Monday, May 9, 2011

ചൂണ്ടുവിരലിലെ മഷിയും ചുണ്ടത്തെ ചിരിയും എന്താവും പെട്ടി തുറക്കുമ്പോള്‍ ഫലം?

വോട്ടെടുപ്പിനു ശേഷം ഇത്ര നീണ്ട കാലത്തെ കാത്തിരിപ്പ് ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. അടുത്ത അഞ്ചു കൊല്ലം നാട് ആര്‍ ഭരിക്കുമെന്നറിയാന്‍ താല്പര്യമില്ലാത്തവര്‍ വിരളമാണ്. അതിനാല്‍ എല്ലാരും പെട്ടിതുറക്കുംദിനം വേഗം പുലരാന്‍ പ്രാര്‍ത്ഥിച്ചു കഴിയുന്നു.

ഇത്ര നീണ്ട സന്നിഗ്ദ്ധാവസ്ഥ വേണ്ടിയിരുന്നില്ല എന്ന പക്ഷക്കാരുണ്ട്. എന്തിന് ആളുകളെ വെറുതെ മുള്‍മുനയില്‍ നിര്‍ത്തണം എന്നാണ് ഇവരുടെ ചോദ്യം. തലയൊ വാലൊ എന്നു നോക്കാന്‍ മേലോട്ടിട്ട നാണയം താഴോട്ടു വീഴാന്‍ ഇത്രയും താമസമോ! തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാരാപ്പീസുകളില്‍ ഒന്നും ഒരു പണിയും നടക്കുന്നില്ലപോലും. ഇനി വരുന്നവരുടെ ഇഷ്ടം നോക്കിയിട്ടാവാം ബാക്കി എന്ന് എല്ലാ ഉദ്യോഗസ്ഥരും അമാന്തം നയമാക്കിയിരിക്കയാണത്രെ. പാചകം കഴിഞ്ഞ് താഴെ ഇറക്കി വെച്ച പാത്രം തുറക്കാന്‍ ഒരു മാസം വൈകിയില്‍ അതിലെ ഉരുപ്പടി പുളിച്ചുനാറിപ്പോകില്ലെ എന്നുമുണ്ട് ചോദ്യം.

ഇതൊരു സാധാരണവിഭവമല്ല, പാത്രവുമല്ല എന്ന് മറുപക്ഷം. ശരിയായി ആറുവോളം കാക്കുന്നതാണ് ബുദ്ധി. എല്ലാ വികാരവിദ്വേഷങ്ങളും നന്നായി തണുക്കട്ടെ. അതുവരെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകതന്നെയാണ് വേണ്ടത്.

വോട്ടിങ്ങ് യന്ത്രത്തില്‍ ബാറ്ററി ഉണ്ടൊ, ഉണ്ടെങ്കില്‍ അതിലെ ചാര്‍ജ്ജ് പോകില്ലെ, അപ്പോള്‍ വോട്ടൊക്കെ മായില്ലെ, എന്നുമുണ്ട് സംശയം. കറന്റിന്റെ കളിയല്ലെ, ഇടി വെട്ടിയാല്‍ ആകെ താറുമാറാവില്ലെ എന്നുമുണ്ട്. ഏത് ശൊങ്കന്‍ കമ്പ്യൂട്ടറിലെയും 'ഓര്‍മ്മ' വെള്ളത്തില്‍ വരച്ച വരപോലെ അല്ലെ ഉള്ളൂ എന്ന് മൊത്തം പൊളിഞ്ഞ 'അക്ഷയ'ക്കാരന്‍ ചോദിക്കുന്നു!

വോട്ടുപെട്ടി അത്യാധുനികമായ സാങ്കേതികവിദ്യയുടെ ഉല്പന്നമാണെന്നും അത് കടലിലൊ തീയിലൊ ഇട്ടാലും അതിലെ വോട്ടുകള്‍ക്ക് ഒരു കുഴപ്പവും വരില്ലെന്നും മറുപടി ഇല്ലാതില്ല. ഇടിമിന്നലല്ല, സുനാമിതന്നെ വന്നാലും ഒന്നും സംഭവിക്കില്ല!

എന്റെ അയല്‍വാസിയായ ഒരു സ്‌കൂള്‍ അദ്ധ്യാപകന് എലികളുടെ ആക്രമണത്തെയാണ് പേടി. അദ്ദേഹത്തിന്റെ സ്‌കൂളിലെ കുട്ടികളെ കമ്പ്യൂട്ടര്‍ സാക്ഷരതയുള്ളവരാക്കാന്‍ സ്ഥാപിച്ച യന്ത്രത്തില്‍ ചെറുവിരല്‍ വലിപ്പമുള്ള തെങ്ങെലികള്‍ കൂട്ടത്തോടെ കയറി എല്ലാ വയറുകളും കടിച്ചു മുറിച്ചുകളഞ്ഞു! മാത്രമല്ല, അതിനകത്ത് ആ നുറുങ്ങുകള്‍ ഉപയോഗിച്ച് കൂടു കൂട്ടി പെറ്റു പെരുകുകയും ചെയ്തു. സ്‌കൂളടച്ച് പത്തു ദിവസത്തിനകമാണ് ഇത്രയും സംഭവിച്ചത്. അപ്പോള്‍ ഒരു മാസംകൊണ്ട് എന്തും സംഭവിച്ചുകൂടെ?

'പെട്ടികള്‍ വെച്ചേടത്ത് എലിപ്പെട്ടികളും കരുതിയിരിക്കും, അല്ലെ?' അദ്ദേഹം ചോദിച്ചു.

സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു, 'ഉണ്ടാവും. പോരെങ്കില്‍, ആ കേന്ദ്രങ്ങളില്‍ പൂച്ചകളെയും പുലര്‍ത്തുന്നുണ്ടാവും. അതും, വെറും പൂച്ചകളാവില്ല. ഒന്നാന്തരം കറുത്ത പൂച്ചകളായിരിക്കും. കേട്ടിട്ടില്ലെ കരിമ്പൂച്ചകളെപ്പറ്റി?'

'അത് ഇതല്ലല്ലൊ.'

'പക്ഷേ, ഇതും അതായിക്കൂടെ, മാഷെ?'

'എങ്കില്‍ അവരും കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തികളാവില്ലെ?'

'ഏതു കൂട്ടത്തിലുമുണ്ടാവില്ലെ ഒരു മറുപക്ഷം?' ഞാന്‍ ചോദിച്ചു, 'അതു പോരെ?'

ഇദ്ദേഹമൊരു ഇടതുപക്ഷക്കാരനാണ്. കടുത്ത യുക്തിവാദിയൊന്നും അല്ലെന്നാലും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താറുള്ള ആളാണ്. നഷ്ടപ്പെട്ട പ്രസന്നത വീണ്ടെടുത്ത് അദ്ദേഹം അറിയിച്ചു, 'ഇടതുപക്ഷം ജയിക്കും!'

'അതെങ്ങനെ ഉറപ്പിക്കാം? വല്ല അഴുക്കുചാ(ന)ലിലും പുതിയ സര്‍വ്വെ നടന്നുവോ?'

'ഇല്ലില്ല,' അദ്ദേഹം സ്വരം താഴ്ത്തി, 'നമ്മുടെ ജോത്സ്യരെ ഒന്നു കണ്ടു! സംശയിക്കാനില്ല എന്നാണ് രാശിഫലം!'

'അദ്ദേഹം ആര്‍ക്കാണാവൊ വോട്ടു ചെയ്തത്.'

'അതറിയില്ല.'

'ഇതൊക്കെ അന്ധവിശ്വാസമാണെന്നല്ലെ .... ?'

'ഇലയിട്ടു നോക്കുമ്പോലെ എന്നു വെച്ചോളൂ!'

ഇദ്ദേഹത്തിന്റെ അച്ഛനും ഞാനും സമപ്രായക്കാരാണ്. ഞങ്ങള്‍ സ്‌കൂളില്‍ പോകുന്ന കാലത്ത് സ്ഥിരമായി ഇലയിട്ടു നോക്കാറുണ്ടായിരുന്നു. പെന്‍സിലും മറ്റും വാങ്ങാന്‍ വീട്ടില്‍നിന്നു കിട്ടുന്ന ചില്ലറകൊണ്ട് പരിപ്പുവട തിന്നണൊ അതൊ പെന്‍സില്‍തന്നെ വാങ്ങണൊ എന്നു നിശ്ചയിക്കാനായിരുന്നു ഇത്. വിധി പരിപ്പുവടയ്ക്ക് അനുകൂലമല്ലെങ്കില്‍, മൂന്നു വട്ടം നോക്കാമെന്ന് വീണ്ടും ഇലയിടും. പിന്നെ, ഏഴു വട്ടം. എന്നിട്ടും വിധി അനുകൂലമായില്ലെങ്കില്‍ ഇലയൊക്കെ വലിച്ചെറിഞ്ഞ് നേരെ ചായക്കടയില്‍ ചെന്നു കയറും. അല്ല, പിന്നെ!

ഞങ്ങള്‍ക്കിപ്പോള്‍ നാട്ടിലൊരു മഷിനോട്ടക്കാരനും ഉണ്ട്. അദ്ദേഹത്തിന്റെ അരികിലും ആളുകള്‍ പെട്ടിഫലം അറിയാന്‍ ചെല്ലുന്നു. ഫീസടച്ച് ടോക്കണെടുത്തേ അകത്തു കടക്കാന്‍ പറ്റൂ. പ്രമാണികളായ ആളുകളോട് അവരുടെ ഇഷ്ടാനുസാരമാണത്രെ ഇദ്ദേഹം ഫലം പറയുന്നത്. സാധാരണക്കാരനായ ഒരു ഫലാന്വേഷിയോട് അദ്ദേഹം പറഞ്ഞത് ഇതാണ്, 'തെളിഞ്ഞു കാണുന്നില്ല, ഒന്നും. നാളെ വരൂ, മഷി ഒന്നു മാറ്റിനോക്കാം.' ടോക്കണ്‍ഫീസിന് റീഫണ്ട് ഇല്ലാത്തതിനാല്‍ ഇയാള്‍ പിന്നെ പോയില്ലപോലും.

'ഫലം വരുമ്പോള്‍ ജയിച്ചവര്‍ ജയിച്ചതിന്റെ ഹുങ്കില്‍ തോറ്റവരോടും തോറ്റവര്‍ തോറ്റതിന്റെ അരിശത്തില്‍ ജയിച്ചവരോടും അങ്കത്തിനു മുതിരാതിരുന്നാല്‍ പൊറുതി ആയി!' എന്നാണ് നമ്പൂതിരിമാസ്റ്റര്‍ പറയുന്നത്, 'ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. ഒരു കൂട്ടരേ ജയിക്കൂ, ജയിക്കുന്നത് രണ്ടു പക്ഷങ്ങളില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കയും ചെയ്യും! ജയിച്ചത് തങ്ങളുടെ കേമത്തംകൊണ്ടാണെന്ന് ജയിച്ചവരും, തോറ്റത് എതിരാളികള്‍ ഫൗള്‍ കളിച്ചതിനാല്‍ ആണെന്ന് തോറ്റവരും പറയും.'

'സാറിന്റെ തോന്നല്‍ ആര്‍ ജയിക്കുമെന്നാണ്?'

'അതിനെന്തു സംശയം? ആരൊക്കെ തോറ്റാലും ഞാന്‍ ജയിക്കും!'

'അതെങ്ങനെ? സാര്‍ സ്ഥാനാര്‍ത്ഥിയല്ലല്ലൊ.'

'ആര്‍ തോറ്റാലും എനിക്കു ജയിക്കാന്‍ വേണ്ടിയല്ലെ ഞാന്‍ സ്ഥാനാര്‍ത്ഥിയാകാതിരുന്നത്.'

'മനസ്സിലായില്ല.'

'ജയിച്ച കക്ഷി എന്റെ കക്ഷി! അത്രതന്നെ! ഇപ്പോള്‍ മനസ്സിലായോ?' ഉറക്കെ ഒരു ചിരി ചിരിച്ച് യാത്രയാകുമ്പോള്‍ ഇങ്ങനെയും, 'ഞാന്‍ വോട്ടുചെയ്തത് ആര്‍ക്കെന്ന് അന്നറിയാം!

*****

സി. രാധാകൃഷ്ണന്‍, കടപ്പാട് :ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...