Monday, October 4, 2010

അച്‌ഛന്‍ പോയപ്പോള്‍ ആളും അനക്കവും ഇല്ലാതായി

എ.കെ.ബി.ഇ.എഫ് മുന്‍പ്രസിഡണ്ട് ജി.രാമചന്ദ്രന്‍പിള്ളയുടെ മകനുമായി നടത്തിയ അഭിമുഖം

കൊല്ലത്തു നിന്നും 25 കി.മീ യാത്ര ചെയ്‌താല്‍ ശാസ്‌താംകോട്ടയിലെത്താം. അവിടെ നിന്ന് 5 കിലോമീറ്റര്‍ പോയാല്‍ ചക്കുവഞ്ചി കവലയിലെത്താം. ചക്കുവഞ്ചികവലയില്‍ നിന്നും രണ്ടു കിലോമീറ്ററോളം യാത്ര ചെ യ്‌താല്‍ ശൂരനാട്ട് പഞ്ചായത്തിലെ മീനു വിഹാര്‍ വീട്ടിലെത്താം. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആനയടി ശാഖാ മാനേജര്‍ ദീപുവിന്റെ വീട്. ദീപു സഖാവ് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍.

എ.കെ.ബി.ഇ.എഫ് പ്രസിഡണ്ടും, ജില്ലാ സഹകരണ ബാങ്കു ജീവനക്കാരുടെ സംസ്ഥാന നേതാവുമായിരുന്ന സഖാവ് രാമചന്ദ്രന്‍ പിള്ളയെ പുതിയ തലമുറയിലെ ബാങ്കു ജീവനക്കാരില്‍ എത്ര പേര്‍ക്ക് അറിയുമെന്നറിയില്ല. 1989 മെയ് 2-ആം തീയതിയാണ് രാമചന്ദ്രന്‍ പിള്ള അന്തരിച്ചത്.

തങ്ങള്‍ വീട്ടിനുള്ളിലേക്ക് കയറി. ആജാനുബാഹുവായിരുന്ന സഖാവിന്റെ ചില്ലിട്ട ചിത്രത്തിനു മുന്നിലേക്ക്. സഖാവ് മരിച്ചിട്ട് രണ്ടു ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

കുശലാന്വേഷണങ്ങള്‍ക്കു ശേഷം ചായ സല്‍ക്കാരവുമായി ദീപുവിന്റെ അമ്മയും ഞങ്ങളോടൊപ്പം ചേ ര്‍ന്നു.

ജില്ലാ ബാങ്കു ജീവനക്കാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ബാങ്കു ജീവനക്കാരുടേയും നേതാവായിരുന്ന അച്‌ഛനെപ്പറ്റി ദീപുവിന്റെ മനസ്സില്‍ ഓടിയെത്തുന്ന ഓര്‍മ്മകള്‍ എന്തൊക്കെയാണ്.

"അച്‌ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 17 വയസ്സായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍. അത്ര പെട്ടെന്ന് അച്‌ഛനെ നഷ്‌ടപ്പെടുമെന്ന് കരുതിയില്ല. പക്ഷേ.... അച്‌ഛന്റെ മരണം വല്ലാത്തൊരു വിടവു സൃഷ്‌ടിച്ചു.

അച്‌ഛനെപ്പറ്റി ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍?

അച്‌ഛന്റെ വാത്സല്യം. പലപ്പോഴും രാത്രി വൈകിയാണ് അദ്ദേഹം വീട്ടിലെത്താറ്. എത്ര വൈകിയാലും ഞങ്ങളെ വിളിച്ചിരുത്തി വര്‍ത്തമാനം പറഞ്ഞിട്ടേ അച്‌ഛന്‍ ഉറങ്ങാറുള്ളൂ. മിക്കപ്പോഴും ഞങ്ങള്‍ക്ക് കഴിക്കാനായി എന്തെങ്കിലും കൊണ്ടു വരാതിരിക്കില്ല. കൂട്ടത്തില്‍ കുറെയേറെ കഥകളും പറയാനുണ്ടാകും. ആ കഥകള്‍ക്കു പിന്നില്‍ സ്വന്തം അനുഭവങ്ങളുടെ അല്ലെങ്കില്‍ ശൂരനാട്ടുകാരുടെ അനുഭവങ്ങളുടെ ചൂടും ചൂരുമാണുണ്ടായിരുന്നത് എന്ന് പിന്നീടാണ് മനസ്സിലാക്കിയത്.

യഥാര്‍ത്ഥത്തില്‍ അച്‌ഛനെയും അമ്മയെയും അപ്പൂപ്പനെയുമൊക്കെ കമ്മ്യൂണിസ്‌റ്റുകാരാക്കി മാറ്റിയത് ശൂരനാട്ട് സംഭവമായിരുന്നു. ശൂരനാട്ട് കേസിലെ പ്രതികളില്‍ ഒരാള്‍ അപ്പൂപ്പന്റെ വീട്ടില്‍ തട്ടിന്‍ പുറത്ത് ഒളിവില്‍ കഴിഞ്ഞ കഥ അമ്മ എപ്പോഴും പറയാറുണ്ട്.

അച്‌ഛന്‍ പാര്‍ട്ടിയംഗമായിരുന്നുവോ? ഇലക്ഷനിലും മറ്റും മത്സരിച്ചിരുന്നുവോ?

അച്‌ഛനും അപ്പൂപ്പനും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയംഗങ്ങളായിരുന്നു- അച്‌ഛന്‍ സി.പി.ഐയും അപ്പൂപ്പന്‍ സി.പി.എം ഉം ആയിരുന്നു. ഒരിക്കല്‍ മാത്രം അച്‌ഛന്‍ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചിരുന്നു.

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങളുടെ പശ്ചാത്തലമാണോ അച്‌ഛനെ വലിയ നേതാവായി ഉയര്‍ത്തിയത് ?

ആയിരിക്കാം. അച്‌ഛന്‍ ആദ്യന്തം തികഞ്ഞ സി.പി.ഐക്കാരനായിരുന്നു. പാര്‍ട്ടി കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചക്കും അദ്ദേഹം ഒരുക്കമല്ലായിരുന്നു. അത് കൈമുതലാക്കി കൊണ്ട് നടത്തിയ നിരന്തരമായ പ്രവര്‍ത്തനം- അച്‌ഛനെ തിരക്കൊഴിഞ്ഞ് കണ്ടിട്ടേ ഇല്ല- ഇതൊക്കെ കാരണങ്ങളാണ്. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് എ.ഐ.എസ്.എഫിന്റെ യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതറിഞ്ഞ് അച്‌ഛന്‍ എന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

"ഏതു സ്ഥാനവും പൂര്‍ണ്ണ മനസ്സോടെ മാത്രം ഏറ്റെടുക്കുക. ഏറ്റെടുത്തു കഴിഞ്ഞാല്‍ ആത്മാര്‍ത്ഥതയോടെ നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക. അതില്‍ നിന്നും വ്യക്തിപരമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാതിരിക്കുക''.

ആ നിലയില്‍ പ്രവര്‍ത്തിച്ചാല്‍ സ്വാഭാവികമായും നാം പടിപടിയായി കയറിപ്പോകുമല്ലോ?

ശരിയായിരിക്കാം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ ഇല്ലായിരുന്നു. കോളേജില്‍ വെച്ച് യൂണിറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ അമ്മയുമായി ആലോചിച്ചു. ഞാന്‍ സജീവ രാഷ്‌ട്രീയത്തിലേക്ക് പോകുന്നതില്‍ അമ്മയ്‌ക്ക് താല്പര്യമില്ലായിരുന്നു.

അമ്മ വിലക്കിയതു കൊണ്ടു മാത്രമായിരുന്നോ പിന്നീട് വിട്ടു നിന്നത് ?

പൂര്‍ണ്ണമായും അങ്ങനെയെന്ന് പറയാന്‍ വയ്യ. വ്യത്യസ്‌ത പ്രശ്‌നങ്ങളുണ്ടായിരുന്നു. അച്‌ഛന്റേയും അപ്പൂപ്പന്റേയും വ്യത്യസ്‌ത നിലപാടുകള്‍. സി.പി.ഐ - സി.പി.എം തര്‍ക്കങ്ങള്‍. അതിന്റെ പേരില്‍ പ്രദേശത്തു നടന്ന വഴക്കുകള്‍- അതൊക്കെ മാറി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. പിന്നെ അച്‌ഛനെപ്പറ്റിയുള്ള ചില ഓര്‍മ്മകള്‍- അച്‌ഛനെ ഞങ്ങള്‍ക്ക് ഒരുപാട് മിസ്സ് ചെയ്‌തിട്ടുണ്ട്- അച്‌ഛന്‍ സദാ യാത്രയിലായിരുന്നു. ഒരു നീണ്ട യാത്രക്കുള്ള ചിട്ടവട്ടങ്ങള്‍ എപ്പോഴും അച്‌ഛന്‍ ബാഗില്‍ കരുതിയിരുന്നു. യാത്രാ സൌകര്യങ്ങള്‍ തീരെ കുറവായിരുന്ന കാലത്താണ് അദ്ദേഹം കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതും കേരളമൊട്ടുക്കു യാത്ര ചെയ്‌തതും.....

അച്‌ഛനെ സ്വസ്ഥമായി അടുത്തു കിട്ടാത്തതിന്റെ വിഷമം ഞങ്ങള്‍ക്കെപ്പോഴുമുണ്ടായിരുന്നു. അച്‌ഛന്റെ സാന്നിദ്ധ്യം ആഹ്ളാദകരമായ നിമിഷങ്ങളേ സമ്മാനിച്ചിട്ടുള്ളൂ.

അച്‌ഛന്റെ മകനാവാന്‍, യൂണിയനിലും രാഷ്‌ട്രീയത്തിലും സജീവമായി പ്രവര്‍ത്തിക്കാന്‍ അച്‌ഛന്റെ ഓര്‍മ്മകള്‍ പ്രേരണയാവാറില്ലേ?

ആ ഒരു ഉള്‍പ്രേരണ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. എങ്കിലും ഇന്ന് രാഷ്‌ട്രീയത്തില്‍ സജീവമായി നിൽ‌ക്കുന്നവര്‍ക്ക് അച്‌ഛനും അപ്പൂപ്പനുമുണ്ടായിരുന്ന ആത്മാര്‍ത്ഥത നഷ്‌ടമായിട്ടില്ലേ എന്ന തോന്നല്‍- എവിടെയോ മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. പൊതുവേ എല്ലാവരുടേയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ ആരും തയ്യാറാവുന്നില്ല. ഇതില്‍ രണ്ടു പാര്‍ട്ടിക്കാരും ഒരു പോലെയാണ്. അതൊക്കെ മാറണമെന്ന് അഭിപ്രായമുണ്ട്.

ആ മാറ്റത്തിന് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍, അച്‌ഛന്‍ പ്രവര്‍ത്തിച്ച പോലെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ദീപുവിന് തടസ്സമായി നില്‍ക്കുന്നതെന്താണ് ?

തടസ്സങ്ങളൊന്നുമില്ല. അന്നത്തെ രീതിയിലല്ല ഇപ്പോള്‍ പ്രവര്‍ത്തനം. അന്ന് മുഴുവന്‍ സമയം പ്രവര്‍ത്തനമായിരുന്നു. അച്‌ഛന്‍ വീട്ടിലുള്ളപ്പോള്‍ പ്രദേശത്തെ ഒരു പാടു പേര്‍ അച്‌ഛനെ കാണാന്‍ വരും. ഞങ്ങളുടെ വീട്ടില്‍ വെച്ചാണ് ബ്രാഞ്ച് കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും പലപ്പോഴും കൂടാറ്. ഇരുട്ടി വെളുക്കുവോളം കമ്മിറ്റികള്‍ നീണ്ടു പോകാറുണ്ട്. പ്രദേശത്തെ ഒരു പാടു പേര്‍ക്ക് അച്‌ഛന്‍ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൊടുക്കുന്നത് കണ്ടിട്ടുണ്ട്. എത്ര കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങള്‍ക്കും അച്‌ഛന്റെ കയ്യില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അച്‌ഛന്‍ പോയപ്പോള്‍ ആളും- അനക്കവുമില്ലാണ്ടായി.....

