Saturday, March 26, 2011

അക്ഷരങ്ങളുടെ അപാരതീരം

തോന്നലുകളില്‍ വിശ്വസിക്കരുത്. കാഴ്ചയെ വിശ്വസിക്കുക. ചൈതന്യത്തെ വിശ്വസിക്കുക. അക്ഷരം ചൈതന്യമാണ്. പൂര്‍ണതയിലേക്കുള്ള പ്രയാണം. ഒരുതരം പൂര്‍ണതാതൃഷ്ണ-വ്യക്തിതലത്തിലെ അഹന്തയില്‍നിന്ന്, അഥവാ, ഞാനെന്ന സത്തയില്‍നിന്ന് തുടങ്ങി, ഞാനില്ലായ്മയുടെ തലത്തിലേക്കുള്ള ഉയര്‍ച്ച. നിരഹങ്കാരത്തിന്റെ അമൃതപ്രകാശത്തെ നമുക്ക് സ്പര്‍ശിക്കാനാവുന്ന ഇടമാണ് അലക്സാണ്‍ട്രിയയിലെ പടുകൂറ്റന്‍ ലൈബ്രറി!

ഈ ലൈബ്രറി ഒരു കേവല കെട്ടിടമല്ല, തടാകങ്ങളും മനോഹരദൃശ്യങ്ങളും ചേര്‍ന്ന്, പ്രകൃതിയെയും മനുഷ്യരെയും സമഞ്ജസമായി ഇണക്കിയുരുക്കിച്ചേര്‍ക്കുന്ന ഒരിടം! എഴുത്തുകാര്‍ക്കവിടം സ്വര്‍ഗതുല്യമാണ്. വായനക്കാര്‍ക്കത് അനുഭൂതിയുടെ പറുദീസ! ലോകമെമ്പാടും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഭോഗവസ്തുക്കളോടും സ്വത്ത് കൂന കൂട്ടുന്നതിലും മാത്രമായിരുന്നില്ല ശ്രദ്ധ. അറിവിനും സംസ്കാരത്തിലും ശാസ്ത്രത്തിനും രാഷ്ട്രീയത്തിനും അതിപ്രാധാന്യം കൊടുത്തൊരു തലസ്ഥാനം അദ്ദേഹത്തിന്റെ മധുരസ്വപ്നമായിരുന്നു! ആ സ്വപ്നം സഫലീകരിച്ചത് കാണുവാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. ചക്രവര്‍ത്തിയുടെ മരണശേഷം രാജാവിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന സേനാധിപനായ ടോളമി ഒന്നാമന്‍ തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ട്, ഈ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കുകയായിരുന്നു. ഈ വിജ്ഞാനകേന്ദ്രം, ലോകത്തിലെമ്പാടുമുള്ള അറിവുകളുടെ കേദാരഭൂമിയാവണമെന്നത് ടോളമി ഒന്നാമന്റെ ലക്ഷ്യവും ആഗ്രഹവുമായിരുന്നു. ഈജിപ്തിന്റെ സാംസ്കാരിക മണ്ഡലവുമായി ഈ ഭൂലോകമാകെ ബന്ധപ്പെടണമെന്ന അലക്സാണ്ടര്‍ രാജാവിന്റെ മോഹം ഈ സൈന്യാധിപതി സാക്ഷാത്കരിച്ചു.

