Sunday, December 12, 2010

കറുത്ത കത്രീനയുടെ സംഘകഥ

ബ്ളാക് ഫെമിനിസമെന്ന് (Black Feminism) വ്യവഹരിക്കപ്പെടുന്ന പെണ്‍ പ്രസ്ഥാനവും അതിന്റെ കീഴാള പ്രത്യയശാസ്‌ത്രവും ഫെമിനിസ്‌റ്റ് വിചാരത്തെ ക്കുറിച്ചുള്ള പൊതുവായ സമാലോചനയില്‍ പ്രത്യേകമായ പരിശോധന ആവശ്യപ്പെടുന്നുണ്ട്. കൃഷ്ണവര്‍ണയായ ആഫ്രോ-അമേരിക്കന്‍ അംഗനയുടെ സ്വത്വ പ്രശ്‌നങ്ങളുമായി, സമതാവാദവുമായി, വിപ്ളവവ്യാകരണവുമായി, സാമൂഹ്യ-രാഷ്‌ട്രീയ പരിതോവസ്ഥകളുമായി, ലൈംഗികാഭിരുചികളുമായി ഇതു കെട്ടുപിണഞ്ഞു കിടക്കുന്നു. ബ്ളാക് ഫെമിനിസത്തിന്റെ ആശയതലം അതീവ കലുഷവും സങ്കീര്‍ണവുമാണെന്നു സാരം. അടിമത്തം (Slavery), അടിച്ചമര്‍ത്തല്‍ (Suppression), അവസരനിഷേധം (Denial of opportunity), ലിംഗ വിവേചനം (Gender discrimination), ലൈംഗിക ചൂഷണം (Sexual exploitation), പ്രാന്തവത്കരണം (Marginalisation), ആഭാസവത്കരണം (Vulgarisation) എന്നീ അവസ്ഥകളെയൊക്കെത്തന്നെ, പെണ്‍കൂട്ടായ്‌മ എന്ന നിലയിലും ഒരു ആശയ ശാസ്‌ത്രവേദി എന്ന നിലയിലും ബ്ളാക് ഫെമിനിസം അഭിസംബോധന ചെയ്യുന്നുണ്ട്. സ്വന്തമായൊരു ആഖ്യാനഭാഷയുടെ ആവശ്യവും ഈ സമരോത്സുക മുന്നേറ്റം ഏറ്റെടുക്കുന്നുണ്ട്.

ഇരുണ്ട ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍നിന്ന് ഐക്യനാടുകളിലേക്ക് അടിമവേലക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോയ പരശ്ശതം കറുത്ത മനുഷ്യരുടെ സന്താനപരമ്പരയാണ് അമേരിക്കന്‍ സമൂഹത്തില്‍ തുല്യാവകാശങ്ങള്‍ക്കും തുല്യാവസരങ്ങള്‍ക്കും വേണ്ടി തലമുറകളായി പോരാടുന്നത്. നിരന്തമായ പൌരാവകാശ സമരങ്ങളുടെ ഫലമായി രാഷ്‌ട്രീയതലത്തില്‍ തിണ്ണ നേടാന്‍ കരുമാടിക്കുട്ടനു കഴിഞ്ഞിട്ടുണ്ടെങ്കിലും സാമൂഹ്യ-സാമ്പത്തിക വിതാനങ്ങളില്‍ പരോക്ഷമായ വിവേചനം, തന്ത്രപരമായ ഒഴിവാക്കല്‍, ശബ്‌ദമില്ലാത്ത പുറംതള്ളല്‍ ഇപ്പോഴും തുടരുന്നു. യുഎസിലെ തെക്കന്‍ സ്‌റ്റേറ്റുകളില്‍ വര്‍ണവെറി പല രൂപങ്ങളില്‍ നിലനില്‍ക്കുന്നു. ഒരു ബറാക് ഒബാമ വൈറ്റ്ഹൌസിലെത്തിയതുകൊണ്ടു മാത്രം അവസാനിക്കുന്നതല്ല അവിടത്തെ അടിസ്ഥാനപരമായ വംശീയ സംഘര്‍ഷം. വെള്ളത്തൊലിയുടെ അസഹിഷ്‌ണുത പുതിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. Black is beautiful- കറുപ്പിന് ഏഴഴക് -എന്ന് സായ്‌പിന് ബോധ്യം വന്നിട്ടില്ല. 'നീഗ്രോ' എന്ന പദം നിത്യോപയോഗത്തില്‍നിന്നു നീക്കപ്പെട്ടുവെങ്കിലും വെള്ളക്കാരന്റെ സ്വകാര്യ ഭാഷണത്തില്‍ കരുമന്‍ ഇപ്പോഴും Stinking Nigger-നാറുന്ന നിഗ്ഗര്‍ -ആകുന്നു.

