Wednesday, August 4, 2010

പെട്രോളിയം മന്ത്രിയുടെ അസത്യവചനങ്ങള്‍

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിച്ചതിന് ജനങ്ങളുടെ പിന്തുണ തേടി എണ്ണ-പ്രകൃതിവാതക മന്ത്രാലയം ദിനപത്രങ്ങളില്‍ പരസ്യം നല്‍കിവരികയാണ്. കളവും വഞ്ചനയും നിറഞ്ഞ ഈ പരസ്യങ്ങള്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. പരസ്യത്തില്‍ പറയുന്നു:

"രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 80 ശതമാനവും ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്. രാജ്യാന്തര എണ്ണവിപണിയിലെ അസ്ഥിരമായ അവസ്ഥയാണ് സ്വാഭാവികമായും എണ്ണവില വര്‍ധന സൃഷ്ടിക്കുന്നത്.''

റിഫൈനറികളില്‍ ക്രൂഡ് ഓയില്‍ സംസ്കരിച്ചാണ് പെട്രോളിയം, ഡീസല്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 75-80 ശതമാനം ഇറക്കുമതിചെയ്യുകയാണ്. എന്നാല്‍, എണ്ണ സംസ്കരണത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. ആഭ്യന്തരമായി ആവശ്യമായതില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ചെടുക്കുകയും ചെയ്യുന്നു. 2009-2010ല്‍ (ഏപ്രില്‍-ഡിസംബര്‍) ഇന്ത്യ 2.8 കോടി ടണ്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഒരു കോടി ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്.

ഇനി രാജ്യാന്തരവിപണിയിലെ അസ്ഥിരതയുടെ കാര്യം.

രണ്ടാം യുപിഎ സര്‍ക്കാര്‍ 2009 മേയില്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില വീപ്പയ്ക്ക് 70 ഡോളറായിരുന്നു, അതായത് ലിറ്ററിന് 21.43 രൂപ (ഒരു ഡോളര്‍= 49 രൂപ). ഇപ്പോള്‍ വീപ്പയ്ക്ക് 77 ഡോളറാണ് വില, ലിറ്ററിന് 22.13 രൂപ (1ഡോളര്‍= 46.22 രൂപ). ഒരു വീപ്പ ഏതാണ്ട് 160 ലിറ്റര്‍ വരും. അതായത്, രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍വില ലിറ്ററിന് 70 പൈസ മാത്രമാണ് ഉയര്‍ന്നത്. കഴിഞ്ഞ നാലുമാസത്തില്‍ പെട്രോള്‍ വില ലിറ്ററിന് 6.44 രൂപയും ഡീസല്‍വില 4.55 രൂപയും വര്‍ധിപ്പിച്ചതും ഇപ്പോള്‍ മണ്ണെണ്ണയ്ക്ക് മൂന്ന് രൂപയും പാചകവാതകത്തിന് 35 രൂപയും കൂട്ടിയതും ന്യായീകരിക്കാന്‍ രാജ്യാന്തരവിപണിയിലെ അസ്ഥിരതയെ കൂട്ടുപിടിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? കഴിഞ്ഞ ബജറ്റ് മുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിന് രാജ്യാന്തരവിലയുമായി ബന്ധമില്ലെന്ന് വ്യക്തം.

പെട്രോളിയം മന്ത്രി മുരളി ദേവ്റ ജൂ 26ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിലവര്‍ധനയെ ഇങ്ങനെ ന്യായീകരിച്ചു-

"നവരത്നങ്ങളും മഹാരത്നങ്ങളുമായ പൊതുമേഖല എണ്ണക്കമ്പനികള്‍ പാപ്പരാകുന്നത് തടയാനും ഉപയോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാനും വിശാലമായ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്''.

ഇതാണോ വസ്തുത?

