Wednesday, May 25, 2011

ആധുനികോത്തരകാലത്തെ വാമൊഴി

സമ്പന്നവും സൗകര്യപൂര്‍ണവുമായ ഇന്നത്തെ മലയാളിജീവിതം രൂപപ്പെടുത്തുന്നതില്‍ യന്ത്രങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും വലിയ പങ്കുണ്ട്. ഈ പുതിയ സാഹചര്യത്തിന്റെ ഫലങ്ങളിലൊന്നായി ഉരുത്തിരിഞ്ഞു വരുന്ന മാധ്യമവത്ക്കരണം നമ്മുടെ വാമൊഴിയെ അവഗണിക്കുകയും വരമൊഴിക്ക് അനര്‍ഹമായ സ്ഥാനം കൊടുക്കുകയും ചെയ്യുന്നു എന്ന് പല ഭാഗത്തുനിന്നും പരാതി ഉയരുന്നുണ്ട്. സമൂഹത്തിലെ വിവിധവിഭാഗം ജനങ്ങളുടെ വാമൊഴിയെ പത്രം, സിനിമ, ടെലിവിഷന്‍ മുതലായ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നുണ്ട് എന്നത് സത്യമാണ്. അതു മാത്രമാണോ സത്യം? പുതിയ ജീവിതം നമ്മുടെ വാമൊഴിയോട് പെരുമാറുന്നതെങ്ങനെയാണ്?

"സാമാന്യവ്യവഹാരം", "വിശേഷവ്യവഹാരം"എന്ന് ഭാഷയുടെ ആവിഷ്കാരത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തിയത് ആരാണ് എന്ന് അറിഞ്ഞുകൂടാ. ആ വ്യത്യാസത്തെ വിശകലനം ചെയ്തുകൊണ്ട് ഇപ്പറഞ്ഞ പദങ്ങള്‍ പ്രയോഗിക്കുന്ന ഏറ്റവും പഴയ സാഹചര്യം എന്റെ അറിവിലുള്ളത് പതിനാലാം നൂറ്റാണ്ടിലെ രചനയായി കണക്കാക്കി വരുന്ന ലീലാതിലകത്തിന്റെ"വൃത്തി"യിലാണ്. മണിപ്രവാളത്തിന്റെ ലക്ഷണം കണ്ടെത്തുന്നതിലൂടെ സാഹിത്യത്തിന്റെ സ്വഭാവം നിര്‍ണയിക്കുവാന്‍ ഉത്സാഹിക്കുന്ന ആ പ്രാചീന നിരൂപണ പുസ്തകം വാമൊഴി സാമാന്യവ്യവഹാരത്തിനേ കൊള്ളൂ, സാഹിത്യരചന മുതലായ വിശേഷവ്യവഹാരത്തിന് വരമൊഴിതന്നെ വേണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. എ ആര്‍ രാജരാജവര്‍മ(1863- 1918)യുടെ അലങ്കാരശാസ്ത്രഗ്രന്ഥമായ ഭാഷാഭൂഷണ(1902)ത്തില്‍ ഗ്രാമ്യപദങ്ങള്‍ക്ക് കവിതയില്‍ വിലക്ക് കല്‍പ്പിച്ചത് കാണാം. ഗ്രാമ്യത്തിന്റെ കുഴപ്പം വാമൊഴിയാണ് എന്നതു തന്നെ. അതിന് അവിടെ ഉദാഹരിച്ച പദങ്ങള്‍ "കഷണിപ്പിക്കുക", "വെച്ചടിച്ചു" മുതലായവയാണ്.