കറുത്ത അടിമയുടെ തുടലഴിക്കാന്‍ മനുഷ്യസ്നേഹിയായൊരു അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്നപ്പോഴാണല്ലോ ഒരാഭ്യന്തര യുദ്ധം (Civil War) പൊട്ടിപ്പുറപ്പെട്ടത്. ഏതായാലും അടിമത്തത്തെ നിയമവിരുദ്ധമാക്കി വിളംബരം ചെയ്യാന്‍ അബ്രഹാംലിങ്കന് കഴിഞ്ഞു. അന്നുമുതലാണ് പൌരജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കറുത്ത കീഴാളനു പ്രവേശം കിട്ടിയത്. ഐക്യനാടുകളില്‍ ബ്ളാക് പ്രസ്ഥാനങ്ങള്‍ പലതുണ്ടായി: Civil Rights Movement, Student Non- Violent Coordinating Committee, Black Panthers. മാര്‍ട്ടിന്‍ ലൂതര്‍ കിങ് (Martin Luther King Jr.), സ്‌റ്റോൿലി കാര്‍ മൈക്കേല്‍(Stokly Car Michael), ജെസ്സി ജാക്‌സണ്‍ ( Jessie Jackson തുടങ്ങിയ നേതാക്കന്മാര്‍ അവരുടേതായ ദര്‍ശനങ്ങളുമായി പ്രത്യക്ഷപ്പെട്ടു. കറുത്ത കൂട്ടായ്‌മകള്‍ക്ക് പ്രത്യയശാസ്‌ത്രപരമായ ഒരാരൂഢം നിര്‍മിക്കാന്‍, നിരോധിക്കപ്പെട്ട അമേരിക്കന്‍ കമ്യൂണിസ്‌റ്റു പാര്‍ടി വളരെ സഹായിച്ചിട്ടുണ്ട്. പല ബ്ളാക് ആക്റ്റിവിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകാരുമായിരുന്നു. സെനറ്റര്‍ മക്കാര്‍ത്തി (Joseph Raymond Mcarthy) യുടെ മേലധ്യക്ഷതയില്‍ 1950കളില്‍ നടന്ന കുപ്രസിദ്ധമായ കമ്യൂണിസ്‌റ്റു വേട്ടക്ക് ഇരകളായവരില്‍ വലിയൊരു ശതമാനം കറുത്തവരായ ബുദ്ധിജീവികളും കലാകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്നു. വിപ്ളവ ഗായകനായിരുന്ന പോള്‍റോബ്‌സണ്‍ ഒരുദാഹരണമാണ്.

കറുത്ത വര്‍ഗത്തിന്റെ രണാങ്കണങ്ങളില്‍ വലിയ തോതില്‍ സ്‌ത്രീ പങ്കാളിത്തമുണ്ടായിരുന്നു. മികവുറ്റ സംഘാടകരും സൈദ്ധാന്തികരും പെണ്‍പക്ഷത്തുനിന്ന് അരങ്ങത്തുവന്നു. എങ്കിലും പേട്രിയാര്‍ക്കിയുടെ പൂതലിച്ച ഘടനകള്‍ക്കു വിധേയത്വം പുലര്‍ത്തുന്ന ഒരു വിമോചനപ്രസ്ഥാനമാണ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന തിരിച്ചറിവ് കറുത്ത സ്‌ത്രീക്കുണ്ടായതോടെ ഫെമിനിസ്‌റ്റ് കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്ന, പെണ്‍ശബ്‌ദത്തിനു പൊങ്ങാന്‍ പറ്റുന്ന, ഒരു റാഡിക്കല്‍ പ്ളാറ്റ്ഫോം അത്യാവശ്യമാണെന്ന അവബോധം പ്രചരിച്ചു. മാത്രമല്ല, ജന്‍ഡര്‍ വിവേചനവും ലിംഗ ചൂഷണവും രഹസ്യമായും പരസ്യമായും പ്രോത്സാഹിപ്പിക്കുന്നത് മേലാളരായ വെള്ളക്കാര്‍ മാത്രമല്ലെന്ന് കറുത്ത കത്രീന കണ്ടു. തൊലി കറുത്ത ആണുങ്ങളും സ്‌ത്രീ ധ്വംസനത്തില്‍ പങ്കാളികളാണെന്നും അവള്‍ കൃത്യമായി വിലയിരുത്തി. ആയതിനാല്‍ രണ്ടു അങ്കത്തട്ടുകള്‍ തുറക്കേണ്ടതിന്റെ ആവശ്യം കറുത്ത പെണ്ണിനു ബോധ്യപ്പെട്ടു. ഒന്ന്, പൊതുവായ വംശീയ- വര്‍ഗചൂഷണത്തിനെതിരായി; രണ്ട്, സ്വന്തം തറവാട്ടിലും അതിന്റെ പരിസരങ്ങളിലും നടക്കുന്ന സ്‌ത്രീ ചൂഷണത്തിനും പുരുഷമുഷ്‌ക്കിനും എതിരായി.

മറ്റൊരു പ്രശ്‌നം കൂടി കറുത്തവര്‍ക്കുണ്ട് എന്ന് ബ്ളാക് ഫെമിനിസ്‌റ്റുകള്‍ മനസ്സിലാക്കി. പടിഞ്ഞാറന്‍ സ്‌ത്രീപക്ഷ വിചാരം മുഴുവനും ബഹിര്‍ഗമിച്ചത് വെളുത്ത കത്രീനകളില്‍നിന്നാണ്. ആ ചിന്തകളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് മദാമ്മയാണ്, തമ്പുരാട്ടിയാണ്. വംശീയതയെ ഗൌരവമായി കണക്കിലെടുക്കാന്‍ പടിഞ്ഞാറന്‍ ഫെമിനിസത്തിനു താല്പര്യമുണ്ടായിരുന്നില്ല. കറുത്ത പെണ്ണിന്റെ ലൈംഗികതയും (Black female Sexuality) ധവളാംഗനകള്‍ സിദ്ധാന്ത ചര്‍ച്ചകളില്‍ പരിഗണിച്ചില്ല. വെളുത്ത കത്രീനക്കും കറുത്ത കത്രീനക്കും ഒരേ രുചികളല്ലെന്ന്, അവരുടെ നെഞ്ചളവ് ഒന്നല്ലെന്ന് ആംഗ്ളോ-അമേരിക്കന്‍ ഫെമിനിസ്‌റ്റുകള്‍ മനഃപൂര്‍വം മറന്നുപോയി; ഫ്രഞ്ച് ഫെമിനിസ്‌റ്റുകളും. സെക്‌സിസത്തെയും ലിംഗവിവേചനത്തെയും തുറന്നുകാട്ടുമ്പോള്‍ 'റേസിസ'ത്തെയും (Racism - വംശീയ വിവേചനം) കൂടി വിസ്‌തരിക്കണമെന്ന് അവര്‍ക്കു തോന്നിയില്ല. ഇതൊക്കെക്കൊണ്ടാണ് തങ്ങളുടേതായ ഒരു റാഡിക്കല്‍ ഫെമിനിസ്‌റ്റ് കളരി ആവശ്യമാണെന്ന് ആലിസ് വാക്കറെ (Alice Walker) പ്പോലുള്ളവര്‍ വാദിച്ചത്. മൂന്നാം ലോക ഫെമിനിസവുമായി (Third World Feminism) തങ്ങള്‍ക്കു കൂടുതല്‍ ഇഴയടുപ്പമുണ്ടെന്നും ബ്ളാക് ഫെമിനിസ്‌റ്റുകള്‍ കണ്ടെത്തി. സെക്‌സിസവും അടിയാളന്റെ അടിച്ചമര്‍ത്തലും വംശീയതയും അഴിച്ചെടുക്കാന്‍ എളുപ്പമല്ലാത്തവിധം കുരുങ്ങിക്കിടക്കുകയാണെന്നും ബ്ളാക് ഫെമിനിസ്‌റ്റ് സൈദ്ധാന്തികര്‍ വിലയിരുത്തി. വര്‍ഗസമരമെന്ന മാര്‍ക്‌സിയന്‍ ആശയത്തെ ഈ പ്രസ്ഥാനം അര്‍ഥപൂര്‍ണമെന്നു കണ്ടു. കീഴാള സമൂഹത്തിന്റെ നിര്‍വചനത്തില്‍ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്ന പെണ്‍വര്‍ഗത്തെയും ഉള്‍പ്പെടുത്തുന്ന മാര്‍ക്‌സിസ്‌റ്റ് രീതി അവര്‍ക്കു സ്വീകാര്യമായി. യൂറോപ്യന്‍ ഫെമിനിസ്‌റ്റു പ്രസ്ഥാനം സാമാന്യമായി മധ്യവര്‍ഗ വനിതയുടെ മാത്രം തട്ടകമാണ്. ആ നില മാറണമെന്ന് ബ്ളാക് ഫെമിനിസ്‌റ്റുകള്‍ വാദിച്ചു. പെണ്‍ പ്രസ്ഥാനം താഴെത്തട്ടുകളിലേക്കിറങ്ങിവരണം. തൊഴിലിടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവളെ, തെരുവില്‍ അപ്പം തേടി അലയുന്നവളെ, ഒരു നേരത്തെ ആഹാരത്തിന് ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവളെ, ജാമ്യത്തിലിറക്കാനാളില്ലാതെ തടവറയില്‍കഴിയുന്നവളെ സ്‌ത്രീമോചന പ്രസ്ഥാനം ഉള്‍ക്കൊള്ളുകതന്നെ വേണം.

