Wednesday, July 20, 2011

അതിലാഭം കൊയ്യുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം

കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയില്‍ ഒരു കുടംബത്തെ പരിചയപ്പെട്ടു. ഒരച്ഛനും അമ്മയും മകളും. മകളുടെ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി അലയുകയാണ്. മുപ്പതും നാല്‍പതും ലക്ഷം രൂപയാണ് ഓരോ കോളേജും സീറ്റിനായി ചോദിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എങ്ങനെ കൂട്ടിയിട്ടും കൂടുന്നില്ല. മകള്‍ എങ്ങനെയെങ്കിലും ഒരു ഡോക്ടര്‍ ആകണമെന്ന് അതിയായി ആഗ്രഹിച്ചുപോയെന്ന് അമ്മ പകുതി വിതുമ്പലോടെ പറഞ്ഞു. ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മറുപടി കിട്ടിയില്ല. തനിക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കേണ്ടെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാകണം!

ഉദരസംബന്ധിയായ രോഗങ്ങളുടെ ചികിത്സയില്‍ കേരളത്തിലെ പ്രശസ്തനായ ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിനുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ കുടുംബകാര്യങ്ങളും കടന്നുവന്നു. അദ്ദേഹത്തിന്റെ ഒരു മകളുടെ മേഖല വയലിനാണ്. റഹ്മാന്റെ മ്യൂസിക്ക് അക്കാദമിയില്‍ പഠിപ്പിക്കുകയാണ്. ഇപ്പോള്‍ ജര്‍മ്മനിയില്‍ പോകുന്നതിനായി തയ്യാറെടുക്കുന്നു. മറ്റൊരു മകളുടെത് ചിത്രകലയാണ്. അവര്‍ അമേരിക്കയിലോ മറ്റോ തന്റെ ചിത്രരചനയുമായി നന്നായി മുന്നോട്ടുപോകുന്നു. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ടാകും. കുട്ടികളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയുക പ്രധാനമാണ്. അഭിരുചികള്‍ മനസിലാക്കി വിദ്യാര്‍ഥികളെ വഴി തിരിച്ചിവുടുന്നതിനുള്ള സമ്പ്രദായം നമ്മുടെ നാട്ടില്‍ ഇല്ല. ക്യൂബ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ശ്രദ്ധിക്കുകയുണ്ടായി. പ്ലേ സ്കൂള്‍ മുതലുള്ള കളികളിലൂടെ അവന്റെ/അവളുടെ അഭിരുചികള്‍ മനസിലാക്കുകയാണ്. അതിനുശേഷം അങ്ങോട്ടു വഴി തിരിച്ചുവിടുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുടുംബത്തിന്റെ താല്‍പര്യത്തിന് അവിടെ വലിയ സ്ഥാനമില്ല. വിദ്യാഭ്യാസമാകട്ടെ പൂര്‍ണമായും സൗജന്യമാണ്.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് അവിടെ നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇത്തരം മഹിമയെക്കുറിച്ച് വിമര്‍ശകര്‍ വരെ പ്രകീര്‍ത്തിച്ചിരുന്നു. എന്നാല്‍ , വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാകുന്നത് സോഷ്യലിസത്തില്‍ മാത്രമല്ല. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. സ്വീഡനിലും ഡെന്മാര്‍ക്കിലും ഒരു സ്വകാര്യ സര്‍വ്വകലാശാല പോലുമില്ല. ഉന്നതവിദ്യാഭ്യാസത്തിനായി ഒരു ഫീസും അവിടത്തെ പൗരന്മാര്‍ നല്‍കേണ്ടതില്ല. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യേതര ചെലവുകള്‍ മാത്രം കുട്ടികള്‍ വഹിക്കണം. ഡെന്മാര്‍ക്കില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ എലന്‍ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ ഗവേഷണവിദ്യാര്‍ഥിയാണ്. പഠനത്തിന്റെ ഇതര ചെലവുകള്‍ സ്വയം കണ്ടെത്തുകയാണ്. നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാകുന്നതുകൊണ്ടാണ് ആരെങ്കിലും ജോലിയെടുത്ത് പഠിച്ചാല്‍ അത് പ്രധാന വാര്‍ത്തയായി മാറുന്നത്. ഇന്ത്യയിലും ചില തുടക്കങ്ങളുണ്ട്. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്നതിനു പ്രതിമാസം 80000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഞങ്ങള്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രവേശനപരീക്ഷ പരിഷ്കരണത്തിനായി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഒരെണ്ണം അഭിരുചി പരീക്ഷയാണ്. ഇപ്പോള്‍ ആര്‍ക്കിടെക്ച്ചറിനു മാത്രമാണ്് അഭിരുചിയുള്ളത്. ഡോക്ടറാകുന്ന ഒരാള്‍ക്ക് നിര്‍ബന്ധമായും വേണ്ടതാണ് അഭിരുചി നിര്‍ണയം. ഈ രീതി പിന്തുടരുന്ന നിരവധി രാജ്യങ്ങളുണ്ട്്. ഇപ്പോള്‍ കേരളത്തില്‍ പണമാണ് പ്രധാന പ്രവേശന മാനദണ്ഡം. മുപ്പതും നാല്‍പതും ലക്ഷങ്ങള്‍കൊണ്ട് എംബിബിഎസ് ബിരുദം നേടിയതുകൊണ്ട് എന്തുകാര്യം! പിന്നെ കോടികള്‍ മുടക്കി ബിരുദാനന്തബിരുദം നേടണം. ഇതിനായി മുടക്കുന്ന പണം എങ്ങനെയാണ് തിരിച്ചുപിടിക്കുന്നത്? അതുകൊണ്ടാണ് സ്വാശ്രയവിദ്യാഭ്യാസം ആരോഗ്യരംഗം ഉള്‍പ്പെടെ സമസ്തമേഖലകളെയും മലീമസമാക്കുന്നുവെന്ന വിമര്‍ശനം പ്രസക്തമാകുന്നത്. മെഡിക്കല്‍ കോളേജുകളിലെ കഴുത്തറപ്പന്‍ കച്ചവടവും അതിനു വഴിയൊരുക്കുന്ന ബാബുമാരുടെ പ്രവര്‍ത്തനവും നന്നായി മനസിലാക്കാന്‍ കഴിഞ്ഞത് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചപ്പോഴാണ്. ആ പ്രമേയത്തിന്റെ ചര്‍ച്ചക്കുള്ള മറുപടിയിലാണ് അന്നുണ്ടായിരുന്ന മെഡിക്കല്‍ കൗണ്‍സില്‍ പരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ഥിക്കു പഠനത്തിനായുള്ള ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ കെട്ടിടം നിര്‍മ്മിച്ചതുള്‍പ്പെടെ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തുന്നവരാണ് മാനേജ്മെന്റുകള്‍ . പഠനവുമായി ബന്ധപ്പെട്ട ആവര്‍ത്തന ചെലവുകളും മറ്റു പശ്ചാത്തല സൗകര്യങ്ങളുടെ തേയ്മാനചെലവുമാണ് യഥാര്‍ഥത്തില്‍ കണക്കാക്കേണ്ടത്. ഇതെല്ലാം മാറ്റിവെച്ച് കൊള്ളലാഭത്തിനായി ആശുപത്രി നടത്തിപ്പിന്റെ ചെലവും ഉള്‍പ്പെടെ എല്ലാം അവതരിപ്പിക്കുന്നവരാണ് നമ്മുടെ മാനേജ്മെന്റുകള്‍ . വിദ്യാഭ്യാസം കച്ചവടമാക്കിയത് പുതിയ സാമ്പത്തിക നയം രാജ്യത്ത് ആരംഭിച്ചതിനുശേഷമാണ്. അതിനു പറ്റുന്ന രീതിയില്‍ നീതിപീഠവും മാറി. ഭരണഘടനയുടെ അനുച്ഛേദം 19(1)ജി ഉറപ്പുനല്‍കുന്ന ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതിനും മറ്റുമുള്ള നിര്‍വചനത്തിന്റെ പരിധിയില്‍ വിദ്യാഭ്യാസം ഉള്‍പ്പെടുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ , പൈ ഫൗണ്ടേഷന്‍ കേസില്‍ ഈ നിരീക്ഷണം അതേ ഉന്നതനീതിപീഠം തന്നെ അസാധുവാക്കി. അതിന്റെ മറ്റു ചരിത്രത്തിലേക്ക് കടക്കുന്നില്ല. നമ്മുടെ നീതിപീഠങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നവരുണ്ടോയെന്ന പരിശോധനയും നല്ലതുതന്നെ. എ കെ ആന്റണിയുടെ കാലത്ത് സ്വാശ്രയകോളേജുകള്‍ ആരംഭിച്ചപ്പോള്‍ അമ്പത് അമ്പത് എന്ന രീതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു കോളേജും അത് നടപ്പിലാക്കിയില്ല. മാനേജ്മെന്റുകള്‍ തന്നെ പറ്റിച്ചെന്നു പറഞ്ഞ് വിലപിക്കുക മാത്രമാണ് ആന്റണി ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മഹാഭൂരിപക്ഷം കോളേജുകളിലും ഈ രീതി നടപ്പിലാക്കാന്‍ കഴിഞ്ഞു.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലായിടങ്ങളിലും ഏകദേശം ഈ പാറ്റേണാണ് നടപ്പിലാക്കിയത്. അതുവഴി നൂറുകണക്കിന് എസ്സി എസ്ടി കുട്ടികള്‍ക്ക് അധികമായി പ്രവേശന അവസരം കിട്ടി. മറ്റു സംവരണവിഭാഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കുകയുണ്ടായി. നമ്മുടെ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ വേണ്ടത്ര പഠിച്ച് അവതരിപ്പിക്കുന്നില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനെ ധാരണയിലേക്ക് കൊണ്ടുവരുന്നതിന് പല തരത്തിലും ശ്രമിച്ചിരുന്നു. രണ്ടു ഘട്ടങ്ങളിലെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന രണ്ടു ഭാഗത്തുള്ളവരും ഏകദേശം പൊതുധാരണയിലേക്ക് എത്തിയിരുന്നു. എന്നാല്‍ , അവസാന നിമിഷം ഏകപക്ഷീയമായി പിന്‍മാറുകയെന്ന രീതിയാണ് അവര്‍ സ്വീകരിച്ചിരുന്നത്. നിയമോപദേശം എതിരാണെന്നും അടുത്തവര്‍ഷം ധാരണയില്‍ എത്താന്‍ നോക്കാമെന്നുമായിരുന്നു ഇത്തവണത്തേതുപോലെ എല്ലായ്പ്പോഴും പല്ലവി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനചെയ്ത ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ പങ്കെങ്കിലും ഇക്കൂട്ടള്‍ പഠിക്കേണ്ടതായിരുന്നു. ആതുര സേവനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ മാതൃകയായിട്ടുള്ള വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിനെയെങ്കിലും മാതൃകയാക്കിക്കൂടെ? കേരളീയ സമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് സ്വാശ്രയ മാനേജ്മെന്റുകളില്‍ നല്ലൊരു വിഭാഗവും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാട് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതുണ്ട്.

