Tuesday, October 26, 2010

വോട്ടുവണ്ടിക്കാര്‍ കാണാതെ പോകുന്നത്

നൂറ് കുഞ്ഞാടുകളില്‍ ഒരെണ്ണത്തെ കാണാതായപ്പോള്‍ തൊണ്ണൂറ്റിഒന്‍പതിനെയും വിട്ട് കാണാതായ കുഞ്ഞാടിനെ അന്വേഷിച്ചുപോയ ഇടയന്റെ മാതൃക ആര്‍ക്കും അനുകരിക്കാം. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പണികള്‍ക്ക് മൂല്യമേറും. കേരളത്തില്‍ 'ജനാധിപത്യചേരിയെ' ശക്തമാക്കാന്‍ 'വോട്ടുവണ്ടി ഓടിക്കുന്ന' മാധ്യമമുത്തശ്ശി തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ ഇടയവേഷം പക്ഷേ, അരോചകമായി; പ്രായാധിക്യം നിമിത്തമാകാം.

ഭൂമിയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും മുതലാളിത്ത സ്വര്‍ഗത്തില്‍ കഴിയുമ്പോള്‍ ചൈനയിലെയും ക്യൂബയിലെയും ജനങ്ങള്‍ കമ്യൂണിസ്‌റ്റ് ഭരണത്തില്‍ നരകയാതന അനുഭവിക്കുകയാണെന്ന് മുത്തശ്ശി കരുതുന്നു. ഇവരെ മോചിപ്പിക്കാനുള്ള കടമ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ മാധ്യമശ്രേഷ്‌ഠര്‍ക്കുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഈ ഉത്തരവാദിത്തത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. ലോകത്ത് മൊത്തം 203 രാജ്യങ്ങളുണ്ട്. ഇവയില്‍ 193 എണ്ണത്തെ പരമാധികാര രാജ്യങ്ങളായി യുഎന്‍ അംഗീകരിച്ചിരിക്കുന്നു. എന്നാല്‍, മറ്റെല്ലാവരെയും വിട്ട് ചൈന, ക്യൂബ, ഉത്തരകൊറിയ എന്നിങ്ങനെ മൂന്നോ നാലോ രാജ്യങ്ങളുടെ പിന്നാലെയാണ് നമ്മുടെ ഇടയമുത്തശ്ശി. വഴിതെറ്റിയ ഈ കുഞ്ഞാടുകളെ 'നേര്‍പാതയില്‍' നയിക്കണം. ആവേശം മൂത്ത് ക്യൂബയില്‍ ബഹുകക്ഷിവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍വരെ ആഹ്വാനം ചെയ്‌തുകളഞ്ഞു.

പക്ഷേ, കുഴപ്പം അതല്ല. ലോകത്ത് മറ്റ് രാജ്യങ്ങളുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളാകെ സാമ്പത്തിക-രാഷ്‌ട്രീയ കുഴപ്പത്തിലാണ്. ബ്രിട്ടനിലെ പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കലിന്റെ ഫലമായി പൊതു-സ്വകാര്യമേഖലകളിലായി 10 ലക്ഷം തൊഴിലവസരം നഷ്‌ടമാകും. ബിബിസിയിലെയും ബ്രിട്ടീഷ് എയര്‍വെയ്‌സിലെയും ജീവനക്കാര്‍പോലും പണിമുടക്കിന് ഒരുങ്ങുകയാണ്. അംഗരാജ്യങ്ങളെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ നടത്തുന്ന ചികിത്സയൊന്നും ഫലിക്കുന്നില്ല. മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍പോലും നിഷേധിക്കുന്ന മുതലാളിത്ത സംവിധാനത്തിനെതിരെ യൂറോപ്പില്‍ ഉടനീളം പോരാട്ടം വളര്‍ന്നുവരികയാണ്.

അമേരിക്കയിലെ തൊഴിലാളികളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഏതു നിമിഷവും നഷ്‌ടപ്പെടാവുന്ന ഒന്നാണ് തൊഴിലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ പരിഭ്രാന്തിയിലാണ് അമേരിക്കന്‍ തൊഴിലാളികള്‍. ഒബാമയുടെ വാക്കുകളിലും ഈ സംഭ്രമം പ്രകടമാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ലോകത്ത് അമേരിക്കയുടെ മേധാവിത്വം നഷ്‌ടപ്പെടുമെന്ന് ഒബാമയ്‌ക്ക് തുറന്നുസമ്മതിക്കേണ്ടി വന്നു. എങ്ങനെ വ്യാകുലപ്പെടാതിരിക്കും? രാജ്യത്ത് നല്ല പ്രായത്തിലുള്ള പത്തില്‍ ഒരാള്‍ തൊഴില്‍രഹിതനാണ്. ഭാവി തലമുറയെന്ന് പറയുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ താല്‍പ്പര്യവുമില്ല. തൊട്ടടുത്ത ചെറുരാജ്യമായ ക്യൂബയിലെ പിള്ളേര്‍ പഠിച്ച് മിടുക്കന്‍ ഡോക്‌ടര്‍മാരാകുന്നു. നമ്മുടെ കുട്ടികള്‍ പൊണ്ണത്തടിയന്മാരും. രണ്ടാംകിട ഭക്ഷണവും കഴിച്ച്, മെയ്യനങ്ങാതെ കഴിയുകയാണ് അമേരിക്കന്‍ കുട്ടികള്‍. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍ പ്രചാരണപരിപാടി നയിക്കേണ്ട ഗതികേടിലാണ് അമേരിക്കന്‍പ്രസിഡന്റിന്റെ പത്നി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഗ്രാന്റ് നല്‍കണമെന്ന് മിഷേല്‍ ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ പരിഹസിക്കുന്ന വീരന്മാര്‍ ഇതൊന്നും അറിയുന്നില്ല.

രണ്ടായിരത്തിഎട്ടില്‍ ആഗോളസമ്പദ്ഘടനയെ ബാധിച്ച മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ വീമ്പടിക്കുന്നുണ്ട്. എന്നാല്‍, ഒൿടോബര്‍ രണ്ടാംവാരത്തില്‍ ചേര്‍ന്ന ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. വികസിതരാജ്യങ്ങളില്‍ തൊഴിലില്ലായ്‌മ ദുസ്സഹമായ തോതിലാണ്. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായഐക്യത്തില്‍ എത്തിയിട്ടില്ല. അമേരിക്കയില്‍തന്നെ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും തമ്മില്‍ ഇക്കാര്യത്തില്‍ പോരാണ്. അതിസമ്പന്നരുടെ പേരില്‍ നികുതി ചുമത്താന്‍ ഒബാമസര്‍ക്കാരിനെ റിപ്പബ്ളിക്കന്മാര്‍ സമ്മതിക്കുന്നില്ല. നവംബര്‍ ആദ്യവാരം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ നേട്ടമുണ്ടാക്കിയാല്‍ ഒബാമയുടെ സാമ്പത്തികഉത്തേജനപദ്ധതി കൂടുതല്‍ അവതാളത്തിലാകും.
ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. വോട്ടര്‍മാര്‍ ഈ പ്രചാരണത്തില്‍ കുടുങ്ങിയാല്‍ സെനറ്റില്‍ റിപ്പബ്ളിക്കന്മാര്‍ മേല്‍ക്കൈ നേടും. ഒബാമയ്‌ക്ക് ശേഷിക്കുന്ന ഭരണകാലം കയ്‌പ് നിറഞ്ഞതാകും. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്‌ട്രീയം.

ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ രാജ്യത്തെ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍ട്സ് കൌൺസിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കിയതോടെ 880 കലാസംഘങ്ങളുടെ ഭാവി അവതാളത്തിലായി. അടിത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ഇത്തരം കലാസംഘങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ചെലവുചുരുക്കാനായി കാമറോൺ സര്‍ക്കാര്‍ സാംസ്‌കാരിക ബാധ്യതകള്‍ ഉപേക്ഷിക്കുകയാണ്. ബ്രിട്ടന്റെ പാരമ്പര്യങ്ങളില്‍നിന്നുള്ള പ്രകടമായ വ്യതിയാനമാണിത്. ജനങ്ങളില്‍ സാംസ്‌കാരിക ബോധവും കലാഭിരുചിയും വളര്‍ത്താന്‍ നാടുതോറും സൌജന്യപ്രദര്‍ശനം നടത്തിവരുന്ന സംഘങ്ങളെയാണ് സര്‍ക്കാര്‍ കൈവിടുന്നത്.

ആരോഗ്യമേഖലയില്‍നിന്ന് കാമറോൺസര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനാല്‍ ദേശീയ ആരോഗ്യ സര്‍വീസില്‍ 15,000ല്‍പരം നേഴ്‌സുമാരുടെ ജോലി പോകും. പ്രധാന ആശുപത്രികളില്‍ പ്രസവവാര്‍ഡുകളും അത്യാഹിത വിഭാഗങ്ങളും പോലും നിര്‍ത്തലാക്കുകയാണ്. പകരം ആരോഗ്യമേഖലയില്‍ സ്വകാര്യവല്‍ക്കരണവും കമ്പോളവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍. ഇതൊന്നും ആരെയും അറിയിക്കാന്‍ മുത്തശ്ശി ആഗ്രഹിക്കുന്നില്ല. വര്‍ണിക്കാന്‍ ക്യൂബയും ചൈനയുമുണ്ടല്ലോ! ലക്ഷണമൊത്ത കഥകള്‍ ഇനിയും വിരിയും. വായിച്ച് കോള്‍മയിര്‍ കൊള്ളാന്‍ ജനാധിപത്യപ്രേമികളുടെ നീണ്ട നിരയുണ്ട്. ക്യൂബയിലേക്ക്' വോട്ടുവണ്ടി' വിടുന്നത് എപ്പോഴാണെന്ന് മാത്രമേ ഇനി അറിയാനുള്ളു.

****

സാജന്‍ എവുജിന്‍, കടപ്പാട് : ദേശാഭിമാനി 26-10-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...