Sunday, July 3, 2011

സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിക്കപ്പെടുന്നു

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാനായി തുറന്നുകൊടുത്തത് 2001-2006ലെ യുഡിഎഫ് സര്‍ക്കാരാണ്. എ കെ ആന്റണിയുടെ കാലത്ത് ചോദിക്കുന്നവര്‍ക്കെല്ലാം കോളേജ് തുടങ്ങാന്‍ എന്‍ഒസി നല്‍കിക്കൊണ്ടാണ് ആരംഭിച്ചത്. രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നുപറഞ്ഞ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന വ്യവസ്ഥ ഇല്ലാതാക്കി. സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നിയമനിര്‍മാണം നടത്താനോ കേന്ദ്ര നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാനോ ശ്രമിച്ചില്ല.

2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും പ്രവേശനത്തിന് മെറിറ്റ് മാനദണ്ഡമാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന സമഗ്രമായ ഒരു നിയമം തയ്യാറാക്കി അവതരിപ്പിച്ചു. പ്രവേശനവും ഫീസ് നിരക്കും പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധികാരമുള്ള അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതികള്‍ക്കും രൂപം നല്‍കി. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെയാണ് ഏകകണ്ഠമായി നിയമം പാസായത്.
പുതിയ നിയമം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യവര്‍ഷം (2006-07) കത്തോലിക്കാ മാനേജ്മെന്റുകള്‍ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകളില്‍ ഉള്‍പ്പെടെ 50:50 എന്ന രീതിയില്‍ പ്രവേശനം നടത്താനും സര്‍ക്കാര്‍ കോളേജിലെ ഫീസ് തന്നെ പകുതി സീറ്റില്‍ നിശ്ചയിക്കാനും കഴിഞ്ഞു. തൊട്ട് മുന്‍വര്‍ഷം യുഡിഎഫ് ഭരണത്തില്‍ എംബിബിഎസിന് ഈടാക്കിയ ഫീസ് 1,13,000 രൂപയായിരുന്നപ്പോള്‍ 2006-07ലെ ബാച്ചിന് എല്ലാ സ്വാശ്രയമെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ കോളേജിലെ ഫീസായ 12,500 രൂപ മാത്രമാണ് ഈടാക്കിയത്.

എന്നാല്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കോളേജ് മാനേജ്മെന്റുകള്‍ സ്വാശ്രയ വിദ്യാഭ്യാസനിയമത്തെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യുകയും കോടതി അതിലെ പല സുപ്രധാന വകുപ്പ് റദ്ദാക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അന്തിമതീരുമാനം ഉണ്ടായില്ല. എങ്കിലും സാമൂഹ്യനീതി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ എല്‍ഡിഎഫ് സര്‍ക്കാര്‍ , ഇന്ന് യുഡിഎഫ് ചെയ്യുംപോലെ പിന്മാറിയില്ല. എല്ലാ വിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോളേജുകള്‍ മാത്രമാണ് സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്നത്. ഇതിന് അവര്‍ക്ക് യുഡിഎഫിന്റെ ഒത്താശയുമുണ്ടായിരുന്നു.

മേല്‍പ്പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ , എന്‍ജിനിയറിങ്, ഡെന്റല്‍ , നേഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവയില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ അലോട്ട്മെന്റ് നടത്തി. ഇങ്ങനെ പ്രവേശനം നേടിയവര്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സൗകര്യം ലഭിച്ചു. എടുത്തുപറയേണ്ട കാര്യം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ കോളേജുകളില്‍ ലഭിക്കുംപോലുള്ള സംവരണം ഉറപ്പാക്കാന്‍ കഴിഞ്ഞെന്നതാണ്. ഓരോ വര്‍ഷവും 10 ശതമാനം പേര്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവരും 26 ശതമാനം പേര്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു.

എംബിബിഎസ് പോലുള്ള കോഴ്സുകള്‍ക്ക് 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരില്‍ തന്നെ പകുതിയോളം സീറ്റില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ മുതല്‍ 45,000 രൂപവരെ കുറഞ്ഞ ഫീസ് നിരക്കുകളും ബാക്കി സീറ്റില്‍ താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറച്ചുകൂടി ഉയര്‍ന്ന ഫീസും (1,38,000 രൂപ) ഉള്‍പ്പെടുന്ന ഫീസ് ഘടനയാണ് ഇന്നുള്ളത്. പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കി. ഇന്നത്തെ സാഹചര്യത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ കഴിയുന്ന പാക്കേജാണ് ഇത്.

യുഡിഎഫ് ഭരണത്തില്‍

യുഡിഎഫ് വന്നപ്പോള്‍ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റു കച്ചവടത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഈവര്‍ഷം സമയപരിമിതിയുണ്ടെന്നും അതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അടുത്തവര്‍ഷം മുതല്‍ ശാശ്വതപരിഹാരം ഉണ്ടാക്കുമെന്നും പറഞ്ഞു തടിതപ്പാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്.

വ്യക്തമായ വ്യവസ്ഥകളോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-11ലും 2011-12ലും പിജി കോഴ്സുകള്‍ തുടങ്ങാന്‍ കോളേജുകള്‍ക്ക് എന്‍ഒസി നല്‍കിയത്. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തുമെന്നായിരുന്നു ഈ വ്യവസ്ഥ.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് ഭരണസമിതിയുടെ നിയന്ത്രണത്തിലിരുന്ന 2001 മുതല്‍ 2007 വരെ എംബിബിഎസിന്റെ മാനേജ്മെന്റ് ക്വോട്ടയിലെ പ്രവേശനത്തിന് മെറിറ്റ് മാനദണ്ഡമാക്കിയിരുന്നില്ല. പ്രിവിലേജ് ക്വോട്ട എന്നപേരില്‍ മാനേജ്മെന്റിന് താല്‍പ്പര്യമുള്ളവര്‍ക്ക് മെറിറ്റ് നോക്കാതെ പ്രവേശനം നല്‍കിയിരുന്നു. 2008 മുതലാണ് 35 ശതമാനം മാനേജ്മെന്റ് ക്വോട്ടയിലും പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ തയ്യാറായത്. എന്നാല്‍ , പിജി കോഴ്സുകളുടെ കാര്യത്തില്‍ യുഡിഎഫ് ഭരണകാലത്തെ രീതി തുടരുന്ന സ്ഥിതിയുണ്ടായി. പരിയാരത്ത് 2005ല്‍ പിജി കോഴ്സിന് 6 സീറ്റ് അനുവദിച്ചിരുന്നു. 2010-11ല്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിനില്‍ 2 പിജി സീറ്റു കൂടി അനുവദിച്ചപ്പോള്‍ അതില്‍ ഒരു സീറ്റ് സര്‍ക്കാര്‍ തന്നെ മെറിറ്റ് ലിസ്റ്റില്‍ നിന്ന് അലോട്ട്മെന്റ് നടത്തി.

ഈവര്‍ഷം മെഡിക്കല്‍ പിജി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഏപ്രില്‍ മൂന്നിനാണ്. ആദ്യഘട്ട കൗണ്‍സലിങ് ഏപ്രില്‍ 7നും 8നും 11നും നടന്നു. 18നു 191 പേരുടെ ആദ്യഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട (ഫൈനല്‍) അലോട്ട്മെന്റ് എല്ലാവര്‍ഷവും മെയ് 15നു ശേഷമാണ് നടത്തേണ്ടത്. അതിനിടെയാണ് സുപ്രീംകോടതി ഇടപെട്ട് അഖിലേന്ത്യാ ക്വോട്ടയിലെ സെക്കന്‍ഡ് അലോട്ട്മെന്റ് തീയതി ജൂണിലേക്ക് നീട്ടിയത്. ഇത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു മാത്രം ബാധകമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ആരോഗ്യവകുപ്പിനും ഇക്കാര്യം അറിയാമായിരുന്നു.

അഖിലേന്ത്യാ ക്വോട്ടയ്ക്കുള്ള രണ്ടാംറൗണ്ട് അലോട്ട്മെന്റ് നീട്ടിവച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ പുതിയ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. 23ന് ആരോഗ്യ, വിദ്യാഭ്യാസമന്ത്രിമാര്‍ ചുമതലയേറ്റിരുന്നു. രണ്ടു ദിവസത്തിനകം ആരോഗ്യമന്ത്രിയെ കണ്ട് സ്വാശ്രയ മാനേജ്മെന്റുകള്‍ പിജി അലോട്ട്മെന്റ് കാര്യം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചതാണ്. എന്തുകൊണ്ട് ഉടന്‍ തന്നെ റാങ്ക് ലിസ്റ്റില്‍ നിന്ന് അലോട്ട്മെന്റ് നല്‍കാന്‍ നടപടിയെടുത്തില്ല? എന്തുകൊണ്ട് സ്വാശ്രയ കോളേജുകളിലെ പിജി സീറ്റില്‍ പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളുടെ ഓപ്ഷന്‍ ക്ഷണിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയില്ല? മെയ് 31 കഴിഞ്ഞാല്‍ അഡ്മിഷന്‍ നടത്താന്‍ കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാരിന് അറിവുള്ളതാണ്. ആ തീയതി നീട്ടിക്കിട്ടാനായി സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ല.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ നയം മുന്‍കൂട്ടി അറിയാമായിരുന്നതുകൊണ്ട് അവരുടെ 4 കോളേജിലും സ്വന്തംനിലയില്‍ തന്നെ അഡ്മിഷന്‍ പൂര്‍ത്തിയാക്കി. സമയപരിധിയെക്കുറിച്ച് അവ്യക്തത നടിക്കുന്ന സര്‍ക്കാരിലെ ബന്ധപ്പെട്ട രണ്ടു മന്ത്രിമാരുടെ മക്കള്‍ക്കും സ്വാശ്രയ കോളേജുകളില്‍ പിജിക്ക് പ്രവേശനം ലഭിച്ചു.

പ്രശ്നം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. അവസാന തീയതി കഴിഞ്ഞ് ജൂണ്‍ 7നു മാത്രമാണ് സര്‍ക്കാര്‍ 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. ജൂണ്‍ 7നാണ്് സീറ്റുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള നാടകം മാത്രമായിരുന്നു. യഥാര്‍ഥ ലക്ഷ്യം സീറ്റ് ലാപ്സാക്കി മാനേജ്മെന്റിന് കൈമാറുക എന്നതായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമയമില്ലാ പല്ലവിക്ക് ഒരു അടിസ്ഥാനവുമില്ല. ഗുരുതരമായ വീഴ്ച മറച്ചുപിടിക്കാനുള്ള പാഴ്വേലമാത്രമാണ് ഈ പറച്ചില്‍ . ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് അവസാനനിമിഷം മാത്രമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. എങ്കിലും സുപ്രീംകോടതിയും ഹൈക്കോടതിയും അവസാനദിവസം അനുകൂലമായ തീരുമാനമെടുത്തതുകൊണ്ട് പ്രശ്നം ഭാഗികമായി പരിഹരിക്കപ്പെടാന്‍ സാധ്യത തെളിഞ്ഞത് സ്വാഗതാര്‍ഹമാണ്.

എംബിബിഎസിനും സ്റ്റാറ്റസ്കോ തുടരാനുള്ള തീരുമാനമെടുത്തുകൊണ്ട് സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. അതുകൊണ്ടുതന്നെ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള വിദ്യാര്‍ഥി-യുവജന പ്രക്ഷോഭത്തിന് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. ഈ സമരത്തെ ചോരയില്‍മുക്കി അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണം.

*
പി കെ ശ്രീമതി ദേശാഭിമാനി 04 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാനായി തുറന്നുകൊടുത്തത് 2001-2006ലെ യുഡിഎഫ് സര്‍ക്കാരാണ്. എ കെ ആന്റണിയുടെ കാലത്ത് ചോദിക്കുന്നവര്‍ക്കെല്ലാം കോളേജ് തുടങ്ങാന്‍ എന്‍ഒസി നല്‍കിക്കൊണ്ടാണ് ആരംഭിച്ചത്. രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നുപറഞ്ഞ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്ന വ്യവസ്ഥ ഇല്ലാതാക്കി. സ്വാശ്രയസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നിയമനിര്‍മാണം നടത്താനോ കേന്ദ്ര നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാനോ ശ്രമിച്ചില്ല.