സാഹിത്യചരിത്രം ഒന്നു മറിച്ചുനോക്കിയാലറിയാം, വിശേഷവ്യവഹാരങ്ങളില്‍ എത്രയോ നൂറ്റാണ്ടുകാലം വാമൊഴിക്ക് തീണ്ടാപ്പാടകലെ നില്‍ക്കേണ്ടിവന്നു. അത്തരം പദങ്ങള്‍ക്ക് വിലക്കില്ലാത്ത നാടന്‍സാഹിത്യത്തിന്റെ ഗതിയും അതായിരുന്നു. സാക്ഷരനും സവര്‍ണനും സമ്പന്നനും ആയ "അധികാരി"യുടെ ഭാഷയോട് അടുത്തുനിന്നിരുന്നത് വരമൊഴിയാണല്ലോ. വിദേശാധിപത്യം, രാജാധിപത്യം, ജാതിഘടന, ജന്മി-കുടിയാന്‍ വ്യവസ്ഥ മുതലായവക്കെതിരായ ജനമുന്നേറ്റം വഴിയാണ് വാമൊഴി വിശേഷ വ്യവഹാരങ്ങളിലേക്ക് കടന്നുവരാന്‍ തുടങ്ങിയത്.

ചില മാതൃകകള്‍ :

1. രാഷ്ട്രീയനേതാക്കന്മാരുടെ പ്രസംഗങ്ങള്‍ മിക്കസമയത്തും വാമൊഴിയുടെ സംവേദനശക്തി ഉയര്‍ത്തിപ്പിടിക്കും. ഇ കെ നായനാര്‍ , ടി കെ ഹംസ, പി സീതിഹാജി തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ ഓര്‍ത്തുനോക്കുക.

2. ദേശീയപ്രസ്ഥാനത്തിന്റെ വഴിക്കുവന്ന എഴുത്തുകാരും അവര്‍ രൂപംകൊടുത്ത പുരോഗമനസാഹിത്യപ്രസ്ഥാനവും ഭിന്നതരം രചനകളില്‍ വാമൊഴിയുടെ വൈകാരികതാശേഷിയെ ഉപയോഗപ്പെടുത്തി. തകഴി, ബഷീര്‍ , പൊന്‍കുന്നം വര്‍ക്കി മുതലായവരുടെ കൃതികള്‍ ഓര്‍ത്തുനോക്കുക.

3. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും ഭാഗമായി പിറവിയെടുക്കുന്ന സിനിമകളിലും നാടകങ്ങളിലും സാധാരണക്കാരുടെ ജീവിതം അടയാളപ്പെടുത്തുന്നത് സംഭാഷണത്തിലാണ്. അതായത് വാമൊഴിയിലാണ്.

അരനൂറ്റാണ്ട്മുമ്പ് പുറപ്പെട്ട നീലക്കുയില്‍ എന്ന സിനിമയിലെ നായിക അടിയാള ജാതിക്കാരിയാണ്. അവര്‍ സ്വന്തം പാരമ്പര്യത്തിനും ചുറ്റുപാടിനും ചേര്‍ന്ന മട്ടിലാണ് വര്‍ത്തമാനം പറയുന്നത്. തോപ്പില്‍ ഭാസി കെപിഎസിക്കുവേണ്ടി ഒരുക്കിയ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പദ്യം മാത്രമാണ് സാഹിത്യം എന്ന ആന്ധ്യത്തില്‍നിന്ന് ഗദ്യവും സാഹിത്യമാണ് എന്ന തിരിച്ചറിവിലേക്ക് നമ്മള്‍ കേരളീയര്‍ ഉണര്‍ന്നുതുടങ്ങുന്ന സന്ദര്‍ഭമാണത്. കേസരി എ ബാലകൃഷ്ണപിള്ള നമ്മുടെ ഗദ്യകഥാകാരന്മാരെ മഹാകവി തകഴി ശിവശങ്കരപ്പിള്ള എന്നും മഹാകവി വൈക്കം മുഹമ്മദ്ബഷീര്‍ എന്നും വിളിച്ചു തുടങ്ങുന്ന കാലം. ബഷീര്‍ എഴുതി: "ഞാന്‍ ജന്മനാ കവിയാണ്. പിന്നെ ഗദ്യത്തില്‍ എഴുതുന്നു എന്നുമാത്രം. ആളുകള്‍ വര്‍ത്തമാനം പറയുന്നതും കുളിക്കുന്നതും ഊണുകഴിക്കുന്നതും പ്രേമിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ ഗദ്യത്തിലാണല്ലോ".

