Monday, June 13, 2011

പങ്കുവയ്പുരാഷ്ട്രീയവും തദ്ദേശഭരണ വിഭജനവും

അധികാരവികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണവകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍ . ഉദ്യോഗസ്ഥരാകട്ടെ അതത് തട്ടിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കുകീഴില്‍ . ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരസഭകള്‍ക്ക്, പഞ്ചായത്തുകള്‍ക്ക്, ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിമാര്‍ ; മൂന്ന് ഉദ്യോഗസ്ഥ കേഡറുകള്‍ ; തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സമാന്തരമായി ഗ്രാമവികസനവകുപ്പ്. പ്രത്യക്ഷത്തില്‍തന്നെ വിപരീതധ്രുവങ്ങളിലാണ് ഈ സമീപനങ്ങള്‍ . ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ ഗളച്ഛേദം ചെയ്യപ്പെടുമെന്ന് ഉറപ്പ്. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നില്ല; ഗ്രാമവികസനവകുപ്പ് പ്രത്യേകമായി സംഘടിപ്പിക്കുകയാണ് ഇതിന് പരിഹാരം.

1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ പഞ്ചായത്തുകളും നഗരസഭകളും രണ്ടു മന്ത്രിമാരുടെ കീഴിലായിരുന്നിട്ടുണ്ട്, കഴിഞ്ഞ അഞ്ചുവര്‍ഷമൊഴികെ എക്കാലത്തും ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിയുണ്ടായിരുന്നു, ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനത്തും നഗരഭരണത്തിനും ഗ്രാമഭരണത്തിനും പ്രത്യേകം മന്ത്രിമാരുണ്ട്, മൂന്നു മന്ത്രിമാരുടെ ചുമതലയുടെ ഏകോപനത്തിന് മുഖ്യമന്ത്രി അധ്യക്ഷനായുള്ള ക്യാബിനറ്റ് ഉപസമിതിയുണ്ട്, മൂന്നു മന്ത്രിമാര്‍ക്കുംകൂടി ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട് തുടങ്ങിയവയാണ് വകുപ്പ് വെട്ടിമുറിച്ചതിന് യുഡിഎഫുകാര്‍ പറയുന്ന ന്യായങ്ങള്‍ . കേരളമാണ് ഇന്ത്യക്ക് മാതൃക അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ മാതൃകയാക്കാനാകില്ല. 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസായിട്ടും ഭൂരിപക്ഷം സംസ്ഥാനത്തും പ്രായോഗികമായി അധികാരവും സമ്പത്തും താഴെത്തലത്തിലേക്ക് കൈമാറിയിട്ടില്ല. ഈ ചുമതല നിറവേറ്റിയത് കേരളമാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി അന്യാദൃശമായ തോതില്‍ പണവും അധികാരവും നമ്മുടെ സംസ്ഥാനത്ത് താഴെത്തട്ടിലേക്ക് കൈമാറ്റംചെയ്തു. ഇക്കാര്യത്തില്‍ കേരളം ഇന്ത്യക്കാണ് മാതൃക; തിരിച്ചല്ല. അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പൊതുവകുപ്പ് കൂടിയേ തീരൂവെന്ന് കേന്ദ്ര പഞ്ചായത്തുമന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യരും