Saturday, May 28, 2011

വിശപ്പിനുമേല്‍ ധാന്യക്കൂമ്പാരം

തിരഞ്ഞെടുപ്പ് കഴിഞ്ഞു. എല്ലാം ഒരു വക ഒതുങ്ങി എന്നു കരുതാം. ഇനി നമുക്ക് ജനങ്ങളുടെ അത്യാവശ്യ ജീവിത പ്രശ്‌നങ്ങളിലേയ്ക്കു കടക്കാനുള്ള സമയമായി. കേന്ദ്രത്തിലാണെങ്കില്‍ ഇപ്പോഴും ചക്കളത്തി പോര് തന്നെയാണ്. ഒരു ഭാഗത്ത് യു പിയിലെ ഭൂമി പിടിച്ചെടുക്കലും, എതിര്‍സമരവും. സമരം നടത്തുന്ന നോയ്ഡ കര്‍ഷകരുടെ പിന്തുണകിട്ടാന്‍, ജനജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത രാഹുല്‍ ആകാശത്തുനിന്ന് പൊട്ടിവീണ്, കുറച്ചുനേരം വെയിലുകൊണ്ട് കുറെ കോലാഹലമുണ്ടാക്കി തിരിച്ചുപോയി. പിന്നെ വന്നത് സച്ചിന്‍ പൈലറ്റ്. അതൊരു നാടകം. ഇങ്ങനെ പലതരം നാടകങ്ങള്‍കളിച്ച് ഭരണം അസംബന്ധമാക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ നേരിടാന്‍ എവിടെ സമയം.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് തന്നെയാണിപ്പോള്‍ ചിന്തിക്കേണ്ടത്. വലിയൊരു ഭാഗം ജനങ്ങളും സകല പുരോഗതി കണക്കുകള്‍ക്കിടയിലും വിശന്നുകഴിയുന്നരാജ്യമാണിന്ത്യ. സമൃദ്ധിക്കിടയില്‍ പട്ടിണി എന്ന പഴയ പ്രയോഗം, അക്ഷരാര്‍ഥത്തില്‍ അനുഭവമാകുന്ന കാര്യങ്ങളാണ് ഈയിടെ പഞ്ചാബില്‍ നിന്നറിയുന്നത്. അതാകട്ടെ തീര്‍ത്തും കെടുകാര്യസ്ഥതയും കഴിവുകേടുംകാരണം തന്നെ. പഞ്ചാബിലെ ചന്തകളില്‍ ഗോതമ്പ് കുമിയുന്നു. ഗോതമ്പുല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ 12 ദശലക്ഷം ടണ്ണില്‍ നിന്ന് 17 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. ഇതൊരു വന്‍ നേട്ടമാണ്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂട്ടി ഇന്ത്യന്‍ കര്‍ഷകന്‍ അവന്റെ മഹത്തായ കടമ നിറവേറ്റുന്നു. ഈ വര്‍ഷം ഉല്‍പ്പാദനം 85 ദശലക്ഷം ടണ്‍ ആവുമെന്നാണ് സൂചന. ഉല്‍പ്പാദനരംഗത്തെ വന്‍കുതിച്ചുചാട്ടമെന്നോ, ഗോതമ്പ് വിപ്ലവമെന്നോ പറയാം.

നമ്മുടെ കര്‍ഷകര്‍ ചെയ്ത തീഷ്ണമായ ജോലിക്ക് നന്ദി പറയാം. പക്ഷെ പഞ്ചാബില്‍ ഡോ. സ്വാമിനാഥന്‍ നടത്തിയ ഒരു പഠനത്തില്‍ അറിഞ്ഞത് നിരാശാജനകമായ കാര്യമായിരുന്നു. കര്‍ഷകരുടെ കഠിനപ്രയത്‌നം ഉല്‍പ്പാദിപ്പിച്ച ഗോതമ്പ്, സൂക്ഷിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗോതമ്പു ചാക്കുകള്‍ മിക്ക സ്റ്റോറുകളും നിറഞ്ഞു നില്‍ക്കുന്നു. ഈ വര്‍ഷത്തെത് സൂക്ഷിക്കാന്‍ സ്ഥലമില്ല. അമിതമായി മാലത്തിയോണ്‍ തളിച്ചാണ് ഗോതമ്പ് നശിക്കുന്നത് തടയാന്‍ ശ്രമിക്കുന്നത്. പഞ്ചാബ്, ഹരിയാന, യു പി പ്രദേശങ്ങളില്‍ നിന്ന് ഇനിയും വന്‍തോതില്‍ ധാന്യം വരും. സീസണ്‍ ആവുന്നതോടെ ഇതിന്റെ സംഭരണം ശരിയായില്ലെങ്കില്‍ വന്‍ നഷ്ടമാണുണ്ടാവുക. ഒരു ഭാഗത്ത് കര്‍ഷകര്‍ പ്രതികൂല കാലാവസ്ഥകളിലും കഠിനാധ്വാനം ചെയ്യുന്നു. മറുഭാഗത്ത് വിശക്കുന്ന കോടികള്‍ക്ക് ഉപകാരപ്പെടുന്ന ധാന്യക്കൂമ്പാരങ്ങള്‍ സൂക്ഷിപ്പില്ലാതെ ചീഞ്ഞളിയുന്നു. കര്‍ഷകരോടു ചെയ്യുന്ന ക്രൂരതയാണിത്.

നന്ദികേട് കാണിക്കുന്നത് പൊതുവിതരണത്തിനുവേണ്ട ഗോതമ്പിന്റെ 60 ശതമാനവും അരിയുടെ 40 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചാബി കര്‍ഷകരോടാണ്. ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതി സാധ്യമാക്കുന്നത് ഇവരാണ്. അവര്‍ക്കാണ് സകലദുരിതങ്ങളും. ഉണ്ടാക്കിയ ധാന്യം സൂക്ഷിക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. കൊയ്ത്തിനുശേഷം ആവശ്യമായ ചെലവിനു പണമില്ലാത്തവര്‍ക്ക് ഒരുതരം സഹായസംവിധാനവുമില്ല. കാലവര്‍ഷക്കെടുതി വന്നാല്‍ ഉടന്‍ നടപടികളില്ല. ഉല്‍പ്പാദന പ്രക്രിയ കാലാവസ്ഥ സുസ്ഥിരമാക്കാനും സംഭരണ ആഭ്യന്തരഘടന ശക്തമാക്കാനും ഇന്ത്യയില്‍ ഒരു ശ്രമം നടത്താത്തത് ദയനീയമാണ്. ഇതൊക്കെ നടക്കുന്നത് കൃഷിമന്ത്രാലയത്തിന്റെ മൂക്കിനു താഴെയാണ്.

ജലവിതാനവും ജലസേചനവും അത്യന്താപേക്ഷിതമേഖലകളാണ്. ഏറ്റവും അവഗണന കാണിക്കുന്നതും ഇവയോട് തന്നെ. കണ്ടമാനം കീടനാശിനികളും മിനറല്‍ വളങ്ങളും ഉപയോഗിക്കുന്നതു കാരണം കൃഷിക്കുപയോഗിക്കുന്ന ജലവും മോശമാണ്. പഞ്ചാബിലെ ഏതാണ്ട് 50000 ഹെക്ടര്‍ കൃഷിയിടങ്ങള്‍ മലിനജലപ്രയോഗം കാരണം മോശം ഉല്‍പ്പാദനത്തിലാണ്. ഉല്‍പ്പാദനക്ഷമത ഇതു കാരണം തീരെ കുറഞ്ഞുവരുന്നതായി ഡോ സ്വാമിനാഥന്റെ പഠനം പറയുന്നു. അത്യാവശ്യ വളങ്ങള്‍ ഉറപ്പുവരുത്താനും കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല.

