Sunday, May 8, 2011

ബിന്‍ ലാദന്റെ കൊലപാതകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

2001 സെപ്തംബര്‍ 11 ന് ഞങ്ങളുടെ ജനങ്ങള്‍ അമേരിക്കന്‍ ഐക്യനാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ന്യൂയോര്‍ക്കിലെ ഇരട്ട ടവറുകള്‍ക്കുനേരെ നടന്ന കിരാതാക്രമണത്തിനിരയായവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതിന് ഞങ്ങള്‍ക്ക് നല്‍കാവുന്ന പരിമിതമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമണത്തിന്റെ ആദ്യമണിക്കൂറുകളിലെ കുഴപ്പം നിറഞ്ഞ സമയത്തു അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ഞങ്ങളുടെ വിമാനത്താവളങ്ങളുടെ റണ്‍വേ ഉപയോഗിക്കാമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളോടുള്ള എതിര്‍പ്പ് ക്യൂബന്‍ വിപ്ലവത്തിന്റെ ചരിത്രപ്രധാനമായ നിലപാടാണെന്നത് പ്രസിദ്ധമാണ്. ബാറ്റിസ്റ്റ സ്വേച്ഛാധിപത്യത്തിനെതിരായ സായുധ സമരത്തിലെ പതറാത്ത പങ്കാളികളായിരുന്നു ഞങ്ങള്‍. അതെസമയം നിരപരാധികളായ ജനങ്ങളുടെ മരണത്തിലേയ്ക്ക് നയിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ എതിരായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതു ഒസാമ ബിന്‍ ലാദന്റെ കൊലപാതകം പോലുള്ള സങ്കീര്‍ണമായ പ്രശ്‌നത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ക്കും അവകാശം നല്‍കുന്നുണ്ട്. ആക്രമണങ്ങളിലൂടെയും യുദ്ധത്തിലൂടെയും സാര്‍വദേശീയ ഭീകരവാദത്തിന് ഒരിക്കലും അന്ത്യം കുറിക്കാനാവില്ലെന്ന് ഹവാനയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.

ബിന്‍ ലാദന്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ സുഹൃത്തായിരുന്നു. അമേരിക്കയാണ് അദ്ദേഹത്തെ പരിശീലിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും എതിരാളിയായിരുന്നു ബിന്‍ ലാദന്‍. അദ്ദേഹത്തിന്റെമേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ എന്തു തന്നെയായാലും നിരായുധനായ ഒരു മനുഷ്യനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൊല ചെയ്തത് ബീഭത്‌സമായ നടപടിയാണ്. ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കരുത്തുള്ള രാഷ്ട്രത്തിന്റെ ഗവണ്‍മെന്റ് ചെയ്തത് ഇതാണ്.

ബിന്‍ ലാദന്റെ മരണം പ്രഖ്യാപിച്ചുകൊണ്ട് ഒബാമ നടത്തിയ ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ പ്രസംഗത്തില്‍ പറഞ്ഞു. ''ഏറ്റവും ദുഃഖകരമായ പ്രതിച്ഛായകള്‍ ലോകം കാണാത്തവയാണെന്ന് നമുക്കറിയാം. തീന്‍മേശയിലെ ഒഴിഞ്ഞ സീറ്റുകള്‍. അമ്മയോ അച്ഛനോ ഇല്ലാതെ വളരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍. സ്വന്തം മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കള്‍. മൂവായിരത്തോളം പൗരന്‍മാരെ നമ്മുടെ ഇടയില്‍ നിന്നും തട്ടിക്കൊണ്ടുപോയി, നമ്മുടെ ഹൃദയങ്ങളില്‍ നികത്താത്ത ഗര്‍ത്തമായി അതവശേഷിക്കുന്നു''.

ഒബാമയുടെ പ്രസംഗത്തിലെ ഈ ഖണ്ഡികയില്‍ നാടകീയമായ ഒരു സത്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും അഴിച്ചുവിട്ട നീതിരഹിതമായ യുദ്ധങ്ങളെയും അമ്മയും അച്ഛനുമില്ലാതെ വളരാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് കുട്ടികളെയും മക്കളുടെ ആലിംഗനത്തിന്റെ ചൂടറിയാത്ത രക്ഷിതാക്കളെയും ഓര്‍ക്കുന്നതില്‍ നിന്നും സത്യസന്ധരായ ജനങ്ങളെ ഇത് പിന്തിരിപ്പിക്കുന്നില്ല.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും വിയറ്റ്‌നാമിലും ലാവോസിലും കമ്പോഡയയിലും ക്യൂബയിലും മറ്റ് നിരവധി രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമേരിക്കയുടെ ആക്രമണങ്ങള്‍ക്കിരയായി. അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ക്യൂബന്‍ ഭൂപ്രദേശമായ ഗ്വാണ്ടനാമോയില്‍ മാസങ്ങളോളവും ചിലപ്പോള്‍ വര്‍ഷങ്ങളോളവും ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ജനങ്ങള്‍ മറക്കുന്നില്ല. പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളുടെ ഒത്താശ്ശയോടെ തട്ടിക്കൊണ്ടുപോയി, രഹസ്യതടവറകളില്‍ പാര്‍പ്പിച്ചവരാണവര്‍.

ഒസാമയെ അദ്ദേഹത്തിന്റെ മക്കളുടെയും ഭാര്യമാരുടെയും കണ്‍മുന്നില്‍വെച്ചാണ് കൊല ചെയ്തതെന്ന വസ്തുത ഒബാമയ്ക്ക് മറച്ചുവെക്കാനാവില്ല. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ഒരു മുസ്ലീം രാജ്യത്തുവെച്ചാണ് ഇതു നടന്നത്. ആ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെടുകയും രാഷ്ട്രത്തിന്റെ അന്തസിനു ക്ഷതം ഏല്‍പ്പിക്കുകയും മതപരമായ പാരമ്പര്യങ്ങള്‍ അവഹേളിക്കപ്പെടുകയും ചെയ്തു.

നിയമവിധേയമല്ലാതെ, വിചാരണ കൂടാതെ കൊല ചെയ്തത് എങ്ങിനെയെന്ന് ലോകത്തോട് വിശദീകരിക്കുന്നത് തടയാന്‍ ഒബാമയ്ക്ക് എങ്ങിനെ കഴിയും. ആ കൊലയുടെ ചിത്രം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതും തടയാന്‍ ഒബാമയ്ക്ക് എങ്ങിനെയാണ് കഴിയുക?

2002 ജനുവരി 28 ന് സി ബി എസ് ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകനായ ഡാന്‍ റാത്തര്‍ റിപ്പോര്‍ട്ട് ചെയ്തത് വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ തലേ ദിവസം ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയില്‍ ഡയാലിസിനു വിധേയനായി, ചികിത്സയിലായിരുന്നുവെന്നാണ്. സി ബി എസ് ടെലിവിഷന്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒളിക്കാനോ പര്‍വതപ്രദേശങ്ങളില്‍ അഭയം തേടാനോ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല ബിന്‍ ലാദന്‍.

ലാദനെ കൊലപ്പെടുത്തുകയും മൃതദേഹം സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തുകയും ചെയ്തത് ഭീതിയും അരക്ഷിതബോധവുമാണ് പ്രകടമാക്കുന്നത്. ലാദനെ കൂടുതല്‍ അപകടകാരിയായ ഒരാളാക്കുകയാണ് ഇതുവഴി ചെയ്തത്. തുടക്കത്തിലെ ആവേശം ഒതുങ്ങുമ്പോള്‍, അമേരിക്ക ഉപയോഗിക്കുന്ന രീതികള്‍ക്ക് എതിരെ അമേരിക്കയിലെ തന്നെ പൊതുജനാഭിപ്രായം തിരിയും. പൗരന്‍മാരെ സംരക്ഷിക്കുന്നതല്ല ഈ രീതികള്‍. അവയോടുള്ള വെറുപ്പും അമര്‍ഷവും വളരും.

*****

ഫിഡൽ കാസ്ട്രോ

1 comment:

വര്‍ക്കേഴ്സ് ഫോറം said...