തൊഴിലാളികള്‍ക്കും അധഃകൃതര്‍ക്കും അയിത്തജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും സാഹിത്യത്തില്‍ സ്ഥലം അനുവദിക്കുന്നത് അവരുടെ സാമൂഹ്യജീവിതത്തിന്റെ കൂടെ ആ വാമൊഴി കൂടി രേഖപ്പെടുത്തിക്കൊണ്ടാണ്. അങ്ങനെയാണ് ഭാഷയുടെ ജനാധിപത്യവല്‍ക്കരണം സാധ്യമാകുന്നത് . വാമൊഴിക്ക് പ്രാധാന്യം നല്‍കുവാന്‍ ശേഷിയുള്ളത് പദ്യത്തെക്കാള്‍ ഗദ്യത്തിനാണ്. സൂക്ഷിച്ചുനോക്കിയാല്‍ കാണാം, നമ്മുടെ ജനാധിപത്യം മുന്നേറുന്നത് ഗദ്യത്തിനും വാമൊഴിക്കും കൂടുതല്‍ കൂടുതല്‍ ഇടം നല്‍കിക്കൊണ്ടാണ്.

അധികാരിവര്‍ഗം വാഴ്ചകൊള്ളുന്ന തലസ്ഥാനനഗരത്തിന്റെ കഥയാണ് രാജ്യത്തിന്റെ ചരിത്രം എന്ന കാഴ്ചപ്പാട് രാജാധിപത്യകാലത്തിന്റേതാണ്. അന്നൊക്കെ രാജാവിന്റെ ചരിത്രം തന്നെയാണ് രാജ്യത്തിന്റെയും ചരിത്രം. അത് രേഖപ്പെടുത്തുകയായിരുന്നു, ആസ്ഥാനചരിത്രകാരന്മാരുടെ ഉത്തരവാദിത്തം. ചെറുതും വലുതുമായ അനേകം പ്രദേശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് രാജ്യം. അതുകൊണ്ടുതന്നെ അനേകം പ്രാദേശിക ചരിത്രങ്ങളുടെ സാകല്യമായിരിക്കണം രാജ്യ ചരിത്രം എന്നതാണ് ഇന്നത്തെ ജനാധിപത്യവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്ന സങ്കല്‍പ്പം. കേരളത്തിന്റെ ചരിത്രം അധികാരികള്‍ താമസിക്കുന്ന തലസ്ഥാനമായ തിരുവനന്തപുരത്ത് ഭരണകാര്യാലയങ്ങളില്‍ സൂക്ഷിച്ചുവച്ച റിക്കാഡുകളില്‍ രേഖപ്പെട്ടുകിടക്കുന്നത് മാത്രമല്ല എന്നും അത് സംസ്ഥാനത്തിലെ സാധാരണ ജനങ്ങള്‍ കഴിഞ്ഞുകൂടുന്ന ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷനുകളുടെയും പ്രാദേശിക ചരിത്രങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍ രൂപംകൊള്ളുന്നതുകൂടിയാണ് എന്നും ഉള്ള തിരിച്ചറിവ് ഉദാഹരണം. രാജ്യത്തിന്റെ ചരിത്രം ജനങ്ങളുടെ ചരിത്രമാണ്. താജ്മഹലിന്റെ ചരിത്രം ഷാജഹാനില്‍ ആരംഭിക്കുകയും ആ മുഗള്‍ചക്രവര്‍ത്തിയില്‍ത്തന്നെ അവസാനിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ആ സൗധം തന്റെ ഉന്നതമായ സര്‍ഗശേഷികൊണ്ട് ആദ്യം ഉയര്‍ത്തിയ ശില്‍പി ഉസ്താദ് ഈസയുടെ മഹനീയ നാമധേയം ഏത് ചരിത്രത്തിലുണ്ട്?

മലമ്പുഴയിലെ പൂങ്കാവനത്തില്‍ സുഖാലസ്യത്താല്‍ അടഞ്ഞുപോയ കണ്ണുകളുമായി നിലത്ത് കാലും നീട്ടിയിരിക്കുന്ന നഗ്നസുന്ദരിയുടെ ശില്‍പം സ്ഥാപിക്കുന്നകാലത്തെ സംസ്ഥാനമുഖ്യമന്ത്രി ആരാണ് എന്ന് ആര്‍ക്കറിയാം? യക്ഷി എന്നു പേരായ ആ കലാശില്പം കാനായി കുഞ്ഞിരാമന്‍ എന്നു പേരായ കലാകാരന്റേതാണ് എന്ന് നമുക്കറിയാം. കല രാജാധിപത്യത്തിന്റെ കാലത്ത് പണം മുടക്കിയ അധികാരിയുടേതാണ്; ജനാധിപത്യത്തിന്റെ കാലത്ത് സര്‍ഗശേഷി മുടക്കിയ കലാകാരന്റേതും. ഇവിടെ വിശദീകരിച്ചു പറഞ്ഞതില്‍നിന്ന് വ്യക്തമാവുംപോലെ, ദേശചരിത്രം രാജഭരണകാലത്ത് രാജാവിന്റേതും ജനതാഭരണകാലത്ത് ജനങ്ങളുടേതുമാണ്. രാജാവിന്റെ ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ജനങ്ങളുടെ ചരിത്രം ആരും എവിടെയും എഴുതിവച്ചിട്ടില്ല. അതെങ്ങനെ കിട്ടും? ജനചരിത്രമുള്ളത് ഓര്‍മകളിലാണ്. നാടന്‍കഥ, നാടന്‍പാട്ട്, കടംകഥ, പഴഞ്ചൊല്ല്, ഐതിഹ്യം, തമാശ മുതലായ വാമൊഴികളില്‍ അവയില്‍ പലതും അടയാളപ്പെട്ടുകിടപ്പുണ്ട്. തലമുറകളായി കൈമാറിവരുന്ന കേട്ടുകേള്‍വികളിലും ആ ചരിത്രമുണ്ട്. ചരിത്രം രാജാവ് വരമൊഴിയിലും ജനങ്ങള്‍ വാമൊഴിയിലും "രേഖ"പ്പെടുത്തുന്നു.

പുതിയകാലം പ്രാദേശിക ചരിത്രങ്ങളുടെ സമാഹാരത്തെയാണ് ദേശചരിത്രം എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികപ്പഴമകളുടെ പ്രഭവമായ വാമൊഴിചരിത്രത്തിന് (ഓറല്‍ ഹിസ്റ്ററി) ഇന്ന് പ്രസക്തിയും പ്രാധാന്യവും ഉണ്ട്. കൊട്ടാരത്തിലെ പണ്ഡിതനെങ്കിലും രാജഭക്തനായ ആസ്ഥാനചരിത്രകാരന്റെ വരമൊഴിക്കുള്ള ആധികാരികത ഗ്രാമത്തിലെ നിരക്ഷനെങ്കിലും "സ്മൃതി"കാരനായ വൃദ്ധന്റെ വാമൊഴിക്കുണ്ട് എന്നര്‍ഥം.

