Sunday, March 13, 2011

കായികരംഗത്ത് നേട്ടങ്ങളുടെ വര്‍ഷം

തലസ്ഥാന കായിക വികസനരംഗത്ത് നേട്ടങ്ങളുടെ വര്‍ഷങ്ങളാണ് കടന്നുപോയത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവിനുള്ളില്‍ കായികരംഗത്ത് നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിലും ഇടതുസര്‍ക്കാരിന്റെ കാലത്ത് സമഗ്രമായ പദ്ധതികളാണ് നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രങ്ങളുടെ അഭാവം നമ്മുടെ കായികമേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രാദേശികതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് അനുയോജ്യമായ പരിശീലനം നല്‍കുന്നതിനും സൗകര്യങ്ങളില്ലാത്തതായിരുന്നു മുഖ്യ പ്രശ്‌നം. ഈ സാഹചര്യത്തിലാണ് കായിക പ്രതിഭകളുടെ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിന് ഇടതുസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. ഇതിന് പ്രാദേശിക തലത്തില്‍ അന്താരാഷ്‌ട്ര നിലവാരമുള്ള കായിക സംരംഭങ്ങള്‍ വികസിപ്പിക്കുകയായിരുന്നു.

പിരപ്പന്‍കോട് അന്താരാഷ്‌ട്ര നീന്തല്‍കുളം ഈ സര്‍ക്കാര്‍ കായിക പ്രതിഭകള്‍ക്കു നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ്. രണ്ടായിരത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് നീന്തല്‍കുളത്തിന് തറക്കില്ലിട്ടത്. ദീര്‍ഘകാലമായി ഇവിടെ ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള നീന്തല്‍കുളം നിര്‍മിക്കണമെന്ന കായിക പ്രേമികളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിരപ്പന്‍കോട് അന്താരാഷ്‌ട്ര നീന്തല്‍കുളത്തിന് തറക്കല്ലിട്ടത്. അന്താരാഷ്‌ട്ര നിലവാരമുള്ള കായിക മത്സരങ്ങള്‍ക്ക് അനുയോജ്യമായ ഒരിടം എന്ന നിലയില്‍ തന്നെയാണ് അന്ന് ഇത് വിഭാവനം ചെയ്തത്. ഇതിനോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനും രൂപം നല്‍കിയിരുന്നു. ഡൈവിംഗ്, വാട്ടര്‍പോളോ, സ്വിമ്മിംഗ് തുടങ്ങി വിവിധ നീന്തല്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലാണ് നീന്തല്‍കുളം നിര്‍മിച്ചത്.
നീന്തല്‍രംഗത്ത് പുതിയ പ്രതിഭകളെ വളരെ നന്നായി പരിശീലിപ്പിക്കുന്നതിന് ഇവിടെ ഏറെ സാധ്യതകളുണ്ട്. ഈ രംഗത്ത് കടന്നുവരുന്ന പുതിയ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനാണ് പരിഗണന നല്‍കുന്നത്.
കുട്ടികള്‍ക്കുവേണ്ടി പ്രത്യേക സ്വിമ്മിംഗ് പൂള്‍, മുന്നൂറു പേര്‍ക്ക് താമസസൗകര്യം, മുവായിരത്തോളം പേര്‍ക്ക് മത്സരങ്ങള്‍ കാണുന്നതിനുള്ള ഗ്യാലറി, ഡൈവിംഗ് പൂള്‍, ഡോര്‍മെറ്ററി എന്നിങ്ങനെ വിപുലമായ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയ രണ്ടര യേക്കര്‍ സ്ഥലമാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്. രണ്ടായിരത്തില്‍ പണി ആരംഭിച്ചെങ്കിലും തുടര്‍ന്ന് വന്ന സര്‍ക്കാരിന്റെ കാലത്ത് പണി നിലക്കുകയായിരുന്നു. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയതോടെ കായികപ്രേമികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന നീന്തല്‍കുളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കപ്പെട്ട ഈ നീന്തല്‍കുളം കായികരംഗത്ത് പുത്തന്‍ പ്രതിഭകള്‍ക്ക് തുണയായി മാറും. ഏറെ നീന്തല്‍താരങ്ങള്‍ക്ക് ജന്മം നല്‍കിയ പ്രദേശമാണിവിടം. ഇവിടെ അന്താരാഷ്‌ട്ര നിലവാരമുള്ള നീന്തല്‍കുളം യാഥാര്‍ഥ്യമായതോടെ കായികപ്രേമികള്‍ ഏറെ ഉത്സാഹത്തിലാണ്.

ചരിത്രനഗരമായ ആറ്റിങ്ങലില്‍ കായിക വികസനരംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ടാണ് ശ്രീപാദം സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായത്. പുതിയ പ്രതിഭകള്‍ക്ക് താങ്ങും തണലുമാകാന്‍ ഈ സ്റ്റേഡിയത്തിനു കഴിയും. ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പ്രതിഭകള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കായികവികസനം മുന്‍നിര്‍ത്തി ജില്ലയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ശ്രീപാദം സ്റ്റേഡിയത്തിനുള്ളത്. ഏഴു കോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പശ്ചാത്തല വികസനരംഗത്താണ് കൂടുതല്‍ ഫണ്ടും ചെലവഴിക്കപ്പെട്ടത്. ദീര്‍ഘവീക്ഷണത്തോടെ പൂര്‍ത്തീകരിക്കപ്പെട്ട സ്റ്റേഡിയത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്.

അന്താരാഷ്‌ട്ര തലത്തില്‍ കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് സ്റ്റേഡി യം നിര്‍മിച്ചിരിക്കുന്നത്. നാനൂറ് മീറ്റര്‍ ട്രാക്ക്, കായികതാരങ്ങള്‍ക്ക് താമസസൗകര്യം, പരിശീലനത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം എന്നിവ ഇതിന്റെ ഭാഗമായുണ്ട്. കായികമത്സരങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് അനുയോജ്യമായ താമസസൗകര്യമടക്കം ലഭ്യമാക്കുംവിധമാണ് ഇതിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത്.

ഇതിനോടനുബന്ധിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം, ജിംനേഷ്യം, പവലിയന്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്ന നിലയിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഏറെ നാളായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടന്ന സ്റ്റേഡിയത്തിന്റെ പണി പുനരാരംഭിച്ചത് ഇടതുസര്‍ക്കാരിന്റെ കാലത്താണ്.

ദേശീയപാതയോടു ചേര്‍ന്ന് കിടക്കുന്ന ശ്രീപാദം സ്റ്റേഡിയം കായിക പരിശീലനത്തിന് ഏറേ സൗകര്യപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വേഗതയിലാക്കിയത്. ദേശീയ ഗെയിംസ് അടക്കമുള്ളവ പൂര്‍ണമായും നടത്തുന്നതിന് ഇവിടെ സൗകര്യമുണ്ട്. വിശാലമായ പവലിയനടക്കം രൂപകല്‍പന ചെയ്തിട്ടുള്ള ശ്രീപാദം സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം കായികരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് സഹായകമാകുമെന്നു തന്നെയാണ് കായികപ്രേമികളുടെ കണക്കുകൂട്ടല്‍.

ദേശീയ ഗെയിംസിനു അനുയോജ്യമായവിധത്തില്‍ നഗരത്തില്‍ ഒട്ടേറെ നൂതന പദ്ധതികള്‍ക്ക് തുടക്കംകുറിക്കപ്പെട്ടു. വട്ടിയൂര്‍ക്കാവ് ഇൻഡോര്‍ സ്റ്റേഡിയം ഇതിനുദാഹരണമാണ്. സ്വിമ്മിംഗ് പൂള്‍, ഹാന്‍ഡ്‌ബോള്‍ കോര്‍ട്ട് അടക്കം ആധുനിക സൗകര്യങ്ങളോടെയാണ് ഈ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കപ്പെട്ടത്.

ഇതിനു പുറമെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണത്തിനും നടപടികള്‍ സ്വീകരിച്ചു. സിന്തറ്റിക് ട്രാക്ക് സംവിധാന നവീകരണമടക്കക്കം ആധുനികവല്‍ക്കരണത്തിലൂടെ സ്റ്റേഡിയത്തിന് പുതിയ മുഖഛായ കൈവന്നു. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച്, ആക്കുളം ഗെയിംസ് വില്ലേജ് എന്നിവയുടെ നവീകരണത്തിനും ഇക്കാലയളവില്‍ നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ കായികരംഗത്ത് സമഗ്രമായ വികസനത്തിന്റെ കാല്‍പാടുകള്‍ പതിപ്പിക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞു.


****


രാധാകൃഷ്ണന്‍ കുന്നുംപുറം, കടപ്പാട് : ജനയുഗം

No comments: