Wednesday, June 22, 2011

പത്രങ്ങളെ കൊല്ലാനല്ല; ജീവന്‍ നിലനിര്‍ത്താന്‍

പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും ശമ്പള നിര്‍ണയം നടത്തുന്ന വേജ് ബോര്‍ഡ് സംവിധാനം കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്നു. പക്ഷേ, അമ്പത്തഞ്ചു വര്‍ഷം കൊണ്ട് ആകെ അഞ്ച് വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മാത്രമാണ് നടപ്പിലാക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌ക്കരണം നടക്കേണ്ടതാണ് എന്ന വ്യവസ്ഥ നിലനില്‍ക്കേ മാധ്യമരംഗത്തെ ജീവനക്കാരോട് കാണിച്ചത് എന്തുമാത്രം അനീതിയാണ് എന്ന് മേല്‍ സൂചിപ്പിച്ച കാലയളവിന്റെ ദൈര്‍ഘ്യം കാണുമ്പോള്‍ മനസ്‌സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, അത്തരത്തില്‍ ന്യായം പൂര്‍ണമായ രീതിയില്‍ നടന്നിട്ടില്ലെങ്കിലും ഈ സംവിധാനം ജീവനക്കാര്‍ക്ക് ഒരു ആശ്വാസം തന്നെയാണ്. ഇതര വ്യവസായ മേഖലകളില്‍ നടമാടുന്ന നീതിനിഷേധം മാധ്യമരംഗത്തേക്ക് അത്രയധികം കടന്നുവരാത്തത് ഈ സംവിധാനത്തിന്റെ പിന്‍ബലത്തിലാണ്. അതുകൊണ്ടുതന്നെ വേജ് ബോര്‍ഡ് സംവിധാനം അട്ടിമറിക്കുന്നതിന് കാലാകാലങ്ങളില്‍ ശക്തമായ ശ്രമം നടക്കാറുണ്ട്. ഇപ്പോള്‍ ഒരുപടി മുന്നോട്ടു കടന്നുകൊണ്ട്, ഈ സംവിധാനം അട്ടിമറിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഘടന തന്ത്രം പ്രയോഗിച്ച് ജീവനക്കാരെ തമ്മിലടിപ്പിക്കുന്നതിനുള്ള ഗൂഢശ്രമമാണ് പത്ര ഉടമകളുടെ സംഘടനയായ ഐ.എന്‍.എസ് നടത്തുന്നത്. ഈ തന്ത്രത്തെ മാധ്യമമേഖലയിലെ ജീവനക്കാര്‍ ഒന്നടങ്കം നേരിടും എന്നതില്‍ സംശയമില്ല.

കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള ജസ്റ്റിസ് മജീതിയ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മിക്കവാറും പത്രസ്ഥാപനങ്ങള്‍ പൂട്ടിപ്പോകും എന്ന അടിസ്ഥാനരഹിതമായ ആക്ഷേപമാണ് ഐ.എന്‍.എസ് മുഖ്യമായും ഉന്നയിക്കുന്നത്. ഒരു കാര്യം സ്ഥാപിക്കുന്നതിനാവശ്യമായ പ്രാഥമികമായ രേഖകള്‍ പോലും ഹാജരാക്കാതെയാണ് ഈ വാദം ഉന്നയിക്കുന്നത്. പത്ര ഉടമകള്‍കൂടി അംഗങ്ങളായ വേജ് ബോര്‍ഡ് കമ്മിറ്റിയില്‍ ഈ വാദഗതികള്‍ ഐ.എന്‍.എസിന്റെ പ്രതിനിധികള്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകള്‍ കൃത്യമായ കണക്കുകള്‍ സഹിതം ഇതിനെ ഖണ്ഡിക്കുകയായിരുന്നു. ഇന്ത്യയില്‍ ഒരു പത്രസ്ഥാപനവും ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയതിനാല്‍ പൂട്ടിപോയതായി കേട്ടുകേള്‍വി പോലുമില്ല. വരുമാനം അടിസ്ഥാനമാക്കിയാണ് വേജ്‌ബോര്‍ഡ് പ്രകാരമുള്ള ശമ്പള നിര്‍ണയം നടത്തുന്നത്. പിന്നെങ്ങനെയാണ് സ്ഥാപനം തകര്‍ന്നുപോവുക? മറിച്ച് ഇന്ന് പത്ര ഉടമ സംഘടന വിലപിക്കുന്നതു പോലെയുള്ള സ്ഥിതിവിശേഷമായിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കിയതിന്റെ പേരില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമായിരുന്നില്ലേ?