എണ്ണവിപണന മേഖലയിലെ പ്രധാന പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) വാര്‍ഷിക റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ മന്ത്രാലയം എന്താണ് പറഞ്ഞിരിക്കുന്നതെന്ന് പരിശോധിക്കാം:

"നാല് പ്രധാന ഉല്‍പ്പന്നങ്ങളായ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലയില്‍ വര്‍ധന ഒഴിവാക്കിയിട്ടും 2008-09ല്‍ ഐഒസി അഭൂതപൂര്‍വമായ തരത്തില്‍ 2,85,337 കോടി രൂപയുടെ വിറ്റുവരവും 2950 കോടി രൂപ ലാഭവും നേടി. ഫോര്‍ച്യൂ 'ഗ്ളോബല്‍ 500' പട്ടികയിലുള്ള ഇന്ത്യന്‍ കമ്പനികളില്‍ പ്രഥമസ്ഥാനത്താണ് ഐഒസി. 2008ല്‍ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ആഗോളറാങ്കിങ്ങില്‍ 116-ാം സ്ഥാനത്താണ് കമ്പനി. ലോകത്തെ പതിനെട്ടാമത്തെ വലിയ പെട്രോളിയം കമ്പനിയാണിത്. 2009-10 വര്‍ഷത്തെ നികുതിയൊഴിച്ചുള്ള ലാഭം 4663.78 കോടി രൂപയാണ് (2009 ഡിസംബര്‍ വരെ). ഈ കാലയളവിലെ വിറ്റുവരവ് 208289.46 കോടി രൂപയും''.

ശ്വാസം വിട്ടോളൂ.

2010 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത കണക്കുപ്രകാരം ഐഒസിയുടെ ലാഭം 10,998 കോടി രൂപയാണ്, കരുതല്‍-മിച്ച ശേഖരം 49,472 കോടിയും. 2009-10ല്‍ ഐഒസി എക്സൈസ് തീരുവയായി 26,050 കോടി രൂപയും മറ്റു നികുതികളായി 4049 കോടി രൂപയും നല്‍കി. കൂടാതെ, ഐഒസി സര്‍ക്കാരിന് ലാഭവിഹിതമായി 2007-08ല്‍ 656 കോടി രൂപയും 2008-09ല്‍ 910 കോടി രൂപയും കൊടുത്തു. 2009-10ല്‍ 3000 കോടി രൂപയില്‍ കുറയാത്ത തുക ലാഭവിഹിതം നല്‍കേണ്ടിവരും. മറ്റ് രണ്ട് എണ്ണവിപണന കമ്പനികളായ എച്ച്പിസിയും ബിപിസിയും 2009 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ യഥാക്രമം 544 കോടി രൂപയും 834 കോടി രൂപയും ലാഭവിഹിതം നല്‍കി.

എന്നിട്ടും ഈ കമ്പനികള്‍ പാപ്പരാകുന്ന അവസ്ഥയിലാണെന്ന് പറഞ്ഞ് മന്ത്രി വഴിവിട്ട രീതിയില്‍ ആഹ്ളാദം തേടുന്നു. രഹസ്യ അജന്‍ഡ നടപ്പാക്കാന്‍ സ്വന്തം കമ്പനികളെ ഇകഴ്ത്തിക്കാട്ടുന്നത് സര്‍ക്കാരിന്റെ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. അതേസമയം, റായ്ബറേലിയില്‍ രാജീവ്ഗാന്ധി പെട്രോളിയം ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഇതേ 'പാപ്പര്‍' കമ്പനികളില്‍നിന്നു തന്നെയാണ് 250 കോടി രൂപ ആവശ്യപ്പെട്ടത്.

ഐഒസി ഇപ്പോള്‍ നടപ്പാക്കിവരുന്ന പ്രധാനപദ്ധതികള്‍ 65,000 കോടിരൂപ വിലമതിക്കുമെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ മൂലധനനിക്ഷേപം ആവശ്യമുള്ളതും എന്നാല്‍, ആദായം അത്ര ഉറപ്പില്ലാത്തതുമായ ആണവവൈദ്യുതോല്‍പ്പാദനത്തിന് ആണവോര്‍ജ കോര്‍പറേഷനുമായി ഐഒസി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഇതാണ് പാപ്പരായ കമ്പനി!

