Friday, June 17, 2011

സ്വകാര്യവല്‍ക്കരണത്തിനെതിരെ ഐക്യപ്രസ്ഥാനം

ആഗോളവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ആസുരകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഇങ്ങനെ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 45-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളാണ് പിന്തുടരുന്നത്. സാമ്പത്തികത്തകര്‍ച്ച അതിജീവിക്കുന്നതിന് പൊതുമേഖലയാണ് രാജ്യത്തിന് നിര്‍ണായക സംഭാവന നല്‍കിയത്. എന്നാല്‍ , ഇത് കണക്കിലെടുക്കാതെ ഓഹരി വില്‍പ്പനയിലൂടെയും വന്‍ അഴിമതികളിലൂടെയും പൊതുമേഖലയെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ജീവനക്കാരുടെ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പിഎഫ്ആര്‍ഡിഎ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരിക്കുന്നു. 12-ാം പദ്ധതിയുടെ സമീപനരേഖ പരിശോധിച്ചാല്‍ ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള സേവനമേഖല പൊതുസ്വകാര്യ പങ്കാളിത്തമെന്ന ഓമനപ്പേരിട്ട് സ്വകാര്യമുതലാളിമാര്‍ക്ക് കൈമാറാനാണ് നിര്‍ദേശിക്കുന്നത്. ഇത് രാജ്യത്തെ തൊഴില്‍ സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുപോന്ന ഉദാരവല്‍ക്കരണനയങ്ങളുടെ പിന്‍വാതിലിലൂടെയുള്ള പ്രവേശനമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടപ്പാക്കിയ ബദല്‍നയങ്ങള്‍ ശ്രദ്ധേയമായിരുന്നു. ചെലവ് ചുരുക്കി കമ്മി ഒഴിവാക്കുക എന്ന നിര്‍ദേശത്തിനു പകരം വരുമാനം വര്‍ധിപ്പിച്ച് ചെലവുകള്‍ ഉയര്‍ത്തി കമ്മി നിയന്ത്രിച്ച് നടത്തിയ സാമ്പത്തിക മാനേജ്മെന്റ് രാജ്യത്തിനുതന്നെ മാതൃകയായിത്തീര്‍ന്നു.

16,100 കോടി ആയിരുന്ന സംസ്ഥാന വരുമാനത്തെ 2010-11ല്‍ 32,217 കോടിയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ചെലവ് യുഡിഎഫ് നാളുകളിലെ 56 ശതമാനം വളര്‍ച്ചയുടെ സ്ഥാനത്ത് 102 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. കടത്തിന്റെ വര്‍ധന 2005-06ല്‍ മൊത്തം വരുമാനത്തിന്റെ 33.56 ശതമാനമെന്ന സ്ഥിതിയില്‍നിന്ന് 2010-11ല്‍ 29.62 ശതമാനമായി കുറഞ്ഞു. കേരളത്തിലെ ജീവനക്കാരെയടക്കം വിശ്വാസത്തിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മാതൃകാപരമായ പരിശ്രമമാണ് വരുമാനവര്‍ധനയിലേക്ക് നയിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത യുഡിഎഫ് സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി രണ്ടു ശമ്പള പരിഷ്കരണ ആനുകൂല്യമാണ് കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കിയത്. ക്ഷാമബത്ത, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ , വീട് നിര്‍മാണവായ്പ, ഇന്‍ഷുറന്‍സ് പദ്ധതി, പുതിയ തസ്തികകളും പ്രൊമോഷനുകളും, പെന്‍ഷന്‍ ഏകീകകരണം തുടങ്ങി ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. നിയമനനിരോധനവും തസ്തികകളുടെ വെട്ടിക്കുറയ്ക്കലും വഴി സര്‍വീസിലെ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം നാല്‍പ്പതിനായിരത്തോളം കുറഞ്ഞ നാളുകളില്‍നിന്ന് വ്യത്യസ്തമായി 33,685 പുതിയ തസ്തികയും 1,64,390 പുതിയ നിയമനവും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നു. പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന "ധവളപത്രം" 2002ലെ കറുത്ത ഉത്തരവിനെയും ജീവനക്കാരുടെ ദുരവസ്ഥയെയും ഓര്‍മപ്പെടുത്തുന്നു.

കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ അംഗീകാരം നേടുകയുണ്ടായി. അതിന്റെ ഏകോപിതമായ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന വിഭജനം പ്രാദേശിക സര്‍ക്കാര്‍ എന്ന സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തി കേന്ദ്രീകരണത്തിലേക്കും അഴിമതിയിലേക്കും നീങ്ങുന്നതിന്റെ സൂചന നല്‍കുന്നു. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സ്ഥലംമാറ്റങ്ങള്‍ ഇല്ലാതാകുന്നു. മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ്തന്നെ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തിലുള്ള ഭരണകേന്ദ്രീകരണവും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതും മുന്‍ യുഡിഎഫ് ഭരണകാലത്തെ അഴിമതിയുടെ തിരിച്ചുവരവിന് കളമൊരുക്കും. മെഡിക്കല്‍ പിജി സീറ്റുകളില്‍ മെറിറ്റ് അഡ്മിഷന്‍ ഉപേക്ഷിച്ചതും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനവും നിക്ഷിപ്തതാല്‍പ്പര്യക്കാരെ സഹായിക്കാനുള്ളതാണെന്ന് വ്യക്തമാണ്.

സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിലുള്ള വികസനത്തെ അട്ടിമറിക്കാനുള്ള ഈ നീക്കം സര്‍ക്കാര്‍ സേവനമേഖലകളെ സ്വകാര്യവല്‍ക്കരിക്കാന്‍കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ജീവനക്കാരുടെ കടമയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തെ തകര്‍ക്കുന്നതും അഴിമതിക്ക് കളമൊരുക്കുന്നതുമായ ഏത് നീക്കവും ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതുണ്ട്. അതിനായി ശക്തമായ ഐക്യപ്രസ്ഥാനത്തിന് കെജിഒഎ സംസ്ഥാന സമ്മേളനം രൂപം നല്‍കും.

*
കെ ശിവകുമാര്‍ (കെജിഒഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ആസുരകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഇങ്ങനെ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 45-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളാണ് പിന്തുടരുന്നത്. സാമ്പത്തികത്തകര്‍ച്ച അതിജീവിക്കുന്നതിന് പൊതുമേഖലയാണ് രാജ്യത്തിന് നിര്‍ണായക സംഭാവന നല്‍കിയത്. എന്നാല്‍ , ഇത് കണക്കിലെടുക്കാതെ ഓഹരി വില്‍പ്പനയിലൂടെയും വന്‍ അഴിമതികളിലൂടെയും പൊതുമേഖലയെ തകര്‍ക്കുന്ന നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.