Wednesday, August 17, 2011

പാമൊലിന്‍ കേസ് - നിയമവും നീതിയും

കേരള രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കിയ പാമൊലിന്‍ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും മുന്‍മന്ത്രി ടി എച്ച് മുസ്തഫയുമടക്കമുള്ള ഉന്നതന്മാര്‍ ഉള്‍പ്പെട്ട കേസില്‍, അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഹാജരാക്കിയ രേഖകളും സാക്ഷിമൊഴികളും എല്ലാം വിശദമായി പരിശോധിച്ചശേഷം ഈ വിഷയത്തില്‍ അന്നത്തെ ധനമന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പു കൂടി കൈയാളുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരാമോ എന്ന ചോദ്യം ഉയര്‍ന്നുവന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന- അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രതികരണം ഉടന്‍ വന്നു- ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരാം എന്ന്. ഇത്തരമൊരു പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

അഴിമതി ആരോപണത്തില്‍ കുടുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചില കേന്ദ്രമന്ത്രിമാരും രാജിവച്ചു കഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ രാജിക്കുവേണ്ടി സമ്മര്‍ദം മുറുകുകയാണ്. അത്തരമൊരു ഘട്ടത്തില്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ കേരള മുഖ്യമന്ത്രികൂടി രാജിവയ്ക്കുന്ന അവസ്ഥ വന്നാല്‍ കോണ്‍ഗ്രസിന് തീര്‍ച്ചയായും അങ്ങേയറ്റത്തെ നാണക്കേടാകും. ജഡ്ജിയുടെ തീരുമാനംതന്നെ പക്ഷപാതപരവും നിയമവിരുദ്ധവുമാണെന്നും അതുകൊണ്ട് അതു മുഖ്യമന്ത്രിക്ക് ബാധകമല്ല എന്നതുമാണ് വിചിത്രമായ ഒരു വാദം. വിജിലന്‍സ് ജഡ്ജിക്ക് ഉമ്മന്‍ചാണ്ടിയോടുള്ള വ്യക്തിവിരോധംകൊണ്ടോ അല്ലെങ്കില്‍ രാഷ്ട്രീയ പക്ഷപാതിത്വംകൊണ്ടോ ആണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന വാദം അംഗീകരിച്ചാല്‍ പിന്നെ ഒരു കേസിലും ഒരു ജഡ്ജിക്കും വിധി പറയാന്‍ കഴിയില്ല. ഏതു ന്യായാധിപനുമെതിരെ ഇങ്ങനെ പറയാമല്ലോ. അഥവാ അങ്ങനെയാണെങ്കില്‍ അതിനു പ്രതിവിധിയുണ്ടല്ലോ;

വിജിലന്‍സ് ജഡ്ജി അന്തിമ വിധികര്‍ത്താവല്ല. ഉമ്മന്‍ചാണ്ടിക്കു ഹൈക്കോടതിയില്‍ അപ്പീല്‍ പോകാം. ഹൈക്കോടതി ജഡ്ജിമാരെല്ലാം അദ്ദേഹത്തിന്റെ വിരോധികളാണെന്നും ഹൈക്കോടതിയില്‍നിന്ന് നീതി പ്രതീക്ഷിച്ചുകൂടാ എന്നുമാണെങ്കില്‍ സുപ്രീം കോടതിയിലും പോകാം. അന്തിമവിധി സുപ്രീം കോടതിയുടേതാണല്ലോ. ഇതിലേറെ വിചിത്രമായി തോന്നിയത് ഉമ്മന്‍ചാണ്ടി ഒരു കാരണവശാലും രാജിവയ്ക്കേണ്ടതില്ല എന്ന് കോടതിക്കു വെളിയില്‍വച്ച് വാദിക്കാന്‍ ഒരു അഭിഭാഷകന്‍ മുന്നോട്ടുവന്നു എന്നതാണ് (കോടതിക്കകത്ത് അങ്ങനെ വാദിക്കുന്നത് മനസിലാക്കാം). വക്കീല്‍ പറയുന്നത് ക്രിമിനല്‍ നടപടി നിയമം 173}(8) വകുപ്പ് പ്രകാരം കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകമാത്രമാണ് കോടതി ചെയ്തിട്ടുള്ളത് എന്നും ഒരാളുടെ പേരില്‍ അന്വേഷണം നടക്കുന്നു എന്നതുകൊണ്ടുമാത്രം അയാള്‍ രാജിവയ്ക്കണം എന്നു പറയുന്നത് പരിഹാസ്യമാണെന്നുമാണ്. ഈ വാദം കുറെക്കൂടി വലിച്ചു നീട്ടിയാല്‍ ഉമ്മന്‍ ചാണ്ടി കേസില്‍ പ്രതിയായാലും രാജിവയ്ക്കേണ്ടതില്ല, കാരണം കോടതിയില്‍ കുറ്റക്കാരനാണെന്നു തെളിയുന്നതുവരെ ഏതൊരു പ്രതിയും നിരപരാധിയായി പരിഗണികപ്പെടണം എന്നാണ് നീതിശാസ്ത്രം. കുറെക്കൂടി മുന്നോട്ടുപോയാല്‍ വിജിലന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ട് ഉമ്മന്‍ചാണ്ടിയെ ശിക്ഷിച്ചാല്‍പ്പോലും അദ്ദേഹം നിരപരാധിയായി തുടരും. കാരണം അന്തിമവിധി പറയാനുള്ള അധികാരം സുപ്രീംകോടതിക്കാണ്. തീര്‍ച്ചയായും നിയമത്തിന്റെ തലനാരിഴ കീറി വക്കീലന്മാര്‍ക്ക് ഇങ്ങനെയൊക്കെ വാദിക്കാവുന്നതേയുള്ളൂ. പക്ഷേ, അത് കോടതിക്കു വെളിയില്‍ വച്ചാകരുത് എന്നുമാത്രം.

ഇവിടെ പരിഗണനയിലിരിക്കുന്ന കേസില്‍ കേവലം ക്രിമിനല്‍ നടപടി നിയമത്തിലെ വകുപ്പുകളും വക്കീലന്മാര്‍ നടത്തുന്ന നിയമ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറത്തുള്ള ചില വിഷയങ്ങള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. അത് ജനങ്ങളുടെ നീതിബോധവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയുമാണ്. നിയമനിര്‍മാണസഭകള്‍ , രാഷ്ട്രീയ പാര്‍ടികള്‍ , കോടതികള്‍ , വാര്‍ത്താ മാധ്യമങ്ങള്‍ , ഉദ്യോഗസ്ഥന്മാര്‍ - ഇവരെല്ലാം ചേര്‍ന്നാണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്. ഇതിന്റെയെല്ലാം അടിത്തറയായി നില്‍ക്കുന്നതാകട്ടെ നീതിബോധവും ജനാധിപത്യമൂല്യങ്ങളിലും ധാര്‍മികമൂല്യങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസവുമാണ്. അടിത്തറ ഇളകിയാല്‍ കേവലം തൂണുകള്‍ക്കുമാത്രം ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ കഴിയില്ല. ഈ വിശ്വാസം നിലനിര്‍ത്തുകയും സംരക്ഷിക്കുകയും വേണം. ആറു പതിറ്റാണ്ടിലേറെയായി എല്ലാ പരിമിതികളോടും ദൗര്‍ബല്യങ്ങളോടും കൂടിയാണെങ്കില്‍പ്പോലും ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്നത് ജനങ്ങളുടെ ഈ വിശ്വാസത്തിന്റെ അടിത്തറയിന്മേലാണ്.

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ നമ്മുടെ അയല്‍രാജ്യങ്ങളില്‍ പട്ടാളഭരണവും കലാപവും നിരന്തരം നടക്കുന്നത് നമ്മുടെ മുന്നില്‍ത്തന്നെയുള്ള കാഴ്ചയാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെന്ന ഒരു ചെറിയ മനുഷ്യന്‍ പണ്ട് ഇന്ത്യയുടെ റെയില്‍വേ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയിരുന്നു. നെഹ്റു കുടുംബത്തില്‍പ്പെട്ടവരെമാത്രമേ അംഗീകരിക്കൂ എന്നു വാശിപിടിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ എന്നേ മറന്നിരിക്കുന്നു. രാജ്യത്തെവിടെയോ ഒരു തീവണ്ടിയപകടം നടന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ച ആളായിരുന്നു ശാസ്ത്രി. മാറിവരുന്ന സാഹചര്യത്തില്‍ ഒരു പുനഃപരിശോധന നടത്തിയാല്‍ ശാസ്ത്രി വെറും വിഡ്ഢിയായിരുന്നു എന്നു വിലയിരുത്താം. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിച്ചുനിര്‍ത്തിയതിന്റെ പിന്നില്‍ ഇത്തരം കുറെ "വിഡ്ഢികളുടെ" മഹത്തായ സംഭാവനകളുണ്ട് എന്ന കാര്യം നമുക്ക് മറന്നുകൂടാ.

നിയമത്തിന്റെ വകുപ്പുകളിലെ അക്ഷരങ്ങള്‍ക്കും വാചകങ്ങള്‍ക്കും അവയുടെ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറത്തുള്ള നീതിബോധവും ധാര്‍മികതയും ജനാധിപത്യമൂല്യങ്ങളും തകര്‍ന്നാല്‍ രാജ്യത്ത് എന്തും സംഭവിക്കാം. ഇവിടെ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി എന്ന വ്യക്തി ഒരു സാധാരണക്കാരനല്ല. ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ കള്ളസാക്ഷികളെ ഉപയോഗിച്ച് കള്ളക്കേസില്‍ പ്രതിയാക്കാവുന്ന ആളല്ല. അദ്ദേഹം ഇന്ന് ധനമന്ത്രിയുമല്ല. അദ്ദേഹം ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന സംസ്ഥാന മുഖ്യമന്ത്രിയാണ്, സംസ്ഥാനത്തിന്റെ ഏറ്റവും ഉന്നതനായ ഭരണാധികാരിയാണ്. അദ്ദേഹം സംസ്ഥാന പൊലീസ് സേനയെയാകെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രിപദവും സംസ്ഥാന ഭരണത്തെയാകെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിപദവും വഹിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ സത്യസന്ധമായി അന്വേഷണം നടത്താനും കുറ്റക്കാരനാണെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കാനും ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനു കഴിയുമോ? ഭരണഘടനയിലും ക്രിമിനല്‍ നടപടി നിയമത്തിലും എന്തെല്ലാം എഴുതിവച്ചാലും പ്രായോഗിക തലത്തിലുള്ള പ്രയാസങ്ങള്‍ ആര്‍ക്കാണറിയാത്തത്.

ഇന്ത്യന്‍ ഭരണഘടനയിലെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണ് നിയമവാഴ്ചയും നിയമത്തിനു മുന്നിലുള്ള തുല്യതയും. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യസംരക്ഷണം ലഭിക്കുമെന്നും ഭരണഘടനയുടെ 14- ാം വകുപ്പ് അനുശാസിക്കുന്നു. ഇത് പൗരന്റെ മൗലികാവകാശങ്ങളിലുള്‍പ്പെട്ടതാണ്. എന്നാല്‍ , ഇന്ത്യയിലെ പരമോന്നത കോടതി ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ള എന്ന മുന്‍മന്ത്രി ഏറിയപങ്കും പരോളില്‍ പുറത്തും അതിനുശേഷം സകല ആര്‍ഭാടങ്ങളും അനുഭവിച്ച് പഞ്ചനക്ഷത്ര ആശുപത്രിയിലും കഴിയുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അതേസമയം കുറ്റമൊന്നും ചെയ്യാതെതന്നെ കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളോളം വിചാരണത്തടവുകാരായി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കിടന്നു നരകിക്കുന്നവര്‍ ആയിരങ്ങളാണ്. എവിടെ മൗലികാവകാശങ്ങള്‍ ? എവിടെ ഭരണഘടനയും 14-ാം വകുപ്പും? നിയമത്തിനുമുന്നിലെ തുല്യതയും നിയമവാഴ്ചയുമെവിടെ?

