Monday, November 15, 2010

സമഗ്രതയുടെ വഴിയില്‍ ഇ-ഗ്രാന്റ്സ്

ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ - ലംപ്‌സംഗ്രാന്റ്, സ്റ്റൈപെന്‍ഡ്, ഫെലോഷിപ്പ് എന്നിവ - ഭരണകൂടം ഈ വിഭാഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ സൂചകങ്ങളിലൊന്നാണ്. നല്‍കുന്ന ആനുകൂല്യങ്ങളുടെ പര്യാപ്‌തതപോലെതന്നെ പ്രധാനമാണ് സുഗമമായ ലഭ്യതയും വിതരണത്തിലെ സൂതാര്യതയും. അത് ഒരു ജനതയുടെ അവകാശമാണ്. എന്നാല്‍, ഇന്നലെവരെ അതിന്റെ വിതരണത്തില്‍ ഗുരുതരമായ പല പോരായ്‌മകളും ഉണ്ടായിരുന്നു. കോളേജ് ഓഫീസ് മാനേജ്‌മെന്റുകളുടെ ഭരണ നടപടികളില്‍ മാത്രമല്ല, പട്ടികജാതി-വര്‍ഗ വികസനവകുപ്പിന്റെ ഓഫീസുകളിലും അതു പ്രകടമായിരുന്നു. എന്നാല്‍ ഇന്ന്, ഇന്ത്യയിലാദ്യമായി, വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നടപ്പാക്കിയ ഇ - ഗ്രാന്റ്സ് വ്യവസ്ഥ കേരളത്തില്‍, വിദ്യാഭ്യാസാനുകൂല്യവിതരണത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളിലും അവരുടെ ദരിദ്രകുടുംബങ്ങളിലും ഈ മാറ്റം പുത്തനുണര്‍വും സന്തോഷവും ഉളവാക്കിയിട്ടുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങുന്ന തങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങളുടെ കുരുക്കഴിച്ചുകിട്ടാന്‍ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനു കെഞ്ചേണ്ടി വരുന്ന ദുര്‍ഗതി മുന്‍പത്തെപ്പോലെ ഇനിയുണ്ടാവില്ല.

വിദ്യാഭ്യാസാനുകൂല്യ വിതരണകാര്യത്തില്‍ ദളിത് - ആദിവാസി വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ചിരുന്ന കടമ്പകള്‍ ചിലത് എടുത്തുപറയേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു വാങ്ങിനല്‍കാന്‍ സ്ഥാപന മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥമാണ്. പഠിക്കുന്ന സ്ഥാപനത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാര്‍ഥി അപേക്ഷ നല്‍കിയാലേ ആനുകൂല്യം ലഭിക്കൂ. സ്ഥാപനമേധാവി പരിശോധിച്ച് അവശ്യനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശയോടെ പട്ടികജാതി- വര്‍ഗ ജില്ലാവികസന ഓഫീസിലേക്ക് അയച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വറിയിട്ട് മടക്കും. ഇങ്ങനെ പല പ്രയാസങ്ങള്‍ക്കൊടുവിലാണ് ഗ്രാന്റ് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുക. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ഥിയുടെ പഠനകാലയളവില്‍ പഠനത്തിനുപകരിക്കേണ്ട പണം യഥാസമയം ലഭിക്കാത്തതുമൂലം, കുട്ടി പഠനം നിര്‍ത്തേണ്ട ഘട്ടത്തില്‍ എത്താറുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്‌റ്റൈപെന്‍ഡ് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലക്ഷക്കണക്കിനു രൂപ മുന്‍കൂറായി ഡിപ്പാര്‍ട്മെന്റ് കൊടുത്തിട്ടാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്.

ഏതാനും മാസത്തെ സ്‌റ്റൈപെന്‍ഡ് ഒന്നിച്ചു വരുന്നതുമൂലം സാമാന്യം ഭേദപ്പെട്ട സംഖ്യ ഉണ്ടെന്നുകണ്ടാല്‍, ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക കമന്റുകള്‍ക്കും ഇടയാകാറുണ്ട്. 'ഇത്രയും കിട്ടിയില്ലേ, ചെലവു ചെയ്‌താലെന്താ' എന്നു പറഞ്ഞ് ചെലവുചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ കഥകളും കേട്ടിട്ടുണ്ട്. അവരറിയുന്നോ, ഈ വിദ്യാര്‍ഥികളുടെ മൂന്നോ നാലോ മാസത്തെ കടം വീട്ടിക്കഴിഞ്ഞാല്‍ പിന്നൊന്നും ബാക്കിയുണ്ടാവില്ലെന്ന്.

സാമുദായിക മതമാനേജ്‌മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസഗ്രാന്റ് കൈകാര്യംചെയ്യുന്നതില്‍ വിചിത്രമായ ഒരു സാമ്പത്തികശാസ്‌ത്രം ഉള്‍ച്ചേര്‍ത്തിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോള്‍ ഒരു കോളേജ് വര്‍ഷം അവസാനിക്കുന്നു. രണ്ടോ നാലോ മാസത്തെ സ്‌റ്റൈപെന്‍ഡ് അപ്പോള്‍ കുടിശ്ശികയായിരിക്കും. കോളേജ് അടയ്‌ക്കുന്നതിനു മുമ്പ് അതു നേടി കുട്ടികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള വ്യഗ്രതയൊന്നും കോളേജ് മാനേജ്‌മെന്റിനുണ്ടാവില്ല. എന്നാല്‍, ഈ പണം വന്ന് കോളേജ് അക്കൌണ്ടില്‍ കിടക്കും. ജൂണില്‍ കോളേജ് തുറന്നുവരുമ്പോഴാവും ഈ തുക വിതരണംചെയ്യുക. ലക്ഷക്കണക്കിനു രൂപ മാനേജ്‌മെന്റിന്റെ അക്കൌണ്ടില്‍ കിടക്കുമ്പോള്‍ കിട്ടുന്ന പലിശ കയ്‌ക്കുമോ? ഇതൊക്കെയായിരുന്നു ഞങ്ങളുടെ അച്ഛനൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍.

വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്‌റ്റൈപെന്‍ഡ് നിക്ഷേപിച്ചുകൊണ്ട് ഏതാനും വര്‍ഷംമുന്‍പ് മാറ്റത്തിനു തുടക്കം കുറിച്ചിരുന്നു. വിതരണത്തിന്റെ കുറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അതുമൂലം കഴിഞ്ഞു. അപ്പോഴും ഗുരുതരമായ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നു.

2009-2010 അധ്യായനവര്‍ഷം മുതല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓൺ ലൈന്‍ സംവിധാനത്തിലൂടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിനായി ഇ-ഗ്രാന്റ്സ് പദ്ധതി ആവിഷ്‌കരിച്ചു. സി-ഡിറ്റിലെ എന്‍ജിനിയര്‍മാരുടെ സഹായത്തോടെയാണ് ഈ പദ്ധതി രൂപകല്‍പ്പനചെയ്‌തു നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനസമയത്തു നല്‍കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീറോ ബാലന്‍സ്, അക്കൌണ്ട് തുറക്കാനുള്ള അപേക്ഷയും സ്‌കോളര്‍ഷിപ്പ് അപേക്ഷയും വിദ്യാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം അക്കൌണ്ടുകളുണ്ടാവും. സ്ഥാപനങ്ങള്‍ ഇ-ഗ്രാന്റ്സ് സൈറ്റു വഴി ഓൺലൈനായി അപേക്ഷ നല്‍കണം. സ്ഥാപനത്തിന് അര്‍ഹതയുള്ള ഫീസ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്കും വിദ്യാര്‍ഥികളുടെ ലംപ്‌സംഗ്രാന്റ്, പോക്കറ്റ് മണി, സ്‌റ്റൈപെന്‍ഡ്, ഫെലോഷിപ്പ് മുതലായവ വിദ്യാര്‍ഥികളുടെ അക്കൌണ്ടിലും എത്തുന്നു.

2008-09 ല്‍ ആലപ്പുഴ ജില്ലയില്‍ പരീക്ഷണാര്‍ഥം 52 പോസ്‌റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ 3,000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. വിജയകരമാണെന്നു കണ്ടപ്പോള്‍ 2009-10ല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. ഏതാണ്ട് മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂവായിരത്തിലധികം സ്ഥാപനങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറിതലം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന എല്ലാ പിന്നോക്ക വിദ്യാര്‍ഥികളും ഇ-ഗ്രാന്റ്സിലൂടെയാണ് ഇന്ന് അവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നത്.

സി-ഡിറ്റിലെ എന്‍ജിനിയറും ഇ-ഗ്രാന്റ്സ് പദ്ധതിയുടെ ടീം മാനേജരുമായ ദീപ പറയുന്നതിങ്ങനെ: 'മധ്യപ്രദേശ് സര്‍ക്കാര്‍ ഏതാണ്ടിതേമാതൃകയില്‍ ഒരു ഓൺലൈന്‍ പദ്ധതി വിദ്യാഭ്യാസാനുകൂല്യവിതരണത്തിനു നടപ്പിലാക്കിയിട്ടുണ്ട്, എന്നാല്‍ നൂറ്റമ്പതോളം സ്ഥാപനങ്ങളില്‍ മാത്രമാണ് ഇതു നടപ്പിലായിട്ടുള്ളതെന്നു മനസിലാക്കുന്നു.' മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്; 'ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് അന്വേഷണം നടന്നിട്ടുണ്ടെ'ന്നു ദീപ പറഞ്ഞു. ഇ-ഗ്രാന്റ്സിന്റെ 'കേരള മാതൃക'യുടെ വിജയത്തെയാണ് ഇതു കാണിക്കുന്നത്. ഇതിന്റെ ശില്‍പ്പികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. എന്നാല്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജ് മാനേജ്‌മെന്റുകള്‍ക്ക് ഈ പദ്ധതി അത്ര പിടിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ ഒടുവില്‍ അവര്‍ കീഴടങ്ങുകയാണ് ചെയ്‌തത്.

തങ്ങളുടെ പണം, ഫയല്‍ നടപടികളുടെ പുരോഗതി തുടങ്ങിയവ ഗുണഭോക്താവിനുതന്നെ ഇന്റര്‍നെറ്റിലൂടെ നിരീക്ഷിക്കാനും ഇടപെടാനുമുള്ള അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ഇ-ഗ്രാന്റ്സ് നടപ്പില്‍ വരുന്നതിനുമുമ്പ് ഈ ലേഖികയും സ്വന്തം ഫെലോഷിപ്പിനായി ജില്ലാ പട്ടികജാതി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. എന്നാല്‍, ഇന്ന് സ്വന്തം മുറിയിലിരുന്നുകൊണ്ട് ഫെലോഷിപ്പിന്റെ പുരോഗതിയറിയാനും ഇടപെടാനും കഴിയുന്നു. ചുരുക്കത്തില്‍ ഈ വ്യവസ്ഥ തീര്‍ത്തും സുതാര്യമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഈ സംവിധാനം എത്ര കണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പുത്തന്‍ സാങ്കേതികവിദ്യ അവര്‍ എത്രത്തോളം ആര്‍ജിച്ചിട്ടുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിത്തീരുകയാണീ നൂതന പദ്ധതി.


*****

രാജേഷ് കോമത്ത്, റോഷ്‌നി പത്മനാഭന്‍, കടപ്പാട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തങ്ങളുടെ പണം, ഫയല്‍ നടപടികളുടെ പുരോഗതി തുടങ്ങിയവ ഗുണഭോക്താവിനുതന്നെ ഇന്റര്‍നെറ്റിലൂടെ നിരീക്ഷിക്കാനും ഇടപെടാനുമുള്ള അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ഇ-ഗ്രാന്റ്സ് നടപ്പില്‍ വരുന്നതിനുമുമ്പ് ഈ ലേഖികയും സ്വന്തം ഫെലോഷിപ്പിനായി ജില്ലാ പട്ടികജാതി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. എന്നാല്‍, ഇന്ന് സ്വന്തം മുറിയിലിരുന്നുകൊണ്ട് ഫെലോഷിപ്പിന്റെ പുരോഗതിയറിയാനും ഇടപെടാനും കഴിയുന്നു. ചുരുക്കത്തില്‍ ഈ വ്യവസ്ഥ തീര്‍ത്തും സുതാര്യമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഈ സംവിധാനം എത്ര കണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പുത്തന്‍ സാങ്കേതികവിദ്യ അവര്‍ എത്രത്തോളം ആര്‍ജിച്ചിട്ടുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിത്തീരുകയാണീ നൂതന പദ്ധതി.

സാങ്കേതിക വിദ്യയുടേയും രാഷ്‌ട്രീയ ഇച്ഛാശക്തിയുടേയും ഈ വിജയം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിക്കട്ടെ എന്നാശിക്കുന്നു.