ബ്ളാക് ഫെമിനിസം പുരോഗമനാത്മകവും സമരോന്മുഖവുമാണ്. ഈ പ്രസ്ഥാനത്തിന്റെ പ്രചാരകരെ (War weary warriors - പടവെട്ടിത്തളര്‍ന്ന യോദ്ധാക്കള്‍) എന്നു പലരും പരിഹസിച്ചു. കറുത്ത പെണ്ണിന്റെ മോചനമെന്നത് എല്ലാ അടിമവര്‍ഗങ്ങളുടെയും മോചനത്തിനു വഴിവെക്കുമെന്ന് ബ്ളാക് ഫെമിനിസ്‌റ്റുകള്‍ വാദിക്കുന്നു. വംശീയ വിധ്വംസനം അവസാനിക്കുമ്പോള്‍, വര്‍ഗചൂഷണം ഇല്ലാതാവുമ്പോള്‍, സെക്‌സിസമെന്നത് കര്‍ശനമായി നിയന്ത്രിക്കപ്പെടുമ്പോള്‍ സംഭവിക്കുക എല്ലാ അടിയാളന്മാരുടെയും അധഃസ്ഥിതരുടെയും മുക്തിയാണ്. ആലിസ് വാക്കര്‍ സ്‌ത്രീ പ്രസ്ഥാനത്തിനു പുതിയൊരു പേരുതന്നെ നിര്‍ദേശിക്കുകയുണ്ടായി: Womanism. സകലതല സ്‌പര്‍ശിയായ ഒരു പേരാണ് അതെന്നും അതാണ് Feminism എന്നതിനേക്കാള്‍ അര്‍ഥവത്തെന്നും അവര്‍ കരുതി.

‘In Search of our Mother's Garden: Womanist Prose' എന്ന ഗ്രന്ഥത്തിലാണ് 'Womanism' എന്ന പദം ആലിസ് വാക്കര്‍ ഉപയോഗിച്ചത്. പിന്നീടത് പല ഫെമിനിസ്‌റ്റ് ഗ്രൂപ്പുകളും ഏറ്റെടുത്തു. അമേരിക്കയിലെ കറുത്ത പെണ്ണിന്റെ അനുഭവങ്ങളെ, വീക്ഷണങ്ങളെ വിസ്‌തരിക്കുന്നതിനാണ് ആലിസ് വാക്കര്‍ 'വുമണിസം' എന്ന വാക്ക് സൃഷ്‌ടിച്ചത്. മൂന്നാം ലോക ഫെമിനിസ്‌റ്റുകളും ഈ പ്രയോഗത്തെ താല്പര്യപൂര്‍വം സ്വീകരിച്ചു. ബ്ളാക് ഫെമിനിസവും വുമണിസവും മാറി മാറി ഉപയോഗിക്കാവുന്ന പദങ്ങളാണെന്ന തെറ്റിദ്ധാരണവരെ പലര്‍ക്കുമുണ്ട്. ഒരു വുമണിസ്‌റ്റ് പെണ്‍കാര്യം മാത്രമല്ല, ആണ്‍കാര്യവും പ്രധാനമായി കാണുന്നു. ആണ്‍വര്‍ഗത്തോടുള്ള അവരുടെ സമീപനം കൂടുതല്‍ ഉദാരമാണ്. White Feminsm- ശ്വേത സ്‌ത്രീപക്ഷം-എന്നൊന്നുണ്ടെന്ന കാര്യത്തില്‍ വുമണിസവും ബ്ളാക് ഫെമിനിസവും കൈകോര്‍ക്കുന്നുണ്ട്. പുരുഷ കേന്ദ്രിത വ്യവസ്ഥയെക്കുറിച്ചുള്ള സ്‌ത്രീവിമര്‍ശത്തില്‍ വുമണിസം വെള്ളം ചേര്‍ക്കുന്നുവെന്ന ആരോപണം യൂറോപ്യന്‍ ഫെമിനിസ്‌റ്റ് ചിന്തകരില്‍നിന്നുമുയരുകയുണ്ടായി.

സെക്‌സിസവും വംശീയ വെറിയും പരസ്‌പര ബന്ധിതമാണെന്നതാണ് ബ്ളാക് ഫെമിനിസത്തിന്റെ അടിസ്ഥാനപരമായ കാഴ്‌ചപ്പാട്. ഈ സത്യം അംഗീകരിക്കാത്ത ഒരു പെണ്‍വിമോചന ചിന്തയും സാധുവല്ലതന്നെ. വര്‍ഗപരവും വംശീയവുമായ അടിച്ചമര്‍ത്തലിനെ അവഗണിക്കുന്ന ഒരു ഫെമിനിസ്‌റ്റ് സിദ്ധാന്തത്തിനും സത്യസന്ധതയില്ലെന്ന് ബ്ളാക് ഫെമിനിസം പ്രഖ്യാപിക്കുന്നു.

റാഡിക്കല്‍ ഫെമിനിസവും ബ്ളാക് ഫെമിനിസവും തമ്മില്‍ ചില അകല്‍ച്ചകളുണ്ടെങ്കിലും ഒരുപാട് സമാനതകളും ചേര്‍ച്ചകളുമുണ്ട്. രണ്ടു പ്രസ്ഥാനങ്ങള്‍ക്കും പൊതുവായുള്ള വിപ്ളവ സ്വഭാവത്തെ, സമര തത്പരതയെ എടുത്തുപറയേണ്ടതുണ്ട്. ലൈംഗികതയോടൊപ്പം വര്‍ഗ-വംശീയ ചൂഷണവും പരിഗണിക്കപ്പെടണമെന്ന ബ്ളാക് ഫെമിനിസ്‌റ്റ് നിലപാടിനോട് റാഡിക്കല്‍ പെണ്‍വാദവും പൂര്‍ണമായി യോജിക്കുന്നു. റാഡിക്കല്‍ ഫെമിനിസ്‌റ്റിനെ സംബന്ധിച്ചിടത്തോളം അടവുകളും ആശയശാസ്‌ത്രവും വേര്‍പിരിക്കാനാവാത്തവയാണ്. ഇതേ സമീപനമാണ് ബ്ളാക് ഫെമിനിസിന്റേതും.

കറുത്ത പെണ്‍പക്ഷം, ബ്ളാക് മോചന പ്രസ്ഥാനത്തില്‍നിന്നാണ് മുളപൊട്ടിയത്. അമേരിക്കയിലെ പെണ്‍കൂട്ടായ്‌മകളില്‍ ആരംഭംമുതലേ അപ്രഖ്യാപിതമെങ്കിലും സജീവമായ വര്‍ണവിവേചനം നിലനിന്നിരുന്നതുകൊണ്ട് കറുത്ത സ്‌ത്രീക്ക് മുഖ്യധാരയില്‍നിന്നു വേര്‍തിരിഞ്ഞ് സ്വന്തമായൊരു സംഘടന സൃഷ്‌ടിക്കേണ്ട അവസ്ഥ വന്നു. ശ്യാമളകളെ, അതായത് കറുത്ത വനിതകളെ വെള്ളകള്‍ക്കു മുന്‍കൈയുള്ള സ്‌ത്രീ സമാജങ്ങളിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നു തന്ത്രപൂര്‍വം ഒഴിവാക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഈ വിവേചനം, ഈ പ്രാന്തവല്‍ക്കരണം അക്കാദമിക് തലങ്ങളില്‍പ്പോലും കാണാമായിരുന്നു. പെണ്‍പഠന വകുപ്പുകളില്‍നിന്ന് കറുത്തവരെ മാറ്റിനിര്‍ത്തല്‍ സാധാരണമായിരുന്നു. അതിനു പറയുന്ന കാരണങ്ങള്‍ മറ്റു പലതുമായിരിക്കും. യുഎസിലെ പൊതുവായ പെണ്‍കൂട്ടായ്‌മകളൊക്കെത്തന്നെ ഒരു വംശീയ അടിത്തറയിലാണ് പണിതുയര്‍ത്തിയിട്ടുള്ളത് എന്ന് ബ്ളാക് ഫെമിനിസ്‌റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഒരു ബ്ളാക് ഫെമിനിസ്‌റ്റ് പ്രസ്ഥാനം ഊട്ടിയുണ്ടാക്കുക എളുപ്പമായിരുന്നില്ല. കറുത്ത പെണ്ണിനു സംഘം ചേരലിന്റെ ആവശ്യകത അത്രയങ്ങു ബോധ്യപ്പെട്ടിരുന്നില്ല. അവര്‍ക്കിടയില്‍- കറുത്ത പെണ്‍സമൂഹത്തിനിടയില്‍-പല അബദ്ധ ധാരണകളും പ്രചരിച്ചിരുന്നു: (1) തൊലി കറുത്തവരുടെ മോചനം അബ്രഹാം ലിങ്കണ്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. (2) വംശീയത മാത്രമാണ് ഒരു പ്രശ്‌നമായി അവശേഷിക്കുന്നത്. (3) ഫെമിനിസമെന്നാല്‍ പുരുഷവിദ്വേഷമാണ്. (4) സ്‌ത്രീയുടെ പ്രശ്‌നങ്ങള്‍ അരാഷ്‌ട്രീയം (Apolitical) ആണ്; സങ്കുചിതമാണ്. (5) ഫെമിനിസ്‌റ്റുകള്‍ ലെസ്‌ബിയന്‍മാരാണ് (സ്വവര്‍ഗാനുരാഗികളാണ്). ഈ 'മിത്തു'കള്‍ക്കെതിരായി പടവെട്ടിക്കൊണ്ടു വേണ്ടിവന്നു, ബ്ളാക് ഫെമിനിസ്‌റ്റ് സംഘടനക്ക് സമ്മതി സമ്പാദിക്കാന്‍. The Combahee River collective Statement എന്ന ബ്ളാക് ഫെമിനിസ്‌റ്റ് രേഖ മുന്‍ചൊന്ന തെറ്റിദ്ധാരണകള്‍ നീക്കാനും ഒരു പെണ്‍ പരിപ്രേക്ഷ്യം കാഴ്‌ചവെക്കാനും കാരണമായി.