സുപ്രീംകോടതിവിധിയെ അട്ടിമറിക്കുന്ന മുന്‍മന്ത്രിമാര്‍ , കോടതി ഉത്തരവുകളെ അവഗണിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും, തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് തന്റെ പേരില്‍ കേസുണ്ടെങ്കില്‍ അന്വേഷിക്കൂ എന്നാജ്ഞാപിക്കുന്ന മുഖ്യമന്ത്രി. ഇങ്ങനെ സമര്‍ഥന്മാരുടെ എണ്ണം കൂടുകയും "വിഡ്ഢി"കളുടെ എണ്ണം കുറയുകയും ചെയ്താല്‍ തകരുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയാണ്. ജനങ്ങളില്‍ നിലനില്‍ക്കുന്ന നീതിബോധം, ധാര്‍മികത, ജനാധിപത്യമൂല്യങ്ങള്‍ - നിയമങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറത്ത് ഈ മൂല്യങ്ങളെല്ലാം സംരക്ഷിക്കപ്പെടണം. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തണം. തന്റെ പേരില്‍ കേസന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയന്ത്രിക്കാന്‍ അധികാരമുള്ള മുഖ്യമന്ത്രിപദവിയില്‍നിന്ന് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് ഈയൊരു നീതിബോധത്തിന്റെ പേരിലാണ്. അദ്ദേഹം തന്റെ പാര്‍ടിയില്‍ ഉന്നതസ്ഥാനത്തിരിക്കുന്നതിനോ പൊതുരംഗത്തു തുടരുന്നതിനോ ആരും എതിരല്ല. കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്നെങ്കിലേ അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവുമാണെന്ന് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയൂ. ജനങ്ങളുടെ വിശ്വാസം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശിലയാണ്. ഈ വിശ്വാസം തകരാതെ, ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്.


*****


അഡ്വ. ഇ കെ നാരായണന്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സുപ്രീംകോടതിവിധിയെ അട്ടിമറിക്കുന്ന മുന്‍മന്ത്രിമാര്‍ , കോടതി ഉത്തരവുകളെ അവഗണിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും, തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് തന്റെ പേരില്‍ കേസുണ്ടെങ്കില്‍ അന്വേഷിക്കൂ എന്നാജ്ഞാപിക്കുന്ന മുഖ്യമന്ത്രി. ഇങ്ങനെ സമര്‍ഥന്മാരുടെ എണ്ണം കൂടുകയും "വിഡ്ഢി"കളുടെ എണ്ണം കുറയുകയും ചെയ്താല്‍ തകരുന്നത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയാണ്. ജനങ്ങളില്‍ നിലനില്‍ക്കുന്ന നീതിബോധം, ധാര്‍മികത, ജനാധിപത്യമൂല്യങ്ങള്‍ - നിയമങ്ങളുടെ അക്ഷരങ്ങള്‍ക്കപ്പുറത്ത് ഈ മൂല്യങ്ങളെല്ലാം സംരക്ഷിക്കപ്പെടണം. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തണം. തന്റെ പേരില്‍ കേസന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയന്ത്രിക്കാന്‍ അധികാരമുള്ള മുഖ്യമന്ത്രിപദവിയില്‍നിന്ന് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് ഈയൊരു നീതിബോധത്തിന്റെ പേരിലാണ്. അദ്ദേഹം തന്റെ പാര്‍ടിയില്‍ ഉന്നതസ്ഥാനത്തിരിക്കുന്നതിനോ പൊതുരംഗത്തു തുടരുന്നതിനോ ആരും എതിരല്ല. കേസന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്നെങ്കിലേ അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവുമാണെന്ന് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയൂ. ജനങ്ങളുടെ വിശ്വാസം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശിലയാണ്. ഈ വിശ്വാസം തകരാതെ, ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്.