പഞ്ചാബിലെ എല്ലാ കുടുംബങ്ങളിലും ഒരു പട്ടാളക്കാരനും ഒന്നോ രണ്ടോ കൃഷിക്കാരുമുണ്ടാവും. പഞ്ചാബിലൂടെയും ഹരിയാനയിലൂടെയും യാത്ര ചെയ്യുമ്പോള്‍ ഹൃദയഹാരിയായ കാഴ്ചയാണ് നീണ്ട വയലുകളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകര്‍. വല്ലാത്തൊരു ഐശ്വര്യമാണ് ആ കാഴ്ച. അങ്ങേ അറ്റത്തെ അര്‍പ്പണ മനോഭാവമാണ് അവരുടെ മുഖങ്ങളില്‍. ഏതോ ഒരു മഹത്തായ കാര്യം ചെയ്യുന്ന സംതൃപ്തി. ആ കര്‍ഷകരോടാണ് നാമീ കൊടും ക്രൂരത കാണിക്കുന്നത്. അതുകാരണം മനം മടുത്ത ഹരിയാന, പഞ്ചാബ് പ്രദേശങ്ങളിലെ കര്‍ഷകുടുംബങ്ങളിലെ രണ്ടാം തലമുറ കൃഷിയില്‍ നിന്നു മെല്ലെ മാറുകയാണ്. അവര്‍ക്കും ഓഫീസ് ജോലികളോട് താല്‍പര്യം കൂടിവരുന്നു.

ചെറുപ്പക്കാരെ കൃഷിയിലേയ്ക്ക് ചേര്‍ത്തുപിടിക്കാന്‍ ദേശീയതലത്തില്‍ തന്നെ നടപടികള്‍ വേണം. പക്ഷെ അതു ചെയ്യേണ്ടവര്‍ ഉദാസീനതയിലാണ്. അടുത്തകാലത്തായി നടന്ന ഒരു പഠനത്തില്‍ ചെറുപ്പക്കാര്‍ കാര്‍ഷികവൃത്തികളില്‍ വിമുഖരായതിനാല്‍ പല കുടുംബങ്ങളും കൃഷിയിടങ്ങള്‍ ഭൂമാഫിയകള്‍ക്ക് കൈമാറുകയാണ്. അവിടെ ഇതുവരെ കൃഷിഭൂമി വ്യാപകമായി വില്‍ക്കല്‍ ആരംഭിച്ചിരുന്നില്ല. ഇപ്പോള്‍ അതും തുടങ്ങുന്നുവത്രെ. ഗതികെട്ടവരുടെ വില്‍പനയാണത്. ഏതാണ്ട് 120 കോടി ജനങ്ങളാണ് ഇന്ത്യ. ഇത്രയും പേര്‍ക്ക് ഭക്ഷണം ഇറക്കുമതി ചെയ്യാനാവില്ല. അപ്പോള്‍ ഏകവഴി ഇവിടെ തന്നെ ഭക്ഷണം ഉണ്ടാക്കുക എന്നതാണ്. ആരാന്റെ ചോറ് എത്രകാലമുണ്ടാവും. അധികാരികളുടെ ഈ ഉത്തരവാദിത്തമില്ലായ്മ നമ്മെ എവിടെ എത്തിക്കും. ഗതികെട്ട കര്‍ഷകര്‍ കൃഷിനിര്‍ത്തി മറ്റു പണിക്കുപോയാല്‍, അന്നാണ് എല്ലാവരും ശരിക്കും വിശപ്പ് അറിയുക.

ഈ അവസ്ഥ തടയാന്‍ ദേശീയതലത്തില്‍ ഉടന്‍ ചില നടപടികള്‍ വേണം. ഏറ്റവും പ്രധാനം 'മിഷന്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ അഗ്രികള്‍ച്ചര്‍' എന്നൊരു സംവിധാനമുണ്ടാക്കലാണെന്ന സ്വാമിനാഥന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. അതിന്റെ കീഴില്‍ ഒരു 'വാട്ടര്‍ ഏന്റ്‌ലാന്റ് കെയര്‍' മിഷന്‍ തുടങ്ങണം. ഭൂവിനിയോഗക്രമത്തിലും രീതിയിലും സാങ്കേതികജ്ഞാനം ഉള്‍പ്പെടുത്തി മാറ്റം വരുത്തണം. ഈ പ്രസ്ഥാനത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമ്പോള്‍ തന്നെ കാര്‍ഷിക സമൂഹത്തിന്റെ പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്തണം.

സംഭരണത്തിലും ശ്രദ്ധവേണം. ഈ സീസണിലുണ്ടാവുന്ന 26 ദശലക്ഷം ടണ്‍ ഗോതമ്പ് എവിടെ സംഭരിക്കണം എന്ന് വ്യക്തമായ ധാരണവേണം. ഉല്‍പ്പാദന സ്ഥലത്തുനിന്ന് ധാന്യം വൈകാതെ സംഭരണശാലയിലെത്തിക്കാന്‍ റയില്‍വെയുടെ വ്യാപകമായ സജ്ജീകരണം ഉറപ്പുവരുത്തണം. ഭക്ഷ്യ-റയില്‍ മന്ത്രാലയം സീസണുമുമ്പു തന്നെ ആവശ്യമായ ഗൃഹപാഠം ചെയ്തിരിക്കണം. ഒരു ദിവസത്തില്‍ ഒരു ദശലക്ഷം ടണ്‍ എങ്കിലും കടത്താന്‍ കഴിയണം. ഇപ്പോഴത് ഏതാണ്ട് 30000 ടണ്‍ മാത്രമാണ്.

ഈ ധാന്യം നേരെ പൊതുവിതരണത്തിനായി സ്റ്റേറ്റുകളിലെത്തിച്ചാല്‍ കേന്ദ്രീകൃത സംഭരണവും അതുമൂലമുണ്ടാവുന്ന നഷ്ടവും ഒഴിവാക്കാം. സംഭരണരംഗത്തെ ഇന്നത്തെ അപര്യാപ്തതകള്‍ ഒഴിവാക്കാന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഡോ സ്വാമിനാഥന്‍ പഠനം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഏതാണ്ട് 10000 കോടി രൂപ കൊണ്ട് സാധിക്കാവുന്ന കാര്യമേയുള്ളൂ. ഒരു 'നാഷണല്‍ ഗ്രിഡ് ഓഫ് ഗ്രെയ്ന്‍ സ്റ്റോറേജ്' ആണദ്ദേഹം വിഭാവനം ചെയ്യുന്നത്.

ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഉല്‍പ്പാദകനും ഉപഭോക്താവും കഷ്ടത്തിലാവും. ദേശീയ ഭക്ഷ്യസുരക്ഷ ഒരു മുദ്രാവാക്യമല്ല. നാം നേടേണ്ട ഒരു ലക്ഷ്യമാണ്.

*
പി എ വാസുദേവന്‍ ജനയുഗം 28 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരഞ്ഞെടുപ്പ് കഴിഞ്ഞു. എല്ലാം ഒരു വക ഒതുങ്ങി എന്നു കരുതാം. ഇനി നമുക്ക് ജനങ്ങളുടെ അത്യാവശ്യ ജീവിത പ്രശ്‌നങ്ങളിലേയ്ക്കു കടക്കാനുള്ള സമയമായി. കേന്ദ്രത്തിലാണെങ്കില്‍ ഇപ്പോഴും ചക്കളത്തി പോര് തന്നെയാണ്. ഒരു ഭാഗത്ത് യു പിയിലെ ഭൂമി പിടിച്ചെടുക്കലും, എതിര്‍സമരവും. സമരം നടത്തുന്ന നോയ്ഡ കര്‍ഷകരുടെ പിന്തുണകിട്ടാന്‍, ജനജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത രാഹുല്‍ ആകാശത്തുനിന്ന് പൊട്ടിവീണ്, കുറച്ചുനേരം വെയിലുകൊണ്ട് കുറെ കോലാഹലമുണ്ടാക്കി തിരിച്ചുപോയി. പിന്നെ വന്നത് സച്ചിന്‍ പൈലറ്റ്. അതൊരു നാടകം. ഇങ്ങനെ പലതരം നാടകങ്ങള്‍കളിച്ച് ഭരണം അസംബന്ധമാക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ നേരിടാന്‍ എവിടെ സമയം.