Tuesday, May 24, 2011

തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിക്കരുത്

തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിച്ച് നഗരകാര്യം, പഞ്ചായത്ത്, ഗ്രാമവികസനം എന്നീ വകുപ്പുകളാക്കാനും വ്യത്യസ്ത മന്ത്രിമാരുടെ കീഴിലാക്കാനുമുള്ള സര്‍ക്കാര്‍ നടപടി ദുരുദ്ദേശ്യപരവും അധികാരവികേന്ദ്രീകരണ പ്രക്രിയയെ പിന്നോട്ടടിപ്പിക്കുന്നതുമാണ്. അധികാരവികേന്ദ്രീകരണ രംഗത്ത് കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ ഇന്ത്യക്കെന്നല്ല ലോകത്തിനുതന്നെ മാതൃകയാണ്. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയെടുക്കാനും നമുക്കായി. കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് തുടര്‍ച്ചയായി ലഭ്യമായിട്ടുള്ളതും കേരളത്തിനാണ്. എന്നാല്‍ , ഈ നേട്ടങ്ങളോടൊപ്പംതന്നെ ഒട്ടേറെ പ്രയാസങ്ങളും തദ്ദേശ സ്വയംഭരണവകുപ്പ് നേരിടുന്നു. അധികാരവും സമ്പത്തും കൈമാറിയെങ്കിലും അവ ഫലപ്രദമായി വിനിയോഗിക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥസംവിധാനമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥ പുനര്‍വിന്യാസമാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും അത് പല കാരണങ്ങളാല്‍ പൂര്‍ണതയിലെത്തിയിട്ടില്ല. പരിമിതമായ ജീവനക്കാര്‍ മാത്രമാണ് പുനര്‍വിന്യസിക്കപ്പെട്ടത്. അവരില്‍ പലരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും പുനര്‍വിന്യസിക്കപ്പെട്ട് വന്ന ജീവനക്കാരും തമ്മിലുള്ള ബന്ധം മോരും മുതിരയും പോലെയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 15 വര്‍ഷത്തെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കണമെന്ന നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി തയ്യാറായത്. ഇതിന്റെ ആദ്യ ഘട്ടമായാണ് തദ്ദേശ സ്വയംഭരണ എന്‍ജിനിയറിങ് സര്‍വീസ് രൂപീകരിച്ചത്. അതിന്റെ ഫലമായി ഇന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ സാങ്കേതികവിഭാഗം ജീവനക്കാര്‍ ആവശ്യത്തിന് ലഭ്യമാണ്. നേരത്തെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി കേവലം എണ്ണൂറോളം സാങ്കേതികവിഭാഗം ജീവനക്കാരാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് നാലായിരത്തിലേറെയാണ്. മുമ്പ് പഞ്ചായത്തുകളില്‍ ഒന്നില്‍പോലും ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍ ഇല്ലായിരുന്നു. പല പഞ്ചായത്തിലും ഒരു ഓവര്‍സിയര്‍പോലുമില്ലാത്ത അവസ്ഥയായിരുന്നു. അതിനെല്ലാം പരിഹാരം കാണാന്‍ കഴിഞ്ഞത് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചതിനെ തുടര്‍ന്നാണ്. എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിജയകരമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പഞ്ചായത്ത് കോമണ്‍ സര്‍വീസ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, നഗരകാര്യ ഡയറക്ടറേറ്റ്, ഗ്രാമവികസന കമീഷണറേറ്റ് എന്നിവയെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് 61/2011/തസ്വഭവ/26/02/11 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പൊതുസര്‍വീസിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ഗവണ്‍മെന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആസ്ഥാനമന്ദിരമായി സ്വരാജ്ഭവനും നിര്‍മിച്ചു. സംസ്ഥാന നഗരസഭകളില്‍ ഇന്ന് രണ്ടുതരം ജീവനക്കാരാണുള്ളത്. എന്‍ജിനിയറിങ് വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണ്. അവരെ പഞ്ചായത്തുകളിലും നഗരസഭകളിലും മാറ്റി നിയമിക്കാവുന്നതാണ്. അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ നേരിട്ടാണ് നല്‍കുന്നത്. എന്നാല്‍ , റവന്യൂ മിനിസ്റ്റീരിയല്‍ , ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ കോമണ്‍സര്‍വീസിലെ ജീവനക്കാരായി തുടരുന്നു. അവരുടെ ശമ്പളവും ആനുകൂല്യങ്ങളും നഗരസഭകളുടെ ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. ഇത് വകുപ്പില്‍ ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ കഴിയുന്നതാണ് പൊതുസര്‍വീസ്.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനെ വിഭജിച്ച് വ്യത്യസ്ത മന്ത്രിമാരുടെ കീഴിലാക്കാന്‍ തീരുമാനിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സര്‍വീസ് തീരുമാനം അട്ടിമറിക്കുന്നതും അധികാര വികേന്ദ്രീകരണ പ്രക്രിയയെ തുരങ്കം വയ്ക്കുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതുമാണ്. അതിനാല്‍ അടിയന്തരമായി തദ്ദേശസ്വയംഭരണ പൊതുസര്‍വീസിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പൊതുസര്‍വീസ് പൂര്‍ണതയിലെത്തിക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് ഒരു മന്ത്രിയുടെ കീഴില്‍ കൊണ്ടുവരാനും തയ്യാറാകണം.


*****


കെ ജയദേവന്‍, (കെഎംസിഎസ്‌യൂ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: