Tuesday, March 8, 2011

ഉണര്‍വിന്റെ സൈറണ്‍

ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ബദല്‍ വികസനമാതൃകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായരംഗത്ത് ഇടപെട്ടത്. രാജ്യത്തിനാകെ മാതൃകയായി പൊതുമേഖലാവികസനം ആവിഷ്കരിക്കാന്‍ കഴിഞ്ഞെന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രധാന നേട്ടം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായിരുന്നു. പൊതുമേഖലയില്‍ അടച്ചുപൂട്ടലും വില്‍പ്പനയും പിരിച്ചുവിടലും, പരമ്പരാഗതവ്യവസായ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കില്‍, ചെറുകിടമേഖല രോഗഗ്രസ്തം. ഈ അവസ്ഥയില്‍നിന്നാണ് രാജ്യത്തെ രണ്ടാമത്തെ നിക്ഷേപാനുകൂല സംസ്ഥാനമാക്കി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്.

യുഡിഎഫ് ഭരണത്തില്‍ വ്യവസായവകുപ്പിനുകീഴില്‍ പ്രവര്‍ത്തിച്ച 42 സ്ഥാപനത്തില്‍ 30 എണ്ണവും നഷ്ടത്തിലായിരുന്നു. മൊത്തം നഷ്ടം 69.49 കോടി രൂപയും. ഈ അവസ്ഥയില്‍നിന്ന് 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനായി. യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ നഷ്ടംനികത്തി 250 കോടി രൂപയോളം ലാഭത്തിലാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. 2010ലെ കണക്കനുസരിച്ച് 32 പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നായി 239.75 കോടിരൂപയുടെ ലാഭമാണുണ്ടായത്. 2005-06ല്‍ ഇവയുടെ മൊത്തം വിറ്റുവരവ് 1522.98 കോടിമാത്രമായിരുന്നു. 2009-10ല്‍ ഇത് 2190.73 കോടിയായി ഉയര്‍ന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക എന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും പൊതുമേഖലയില്‍ നിലനിര്‍ത്താനുമുള്ള നടപടിയാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും കമ്പനിഭരണം കാര്യക്ഷമമാക്കിയുമാണ് ഇത് സാധിച്ചത്. അധിക ബജറ്റുവിഹിതം, വകുപ്പുകള്‍ തമ്മിലുണ്ടാക്കിയ ധാരണ, വിദഗ്ധ മാനേജര്‍മാരുടെ നിയമനം, ജീവനക്കാരുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണം എന്നീ ഘടകങ്ങളുടെ ഏകോപനവും ഫലപ്രദമായ പ്രവര്‍ത്തനവും വ്യവസായരംഗത്ത് പുത്തനുണര്‍വ് പകര്‍ന്നു.

യുഡിഎഫ് അടച്ചുപൂട്ടിയ കോഴിക്കോട് മലബാര്‍ സ്പിന്നിങ് മില്‍ തുറന്നാണ് വ്യവസായരംഗത്തെ ബദല്‍മാതൃക എല്‍ഡിഎഫ് കാണിച്ചത്. തുടര്‍ന്ന് ആലപ്പുഴ കെഎസ്ഡിപിയും കെല്‍ എടരിക്കോട് യൂണിറ്റും പ്രവര്‍ത്തനം പുനരാരംഭിച്ചു. കേരള സോപ്സ് ആന്‍ഡ് ഓയില്‍സ്, തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, ബാലരാമപുരം സ്പിന്നിങ് മില്‍, പുനലൂര്‍ പേപ്പര്‍മില്‍ എന്നിവയുടെ പുനരുജ്ജീവനവും ആവേശം പകരുന്നതാണ്. പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറ അലുമിനിയം ഇന്‍ഡസ്ട്രീസ്, കോഴിക്കോട്ടെ കോംട്രസ്റ് ഫാക്ടറി എന്നിവ ഏറ്റെടുക്കാനുള്ള തീരുമാനം വ്യവസായനയത്തിന്റെ തിളക്കംകൂട്ടുന്നു.

