Friday, January 21, 2011

ആ കഴുകന്‍ ജീവിതം കൊത്തിവലിക്കുന്നു

'ആ കഴുകന്‍ വീണ്ടും ഞങ്ങളുടെ ജീവിതം കൊത്തിവലിക്കുകയാണ്'. അമേരിക്കന്‍ അധിനിവേശത്തെ തുറന്നുകാണിക്കുന്ന ഈ വാക്കുകള്‍ മെക്‌സിക്കന്‍ സിനിമാ സംവിധായിക മരിയ നൊവാരോയുടേതാണ്. മെക്‌സിക്കോയിലെ സമാന്തര സിനിമാപ്രസ്ഥാനത്തില്‍ ഇന്ന് അവഗണിക്കാനാവാത്ത സംവിധായികയാണ് മരിയ. ദയാരഹിതമായ വര്‍ത്തമാനകാലത്ത് തികച്ചും മാനുഷികമുഖം പ്രതിഫലിക്കുന്നതും കുടുംബ ബന്ധത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നതുമാണ് മരിയയുടെ സിനിമകള്‍. അനാഥത്വം, യാത്ര, തീവ്രസ്‌നേഹം, സൌഹൃദം എന്നിവയിലൂടെയാണ് ഈ സിനിമകള്‍ വികസിക്കുന്നത്.

മാതൃസ്‌നേഹത്തിന്റെ ഉദാത്തവികാരം അനുഭവിപ്പിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പെണ്‍പക്ഷസിനിമയുടെ ചതുരക്കൂടില്‍ മാത്രം ഒതുങ്ങുന്നതല്ല. ലാറ്റിനമേരിക്കന്‍ സിനിമയില്‍ കാണുന്ന വിപ്ളവമോ സ്വേച്ഛാധിപത്യത്തിന്റെ ക്രൂരഭാവമോ മരിയയുടെ സിനിമയില്‍ കാണില്ലെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ സൃഷ്‌ടിച്ചെടുത്ത സമൂഹത്തെ മരിയ എതിര്‍ദിശയില്‍ നിര്‍ത്തുന്നു. വിപ്ളവം മാറ്റമാണെങ്കില്‍ അതിന് മുഷ്‌ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങളും കലാപദൃശ്യങ്ങളും വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഈ സംവിധായിക വിശ്വസിക്കുന്നു.

തികച്ചും പുരുഷകേന്ദ്രീകൃതമായ സിനിമാമേഖലയില്‍ ധീരതയോടെ ക്യാമറ കൈയിലെടുത്ത വനിതയാണ് മരിയ. പരമ്പരാഗതമായ ലക്ഷ്മണരേഖകള്‍ ലംഘിക്കുന്നതു കണ്ടപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞെങ്കിലും നെവാരോ ക്യാമറക്കു പിന്നില്‍ അടിയുറച്ചുനിന്നു.

1951ല്‍ മെക്‌സിക്കോസിറ്റിയില്‍ ആയിരുന്നു മരിയയുടെ ജനനം. 'നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്‌സിക്കോ'യില്‍നിന്നും സോഷ്യോളജിയില്‍ ബിരുദം നേടിയ മരിയ യൂണിവേഴ്സിറ്റി ഓഫ് സെന്റര്‍ ഫോര്‍ ഫിലിം സ്റ്റഡീസില്‍നിന്നു ചലച്ചിത്രപഠനം പൂര്‍ത്തിയാക്കി. ആദ്യ ഫീച്ചര്‍ ചിത്രമായ 'ലോല' നിരവധി അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഇതുവരെയും അഞ്ച് ഫീച്ചര്‍ സിനിമയും 11ഷോര്‍ട്ട് ഫിലിമും ചെയ്ത മരിയ 59-ാമത്തെ വയസ്സിലും സിനിമാസപര്യ തുടരുകയാണ്. സഹോദരി ബീട്രിസ് നൊവാരോയും സിനിമാരംഗത്തുണ്ട്. ഡാന്‍സോ, ദി ഗാര്‍ഡന്‍ ഓഫ് ഈഡന്‍ എന്നീ സിനിമകളില്‍ മരിയയ്ക്കൊപ്പം തിരക്കഥയെഴുതിയത് ബീട്രിസ് ആണ്.

ലോല, ഡാന്‍സോ, ദി ഗാര്‍ഡന്‍ ഓഫ് ഈഡന്‍, വുമണ്‍ വിത്തൌട്ട് എ ട്രേസ്, ദി ഗുഡ് ഹെര്‍ബ്സ് എന്നിവയാണ് മരിയയുടെ ഫീച്ചര്‍ സിനിമകള്‍. ആല്‍ബര്‍ട്ടോ കോര്‍ട്ടസിന്റെ 'ലവ് എറൌണ്ട് ദി കോര്‍ണര്‍' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു മരിയയുടെ തുടക്കം. സംവിധായിക, തിരക്കഥ, ശബ്ദമിശ്രണം, എഡിറ്റിങ്, ഛായാഗ്രഹണം എന്നീ സാങ്കേതികമേഖലയിലും മരിയയുടെ പ്രതിഭാസ്പര്‍ശമുണ്ടായിരുന്നു. 'യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ നിരവധി ക്ളാസിക് സിനിമകള്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ജന്മം നല്‍കിയിട്ടുണ്ട്.' കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ജൂറി അംഗമായി എത്തിയ മരിയ പറഞ്ഞു. 'അടുത്തകാലത്തായി മെക്‌സിക്കന്‍ സിനിമകളും അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധനേടി. എന്നാല്‍, അമേരിക്കയില്‍നിന്നും വരുന്ന ഹോളിവുഡ് സിനിമകളുടെ അതിപ്രസരം പ്രാദേശികസിനിമകളെ തകര്‍ക്കുകയാണ്. കേവലമായ ആഹ്ളാദത്തിന് അപ്പുറം മറ്റൊന്നും ചര്‍ച്ച ചെയ്യരുതെന്ന ഗൂഢോദ്ദേശ്യത്തോടെയാണ് ഇത്തരം ഹോളിവുഡ് സിനിമകള്‍ അമേരിക്ക അതിര്‍ത്തി കടത്തി തിയേറ്ററിലെത്തിക്കുന്നത്. രാഷ്‌ട്രീയ അധിനിവേശത്തെക്കാള്‍ ഏറ്റവും മാരകമാണ് അമേരിക്കയുടെ ഈ സാംസ്കാരിക അധിനിവേശം. ഹൊററും വയലന്‍സും നിറഞ്ഞ ഇത്തരം ചിത്രങ്ങള്‍ പുറമെ നിര്‍ദോഷമെന്ന് തോന്നിക്കുമെങ്കിലും അപകടകരമായ വിധം ഇത് ആളുകളെ സ്വാധീനിക്കുന്നു. അതേസമയം ജീവിതഗന്ധിയായ സിനിമകള്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നുണ്ട്. കൂടാതെ മെക്‌സിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സാമ്പത്തികസഹായം നല്‍കുന്നുണ്ട്.

മയക്കുമരുന്നു മാഫിയകളാണ് മെക്‌സിക്കോ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇന്നത്തെ ശാപം. മയക്കുമരുന്നിന്റെ പ്രാദേശികവ്യാപാരത്തിനപ്പുറം കൊളംബിയയില്‍നിന്നുള്ള അന്തര്‍ദേശീയ വ്യാപാരവും നടക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികളുടെ എജന്റുമാരും ഇതില്‍ കണ്ണികളാണ്.

അമേരിക്കന്‍ കഴുകന്മാരുടെ ആക്രമണത്തില്‍ നിരവധി ജന്മങ്ങളാണ് ഇവിടെ അനാഥമായിപ്പോകുന്നത്. എന്റെ 'വുമണ്‍ വിത്തൌട്ട് എ ട്രേസ് 'എന്ന സിനിമയില്‍ മയക്കുമരുന്നു മാഫിയകള്‍ എങ്ങനെയാണ് കുടുംബങ്ങളിലെ സ്വാസ്ഥ്യം കെടുത്തുന്നതെന്ന് വെളിവാക്കുന്നു.'

