Wednesday, July 27, 2011

അപവാദം എന്ന ആയുധം

ലോകത്താകെയുള്ള മാധ്യമക്കച്ചവടക്കാരുടെ സ്വപ്നപുരുഷനാണ് കീത്ത് റൂപര്‍ട്ട് മര്‍ഡോക്. ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ തന്റെ പിതാവ് നടത്തിയിരുന്ന "ദ ന്യൂസ്" പത്രം അദ്ദേഹത്തിന്റെ മരണശേഷം ഏറ്റെടുത്ത് മാധ്യമരംഗത്ത് എളിയ തുടക്കമിട്ട മര്‍ഡോക് ഇന്ന് ലോകത്തെ ഏറ്റവും ശക്തനായ മാധ്യമ ചക്രവര്‍ത്തിയാണ്. അമേരിക്കയില്‍ മൂന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ മര്‍ഡോക്കിന്റെ നിര്‍ണായക ഇടപെടലുണ്ടായിരുന്നു. ബ്രിട്ടനില്‍ സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മര്‍ഡോക്കാണെന്ന് പറയാറുണ്ട്. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായാണ് മര്‍ഡോക് അറിയപ്പെട്ടത്. പിന്നീട് ടോണി ബ്ലെയറിന്റെ രക്ഷകനും ഉപദേശകനുമായി. അതുകഴിഞ്ഞ് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സഹായഹസ്തം നീട്ടിയത് ഗോര്‍ഡന്‍ ബ്രൗണിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്രൗണിനെ വിട്ട് ഡേവിഡ് കാമറോണിനെ തുണച്ചു-അദ്ദേഹം പ്രധാനമന്ത്രിയായി.

അമേരിക്കയില്‍ അല്‍ഗോറിനെതിരെ മത്സരിച്ച് പരാജയത്തിലേക്ക് വീഴുമായിരുന്ന ജോര്‍ജ് ബുഷിന് രക്ഷാകവചം സൃഷ്ടിച്ചത് മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് നെറ്റ്വര്‍ക്കാണ്. ബുഷിന്റെ സംരക്ഷകനായും ഇറാഖ് അധിനിവേശത്തിന്റെ പ്രചാരകനായും മര്‍ഡോക് നിലക്കൊണ്ടു. ഇറാഖില്‍ ആണവ-രാസായുധ ശേഖരമുണ്ടെന്ന കൂറ്റന്‍ നുണ ബുഷ് പറഞ്ഞപ്പോള്‍ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്തത് മര്‍ഡോക്കിന്റെ മാധ്യമ ശൃംഖലയാണ്. ഇറാഖിനെക്കുറിച്ചുള്ള അപവാദ പരമ്പരകള്‍ ; ആയുധ ശേഖരത്തിന്റെ വര്‍ണനകള്‍ ; ഭീകരതയുടെ മറവില്‍ ഇസ്ലാംവിരുദ്ധ പ്രചാരണം-എല്ലാം മര്‍ഡോക് ഏറ്റെടുത്തു. കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് മര്‍ഡോക്കിന്റേത്. പലസ്തീന്റെ പോരാട്ടത്തെക്കുറിച്ചോ ഇസ്രയേലി കാടത്തത്തെക്കുറിച്ചോ ക്യൂബയുടെ ഇതിഹാസതുല്യമായ ചെറുത്തുനില്‍പ്പുകളെക്കുറിച്ചോ മര്‍ഡോക്കിയന്‍ മാധ്യമങ്ങളില്‍ വായിക്കാനാവില്ല.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള "വീക്കെന്‍ഡ് ഓസ്ട്രേലിയന്‍" മാഗസിനില്‍ ഒരിക്കല്‍ അച്ചടിച്ച കവറില്‍ , ഒരുകൈയില്‍ കുഞ്ഞും മറുകൈയില്‍ തോക്കുമായി നില്‍ക്കുന്ന പലസ്തീന്‍ യുവതിയുടെ ചിത്രമായിരുന്നു. "അവളെ ഗര്‍ഭിണിയെപ്പോലെ തോന്നിച്ചു. ഗര്‍ഭിണിയല്ലെങ്കില്‍ അവള്‍ സാധാരണമട്ടില്‍ പെരുമാറുമായിരുന്നു. അവള്‍ എന്നെ നോക്കി. ഒന്നു ചിരിച്ചു; പിന്നെ പൊട്ടിത്തെറിച്ചു." ഗാസാചീളിലെ തടവറയിലായിരുന്ന അവള്‍ അവിഹിതമായി ഗര്‍ഭിണിയായതാണെന്നും അതാണ്, ചാവേറാകാന്‍ അവളെ നിര്‍ബന്ധിതയാക്കിയതെന്നും സമര്‍ഥിക്കുന്നു, "മാതാവ്, കൊലപാതകി, രക്തസാക്ഷി" എന്ന ശീര്‍ഷകത്തിലുള്ള ആ കവര്‍സ്റ്റോറി. പലസ്തീന്‍ പോരാട്ടത്തെ ശാസ്ത്രീയമായി അധിക്ഷേപിക്കുന്ന ഒന്ന് എന്നാണ് അതിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല; തങ്ങള്‍ക്ക് എന്താണ് വായനക്കാരെ അറിയിക്കേണ്ടത് എന്നതാണ് മര്‍ഡോക്കിയന്‍ മാധ്യമങ്ങളുടെ അജന്‍ഡ. അതിനവര്‍ മൂന്നാംകിട അപവാദ പ്രചാരണങ്ങളെപ്പോലും ആശ്രയിക്കുന്നു; പരിഷ്കൃതലോകം ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്യുന്നു.