പരമ്പരാഗത രംഗം ആധുനീകരിച്ചു, തൊഴിലും കൂലിയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു, അടിസ്ഥാനസൌകര്യങ്ങള്‍ ഇരട്ടിയാക്കി, ചെറുകിട വ്യവസായരംഗത്ത് യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി നിക്ഷേപമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് നേടിയത്, 2250 കോടി രൂപ. ചെറുകിടരംഗത്തുമാത്രം രണ്ടുലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.
(മില്‍ജിത് രവീന്ദ്രന്‍)

സമാനതയില്ലാത്ത കാര്യശേഷി

ഭാവനാപൂര്‍ണമായ നടപടികളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കുയര്‍ത്തുകയും വ്യവസായ മേഖലയ്ക്ക് ഉണര്‍വേകുകയുംചെയ്ത വ്യവസായവകുപ്പിന്റെ കാര്യക്ഷമതയെ എടുത്തുപറയാതിരിക്കാന്‍ വയ്യ. പൊതുമേഖലയെ തള്ളിപ്പറയുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ഒരു ബദല്‍ സൃഷ്ടിക്കുകയാണ് എഴുതിത്തള്ളിയ പൊതുമേഖലാ യൂണിറ്റുകളെ ലാഭത്തിലാക്കുക വഴി മന്ത്രി എളമരം കരീം ചെയ്തത്. ഇത് രാജ്യത്തിനു തന്നെ ഒരു പാഠമാണ്-വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ ഫെലോ പ്രൊഫ. പി മോഹനന്‍പിള്ള വിലയിരുത്തുന്നു. തികച്ചും പ്രോത്സാഹജനകമായ നീക്കങ്ങളാണ് വകുപ്പില്‍ നിന്നുണ്ടായത്. കഴിഞ്ഞ സര്‍ക്കാര്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് എഴുതിത്തള്ളിയ പൊതുമേഖലാ യൂണിറ്റുകളെ ലാഭത്തിലാക്കിയത് ചെറിയ കാര്യമല്ല. നാമെല്ലാം പ്രതീക്ഷിച്ചതില്‍നിന്ന് എത്രയോ മികച്ച പ്രകടനമാണ് മന്ത്രിയില്‍നിന്നുണ്ടായത്. വ്യവസായമേഖലയോട് മുന്‍സര്‍ക്കാര്‍ പുലര്‍ത്തിയ നിഷേധാത്മകസമീപനം സമര്‍ഥമായി മാറ്റിമറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

പത്തുവര്‍ഷം മുമ്പ് പ്രഭാത് പട്നായിക് തലവനായ ഇന്‍ഡസ്ട്രിയല്‍ ടാസ്ക്ഫോഴ്സ് നല്‍കിയ നിര്‍ദേശങ്ങളില്‍ പ്രധാനമായിരുന്നു കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം. ഈ നിര്‍ദേശം പ്രയോഗതലത്തിലെത്തിക്കുന്നതില്‍ മന്ത്രി വിജയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്താനായത് ഇന്നത്തെ സാഹചര്യത്തില്‍ സുപ്രധാനമാണ്. പൊതുമേഖലാ യൂണിറ്റുകളെ വൈവിധ്യവല്‍ക്കരിക്കാനും കേന്ദ്ര, സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പരസ്പര പൂരകമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടായതും മന്ത്രിയുടെ നേട്ടമാണ്.

ചെറുകിട ഇടത്തരം യൂണിറ്റുകളുടെ രജിസ്ട്രേഷനില്‍ വന്ന വന്‍ വര്‍ധന അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ മേഖലയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലിന്റെ വ്യാപ്തി അതിശയിപ്പിക്കുന്നതാണ്. ചെറുകിട വ്യവസായ ക്ളസ്ററുകളെ ശക്തിപ്പെടുത്താനും ക്ളസ്ററുകളുടെ ഉല്‍പ്പാദനക്ഷമത കൂട്ടാനും കഴിഞ്ഞു. ക്ളസ്ററുകളില്‍നിന്നുള്ള കയറ്റുമതിയും ഗണ്യമായി വര്‍ധിച്ചു. വ്യവസായങ്ങള്‍ തുടങ്ങാന്‍ ഏകജാലകം എന്നത് കേട്ടുകേള്‍വി മാത്രമായിരുന്നു. ഇത് യാഥാര്‍ഥ്യമാക്കാനായതോടെ സ്വകാര്യ മൂലധനത്തിന്റെ പ്രവാഹം വര്‍ധിച്ചു.

തൊഴില്‍പ്രശ്നങ്ങളൊന്നുമില്ലാത്ത കേരളത്തിന്റെ വ്യവസായരംഗം നിക്ഷേപസൌഹൃദമാക്കാനും വ്യവസായവകുപ്പിന് കഴിഞ്ഞു. തുടക്കത്തില്‍ എച്ച്എംടി ഭൂമി സംബന്ധിച്ച് ചില വിവാദങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. ഇപ്പോള്‍ വ്യവസായവകുപ്പിലെ നടപടികള്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. അടുത്ത അഞ്ചു വര്‍ഷം ഇതിന് തുടര്‍ച്ചയുണ്ടാവണം-മോഹനന്‍പിള്ള പറഞ്ഞു.

മികച്ച നിക്ഷേപസാഹചര്യം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്

ഇന്ത്യയില്‍ മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നു നിക്ഷേപ സാഹചര്യ സൂചികയില്‍ പറയുന്നു. ലോകബാങ്കും എഡിബിയും വിവിധ രാജ്യാന്തര സര്‍വേ-പഠന സ്ഥാപനങ്ങളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വ്യവസായത്തിനു പറ്റിയ മണ്ണല്ല കേരളമെന്ന മുന്‍വിധികളെയും ദുഷ്പ്രചാരണങ്ങളെയും വ്യവസായവളര്‍ച്ച അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് സൃഷ്ടിച്ച വിവാദങ്ങളെയും കാറ്റില്‍പ്പറത്തി വന്‍കിട ഇടത്തരം വ്യവസായ രംഗത്തുമാത്രം ആയിരത്തി ഒരുനൂറു കോടിയില്‍പ്പരം രൂപയുടെ നിക്ഷേപം നടത്താന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. എല്ലാ സൌകര്യവും ഒരുക്കിനല്‍കിയും തുടര്‍ച്ചയായ സമ്മര്‍ദത്തിലൂടെയും യാഥാര്‍ഥ്യമാക്കിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി അടക്കമുള്ള വമ്പിച്ച കേന്ദ്രനിക്ഷേപങ്ങള്‍ക്കു പുറമെയാണിവ.

വ്യവസായ വകുപ്പ് 245.17 കോടി രൂപ മുതല്‍മുടക്കുള്ള 13 വന്‍കിട വ്യവസായവും 48.44 കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. കെഎസ്ഐഡിസി സഹകരണത്തോടെ 39 ഇടത്തരം വ്യവസായങ്ങളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടങ്ങി. കെഎസ്ഐഡിസി 66 വന്‍കിട, ഇടത്തരം പദ്ധതികള്‍ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇതില്‍ 13 എണ്ണം പൂര്‍ത്തിയായി. 2388 കോടി രൂപ മുതല്‍മുടക്കു വരുന്ന മറ്റുള്ളവ വിവിധഘട്ടങ്ങളിലാണ്.

കമ്പനിരജിട്രാറുടെ കണക്കുപ്രകാരം 2008-09ല്‍ പുതുതായി സംസ്ഥാനത്ത് രജിസ്റര്‍ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡാണ്-1819 കമ്പനി. 2009-10 ല്‍ 1763 കമ്പനി പുതുതായി ഉണ്ടായി. ലഘു-ചെറുകിട സംരംഭങ്ങള്‍ സംബന്ധിച്ച വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കണക്കും ഈ റെക്കോഡ് വളര്‍ച്ച സാക്ഷ്യപ്പെടുത്തുന്നു. 2001-06 ലെ അഞ്ചു വര്‍ഷം ഈ രംഗത്തുണ്ടായ നിക്ഷേപം 715.29 കോടി രൂപയാണെങ്കില്‍ 2006-10 ലെ നാലു വര്‍ഷംതന്നെ ഉണ്ടായി 2232.69 കോടി രൂപയുടെ നിക്ഷേപം. പുതിയ സംരംഭങ്ങളുടെ എണ്ണവും ഉയര്‍ന്നുവരികയാണ്-3878, 5206, 8421, 8403 എന്നിങ്ങനെ.

രാജ്യത്തെ വ്യവസായവളര്‍ച്ച 2007 നും 2010 നുമിടയില്‍ 0.6 ശതമാനം വരെ താഴ്ന്നപ്പോഴും കേരളം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കേരളം എല്ലാ മാന്ദ്യത്തെയും വെല്ലുവിളിച്ച് 2008-09ല്‍ നേടിയത് 12.62 ശതമാനം വളര്‍ച്ചയാണ്. 2006-07ല്‍ 18.64 ശതമാനമായിരുന്നത് മാന്ദ്യംമൂലം അടുത്തവര്‍ഷം 9.84 ലേക്ക് താണെങ്കിലും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റാണ് 12.62ല്‍ എത്തിയത്.

പുതിയ 10 പൊതുമേഖലാ സ്ഥാപനങ്ങള്‍

സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലൂടെ നീങ്ങുന്ന കേന്ദ്രസര്‍ക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് സംസ്ഥാനം വ്യവസായമേഖലയില്‍ സ്വീകരിച്ചത്. പൂട്ടിക്കിടന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നതിന് പുറമെ പത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 129 കോടി രൂപയാണ് ഇതിനായി മുതല്‍മുടക്കിയത്.
കോമളപുരത്ത് സ്ഥാപിച്ച സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ 36 കോടി മുതല്‍മുടക്കിലാണ് സ്ഥാപിച്ചത്. കണ്ണൂരില്‍ 20 കോടി രൂപ ചെലവഴിച്ച് ആധുനിക നെയ്ത്ത് ഫാക്ടറി, കാസര്‍കോട്ട് 20 കോടി വിനിയോഗിച്ച് ടെക്സ്റ്റൈല്‍ മില്‍, 12 കോടി മുതല്‍മുടക്കില്‍ കണ്ണൂരില്‍ ട്രാക്കോ കേബിള്‍സിന്റെ യൂണിറ്റ്, കോഴിക്കോട്ട് 12 കോടി ചെലവില്‍ സിഡ്കോയുടെ ടൂള്‍ റൂം, കുറ്റിപ്പുറത്ത് 12 കോടി വിനിയോഗിച്ച് കെല്‍ട്രോണിന്റെ കെല്‍ട്രാക് ടൂള്‍ റൂം, ഷൊര്‍ണൂരില്‍ 12 കോടി ചെലവില്‍ ഫോര്‍ജിങ് യൂണിറ്റ്, പാലക്കാട്ട് 5 കോടി ചെലവിട്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റേഷന്‍-കൊച്ചി, ബാംബു ഫ്ളോറിങ് ടൈല്‍ ഫാക്ടറി-കോഴിക്കോട് എന്നിവയാണ് തുടങ്ങിയത്.

തൃശൂരിലെ സീതാറാം ടെക്സ്റ്റെല്‍സ് 20 കോടി മുതല്‍മുടക്കില്‍ ആധുനീകരിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടുകഴിഞ്ഞു. ഒരുകാലത്ത് കേരള പൊതുമേഖലാ വ്യവസായരംഗത്തെ അഭിമാനസ്തംഭമായിരുന്ന കെല്‍ട്രോണ്‍ പുനരുദ്ധരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനായി 50 കോടി രൂപയാണ് ഈവര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചത്. ആലപ്പുഴയിലെ കേരള സ്പിന്നേഴ്സ്, പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറയിലെ അലിന്‍ഡ്, കോഴിക്കോട് കോംട്രസ്റ്റ് (ടെക്സ്റ്റൈല്‍സ്) എന്നിവ ദേശസാല്‍ക്കരിക്കാനുള്ള തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല നേട്ടങ്ങളില്‍ പെടുന്നു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ച ഫണ്ടും പുതിയ നിക്ഷേപവും ഉപയോഗപ്പെടുത്തിയാണ് പുതിയ സംരംഭങ്ങള്‍ക്കുള്ള മൂലധനം കണ്ടെത്തിയത്. ഒരുവര്‍ഷത്തിനകമാണ് പുതിയ സംരംഭങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ പൊതുമേഖലാവ്യവസായത്തിന്റെ കുതിച്ചുചാട്ടത്തിനാണ് ഇത് വഴിവച്ചത്.
നിലവിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ 9 വിപുലീകരണ പദ്ധതികളില്‍ ആറെണ്ണവും ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതിനായി 265 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മാറ്റിവച്ചത്.

പുതിയ പ്രതീക്ഷയുടെ വലിയ വെളിച്ചം

കൂത്തുപറമ്പ്: വ്യവസായരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ സാക്ഷ്യമാണ് കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായവളര്‍ച്ചാകേന്ദ്രം. അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വപ്നതുല്യ വളര്‍ച്ചയാണ് വലിയവെളിച്ചം കൈവരിച്ചത്.

ആയിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന നിരവധി പുതിയ തൊഴില്‍സംരംഭങ്ങള്‍ ഇവിടെ ഉയര്‍ന്നു. വലുതും ചെറുതുമായ ആറു വ്യവസായശാലകള്‍ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. 1200 പേര്‍ ജോലിചെയ്യുന്ന മരിയന്‍ അപ്പാരല്‍സാണ് വലിയവെളിച്ചത്തെ പ്രധാനസംരംഭം. 2008ല്‍ തുടങ്ങിയ സ്ഥാപനത്തിലെ ആയിരത്തോളം തൊഴിലാളികളും സ്ത്രീകള്‍. റബ്കോയുടെ ചെരുപ്പ്, ടയര്‍, സൈക്കിള്‍ ടയര്‍ യൂണിറ്റുകളിലായി മുന്നൂറോളം പേര്‍ ജോലി ചെയ്യുന്നു.

ഹൈക്കൌണ്ട് പൈപ്സ് ഉല്‍പാദിപ്പിക്കുന്ന സില്‍വര്‍ സ്ട്രീം പ്ളാസ്റ്റിക്സും ഫിറ്റ്സ് ഫാഷനുമാണ് അടുത്തിടെ ആരംഭിച്ച മറ്റുപ്രധാന സംരംഭങ്ങള്‍. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനുകീഴിലുള്ള അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്ററും ഈ കേന്ദ്രത്തിലുണ്ട്. പ്ളാസ്റ്റിക് പൈപ്പ്, പ്ളാസ്റ്റിക് ടാങ്ക്, ബയോഫെര്‍ട്ടിലൈസര്‍, വുഡ്പാനല്‍ യൂണിറ്റ് തുടങ്ങിയ വ്യവസായങ്ങള്‍ താമസിയാതെ തുടങ്ങും.

ദേശീയപാതയുടെ നിലവാരത്തിലുള്ള റോഡ്, ആവശ്യത്തിന് വൈദ്യുതി, വെള്ളം, കെട്ടിടങ്ങള്‍ തുടങ്ങി വ്യവസായത്തിനാവശ്യമായ എല്ലാ ഭൌതികസാഹചര്യവും വലിയവെളിച്ചത്തുണ്ട്.

സംസ്ഥാന വ്യവസായവികസനകോര്‍പറേഷന്‍(കെഎസ്ഐഡിസി) 1997ലാണ് വലിയവെളിച്ചത്ത് 250 ഏക്കര്‍ സ്ഥലം വ്യവസായവികസനത്തിന് ഏറ്റെടുത്തത്. എന്‍കെബി ഓയില്‍മില്‍, ചകിരികമ്പനി, റബ്കോ എന്നിവയായിരുന്നു തുടക്കത്തില്‍. 4.25 കോടി രൂപ ചെലവില്‍ കെഎസ്ഐഡിസിയാണ് വലിയവെളിച്ചത്തേക്കുള്ള റോഡ് വീതി കൂട്ടി വികസിപ്പിച്ചത്. 11 കെവി ലൈന്‍ വലിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 300 ഏക്കര്‍ സ്ഥലം കൂടി ഉടനെ ഏറ്റെടുക്കും. ആയിരം സ്ത്രീകള്‍ക്ക് താമസിക്കാനുള്ള ലേഡീസ്ഹോസ്റ്റല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
(പി ദിനേശന്‍)

