Thursday, June 16, 2011

ഗാന്ധിജിയും ഗാന്ധിയനും

അണ്ണ ഹസാരെയും ബാബാ രാംദേവും നടത്തിയ നിരാഹാര സമരങ്ങളും അതിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ്. സത്യഗ്രഹത്തിന്റെയും ഉപവാസത്തിന്റെയും ഉപജ്ഞാതാവും പ്രയോക്താവുമായ ഗാന്ധിജി അപഹാസ്യങ്ങളായ ഉപവാസങ്ങള്‍ പ്ലേഗുപോലെ പരക്കും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലത്ത് 1919ല്‍ രാജ്യത്തുണ്ടായ ആഭ്യന്തരക്കുഴപ്പങ്ങളെക്കുറിച്ച് അന്വേഷിച്ച ഹണ്ടര്‍ പ്രഭു പ്രസിഡന്റായ കമ്മിറ്റി മുമ്പാകെ സാക്ഷിയായി ഗാന്ധിജി മൊഴി നല്‍കുകയുണ്ടായി. സത്യഗ്രഹിയെപ്പറ്റി സമിതി അംഗമായ സെതല്‍വാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, സ്വതന്ത്രനായി സത്യാന്വേഷണം നടത്താനാഗ്രഹിക്കുന്ന ഒരു വ്യക്തി വളരെ ഉയര്‍ന്ന ധാര്‍മിക-ബൗദ്ധിക ഗുണം അഥവാ നന്മകൊണ്ട് സജ്ജനായിരിക്കണം." (ഗാന്ധി സാഹിത്യസംഗ്രഹം-കെ രാമചന്ദ്രന്‍നായര്‍ , കേരള ഗാന്ധിസ്മാരക നിധി, കൊച്ചി, പേജ് 213). സത്യഗ്രഹത്തിന്റെ വിശ്വാസ്യത സത്യഗ്രഹിയുടെ സത്യസന്ധതയിലും ആത്മാര്‍ഥതയിലുമാണ്. ഗാന്ധിജിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ മാത്രമല്ല, ആശയങ്ങളോടും രീതികളോടും വിയോജിപ്പുണ്ടായിരുന്നവര്‍പോലും പൊതുവായി അദ്ദേഹത്തിന്റെ സത്യസന്ധതയിലും ആത്മാര്‍ഥതയിലും ഉദ്ദേശശുദ്ധിയിലും സംശയമില്ലാത്തവരായിരുന്നു. അതുകൊണ്ട് ഗാന്ധിജിയുടെ സത്യഗ്രഹങ്ങള്‍ക്കും ഉപവാസങ്ങള്‍ക്കും ജനങ്ങളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞു. ഈ സത്യസന്ധതയും ആത്മാര്‍ഥതയും രാംദേവിനും ഹസാരെയ്ക്കുമുണ്ടാകുമെന്ന് ചിന്തിക്കുന്നതുതന്നെ ബാലിശമായിരിക്കും.

ആയിരം കോടിയുടെ വിറ്റുവരവുള്ള ബിസിനസ് അധിപനായ ബാബാ രാംദേവ് എന്ന "സത്യഗ്രഹി" അനുയായികള്‍ക്കൊപ്പം നടത്തിയ നാടകമാണ് രാംലീല മൈതാനത്ത് കണ്ടത്. ഗാന്ധിയന്‍ എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും അണ്ണ ഹസാരെയ്ക്കും സത്യഗ്രഹത്തില്‍ വിശ്വാസ്യത നേടാനായിട്ടില്ല. രാംദേവ് നടത്തിയത് പഞ്ചനക്ഷത്ര ഉപവാസമാണ്. രണ്ടര ലക്ഷം ചതുരശ്ര മീറ്ററില്‍ കെട്ടിയ പന്തലും 1300 ടോയ്ലറ്റും 7800 വാട്ടര്‍ ടാപ്പുകളും കുടിവെള്ളത്തിന് ഓസ്മോസിസ് പ്ലാന്റും 60 ഡോക്ടര്‍മാരും 40 കിടക്കകളുള്ള തീവ്രപരിചരണ മെഡിക്കല്‍ സെന്ററും ആയിരക്കണക്കിന് ഫാനുകളും 600 കൂളറും ആധുനിക വാര്‍ത്താവിനിമയ ടെലിവിഷന്‍ ശൃംഖലയും അട്ടിമറി വിരുദ്ധ ബോംബ് സ്ക്വാഡും പല കമ്പനി പൊലീസുമാണ് രാംലീല മൈതാനത്ത് സമരത്തിന്റെ ഭാഗമായി സജ്ജീകരിച്ചത്. ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് എന്ന സംഘടന പ്രത്യക്ഷമായും ആര്‍എസ്എസ് അണിയറശില്‍പ്പിയായുംനിന്നാണ് ഈ പഞ്ചനക്ഷത്ര ഉപവാസം സംഘടിപ്പിച്ചത്. ഹസാരെയുടെ ഉപവാസത്തിനും അദ്ദേഹത്തേക്കാള്‍ പ്രശസ്തരായ ചില ലിബറല്‍ ബുദ്ധിജീവികളുടെയും സംഘടനകളുടെയും ഒത്താശകളുണ്ടായിരുന്നതും ശ്രദ്ധിക്കുക. ദീര്‍ഘകാലം രാജ്യവ്യാപകമായി അറിയപ്പെടുന്ന ത്യാഗനിര്‍ഭരമായ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തി ജനലക്ഷങ്ങളുടെ വിശ്വാസ്യത നേടാത്തവര്‍ പ്രചാരണഘോഷങ്ങളോടെയും മാധ്യമങ്ങളുടെ പ്രചാരണക്കൊഴുപ്പോടെയും ചില വരേണ്യവിഭാഗങ്ങളുടെ പിന്തുണയോടെയും ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെയും രാഷ്ട്രീയ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഗാന്ധിജി പറയുന്നു: "സത്യഗ്രഹം ഏറ്റവും ശക്തമായ പ്രത്യക്ഷസമരരീതികളിലൊന്നായതുകൊണ്ട്, സത്യഗ്രഹി മറ്റുമാര്‍ഗങ്ങള്‍ പരീക്ഷിച്ചതിന് ശേഷംമാത്രമേ ആ മാര്‍ഗം അവലംബിക്കുകയുള്ളൂ. അതുകൊണ്ട്, അയാള്‍ സ്ഥിരമായും അധികാരികളെ സമീപിക്കുകയും പൊതുജനാഭിപ്രായം തനിക്ക് അനുകൂലമാക്കുകയും പൊതുജനങ്ങളെ വസ്തുതകള്‍ ഗ്രഹിപ്പിക്കുകയും ശ്രദ്ധിക്കാനൊരുക്കമുള്ള എല്ലാവരുടെയും മുമ്പില്‍ തന്റെ വാദമുഖങ്ങള്‍ ശാന്തമായി അവതരിപ്പിക്കുകയുംചെയ്യും. ഇതുകൊണ്ടാന്നും ഫലമില്ലെന്നു കണ്ടാല്‍മാത്രമേ, സത്യഗ്രഹത്തില്‍ ഏര്‍പ്പെടുകയുള്ളൂ." (ഗാന്ധി സാഹിത്യസംഗ്രഹം-പേജ് 249). രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് അതൊന്നുമല്ല. രാജ്യത്തെ സംബന്ധിച്ച മര്‍മപ്രധാന പ്രശ്നങ്ങള്‍ ചില വ്യക്തികളെ കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി ഉയര്‍ത്തിക്കൊണ്ടുവരികയും അണിയറയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ ഇടപെടലോടെ അതെല്ലാം വലിയ രാഷ്ട്രീയസമ്മര്‍ദ പരിശ്രമങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. രാംദേവിന്റെ ഉപവാസത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്-കര്‍ശന ലോക്പാല്‍ നിയമം കൊണ്ടുവരിക, കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കുക, ചില രാജ്യങ്ങളില്‍നിന്നുള്ള ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുക, താങ്ങുവില ഉയര്‍ത്തുക, ഒരു മേഖലയിലെ തൊഴിലാളികള്‍ക്ക് തുല്യവേതനം നല്‍കുക, ഭൂമി ഏറ്റെടുക്കല്‍ നിയമം പരിഷ്കരിക്കുക, ഹിന്ദി ഭാഷാപ്രചാരണം കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയവ-ഇത്തരം പ്രശ്നങ്ങളെല്ലാം മരണംവരെ ഉപവസിക്കും എന്ന് പ്രഖ്യാപിച്ച് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി എന്തെങ്കിലും ചില ഉറപ്പുകള്‍ വാങ്ങി താല്‍ക്കാലികമായി പരിഹരിക്കാനാകുന്നവയാണോ?