തിരിച്ചുകിട്ടുന്നതിലെ കുറവ്: തികച്ചും വ്യാജം

പക്ഷേ, തിരിച്ചുകിട്ടുന്നതിലെ കുറവ്-സര്‍ക്കാര്‍ കുറെ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന വ്യാജപദമാണിത്, ഒരു കമ്പനിയുടെയും ബാക്കിപത്രത്തില്‍ ഈ വാക്കില്ല. കോര്‍പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടത്തിവരുന്ന തികച്ചും അടിസ്ഥാനരഹിതമായ പ്രചാരണമാണ് എണ്ണവിപണനകമ്പനികള്‍ക്ക് തിരിച്ചുകിട്ടുന്നതിലെ കുറവ് അഥവാ നഷ്ടം.

ബര്‍മ ഷെല്‍, കാള്‍ട്ടക്സ്, എസ്സോ തുടങ്ങിയ വിദേശ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുന്നതുവരെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രാജ്യാന്തരവിപണിവില അടിസ്ഥാനമാക്കിയാണ് തീരുമാനിച്ചിരുന്നത്. ഇറക്കുമതി അടിസ്ഥാന വിലനിര്‍ണയ സംവിധാനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1976ല്‍ ഈ സംവിധാനം നിര്‍ത്തലാക്കുകയും നിയന്ത്രിത വിലസംവിധാനം (എപിഎം) കൊണ്ടുവരികയുംചെയ്തു. ഇതിന്റെ ഭാഗമായി ആഭ്യന്തര എണ്ണസംസ്കരണ ശേഷി വികസിപ്പിക്കുകയും ഇറക്കുമതി ക്രമാനുഗതമായി കുറയ്ക്കുകയുംചെയ്തു. എപിഎം സംവിധാനത്തില്‍ ക്രൂഡ് ഓയിലിന്റെ യഥാര്‍ഥവിലയും സംസ്കരണച്ചെലവും കണക്കാക്കിയശേഷം കമ്പനികള്‍ക്ക് ന്യായമായ ലാഭം ഉറപ്പാക്കുന്ന വിധത്തില്‍ ഉല്‍പ്പന്നവില നിശ്ചയിക്കുന്നു. 1991നുശേഷം ആഭ്യന്തര-വിദേശവിപണികളില്‍ സ്വകാര്യകമ്പനികള്‍ കടന്നുവന്നതോടെ ഇന്ധനവില നിയന്ത്രിച്ചുനിര്‍ത്തുന്ന എപിഎം സംവിധാനം ഉപേക്ഷിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദമേറി. 2002ല്‍ എംപിഎം പിന്‍വലിക്കുകയും ക്രൂഡ് ഓയിലിന്റെയും എണ്ണ ഉല്‍പ്പന്നങ്ങളുടെയും വില നിര്‍ണയിക്കാന്‍ ഇറക്കുമതിവില അടിസ്ഥാന സംവിധാനം പുനരാവിഷ്കരിക്കുകയുംചെയ്തു. ഈ സംവിധാനത്തില്‍ എണ്ണ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ആഗോളവിപണിയിലെ വിലയുടെ അടിസ്ഥാനത്തിലാണ്; രാജ്യത്തെ എണ്ണ ഉല്‍പ്പാദന-സംസ്കരണശേഷി കണക്കിലെടുക്കാറില്ല. ഇപ്പോള്‍ ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും താരതമ്യേന കുറഞ്ഞ ചെലവില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്യുമ്പോഴും ജനങ്ങള്‍ എണ്ണ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളവിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി വില കൊടുക്കേണ്ടിവരുന്നു. ഇറക്കുമതി അടിസ്ഥാനത്തിലുള്ള വിലയും വിലനിയന്ത്രണം നീക്കുന്നതിന് മുമ്പ് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ ചില്ലറവില്‍പ്പന വിലയും തമ്മിലുള്ള വ്യത്യാസമാണ് തിരിച്ചുകിട്ടലിലെ കുറവ്. ഇത് തികച്ചും ഊഹാധിഷ്ഠിതമായ കണക്കാണ്, ഇതിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല.