എല്‍ഡിഎഫ് നയത്തിന്റെ മറ്റൊരു പ്രധാന വിജയം

വ്യവസായരംഗത്തെ എല്‍ഡിഎഫ് നയത്തിന്റെ മറ്റൊരു പ്രധാന വിജയം കേന്ദ്ര പൊതുമേഖലയുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തെ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ കഴിഞ്ഞതും കൂടുതല്‍ കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞതുമാണ്.

ട്രാന്‍സ്ഫോര്‍മര്‍ ഉല്‍പ്പാദന കമ്പനിയായ അങ്കമാലിയിലെ 'ടെല്‍ക്ക്' കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എന്‍ടിപിസിയുമായി സംയുക്തസംരംഭം ആരംഭിച്ചു. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച കമ്പനിയായിരുന്നു 'ടെല്‍ക്ക്'.

കോഴിക്കോട്ടെ സ്റീല്‍ കോംപ്ളക്സ് കേന്ദ്ര നവരത്ന കമ്പനിയായ സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുമായി സംയുക്ത പ്രവര്‍ത്തനം തുടങ്ങി. തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ച സ്റീല്‍ കോംപ്ളക്സ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു.

ചേര്‍ത്തല ഓട്ടോകാസ്റ് - സില്‍ക്ക് യൂണിറ്റുകള്‍ റെയില്‍വേയുമായി ചേര്‍ന്ന് റെയില്‍വേ ബോഗി നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ധാരണയായി. കേരള റെയില്‍ കമ്പോണന്റ്സ് ലിമിറ്റഡ് എന്ന ഈ സ്ഥാപനം മൂന്നുവര്‍ഷത്തിനകം 150 ജീവനക്കാരെ ഏറ്റെടുക്കും. കെല്ലിന്റെയും ഭെല്ലിന്റെയും സംയുക്തസംരംഭം കാസര്‍കോട് സീതാംഗോലിയില്‍ തുടങ്ങും.
ബിഎച്ച്ഇഎല്ലുമായി കെല്ലും ബിഇഎല്ലുമായി കെല്‍ട്രോണും സംയുക്തസംരംഭത്തില്‍ ഏര്‍പ്പെട്ടു. ഇസിഐഎല്‍, ഐഎസ്ആര്‍ഒ, പ്രതിരോധവകുപ്പ് എന്നിവയുമായും കെല്‍ട്രോണ്‍ സംയുക്തസംരംഭത്തിനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്. എസ്ഐഎഫ്എല്ലിനുമുണ്ട് ഐഎസ്ആര്‍ഒയുമായി ദീര്‍ഘകാല കരാര്‍.

തിരുവനന്തപുരത്തെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് പ്രതിരോധവകുപ്പിനു കീഴിലുള്ള 'ബ്രഹ്മോസ് എയ്റോ സ്പേസ്' ഏറ്റെടുത്ത് 'ബ്രഹ്മോസ്' മിസൈല്‍ നിര്‍മാണ യൂണിറ്റാക്കി മാറ്റി. കേരളത്തിലെ ആദ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റാണിത്.

പ്രതിരോധവകുപ്പിന്റെ മിനി രത്ന കമ്പനിയായ ഭാരത് എര്‍ത് മൂവേഴ്സ് (ബിഇഎംഎല്‍) യൂണിറ്റ് പാലക്കാട്ട് കഞ്ചിക്കോട്ടുള്ള കിന്‍ഫ്രയുടെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. റെക്കോഡുവേഗത്തില്‍ ഇതിന്റെ പണി പൂര്‍ത്തിയാക്കിയത് കേരളത്തിന്റെ പ്രതിഛായതന്നെ മെച്ചപ്പെടുത്തി.