രാഷ്ട്രത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയില്‍ ഗാഢമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇഴകള്‍ ജനാധിപത്യ പ്രക്രിയയില്‍ക്കൂടി വേര്‍പിരിച്ച് സമൂര്‍ത്തമായ നയപരിപാടികളോടെ ഇച്ഛാശക്തിയോടുകൂടി സമീപിക്കേണ്ട പ്രശ്നങ്ങളാണിവ. "ഗാന്ധി- അടിസ്ഥാന ലിഖിതങ്ങള്‍" എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ ഇന്ത്യയില്‍ അദ്ദേഹം നടത്തിയ 31 ഉപവാസത്തിന്റെ പട്ടിക കൊടുത്തിട്ടുണ്ട്. ഇതില്‍ 19 എണ്ണം മാത്രമാണ് അന്നത്തെ പൊതുരാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളോട് ബന്ധപ്പെടുത്തി നടത്തിയത്. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് വെറും നാല് ഉപവാസം മാത്രമാണ് ഗാന്ധിജി അനുഷ്ഠിച്ചിട്ടുള്ളത്. അണ്ണ ഹസാരെയുടെയും ബാബാ രാംദേവിന്റെയും സമരങ്ങളെ യുപിഎ സര്‍ക്കാര്‍ സമീപിച്ചത് പ്രീണന മനോഭാവത്തോടെയാണ്. രാജ്യത്ത് വിവിധ പ്രശ്നങ്ങളില്‍ പരിഹാരമാവശ്യപ്പെട്ടുകൊണ്ട് ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ കണ്ടില്ലെന്നു നടിച്ച് മിണ്ടാതിരിക്കുന്ന ഒരു സര്‍ക്കാരാണ് ഉപവാസങ്ങളുടെ കാര്യത്തില്‍ വഴിവിട്ട പ്രീണന നടപടികള്‍ സ്വീകരിച്ചത്. 2ജി സ്പെക്ട്രം അഴിമതിക്കാര്യത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടി 22 ദിവസം പാര്‍ലമെന്റ് സ്തംഭിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാതെ നിന്നത് നമ്മള്‍ കണ്ടതാണ്. അവശരായ ജനത നടത്തുന്ന എണ്ണമറ്റ ജീവിതസമരങ്ങളും അവരുടെ പ്രശ്നങ്ങളും അനുഭാവപൂര്‍ണമായി പരിഗണിക്കാനോ പരിഹാര നടപടികള്‍ സ്വീകരിക്കാനോ ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് രാംദേവിന്റെയും ഹസാരെയുടെയും പിന്നാലെ ഉപവാസം നടത്തരുത് എന്ന് പറഞ്ഞ് കേണുകൊണ്ട് നടക്കുന്നത്. രാംദേവ് ഉപവാസം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കേന്ദ്രമന്ത്രിമാരുടെ നിരതന്നെ വിമാനത്താവളത്തില്‍ പോയി കാലുപിടിച്ചു. പിന്നീട് ഹോട്ടലില്‍ ചെന്ന് സംഭാഷണം നടത്തുകയും രഹസ്യമായി ചില ധാരണകളിലെത്തുകയുംചെയ്തു. രഹസ്യധാരണപ്രകാരം കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ പ്രീണനനയം ഉപേക്ഷിച്ച് അതിരുവിട്ട പൊലീസ് നടപടികള്‍ക്ക് ആജ്ഞാപിച്ചു. ഹസാരെയും രാംദേവും ഉയര്‍ത്തിയ പ്രശ്നങ്ങളെല്ലാം ഇന്ന് കാണുന്നതുപോലെ വഷളാക്കിയതിനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് കോണ്‍ഗ്രസിനും ബിജെപിക്കും മാറിനില്‍ക്കാനാകില്ല. ഗവണ്‍മെന്റുമായും രാഷ്ട്രീയ നേതൃത്വവുമായും ബന്ധപ്പെട്ട അഴിമതികള്‍ക്കും കള്ളപ്പണത്തിനും ഈ പാര്‍ടികളിലെ നേതാക്കള്‍ക്കാണ് പ്രധാനപങ്ക്. നേരിട്ട് പ്രക്ഷോഭരംഗത്ത് വരാനുള്ള വിശ്വാസ്യതയില്ലാത്ത ബിജെപി ഇപ്പോള്‍ രാംദേവ് വിഷയത്തില്‍ പിടിച്ച് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ സമരത്തില്‍ പുതിയ മൈലേജ് നേടി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണ്. അഴിമതിയും കള്ളപ്പണവും ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടേണ്ടത് ബഹുജന പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ പ്രക്രിയയിലൂടെയാണ്.

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെയും അവരുടെ സംഘടനാ നേതൃത്വങ്ങളെയും വിശ്വാസത്തിലെടുത്ത് അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ജനാധിപത്യപ്രക്രിയ ഉപയോഗിച്ച് ചര്‍ച്ചചെയ്ത്, കഴിയാവുന്ന കാര്യങ്ങളില്‍ സമവായമുണ്ടാക്കി, നിയമനടപടികള്‍കൊണ്ട് സാധ്യമായവ ആ രീതിയില്‍ പരിഹരിച്ച് അല്ലാത്തവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ കണ്ടെത്തി സമയബന്ധിതമായി നടപ്പാക്കി പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. കോണ്‍ഗ്രസ്-ബിജെപി ഉള്‍പ്പെടെ എല്ലാ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികള്‍ക്കും ഇക്കാര്യങ്ങളില്‍ വ്യക്തമായ നിലപാട് ഇല്ല എന്നതാണ് രാജ്യം ഇന്ന് നേരിടുന്ന ദുഃസ്ഥിതിക്ക് കാരണം. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും ഈ കാലഘട്ടത്തില്‍ സാമാന്യജനങ്ങള്‍ക്കനുകൂലമായി വ്യവസ്ഥിതിയെ പരിഷ്കരിക്കാന്‍ ഇച്ഛാശക്തിയില്ലാത്ത മുതലാളിത്ത ഭരണവര്‍ഗം അധികാരത്തിലിരിക്കുന്ന നാളുകളോളം അഴിമതിയും കള്ളപ്പണവും സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളും രാജ്യത്തിന്റെ ശാപംതന്നെയായിരിക്കും

*
പ്രൊഫ. കെ ഡി ബാഹുലേയന്‍ ദേശാഭിമാനി 16 ജൂണ്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അണ്ണ ഹസാരെയും ബാബാ രാംദേവും നടത്തിയ നിരാഹാര സമരങ്ങളും അതിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ്. സത്യഗ്രഹത്തിന്റെയും ഉപവാസത്തിന്റെയും ഉപജ്ഞാതാവും പ്രയോക്താവുമായ ഗാന്ധിജി അപഹാസ്യങ്ങളായ ഉപവാസങ്ങള്‍ പ്ലേഗുപോലെ പരക്കും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലത്ത് 1919ല്‍ രാജ്യത്തുണ്ടായ ആഭ്യന്തരക്കുഴപ്പങ്ങളെക്കുറിച്ച് അന്വേഷിച്ച ഹണ്ടര്‍ പ്രഭു പ്രസിഡന്റായ കമ്മിറ്റി മുമ്പാകെ സാക്ഷിയായി ഗാന്ധിജി മൊഴി നല്‍കുകയുണ്ടായി. സത്യഗ്രഹിയെപ്പറ്റി സമിതി അംഗമായ സെതല്‍വാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, സ്വതന്ത്രനായി സത്യാന്വേഷണം നടത്താനാഗ്രഹിക്കുന്ന ഒരു വ്യക്തി വളരെ ഉയര്‍ന്ന ധാര്‍മിക-ബൗദ്ധിക ഗുണം അഥവാ നന്മകൊണ്ട് സജ്ജനായിരിക്കണം." (ഗാന്ധി സാഹിത്യസംഗ്രഹം-കെ രാമചന്ദ്രന്‍നായര്‍ , കേരള ഗാന്ധിസ്മാരക നിധി, കൊച്ചി, പേജ് 213). സത്യഗ്രഹത്തിന്റെ വിശ്വാസ്യത സത്യഗ്രഹിയുടെ സത്യസന്ധതയിലും ആത്മാര്‍ഥതയിലുമാണ്. ഗാന്ധിജിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ മാത്രമല്ല, ആശയങ്ങളോടും രീതികളോടും വിയോജിപ്പുണ്ടായിരുന്നവര്‍പോലും പൊതുവായി അദ്ദേഹത്തിന്റെ സത്യസന്ധതയിലും ആത്മാര്‍ഥതയിലും ഉദ്ദേശശുദ്ധിയിലും സംശയമില്ലാത്തവരായിരുന്നു. അതുകൊണ്ട് ഗാന്ധിജിയുടെ സത്യഗ്രഹങ്ങള്‍ക്കും ഉപവാസങ്ങള്‍ക്കും ജനങ്ങളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞു. ഈ സത്യസന്ധതയും ആത്മാര്‍ഥതയും രാംദേവിനും ഹസാരെയ്ക്കുമുണ്ടാകുമെന്ന് ചിന്തിക്കുന്നതുതന്നെ ബാലിശമായിരിക്കും.

രജീഷ് പാലവിള said...

"ഗാന്ധിസ്മൃതി" (2011 ഒക്ടോബര്‍ 2)

ഇനിയാര്?നമ്മളെ വഴിനടത്താന്‍ !
ഇനിയാര്?നമ്മള്‍ക്ക് കൂട്ടിരിക്കാന്‍ !

ഇനിയാര്?നമ്മള്‍തന്‍ നീറുമാത്മാവി-
ലെക്കൊരു ശാന്തിമന്ത്രമായി പെയ്തിറങ്ങാന്‍ !!

ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയുറങ്ങാതെ
ഒരുമതന്‍ ചര്‍ക്കയില്‍ നൂലുനൂല്ക്കാന്‍ !

ഇനിയാര്?നമ്മള്‍തന്‍ പാപങ്ങലേറ്റെടു-
ത്തിവിടെയാനന്ദമോടുപവസിക്കാന്‍ !!

ഇനിയാര്?നമ്മള്‍ക്ക് വേണ്ടിയസ്വസ്ഥനായി
തെരുവിലെക്കങ്ങനെ വന്നു നില്‍ക്കാന്‍ !

ശാന്തിയെകീടുന്നോരാമഹത് കാന്തിയെ
ഗാന്ധിയെ, നിങ്ങള്‍ മറന്നു പോയോ ??

ഇടവിടാദീമണ്ണിനായിത്തുടിച്ചൊരാ
ഇടനെഞ്ചിലേക്കുനാം നിറയൊഴിച്ചു !

കരുണതന്‍ ആള്‍രൂപമാകുമാവൃദ്ധന്റെ
കരളും തകര്ത്തുനാം മത്തടിച്ച്ചു !!

ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ

നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!

വര്‍ണവിവേചനമെന്ന ഭയങ്കരി
ദുര്‍മതികാട്ടിയ ദക്ഷിണാഫ്രിക്കയില്‍ ..

ഒറ്റക്കണ്ണുള്ള ജഡ്ജിമാര്‍ നീതിയെ
ചുറ്റികവീശി നിശബ്ദയാക്കീടവേ..

പെട്ടന്നവിടെക്ക് ചെന്നാപ്രവാചകന്‍ !
ഉള്‍ക്കരുത്തുള്ളൊരു ശാന്തിദൂതന്‍!!

പിന്നെ ചരിത്ര മാനെല്ലാമതിന്മുന്നില്‍
മിന്നുന്നോരോര്‍മയായി നില്‍പ്പു ഗാന്ധി!

എന്നിലോരായിരം ചിത്രമെഴുതുന്നു
പിന്നിട്ട കാല പ്രഫുല്ലകാന്തി !!

തക്ലിയാലോലം കറങ്ങുന്നതാളവും
സത്യസംഗീത സന്കീര്‍ത്തനവും ..

ഗീതയും ബൈബിളും അല്‍ഖുറാനും ചേര്‍ന്ന
വേദാന്തസാര സംബോധനവും ..

വെള്ളയുടുത്ത സന്യാസിയും പത്നിയും
വെള്ളക്കാര്‍ പോലും തൊഴുതു നിന്നു !!

ആയിരമായിരം ചേതനതന്നിലോ-
രാനന്ദ വിഗ്രഹമായിനിറഞ്ഞു !!

മീരയും ആല്‍ബെര്‍ട്ട്‌ഐന്‍സ്റ്റീന്‍ തുടങ്ങിയോര്‍
ആ പാദപ്പൂജയ്ക്ക് കാത്തുനിന്നു !

ദണ്ഡിക്കടലിലെ വന്‍തിരമാലകള്‍
കണ്ടു തൊഴുതമഹാപുരുഷന്‍!

ആദര്‍ശമാള്‍രൂപമായി നടക്കുന്നു !
ആ ദര്‍ശനത്താല്‍ തുടിച്ചു ഭൂമി!!

വീണ്ടും ഹിമാലയ സാനുവില്‍ നിന്നിന്‍ഡ്യ
ഗായത്രി മന്ത്രമുണര്‍ന്നു കേട്ടു !

ഗംഗയെക്കാളുമാ പാദസംസ്പര്‍ശനം
മംഗളമേകിയ മണ്ണില്‍ത്തന്നെ

നമ്മളാ ചെന്നിണംവീഴ്ത്തി ! ചരിത്രത്തില്‍
പിന്നെയും ലോകം ദരിദ്രമായി !!

(ഗാന്ധിസ്‌മൃതി എന്ന കവിതയില്‍ നിന്നും by രജീഷ് പാലവിള )