Thursday, July 21, 2011

ഭരണം നിലനിര്‍ത്തല്‍ മുഖ്യമാവുമ്പോള്‍ വികസന അജണ്ട അപ്രത്യക്ഷമാവുന്നു

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഭരണമാറ്റം കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങി. അതിന്റെ ആദ്യ സൂചനയാണ് ഇപ്പോഴത്തെ ധനമന്ത്രിയുടെ ''തിരുത്തിയ ബജറ്റ്''. മുന്‍ ധനമന്ത്രി അവതരിപ്പിച്ച 2011-12 ലെ ബജറ്റ് ഇത്രപെട്ടെന്ന് തിരുത്തേണ്ട അവസ്ഥയും ആവശ്യകതയും യഥാര്‍ഥത്തിലുണ്ടായിരുന്നോ? ഈ ബജറ്റ് തിരുത്തിയതുകൊണ്ട് 2011-12 ലെ വാര്‍ഷിക പദ്ധതിയും തിരുത്തേണ്ടിവന്നിരിക്കുന്നു.

വാര്‍ഷിക ബജറ്റും വാര്‍ഷിക പദ്ധതിയും തമ്മിലുള്ള ഓര്‍ഗാനിക് ബന്ധം സാധാരണ ജനങ്ങള്‍ക്കറിയില്ലായെങ്കിലും ഭരണം നടത്തുന്നവര്‍ക്ക് അറിയാവുന്ന ഒരു കാര്യമാണ്. ഏത് തരത്തിലുള്ള ബന്ധമാണത്? ധനകാര്യ വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് സാധാരണയായി ബജറ്റ് അവതരിപ്പിക്കുന്നു. അതോടൊപ്പം വാര്‍ഷിക പദ്ധതിയുടെ രേഖയും അവതരിപ്പിക്കുന്നു. അതായത്, വാര്‍ഷിക ബജറ്റ് ധനമന്ത്രി തയ്യാറാക്കുന്നതിന് മുമ്പ് തന്നെ വാര്‍ഷിക പദ്ധതി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നു.

സംസ്ഥാന മന്ത്രിസഭയില്‍ നിന്നും ധനമന്ത്രിയുള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ ആസൂത്രണ ബോര്‍ഡില്‍ അംഗങ്ങളാണ്. ബജറ്റിലെ ചില മുഖ്യപ്രഖ്യാപനങ്ങളൊഴിച്ച് ബാക്കിയെല്ലാം ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്ന വര്‍ഷിക പദ്ധതി രേഖയിലുണ്ടാകും. എന്നാല്‍ ബജറ്റ് പ്രസംഗം ധനമന്ത്രിയുടേത് മാത്രമാണ്. അതില്‍ ഭരണകൂടത്തിന്റേയും ധനമന്ത്രിയുടേയും രാഷ്ട്രീയ-സാമ്പത്തിക കാഴ്ചപ്പാട് പ്രകടമായിരിക്കും.

ഇത്തരത്തില്‍ വാര്‍ഷിക ബജറ്റിന്റെ അടിത്തറയായ വാര്‍ഷിക പദ്ധതിയെ സംബന്ധിച്ച ചില വ സ്തുതകള്‍കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ഏപ്രില്‍ ഒന്നു മുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാന സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ നടത്തേണ്ട പദ്ധതി വികസനകാഴ്ചപ്പാടും ലക്ഷ്യങ്ങളും അവയ്ക്കുവേണ്ടി നീക്കിവയ്ക്കപ്പെടുന്ന തുകയും വിശദമാക്കുന്ന ഒന്നാണ് പദ്ധതിരേഖ. ഇത് തയ്യാറാക്കുന്നത് മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിവിധ തലങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളുടെയടിസ്ഥാനത്തിലാണ്. വകുപ്പ് തലവന്‍മാരോട് കഴിഞ്ഞവര്‍ഷങ്ങളിലേയും തന്നാണ്ടത്തേയും പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് ആവശ്യപ്പെടും. ആസൂത്രണ ബോര്‍ഡ് അവരുമായി വിശദമായി ചര്‍ച്ചചെയ്യും. പോരായ്മകള്‍ ചൂണ്ടിക്കാണിക്കും. അടുത്തവര്‍ഷം തെറ്റുകള്‍ വരുത്താതെ നോക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കും. തുടര്‍ പദ്ധതികളുടെ കാര്യത്തില്‍ അടുത്തവര്‍ഷം അവ വേണ്ടെന്ന് വയ്ക്കാനോ, മാറ്റങ്ങള്‍ വരുത്താനോ നിര്‍ദേശിക്കപ്പെടും. ഇത്തരത്തിലുള്ള ചര്‍ച്ചകളുടെ വെളിച്ചത്തില്‍, അടുത്തവര്‍ഷത്തെ പദ്ധതികളും വികസന ലക്ഷ്യങ്ങളും അവയ്ക്ക് വേണ്ട തുകയെക്കുറിച്ചും വിശദമാക്കുന്ന റിപ്പോര്‍ട്ടും ആസൂത്രണ ബോര്‍ഡ് ആവശ്യപ്പെടും. അത് കിട്ടിയാലുടന്‍ അവ സമയബന്ധിതമായി വകുപ്പ് തലവന്‍മാരുമായി വിശദമായി ചര്‍ച്ചചെയ്യുന്നു.

ഇതിന് മുന്നോടിയായി ധനമന്ത്രിയും ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്ത വര്‍ഷത്തെ പദ്ധതിക്ക് എത്ര തുക അടങ്കലായി പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് ആസൂത്രണ ബോര്‍ഡ് ചര്‍ച്ച ചെയ്യുന്നു. അതിന്റെ ഫലമായി എത്തിച്ചേരുന്ന അടങ്കല്‍ തുകയാണ് ബോര്‍ഡ് വകുപ്പുകള്‍ക്കായി വീതം വയ്ക്കുന്നത്. ഈയവസരത്തില്‍ വകുപ്പ് തലവന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവരുമായി വീണ്ടും ഒന്നിലധികം തവണ ആസൂത്രണ ബോര്‍ഡ് ചര്‍ച്ചചെയ്യുന്നു.

നേരത്തെ ചര്‍ച്ചചെയ്ത് തീരുമാനത്തിന്റെയടുത്തെത്തിയ പലപദ്ധതികള്‍ക്കും അടങ്കല്‍ തുകയ്ക്കും ഈയവസരത്തില്‍ മാറ്റമുണ്ടായേക്കും. മന്ത്രിതല ചര്‍ച്ചയില്‍ പുതിയ പദ്ധതി നിര്‍ദേശങ്ങളുണ്ടാകും. ചില പദ്ധതികള്‍ മാറ്റിവച്ച്, അല്ലെങ്കില്‍ വെട്ടിച്ചുരുക്കി പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്. ഈയവസരത്തില്‍ തന്നെ ആസൂത്രണ കമ്മിഷനുമായി ചര്‍ച്ചകള്‍ നടത്തി സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയടങ്കല്‍ വര്‍ധിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും ആസൂത്രണ ബോര്‍ഡും, ബോര്‍ഡ് തലവനായ മുഖ്യമന്ത്രിയും മെമ്പറായ ധനമന്ത്രിയും നടത്തുന്നു. പലപ്പോഴും നേരത്തെ നിര്‍ദേശിക്കപ്പെട്ട വാര്‍ഷിക പദ്ധതിയടങ്കല്‍ വര്‍ധിപ്പിച്ചു കിട്ടിയേക്കാമെന്ന് അനുഭവം സൂചിപ്പിക്കുന്നു.
ഇതിന്റെഅടിസ്ഥാനത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ചില മാറ്റങ്ങളും കൂടി വരുത്തിയാണ് സംസ്ഥാന ക്യാബിനറ്റിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ആസൂത്രണ ബോര്‍ഡ്, വാര്‍ഷിക ബജറ്റിന്റെ ഭാഗമാക്കുന്നതും ഭരണഘടന നിര്‍ദേശിക്കുന്നതുമായി സ്റ്റേറ്റ്‌മെന്റുകളും കണക്കുകളും തയ്യാറാക്കി ധനമന്ത്രാലയത്തിന് സമര്‍പ്പിക്കുന്നു. ഇവയൊക്കെ രഹസ്യസ്വഭാവമുള്ളതാണ്. ബജറ്റിനോടൊപ്പം അവതരിപ്പിക്കുന്ന ഒരു രേഖയാണ് വാര്‍ഷിക സാമ്പത്തിക റിവ്യൂ. ഇത് പൂര്‍ണണായും ആസൂത്രണ ബോര്‍ഡ് തയ്യാറാക്കുന്നതാണ്. പലപ്പോഴും ഇവയുടെയൊക്കെ അച്ചടി ബജറ്റവതരണ ദിനത്തിന് ഒരാഴ്ച മുമ്പായിരിക്കും നടത്തുക. ഇതില്‍ നിന്നും വാര്‍ഷിക ബജറ്റിന്റെ കാതല്‍ വാര്‍ഷിക പദ്ധതി രേഖയാണെന്ന് വ്യക്തമാകുന്നു.

ഇപ്പോള്‍ ഭരണമാറ്റം വന്നപ്പോള്‍ ബജറ്റ് തിരുത്തപ്പെട്ടു. പദ്ധതിരേഖയും അതിലെ വിശദാംശങ്ങളും എങ്ങനെ തിരുത്തിയെന്നറിയില്ല. ചില പദ്ധതി നിര്‍ദേശങ്ങളും സ്‌കീമുകളും അവയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന അടങ്കല്‍ തുകയും മാറ്റി മറിച്ചിരിക്കും. മാറ്റിയ അടങ്കല്‍ തുകയുമായി പദ്ധതികള്‍ എങ്ങനെ നടത്താമെന്നുള്ളത് സംബന്ധിച്ച് വകുപ്പ് തലവന്‍മാര്‍ക്ക് വ്യക്തത നഷ്ടപ്പെട്ടിരിക്കാം. തിരുത്തിയ പദ്ധതിയുമായി അവര്‍ നട്ടം തിരിയുന്നുണ്ടാകും. ഇതിന്റെയൊക്കെ ഫലം അനുഭവിക്കുന്നവര്‍ ഇവിടത്തെ സാധാരണക്കാരാണ്. ഭരണ-വകുപ്പ് തലത്തില്‍ ജീവനക്കാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് മാസമാദ്യം ഒന്നാം തീയതി തന്നെ ശമ്പളവും അലവന്‍സുകളും കൃത്യമായി കിട്ടും. വിലക്കയറ്റം വന്നാല്‍ നഷ്ടം നികത്താനായി ഡി എ വര്‍ധനവും കിട്ടും. പദ്ധതികളുടെ ഉപയോക്താക്കള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ അവര്‍ക്ക് നഷ്ടപ്പെടും. ഇ എം എസ് ഭവനപദ്ധതിപോലെ പലതും തിരുത്തലില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇതൊക്കെ തടയാമായിരുന്നില്ലേ? ഈ തിരുത്തല്‍ വേണ്ടായെന്ന് വയ്ക്കാമായിരുന്നില്ലെ?

ബജറ്റ് തിരുത്തലും വാര്‍ഷിക പദ്ധതി തിരുത്തലും ജൂണ്‍ മാസാവസാനമാണ് ഉണ്ടായത്. അതായത് ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസക്കാലം കേരളത്തില്‍ വികസന പദ്ധതികളൊന്നും തുടങ്ങിയിട്ടുണ്ടാകില്ല. പല പദ്ധതികള്‍ക്കും അവശ്യമായ ഭരണാനുമതി കിട്ടിയിരിക്കുകയുമില്ല. നേരത്തെ തന്നെ ഭരണാനുമതി കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ ബജറ്റ് തിരുത്തലും പദ്ധതി തിരുത്തലും മൂലം അതും ടേക്ക് ഓഫ് ചെയ്ത് കാണില്ല. സാമ്പത്തിക വര്‍ഷാവസാനത്താണ് പദ്ധതി തുകയുടെ 90 ശതമാനവും ചെലവിടുന്ന രീതി കുറച്ചുകൂടി ഉറപ്പായി തുടരാന്‍ അവസരം നല്‍കി.

നേരിയ ഭൂരിപക്ഷത്തില്‍ (രണ്ടു മൂന്നുലക്ഷം വോട്ടിന്റെ ബലത്തില്‍) ഭരണത്തില്‍ വന്നവര്‍ക്ക് ബജറ്റും, വാര്‍ഷിക പദ്ധതിയും തിരുത്താനുള്ള ധൈര്യവും ധാര്‍മികതയും ഉണ്ടായതില്‍ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതൊക്കെ മാറ്റിമറിച്ചാലേ അവര്‍ക്ക് തൃപ്തിവരികയുള്ളു. ഇതിന് പകരം വരാനിരിക്കുന്ന പന്ത്രണ്ടാം പദ്ധതിയുടെ സമീപനമെന്തായിരിക്കണമെന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്കായിരുന്നു പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടിയിരുന്നത്.

ഭരണ കക്ഷികള്‍ക്കിടയില്‍ പ്രത്യേകിച്ചും പ്രമുഖ കക്ഷികളായ മുസ്‌ലീംലീഗ്, കേരള കോണ്‍ഗ്രസ് എന്നിവയുമായുള്ള നൂല്‍പ്പാല ബന്ധങ്ങള്‍ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനും ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വലിയ തലവേദനയാകും. തങ്ങളുടെ നോമിനിക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം കിട്ടിയതോടെ കേരള കോണ്‍ഗ്രസിന് സമാധാനമായി. എന്നാല്‍ ബജറ്റ് തിരുത്തിയതും പുതിയ നയവ്യതിയാനങ്ങളും ഘടകകക്ഷികളിലെ പ്രമുഖരെ തന്നെ ധനമന്ത്രി മാണിയുടെ നേരെ തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ബജറ്റില്‍ ഇനിയും തിരുത്തലുകളുണ്ടാകാം.

അഞ്ചാം മന്ത്രിസ്ഥാനത്തിനായുള്ള ലീഗിന്റെ ഡിമാന്റ് ശക്തമായി നിലനില്‍ക്കുന്നു. ധനമന്ത്രി മാണിക്ക് അതിനെ ചൊല്ലി എതിര്‍പ്പുമില്ലായെന്ന് വ്യക്തമായി. ഇനിവരും ദിവസങ്ങളില്‍ എന്തൊക്കെയുണ്ടാകാം? ഒരുകാര്യം വ്യക്തം. ഭരണ കക്ഷികള്‍ക്ക് കേരളത്തിന്റെ വികസനം മുഖ്യ അജണ്ടയല്ല. മറിച്ച് ഭരണം എങ്ങനെയെങ്കിലും നിലനിര്‍ത്തുകയെന്നതാണ് മുഖ്യ അജണ്ട.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം 21 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഭരണമാറ്റം കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങി. അതിന്റെ ആദ്യ സൂചനയാണ് ഇപ്പോഴത്തെ ധനമന്ത്രിയുടെ ''തിരുത്തിയ ബജറ്റ്''. മുന്‍ ധനമന്ത്രി അവതരിപ്പിച്ച 2011-12 ലെ ബജറ്റ് ഇത്രപെട്ടെന്ന് തിരുത്തേണ്ട അവസ്ഥയും ആവശ്യകതയും യഥാര്‍ഥത്തിലുണ്ടായിരുന്നോ? ഈ ബജറ്റ് തിരുത്തിയതുകൊണ്ട് 2011-12 ലെ വാര്‍ഷിക പദ്ധതിയും തിരുത്തേണ്ടിവന്നിരിക്കുന്നു.