Monday, August 1, 2011

ചക്രവര്‍ത്തിയെ മുട്ടുകുത്തിച്ച പെണ്‍കുട്ടി

മില്ലി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പെണ്‍കുട്ടി അമാന്‍ഡ ഡൗളറിനെ ഒമ്പതുവര്‍ഷംമുമ്പ് ഒരു വസന്തകാലത്താണ് കാണാതായത്. അന്നവള്‍ക്ക് 13 വയസ്സ്. എന്നും പ്രസരിപ്പോടെമാത്രം കാണപ്പെട്ടിട്ടുള്ള അവള്‍ കൂട്ടുകാരുടെ പ്രിയങ്കരിയായിരുന്നു. കൊച്ചുകുസൃതികളിലൂടെ വീട്ടുകാരെ ചിലപ്പോഴൊക്കെ അമ്പരപ്പിക്കുമായിരുന്നെങ്കിലും അച്ഛനമ്മമാരുടെയും ചേച്ചിയുടെയും ഓമനയായിരുന്നു. അവളുടെ തിരോധാനം ബ്രിട്ടന്റെ വേദനയായി. ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോള്‍ അവള്‍ ബ്രിട്ടനുപുറത്തും വാര്‍ത്തകളില്‍ നിറയുകയാണ്. സാമ്രാജ്യത്വ ഭരണാധികാരികളെ തന്റെ ഇഷ്ടത്തിന് തുള്ളിച്ചുവന്ന സാക്ഷാല്‍ റൂപര്‍ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്വത്തിന്റെ അടിവേരിളക്കിയ വിവാദത്തിലെ അദൃശ്യനായികയാണ് ഇന്നവള്‍ . വിഭ്രമിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മര്‍ഡോക്കിന്റെ മര്‍ദക മാധ്യമ സംവിധാനങ്ങള്‍ അവളെ കരുവാക്കുമ്പോള്‍ അവര്‍ മരണത്തിന്റെ തണുത്ത കരങ്ങളിലമര്‍ന്നിരുന്നു. അവളുടെ ദുരന്തകഥയാണിത്.

മില്ലിയുടെ തിരോധാനം

സറേയില്‍ തേംസ് നദീതീരത്തെ വാള്‍ട്ടണില്‍നിന്ന് 2002 മാര്‍ച്ച് 21നാണ് മില്ലിയെ കാണാതായത്. ഹീത്സൈഡ് സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന അവള്‍ പകല്‍ മൂന്നിന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിനടുത്തുള്ള ഹെര്‍ഷാമില്‍ ട്രെയിന്‍ ഇറങ്ങാറുള്ള മില്ലി അന്ന് കൂട്ടുകാര്‍ക്കൊപ്പം അതിനുമുമ്പുള്ള വാള്‍ട്ടണ്‍ സ്റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ ഒരു കഫേയില്‍നിന്ന് ലഘുഭക്ഷണം കഴിച്ച മില്ലി 3.47ന് അച്ഛന്‍ റോബര്‍ട്ട് ഡൗളറിനെ ഫോണില്‍ വിളിച്ച് താന്‍ അരമണിക്കൂറിനകം വീട്ടിലെത്തുമെന്ന് അറിയിച്ചു. കൂട്ടുകാരുമായി യാത്ര പറഞ്ഞ് പിരിഞ്ഞ മില്ലി ഒരു മൈലോളം അകലെയുള്ള വീട്ടിലേക്ക് നടന്നു. 18 മിനിറ്റ് കഴിഞ്ഞ് ചേച്ചി ജെമ്മയുടെ ഒരു കൂട്ടുകാരിയാണ് അവളെ അവസാനമായി കണ്ടത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന അവരെയും പിന്നിട്ട് നടന്ന മില്ലി ഒരുപരസ്യപ്പലകയുടെ പിന്നില്‍ മറഞ്ഞു. പിന്നെ വഴിയിലുള്ള സിസിടിവി ക്യാമറയില്‍പ്പോലും അവള്‍ പതിഞ്ഞിട്ടില്ല.

ഇത് ബസ്സ്റ്റോപ്പ് പിന്നിട്ട് നിമിഷങ്ങള്‍ക്കകം അവളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണര്‍ത്തി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മകള്‍ വീട്ടിലെത്താതായപ്പോള്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്ററുകളും രംഗത്തിറക്കി ഹെര്‍ഷാമിന്റെ പരിസരത്തെ പാടങ്ങളും നദികളും തെരുവുകളും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്നാല്‍ , ഒരു തുമ്പും ലഭിച്ചില്ല.

പൊലീസിന്റെ വീഴ്ചകള്‍

പ്രശസ്തമായ ബ്രിട്ടീഷ് പൊലീസിന്റെ മുഖം വികൃതമാക്കുന്നതായിരുന്നു പിന്നീട് വര്‍ഷങ്ങളോളം അന്വേഷണത്തില്‍ സംഭവിച്ച ഭീമാബദ്ധങ്ങള്‍ . അന്വേഷണം ഒരാഴ്ചയായപ്പോഴേക്ക് പൊലീസ് ചില മുന്‍വിധികളിലെത്തി. മില്ലിയെ ആരും തട്ടിക്കൊണ്ടുപോയതാകില്ലെന്നും അവള്‍ സ്വമേധയാ വീട് വിട്ട് ഓടിപ്പോയതാകാമെന്നുമായി അവരുടെ നിഗമനം. തിരോധാനത്തിനുമുമ്പ് മില്ലിയെ വഴിയില്‍ കണ്ടവരാരും പിടിവലിയോ മറ്റോ കണ്ടതായി പറയുന്നില്ലെന്നായിരുന്നു പൊലീസിന്റെ വിചിത്രവാദം. മുമ്പൊരിക്കല്‍ താന്‍ വീട് വിട്ട് പോകുന്നതായി ഒരു കള്ളക്കത്ത് മില്ലി തമാശയ്ക്ക് എഴുതിവച്ചിരുന്നതിനാല്‍ അധ്യാപികയായ അമ്മ സാലിപോലും അത് വിശ്വസിച്ചു. മില്ലിയോട് തിരിച്ചുവരാന്‍ അപേക്ഷിച്ചുള്ള അറിയിപ്പുകള്‍ ബിബിസിയുടെ കുറ്റാന്വേഷണ പരിപാടിയായ ക്രൈംവാച്ച് അടക്കമുള്ള ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടു. ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ലെന്നുമാത്രമല്ല, ഈ സമയമെല്ലാം അക്രമി പുതിയ ഇരകളെ തേടി സൈ്വര്യവിഹാരത്തിലായിരുന്നു. ഇതിനിടെ മില്ലിയുടെ തിരോധാനത്തിന്റെ വേദനയില്‍ കഴിയുന്ന അച്ഛന്‍ ബോബിനെപ്പോലും പൊലീസ് സംശയിച്ചു.

മൃതദേഹം കണ്ടെത്തുന്നു

മില്ലിയെ കാണാതായിട്ട് ആറുമാസത്തോളമായി. സെപ്തംബര്‍ 18ന് ഹാംപ്ഷയറില്‍നിന്ന് 25 െമൈല്‍ അകലെ യേറ്റ്ലീ ഹീത്തില്‍ വനത്തില്‍ കൂണ്‍ പറിക്കാന്‍ പോയ തൊഴിലാളികള്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ ജീര്‍ണാവശിഷ്ടങ്ങള്‍ കണ്ട് ഞെട്ടി. ഈ ജഡാവശിഷ്ടങ്ങള്‍ മില്ലിയുടേതാണെന്ന് ദന്തപരിശോധനയില്‍ സ്ഥിരീകരിച്ചു. അപ്പോഴും മരണകാരണം മനസ്സിലാക്കാനായില്ല. മകളുടെ മരണത്തില്‍ ഹൃദയം തകര്‍ന്നിരിക്കുന്ന ബോബിനെ പ്രതിയായി സംശയിച്ചത് ഈ ഘട്ടത്തിലാണ്. മില്ലിയുടെ തിരോധാനത്തിന് തലേന്ന് ഷെപ്പേര്‍ടണിലെ റേച്ചല്‍ കൗള്‍സ് എന്ന പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായിരുന്നു. കേസുകള്‍ സമാനമായിരുന്നെങ്കിലും മില്ലിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ റേച്ചലിനു നേര്‍ക്കുണ്ടായ ആക്രമണം അന്വേഷിക്കാന്‍ ഏല്‍പ്പിക്കാന്‍ പൊലീസിന്റെ തലപ്പത്തുള്ളവര്‍ക്ക് തോന്നിയില്ല. ഒരു തുമ്പും കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞു.

ഇതിനിടെ പിന്നെയും കുമാരിമാരും കൗമാരത്തില്‍നിന്ന് യൗവനത്തിലേക്ക് കടന്നവരുമായ പെണ്‍കുട്ടികള്‍ ബ്രിട്ടനില്‍ പലയിടത്തായി വേട്ടയാടപ്പെട്ടു. മാര്‍ഷ മക്ഡോണല്‍ എന്ന പത്തൊമ്പതുകാരി 2003 ഫെബ്രുവരിയില്‍ ഹാംപ്ടണില്‍ കൊല്ലപ്പെട്ടു. അടുത്തവര്‍ഷം ആഗസ്തില്‍ ട്വിക്കെന്‍ഹാമിലെ അമേലി ഡെലാഗ്രഞ്ചിന്റെ (22) ഊഴമായിരുന്നു. ആ വര്‍ഷംതന്നെ മേയില്‍ പടിഞ്ഞാറന്‍ ലണ്ടനില്‍ കേറ്റ് ഷീഡി എന്ന പതിനെട്ടുകാരി തലനാരിഴയ്ക്കാണ് കാറിടിപ്പിച്ചുകൊല്ലാനുള്ള ശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2008 ഫെബ്രുവരിയില്‍ ലെവി ബെല്‍ഫീല്‍ഡ് എന്നയാള്‍ ജയിലിലായി. മറ്റ് ഇരുപതോളം സ്ത്രീകളെങ്കിലും ഇയാളുടെ ആക്രമണത്തിനിരയായതായാണ് കണക്കാക്കപ്പെടുന്നത്.

സമാനതകള്‍ വഴിതുറന്നു

ബാറുകളിലും സമ്മേളനസ്ഥലങ്ങളിലും കുഴപ്പമുണ്ടാക്കുന്നവരെ നേരിടാന്‍ നിയോഗിക്കപ്പെടുന്ന "ക്വട്ടേഷന്‍" പണിക്കാരനായിരുന്നു കരുത്തനായ ബെല്‍ഫീല്‍ഡ്. മില്ലിയെ കാണാതായ സ്ഥലത്തിനടുത്ത് കോളിങ്വുഡ് പ്ലേസില്‍ കാമുകി എമ്മ മിത്സിനൊപ്പം ഒരു ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു അയാള്‍ . മില്ലിയെ കാണാതായതിന്റെ പിറ്റേന്ന് അയാള്‍ കാമുകിയുമൊത്ത് തിടുക്കത്തില്‍ താമസം മാറിയിട്ടും പൊലീസിന്റെ കെടുകാര്യസ്ഥതമൂലം ഇയാള്‍ വര്‍ഷങ്ങളോളം സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍പ്പോലും പെട്ടില്ല. മില്ലിക്കായുള്ള തെരച്ചിലില്‍ പരിസരത്തെ ആയിരത്തിലധികം വീടുകളില്‍ അന്വേഷണം നടത്തിയ പൊലീസ് ബെല്‍ഫീല്‍ഡിന്റെ ഫ്ളാറ്റിലും പലവട്ടം എത്തിയിരുന്നു. അപ്പോഴൊന്നും ആരെയും കാണാഞ്ഞിട്ടും പൊലീസിന്റെ കണ്ണുതുറന്നില്ല. മില്ലിയെ കാണാതായ വഴിയിലുള്ള സിസിടിവിയില്‍ ബെല്‍ഫീല്‍ഡിന്റെ കാമുകിയുടെ ചുവന്ന ദെയ്വൂ കാര്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് 2005ല്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.

ബെല്‍ഫീല്‍ഡ് ജയിലിലായശേഷമാണ് അയാളുടെ മറ്റ് ഇരകളും മില്ലിയുമായുള്ള രൂപസാദൃശ്യം പൊലീസിന്റെ ശ്രദ്ധയില്‍ പതിഞ്ഞത്. 2008 ഫെബ്രുവരിയില്‍ പൊലീസ് അന്വേഷണം ഇയാളില്‍ കേന്ദ്രീകരിച്ചു. 2010 മാര്‍ച്ച് 30നാണ് മില്ലിയെ തട്ടിക്കൊണ്ടുപോയി കൊന്നതിന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. 2011 ജൂണ്‍ 23ന് ജൂറി ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. മുന്‍ കേസുകളിലെന്നപോലെ ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കാമുകിയുടെ കാറിലാണ് ഇയാള്‍ മില്ലിയെ തട്ടിക്കൊണ്ടുപോയത്. ബെല്‍ഫീല്‍ഡിന്റെ വിചാരണ യഥാര്‍ഥത്തില്‍ മില്ലി മരണാനന്തരം നേരിട്ട മാനഭംഗമായിരുന്നു. അവളുടെ മാതാപിതാക്കള്‍ അതിനെക്കുറിച്ച് ഓര്‍ക്കാനേ ഇഷ്ടപ്പെടുന്നില്ല. നീതിപീഠത്തിനുമുന്നില്‍ പ്രതിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമസംവിധാനത്തിന്റെ വ്യഗ്രതയില്‍ പലപ്പോഴും തങ്ങളാണ് വിചാരണ ചെയ്യപ്പെടുന്നതെന്ന് ഡൗളര്‍ ദമ്പതികള്‍ക്ക് തോന്നി. ഉല്ലാസവതിയായിരുന്ന മില്ലി അസന്തുഷ്ടയായ ഒരു വിഷാദരോഗിയായി ചിത്രീകരിക്കപ്പെട്ടു. ഇതെല്ലാം മറക്കാനുള്ള ശ്രമത്തിലാണ് അവര്‍ .

