Friday, July 8, 2011

വിദഗ്‌ധ സമിതിയുടെ പാഠപുസ്‌തക വായന

നമ്മുടെ പത്താം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിലെ ഒന്നാം അധ്യായത്തെക്കുറിച്ചുള്ള വിവാദവും അതേകുറിച്ചുള്ള അന്വേഷണവും നാളുകളായുള്ള ചര്‍ച്ചയാണ്‌. കത്തോലിക്കാസഭയുടെ പരാതിയെ തുടര്‍ന്ന്‌ ആധുനിക ലോകത്തിന്റെ `ഉദയം' എന്ന അധ്യായം പരിശോധിക്കാനും സഭയെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും സര്‍ക്കാര്‍ ഒരു സമിതിയെയും നിയമിച്ചിരുന്നു. മുന്‍ ചീഫ്‌ സെക്രട്ടറി ഡോ ബാബുപോള്‍, ആര്‍ക്കൈവ്‌സിന്റെ മുന്‍ ഡയറക്‌ടര്‍ ഡോ റെയ്‌മണ്‍, ചരിത്രപണ്‌ഡിതനായ ഡോ എം ജി എസ്‌ നാരായണന്‍ എന്നിവരംഗങ്ങളായ സമിതിക്ക്‌ ഡോ ബാബുപോളിനെ അധ്യക്ഷനായും നിശ്ചയിച്ചു. എന്നാല്‍ പാഠപുസ്‌തകത്തില്‍ ആരോപിക്കപ്പെട്ട തെറ്റ്‌ പരിശോധിക്കുവാനുള്ള സമിതിയംഗങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്‌തുകൊണ്ട്‌ ചരിത്രകാരനായ ഡോ എം ജി എസ്‌ സമിതിയില്‍ നിന്ന്‌ തുടക്കത്തില്‍ തന്നെ പിന്‍മാറി. അക്കാദമിക-ചരിത്രരംഗത്തുള്ളവര്‍ക്കു മാത്രമേ ഇത്തരമൊരു വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ എന്നതായിരുന്നു എം ജി എസിന്റെ വാദം. പ്രത്യേകിച്ചും ചരിത്രം വിവിധ വീക്ഷണകോണില്‍ നിന്നും കണ്ടെഴുതുന്ന സാഹചര്യത്തില്‍.

സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതിയില്‍ നിന്നും അറിയപ്പെടുന്ന അക്കാദമിക ചരിത്രപണ്‌ഡിതന്‍ പിന്‍വാങ്ങിയതോടെ സമിതിയുടെ പ്രസക്തി നഷ്‌ടപ്പെട്ടിരുന്നു. എങ്കിലും തലപോയ സമിതി രണ്ടംഗങ്ങളുള്ള ഉടല്‍വെച്ച്‌ കൊണ്ട്‌ പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുകയാണ്‌. അവരുടെ കണ്ടെത്തലുകള്‍ പത്രങ്ങളിലൂടെ പുറത്ത്‌ വന്നിരിക്കുന്നു. പാഠഭാഗത്തിലെ വസ്‌തുതകള്‍ തെറ്റല്ലെന്നും അത്‌ രേഖപ്പെടുത്താന്‍ സ്വീകരിച്ച സമീപനരീതിയാണ്‌ കുഴപ്പമുണ്ടാക്കുന്നതെന്നുമാണ്‌ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മാര്‍ക്‌സിയന്‍ വീക്ഷണത്തോടെ രചിച്ചതായി പറയുന്ന പാഠത്തിലെ സഭാ വിമര്‍ശനങ്ങളും `പാവമുക്തിപത്രം വിറ്റതും' ഡാവിഞ്ചിയുടെ `തിരുവത്താഴം' എന്ന ചിത്രത്തില്‍ യേശുവിന്റെ ശിഷ്യന്‍മാര്‍ പ്രകടിപ്പിക്കുന്ന വികാരവും തിരുത്തി നല്‍കണമെന്ന്‌ റിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു.

