Tuesday, December 21, 2010

ഫിലിം സൊസൈറ്റികള്‍ എന്തുചെയ്തു?

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഗുണഭോക്താവും ഒരേസമയം പ്രചാരകനുമായാണ് 1975ല്‍ ഞാന്‍ ചലച്ചിത്ര പത്രപ്രവര്‍ത്തനം തൊഴിലാക്കുന്നത്. ചെലവൂര്‍ വേണുവിന്റെ 'സൈക്കോ' മാസികയുമായി ബന്ധപ്പെട്ടുതുടങ്ങിയ അറുപതുകളുടെ അന്ത്യംമുതല്‍ക്കുതന്നെ അശ്വിനി ഫിലിം സൊസൈറ്റിയുമായുള്ള ബന്ധവും ആരംഭിച്ചു. കോഴിക്കോട് തളിയിലെ 'സൈക്കോ' ഓഫീസില്‍നിന്ന് വേണുവിനൊപ്പം നഗരപ്രദക്ഷിണത്തിനിറങ്ങുന്ന മിക്കവാറും ദിവസങ്ങളില്‍ എത്തിപ്പെടുന്ന ഒരിടമായിരുന്നു ഇംപീരിയല്‍ ഹോട്ടല്‍ ബില്‍ഡിങ്ങിലെ കേരള ട്രാവല്‍സ്. പുനലൂര്‍ രാജന്‍ ഈയിടെ ദേശാഭിമാനി വാരികയില്‍ അനുസ്മരിച്ചതുപോലെ, അന്ന് അശ്വിനിയുടെ ഓഫീസ് രാമകൃഷ്ണന്റെ കേരള ട്രാവല്‍സിലെ ഒരു സ്ക്രീനിന് മറുവശമുള്ള കട്ടിലിന് ചുവട്ടിലായിരുന്നു.

കേരള ട്രാവല്‍സിലേക്കുള്ള ഈ തീര്‍ഥാടനങ്ങള്‍ക്കിടയ്ക്കെന്നോ ആണ് ദേവഗിരി കോളേജിലെ സഹപാഠി പി കോയ ('തേജസ്' ദിനപത്രം പത്രാധിപര്‍ പ്രൊഫ. പി കോയ) 'ബാറ്റില്‍ഷിപ് പോടെംകിന്‍' കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്ന് രാമകൃഷ്ണനോട് തിരക്കുന്നത്. വഴിയുണ്ട് എന്ന് സോത്സാഹംമറുപടി നല്‍കിയ രാമകൃഷ്ണന്‍ ദിവസങ്ങളെടുത്ത് മദിരാശിയില്‍ സോവിയറ്റ് കോണ്‍സലേറ്റിലും മറ്റും ബന്ധപ്പെട്ട് നോക്കിയതായാണ് ഓര്‍മ. 'ബാറ്റില്‍ഷിപ് പോടെംകിന്‍' എന്നൊരു ചിത്രത്തെക്കുറിച്ച് ഞാനന്ന് ആദ്യം കേള്‍ക്കുകയാണ്. മലയാള സിനിമകളെക്കുറിച്ചും ഏതാനും തമിഴ്, ഹിന്ദി ചിത്രങ്ങളെക്കുറിച്ചും അല്ലാതെ വിദേശ ചിത്രങ്ങളെക്കുറിച്ച് വിശേഷിച്ചൊന്നും അന്ന് കേട്ടറിവുപോലുമുണ്ടായിരുന്നില്ല എനിക്ക്. സംവിധായകന്‍ സര്‍ജി ഐസന്‍സ്റ്റീനെക്കുറിച്ച് രാമകൃഷ്ണനും പി കോയയും തമ്മിലുള്ള സംഭാഷണത്തില്‍ പരാമര്‍ശമുണ്ടായിരുന്നിരിക്കാമെങ്കിലും അന്നങ്ങനെയൊരു പേര് ഏതായാലും ശ്രദ്ധയില്‍ പെട്ടതായോര്‍ക്കുന്നില്ല. ചിത്രം സംഘടിപ്പിക്കാനായാല്‍ റൈറ്റേഴ്സ് ക്ളബ്ബിന്റെയോ മറ്റോ ആഭിമുഖ്യത്തില്‍ കോളേജില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു പരിപാടി. ക്രമേണ ഒരു ഫിലിം ക്ളബ് കോളേജില്‍ രൂപീകരിക്കാവുന്നതിന്റെ സാധ്യതയും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 'പോടെംകിന്‍', പക്ഷേ കിട്ടിയില്ല. മികച്ച ഏതാനും സോവിയറ്റ് സ്പോര്‍ട്സ് ഫിലിമുകള്‍ കൈവശമുണ്ടെന്നും തല്‍ക്കാലം അത് കാണിച്ച് ഒരു തുടക്കമിടാമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. 'പോടെംകി'ന്റെ പ്രാധാന്യത്തെക്കുറിച്ചൊക്കെ കോയ പ്രിന്‍സിപ്പല്‍ ഫാദര്‍ ഇസഡോര്‍ വടക്കനെ പറഞ്ഞുബോധ്യപ്പെടുത്തി സ്ക്രീനിങ്ങിന് അനുമതി വാങ്ങിയിരുന്നു. ഏതായാലും അവസരം പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. രാമകൃഷ്ണന്റെ സാങ്കേതിക കാര്‍മികത്വത്തില്‍ സോവിയറ്റ് സ്പോര്‍ട്സ് ഫിലിമുകള്‍ 16 എം എമ്മില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു.

അശ്വിനിയുടെ സ്ക്രീനിങ്ങില്‍ ആദ്യമായി കാണാനിടയായ ഫീച്ചര്‍ ചിത്രം വിറ്റോറിയോ ഡിസിക്കയുടെ "ബൈസിക്കിള്‍ തീവ്സ്' ആണ്. കല്ലായിയിലെ ലക്ഷ്മി ടാക്കീസില്‍വെച്ച് ആ ചിത്രം കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഇങ്ങനെയും ഉണ്ടോ സിനിമ! സിനിമ ഇങ്ങനെയും ഉണ്ട്; വെറും പലായനമോ കാല്‍പ്പനികതയോപോലും ആകണമെന്നില്ല എന്ന അറിവ് വലിയൊരു വെളിപാടായി. കെ എ അബ്ബാസിന്റെ 'ശഹര്‍ ഔര്‍ സപ്ന'യും ജയകാന്തന്റെ 'ഉന്നൈപ്പോലൊരുവനും' നമ്മുടെ സിനിമ വ്യവസ്ഥയുടെ ഏതോ കൈത്തെറ്റുപോലെ കാണാനിടയായശേഷം സിനിമയെക്കുറിച്ച് ഇങ്ങനെയൊരു വെളിപാട് 'പഥേര്‍ പാഞ്ചാലി'യും 'ഉത്തരായണ'വും 'കബനീനദി'യും കണ്ടപ്പോഴാണുണ്ടായത്.

ഡിഗ്രി പഠനം കഴിഞ്ഞ് 'തനിനിറം' ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ ജോലി നോക്കവെ ഒരിക്കല്‍ അശ്വിനിയുടെ 'അന്നകരിനീന' സ്ക്രീനിങ്ങിനുശേഷം രാമകൃഷ്ണന്റെ ആവശ്യപ്രകാരം ആ ചിത്രത്തെക്കുറിച്ച് പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഒരു നിരൂപണം എഴുതി. പിന്നീട് ചെലവൂര്‍ വേണു അശ്വിനിയുടെ സാരഥ്യം ഏറ്റെടുത്തതോടെ 1975 ഒക്ടോബറിലെ കുറസോവ-ഗ്രിഫിത്ത് സ്ക്രീനിങ് മുതല്‍ ദേശാഭിമാനി വാരികയില്‍ പത്രാധിപര്‍ എം എന്‍ കുറുപ്പിന്റെ നിതാന്തപ്രേരണയില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടേയിരുന്നു. അശ്വിനിയുടെ ഓരോ സ്ക്രീനിങ്ങും ഓരോ മേളയും പത്രാധിപര്‍ ഒരുക്കിത്തന്ന സിനിമാ പംക്തിയിലേക്ക് വിഭവമാക്കി.

ലോക ചലച്ചിത്ര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചായിരുന്നു മുമ്പൊക്കെ നമ്മുടെ ചലച്ചിത്രോത്സവ വേദികളിലെ ഒരു മുഖ്യസംവാദം. എന്നാല്‍, 'ഇന്ത്യയുടെ സ്ഥാനം' ഇന്ന് 'കേരളം' തട്ടിയെടുത്തുകഴിഞ്ഞിരിക്കുന്നു. കേരളത്തിനിന്ന് സ്വന്തമായൊരു രാജ്യാന്തര ചലച്ചിത്രോത്സവമുണ്ട്. പേരുകൊണ്ടു മാത്രമല്ല പോരിമകൊണ്ടും രാജ്യാന്തരമായ ചലച്ചിത്രോത്സവം. കേരളത്തിന്റേതായി രാജ്യാന്തര ചലച്ചിത്രകുതുകികള്‍ വിലമതിക്കുന്നൊരു ചലച്ചിത്ര പൈതൃകവും ചലച്ചിത്രാസ്വാദന പാരമ്പര്യവുമുണ്ട്. നമ്മുടെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഈ വികാസത്തില്‍ പങ്ക് ചെറുതൊന്നുമല്ല.

ബ്രിട്ടനില്‍ ഐവര്‍ മൊണ്ടേഗുവിന്റെയും മേരിസീറ്റന്റെയും മറ്റും നേതൃത്വത്തില്‍ 1920കളില്‍ത്തന്നെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലും 1952ലെ പ്രഥമ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെയും 1955ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ചലച്ചിത്ര സെമിനാറിന്റെയും തുടര്‍ച്ചയായി സത്യജിത്റേ, ചിദാനന്ദദാസ് ഗുപ്ത, നിമയ്ഘോഷ്, ശാന്താചൌധരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയിലാദ്യമായി ഒരു ചലച്ചിത്രാസ്വാദകസംഘം രൂപംകൊണ്ടത് - കല്‍ക്കത്ത ഫിലിം സൊസൈറ്റി. കേരളത്തില്‍ ഈ ദിശയിലൊരു വികാസത്തിന് പിന്നെയും ഒരു ദശകമെടുത്തു. 1967ലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, കെ പി കുമാരന്‍, കുളത്തൂര്‍ ഭാസ്കരന്‍ നായര്‍, ഗോപി, മീരാസാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം കോഴിക്കോട്ട് അശ്വിനി ഫിലിം സൊസൈറ്റിയും നിലവില്‍വന്നു. എഴുപതുകളുടെ അന്ത്യത്തോടെ സംസ്ഥാനത്തെമ്പാടും ചലച്ചിത്രാസ്വാദക പ്രസ്ഥാനത്തിന് ഗ്രാമങ്ങളോളം വേരോട്ടം ലഭിച്ചു. മലയാളികളുടെ ചലച്ചിത്രാവബോധത്തെ ഇത് അതിവേഗം സ്വാധീനിക്കുകയും മലയാളസിനിമയുടെ സ്വഭാവംതന്നെ നല്ലൊരളവ് മാറ്റിമറിക്കുകയും ചെയ്തു.

നല്ല സിനിമയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ഫിലിം സൊസൈറ്റിയുടെ ധര്‍മം. ചലച്ചിത്രോത്സവങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവയെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും മറ്റുവിധത്തിലുള്ള ആശയവിനിമയങ്ങളും ഉദ്ദേശിക്കപ്പെടുന്നുവെങ്കിലും സ്ക്രീനിങ്ങുകള്‍പ്പുറം ഈ 'ചാര്‍ ദിന്‍ ക മേള'കളില്‍ നല്ല സിനിമയെക്കുറിച്ച് കാര്യമായൊന്നും നടക്കാറില്ല. ഓരോ വര്‍ഷത്തെയും മികച്ച ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയില്‍ പെടുത്താനൊരവസരമെന്ന നിലയിലൊതുങ്ങുന്നു ചലച്ചിത്രോത്സവങ്ങളുടെ പങ്ക്. എന്നാല്‍, ഫിലിം സൊസൈറ്റികള്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ അതാത് വര്‍ഷത്തെ മാത്രമല്ല മുന്‍കാലങ്ങളിലെയും ചിത്രങ്ങളോരോന്നായി കാണാനും അവയെക്കുറിച്ച് മനസ്സിലാക്കാനും ആശയവിനിമയം നടത്താനും വിവേകശാലികളായ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുന്നു.

കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഏറ്റവും പച്ചപിടിച്ചുനിന്നിരുന്ന എഴുപതുകളിലും എണ്‍പതുകളുടെ പാതിയോളംവരെയും ഇത്തരമൊരു പ്രവര്‍ത്തനം കുറേയൊക്കെ ഗാഢമായും വ്യാപകമായും നടന്നിരുന്നു. ഇതിന്റെ ഫലമാണ് നാം ഇന്ന് അഭിമാനിക്കുന്ന മികവുറ്റ മലയാള സിനിമയും മലയാളിയുടെ ചലച്ചിത്രാവബോധവും. അറുപതുകളുടെ അന്ത്യത്തില്‍ അസീസിന്റെ 'അവള്‍'പോലുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അവയെ ഏറ്റെടുക്കാന്‍ നമുക്ക് വിശേഷിച്ച് ഉത്സാഹമുണ്ടായിരുന്നില്ലെങ്കിലത് നമ്മുടെ ചലച്ചിത്രാവബോധത്തിന്റെ പരിമിതികൊണ്ടുകൂടിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മറ്റേത് ഭാഷയിലേതിനെക്കാളും മികച്ച കൃതികള്‍ മലയാളസാഹിത്യത്തില്‍ നിരന്തരം പിറവിയെടുത്തപ്പോഴും മലയാള സിനിമ നമ്മുടെ ഉല്‍പ്പതിഷ്ണുത്വത്തെപ്പോലും അപഹസിച്ചുകൊണ്ട് കേവലം കച്ചവടച്ചരക്കുകളായി പുറത്തിറങ്ങിക്കൊണ്ടിരുന്നത്.

ഫിലിം സൊസൈറ്റി പ്രസ്ഥാനം ജനകീയമായതോടെയാണ് മലയാളിയുടെ ഉദ്ബുദ്ധതയിലെ ഈ പൊരുത്തക്കേടിന് കുറെയൊക്ക നിവാരണമായത്. ബൈസിക്ക്ള്‍ തീവ്സും പഥേര്‍ പാഞ്ചാലിയും ഭുവന്‍സോമും പോലുള്ള ചിത്രങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ }ഉണ്ടായ ഉണര്‍വാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തിന് പിന്നാലെ വന്ന 'കൊടിയേറ്റം' നവസിനിമയിലെ അപൂര്‍വ വിജയമാക്കിത്തീര്‍ത്തത്; കെ ജി ജോര്‍ജിന്റെ 'സ്വപ്നാടന'ത്തിനും പി എ ബക്കറിന്റെ 'കബനീനദി...'ക്കും വഴിയൊരുക്കിയത്.

അശ്വിനി ഫിലിം സൊസൈറ്റി കേരളത്തിന്റെ വടക്കന്‍ജില്ലകളിലെങ്കിലും ഫിലിം സൊസൈറ്റി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കു വഹിച്ചു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുമായോ അതിന്റെ നോഡല്‍ ഏജന്‍സിയായി വര്‍ത്തിച്ചിരുന്ന ചിത്രലേഖയുമായോ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളില്‍നിന്നും സ്വകാര്യ നിര്‍മാതാക്കളില്‍നിന്നും സംവിധായകരില്‍നിന്നും സംഘടിപ്പിക്കുന്ന ചിത്രങ്ങളും അവരുമായി പങ്കുവെച്ചു. വേണുവിന്റെ 'സൈക്കോ' ഓഫീസില്‍ അക്കാലത്ത് മുഖ്യമായൊരു ജോലി മലപ്പുറത്തെയോ കാസര്‍ക്കോട്ടെയോ പാലക്കാട്ടെയോ മറ്റോ ഫിലിം സൊസൈറ്റികള്‍ക്ക് ഫിലിമുകള്‍ സംഘടിപ്പിച്ചുകൊടുക്കുകയും അവരുടെ പ്രദര്‍ശനപരിപാടികളിലേക്ക് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ആളെ പിടികൂടി എത്തിച്ചുകൊടുക്കുകയുമായിരുന്നു.

മുമ്പ് ഏതാനും നഗരങ്ങളിലെ കുറെ അഭിജാതരുടെ സ്വകാര്യ ആവശ്യത്തിന് പ്രയോജനപ്പെട്ടിരുന്ന ഫിലിം സൊസൈറ്റികള്‍ അങ്ങനെ സാമാന്യജനങ്ങളിലേക്കെത്തുകയും നല്ല സിനിമ കാണാനുള്ള അഭിനിവേശം നാടാകെ പടരുകയും ചെയ്തതിന്റെ ഫലമായാണ് മലയാളത്തില്‍ അക്കാലത്ത് ഒരുപറ്റം നല്ല സിനിമകള്‍ ഒന്നിനുപിന്നാലെ ഒന്നായി പുറത്തിറങ്ങാന്‍ തുടങ്ങിയത്.

അശ്വിനി ഫിലിം സൊസൈറ്റിയുടെ ഭൌതിക പരിസരത്തില്‍ത്തന്നെയാണ് മലയാളത്തിലെ നവ സിനിമകളില്‍ ചിലതെങ്കിലും പിറവിയെടുത്തതെന്നതും ഓര്‍ക്കുമ്പോള്‍ കൃതാര്‍ഥത അനുഭവപ്പെടുന്നു. ഈ ഫിലിം സൊസൈറ്റിയോടൊപ്പം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച്, മലയാളത്തിന്റെ മഹിമ ഉയര്‍ത്തിയ സംവിധായകരായവരില്‍ ചിലരാണ് ജി അരവിന്ദന്‍, പി എ ബക്കര്‍, പവിത്രന്‍, രവീന്ദ്രന്‍ എന്നിവര്‍. ഫ്രഞ്ച് ന്യൂവേവിന് പിന്നിലെ 'കഹേദു സിനിമ' പോലെ നവ മലയാള സിനിമക്ക് പിന്നില്‍ അശ്വിനിക്കും 'സൈക്കോ'യ്ക്കും തനതായൊരു സ്ഥാനമുണ്ടെന്ന് കെ ജി ജോര്‍ജ് മുതല്‍ ടി വി ചന്ദ്രന്‍വരെയുള്ള ചലച്ചിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തും.

ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്ന് പഠിച്ചിറങ്ങിയവര്‍ മാത്രമല്ല ഫിലിം സൊസൈറ്റികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും പിന്നീട് നല്ല ചലച്ചിത്രരചനകളില്‍ ഏര്‍പ്പെടുകയും മലയാളത്തിന്റെ ഖ്യാതി പരത്തുകയും ചെയ്തിട്ടുണ്ട്.

എഴുപതുകളിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ കുതിപ്പിന് ഊര്‍ജം നല്‍കിയ ഒരു മുഖ്യ സ്രോതസ്സ് ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ആയിരുന്നു. വിശേഷിച്ചും അടിയന്തരാവസ്ഥക്കാലത്ത്. നാടെങ്ങും സ്റ്റഡിസര്‍ക്കിളിന്റെ ഓരോ യൂണിറ്റും 'സിനിമയും സമൂഹവും' എന്ന വിഷയം ചര്‍ച്ചചെയ്തു. നാം കാണുന്ന സിനിമയെന്ത് എന്ന് പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിച്ചു. സിനിമയുടെ നാനാ സാധ്യതകളും ദുസ്സാധ്യതകളും ഇത്തരം വേദികളില്‍ ചര്‍ച്ചാവിഷമയമായി. മിക്കപ്പോഴും ചര്‍ച്ചാവേദികളോടനുബന്ധിച്ച് ചലച്ചിത്രപ്രദര്‍ശനങ്ങളും സംഘടിപ്പിക്കപ്പെട്ടു. സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തകരും ഇത്തരം സെമിനാറുകളും ചര്‍ച്ചകളും കേട്ട് പുതിയ സിനിമയെക്കുറിച്ച് അറിയാനിടയായവരും കൂട്ടത്തോടെ ഫിലിം സൊസൈറ്റികളുമായി ബന്ധപ്പെടുകയോ പുതിയ ഫിലിം സൊസൈറ്റികള്‍ രൂപീകരിക്കാന്‍ തയാറാവുകയോ ചെയ്തു. ഇത് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ അതിവേഗം ജനകീയമാക്കാനുപകരിച്ച പരിണാമമായിരുന്നു. ഇതിന്റെ സമ്മര്‍ദം കോഴിക്കോട്ട് അശ്വിനി ഫിലിം സൊസൈറ്റിയുടെ കേന്ദ്രത്തില്‍ അനുഭവവേദ്യമായിരുന്നു.

പൊടുന്നനെ എന്നുതന്നെ പറയാവുംവിധം സിനിമാരംഗത്തുണ്ടായ ഈ പരിവര്‍ത്തനം ദേശീയാടിസ്ഥാനത്തില്‍ത്തന്നെ നല്ല സിനിമകള്‍ക്ക് ഉറച്ചൊരു മാര്‍ക്കറ്റായി കേരളത്തെ മാറ്റി. രാജ്യത്ത് മറ്റൊരിടത്തും തിയേറ്ററിലെത്താത്ത ചിത്രങ്ങള്‍പോലും കേരളത്തിലെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 'നൂണ്‍ഷോ' എന്നൊരു സ്ളോട്ട് ഉണ്ടാക്കിയെങ്കിലും ഈ അഭിനിവേശം തൃപ്തിപ്പെടുത്താന്‍, അഥവാ, മുതലെടുക്കാന്‍ കേരളത്തിലെ തിയേറ്ററുടമകളും മുന്നോട്ടുവന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനം നല്ല സിനിമകള്‍ കാണാന്‍ അവസരം ഉണ്ടാക്കുക മാത്രമല്ല, നല്ല സിനിമകള്‍ ഉണ്ടാകാനുള്ള സാധ്യത തെളിയിക്കുകയും അവയുടെ വിതരണത്തിനും പ്രദര്‍ശനത്തിനും വഴിയൊരുക്കുകയും ചെയ്തുവെന്നര്‍ഥം.

ഈ വികാസത്തിന്റെ മൂര്‍ത്തഫലമായാണ് 1988ലെ ഫിലിമോത്സവ് തിരുവനന്തപുരത്ത് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫിലിം ഫെസ്റ്റിവല്‍ ഡയരക്ടറേറ്റ് തീരുമാനിച്ചത്. '87ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരാവട്ടെ, ജനാഭിലാഷത്തിന്റെ സാഫല്യമായി ഫിലിമോത്സവ്-88 മഹാവിജയമാക്കാന്‍ സര്‍വ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് മേളയാകെ ജനകീയമാക്കി കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന ആദരമര്‍പ്പിക്കുകയുംചെയ്തു.

ചലച്ചിത്രോത്സവത്തിന്റെയും ചലച്ചിത്രാസ്വാദക സംഘങ്ങളുടെയും ധര്‍മങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കാനും അതനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ നയിക്കാനും നമുക്കൊരു സംവിധാനമുണ്ടായിരുന്നില്ല. ഈ പോരായ്മയാണ് കേരള ചലച്ചിത്ര അക്കാദമി രൂപീകൃതമായതോടെ പരിഹൃതമായത്. അക്കാദമി ഇപ്പോള്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോസവത്തോളമോ ഒരുവേള അതിനേക്കാള്‍ മികച്ച നിലയിലോ സംഘടിപ്പിച്ചുവരികയും, ചലച്ചിത്രാസ്വാദകവേദികള്‍ നഗരങ്ങളിലും പട്ടണങ്ങളിലും നിന്ന് ഗ്രാമങ്ങളിലടക്കം വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റു പൊതു ഇടങ്ങളിലുമെല്ലാം കൊണ്ടെത്തിക്കുകയും ചെയ്തുവരുന്നു.