അയല്‍രാജ്യങ്ങളില്‍നിന്നും അന്യഭാഷകളില്‍നിന്നും അനവധി ധിഷണാശാലികളുടെ എഴുത്തുപകര്‍പ്പുകള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ ലോകത്തിന്റെതന്നെ ബൌദ്ധികവും സാംസ്കാരികവും സാഹിത്യപരവുമായ കേന്ദ്രമാക്കി ഈജിപ്തിനെ ഉയര്‍ത്തുവാന്‍ അവര്‍ക്ക് സാധിച്ചു. ഒരേയൊരു കുടക്കീഴില്‍, അഥവാ, ഈ പടുകൂറ്റന്‍ വായനശാലക്ക്കീഴില്‍ ലോകത്തിന്റെ സകല പഠനങ്ങള്‍ക്കും സാധ്യതയുണ്ടാവണം. അതത്രെ അവരുടെ ലക്ഷ്യവും മാര്‍ഗവും. ഈ സംരംഭത്തിന്റെ തുടര്‍ച്ച, ടോളമി രണ്ടാമനും പിന്തുടര്‍ച്ചക്കാരും പിന്നീട് ഏറ്റെടുത്തു നടത്തിക്കൊണ്ടിരുന്നു. ബിസി 69 മുതല്‍ 30 വരെ ജീവിച്ചിരുന്ന വിഖ്യാത സുന്ദരി രാജകുമാരി, ഏഴാമത്തെ ക്ളിയോപാട്ര വരെ ഇക്കാര്യത്തില്‍ നിഷ്കര്‍ഷ പാലിച്ചു. അവിടെ വന്നെത്തുന്ന ഓരോ സഞ്ചാരിയും തങ്ങളുടെ നാട്ടിലെ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികള്‍ അവിടെ എത്തിച്ചിരുന്നുവത്രെ! കോപ്പികള്‍ ഇല്ലാത്തവ പകര്‍ത്തിയെഴുതി അസ്സല്‍ ലൈബ്രറിയില്‍ സൂക്ഷിച്ച് കോപ്പി തിരികെ കൊടുത്തിരുന്നതായും ലൈബ്രറിയുടെ വിചാരിപ്പുകാരന്‍ പറഞ്ഞു.

ആതന്‍സിലെ ലൈബ്രറിയില്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്ന ഈസ്കൈലസിന്റെയും സോഫോക്ളിസിന്റെയും യൂറിപ്പിഡിസിന്റെയും ഗ്രീക്ക് ക്ളാസിക്കുകള്‍ ഈ ലൈബ്രറിയിലെത്തിക്കാന്‍ ടോളമി മൂന്നാമന്‍ കിണഞ്ഞു ശ്രമിച്ചതായി രേഖയുണ്ട്. ടോളമി ഒന്നാമന്റെ കാലം മുതല്‍ അലക്സാണ്‍ട്രിയയിലേക്ക് ജൂതന്മാര്‍ പ്രവേശിച്ചുകൊണ്ടിരുന്നു. അവര്‍ ഗ്രീക്കുഭാഷ മാത്രമേ കൈകാര്യം ചെയ്തുള്ളു. അപ്പോള്‍ ടോളമി രണ്ടാമന്‍ എഴുപത് ഗ്രീക്ക് പണ്ഡിതന്മാരെ ഏകാന്തവിജനമായ ഫെറോദ്വീപില്‍ എഴുപത് അറകളിലായി താമസിപ്പിച്ച് വിവര്‍ത്തനം ആരംഭിക്കുവാന്‍ കല്പന പുറപ്പെടുവിച്ചു. (ബിസി 130 കാലങ്ങളിലാണത്രെ ഒന്നാം ഹീബ്രു (പഴയ നിയമം) ബൈബിളിന്റെ പിറവി) ബൈബിളിന്റെ എഴുപത് മഹത്തായ വിവര്‍ത്തനങ്ങള്‍ അലക്സാണ്‍ട്രിയ ലൈബ്രറിക്കുവേണ്ടി എഴുപത് പണ്ഡിതന്മാരാല്‍ അന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഗ്രീക്ക്, ഹീബ്രു, അറമേയ്ക്ക്, നെബടീല്‍, അറബിക്, ഇന്ത്യന്‍, ഈജിപ്ഷ്യന്‍ ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങള്‍ പാപ്പിറസ് എന്ന കടലാസ് ചുരുളുകളില്‍ അവിടെ ശേഖരിക്കപ്പെട്ടു. ടോളമികളുടെ ഗ്രന്ഥശേഖര ഭ്രാന്ത് അറിയുന്ന ആതന്‍സുകാര്‍ ഓരോ ഗ്രന്ഥത്തിനും അന്നത്തെ വന്‍തുകയായ പതിനഞ്ച് വെള്ളി ടാലന്റുകള്‍ ആവശ്യപ്പെട്ടു. ഓരോ കൈയെഴുത്തുപ്രതിക്കും അത്രയും തുക കൊടുക്കാനും ടോളമികള്‍ തയാറായി. അലക്സാണ്‍ട്രിയയിലെ ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. എന്നാല്‍, കര്‍ശന നിയമങ്ങള്‍ പാലിക്കേണ്ടുന്ന ഈ വായനശാലക്കായി അര്‍പ്പിക്കപ്പെടുന്ന ഓരോ മഹദ്ഗ്രന്ഥവും ഇരുകൈയും നീട്ടി അവിടെ സ്വീകരിക്കപ്പെടുകയും ചെയ്തു.

അറിവ് ശക്തിയത്രെ! ലളിതമായ ഈ തത്വമായിരുന്നു ലോകസാഹിത്യത്തെ ഒരേ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ടോളമികളുടെ അഭിലാഷത്തിന്റെ ആധാരശില. എന്നാല്‍ ഈ അറിവുകളെ തങ്ങളുടെ വരുതിയില്‍ തളച്ചിടാന്‍ അവര്‍ ആഗ്രഹിച്ചു. (പെര്‍ഗമോണില്‍, അറ്റാലിഡ് വംശജര്‍ തങ്ങളുടേതായ ലൈബ്രറിയുണ്ടാക്കുവാന്‍ പദ്ധതിയിട്ടപ്പോള്‍, അത് തടയാനായി ടോളമികള്‍ അങ്ങോട്ട് പാപ്പിറസ് കയറ്റി അയക്കുന്നത് നിരോധിക്കുകയുണ്ടായി. എന്നാല്‍ അറ്റാലിഡുകള്‍ പെര്‍ഗമെനോണ്‍ എന്ന പേരില്‍, എഴുത്തിനായി പുത്തന്‍ കടലാസു പ്രതലങ്ങളുണ്ടാക്കി, ഈ നീക്കത്തെ ചെറുത്തു).

ടോളമികളുടെ വിജ്ഞാനദാഹം അവിടംകൊണ്ടും അവസാനിച്ചില്ല. ആഗോളതലത്തില്‍ ജന്തുവര്‍ഗത്തിന്റെയും സസ്യ വര്‍ഗത്തിന്റെയും പുതിയ ഗവേഷണ പദ്ധതികളിലേക്കും അത് പരന്നൊഴുകി. ഇതിനു മുന്‍കൈ എടുത്തത് ബി സി നാലാംനൂറ്റാണ്ടില്‍ അരിസ്റ്റോട്ടിലും തിയോഫ്രാസ്ടസും ആണ്. ലോകോത്തര സസ്യലതാദികളുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും അവിടെ ഉണ്ടായി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധിയായ സുരഭില പുഷ്പങ്ങള്‍ അലക്സാണ്‍ട്രിയയിലെ പൂന്തോട്ടങ്ങള്‍ക്ക് അലങ്കാരമായി.

പ്രാചീന അലക്സാണ്‍ട്രിയന്‍ ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് വിലക്കായിരുന്നുവെങ്കിലും ലൈബ്രറിക്ക് തൊട്ടുള്ള മൌസിയന്‍ കെട്ടിടമായിരുന്നുവത്രെ ഗവേഷണ പണ്ഡിതന്മാര്‍ക്ക് ഇരുന്നെഴുതാനും താമസിക്കാനുമായി മാറ്റിവച്ചിരുന്നത്. നൂറ്റാണ്ടിലെ ശാസ്ത്ര ഗവേഷണങ്ങളുടെ കേന്ദ്രമായിരുന്നു ഇത്. ഗണിതശാസ്ത്രവും ഭാഷാതത്വശാസ്ത്രവും ജോതിഷഫലഭാഗങ്ങളും അവിടെ ഇഴകീറി പഠിക്കപ്പെട്ടു. ഇന്നത്തെ അഡ്വാനിലും അലക്സാണ്‍ട്രിയയിലും വീഴുന്ന നിഴലുകളുടെ ദൈര്‍ഘ്യത്തിലുള്ള അന്തരം ആദ്യത്തെ ലൈബ്രറി തലവനായ ഇറാറ്റോസ്തെനിസ് അളന്നുകുറിച്ചു. ഇങ്ങനെ അദ്ദേഹത്തിന് ഭൂമിയുടെ വൃത്ത ഖണ്ഡവും അതില്‍നിന്ന് രണ്ട് ശതമാനം ഹരിച്ച് ഭൂമിയുടെ ചുറ്റളവും കണ്ടെത്താനായി. ഇതുമാത്രമോ, ബിസി മൂന്നാം നൂറ്റാണ്ടില്‍, സാമസിലെ അരിസ്റ്റാക്കസ് ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരം കണക്കാക്കുകയും അവ നിലനില്‍ക്കുന്നത് സൌരകേന്ദ്രഘടനയിലാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു.