സമ്പത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റത്തില്‍ മര്‍ഡോക്ക് ചവിട്ടിയരച്ചത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയാണ്. നിയമവിരുദ്ധവും അമാന്യവുമായ മാര്‍ഗങ്ങളിലൂടെ ശേഖരിക്കുന്ന വാര്‍ത്താശകലങ്ങളും സങ്കല്‍പ്പകഥകളുമാണ് വാര്‍ത്തകളായി ഘോഷിക്കപ്പെട്ടത്. അത്തരം ആഘോഷങ്ങള്‍ക്കിടെ, നിറംപിടിപ്പിച്ച വാര്‍ത്തകളുടെ പ്രത്യാഘാതം നിരപരാധികളുടെ ജീവിതം തകര്‍ക്കുന്നത് മര്‍ഡോക്കിനെ അലട്ടിയില്ല. കൊലപാതകമായാലും രാഷ്ട്രീയ സംഭവങ്ങളായാലും കേസന്വേഷണവും വിചാരണയും വിധിപ്രസ്താവവും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന അവസ്ഥ വന്നു. കടിഞ്ഞാണില്ലാത്ത ആ പോക്കില്‍നിന്നാണ് മര്‍ഡോക്കിന് ഇപ്പോള്‍ താല്‍ക്കാലികമായെങ്കിലും പിന്മാറേണ്ടിവന്നിരിക്കുന്നത്. 168 വര്‍ഷത്തെ പാരമ്പര്യവും 27 ലക്ഷം വായനക്കാരും ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ അതുല്യമായ സ്വാധീനശേഷിയുമുണ്ടായിരുന്ന "ന്യൂസ് ഓഫ് ദ വേള്‍ഡ്" പത്രം അടച്ചുപൂട്ടേണ്ടിവന്നു മര്‍ഡോക്കിന്. റബേക്ക ബ്രൂക്സ് എന്ന തന്റെ വിശ്വസ്ത പത്രാധിപയെ നിയമത്തിന്റെ പിടിയിലേക്ക് വിട്ടുകൊടുത്തതിനുപുറമെ ബ്രിട്ടീഷ് ജനതയോട് പരസ്യമായി "എന്റെ പിഴ; എന്റെ വലിയ പിഴ" എന്ന് ഏറ്റുപറയേണ്ടിയും വന്നു സുര്യനസ്തമിക്കാത്ത മാധ്യമ സാമ്രാജ്യത്തിന്റെ അധിപന്. അതിനുമപ്പുറം ബി സ്കൈ ബി (ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ്) എന്ന ബ്രിട്ടനിലെ ടെലിവിഷന്‍ ശൃംഖല അപ്പാടെ വെട്ടിപ്പിടിക്കാനുള്ള നീക്കത്തില്‍നിന്നു നിരുപാധികം പിന്മാറുകയുംചെയ്തു.

"ന്യൂസ് ഓഫ് ദ വേള്‍ഡ്" എന്ന പത്രത്തിന് പ്രചാരം വര്‍ധിപ്പിക്കാന്‍ നടത്തിയ അധാര്‍മിക "അഴുക്കുചാല്‍" ഇടപെടലുകളാണ് മര്‍ഡോക്കിന്റെ പല്ലുകള്‍ കൊഴിക്കുന്ന ആഘാതമായി പരിണമിച്ചത്. 2002ല്‍ കാണാതായ മില്ലിഡൗളര്‍ എന്ന പെണ്‍കുട്ടിയുടെ കേസ് സ്വന്തമായി അന്വേഷിക്കാന്‍ ന്യൂസ് ഓഫ് ദ വേള്‍ഡിലെ "പത്രപ്രവര്‍ത്തകര്‍" പ്രൈവറ്റ് ഡിറ്റക്ടീവിനെ ഏര്‍പ്പാടാക്കി. മില്ലിയുടെ മാതാപിതാക്കള്‍ മകള്‍ക്ക് അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ അങ്ങനെ ചോര്‍ത്തി. അതുവച്ച് അനേകം കഥകള്‍ സൃഷ്ടിച്ചു. സൗകര്യത്തിനുവേണ്ടി ചില ശബ്ദസന്ദേശങ്ങള്‍ മായ്ച്ചുകളയാനും മടിച്ചില്ല. കേസന്വേഷിച്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് ഇതിലൂടെ തെറ്റായ നിഗമനങ്ങളിലെത്തേണ്ടിവന്നു. കൊല്ലപ്പെട്ട കുട്ടി ജീവിച്ചിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഒരുഘട്ടത്തില്‍ , മാതാപിതാക്കളാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന വാര്‍ത്തവരെ വന്നു. മില്ലി സംഭവത്തിലെ പത്രത്തിന്റെ ഇടപെടല്‍ പുറത്തുവന്നതോടെ അത്തരം കഥകളുടെ ഘോഷയാത്രയാണുണ്ടായത്. വായനക്കാരെ ആകര്‍ഷിക്കാന്‍ അഴുക്കുചാലിലൂടെ നീന്തുന്ന മാധ്യമ ദുഷ്പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിതുറന്നത്.

ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിയതിനുപുറമെ നിരവധി അറസ്റ്റുകളുമുണ്ടായി; അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് അനധികൃതമായി ചോര്‍ത്തിക്കൊടുത്ത പൊലീസുദ്യോഗസ്ഥര്‍ അഴികള്‍ക്കുള്ളിലായി; സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നു. എല്ലാമായിട്ടും മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ ഉലയ്ക്കാന്‍ പര്യാപ്തമല്ല ഇതൊന്നും. ഇത്തരം നിരവധി അഴുക്കുചാലുകളിലൂടെയാണ് അത് വളര്‍ന്നുവന്നത്. തല്‍ക്കാലം കാല്‍ പിറകോട്ടുവച്ചത് വീണ്ടും മുന്നോട്ടുവയ്ക്കാന്‍തന്നെയാണെന്ന് മര്‍ഡോക് പിന്നിട്ട വഴികളില്‍നിന്നുള്ള അനുഭവസാക്ഷ്യങ്ങള്‍ ഏറെയുണ്ട്. ബ്രിട്ടനില്‍ പിറകോട്ടുപോയപ്പോള്‍ , ഓസ്ട്രേലിയയില്‍ എബിസിയുടെ അന്താരാഷ്ട്ര ടിവി ബ്രോഡ്കാസ്റ്റിങ് ശൃംഖല സ്വന്തമാക്കാനുള്ള തിടുക്കപ്പെട്ട നീക്കത്തിലാണ് മര്‍ഡോക്. ആഗോള മാധ്യമക്കുത്തകകളുടെ ഈ അനാശാസ്യവഴികള്‍ നമുക്കും അന്യമല്ലാതായിരിക്കുന്നു എന്നതാണ് കേരളത്തിന്റെ മാധ്യമരംഗത്തെ സമകാലീന പ്രവണതകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ അധികാരവും മാധ്യമ ഉടമസ്ഥതയും തമ്മിലുള്ള പാരസ്പര്യം സദാചാരത്തിന്റെയും മാന്യതയുടെയും മാനവികതയുടെയും തുടലുകള്‍പൊട്ടിച്ച് മുക്രയിടുകയാണിന്ന് കേരളത്തില്‍ . രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കായി എതിരാളികളുടെ സ്വഭാവഹത്യ പതിവാക്കിമാറ്റുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത എസ്എംഎസ് വിവാദം നോക്കുക. കേരള കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ക്ക് മന്ത്രിയാകാന്‍ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണംചെയ്ത കേസാണ് അത് എന്ന് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. ഇതൊരു ഉദാഹരണംമാത്രമാണ്. പി ജെ ജോസഫ് കുറ്റക്കാരനാണോ നിരപരാധിയാണോ മറ്റേതെങ്കിലും അപരാധികള്‍ ഈ കേസിലുണ്ടോ എന്ന് തെളിയിക്കാനുള്ള അന്വേഷണം കെ എം മാണി ഏറ്റെടുത്തിരിക്കുന്നു. അത് അതിന്റെ വഴിക്ക് നടക്കട്ടെ. പി ജെ ജോസഫിനെതിരെ നേരത്തെയും സാമ്യമുള്ള കേസ് ഉയര്‍ന്നിരുന്നു എന്ന പശ്ചാത്തലവും അതിനുണ്ട്. അതായിരിക്കില്ല എല്ലാവരുടെയും സ്ഥിതി.

അങ്ങേയറ്റം സെന്‍സിറ്റീവായ സമൂഹത്തില്‍ , മാന്യമായി ജീവിക്കുന്ന ഒരാള്‍ ഇത്തരം കേസുകളില്‍ കുടുങ്ങുക എന്നത് അയാളുടെ പൊതുജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും അന്ത്യംതന്നെയായി മാറിയേക്കും. അങ്ങനെയൊരു പരിസമാപ്തി ഉദ്ദേശിച്ചാണ്, സാക്ഷികളെയും ഇരകളെയും കൃത്രിമമായി സൃഷ്ടിച്ച് കേസ് കെട്ടിച്ചമയ്ക്കുകയും അതിന് മാധ്യമങ്ങള്‍ പ്രചാരം കൊടുക്കുകയും ചെയ്യുന്നതെങ്കിലോ? അപകടകരമായ അവസ്ഥയാണത്. ആര്‍ക്കും ആരെയും അങ്ങനെ അപമാനിക്കാം. നിങ്ങളുടെ മൊബൈല്‍ഫോണ്‍ ഒരു നിമിഷത്തേക്ക് മറ്റാരെങ്കിലും എടുത്ത് അനാവശ്യ നമ്പരിലേക്ക് ഒരു സന്ദേശം അയച്ചാല്‍പോലും നിങ്ങള്‍ വലിയ വിപത്തിലേക്ക് പതിക്കാം. ടെലിഫോണിനെ; ഇ-മെയിലിനെ; യാത്രകളെ; എന്തിന് മാന്യമായ പെരുമാറ്റത്തെപ്പോലും ഇത്തരം മഞ്ഞയും നീലയും കലര്‍ന്ന കഥകളാക്കി പ്രചരിപ്പിച്ചാല്‍ അതിന് വിപണിമൂല്യം ലഭിക്കുന്ന കെട്ട അവസ്ഥ നിലനില്‍ക്കുന്നു. മര്‍ഡോക്കിന്റെ പണവും മാധ്യമ ഉടമസ്ഥതയും മാത്രമല്ല മര്‍ഡോക്കിയന്‍ പാപ്പരാസി സംസ്കാരവും ഇവിടെ മൂക്കുകയറില്ലാതെ ചീറിപ്പായുന്നുണ്ട്. സ്വന്തം കൊച്ചുമക്കളുടെ പ്രായമില്ലാത്ത കുരുന്നുകളെ കാമപൂര്‍ത്തിക്കായി പീഡിപ്പിക്കുന്നവരും മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന പിതാക്കന്മാരും മദിച്ചുജീവിക്കുന്ന സമൂഹത്തില്‍ എന്തിനെയും സംശയത്തോടെമാത്രം കാണാന്‍ സാധാരണ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ ഗതികേടും മാധ്യമങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കാനും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമായി ചൂഷണംചെയ്യപ്പെടുകയാണ്. ഒരു ചാരക്കേസുണ്ടായതും മറിയം റഷീദയിലൂടെ പിറകോട്ട് സഞ്ചരിച്ച് മാതാഹരി എന്ന മദാലസ ചാരവനിതയുടെ ഉറക്കറക്കഥകളിലേക്ക് മാധ്യമങ്ങള്‍ കൂപ്പുകുത്തിയതും മറക്കാറായിട്ടില്ല. ഇക്കിളിക്കഥകളാണവര്‍ക്ക് പഥ്യം.

ബോധപൂര്‍വമായ അപവാദ പ്രചാരണത്തിനുമുന്നില്‍ ശിലപോലെ ഉറച്ച പ്രകൃതക്കാരും അലിഞ്ഞില്ലാതായിപ്പോകും എന്നറിയാവുന്നവരാണ് കളിക്കുന്നത്. അവര്‍ക്കെതിരെ; അവരുടെ തെറ്റായ രീതിക്കെതിരെ പ്രതികരിക്കാനുള്ളതാകണം മര്‍ഡോക്കിന്റെ ഇംഗ്ലണ്ടിലെ കൊള്ളരുതായ്മകളെക്കുറിച്ചുള്ള ചര്‍ച്ച. അത്തരം രീതികള്‍ പകര്‍ത്താനുള്ളതാവരുത്; അവയെ എതിര്‍ത്തുതോല്‍പ്പിക്കാനുള്ളതാകണം ഈ സംവാദങ്ങളുടെ ശേഷിപ്പ്. വീണുകിട്ടുന്ന കഥകള്‍ വിശ്വാസ്യതയോ ആധികാരികതയോ പരിശോധിക്കാതെ, അതുകൊണ്ട് ആര്‍ക്ക് പ്രയോജനമെന്നോ ആര് തകര്‍ക്കപ്പെടുമെന്നോ എത്ര കുടുംബങ്ങള്‍ കണ്ണീരുകുടിക്കുമെന്നോ ചിന്തിക്കാതെ വായനക്കാര്‍ക്കുമുന്നില്‍ വിളമ്പുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അമാന്യമായ രീതിപോലുമല്ല. ഒരുതരം കൂലിയെഴുത്ത് എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ. ചിലരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി അത്തരം കൃത്യത്തില്‍ തങ്ങളും പങ്കാളികളാകുന്നുണ്ടോ എന്ന ആത്മപരിശോധന മാധ്യമ പ്രവര്‍ത്തകരുടെ നിലവാരം ഉയര്‍ത്തുകയേ ഉള്ളൂ. എസ്എംഎസ് വിവാദത്തിന്റെ ചര്‍ച്ച കെ എം മാണിയുടെ അന്വേഷണ പ്രഖ്യാപനത്തോടെ ഒതുക്കേണ്ടതല്ല എന്നുതിരിച്ചറിയാനുള്ള വിശേഷബുദ്ധിയെ ഉണര്‍ത്താന്‍ മര്‍ഡോക്കിന്റെ കഥ പറയേണ്ടിവരികയാണ് ഇവിടെ. അതാണ് നമ്മുടെ യഥാര്‍ഥ മാധ്യമ വിശേഷം.


*****


പി എം മനോജ്, കടപ്പാട്:ദേശാഭിമാനി

No comments: