Thursday, July 28, 2011

കള്ളപ്പണം തടയാന്‍ കുറുക്കുവഴികളില്ല

കോളനികളില്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ നടത്തുന്ന ചൂഷണത്തെക്കുറിച്ചുള്ള ലേഖനങ്ങളില്‍ മഹാനായ ലെനിന്‍ ദാദാ ഭായ് നവ്‌റോജിയെ വിശേഷിപ്പിച്ച 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഇക്കോണമിസ്റ്റ്' എന്നാണ്. നവ്‌റോജി ''പോവര്‍ട്ടി ആന്‍ഡ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ'' എന്ന കൃതിയില്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ കോളനികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്നതിനായി ഒരു സിദ്ധാന്തത്തിന് രൂപം നല്‍കിയിരുന്നു. ഇതിന്റെ പേരാണ് ''ഡ്രെയിന്‍ സിദ്ധാന്തം''. ദേശീയ സ്വത്ത് സാമ്രാജ്യത്വം ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ഈ സിദ്ധാന്തത്തിന്റെ കാതലായ പ്രതിപാദ്യം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്തിരുന്നത് ഇന്ത്യയിലെ ധാതു സമ്പത്ത് ഉള്‍പ്പെടെയുള്ള അമൂല്യമായ അസംസ്‌കൃത വിഭവങ്ങള്‍ ബ്രിട്ടനിലെ ഫാക്ടറികളിലേയ്ക്ക് കടത്തിക്കൊണ്ടു പോവുകയും ഇതിനു പകരം നിര്‍മിതോല്‍പ്പന്നങ്ങള്‍ ഇന്നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്തു വന്‍ ലാഭം തട്ടിയെടുക്കുകയുമായിരുന്നു. ഈ പ്രക്രിയയിലൂടെ നടന്നുവന്നിരുന്ന ഊറ്റിയെടുക്കല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദാരിദ്ര്യവല്‍ക്കരണത്തിലേയ്ക്കാണ് നയിച്ചത്. ഇരുനൂറു വര്‍ഷക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ചൂഷണത്തിന്റെ ബാക്കിപത്രമായിരുന്നു ദാരിദ്ര്യവല്‍ക്കരണം.

ഈ പശ്ചാത്തലം കണക്കിലെടുത്താണ് ഏതാനും പ്രമുഖര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജി പരിഗണിക്കവെ സുപ്രിംകോടതി കേന്ദ്ര ഭരണകൂടം ഈ വിഷയം ഗൗരവത്തോടെ സമീപിക്കാത്തതിനെതിരായ ശക്തമായ നിലപാടെടുത്തത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യന്‍ ജനതയ്ക്കും അവകാശപ്പെട്ട പണമാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ട് പോകുന്ന പ്രക്രിയ ഇന്നും നിര്‍ബാധം തുടരുകയാണ്. ഈ വിധത്തില്‍ സമ്പാദിക്കുന്ന പണത്തിന് എന്തു സംഭവിക്കുന്നു എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. നികുതി വലയില്‍ നിന്നും അതിവിദഗ്ധമായി തലയൂരി ഉണ്ടാക്കുന്ന പണം കള്ളപ്പണത്തിന്റെയും മറ്റു രഹസ്യ ആസ്തികളുടെയും ഭാഗമായി തീരുകയാണ്. ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഒഴുകിയെത്തുന്നുണ്ട്. വ്യാപാര ഇടപാടുകള്‍ വഴി കയറ്റുമതി-ഇറക്കുമതി ബില്ലുകളില്‍ കൃത്രിമം കാട്ടി, ആ പണം വിദേശ ബാങ്കുകളിലെത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നടക്കുമ്പോള്‍ അവയുടെ യഥാര്‍ഥ വിപണിമൂല്യം കുറച്ചുകാണിക്കുന്നതിലൂടെ കമ്മിഷന്‍ വകയില്‍ കൈപ്പറ്റുന്ന പണവും കള്ളപ്പണത്തിന്റെ ഭാഗമാണ്. പ്രസിദ്ധ ധനശാസ്ത്രചിന്തകനും നോബല്‍ സമ്മാനിതനുമായ പ്രഫ ജോസഫ് സ്റ്റിംഗ്‌ളിറ്റ്‌സ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഓരോ സ്വകാര്യവല്‍ക്കരണ നടപടിയിലൂടെയും വന്നുചേരുന്ന വിപണിവിലയും രേഖകളില്‍ കാണിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസത്തിന്റെ പത്ത് ശതമാനം അതിന് ഒത്താശ ചെയ്യുന്നവരുടെ വിദേശ അക്കൗണ്ടുകളില്‍ അപ്പപ്പോള്‍ തന്നെ ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് എന്നാണ്. ഇക്കാരണത്താലാണ് സ്റ്റിംഗ്‌ളിറ്റ്‌സ് പ്രൈവറ്റൈസേഷനെ 'ബ്രൈബറൈസേഷന്‍'-കൈക്കൂലിവല്‍ക്കരണം-എന്ന് തന്റെ 'ആഗോളവല്‍ക്കരണവും അതിന്റെ അസ്വസ്ഥതകളും' എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഏതായാലും കള്ളപ്പണവും നികുതി വെട്ടിപ്പും എത്രയുണ്ടെന്നു കണ്ടെത്തുന്നതിനും പുറത്തുകൊണ്ടുവരുന്നതിനും ഔദ്യോഗിക തലത്തില്‍ നടന്നുവന്നിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ 'പോപ്പുലിസ്റ്റ്' സംവാദത്തിനപ്പുറം നാളിതുവരെ കടക്കുകയുണ്ടായിട്ടില്ല. നിയമവിരുദ്ധമായി കുന്നുകൂടിയിരിക്കുന്ന ബാങ്കു നിക്ഷേപങ്ങളെ സംബന്ധിച്ച് നടക്കുന്ന വാദപ്രതിവാദങ്ങളും വികാരപരമായ തലത്തില്‍ ഒതുങ്ങിനില്‍ക്കുന്നതായാണ് കാണുന്നത്. ഈ വിധത്തിലുള്ള അവിഹിത സമ്പാദ്യം എത്രയാണെന്നു കൃത്യമായി തിട്ടപ്പെടുത്താനും കേന്ദ്രഭരണകൂടം ഗൗരവമായ പരിശ്രമങ്ങള്‍ നടത്തിയിട്ടില്ല. ഇതുവരെ ലഭ്യമായിരിക്കുന്ന കണക്കുകളില്‍ വന്‍തോതിലുള്ള അന്തരമാണ് കാണാന്‍ കഴിയുക. 'ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി' യുടെ കണക്കുകൂട്ടലനുസരിച്ച് 1948 നും 2008 നും ഇടയ്ക്ക് കള്ളപ്പണത്തിന്റെ പുറത്തേയ്ക്കുള്ള പ്രവാഹം വഴി ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത് 462 ബില്യന്‍ ഡോളറാണെങ്കില്‍ 'ഗ്ലോബല്‍ ഫിനാന്‍സ് സ്റ്റാറ്റജി' അവകാശപ്പെടുന്നത് ഇന്ത്യക്കാരുടെ വക സ്വിസ് ബാങ്ക് നിക്ഷേപം മാത്രം 70 ലക്ഷം കോടി രൂപ വരുമെന്നാണ്. പലിശ ഇനത്തില്‍ 12 ലക്ഷം കോടി രൂപ ഇതിനു പുറമെയുമാണ്. ഊഹാപോഹങ്ങളുടെയും വ്യക്തിനിഷ്ഠ താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തപ്പെട്ടിരിക്കുന്ന ഈ കണക്കുകള്‍ പ്രശ്‌നത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രഭരണകൂടം ഇതിലേക്കായി നിയോഗിച്ചിട്ടുള്ള ഉന്നതതല സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ അതൃപ്തിക്കിടയാക്കിയതിന്റെ പ്രതിഫലനമാണ് രണ്ട് മുന്‍ സുപ്രിംകോടതി ജസ്റ്റിസുമാരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിയമനം. ഇതിനെതിരായി യു പി എ സര്‍ക്കാരിന്റെ അപ്പീല്‍ മന്‍മോഹന്‍ ഭരണകൂടത്തിന്റെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിച്ചിരിക്കുകയുമാണ്.
എക്‌സിക്യുട്ടീവിന്റെ അവകാശങ്ങളില്‍ ജുഡീഷ്യറിയുടെ കടന്നുകയറ്റമാണിതെന്നാണ് വാദഗതി. അതേസമയം ഇന്ത്യയിലെ കോണ്‍ഗ്രസ് ഒഴികെയുള്ള മുഖ്യധാരാ ദേശീയ പാര്‍ട്ടികളെല്ലാം സുപ്രിംകോടതിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സമിതി (സിറ്റ്) യുടെ നിയമനം സര്‍ക്കാരിന്റെ അലംഭാവത്തിനുള്ള ഒരു മറുമരുന്നാണെന്നതില്‍ സംശയമില്ല. മാത്രമല്ലാ, സുപ്രിംകോടതി പ്രശ്‌നത്തെ സമഗ്രമായി പരിശോധിക്കുന്നതിനുള്ള ഒരു ചട്ടക്കൂടും തയ്യാറാക്കുമെന്നാണ് പൊതുവായ നിഗമനം. കാരണം, കള്ളപ്പണമെന്ന പ്രതിഭാസം കണക്കില്‍പെടാത്ത മുഴുവന്‍ സ്വത്തിന്റേയും വ്യാപ്തി ഉള്‍ക്കൊള്ളേണ്ട ഒന്നാണ്. സ്വിസ് ബാങ്കുകളിലോ ലിഷ്‌ടെന്‍സ്റ്റീനിലോ മറ്റു സുരക്ഷിത വിദേശ കേന്ദ്രങ്ങളിലോ സങ്കേതങ്ങളിലോ മാത്രം നിക്ഷേപിച്ചിരിക്കുന്ന പണമല്ല ഇത്. രഹസ്യത്തിന്റെ മറകള്‍ തീര്‍ത്തും നീക്കി സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിനാവശ്യമായ നിയമപരവും നയതന്ത്രപരവുമായ ഉപാധികള്‍ ഇതിലേക്കായി കേന്ദ്രഭരണകൂടത്തിന് വിനിയോഗിക്കേണ്ടിവരും.

കള്ളപ്പണത്തിനെതിരായ ഉറച്ച നിലപാട് ജുഡീഷ്യറിയുടെ പ്രതിച്ഛായ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്വത്തിന്റെയും ഓഹരിവിപണിയുടെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെയും പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കുക എന്നതും അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു. ഇതിനും ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണ്. സ്വത്താണ്, സ്വത്ത് സംഭരിക്കാനുള്ള ആര്‍ത്തിയാണ്, അഴിമതി പെരുകുന്നതിനുള്ള മുഖ്യ കാരണം. അതോടൊപ്പം സര്‍ക്കാര്‍ കരാര്‍ ഇടപാടുകളും ലൈസന്‍സിങ് സംവിധാനവും ഒരുക്കുന്ന അവസരങ്ങളും കൂടിയാവുമ്പോള്‍ ദൂഷിത വലയം പൂര്‍ത്തിയാവുന്നു. അനുദിനം നടന്നുവരുന്ന വസ്തു കൈമാറ്റ ഇടപാടുകള്‍ ദേശീയതലത്തില്‍ കണക്കില്‍പ്പെടാത്ത പണത്തിന്റെ ശേഖരം പെരുകിവരാന്‍ വഴിയൊരുക്കുന്നതായാണ് അനുഭവം. ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഈ പ്രക്രിയയെ ശക്തമാക്കിയിട്ടുമുണ്ട്. വസ്തുവകകള്‍ വാങ്ങുന്നവരും വില്‍ക്കുന്നവരും ഒത്തുചേര്‍ന്ന് കൈമാറ്റത്തിന് വിധേയമാക്കപ്പെടുന്ന സ്വത്തിന്റെയും വസ്തുവിന്റെയും യഥാര്‍ഥ മൂല്യം കൈമാറ്റരേഖകളില്‍ കുറച്ചു കാണിക്കുന്നതു. യഥാര്‍ഥ വില്‍പനവിലയുടെ പകുതിയോളം തുകയാണ് രൊക്കം പണമായി നല്‍കപ്പെടുക. തന്മൂലം, സര്‍ക്കാരിന് നഷ്ടപ്പെടുക മൂലധനമൂല്യവര്‍ധനവിന്റെയും സ്റ്റാമ്പ് ഡ്യൂട്ടിയുടെയും വകയായി കോടികളാണ്.

ഇത്തരത്തില്‍ ലഭ്യമാകുന്ന പണം കണക്കില്‍ ഉള്‍പ്പെടാത്തതാണല്ലോ. ഈ തുക വീണ്ടും ഒരു വട്ടംകൂടി വസ്തുവിപണിയിലെത്തുന്നു. ഈ മേഖലയില്‍ നിന്നും വന്‍തോതിലുള്ള വരുമാനമാണ് കള്ളപ്പണമായി സമ്പദ്‌വ്യവസ്ഥയില്‍ പ്രചരിക്കുന്നതും. പൊതുസമൂഹത്തിന്റെ ''പ്രോ ആക്റ്റീവ് റോള്‍'' മാത്രമല്ലാ രാഷ്ട്രീയ ഇടപെടലുകളും ഭരണനേതൃത്വത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും ജുഡീഷ്യറിയുടെ ഊര്‍ജസ്വലതയും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് കള്ളപ്പണത്തിന്റെ ആഭ്യന്തര സ്രോതസുകള്‍ക്ക് പുറമെ, അതിന്റെ ബാഹ്യ സ്രോതസുകള്‍ കൂടി കണ്ടെത്തുന്നതിലായിരിക്കണം. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യം ഇത്തരമൊരു ദിശയിലേക്കു നീങ്ങുന്നതിന് തികച്ചും അനുയോജ്യമാണ്. സുപ്രിംകോടതി പ്രത്യേക താല്‍പര്യമെടുത്ത് നിയോഗിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സമിതി ഈ അവസരം നഷ്ടപ്പെടുത്തരുത്. ഇന്ത്യക്കകത്തും പുറത്തുമുള്ള കള്ളപ്പണം പരമാവധി കണ്ടെത്തുന്നതിനും തിരികെ കൊണ്ടുവരുന്നതിനും മാത്രമല്ല.

കുറ്റവാളികളായ മുഴുവന്‍ പേരേയും - അവര്‍ എത്ര ഉന്നതരായാലും - മാതൃകാപരമായി ശിക്ഷിക്കുന്നതിനും ഈ സമിതിക്കു കഴിയണം. ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ പേരില്‍ വിപണി കയ്യടക്കിയിരിക്കുന്ന സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന രഹസ്യ ഇടപാടുകളുടെ പഴുതുകളടയ്ക്കാന്‍ പര്യാപ്തമായ നിയമനിര്‍മാണം നടത്താനും സുപ്രിംകോടതി ശ്രദ്ധിക്കണം. കള്ളപ്പണം ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാന്‍ കുറുക്കുവഴികളില്ല. കേന്ദ്ര യു പി എ ഭരണകൂടത്തെ ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കാനും സാധ്യമല്ല.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 28 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോളനികളില്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ നടത്തുന്ന ചൂഷണത്തെക്കുറിച്ചുള്ള ലേഖനങ്ങളില്‍ മഹാനായ ലെനിന്‍ ദാദാ ഭായ് നവ്‌റോജിയെ വിശേഷിപ്പിച്ച 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഇക്കോണമിസ്റ്റ്' എന്നാണ്. നവ്‌റോജി ''പോവര്‍ട്ടി ആന്‍ഡ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ'' എന്ന കൃതിയില്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ കോളനികളെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്നതിനായി ഒരു സിദ്ധാന്തത്തിന് രൂപം നല്‍കിയിരുന്നു. ഇതിന്റെ പേരാണ് ''ഡ്രെയിന്‍ സിദ്ധാന്തം''. ദേശീയ സ്വത്ത് സാമ്രാജ്യത്വം ഊറ്റിയെടുക്കുന്ന പ്രക്രിയയാണ് ഈ സിദ്ധാന്തത്തിന്റെ കാതലായ പ്രതിപാദ്യം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്തിരുന്നത് ഇന്ത്യയിലെ ധാതു സമ്പത്ത് ഉള്‍പ്പെടെയുള്ള അമൂല്യമായ അസംസ്‌കൃത വിഭവങ്ങള്‍ ബ്രിട്ടനിലെ ഫാക്ടറികളിലേയ്ക്ക് കടത്തിക്കൊണ്ടു പോവുകയും ഇതിനു പകരം നിര്‍മിതോല്‍പ്പന്നങ്ങള്‍ ഇന്നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്തു വന്‍ ലാഭം തട്ടിയെടുക്കുകയുമായിരുന്നു. ഈ പ്രക്രിയയിലൂടെ നടന്നുവന്നിരുന്ന ഊറ്റിയെടുക്കല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദാരിദ്ര്യവല്‍ക്കരണത്തിലേയ്ക്കാണ് നയിച്ചത്. ഇരുനൂറു വര്‍ഷക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ചൂഷണത്തിന്റെ ബാക്കിപത്രമായിരുന്നു ദാരിദ്ര്യവല്‍ക്കരണം.