അഭിപ്രായപ്പെടുന്നു. രാജീവ്ഗാന്ധിക്കും ഇതേഅഭിപ്രായമായിരുന്നുവെന്ന് അയ്യര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രത്തില്‍ ഈ സമീപനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കേരളം അത് ചെയ്തു. ഇത് രാജ്യത്തിന്റെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുവകുപ്പ് മൂന്നായി വിഭജിക്കുന്നത് പിന്തിരിപ്പന്‍നടപടിയാണ്. ഒരുപക്ഷേ, രാഷ്ട്രീയമായിട്ടുള്ള അനിവാര്യതകളുണ്ടാകാം. പക്ഷേ, ഐഡിയലായ സാഹചര്യത്തില്‍ ഒരു വകുപ്പേ പാടുള്ളൂ. ഒറ്റവകുപ്പിലേക്ക് സര്‍ക്കാര്‍ തിരിച്ചുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. (ഇന്ത്യന്‍ എക്സ്പ്രസ്, 28 മെയ്, 2011). കേരളത്തിന്റെ അനുഭവം 1957ല്‍ രണ്ട് വകുപ്പിനും രണ്ടു മന്ത്രിമാരായിരുന്നുവെന്ന യുഡിഎഫിന്റെ ന്യായം ബൂമറാങ്ങാണ്. അന്ന് നഗരത്തിനും ഗ്രാമത്തിനും പ്രത്യേകം മന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും നിയമസഭയില്‍ അവതരിപ്പിച്ച തദ്ദേശഭരണനിയമത്തില്‍ നഗര, ഗ്രാമങ്ങളെ സംയോജിപ്പിക്കുന്ന ജില്ലാ കൗണ്‍സിലാണ് വിഭാവനം ചെയ്തിരുന്നത്. നഗരങ്ങള്‍ക്ക് നഗരസഭകളും ഗ്രാമങ്ങള്‍ക്ക് ജില്ലാപഞ്ചായത്തും എന്നീ അറകളായി ജില്ലയെ പകുത്തിരുന്നില്ല. കലക്ടര്‍ അടക്കമുള്ള ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ കൗണ്‍സിലിനുകീഴിലായിരുന്നു. ഈ നിയമം പാസായിരുന്നെങ്കില്‍ പഞ്ചായത്തുകളെയും നഗരസഭകളെയും ഒറ്റവകുപ്പാക്കുന്നത് അനിവാര്യമാകുമായിരുന്നു. 1957ലെ സര്‍ക്കാരിനൊപ്പം ഈ നിയമത്തെയും കോണ്‍ഗ്രസ് അട്ടിമറിച്ചു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഇപ്പോള്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും പകര്‍ത്തുന്നത്.

ജില്ലാപഞ്ചായത്തിനുപകരം ജില്ലാ കൗണ്‍സിലാണ് അഭികാമ്യമെന്ന് വീരപ്പ മൊയ്ലി അധ്യക്ഷനായുള്ള കേന്ദ്ര ഭരണപരിഷ്കാര കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതിയുടെ കരട് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയനയത്തിനുപോലും വിരുദ്ധമായാണ് യുഡിഎഫ് കേരളത്തില്‍ വകുപ്പ് വെട്ടിമുറിച്ചത്. ടി കെ രാമകൃഷ്ണന്‍ ഗ്രാമവികസനവകുപ്പിന്റെയും പാലോളി മുഹമ്മദുകുട്ടി തദ്ദേശസ്വയംഭരണവകുപ്പിന്റെയും ചുമതലവഹിച്ചിരുന്ന കാലത്ത് ബ്ലോക്കുതല ഉദ്യോഗസ്ഥവൃന്ദം ബ്ലോക്ക് പഞ്ചായത്തുമായി സംയോജിക്കാന്‍ വിസമ്മതിച്ചു. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ പ്രാദേശികപദ്ധതികളുമായി സംയോജിപ്പിക്കുന്നതിന് വൈഷമ്യമുണ്ടായി. ജില്ലാപഞ്ചായത്തിന് സമാന്തരമായി ഡിആര്‍ഡിഎ പ്രവര്‍ത്തിച്ചു.