കേന്ദ്ര മിനി നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനെ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് ഇലക്ട്രോണിക് കുതിപ്പിന് നാന്ദികുറിക്കുകയാണ്. കെല്‍ട്രോണിന്റെ പല യൂണിറ്റുകളെയും നഷ്ടത്തില്‍നിന്നു കരകയറ്റാനും പുതിയ വികസന- വിപുലീകരണ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ ശ്രമം വിജയത്തിലേക്കു നീങ്ങുകയുമാണ്.

കേരള സോപ്സിന് 'കാവ്യ'സൌരഭം

കോഴിക്കോട്: "പൊതുമേഖലയില്‍ ഒരുപാട് ആളുകള്‍ക്ക് തൊഴില്‍ കിട്ടുന്ന സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ സ്ഥാനം എന്നെ ഏല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ നല്‍കിയ അംഗീകാരമായിട്ടാണ് കാണുന്നത്''- മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന്റെ വാക്കുകള്‍. കേരള സോപ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍പദവി സ്വീകരിച്ച് കാവ്യ വികാരഭരിതയായാണ് സംസാരിച്ചത്. പ്രതിഫലം വാങ്ങാതെയാണ് കാവ്യ നാടിന്റെ വികസനക്കുതിപ്പിന് കരുത്താര്‍ന്ന പിന്തുണ പ്രഖ്യാപിച്ചത്.

ലാഭകരമല്ലെന്ന കാരണത്താല്‍ കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടിയ കമ്പനിയാണ് ഇന്ന് രാജ്യാന്തരവിപണിവരെ കീഴടക്കുംവിധം വളര്‍ന്നത്. കമ്പനിയുടെ ആദ്യ വിദേശ ഓര്‍ഡര്‍ കഴിഞ്ഞമാസം ദുബായിലേക്ക് കയറ്റി അയച്ചു. ദുബായില്‍നിന്നുതന്നെ പുതിയ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ചെറിയ കാലയളവില്‍ വലിയ കുതിപ്പ് സാധ്യമായി. 'മലബാര്‍ സാന്‍ഡല്‍' പുറത്തിറക്കി വരവറിയിച്ച കമ്പനി തുടര്‍ന്ന് ത്രില്‍ എക്സോട്ടിക്, ത്രില്‍ ചെമ്പകം, കൈരളി, വാഷ്വെല്‍ എന്നിവ പുറത്തിറക്കി വിപണി കീഴടക്കി. ശബരിമല സീസണ്‍ ലക്ഷ്യമാക്കി പുറത്തിറക്കിയ പ്രത്യേക കൈരളി സോപ്പും ജനം സ്വീകരിച്ചു. വേപ്പ്, റിഥം, കോള്‍ട്ടാര്‍ എന്നിവ ഉടന്‍ വിപണിയിലെത്തും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുള്‍പ്പെടെ പുതിയ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. സംസ്ഥാന സര്‍ക്കാരിന്റെ പുതുവര്‍ഷസമ്മാനമായി അഞ്ചുകോടിയുടെ വിപുലീകരണപദ്ധതിയും പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി നിര്‍മിച്ച പുതിയ ഉല്‍പ്പാദന യൂണിറ്റും ഗോഡൌണുകളും പ്രവര്‍ത്തനസജ്ജമായി.
(സി പ്രജോഷ്കുമാര്‍)

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 08 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ബദല്‍ വികസനമാതൃകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായരംഗത്ത് ഇടപെട്ടത്. രാജ്യത്തിനാകെ മാതൃകയായി പൊതുമേഖലാവികസനം ആവിഷ്കരിക്കാന്‍ കഴിഞ്ഞെന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രധാന നേട്ടം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായിരുന്നു. പൊതുമേഖലയില്‍ അടച്ചുപൂട്ടലും വില്‍പ്പനയും പിരിച്ചുവിടലും, പരമ്പരാഗതവ്യവസായ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കില്‍, ചെറുകിടമേഖല രോഗഗ്രസ്തം. ഈ അവസ്ഥയില്‍നിന്നാണ് രാജ്യത്തെ രണ്ടാമത്തെ നിക്ഷേപാനുകൂല സംസ്ഥാനമാക്കി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്.