന് കൊട്ടിഘോഷിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം 2008ലെ പ്രതിസന്ധിയില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല. പ്രതിസന്ധി ആരംഭിച്ച കാലത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ ഏറ്റവും പ്രധാന വാഗ്ദാനം അതിന് പരിഹാരം കാണുമെന്നായിരുന്നു. വീണ്ടും ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കേ ഒബാമ ഭരണകൂടം വ്യത്യസ്തമായ മറ്റൊരു പ്രതിസന്ധിയിലേക്ക് വഴുതിവീണിരിക്കുന്നു. ആഭ്യന്തരരംഗത്തെ കടക്കെണിയാണത്.

പല സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവാക്കാന്‍ ഖജനാവില്‍ പണമില്ല. ബാധ്യത നിറവേറ്റാന്‍ കടമെടുക്കാന്‍പോലും ശേഷിയോ വിശ്വാസ്യതയോ സര്‍ക്കാരിനില്ല. അടിയന്തരമായി 30 ലക്ഷം ഡോളറുണ്ടെങ്കിലേ വൈകാതെ കൊടുത്തുതീര്‍ക്കേണ്ട ബില്‍ തുകകള്‍ നല്‍കാനാകൂ. ബജറ്റ് കമ്മി നികത്തിയാല്‍ ഒരുപക്ഷേ വിശ്വാസ്യത ഉയര്‍ത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ബജറ്റ് കമ്മി നികത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികളോട് യോജിക്കാന്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ടി തയ്യാറല്ല. അമേരിക്കന്‍ രാഷ്ട്രീയത്തിലെ രണ്ട് മുഖ്യകക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ടിയും ഡെമോക്രാറ്റിക് പാര്‍ടിയും തമ്മില്‍ അടിസ്ഥാനപരമായ നയവ്യത്യാസങ്ങള്‍ വിദേശകാര്യങ്ങളിലോ ആഭ്യന്തരകാര്യങ്ങളിലോ ഇല്ലെന്നത് പ്രസിദ്ധമാണല്ലോ. എങ്കിലും റൂസ്വെല്‍റ്റിന്റെ കാലംമുതല്‍ ഡെമോക്രാറ്റിക് പാര്‍ടി സാധാരണക്കാര്‍ക്ക് നികുതി ഇളവ് ചെയ്തുകൊടുക്കുന്നതിലും സാമൂഹ്യസേവന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ടി (ഗ്രാന്റ് ഓള്‍ഡ് പാര്‍ടി എന്നതിന്റെ ചരുക്കമായ ജിഒപി എന്നും അറിയപ്പെടുന്നു) താഴെക്കിടയിലുള്ളവര്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നതിലും സമ്പന്നര്‍ക്ക് നികുതി ഇളവ് നല്‍കുന്നതിലുമാണ് വിശ്വസിക്കുന്നത്. മൂലധനം സ്വരൂപിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മേലേക്കിടക്കാര്‍ക്ക് ഇളവ് നല്‍കുന്നത് രാഷ്ട്രപുരോഗതിക്ക്് ആവശ്യമാണെന്നും അവര്‍ വാദിക്കുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കുന്നത് സ്വതന്ത്ര വിപണി നയങ്ങള്‍ക്ക് വിഘാതമാണെന്നും സോഷ്യലിസത്തിന്റെ ചായ്വുള്ള അത്തരം നടപടി സ്വതന്ത്രവിപണിയില്‍ അധിഷ്ഠിതമായ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നുമാണ് റിപ്പബ്ലിക്കന്‍ നിലപാട്. രോഗം മൂര്‍ച്ഛിപ്പിക്കുന്ന ചികിത്സ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കേ റിപ്പബ്ലിക്കന്മാര്‍ ഒബാമ സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങളോട് സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുകയും താഴെക്കിടക്കാരുടെ നികുതി വര്‍ധിപ്പിക്കുകയും വേണമെന്ന് അവര്‍ ശഠിച്ചു. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുക എന്നു പറഞ്ഞാല്‍ സാമൂഹ്യസേവനവകുപ്പുകളിലെ ചെലവ് ചുരുക്കല്‍ എന്നാണര്‍ഥം.