ഇടതുപക്ഷപാര്‍ടികളുടെ സമ്മര്‍ദഫലമായി പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയില്‍ എപിഎം നീക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, വിലനിയന്ത്രണം നീക്കിയശേഷം കമ്പോളപ്രവേശത്തിനായി കാത്തിരുന്ന റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ സ്വകാര്യകമ്പനികള്‍ എപിഎം പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ നിരന്തരസമ്മര്‍ദം ചെലുത്തിവന്നു. തിരിച്ചുകിട്ടുന്നതിലെ കുറവ് എന്ന ന്യായത്തിന്റെ പേരില്‍ വിലനിയന്ത്രണസംവിധാനം ഉപേക്ഷിക്കുകയും ഇറക്കുമതിവിലയുടെ അടിസ്ഥാനത്തിലുള്ള സംവിധാനത്തിലേക്ക് രാജ്യം മടങ്ങുകയും ചെയ്യുന്നു. ബര്‍മ ഷെല്‍, കാള്‍ട്ടക്സ്, എസ്സോ എന്നിവ അപ്രത്യക്ഷമായിട്ടുണ്ടാകാം. എന്നാല്‍, അവര്‍ വില നിര്‍ണയിച്ചിരുന്ന അവസ്ഥ മടങ്ങിവന്നു.
അന്താരാഷ്ട്രരംഗം

നേപ്പാള്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മണ്ണെണ്ണ, പാചകവാതക വിലയുമായി ഇന്ത്യയിലെ വിലയെ താരതമ്യംചെയ്തുള്ള സര്‍ക്കാരിന്റെ പരസ്യം പെട്രോളിയം മേഖലയില്‍ രാജ്യം കൈവരിച്ച സാശ്രയത്വത്തിന് നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണ്. പെട്രോള്‍വിലയില്‍ ശ്രീലങ്ക 37ഉം തായ്ലന്‍ഡ് 24ഉം പാകിസ്ഥാന്‍ 30ഉം ശതമാനം നികുതി ചുമത്തുമ്പോള്‍ ഇന്ത്യയില്‍ ഇത് 51 ശതമാനമാണ്. ഡീസലിന് ശ്രീലങ്കയില്‍ 20ഉം തായ്ലന്‍ഡില്‍ 15ഉം പാകിസ്ഥാനില്‍ 15ഉം ശതമാനം നികുതിയുള്ളപ്പോള്‍ ഇന്ത്യയില്‍ 30 ശതമാനമാണ്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ (ഇഐഎ) നല്‍കുന്ന കണക്കുപ്രകാരം ഇന്ത്യയെക്കൂടാതെ 54 വികസ്വര രാജ്യത്ത് എണ്ണ സംസ്കരണശേഷി അവരുടെ ഉപഭോഗത്തേക്കാള്‍ കൂടുതലാണ്. ക്രൊയേഷ്യയും ഫിലിപ്പീന്‍സും ദക്ഷിണാഫ്രിക്കയും മാത്രം ഇറക്കുമതിവില അടിസ്ഥാന സംവിധാനവും മലേഷ്യയും തുര്‍ക്കിയും രാജ്യാന്തരവിപണിവിലയെ അടിസ്ഥാനമാക്കിയുള്ള വില നിര്‍ണയസംവിധാനവും സ്വീകരിച്ചിരിക്കുന്നു.