ഈ പശ്ചാത്തലത്തിലാണ് 2000ല്‍ ഗ്രാമവികസനവകുപ്പ് തദ്ദേശവകുപ്പില്‍ ലയിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഡിആര്‍ഡിഎ നിര്‍ത്തലാക്കിയത്. തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫ് ഇത് അട്ടിമറിച്ചു. ഡിആര്‍ഡിഎ പുനരുജ്ജീവിപ്പിച്ചു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിആര്‍ഡിഎ പരിപൂര്‍ണമായി നിര്‍ത്തലാക്കി; ഉദ്യോഗസ്ഥരെ ജില്ലാപഞ്ചായത്തിലേക്ക് പുനര്‍വിന്യസിച്ചു. ബ്ലോക്കുതല ഉദ്യോഗസ്ഥര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായി. പൊതു ഉദ്യോഗസ്ഥ കേഡറിനുള്ള നടപടിയും ആരംഭിച്ചു. ഗ്രാമവികസനവകുപ്പിനെ വേര്‍പെടുത്തുമ്പോള്‍ ഇവയെല്ലാം അട്ടിമറിക്കപ്പെടും. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ : സംയോജനത്തിനുമുമ്പും പിമ്പും കേന്ദ്രാവിഷ്കൃതപദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉദാഹരണമാണ് പിഎംജിഎസ്വൈ പദ്ധതി. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവ് പണമേ കേരളം ഈ പദ്ധതിയില്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നത് ശരിയാണ്. പദ്ധതിനിബന്ധനകള്‍ കേരളത്തിന് അനുയോജ്യമല്ലെന്നതാണ് കാരണം. 2001-06 കാലത്തെ യുഡിഎഫ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതായിരുന്നു റോഡുവികസന കാര്യത്തില്‍ എല്‍ഡിഎഫിന്റെ ഭരണകാലം. യുഡിഎഫ് ഭരണകാലത്ത് 375 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 194 റോഡാണ് പണി തീര്‍ത്തത്. 2006-11ലെ എല്‍ഡിഎഫിന്റെ ഭരണകാലത്ത് (ഡിസംബര്‍ 31 വരെ) 692 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 376 റോഡ് തീര്‍ത്തു. യുഡിഎഫ് കാലത്ത് 78 കോടി ചെലവാക്കിയപ്പോള്‍ എല്‍ഡിഎഫ് കാലത്ത് ചെലവ് 361 കോടിയായി. യുഡിഎഫിന്റെ കാലത്ത് 195 കോടി രൂപയുടെ റോഡിന് അംഗീകാരം വാങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ ഭരണകാലത്ത് 750 കോടി രൂപയുടേതായി. ഗ്രാമവികസനവകുപ്പ് സ്വതന്ത്രമായിരുന്ന യുഡിഎഫ് ഭരണകാലത്തേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിന്റെ കാലത്ത് സംയോജിതവകുപ്പിന് കഴിഞ്ഞിരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. എസ്ജിഎസ്വൈ, ഹരിയാലി പദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സംസ്ഥാനവിഹിതമടക്കം 117 കോടി രൂപയാണ് യുഡിഎഫ് ഭരണകാലത്ത് ഇവയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് ഭരണത്തിലാകട്ടെ (ആദ്യത്തെ നാലുവര്‍ഷം) 215 കോടി രൂപയും. ഇതുതന്നെയാണ് സമ്പൂര്‍ണ ശുചിത്വ മിഷന്റെയും അനുഭവം. ഐഎവൈ വീടുകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 306 കോടി രൂപ ലഭിച്ചതില്‍ 298 കോടി രൂപ ചെലവഴിച്ചു. എല്‍ഡിഎഫിന്റെ ആദ്യ നാലുവര്‍ഷത്തിനിടെ 599 കോടി രൂപ ലഭിച്ചതില്‍ 576 കോടി രൂപ ചെലവഴിച്ചു. ഐഎവൈ പദ്ധതിയുടെ 63 മുതല്‍ 88 ശതമാനംവരെ പണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് മുടക്കുന്നതെന്ന് ഓര്‍ക്കണം. ഏകോപനം എങ്ങനെ? മൂന്ന് മന്ത്രിമാരെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉപസമിതി ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് വകുപ്പിനുംകൂടി ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. ഈ സംവിധാനം അപ്രായോഗികമാണെന്ന് ആര്‍ക്കും മനസ്സിലാകും. മൂന്നും ഒറ്റവകുപ്പായിരിക്കുന്ന കാലത്തുപോലും ഏകോപനം പ്രശ്നമായിരുന്നു. അപ്പോള്‍മൂന്നാക്കുമ്പോഴോ? പ്രശ്നങ്ങള്‍ മൂന്നുമടങ്ങാകും. തദ്ദേശഭരണവകുപ്പിലെ വിവിധ ഏജന്‍സികള്‍ തമ്മില്‍മാത്രമല്ല, മറ്റ് വകുപ്പുകളുമായിട്ടുള്ള ഏകോപനവും പ്രധാനമാണ്. കാരണം മറ്റ് വികസനവകുപ്പുകളുടെ കീഴ്ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ തദ്ദേശഭരണവകുപ്പിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും ദ്വിമുഖ നിയന്ത്രണത്തിന് വിധേയമാണ്. ഇതിന് ആഴ്ചതോറും യോഗം ചേരുന്ന, തദ്ദേശഭരണമന്ത്രി അധ്യക്ഷനായുള്ള കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. ഇനി ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ലപങ്കും മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഏകോപനസമിതിയിലേക്ക് കൊണ്ടുപോകേണ്ടിവരും. തീരുമാനമെടുക്കുന്നത് ദുഷ്കരമാകും. തദ്ദേശഭരണവകുപ്പിന് ഒരു പൊതു ഉദ്യോഗസ്ഥ കേഡര്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമം എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

എന്‍ജിനിയര്‍മാരുടെ കാര്യത്തില്‍ പൊതുകേഡര്‍ നിലവില്‍വന്നുകഴിഞ്ഞു. മിനിസ്റ്റീരിയല്‍ എക്സിക്യൂട്ടീവ് ലെവലില്‍ പൊതുകേഡറിനുള്ള സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കിവരികയാണ്. ഇവയുടെ ഗതിയെന്തായിരിക്കും? മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരെ പഞ്ചായത്തിലേക്ക് മാറ്റാന്‍ നഗരവകുപ്പുമന്ത്രിക്ക് സമ്മതമാകുമോ? പൊതു എന്‍ജിനിയറിങ് കേഡര്‍ വേണ്ടെന്നുവയ്ക്കുമോ? പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടുവരികയായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട കുടുംബശ്രീയുടെ നടത്തിപ്പിന് വകുപ്പുവിഭജനം പ്രയാസം സൃഷ്ടിക്കും. ഓംബുഡ്സ്മാന്‍ , അപ്പലേറ്റ് അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തുടങ്ങിയവയുടെ നിലയും പരുങ്ങലിലാകും. യഥാര്‍ഥ ഉന്നം എന്ത്? തദ്ദേശഭരണവകുപ്പ് വിഭജനത്തിന് പറയുന്ന ന്യായങ്ങള്‍ക്ക് അടിസ്ഥാനമില്ല.

യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക സമ്മര്‍ദശക്തികളുടെ ഒത്തുതീര്‍പ്പുസര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍പോലും പരസ്യമായി അംഗീകരിക്കുന്നു. പങ്കുവയ്പുരാഷ്ട്രീയത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലേ മന്ത്രിമാരുടെ തെരഞ്ഞെടുപ്പും വകുപ്പുകളുടെ വിഭജനവും വിശദീകരിക്കാന്‍ കഴിയൂ. അഴിമതിയും മണക്കുന്നു. നഗരസഭകളും പഞ്ചായത്തുകളും കൈകാര്യംചെയ്യുന്നത് ലീഗിന്റെ രണ്ടു മന്ത്രിമാരാണ്. ഒരു മന്ത്രിക്കുതന്നെ കൈകാര്യം ചെയ്യുന്നതിന് എന്താണ് വിഷമമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മുനീറിന് ചുമക്കാനാകാത്ത ഭാരമാണെങ്കില്‍ എന്തിന് നഗരഭരണം എടുത്തുമാറ്റണം? സാമൂഹ്യക്ഷേമം മാറ്റിയാല്‍ പോരേ. അതല്ലേ കൂടുതല്‍ യുക്തിസഹമായ വിഭജനം? യുക്തിരഹിതമായ തീരുമാനത്തിന് ഒരു കാരണമേ കണ്ടെത്താനാകൂ. നഗരസഭകളിലെ ബില്‍ഡിങ് പ്ലാന്‍ എക്സംപ്ഷന്‍ കറവപ്പശുവാണ്. അഴിമതിയുടെ സാധ്യതകളാണ് ഗൂഢലക്ഷ്യമെന്ന് സംശയിച്ചാല്‍ എങ്ങനെ തെറ്റുപറയാന്‍ കഴിയും? ഗ്രാമവികസനവകുപ്പ് കോണ്‍ഗ്രസിനാണ്. ഗ്രാമവികസനവകുപ്പുവഴിയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നിയന്ത്രണം കൈക്കലാക്കുകയാണ് ലക്ഷ്യം. ഗ്രാമവികസനവകുപ്പിന്റെ സ്കീമുകള്‍ സന്നദ്ധസംഘടനകള്‍വഴി നല്‍കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള ദേശീയ തൊഴിലുറപ്പുപദ്ധതിപോലെ എന്‍ആര്‍എല്‍എമ്മിന്റെ നേതൃത്വത്തിലുള്ള വിപുലമായ സ്വയംതൊഴില്‍ പരിപാടി. ഇതോടെ എസ്ജിഎസ്വൈ നിര്‍ത്തലാക്കും.