മില്ലിയുടെ മരണം മര്‍ഡോക്കിലേക്ക്

മില്ലിയുടെ തിരോധാനത്തോടെതന്നെ ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട് മര്‍ഡോക് അവളുടെ ദുരന്തകഥയിലെ വില്ലനായി വരുന്നുണ്ട്. മില്ലിക്കായുള്ള അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അതിനെയെല്ലാം തുരങ്കം വയ്ക്കുന്ന വിധത്തിലായിരുന്നു മര്‍ഡോക്കിന്റെ ബ്രിട്ടനിലെ ഞായറാഴ്ചപത്രങ്ങളില്‍ പ്രധാനപ്പെട്ട "ദ ന്യൂസ് ഓഫ് ദ വേള്‍ഡ്" കെട്ടുകഥകള്‍ പടച്ചുവിട്ടത്. വാടക ഡിറ്റക്ടീവിനെ ഉപയോഗിച്ച് മില്ലിയുടെ മൊബൈല്‍ഫോണില്‍ നുഴഞ്ഞുകയറിയ മര്‍ഡോക് പത്രം അവള്‍ക്കുവന്ന ശബ്ദസന്ദേശങ്ങള്‍ കേട്ടശേഷം നീക്കംചെയ്തുകൊണ്ടിരുന്നു. പുതിയ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഫോണിന് ഇടമുണ്ടാക്കികൊടുക്കുന്നതിന് ചെയ്ത ഈ തറവേല മകള്‍ ജീവനോടെയുണ്ടെന്ന വ്യാജപ്രതീക്ഷ അവളുടെ മാതാപിതാക്കളിലുണ്ടാക്കി. ഒമ്പതുവര്‍ഷത്തോളം പുറംലോകമറിയാതിരുന്ന ഈ കള്ളത്തരം ഈ മാസം ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന്റെ മുതിര്‍ന്ന ലേഖകന്‍ നിക് ഡേവിസ് പുറത്തുകൊണ്ടുവന്നതോടെയാണ് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം ഉലയാനാരംഭിച്ചത്. ലോകനേതാക്കളെവരെ മുട്ടുകാലില്‍ നിര്‍ത്തിയ മാധ്യമ ചക്രവര്‍ത്തിയുടെ സാമ്രാജ്യവിപുലന സ്വപ്നങ്ങള്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്കുമുന്നില്‍ തകര്‍ന്നു. ബ്രിട്ടനിലെ പ്രധാന പേ ടെലിവിഷന്‍ സംപ്രേക്ഷകരായ ബിസ്കൈബിയുടെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കാനുള്ള ശ്രമത്തില്‍നിന്ന് മര്‍ഡോക്കിന് പിന്മാറേണ്ടിവന്നു. ഫോണ്‍ ഹാക്കിങ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് ന്യൂസ് ഓഫ് ദ വേള്‍ഡ് അടച്ചുപൂട്ടിയിട്ടും തന്നോടുള്ള ജനരോഷത്തിന് അയവില്ലെന്നുകണ്ടാണ് മര്‍ഡോക് സ്വപ്നപദ്ധതി ഉപേക്ഷിച്ചത്.

യഥാര്‍ഥത്തില്‍ മര്‍ഡോക് പത്രങ്ങളുടെ ഹാക്കിങ് പുതിയ വാര്‍ത്തയല്ല. അപ്പോഴൊക്കെ മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം കാര്യമായ പരിക്കേല്‍ക്കാതെ തടിതപ്പിയത് ബ്രിട്ടീഷ് അധികാര രാഷ്ട്രീയവുമായുള്ള അവിശുദ്ധബന്ധംമൂലമാണ്. വാര്‍ത്തകള്‍ക്കായി പൊലീസുകാര്‍ക്ക് പണം നല്‍കാറുണ്ടെന്ന് മര്‍ഡോക് സാമ്രാജ്യത്വത്തിന്റെ ബ്രിട്ടനിലെ നായികയായിരുന്ന റെബേക്ക ബ്രുക്സ് 2004ല്‍ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിമുമ്പാകെ തുറന്നുപറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല (പുതിയ വിവാദത്തില്‍ റെബേക്കയുടെയും പണിപോയി). വാര്‍ത്തകള്‍ക്കായി മര്‍ഡോക്കിന്റെ ലേഖകന്മാര്‍ ആദ്യം ഒളിഞ്ഞുനോക്കിയത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അരമനകളിലേക്കാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍നിന്ന് തെളിയുന്നത്. രാജകുടുംബാംഗങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്തത് പുറത്തുവന്നത് ആറുവര്‍ഷം മുമ്പാണ്. തുടര്‍ന്ന് 2006ല്‍ ന്യൂസ്ഓഫ് ദ വേള്‍ഡിനുവേണ്ടി ഹാക്കിങ് നടത്തിയ രണ്ടുപേര്‍ ശിക്ഷിക്കപ്പെട്ടു. പിന്നീട് ഈ വര്‍ഷമാദ്യം വീണ്ടും ഹാക്കിങ് വിവാദമുയര്‍ന്നതോടെയാണ് പൊലീസ് പുനരന്വേഷണം ആരംഭിച്ചത്. അപ്പോഴും കാര്യമായ വെല്ലുവിളികള്‍ക്ക് നിന്നുകൊടുക്കാതെ മര്‍ഡോക് പിടിച്ചുനിന്നു.

എന്നാല്‍ , ഒരു നരാധമന്റെ ക്രൂരതയ്ക്ക് ഇരയായി അകാലത്തില്‍ പൊലിഞ്ഞ കൊച്ചു പെണ്‍കുട്ടിയെപ്പോലും മര്‍ഡോക്കിന്റെ മര്‍ദക മാധ്യമങ്ങള്‍ വാര്‍ത്താ ഉപകരണമാക്കിയെന്ന ഞെട്ടിക്കുന്ന അറിവ് ബ്രിട്ടീഷ് ജനതയ്ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. മില്ലിയെമാത്രമല്ല അഫ്ഗാനിസ്ഥാനിലും മറ്റും യുദ്ധത്തില്‍ മരിച്ച ബ്രിട്ടീഷ് പട്ടാളക്കാരുടെ കുടുംബങ്ങളെയും ഇവര്‍ ഹാക്കിങ്ങിനിരയാക്കിയെന്ന് ജനങ്ങളറിഞ്ഞു. തകര്‍ച്ചയുടെ ആഴം കുറയ്ക്കാന്‍ മര്‍ഡോക് ബ്രിട്ടനിലെത്തി പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. മധ്യലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മില്ലിയുടെ മാതാപിതാക്കളെ ക്ഷണിച്ചുവരുത്തി ക്ഷമാപണം നടത്തിയതും പാര്‍ലമെന്റിന്റെ ജനസഭാ സമിതിയുടെ വിചാരണയ്ക്ക് നിന്നുകൊടുത്തതുമെല്ലാം ഇതിന്റെ ഭാഗമാണ്. മാത്രമല്ല, മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ തലപ്പത്തുള്ള ന്യൂസ് കോര്‍പറേഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന അമേരിക്കയില്‍ത്തന്നെ മര്‍ഡോക് പത്രങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.

*
എ ശ്യാം ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മില്ലി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പെണ്‍കുട്ടി അമാന്‍ഡ ഡൗളറിനെ ഒമ്പതുവര്‍ഷംമുമ്പ് ഒരു വസന്തകാലത്താണ് കാണാതായത്. അന്നവള്‍ക്ക് 13 വയസ്സ്. എന്നും പ്രസരിപ്പോടെമാത്രം കാണപ്പെട്ടിട്ടുള്ള അവള്‍ കൂട്ടുകാരുടെ പ്രിയങ്കരിയായിരുന്നു. കൊച്ചുകുസൃതികളിലൂടെ വീട്ടുകാരെ ചിലപ്പോഴൊക്കെ അമ്പരപ്പിക്കുമായിരുന്നെങ്കിലും അച്ഛനമ്മമാരുടെയും ചേച്ചിയുടെയും ഓമനയായിരുന്നു. അവളുടെ തിരോധാനം ബ്രിട്ടന്റെ വേദനയായി. ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോള്‍ അവള്‍ ബ്രിട്ടനുപുറത്തും വാര്‍ത്തകളില്‍ നിറയുകയാണ്. സാമ്രാജ്യത്വ ഭരണാധികാരികളെ തന്റെ ഇഷ്ടത്തിന് തുള്ളിച്ചുവന്ന സാക്ഷാല്‍ റൂപര്‍ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്വത്തിന്റെ അടിവേരിളക്കിയ വിവാദത്തിലെ അദൃശ്യനായികയാണ് ഇന്നവള്‍ . വിഭ്രമിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മര്‍ഡോക്കിന്റെ മര്‍ദക മാധ്യമ സംവിധാനങ്ങള്‍ അവളെ കരുവാക്കുമ്പോള്‍ അവര്‍ മരണത്തിന്റെ തണുത്ത കരങ്ങളിലമര്‍ന്നിരുന്നു. അവളുടെ ദുരന്തകഥയാണിത്.