*
പി രാജീവ് ദേശാഭിമാനി വാരിക 24 ജൂലൈ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയില്‍ ഒരു കുടംബത്തെ പരിചയപ്പെട്ടു. ഒരച്ഛനും അമ്മയും മകളും. മകളുടെ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി അലയുകയാണ്. മുപ്പതും നാല്‍പതും ലക്ഷം രൂപയാണ് ഓരോ കോളേജും സീറ്റിനായി ചോദിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എങ്ങനെ കൂട്ടിയിട്ടും കൂടുന്നില്ല. മകള്‍ എങ്ങനെയെങ്കിലും ഒരു ഡോക്ടര്‍ ആകണമെന്ന് അതിയായി ആഗ്രഹിച്ചുപോയെന്ന് അമ്മ പകുതി വിതുമ്പലോടെ പറഞ്ഞു. ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മറുപടി കിട്ടിയില്ല. തനിക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കേണ്ടെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാകണം!

മുക്കുവന്‍ said...

ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മറുപടി കിട്ടിയില്ല. തനിക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കേണ്ടെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാകണം!


you could have asked her, after finishing MBBS how many years will she work for govt with a good stipend?

she is not the first one to join MBBS with poor back ground.. how may Drs did serve for govt?

we heard the General surgeon strike few months back.....