ജ്യോമിട്രിയുടെയും ഫിസിക്സിന്റെയും നിയമങ്ങള്‍ സ്ഥാപിച്ച യൂക്ളിഡിന്റെയും ആര്‍ക്കമിഡിസിന്റെയും നാമങ്ങളാല്‍ അലക്സാണ്‍ട്രിയയിലെ മൌസിയം പ്രസിദ്ധമായി. നൈല്‍നദിയില്‍നിന്ന് ജലമുയര്‍ത്തിക്കൊണ്ടുവന്ന് ജലസേചനത്തിനുപയോഗിക്കാന്‍ അലക്സാണ്‍ട്രിയയിലെ ഹെറോണ്‍ എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടുത്തങ്ങള്‍ ഉപയുക്തമായി. അദ്ദേഹമാണ് തിളയ്ക്കുന്ന വെള്ളത്തില്‍നിന്നുയരുന്ന നീരാവി ഒരു പൈപ്പിലൂടെ കടത്തിവിട്ട്, ഡിയേപ്ട്ര ക്ഷേത്രത്തിന്റെ കവാടങ്ങള്‍ തുറക്കാനുള്ള ഊര്‍ജമുണ്ടാക്കിക്കാണിച്ചത്. അദ്ദേഹംതന്നെയാണ് ഭൂതക്കണ്ണാടിയായ ഹൈഡ്രോലിക്ക, അതുപോലെ ടണ്‍കണക്കിന് ഭാരം ഉയര്‍ത്തുന്ന കപ്പികളുടെ സൂത്രവും കണ്ടുപിടിച്ചത്. സാറാപ്പിഡിലെ സാറാപ്പിയം പ്രതിമക്ക് ജീവന്‍ നല്‍കുന്ന വിഖ്യാതമായ കാന്തവും ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തമത്രെ. നൂറ്റാണ്ടുകളുടെ വിസ്മൃതിയിലേക്ക് ആണ്ടുപോയ പല കണ്ടുപിടുത്തങ്ങളും മനുഷ്യരാശിക്ക് ഉതകാതെ പോയിട്ടും ഉണ്ട്.

ഇന്നും ആ പഴയ ലൈബ്രറിയുടെ ധ്വംസകരെക്കുറിച്ച് ഊഹാപോഹങ്ങളേയുള്ളു. (ബിസി 100-44)ലെ സീസറാണ് അതിന് കാരണക്കകാരന്‍ എന്ന്,അദ്ദേഹമെഴുതിയ ദെ ബെല്ലോ അലെക്സാണ്‍ഡിനോ ‍' (De Bello Alexandrino) എന്ന പുസ്തകത്തില്‍നിന്ന് ചെറിയ സൂചന ലഭിച്ചിട്ടുണ്ട്. പാപ്പിറസ് ചുരുളുകള്‍ നിറഞ്ഞൊരു വന്‍ കെട്ടിടം തന്റെ സേന അഗ്നിക്കിരയാക്കിയ സംഭവം അദ്ദേഹം അതില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ സൂചിപ്പിക്കുന്ന സ്ഥലം ലൈബ്രറി നില്‍ക്കുന്ന സ്ഥലത്തുനിന്ന് എത്രയോ അകലെയാണ്. എഡി 642 കാലത്ത് അലക്സാണ്‍ട്രിയ പിടിച്ചടക്കിയ മുസ്ളിം സേനാനായകനായ ജനറല്‍ ആമ്രിബിന്‍ അല്‍-അസ് ആണ് ലൈബ്രറിയുടെയും മൌസിയത്തിന്റെയും ധ്വംസകനെന്ന് ഒരു ക്രിസ്ത്യന്‍ എഴൂത്തുകാരന്‍ രേഖപ്പെടുത്തിയത് അത്ര വിശ്വാസയോഗ്യമല്ലത്രെ!

ഏതായാലും പാള്‍മിറയിലെ സെനോബിയയും ഒറേലിയന്‍ രാജാവും തമ്മില്‍ മൂന്നാം നൂറ്റാണ്ടിന്റെ അര്‍ധപകുതിയില്‍ ഉണ്ടായ യുദ്ധത്തിലും പ്രക്ഷോഭത്തിലും പെട്ടാണ്അറിവിന്റേയും ഗവേഷണങ്ങളുടെയും കേന്ദ്രമായിരുന്ന ലൈബ്രറിയുംമൌസിയവും വിനാശത്തിലേക്ക് കൂപ്പുകുത്തിയത് എന്നും അനുമാനിക്കപ്പെടുന്നു.

അലക്സാണ്‍ട്രിയയുടെ നിലനില്‍പ്പ് കെയ്റോവിന്റെ നിഴലിലാണെങ്കിലും സ്വന്തം അനന്യതയ്ക്കായി ഈ നഗരം ഉഴറുന്നതായി തോന്നും. വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും കേദാരഭൂമിയായ ഈ നഗരത്തില്‍ ജീവന്റെ തുടിപ്പും ത്രസിപ്പും ഉജ്വലമായി നമുക്ക് അനുഭവപ്പെടും. ഈജിപ്തിന്റെതന്നെ ഒരു ഭാഗമെങ്കിലും മെഡിറ്ററേനിയന്‍ സമുദ്രത്തിനഭിമുഖമായി നില്‍ക്കുന്ന നഗരത്തിന് സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഗവേഷണങ്ങളുടേതുമായ മധുരിക്കുന്ന സ്മരണകളുണ്ട്. ഇതിന്റെ സമ്പന്നതയിലും സൌന്ദര്യത്തിലും മാത്രമല്ല അതിന് പിറകിലുള്ള മനുഷ്യപ്രയത്നത്തിന്റെ മഹത്തായ ആര്‍ജവത്തിലാണ് നമ്മുടെ ആത്മാവ് മുഗ്ധമായിത്തീരുന്നത്.

*
കെ പി സുധീര ദേശാഭിമാനി വാരിക 27 മാ‍ര്‍ച്ച് 2011

Library of Alexandria Wikipedia Article

Bibliotheca Alexandrina Wikipedia Article


Bibliotheca Alexandrina Official Web Site

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തോന്നലുകളില്‍ വിശ്വസിക്കരുത്. കാഴ്ചയെ വിശ്വസിക്കുക. ചൈതന്യത്തെ വിശ്വസിക്കുക. അക്ഷരം ചൈതന്യമാണ്. പൂര്‍ണതയിലേക്കുള്ള പ്രയാണം. ഒരുതരം പൂര്‍ണതാതൃഷ്ണ-വ്യക്തിതലത്തിലെ അഹന്തയില്‍നിന്ന്, അഥവാ, ഞാനെന്ന സത്തയില്‍നിന്ന് തുടങ്ങി, ഞാനില്ലായ്മയുടെ തലത്തിലേക്കുള്ള ഉയര്‍ച്ച. നിരഹങ്കാരത്തിന്റെ അമൃതപ്രകാശത്തെ നമുക്ക് സ്പര്‍ശിക്കാനാവുന്ന ഇടമാണ് അലക്സാണ്‍ട്രിയയിലെ പടുകൂറ്റന്‍ ലൈബ്രറി!