മലയാളിയുടെ ഇന്നത്തെ സാമൂഹ്യജീവിതം പുതിയകാലത്തെ യന്ത്രങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സ്വാധീനത്തിലാണ്. കൈഫോണ്‍ , കംപ്യൂട്ടര്‍ , ഇന്റര്‍നെറ്റ്, ഇ-മെയില്‍ , ടെലിവിഷന്‍ , സിനിമ മുതലായവയുടെ സാന്നിധ്യം ഉദാഹരണം. മലയാളിജനസംഖ്യ ഇപ്പോള്‍ മൂന്നുകോടി പതിനെട്ട് ലക്ഷമാണ്. ഇവരില്‍ കുറേ ലക്ഷം കേരളത്തിനു പുറത്ത് ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മറുനാടന്‍ നഗരങ്ങളിലാണ്. അതിലും കൂടുതല്‍ ലക്ഷങ്ങള്‍ ദുബായ്, അബുദാബി, ഖത്തര്‍ , കുവൈത്ത്, അറേബ്യ, ബഹറൈന്‍ , ഒമാന്‍ , അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളിലും. ഇതൊക്കെയായിട്ടും കേരളത്തിലെ സെല്‍ഫോണ്‍ കണക്ഷന്‍ രണ്ടുകോടി എന്നാണ് കണക്ക് ! "എഴുതുന്ന"കത്തുകളുടെ എണ്ണം എത്രയോ കുറഞ്ഞുപോയത് സ്വാഭാവികം. അനേകായിരം പോസ്റ്റ് ഓഫീസുകള്‍ക്കു പുറമെ അനവധിയായ കൊരിയറുകളും പ്രവര്‍ത്തിക്കുന്ന കാലത്താണ് കത്തിലൂടെ സംവേദനം ചെയ്യേണ്ടതെല്ലാം ടെലിഫോണ്‍ സംഭാഷണമായി രൂപാന്തരപ്പെടുന്നത്. കംപ്യൂട്ടര്‍ ടെലിഫോണിന്റെ പണികൂടി എടുത്തുതുടങ്ങിയിരിക്കുന്നു- അതിനകത്ത്"വോയ്സ് മെയില്‍" ഉണ്ട്. ടെലിഫോണ്‍ വിപ്ലവം എന്നത് വരമൊഴിയുടെ പുറത്ത് വാമൊഴി നേടുന്ന ആധിപത്യം കൂടിയാണ്.

മറ്റു വാര്‍ത്താമാധ്യമങ്ങള്‍ സാമാന്യമായി വാമൊഴിയെ മാറ്റിനിര്‍ത്തുമ്പോള്‍ ടെലിവിഷന്‍ കഴിയുന്നത്ര വാമൊഴി ഉപയോഗിക്കുന്നു എന്നത് ശ്രദ്ധിക്കണം. ദിനപത്രങ്ങളിലെ വാര്‍ത്ത വരമൊഴിയിലാണ്. ടിവിയില്‍ വാര്‍ത്താവതരണത്തില്‍ മാത്രമാണ് വരമൊഴി. മറ്റെല്ലാം വാമൊഴിയിലാണ്. സ്റ്റുഡിയോവിലിരുന്ന് "ഇങ്ങനെയൊരു പുതുമയുണ്ട്" എന്ന് അവതാരകര്‍ പറയുന്നത് വരമൊഴിയിലാണ്. പക്ഷേ, സംഭവസ്ഥലത്തുനിന്ന് സംസാരിക്കുന്ന റിപ്പോര്‍ട്ടര്‍ താനോ മറ്റുള്ളവരോ എഴുതിയത് വായിക്കുകയല്ല, ഒരു സംഭവത്തിന്റെ നടുവില്‍നിന്ന് താന്‍ കാണുന്നതും കേള്‍ക്കുന്നതും "തൊള്ളയില്‍ തോന്നും പോലെ" പുറംലോകത്തെ "പറഞ്ഞ"റിയിക്കുകയാണ്. അപൂര്‍ണവാക്യങ്ങള്‍ , വ്യാകരണപ്പിഴകള്‍ , ഉച്ചാരണഭേദങ്ങള്‍ , സ്വന്തം വാമൊഴിയുടെ പ്രത്യേകതകള്‍ - എല്ലാം കലര്‍ന്നതാണ് ആ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടറുടെയും പ്രേക്ഷകരുടെയും ശ്രദ്ധ വള്ളംകളിയിലോ തീവണ്ടിദുരന്തത്തിലോ ഫുട്ബോള്‍ ഗ്രൗണ്ടിലോ ആയത്കൊണ്ട് ആ ഭാഷയുടെ സാധ്യതകളിലേക്കോ പരിമിതികളിലേക്കോ അപ്പോള്‍ ആരുടെയും കണ്ണും കാതും ചെല്ലുകയില്ല. പ്രതികരണക്കാരും പ്രതിഷേധക്കാരും പ്രതിരോധക്കാരും പ്രായോജകരും എല്ലാം ആയി സ്ക്രീനില്‍ തെളിയുന്ന നേതാക്കന്മാരും കലാകാരന്മാരും കച്ചവടക്കാരുമെല്ലാം വാമൊഴിക്കാരാണ്.