അയല്‍ക്കൂട്ടങ്ങള്‍വഴിയാണ് പുതിയ സ്കീം നടപ്പാക്കുന്നത്. കേരളത്തിലെ കുടുംബശ്രീയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കീം ആവിഷ്കരിച്ചിട്ടുള്ളത്. പഞ്ചായത്തുകളും കുടുംബശ്രീകളുംവഴി പുതിയ സ്കീം നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ , സന്നദ്ധസംഘടനകളെയും അവയുടെ നിയന്ത്രണത്തിലുള്ള സ്വയംസഹായസംഘങ്ങളെയുമാണ് മറ്റ് സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത്. ജനശ്രീപോലുള്ള ബദല്‍സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഗ്രാമവികസനവകുപ്പിനെ വെട്ടിമുറിച്ചതിന് പിന്നിലുണ്ട്. ജനകീയാസൂത്രണപ്രസ്ഥാനത്തോടെ അധികാരവികേന്ദ്രീകരണം അനുക്രമമായ പുരോഗതിയാണ് കൈവരിച്ചത്. ജനകീയാസൂത്രണം രൂപംനല്‍കിയ സംവിധാനങ്ങളെ, 1991ല്‍ ജില്ലാ കൗണ്‍സിലിനെ ഗളഹസ്തം ചെയ്തതുപോലെ 2001ലെ ആന്റണിസര്‍ക്കാരിന് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പുരോഗതിയുടെ വേഗം ഗണ്യമായി കുറയുകയും ദുര്‍ബലപ്പെടുകയും ചെയ്തു. പക്ഷേ, ഇന്ന് ഉണ്ടായിരിക്കുന്നത് തിരിച്ചുപോക്കാണ്. അതാണ് അപകടകരമായ സാഹചര്യം. അധികാരവികേന്ദ്രീകരണത്തോട് പ്രതിബദ്ധതയുള്ള എല്ലാ ആളുകളും യുഡിഎഫിന്റെ ഈ ദുഷ്ടനീക്കങ്ങളെ ചെറുക്കാന്‍ ഒന്നിക്കണം.

*
ഡോ. ടി എം തോമസ് ഐസക്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അധികാരവികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണവകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍ . ഉദ്യോഗസ്ഥരാകട്ടെ അതത് തട്ടിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കുകീഴില്‍ . ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരസഭകള്‍ക്ക്, പഞ്ചായത്തുകള്‍ക്ക്, ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിമാര്‍ ; മൂന്ന് ഉദ്യോഗസ്ഥ കേഡറുകള്‍ ; തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സമാന്തരമായി ഗ്രാമവികസനവകുപ്പ്. പ്രത്യക്ഷത്തില്‍തന്നെ വിപരീതധ്രുവങ്ങളിലാണ് ഈ സമീപനങ്ങള്‍ . ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ ഗളച്ഛേദം ചെയ്യപ്പെടുമെന്ന് ഉറപ്പ്. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നില്ല; ഗ്രാമവികസനവകുപ്പ് പ്രത്യേകമായി സംഘടിപ്പിക്കുകയാണ് ഇതിന് പരിഹാരം.