ഈയിടെ റപ്പബ്ലിക്കന്മാരുമായി രൂക്ഷമായി ഏറ്റുമുട്ടി ഒബാമ സര്‍ക്കാര്‍ അംഗീകരിച്ച ആരോഗ്യപരിപാലന പദ്ധതിയെ അത് ദോഷകരമായി ബാധിക്കും. വിദേശനയരംഗത്തും ആഭ്യന്തരരംഗത്തും നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ മധ്യത്തില്‍പോലും ആരോഗ്യപരിപാലന (മെഡികെയര്‍) പദ്ധതി ഒബാമയ്ക്ക് അല്‍പ്പം സല്‍പ്പേരുണ്ടാക്കിക്കൊടുത്തതാണ്. ഇനി റിപ്പബ്ലിക്കന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുക എന്നു പറഞ്ഞാല്‍ അതിന്റെ ഫലം തൊഴിലില്ലായ്മാ വേതനം മുതലായവയില്‍ കുറവ് വരുത്തുക എന്നതാണ്. തൊഴിലില്ലായ്മാ വേതനം ലഭിക്കാതെ അലഞ്ഞുതിരിയുന്ന ഉദ്യോഗാര്‍ഥികള്‍ ധാരാളമുണ്ടെങ്കിലേ കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ ആളെ കിട്ടൂ. റിപ്പബ്ലിക്കന്മാര്‍ പിന്തുണയ്ക്കുന്ന വമ്പന്‍ കുത്തകകള്‍ക്ക് അതാണാവശ്യം. മെഡികെയര്‍ പദ്ധതി വെട്ടിച്ചുരുക്കുന്നതോടെ സാധാരണ രോഗികള്‍ വലിയ സ്വകാര്യ ചികിത്സാകേന്ദ്രങ്ങള്‍ക്ക് ഇരയായിത്തീരും. വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നതോടെ വിദ്യാര്‍ഥികള്‍ കുത്തകമുതലാളിമാര്‍ നിയന്ത്രിക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാര്‍ എന്ന വന്‍സ്രാവുകളുടെ വായില്‍ അമരും. ഈ ചെലവുചുരുക്കല്‍ പരിപാടിയില്‍ അമേരിക്കയിലെ കര-കടല്‍ -വ്യോമ സൈന്യങ്ങളുടെ സമുച്ചയ നേതൃത്വമായ പെന്റഗണ്‍ ഉള്‍പ്പെടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പെന്റഗണിന്റെ ചെലവ് ചുരുക്കുക എന്നാല്‍ അതിനര്‍ഥം വന്‍ കുത്തക മുതലാളിമാരുടെ രാജ്യരക്ഷാവ്യവസായങ്ങള്‍ക്ക് (വിദേശാക്രമണത്തിന് ഉപകരിക്കുന്ന വ്യവസായങ്ങള്‍ എന്നര്‍ഥം) തകര്‍ച്ച സൃഷ്ടിക്കുക എന്നാണ്. മാത്രമല്ല, വിദേശനയങ്ങളിലും പെന്റഗണിന്റെ വെട്ടിച്ചുരുക്കല്‍ മൗലികമായ മാറ്റംവരുത്തും. ലോകത്തിന്റെ നാനാഭാഗത്തും സൈനികത്താവളങ്ങള്‍ സ്ഥാപിക്കുക, മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുക, നാറ്റോ ഉള്‍പ്പെടെയുള്ള സൈനിക സഖ്യങ്ങള്‍ക്കുള്ള സഹായധനം റദ്ദാക്കുക തുടങ്ങിയ നയങ്ങള്‍ തിരുത്തേണ്ടിവരും. റിപ്പബ്ലിക്കന്മാര്‍ അതിനൊന്നും തയ്യാറല്ല. ഒബാമയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണം തെളിയിക്കുന്നത് ഒബാമയും അതിന് തയ്യാറല്ല എന്നാണ്. ലോക നിരായുധീകരണം മുതലായ ഒബാമ വാഗ്ദാനംചെയ്ത പരിപാടികള്‍ ഉജ്വലവാഗ്വിലാസത്തില്‍ മാത്രം ഒതുങ്ങിപ്പോയി. (ആയുധരഹിത ലോകം) തുടങ്ങിയവ അദ്ദേഹത്തിന്റെ ആദ്യകാല വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എന്നോര്‍ക്കുക.