ലാറ്റിനമേരിക്കന്‍ സിനിമകള്‍ എക്കാലത്തും ബൌദ്ധികതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ജൂലിയോ ഗാര്‍സിയ എസ്പിനാസോ, തോമസ് ഏലിയ (ക്യൂബ) മിഗ്വില്‍ ലിറ്റിന്‍ ഗ്ളോബര്‍ റോഷ(ചിലി) ഫെര്‍ണാണ്ടോ സൊളാനസ് (അര്‍ജന്റീന)എന്നിവരുടെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. സ്വേച്ഛാധിപത്യത്തിന്റെ ബൂട്ടുകളും വിപ്ളവത്തിന്റെ ചുവന്ന നാളുകളും പിന്നീട് ജനാധിപത്യത്തിന്റെ ഉദയവും ഇവരുടെ സിനിമകളിലൂടെ ലോകം കണ്ടു. അതേസമയം ഈ തലമുറയിലെ സംവിധായകരും പുതിയകാലത്തെ അടയാളപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. സിനിമയില്‍ സ്ത്രീസംവിധായിക, പുരുഷസംവിധായകന്‍ എന്നിങ്ങനെയുള്ള വര്‍ഗീകരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വ്യക്തിജീവിതത്തില്‍ ഞാനൊരു ഫെമിനിസ്റ്റാണ് . അതേസമയം സിനിമയില്‍ അങ്ങനെയല്ല. മെക്‌സിക്കോയിലെ വുമണ്‍ ഫിലിം കലക്ടീവ് എന്ന പ്രസ്ഥാനം നിരവധി സ്ത്രീസംവിധായകരെ സൃഷ്‌ടിച്ചെടുക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു. തുടക്കത്തില്‍ അതില്‍ സജീവപ്രവര്‍ത്തകയായിരുന്നു. സ്ത്രീപക്ഷ സിനിമകളെ പ്രേത്സാഹിപ്പിക്കുക, സ്ത്രീകളെ ഈ രംഗത്തേക്ക് കടന്നുവരാന്‍ സഹായിക്കുക തുടങ്ങിയവയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ 1980കളുടെ തുടക്കത്തില്‍ ഈ പ്രസ്ഥാനം സ്വാഭാവിക അന്ത്യം കൈവരിച്ചു.

ഏതെങ്കിലും ഐഡിയോളജി പ്രചരിപ്പിക്കാനുള്ള മാധ്യമമായി സിനിമയെ കാണരുത്. സിനിമയില്‍ ബോധപൂര്‍വം ഐഡിയോളജിയും സന്ദേശവും കുത്തിനിറയ്ക്കുമ്പോള്‍ നശിക്കുന്നത് സിനിമയെന്ന മഹത്തായ കലയാണ്. എന്റെ സിനിമതന്നെയാണ് എന്റെ രാഷ്‌ട്രീയം. ആദ്യസിനിമയായ ലോല ബര്‍ലിന്‍ ഫെസ്റ്റിവലില്‍ നവാഗത പ്രതിഭയ്ക്കുള്ള അംഗീകാരം നേടിത്തന്നു. ഇത് തുടര്‍ന്നുള്ള സിനിമയ്ക്ക് പ്രചോദനമായി. മാതൃത്വമാണ് എന്റെ സിനിമയിലെ മുഖ്യപ്രമേയം. അനാഥത്വവും ഒറ്റപ്പെടലും നിറഞ്ഞ ഈ കാലഘട്ടം അത് ആവശ്യപ്പെടുന്നുണ്ട്. തെരുവുകച്ചവടക്കാരിയായ ലോലയും അച്ഛനില്ലാതെ വളരുന്ന മകളുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. ദി ഗാര്‍ഡന്‍ ഓഫ് ഈഡന്‍ സ്വാതന്ത്ര്യവും സ്വത്വവും അന്വേഷിക്കുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ്. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായുള്ള എന്റെ പുതിയ സിനിമയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

അര്‍ജന്റീന ചിലി ബ്രസീല്‍ വെനസ്വേല, ഉറുഗ്വേ, കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ ചെറുരാജ്യങ്ങളില്‍നിന്നുപോലും ഇപ്പോള്‍ മികച്ച സിനിമകള്‍ പുറത്തുവരുന്നു. മുമ്പ് ഈ പട്ടികയില്‍ മെക്‌സിക്കോയ്ക്ക് ഇടം ലഭിച്ചിരുന്നില്ല. ഈ മേളയില്‍ പ്രദര്‍ശിപ്പിച്ച കാര്‍ലോസ് ഗവീരിയ സംവിധാനം ചെയ്ത 'പോര്‍ട്രെയിറ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്' കൊളംബിയയുടെ വര്‍ത്തമാനകാലദുരന്തം ആവിഷ്കരിക്കുന്നതാണ്. (ഈ സിനിമയ്ക്കാണ് മേളയില്‍ സുവര്‍ണചകോരം ലഭിച്ചത്.) പുരോഗമന ആശയക്കാരിയെന്ന നിലയില്‍ എന്റെ ജീവിതത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനമുണ്ട്. ഞാന്‍ ജനിച്ച തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റി കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഇടതു പാര്‍ടിയാണ് ഭരിക്കുന്നത്. അടുത്ത 2012ല്‍ ഇവിടെ തെരഞ്ഞെടുപ്പു വരികയാണ്. ഒരിക്കല്‍ക്കൂടി ഇതേ പാര്‍ടി അധികാരത്തില്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'


*****


വി കെ സുധീര്‍കുമാര്‍, കടപ്പാട് : ദേശാഭിമാനി സ്‌ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ആ കഴുകന്‍ വീണ്ടും ഞങ്ങളുടെ ജീവിതം കൊത്തിവലിക്കുകയാണ്'. അമേരിക്കന്‍ അധിനിവേശത്തെ തുറന്നുകാണിക്കുന്ന ഈ വാക്കുകള്‍ മെക്‌സിക്കന്‍ സിനിമാ സംവിധായിക മരിയ നൊവാരോയുടേതാണ്. മെക്‌സിക്കോയിലെ സമാന്തര സിനിമാപ്രസ്ഥാനത്തില്‍ ഇന്ന് അവഗണിക്കാനാവാത്ത സംവിധായികയാണ് മരിയ. ദയാരഹിതമായ വര്‍ത്തമാനകാലത്ത് തികച്ചും മാനുഷികമുഖം പ്രതിഫലിക്കുന്നതും കുടുംബ ബന്ധത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നതുമാണ് മരിയയുടെ സിനിമകള്‍. അനാഥത്വം, യാത്ര, തീവ്രസ്‌നേഹം, സൌഹൃദം എന്നിവയിലൂടെയാണ് ഈ സിനിമകള്‍ വികസിക്കുന്നത്.

മാതൃസ്‌നേഹത്തിന്റെ ഉദാത്തവികാരം അനുഭവിപ്പിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പെണ്‍പക്ഷസിനിമയുടെ ചതുരക്കൂടില്‍ മാത്രം ഒതുങ്ങുന്നതല്ല. ലാറ്റിനമേരിക്കന്‍ സിനിമയില്‍ കാണുന്ന വിപ്ളവമോ സ്വേച്ഛാധിപത്യത്തിന്റെ ക്രൂരഭാവമോ മരിയയുടെ സിനിമയില്‍ കാണില്ലെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ സൃഷ്‌ടിച്ചെടുത്ത സമൂഹത്തെ മരിയ എതിര്‍ദിശയില്‍ നിര്‍ത്തുന്നു. വിപ്ളവം മാറ്റമാണെങ്കില്‍ അതിന് മുഷ്‌ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങളും കലാപദൃശ്യങ്ങളും വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഈ സംവിധായിക വിശ്വസിക്കുന്നു.