കറുത്ത പെണ്‍പക്ഷം രൂപം നല്‍കിയ ഒരു മുഖ്യ സംഘടനയാണ് NBFO (National Black feminist Organisation). മറ്റൊരു കൂട്ടായ്‌മ കൂടി രംഗത്തെത്തി: Black Woman organised for Action (BWOA). ഈ പ്രസ്ഥാനങ്ങള്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കിയെന്നത് നിഷേധിക്കാനാവില്ല. വെള്ള മേധാവിത്വമുള്ള സ്‌ത്രീ സംഘങ്ങള്‍ അവരുടെ വംശീയ സമീപനത്തെക്കുറിച്ച് ബോധവതികളായി. വംശീയത തങ്ങളുടെ പല പ്രവര്‍ത്തനങ്ങളിലും നിഴലിക്കുന്നുണ്ടെന്ന കുറ്റസമ്മതം നടത്താന്‍ അവര്‍ തയ്യാറായി. യൂണിവേഴ്‌സിറ്റികളില്‍ സ്‌ത്രീപഠനങ്ങളുടെ സിലബസില്‍ ബ്ളാക് വിമണ്‍ സ്‌റ്റഡീസ് സ്ഥലം കണ്ടെത്തി. അമേരിക്കയിലെ എണ്ണപ്പെട്ട യൂണിവേഴ്‌സിറ്റികളിലെല്ലാംതന്നെ ബ്ളാക് ഫെമിനിസ്‌റ്റ് പഠന വിഭാഗങ്ങള്‍ പ്രഗത്ഭമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഫെമിനിസ്‌റ്റ് വിചാര പദ്ധതിക്ക് ബ്ളാക് ഫെമിനിസ്‌റ്റ് ബുദ്ധിജീവികള്‍ താത്വികമായ സംഭാവനകള്‍ ധാരാളമായി നല്‍കുന്നുണ്ട്. മാര്‍ക്‌സിയന്‍ ആശയശാസ്‌ത്രം പരുവപ്പെടുത്തിയ ചരിത്രബോധവും അപഗ്രഥന ശൈലിയും ബ്ളാക് ഫെമിനിസ്‌റ്റ് അക്കാദമിക് സംവാദങ്ങളില്‍ പ്രത്യക്ഷമാണ്.

അറുപത്തിനാലു വയസ്സുള്ള ബാര്‍ബറ സ്‌മിത്തിനെക്കുറിച്ച് കുറഞ്ഞൊന്നുപന്യസിക്കാതെ ബ്ളാക് ഫെമിനിസത്തെക്കുറിച്ചുള്ള സാമാന്യാവലോകനം അവസാനിപ്പിക്കുന്നതുചിതമല്ല. Combahee River Collevtive എന്ന കൂട്ടായ്‌മയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായല്ലോ. അതിന്റെ മാനിഫെസ്‌റ്റോ പാകപ്പെടുത്തിയത് ഈ ബ്ളാക് ലെസ്‌ബിയന്‍ ഫെമിനിസ്‌റ്റാണ്. കറുത്ത സ്‌ത്രീപക്ഷത്തിന്റെ സംഘടനയിലും വളര്‍ച്ചയിലും അതിപ്രധാനമായ വേഷമാണ് ഈ അക്കാദമിക് ആക്റ്റിവിസ്‌റ്റിനുള്ളത്. കറുത്ത സ്‌ത്രീപക്ഷ ചിന്തയുടെ പ്രസിദ്ധീകരണത്തിലും പ്രചാരണത്തിലും ബാര്‍ബറ സ്‌മിത്ത് ആകണ്ഠം മുഴുകി. കൊമ്പാഹി റിവര്‍ കലക്ടീവ് എന്ന സ്‌ത്രീവേദിയെ തികച്ചും സോഷ്യലിസ്‌റ്റ് പ്ളാറ്റ്ഫോമാക്കി മാറ്റിയത് അവരാണ്. കറുത്ത സ്‌ത്രീക്ക് സ്വന്തമായൊരു പ്രസിദ്ധീകരണ ശാല കൂടിയേ തിരൂ എന്ന് ബാര്‍ബറക്കു ബോധ്യപ്പെട്ടു. ഓഡ്റിലോര്‍ഡും ചെറി മൊറാഗയുമായി കൂട്ടുചേര്‍ന്ന് അവര്‍ 'Kitchen Table' എന്ന പബ്ളിഷിങ് സ്ഥാപനത്തിനു തുടക്കം കുറിച്ചു. സൈദ്ധാന്തികവും പഠനപരവുമായ ഒരുപാട് കറുത്ത പെണ്‍പക്ഷ പുസ്‌തകങ്ങള്‍ ഈ സ്ഥാപനം പുറത്തിറക്കുകയുണ്ടായി. പുനരുത്പാദനം, ബലാത്സംഗം, ജയില്‍ പരിഷ്‌ക്കാരങ്ങള്‍, വന്ധീകരണം, സ്‌ത്രീപീഡനം, വെള്ള ഫെമിനിസ്‌റ്റ് ഗ്രൂപ്പുകളില്‍ നിലനില്‍ക്കുന്ന വംശീയത- ഇങ്ങനെ ഒരുപാടു പൊള്ളുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകളും പാഠങ്ങളും സംവാദങ്ങളും ഈ പ്രസിദ്ധീകരണ സംരംഭത്തിലൂടെ വെളിച്ചം കണ്ടു. ബാര്‍ബറ സ്‌മിത്തിന്റെ പ്രമാണപ്പെട്ട പുസ്‌തകം, "The Truth that Never Hurts: Writings on Race, Gender and Freedom''ഈ പ്രസ്സിലൂടെയാണ് പുറത്തുവന്നത്.

ബാര്‍ബറ സ്‌മിത്തിന്റെ ആഗോള പ്രശസ്‌തിയാര്‍ജിച്ച പ്രബന്ധമാണ് 1982ല്‍ ജനസമക്ഷമെത്തിയ 'Toward a Black Feminist Consciousness'. ബ്ളാക് ലെസ്‌ബിയന്‍ ചര്‍ച്ചക്കു വാതില്‍ തുറന്നത് ഈ കൃതിയാണെന്നു പറയാം. കറുത്ത സ്‌ത്രീയെസംബന്ധിക്കുന്ന പല സമാഹാരങ്ങളും ബാര്‍ബറ എഡിറ്റു ചെയ്‌തു പുറത്തിറക്കി: 'All the Women are White, all the Blacks are Men, But some of Us Brave'; 'Black Studies'; 'Home Girls: A Black Feminist Anthology'.

" Identity Politics"എന്ന പ്രയോഗം രാഷ്‌ട്രീയ പദാവലിക്ക് സമ്മാനിച്ചതിന്റെ ക്രെഡിറ്റും ബാര്‍ബറ സ്‌മിത്തിനുള്ളതാണ്. കറുത്ത പെണ്ണിന്റെ ഭൌതികാനുഭവത്തില്‍നിന്നുരുത്തിരിയുന്ന രാഷ്‌ട്രീയം: അതാണ് Identity Politics എന്ന് അവര്‍ വിശദീകരിക്കുകയും ചെയ്‌തു.

ബാര്‍ബറ യുഎസ് പൊതുജീവിതത്തില്‍ സജീവമായിത്തുടരുന്നു. ഒരു സൈദ്ധാന്തികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും പ്രക്ഷോഭക എന്ന നിലയിലും അവര്‍ വിപുലമായി അംഗീകരിക്കപ്പെടുന്നുണ്ട്.

*****

വി സുകുമാരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

അധിക വായനയ്‌ക്ക് :

ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം

കാലം മറന്നുപോയ ഫെമിനിസ്റ്റ് - കേറ്റ് മില്ലറ്റ്

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...

ഫെമിനിസത്തിന്റെ മാര്‍ക്സിസ്റ്റ് മുഖങ്ങള്‍

നുണകള്‍, രഹസ്യങ്ങള്‍, നിശ്ശബ്‌ദതകള്‍: ഏഡ്റിയന്‍ റി...

ഡേല്‍ സ്‌പെന്‍ഡര്‍ : ദി ക്രിംസണ്‍ ഫെമിനിസ്‌റ്റ്

ലൂസ് ഇറിഗാറെ : ലിംഗവൈജാത്യത്തിന്റെ സിദ്ധാന്ത രൂപങ്...

അപനിര്‍മാണവും ഫെമിനിസവും: ഗായത്രി ചക്രബൊര്‍തി സ്‌പ...

കറുത്ത കത്രീനയുടെ സംഘകഥ

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

ഫെമിനിസവും ഇന്‍ഡിംഗ്ളീഷ് നോവലും

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മറ്റൊരു പ്രശ്‌നം കൂടി കറുത്തവര്‍ക്കുണ്ട് എന്ന് ബ്ളാക് ഫെമിനിസ്‌റ്റുകള്‍ മനസ്സിലാക്കി. പടിഞ്ഞാറന്‍ സ്‌ത്രീപക്ഷ വിചാരം മുഴുവനും ബഹിര്‍ഗമിച്ചത് വെളുത്ത കത്രീനകളില്‍നിന്നാണ്. ആ ചിന്തകളുടെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത് മദാമ്മയാണ്, തമ്പുരാട്ടിയാണ്. വംശീയതയെ ഗൌരവമായി കണക്കിലെടുക്കാന്‍ പടിഞ്ഞാറന്‍ ഫെമിനിസത്തിനു താല്പര്യമുണ്ടായിരുന്നില്ല. കറുത്ത പെണ്ണിന്റെ ലൈംഗികതയും (Black female Sexuality) ധവളാംഗനകള്‍ സിദ്ധാന്ത ചര്‍ച്ചകളില്‍ പരിഗണിച്ചില്ല. വെളുത്ത കത്രീനക്കും കറുത്ത കത്രീനക്കും ഒരേ രുചികളല്ലെന്ന്, അവരുടെ നെഞ്ചളവ് ഒന്നല്ലെന്ന് ആംഗ്ളോ-അമേരിക്കന്‍ ഫെമിനിസ്‌റ്റുകള്‍ മനഃപൂര്‍വം മറന്നുപോയി; ഫ്രഞ്ച് ഫെമിനിസ്‌റ്റുകളും. സെക്‌സിസത്തെയും ലിംഗവിവേചനത്തെയും തുറന്നുകാട്ടുമ്പോള്‍ 'റേസിസ'ത്തെയും (Racism - വംശീയ വിവേചനം) കൂടി വിസ്‌തരിക്കണമെന്ന് അവര്‍ക്കു തോന്നിയില്ല. ഇതൊക്കെക്കൊണ്ടാണ് തങ്ങളുടേതായ ഒരു റാഡിക്കല്‍ ഫെമിനിസ്‌റ്റ് കളരി ആവശ്യമാണെന്ന് ആലിസ് വാക്കറെ (Alice Walker) പ്പോലുള്ളവര്‍ വാദിച്ചത്. മൂന്നാം ലോക ഫെമിനിസവുമായി (Third World Feminism) തങ്ങള്‍ക്കു കൂടുതല്‍ ഇഴയടുപ്പമുണ്ടെന്നും ബ്ളാക് ഫെമിനിസ്‌റ്റുകള്‍ കണ്ടെത്തി. സെക്‌സിസവും അടിയാളന്റെ അടിച്ചമര്‍ത്തലും വംശീയതയും അഴിച്ചെടുക്കാന്‍ എളുപ്പമല്ലാത്തവിധം കുരുങ്ങിക്കിടക്കുകയാണെന്നും ബ്ളാക് ഫെമിനിസ്‌റ്റ് സൈദ്ധാന്തികര്‍ വിലയിരുത്തി. വര്‍ഗസമരമെന്ന മാര്‍ക്‌സിയന്‍ ആശയത്തെ ഈ പ്രസ്ഥാനം അര്‍ഥപൂര്‍ണമെന്നു കണ്ടു. കീഴാള സമൂഹത്തിന്റെ നിര്‍വചനത്തില്‍ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്ന പെണ്‍വര്‍ഗത്തെയും ഉള്‍പ്പെടുത്തുന്ന മാര്‍ക്‌സിസ്‌റ്റ് രീതി അവര്‍ക്കു സ്വീകാര്യമായി. യൂറോപ്യന്‍ ഫെമിനിസ്‌റ്റു പ്രസ്ഥാനം സാമാന്യമായി മധ്യവര്‍ഗ വനിതയുടെ മാത്രം തട്ടകമാണ്. ആ നില മാറണമെന്ന് ബ്ളാക് ഫെമിനിസ്‌റ്റുകള്‍ വാദിച്ചു. പെണ്‍ പ്രസ്ഥാനം താഴെത്തട്ടുകളിലേക്കിറങ്ങിവരണം. തൊഴിലിടങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവളെ, തെരുവില്‍ അപ്പം തേടി അലയുന്നവളെ, ഒരു നേരത്തെ ആഹാരത്തിന് ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവളെ, ജാമ്യത്തിലിറക്കാനാളില്ലാതെ തടവറയില്‍കഴിയുന്നവളെ സ്‌ത്രീമോചന പ്രസ്ഥാനം ഉള്‍ക്കൊള്ളുകതന്നെ വേണം.