എന്താണ് യഥാര്‍ഥ സ്ഥിതി എന്നത് പരിശോധിക്കേണ്ട വിഷയമാണ്. മാധ്യമ മേഖല എന്നത് സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു സേവന മാര്‍ഗമാണെന്നു കരുതിയിരുന്ന പഴയ ആശയത്തിന് വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആ പഴയ ആശയം നിലനില്‍ക്കുന്നുവെങ്കിലും വാണിജ്യപരമായ താല്‍പ്പര്യത്തിനാണ് മുന്‍തൂക്കം വന്നിരിക്കുന്നത്. സമ്പത്തു കൊയ്യുന്നതിനുള്ള മാര്‍ഗമായി തന്നെയാണ് മാധ്യമങ്ങളെ ഉടമകള്‍ കാണുന്നത്. പത്രം ഒരു വ്യവസായം തന്നെയാണെന്നു വന്നപ്പോള്‍ പരമാവധി ലാഭമുണ്ടാക്കുക എന്ന ചിന്തയും കടന്നുവന്നു. അത്തരത്തില്‍ ലാഭം വര്‍ധിപ്പിക്കുന്നതിന് എന്തു തന്ത്രവും പ്രയോഗിക്കാമെന്ന ഒരു സാധാരണ വ്യവസായിയുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നതിന് വഴികള്‍ തേടുക എന്നത്. ഒരു പത്രസ്ഥാപനമായതുകൊണ്ടു മാത്രം ധാര്‍മികതയുടെ പേരില്‍ ചെയ്യില്ല എന്നു ചിന്തിക്കുന്ന പല കാര്യങ്ങളും നിര്‍ബാധം നടക്കുന്ന സ്ഥിതി ഇന്നുണ്ട്. ഔട്ട്‌സോഴ്‌സിംഗ് വ്യാപകമാകുന്നു. കൂടാതെ കോണ്‍ട്രാക്റ്റ് ജീവനക്കാരനെ ഒരു അനുപാതക്രമവും കൂടാതെ നിയമിക്കുന്നു. വേജ് ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കുന്നതിന് സഹോദരസ്ഥാപനങ്ങളുടെ പേരില്‍ ജീവനക്കാരെ നിയമിച്ച് പണിയെടുപ്പിക്കുക തുടങ്ങി പലതും ഐ.എന്‍.എസ് കണ്ടില്ലെന്നു നടിക്കുന്നു.

തൊഴിലാളികള്‍ കൂടി ചേര്‍ന്നതാണ് പ്രതവ്യവസായം എന്ന സത്യം അംഗീകരിച്ച് തൊഴിലുടമകളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന വേതനപരിഷ്‌ക്കരണ ശുപാര്‍ശ കുതന്ത്രങ്ങളിലൂടെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍നിന്ന് പത്ര ഉടമ സംഘടനയും ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ള പത്രഉടമകളും പിന്‍മാറണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. പത്രങ്ങളെ കൊല്ലാനല്ല; തൊഴിലാളികള്‍ എന്ന നിലയ്ക്ക് വാര്‍ത്താമാധ്യമങ്ങളിലെ ജീവനക്കാര്‍ക്കും ജീവിക്കാനുള്ള മതിയായ വേതനം ലഭിക്കാനാണ് വേജ്‌ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഈ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമിക്കാതെ സ്വാഗതം ചെയ്യാന്‍ തയാറാകണം. പത്രവ്യവസായ മേഖലയില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ തൊഴിലാളി-മുതലാളി ബന്ധവും സമാധാനാന്തരീക്ഷവും നിലനില്‍ക്കുന്നതിന് ഇത് അനിവാര്യമാണു താനും.

*
വി ബാലഗോപാല്‍ ജനയുഗം 22 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...