പക്ഷേ, എണ്ണസംസ്കരണശേഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ജനസംഖ്യയില്‍ 40 ശതമാനത്തില്‍പരം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുകയും ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യം എന്തിന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം നീക്കുകയും രാജ്യാന്തരവിപണിയെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു? ആഗോളതല ശമ്പളം കിട്ടാത്ത സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ വില ആഗോളതലത്തിലാക്കിയാല്‍ ജനങ്ങള്‍ എന്തുചെയ്യും?

53,000 കോടിയുടെ ഭാരം: ദേവ്റയുടെ കണക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ്?

മന്ത്രാലയത്തിന്റെ പരസ്യത്തില്‍ പറയുന്നു: "വില വര്‍ധിപ്പിച്ചിട്ടും സര്‍ക്കാര്‍ ഇക്കൊല്ലം 53,000 കോടി രൂപയുടെ ഭാരം വഹിക്കേണ്ടിവരും''.

പാര്‍ലമെന്ററി സമിതിക്കുമുമ്പാകെ തങ്ങള്‍ സമര്‍പ്പിച്ച ധനാഭ്യര്‍ഥന (2010-2011) മന്ത്രാലയം മറന്നിട്ടുണ്ടാകാം. അതില്‍ പറയുന്നു:

"2009-10 വര്‍ഷത്തെ തിരിച്ചുകിട്ടലിലെ കുറവ് നികത്താന്‍ സര്‍ക്കാരിന്റെ ഓഹരിയായി 12,000 കോടി രൂപയുടെ ബജറ്റ്സഹായം നല്‍കാമെന്ന് ധനമന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്''.

എന്നാല്‍, ഇതേകാലയളവില്‍ നികുതി, ലാഭവിഹിതം, തീരുവകള്‍ എന്നിവയായി പെട്രോളിയം മേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ചത് 90,000 കോടി രൂപയാണ്. നികുതി വര്‍ധിപ്പിച്ചശേഷം 2010-11ല്‍ ഈ വരവ് 1,20,00 കോടിയായി ഉയരും. ആര്‍ ആര്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്? സര്‍ക്കാരിന് 53,000 കോടി രൂപയുടെ ഭാരം എന്ന കണക്ക് ആരാണ് കണ്ടുപിടിച്ചത് ? ബജറ്റിലോ ബാലന്‍സ് ഷീറ്റിലോ ഇല്ലാത്ത ഭാവനാവിലാസം മാത്രമാണിത്.

പൂച്ച പുറത്തുചാടി

തിരിച്ചുകിട്ടുന്നതിലെ കുറവ്, പൊതുമേഖലാ എണ്ണക്കമ്പനികളുടെ പാപ്പരാകല്‍ എന്നീ ന്യായങ്ങളുടെ പേരില്‍ എണ്ണ ഉല്പന്നങ്ങള്‍ക്ക് രാജ്യാന്തരവിപണിയിലെ വിലയാക്കാന്‍ ആവേശം കാട്ടിയ ദേവ്രയുടെ ഉള്ളിലിരുപ്പ് ഈയിടെ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതിന് അദ്ദേഹത്തോട് നന്ദി പറയണം. പൂച്ച പുറത്ത് ചാടി. അദ്ദേഹം പറഞ്ഞു:

സ്വതന്ത്ര കമ്പോള സംവിധാനം പൊതു-സ്വകാര്യമേഖലകള്‍ തമ്മില്‍ മത്സരം സൃഷ്ടിക്കും. ഇത് സേവനം മെച്ചപ്പെടുത്തുകയും വിലയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യും.”