സ്വസ്ഥമായി സ്റ്റുഡിയോയില്‍ ഇരുന്ന് അവതരിപ്പിക്കുന്ന പരിപാടികളിലും വാമൊഴി ഇടയ്ക്കും തലയ്ക്കും കടന്നുവരുന്നു. കംപ്യൂട്ടറിനകത്തെ ബ്ലോഗ്, സല്ലാപമുറി(ചാറ്റ് റൂം), ഇ-മെയില്‍ മുതലായവയില്‍ മലയാളലിപിയിലും റോമന്‍ ലിപിയിലുമായി സംസാരഭാഷ ധാരാളം ഇടം കണ്ടെത്തുന്നുണ്ട്. പുതിയകാലത്തെ പത്രപ്രവര്‍ത്തനം കേട്ടെഴുത്ത് എന്നൊരു ശാഖയ്ക്ക് രൂപം നല്‍കിയിരിക്കുന്നു. സാഹിത്യകാരന്മാരോ രാഷ്ട്രീയനേതാക്കന്മാരോ സാമൂഹ്യപ്രവര്‍ത്തകരോ "പറയുന്നത്" കേട്ട് എഴുതുന്ന സമ്പ്രദായമാണിത്. ഇതു ചിലപ്പോള്‍ ഫോണില്‍കേട്ടത് മാത്രമാവും. അത്തരം "ലേഖന"ങ്ങളില്‍ , അവിടവിടെ ചില്ലറ പരിഷ്കാരങ്ങളുണ്ടെന്നതൊഴിച്ചാല്‍ , വരമൊഴിയെക്കാള്‍ അധികമുള്ളത് വാമൊഴിയാണ്. അഭിമുഖസംഭാഷണങ്ങളില്‍ യാതൊരു പരിഷ്കാരവും കൂടാതെ "പറഞ്ഞു" കേട്ടത് അപ്പടി എഴുതുന്ന പതിവും ഉണ്ടായിവന്നിട്ടുണ്ട്.

"കേട്ടെഴുത്തി"ന്റെ ഈ സമ്പ്രദായം വളര്‍ന്ന് നമ്മുടെ ഭാഷയില്‍ പുതിയതരം ആത്മകഥാരചനയുടെ മണ്ഡലം രൂപപ്പെട്ടിരിക്കുന്നു- എഴുത്തും വായനയും പരിചയമില്ലാത്തവരോ പരിശീലിച്ചിട്ടില്ലാത്തവരോ ആയ വ്യക്തികളുടെ ആത്മകഥകള്‍ ഉണ്ടാകുവാന്‍ അങ്ങനെ അവസരമൊരുങ്ങി. ലൈംഗികത്തൊഴിലാളി നളിനി ജമീല, കള്ളന്‍ മണിയന്‍പിള്ള, ആദിവാസി നേതാവ് ജാനു, നടി നിലമ്പൂര്‍ ആയിശ, പാട്ടുകാരന്‍ മൂസ എരഞ്ഞോളി, പ്രകൃതിസ്നേഹി പൊക്കുടന്‍ മുതലായവരുടെ ആത്മകഥകള്‍ ഉദാഹരണം. "കേട്ടെഴുത്തി"ലൂടെ ഉണ്ടായിവരുന്ന നിരക്ഷരരുടെ ആത്മകഥാരചനകള്‍ മറ്റു നാടുകളിലുമുണ്ട്. ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരി ഫൂലന്‍ദേവിയുടെ ആത്മകഥ (ഞാന്‍ ഫൂലന്‍ദേവി) ഉദാഹരണം. പാകിസ്ഥാനിലെ പൗരാവകാശപ്രവര്‍ത്തക മുഖ്താര്‍ മായിയുടെ ആത്മകഥ (മാനത്തിന്റെ പേരില്‍) മറ്റൊരുദാഹരണം. ഇപ്പറഞ്ഞ രണ്ടിനും മലയാളത്തില്‍ പരിഭാഷ വന്നിട്ടുണ്ട്.

പത്രപ്രവര്‍ത്തനത്തിലെ "കേട്ടെഴുത്തി"ന്റെ ഗംഭീരമായൊരു മാതൃക നേരത്തെ അവതരിപ്പിക്കുന്നത് നോബല്‍സമ്മാനജേതാവ് ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍കേസ് ആണ്. യൗവനകാലത്ത് പത്രപ്രവര്‍ത്തകനായിരുന്നപ്പോള്‍ കപ്പല്‍ച്ചേതത്തില്‍പ്പെട്ട് പതിനാല് ദിവസം കടലില്‍ കുടുങ്ങിപ്പോയ നാവികനെക്കുറിച്ച് അദ്ദേഹം കേട്ടു. ആളെ പോയിക്കണ്ട മാര്‍കേസ് അയാളുടെ വിചിത്രമായ അനുഭവങ്ങള്‍ പൂര്‍ണമായി കേട്ടെഴുതി. സത്യസന്ധമായ ആ വിവരണമാണ് The Story of a Shipwrecked Sailor (1955) എന്നു പേരായി പുറപ്പെട്ട മാര്‍കേസിന്റെ ആദ്യത്തെ നോവല്‍ . ഇതിന്റെ മലയാള പരിഭാഷ കപ്പല്‍ച്ചേതം വന്ന നാവികന്റെ കഥ (സാനന്ദരാജ്: നിയോഗം ബുക്സ്, കൊച്ചി) 1998 ല്‍ ഇറങ്ങി. കേരളത്തിലെ കേട്ടെഴുത്തുരീതിയെ ഈ പരിഭാഷ പ്രചോദിപ്പിച്ചിരിക്കാം.

ഇങ്ങനെ കേട്ടെഴുതുന്ന ആത്മകഥകളിലെല്ലാം ഭാഷാരൂപം വാമൊഴിയായിക്കൊള്ളണമെന്നില്ല. പുറപ്പെടുന്നത് വാമൊഴിയായിട്ടാണെങ്കിലും പുസ്തകാകൃതിയില്‍ ചിലതിന്റെ രൂപം വ്യത്യാസപ്പെടാം. നളിനി ജമീലയുടെ കഥനം രൂപം വാമൊഴിയിലല്ല; ജാനുവിന്റേത് വാമൊഴിയിലാണ്. വാമൊഴിക്ക് പ്രാധാന്യമുള്ള ഇത്തരം ഏര്‍പ്പാടിനെ വാചിക പത്രപ്രവര്‍ത്തനം(ഓറല്‍ ജേണലിസം) എന്ന് വിളിക്കാം എന്ന് ഞാന്‍ കരുതുന്നു.

ഈയിടെ പുറത്തിറങ്ങിയ ചില സാഹിത്യകൃതികള്‍ തീര്‍ത്തും വാമൊഴിയിലാണ്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് സക്കറിയയുടെ ലഘുനോവല്‍ "പ്രെയ്സ് ദ ലോഡ"്. മധ്യകേരളത്തിലെ മീനച്ചിലാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ വാമൊഴിയിലാണ് ഇതിലെ ആഖ്യാനം. മറ്റൊന്ന് മാധവിക്കുട്ടിയുടെ കഥാസമാഹാരം ജാനുവമ്മ പറഞ്ഞ കഥകള്‍ - മലബാറിലെ നായര്‍ സമുദായത്തിന്റെ വാമൊഴിയിലാണ് കഥാകഥനം മുഴുവന്‍ .

ഇന്നത്തെ മലയാളസിനിമയുടെ ഇഷ്ടവിഭവങ്ങളിലൊന്ന് വാമൊഴിയാണ്. തമാശയുണ്ടാക്കാന്‍ സിനിമക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് പ്രാദേശികമോ സാമുദായികമോ ആയ മൊഴിഭേദങ്ങളെയാണ്. കോഴിക്കോട്ടെ മുസ്ലിമിന്റെയും(മാമുക്കോയ) തൃശൂരിലെ ക്രിസ്ത്യാനിയുടെയും(ഇന്നസെന്റ്) തിരുവനന്തപുരത്തെ നായരുടെയും(ഇന്ദ്രന്‍സ്) ഭാഷണരീതികളുടെ അവതരണം എത്ര ആവര്‍ത്തിച്ചിട്ടും നമുക്ക് മടുത്തിട്ടില്ല. "രാജമാണിക്യം" എന്ന സിനിമയിലെ താരം മമ്മൂട്ടിയല്ല, തിരുവനന്തപുരത്തെ വെഞ്ഞാറമൂട് എന്ന പ്രദേശത്തെ വാമൊഴിയാണ്!

(കേരള സര്‍വകലാശാലയിലെ മലയാളവിഭാഗം 2010 ഡിസംബര്‍ ഒന്നാം തിയ്യതി കാര്യവട്ടത്ത് സംഘടിപ്പിച്ച ഭാഷാ ചര്‍ച്ചയില്‍ അവതരിപ്പിച്ച പ്രബന്ധം )



*****


എം എന്‍ കാരശ്ശേരി, കടപ്പാട്:ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലമ്പുഴയിലെ പൂങ്കാവനത്തില്‍ സുഖാലസ്യത്താല്‍ അടഞ്ഞുപോയ കണ്ണുകളുമായി നിലത്ത് കാലും നീട്ടിയിരിക്കുന്ന നഗ്നസുന്ദരിയുടെ ശില്‍പം സ്ഥാപിക്കുന്നകാലത്തെ സംസ്ഥാനമുഖ്യമന്ത്രി ആരാണ് എന്ന് ആര്‍ക്കറിയാം? യക്ഷി എന്നു പേരായ ആ കലാശില്പം കാനായി കുഞ്ഞിരാമന്‍ എന്നു പേരായ കലാകാരന്റേതാണ് എന്ന് നമുക്കറിയാം. കല രാജാധിപത്യത്തിന്റെ കാലത്ത് പണം മുടക്കിയ അധികാരിയുടേതാണ്; ജനാധിപത്യത്തിന്റെ കാലത്ത് സര്‍ഗശേഷി മുടക്കിയ കലാകാരന്റേതും. ഇവിടെ വിശദീകരിച്ചു പറഞ്ഞതില്‍നിന്ന് വ്യക്തമാവുംപോലെ, ദേശചരിത്രം രാജഭരണകാലത്ത് രാജാവിന്റേതും ജനതാഭരണകാലത്ത് ജനങ്ങളുടേതുമാണ്. രാജാവിന്റെ ചരിത്രം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ജനങ്ങളുടെ ചരിത്രം ആരും എവിടെയും എഴുതിവച്ചിട്ടില്ല. അതെങ്ങനെ കിട്ടും? ജനചരിത്രമുള്ളത് ഓര്‍മകളിലാണ്. നാടന്‍കഥ, നാടന്‍പാട്ട്, കടംകഥ, പഴഞ്ചൊല്ല്, ഐതിഹ്യം, തമാശ മുതലായ വാമൊഴികളില്‍ അവയില്‍ പലതും അടയാളപ്പെട്ടുകിടപ്പുണ്ട്. തലമുറകളായി കൈമാറിവരുന്ന കേട്ടുകേള്‍വികളിലും ആ ചരിത്രമുണ്ട്. ചരിത്രം രാജാവ് വരമൊഴിയിലും ജനങ്ങള്‍ വാമൊഴിയിലും "രേഖ"പ്പെടുത്തുന്നു.