റിപ്പബ്ലിക്കന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതിനു പുറമെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയായിരിക്കും ചെയ്യുക. നോബല്‍ സമ്മാനിതനായ അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ പോള്‍ ക്രൂഗ്മാന്‍ ഈ നടപടിയെ താരതമ്യപ്പെടുത്തിയത് മധ്യകാലയുഗത്തിലെ ഭിഷഗ്വരന്മാരോടാണ്. രോഗം ശമിപ്പിക്കാന്‍ രക്തം വാര്‍ത്തെടുക്കുക എന്നതായിരുന്നു അവരുടെ ചികിത്സാരീതി. രക്തം വാര്‍ത്തെടുക്കുന്നതോടെ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുകയും രോഗം വര്‍ധിക്കുകയുമാണ് ചെയ്യുക എന്ന് അവര്‍ മനസ്സിലാക്കിയിരുന്നില്ല. അതുപോലെ റിപ്പബ്ലിക്കന്മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് സാമൂഹ്യസേവനപദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതോടെ ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം മുതലായവ അവതാളത്തിലാകുമെന്നും സമ്പദ്ഘടനയെ അത് ദോഷകരമായി ബാധിക്കുമെന്നും ക്രൂഗ്മാന്‍ ചൂണ്ടിക്കാട്ടുന്നു. വീട് വയ്ക്കാനും കാര്‍ വാങ്ങാനും കുട്ടികളുടെ വിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാനും മറ്റും വായ്പയെടുക്കാനുള്ള സാധാരണക്കാരുടെ ശേഷി കുറയുന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തനം തകരാറിലാകും. പണത്തിന്റെ നിരന്തരമായ കൊടുക്കല്‍ വാങ്ങലുകളും വായ്പ വാങ്ങുകയും തിരിച്ചടയ്ക്കുകയും ചെയ്യലുമാണ് ബാങ്കുകളുടെ ധര്‍മം. സാമൂഹ്യസേവന നടപടികള്‍ ദുര്‍ബലമാകുന്നതോടെ ഈ പണചംക്രമണം മന്ദഗതിയിലാവുകയും പണത്തിന് വിലയില്ലാതാവുകയും ചെയ്യും. പണത്തിന് വിലയില്ലാതാകുമ്പോള്‍ ചരക്കുകളുടെ വില്‍പ്പനയ്ക്കും ഉല്‍പ്പാദനത്തിനും തടസ്സം നേരിടുന്നു. അതുകൊണ്ടാണ് പോള്‍ ക്രൂഗ്മാന്‍ രോഗത്തേക്കാള്‍ ദോഷകരമായ ചികിത്സയാണ് റിപ്പബ്ലിക്കന്മാര്‍ നിര്‍ദേശിക്കുന്നതെന്നു പറഞ്ഞത്. ഒത്തുതീര്‍പ്പോ കീഴടങ്ങലോ?

ഈ ദുര്‍ഘടസന്ധിയില്‍ ഷേക്സ്പിയറുടെ ഷൈലോക്കിനെപ്പോലെ തങ്ങളുടെ ഒരു റാത്തല്‍ മാംസത്തിനുവേണ്ടി റിപ്പബ്ലിക്കന്മാര്‍ പിടിമുറുക്കി. അവര്‍ പറയുന്ന ജനദ്രോഹനടപടികള്‍ അംഗീകരിക്കാതെ ബജറ്റ് കമ്മി നികത്താനാകില്ലെന്നും മറ്റൊന്നും സ്വീകാര്യമല്ലെന്നും റിപ്പബ്ലിക്കന്‍മാര്‍ വാശിപിടിച്ചു. ഡെമോക്രാറ്റുകളുടെ പരമ്പരാഗതമായ നയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്നുമുള്ള വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള സ്വപ്രത്യയസ്ഥൈര്യം ഒബാമയ്ക്കുണ്ടായില്ല. ഒടുവില്‍ റിപ്പബ്ലിക്കന്മാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി ഒബാമ ബജറ്റിന് അവരുടെ പിന്തുണ നേടി. എന്നാല്‍ , അത് ഒരു ഒത്തുതീര്‍പ്പല്ലെന്നും ഒബാമയുടെ ദയനീയ കീഴടങ്ങലാണെന്നും ക്രൂഗ്മാന്‍ ഉള്‍പ്പെടെയുള്ള ഗുണകാംക്ഷികളൊക്കെ വിലയിരുത്തുന്നു. ഈ കീഴടങ്ങല്‍ 2012ല്‍ നടക്കാനിരിക്കുന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അങ്ങനെ വലിയ പ്രതീക്ഷയോടെ അമേരിക്കന്‍ ഐക്യനാടിന്റെ ചരിത്രത്തില്‍ ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍ പ്രസിഡന്റ് ഒരു പരാജയമായി എന്ന് ചരിത്രം വിധിയെഴുതാനാണിട. ഉജ്വലമായ വാഗ്വിലാസവും കുറ്റമറ്റ ലക്ഷ്യബോധവും കൈമുതലായിരുന്ന ഒബാമയുടെ 2008ലെ വന്‍ വിജയം ഒരു ദുരന്തനാടകത്തിന്റെ നാന്ദിയായി ഭവിക്കുമോ എന്ന ഒരു ആശങ്കയിലാണ് അമേരിക്കകത്തും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികള്‍ .

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 06 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയ-സൈനിക ശക്തിയും തങ്ങളാണെന്ന് കൊട്ടിഘോഷിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും സൈനികത്താവളങ്ങള്‍ സ്ഥാപിക്കുകയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം 2008ലെ പ്രതിസന്ധിയില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല. പ്രതിസന്ധി ആരംഭിച്ച കാലത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമയുടെ ഏറ്റവും പ്രധാന വാഗ്ദാനം അതിന് പരിഹാരം കാണുമെന്നായിരുന്നു. വീണ്ടും ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കേ ഒബാമ ഭരണകൂടം വ്യത്യസ്തമായ മറ്റൊരു പ്രതിസന്ധിയിലേക്ക് വഴുതിവീണിരിക്കുന്നു. ആഭ്യന്തരരംഗത്തെ കടക്കെണിയാണത്.