മുരളി ദേവ്രയും അദ്ദേഹത്തിന്റെ സര്‍ക്കാരും ആര്‍ക്കുവേണ്ടിയാണാവോ മുതലക്കണ്ണീര്‍ പൊഴിക്കുന്നത്, ആ പൊതുമേഖല എണ്ണവിപണനക്കമ്പനികള്‍ക്കാണ് വിലയുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക. റിലയന്‍സിനും എസ്സാറിനും അത്യാധുനിക സംവിധാനങ്ങളുള്ള എണ്ണ ശുദ്ധീകരണശാലകളുണ്ട്. പൊതുമേഖലാ കമ്പനികളുടെ സംവിധാനങ്ങള്‍ ഈ നിലവാരത്തില്‍ ഉയര്‍ത്താന്‍ അനുവദിച്ചിട്ടില്ല. മാത്രമല്ല, നികുതി ഒഴിവാക്കല്‍, നികുതി സൌജന്യം തുടങ്ങിയ കാര്യങ്ങളില്‍ നയം മാറ്റം നടത്താന്‍ കഴിയും വിധം ഭരണത്തിലെ ഉന്നതരുമായി നേരിട്ട് ബന്ധമുള്ളത് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കാണ്. അംബാനിമാര്‍ക്കും എസാര്‍ ഉടമകള്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രിയെയുംധനമന്ത്രിയെയും മറ്റും കാണാം. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനി മേധാവികള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുക മന്ത്രാലയത്തിലെ സെക്രട്ടറിമാരെയോ ജോയിന്റെ സെക്രട്ടറിമാരെയോ മാത്രം. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെ ഇന്ന് ആഭ്യന്തര സ്വകാര്യ കോര്‍പറേറ്റുകളും നാളെ വിദേശ ബഹുരാഷ്ട്രക്കുത്തകകളും പെട്രോളിയം മേഖല ഭരിക്കും. കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന കോര്‍പറേറ്റുകളുടെ ഭരണമായി സര്‍ക്കാര്‍ മാറുമ്പോള്‍ ഇതൊക്കെ സംഭവിക്കും.

*
ദീപാങ്കര്‍ മുഖര്‍ജി കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുരളി ദേവ്രയും അദ്ദേഹത്തിന്റെ സര്‍ക്കാരും ആര്‍ക്കുവേണ്ടിയാണാവോ മുതലക്കണ്ണീര്‍ പൊഴിക്കുന്നത്, ആ പൊതുമേഖല എണ്ണവിപണനക്കമ്പനികള്‍ക്കാണ് വിലയുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക. റിലയന്‍സിനും എസ്സാറിനും അത്യാധുനിക സംവിധാനങ്ങളുള്ള എണ്ണ ശുദ്ധീകരണശാലകളുണ്ട്. പൊതുമേഖലാ കമ്പനികളുടെ സംവിധാനങ്ങള്‍ ഈ നിലവാരത്തില്‍ ഉയര്‍ത്താന്‍ അനുവദിച്ചിട്ടില്ല. മാത്രമല്ല, നികുതി ഒഴിവാക്കല്‍, നികുതി സൌജന്യം തുടങ്ങിയ കാര്യങ്ങളില്‍ നയം മാറ്റം നടത്താന്‍ കഴിയും വിധം ഭരണത്തിലെ ഉന്നതരുമായി നേരിട്ട് ബന്ധമുള്ളത് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്കാണ്. അംബാനിമാര്‍ക്കും എസാര്‍ ഉടമകള്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രിയെയുംധനമന്ത്രിയെയും മറ്റും കാണാം. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനി മേധാവികള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുക മന്ത്രാലയത്തിലെ സെക്രട്ടറിമാരെയോ ജോയിന്റെ സെക്രട്ടറിമാരെയോ മാത്രം. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെ ഇന്ന് ആഭ്യന്തര സ്വകാര്യ കോര്‍പറേറ്റുകളും നാളെ വിദേശ ബഹുരാഷ്ട്രക്കുത്തകകളും പെട്രോളിയം മേഖല ഭരിക്കും. കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന കോര്‍പറേറ്റുകളുടെ ഭരണമായി സര്‍ക്കാര്‍ മാറുമ്പോള്‍ ഇതൊക്കെ സംഭവിക്കും.