സൌകര്യങ്ങള്‍ മുമ്പത്തേക്കാള്‍ എത്രയോ ഏറിയെങ്കിലും ചലച്ചിത്രാസ്വാദക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തെക്കാള്‍ എത്രയോ പരിമിതമായ തോതിലാണിപ്പോള്‍ നടക്കുന്നത്. പഴയ സൊസൈറ്റികള്‍ പലതും നശിച്ചു; സ്വാഭാവികം. എന്നാല്‍ പഴയതില്‍ ശേഷിക്കുന്നവയോ പുതുതായി ആരംഭിച്ചവയോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഊര്‍ജസ്വലതയില്ല. ഒരുവേള ഈ അവസ്ഥയും ചരിത്രപരമായ സ്വാഭാവികതയാവാം. മുമ്പ് നല്ല സിനിമ ഒരു വെളിപാടുപോലെയാണ് പ്രേക്ഷകന് അനുഭവപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് നല്ല സിനിമ ഒരു പുതുമയല്ല; നല്ല ചിത്രങ്ങളുടെ ലഭ്യത അത്രക്ക് പ്രശ്നവുമല്ല. ഇന്റര്‍നെറ്റ് അടക്കമുള്ള നാനാ മാധ്യമങ്ങളിലൂടെ ഇന്ന് നല്ല സിനിമയുമായി സമ്പര്‍ക്കം സാധ്യമാണ്. നിത്യജീവിതത്തില്‍ അനുനിമിഷം വേഗം ഏറിക്കൊണ്ടിരിക്കുന്നകാലത്ത് നല്ല സിനിമക്കായി നീക്കിവെക്കാന്‍ ആളുകള്‍ക്ക് നേരമില്ലെന്നതും വാസ്തവമാണ്. ഉത്സവങ്ങള്‍പോലെയല്ലല്ലോ മനനസ്വഭാവമുള്ള നല്ല സിനിമ കാണല്‍.

*
കോയമുഹമ്മദ് കടപ്പാട്: ദേശാഭിമാനി വാരിക 12 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഗുണഭോക്താവും ഒരേസമയം പ്രചാരകനുമായാണ് 1975ല്‍ ഞാന്‍ ചലച്ചിത്ര പത്രപ്രവര്‍ത്തനം തൊഴിലാക്കുന്നത്. ചെലവൂര്‍ വേണുവിന്റെ 'സൈക്കോ' മാസികയുമായി ബന്ധപ്പെട്ടുതുടങ്ങിയ അറുപതുകളുടെ അന്ത്യംമുതല്‍ക്കുതന്നെ അശ്വിനി ഫിലിം സൊസൈറ്റിയുമായുള്ള ബന്ധവും ആരംഭിച്ചു. കോഴിക്കോട് തളിയിലെ 'സൈക്കോ' ഓഫീസില്‍നിന്ന് വേണുവിനൊപ്പം നഗരപ്രദക്ഷിണത്തിനിറങ്ങുന്ന മിക്കവാറും ദിവസങ്ങളില്‍ എത്തിപ്പെടുന്ന ഒരിടമായിരുന്നു ഇംപീരിയല്‍ ഹോട്ടല്‍ ബില്‍ഡിങ്ങിലെ കേരള ട്രാവല്‍സ്. പുനലൂര്‍ രാജന്‍ ഈയിടെ ദേശാഭിമാനി വാരികയില്‍ അനുസ്മരിച്ചതുപോലെ, അന്ന് അശ്വിനിയുടെ ഓഫീസ് രാമകൃഷ്ണന്റെ കേരള ട്രാവല്‍സിലെ ഒരു സ്ക്രീനിന് മറുവശമുള്ള കട്ടിലിന് ചുവട്ടിലായിരുന്നു.