പത്രങ്ങളില്‍ കണ്ട ദ്വയാംഗ കമ്മിറ്റി റിപ്പോര്‍ട്ട്‌ ഒരു വിമര്‍ശനകുറിപ്പിനപ്പുറം കാണാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ത്തുന്നു. ഉന്നത ഉദ്യോഗത്തിലിരുന്നവരും ചരിത്ര വിശകലനത്തില്‍ കഴിവുള്ളവരുമായിരിക്കാം സമിതിയംഗങ്ങള്‍, എന്നാല്‍ അക്കാദമികരംഗത്ത്‌ വേണ്ടതിനെക്കുറിച്ച്‌ തീര്‍ച്ച മൂര്‍ച്ച നിര്‍ണയിക്കാനും പാഠ്യപദ്ധതി സമീപനം നിശ്ചയിക്കാനും ഈ രണ്ട്‌ പേരുടെ അഭിപ്രായം മാത്രം മതിയോ? ആ രംഗത്ത്‌ അത്രയ്‌ക്ക്‌ പ്രാപ്‌തരാണോ അവര്‍? എം ജി എസ്‌ അഭിപ്രായപ്പെട്ടതുപോലെ ചരിത്രപണ്‌ഡിതരും അധ്യാപകരും ചേര്‍ന്ന്‌ രൂപം നല്‍കിയ പുസ്‌തകം ആ രംഗത്തുള്ള അക്കാദമിക്‌ വിദഗ്‌ധര്‍ തന്നെയല്ലേ പരിശോധിക്കേണ്ടത്‌. അങ്ങനെ പരിശോധിച്ച്‌ തെറ്റുകളും തര്‍ക്കവിഷയങ്ങളുമുണ്ടെങ്കില്‍ പൊതു പരിഹാരം തേടുകയല്ലേ അഭികാമ്യമായ രീതി.

സാമൂഹ്യശാസ്‌ത്രപുസ്‌തകത്തെ സംബന്ധിച്ചിടത്തോളം മുമ്പുണ്ടായിരുന്ന വിമര്‍ശനം ആര്‍ക്കും കേറി മേയാവുന്ന ഇടം എന്നായിരുന്നു, അതുപോലെയായി പുസ്‌തക പരിശോധനയും കമ്മിറ്റി റിപ്പോര്‍ട്ടും. കേരളത്തില്‍ തന്നെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അക്കാദമിക രംഗത്ത്‌ അറിയപ്പെടുന്ന ചരിത്രാധ്യാപകരും പണ്‌ഡിതന്‍മാരുമുള്ളപ്പോള്‍ എന്തിനാണ്‌ ഏതെങ്കിലും ദുരന്തമോ സംഭവമോ അന്വേഷിക്കുന്ന തരത്തില്‍ പുസ്‌തക പരിശോധനയ്‌ക്ക്‌ ഈ മുന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത്‌. വിവാദമുന്നയിക്കപ്പെട്ടതു മുതലുള്ള കാര്യങ്ങളോഴിച്ച്‌ നോക്കിയാല്‍ ഇത്‌ ബോധ്യമാകും. പരാതിയുന്നയിച്ച സഭയോട്‌ അടുത്ത്‌ നില്‍ക്കുന്നവരെ തന്നെ അന്വേഷണത്തിന്‌ നിയോഗിച്ച്‌ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. പരാതിയുന്നയിച്ചവരെ തന്നെ പരാതി പരിശോധിക്കാനും വിധി നിര്‍ണയിക്കാനും ചുമതലപ്പെടുത്തുക! ഇത്തരം കാര്യങ്ങളില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സമീപനമല്ലേ സര്‍ക്കാര്‍ സ്വീകരിച്ചത്‌. പ്രശ്‌നത്തെ സത്യസന്ധമായും നിഷ്‌പക്ഷമായും സമീപിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍, എം ജി എസ്‌ പിന്‍മാറിയപ്പോള്‍ സമിതിയില്‍ മറ്റൊരാളെ നിര്‍ദേശിക്കാമായിരുന്നില്ലേ? അവിടെയും നയം വ്യക്തം. സഭയെ പ്രീണിപ്പിക്കുന്ന ചില നിര്‍ദേശങ്ങള്‍ വേണം. എന്തിന്‌ വിദഗ്‌ധരെവച്ച്‌ ചികഞ്ഞ്‌ കൂടുതല്‍ പുകിലുണ്ടാക്കണം!

ഇനി മാര്‍ക്‌സിയന്‍ രീതിയിലെഴുതിയെന്ന്‌ അന്വേഷണ സമിതിയാരോപിച്ച പാഠഭാഗം ഫാസിസ്റ്റ്‌ രീതിയിലല്ലേ അവര്‍ പരിശോധിച്ചത്‌? പാഠം എഴുതിയവരോടും ബന്ധപ്പെട്ടവരോടും വിശദീകരണം തേടുക എന്നത്‌ ഏതൊരന്വേഷണ കമ്മിറ്റിയും കാണിക്കേണ്ട സാമാന്യ രീതിയാണ്‌. പാഠഭാഗത്ത്‌ ചേര്‍ത്തവ എഴുതിയവരുടെ സ്വന്തം സൃഷ്‌ടിയായിരിക്കില്ല. അവര്‍ അതിനായി ആശ്രയിച്ച ആധികാരിക പ്രമാണങ്ങള്‍ ഏതൊക്കെയാണ്‌. അന്വേഷിക്കേണ്ടതില്ലേ? സര്‍വകലാശാല, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഈ വിവാദങ്ങള്‍ ഏങ്ങനെ പരാമര്‍ശിക്കുന്നു എന്നറിയേണ്ടെ? ഇതെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ളവര്‍ക്ക്‌ അവസരം നല്‍കേണ്ടെ? ഇതൊന്നും പ്രസ്‌തുത സമിതി ചെയ്‌തതായി അറിവില്ല. അതുകൊണ്ടുതന്നെ പാഠഭാഗം വായിച്ച്‌ തിരുത്തുന്ന ഗ്രൂപ്പായി അന്വേഷണ സമിതി പ്രവര്‍ത്തിച്ചു എന്ന്‌ പറയേണ്ടിവരും.

ഏതായാലും മന്ത്രിസഭയ്‌ക്ക്‌ മുന്നിലെത്തുന്ന റിപ്പോര്‍ട്ടിന്‍മേലുണ്ടാവുന്ന നടപടികളും മുന്‍കൂട്ടി വായിക്കാനാകുന്നവയാണ്‌. പുതുക്കിയ ഭാഗങ്ങള്‍ ബൂക്ക്‌ലെറ്റുകളിലാക്കി ചരിത്രസത്യങ്ങള്‍ ചിലര്‍ക്ക്‌ വേണ്ടി തിരുത്തി എങ്ങനെ വരുമെന്ന്‌ കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയാണ്‌ ചരിത്രാന്വേഷികള്‍. എന്നാല്‍ കേരളത്തിലെ അക്കാദമികസമൂഹം, പ്രത്യേകിച്ചും ചരിത്രകുതുകികളും വിദ്യാര്‍ഥികളും ചരിത്രത്തിലെ മറ്റൊരു തെറ്റായി മാത്രമേ ഇതിനെ വിലയിരുത്തുകയുള്ളൂ. എന്ത്‌ പഠിക്കണം,. എങ്ങനെ പഠിപ്പിക്കണം, ഏത്‌ സമീപനം വേണം എന്നൊക്കെ സഭയോ അതിനോടൊട്ടിനില്‍ക്കുന്നവരോ നിശ്ചയിക്കുന്നതും ഗവണ്‍മെന്റ്‌ അതംഗീകരിക്കുന്നതും ഭാവിയില്‍ വലിയ അപകടങ്ങളായിരിക്കും ക്ഷണിച്ച്‌ വരുത്തുക. ഇതിലൂടെ വിദ്യാഭ്യാസമേഖലയുടെ ലക്ഷ്യവും വളര്‍ച്ചയും അതിനനുസൃതമായി വളര്‍ന്നുവന്ന മതനിരപേക്ഷ കാഴ്‌ചപ്പാടും തകര്‍ക്കപ്പെടുമെന്ന സത്യം കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മനസ്സിലാക്കാതെ പോകുമോ.

കേരളത്തില്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ വിദ്യാഭ്യാസരംഗത്ത്‌ ക്രൈസ്‌തവവല്‍ക്കരണത്തിനും മതശക്തികള്‍ക്ക്‌ വഴിപ്പെടുകയും ചെയ്യുന്നു എന്ന്‌ ശരാശരിക്കാരന്‍ വിമര്‍ശിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. കാരണം സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്‌ നൂറ്‌ ശതമാനം സീറ്റും വിട്ടുകൊടുത്ത്‌ അടിമപ്പെട്ടതും വേണ്ടവര്‍ക്കെല്ലാം സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ വിദ്യാലയങ്ങള്‍ നല്‍കി പ്രീതിപ്പെടുത്താന്‍ തീരുമാനിച്ചതും വിവാദങ്ങളുയര്‍ത്തി പാഠഭാഗങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിന്‌ പച്ചക്കൊടി കാട്ടിയതും എല്ലാം കൂട്ടിവായിച്ചാല്‍ ഈ നാട്ടുമ്പുറത്തുകാര്‍ മറ്റെന്താണ്‌ ചിന്തിക്കേണ്ടത്‌?

*
ഒ കെ ജയകൃഷ്‌ണന്‍ ജനയുഗം 08 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ പത്താം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിലെ ഒന്നാം അധ്യായത്തെക്കുറിച്ചുള്ള വിവാദവും അതേകുറിച്ചുള്ള അന്വേഷണവും നാളുകളായുള്ള ചര്‍ച്ചയാണ്‌. കത്തോലിക്കാസഭയുടെ പരാതിയെ തുടര്‍ന്ന്‌ ആധുനിക ലോകത്തിന്റെ `ഉദയം' എന്ന അധ്യായം പരിശോധിക്കാനും സഭയെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും സര്‍ക്കാര്‍ ഒരു സമിതിയെയും നിയമിച്ചിരുന്നു. മുന്‍ ചീഫ്‌ സെക്രട്ടറി ഡോ ബാബുപോള്‍, ആര്‍ക്കൈവ്‌സിന്റെ മുന്‍ ഡയറക്‌ടര്‍ ഡോ റെയ്‌മണ്‍, ചരിത്രപണ്‌ഡിതനായ ഡോ എം ജി എസ്‌ നാരായണന്‍ എന്നിവരംഗങ്ങളായ സമിതിക്ക്‌ ഡോ ബാബുപോളിനെ അധ്യക്ഷനായും നിശ്ചയിച്ചു. എന്നാല്‍ പാഠപുസ്‌തകത്തില്‍ ആരോപിക്കപ്പെട്ട തെറ്റ്‌ പരിശോധിക്കുവാനുള്ള സമിതിയംഗങ്ങളുടെ യോഗ്യതയെ ചോദ്യം ചെയ്‌തുകൊണ്ട്‌ ചരിത്രകാരനായ ഡോ എം ജി എസ്‌ സമിതിയില്‍ നിന്ന്‌ തുടക്കത്തില്‍ തന്നെ പിന്‍മാറി. അക്കാദമിക-ചരിത്രരംഗത്തുള്ളവര്‍ക്കു മാത്രമേ ഇത്തരമൊരു വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ എന്നതായിരുന്നു എം ജി എസിന്റെ വാദം. പ്രത്യേകിച്ചും ചരിത്രം വിവിധ വീക്ഷണകോണില്‍ നിന്നും കണ്ടെഴുതുന്ന സാഹചര്യത്തില്‍.