അച്‌ഛനു മുമ്പോ ശേഷമോ സഹകരണ ബാങ്കിങ്ങ് രംഗത്തു നിന്ന് എ.കെ.ബി.ഇ.എഫ് പോലൊരു സംഘടനയുടെ പ്രസിഡണ്ടോ സെക്രട്ടറിയോ ആയി ആരും വന്നിട്ടില്ല. അതെന്തു കൊണ്ടാണ് ?

എല്ലാവരും സ്വന്തം കാര്യം നോക്കി, സ്വന്തം ബാങ്കുകളില്‍ ഒതുങ്ങിക്കൂടുകയാണ്. അതു കൊണ്ടാകാം.

രാമചന്ദ്രന്‍ സാറിന്റെ മകനെന്ന നിലയില്‍ ബാങ്കു ജീവനക്കാരോട് എന്താണ് പറയാനുള്ളത് ?

സജീവമായി സംഘടനാ രംഗത്തില്ലാത്ത, പ്രവര്‍ത്തിക്കാത്ത ഞാനെന്തു പറയാന്‍.

അമ്മ: "മോന്‍ ഇങ്ങനെ ഒഴിഞ്ഞു മാറുന്നതിന് പ്രധാന കാരണക്കാരി ഞാനാണ്. അച്‌ഛന്‍ മരിക്കുമ്പോള്‍ അന്ന് വല്ലാത്തൊരു അനാഥത്വം തോന്നിയിരുന്നു. ഒരു അരക്ഷിതാവസ്ഥ. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എങ്കിലും മോനെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് ഇന്നു തോന്നുന്നു. അവനിങ്ങനെ കുടുംബകാര്യങ്ങള്‍ മാത്രം നോക്കി ഒതുങ്ങിക്കൂടേണ്ടവനല്ല എന്ന തോന്നല്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അച്‌ഛനെപ്പോലെയോ അപ്പൂപ്പനെപ്പോലെയോ ആയില്ലെങ്കിലും കുറച്ചു കൂടി സജീവമായി പൊതു രംഗത്തുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. വ്യക്തിപരമായി ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കുമെങ്കിലും പൊതു രംഗത്തു പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അംഗീകാരവും സ്വീകാര്യതയും മറ്റൊരു രംഗത്തു നിന്നും നമുക്ക് ലഭിക്കില്ല എന്നാണ് അനുഭവം എന്നെ പഠിപ്പിക്കുന്നത്. നമ്മുടെ വ്യക്തിത്വത്തിന്റെ യഥാര്‍ത്ഥ ഉരകല്ല് പൊതു രംഗത്തെ പ്രവര്‍ത്തനമാണ്.''

അമ്മ ഇതു പറയുമ്പോള്‍ അവരുടെ വാക്കുകള്‍ക്ക് വല്ലാത്തൊരു ഘനം അനുഭവപ്പെട്ടു. ഓര്‍മ്മകളുടെ വേലിയേറ്റം ആ മുഖത്ത് പ്രതിഫലിച്ചു. മകളെന്ന നിലയിലും, ഭാര്യയെന്ന നിലയിലും, അമ്മയെന്ന നിലയിലും അനുഭവസാക്ഷ്യമായ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുവാന്‍ അവരെ അനുവദിച്ചു കൊണ്ട് ദീപുവിനെപ്പോലുള്ള ചെറുപ്പക്കാര്‍ പൊതു രംഗത്തേക്ക് ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.

******

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

പിന്‍‌കുറിപ്പ്

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍,കൂത്താട്ടു കുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എ.കെ.ബി.ഇ.എഫ് പ്രസിഡണ്ടും, ജില്ലാ സഹകരണ ബാങ്കു ജീവനക്കാരുടെ സംസ്ഥാന നേതാവുമായിരുന്ന സഖാവ് രാമചന്ദ്രന്‍ പിള്ളയെ പുതിയ തലമുറയിലെ ബാങ്കു ജീവനക്കാരില്‍ എത്ര പേര്‍ക്ക് അറിയുമെന്നറിയില്ല. 1989 മെയ് 2-ആം തീയതിയാണ് രാമചന്ദ്രന്‍ പിള്ള അന്തരിച്ചത്.