Thursday, August 12, 2010

വര്‍ഗീയതയും കേരള രാഷ്‌ട്രീയവും

കേരളത്തില്‍ ജാതി-മത രാഷ്‌ട്രീയത്തെ ഉപയോഗപ്പെടുത്തി കമ്യൂണിസ്‌റ്റ് സ്ഥാനത്തെ ആക്രമിക്കാന്‍ കഴിയുമോ എന്ന നിലപാടാണ് വലതുപക്ഷ ശക്തികള്‍ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. രാഷ്‌ട്രീയമായി വലതുപക്ഷം ദുര്‍ബലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ഇത്തരമൊരു ഇടപെടലിന് മൂര്‍ച്ച കൂടാറുണ്ട്. വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ തന്ത്രം പയറ്റാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. അതിന്റെ ആദ്യപടി എന്നനിലയില്‍ കേരളാ കോണ്‍ഗ്രസുകളെ യോജിപ്പിച്ചുനിര്‍ത്തുന്നതിനുള്ള ഇടപെടല്‍, തങ്ങള്‍ക്ക് സ്വാധീനമുള്ള ചില പള്ളിമേധാവികളെ ഉപയോഗപ്പെടുത്തി അവര്‍ നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫിന് അനുകൂലമാകുന്ന വിധത്തില്‍ ഇടപെടുന്നതിനും ഈ തരത്തില്‍ ശ്രമം ഉണ്ടായി. ചില ഇടയലേഖനങ്ങളില്‍ ഇത്തരം കാഴ്‌‌ചപ്പാടുകള്‍ കാണാം. മുസ്ളിം ജനവിഭാഗത്തെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള ചില തന്ത്രങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചു. ലീഗിനെ ഉപയോഗപ്പെടുത്തുകയാണ് ചെയ്‌തത്. ലീഗും ജമാഅത്തെ ഇസ്ളാമിയും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ചകളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫുമായി തുറന്ന ബന്ധം എന്‍ഡിഎഫിനുണ്ടായിരുന്നു. ഇതിനുപുറമെ ജമാ-അത്തെ-ഇസ്ളാമിയുടെ പിന്തുണ വ്യാപകമായി ഉറപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍, ഈ വാര്‍ത്ത പുറത്തുവന്നതോടെ മുസ്ളിംലീഗും യുഡിഎഫും അങ്കലാപ്പിലായി. ജമാ-അത്തെ-ഇസ്ളാമിയുടെ മതരാഷ്‌ട്ര സങ്കല്‍പ്പവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ളിം സാധാരണ ജനസാമാന്യം. പിന്നീട് നിഷേധങ്ങളുടെ പരമ്പര രൂപപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. പ്രാദേശികമായി സഖ്യം ഉണ്ടാക്കും എന്ന പ്രഖ്യാപനം ഇതേ കാലഘട്ടത്തില്‍ ബിജെപിയും നടത്തുകയുണ്ടായി. ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ വര്‍ഗീയ ശക്തികളും യുഡിഎഫും യോജിച്ച് നിന്ന് ഇടതുപക്ഷ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നു എന്നാണ്.

ഇത്തരം രാഷ്‌ട്രീയ നീക്കങ്ങള്‍ യുഡിഎഫും വര്‍ഗീയ ശക്തികളും നടത്തുന്ന ഘട്ടത്തിലാണ് കേരള ജനതയെ ഞെട്ടിച്ച് മൂവാറ്റുപുഴയിലെ കൈവെട്ട് സംഭവം അരങ്ങേറുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധം, ഇസ്ളാമിക വര്‍ഗീയസംഘടനകളുടെ ചെയ്‌തികള്‍ക്കെതിരായുള്ള മതനിരപേക്ഷ കേരളത്തിന്റെ പ്രതിരോധമായി മാറി. ഈ പ്രതിഷേധം വളര്‍ന്ന്, വര്‍ഗീയ സമീപനം സ്വീകരിക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ നാടിന്റെ പൊതു താല്‍പ്പര്യത്തിന് എതിരാണ് എന്ന ബോധത്തിലേക്ക് കേരളജനതയെ ഉണര്‍ത്തി. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വര്‍ഗീയ രാഷ്‌ട്രീയം കൈകാര്യംചെയ്യുന്ന ലീഗിനെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാന്‍ വിപുലമായ തന്ത്രങ്ങള്‍ മെനയുന്നതിനാണ് ലീഗ് തയ്യാറാകുന്നത്.

വര്‍ഗീയ തീവ്രവാദ ശക്തികളെ യോജിപ്പിച്ച് നിര്‍ത്താന്‍ പരിശ്രമിച്ചവര്‍ ഇപ്പോള്‍ സ്വയം വര്‍ഗീയകക്ഷിയല്ല എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിനായി കെ വേണുവിനെയും എം ഗംഗാധരനെയും പോലുള്ള ആളുകളെയും ചില മാധ്യമങ്ങള്‍ രംഗത്തിറക്കിയിട്ടുണ്ട്. ലീഗ് ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്ളിങ്ങള്‍ മതനിരപേക്ഷ ചേരിയില്‍ അണിചേരില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം. ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ രൂപപ്പെടാതിരുന്നത് ഇതുകൊണ്ടാണെന്നും ഇവര്‍ വാദിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നത് സിപിഐ എം ആണെന്ന് ലീഗിനെപ്പോലുള്ള സംഘടനകള്‍ കൊണ്ടുപിടിച്ച് പ്രചാരവേല നടത്തുന്നു.
യഥാര്‍ഥത്തില്‍ മതവിശ്വാസികളുടെ താല്‍പര്യങ്ങളെയും ഒരു ജനവിഭാഗം എന്ന നിലയിലുള്ള അവരുടെ പ്രയാസങ്ങളെയും പരിഹരിക്കുന്നതിന് ഇടപെട്ടത് സിപിഐ എം ആണ്. അതേസമയം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തി വര്‍ഗീയ തീവ്രവാദപരമായ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുപോവാനുള്ള പരിശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നതും സിപിഐ എം ആണ്. മതവിശ്വാസികളെ സംരക്ഷിക്കുകയും മതത്തിന്റെ പേരിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇടപെടുകയും ചെയ്യുന്നതിനൊപ്പം മതത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ ഐക്യത്തെയും പൊതുമണ്ഡലങ്ങളെയും തകര്‍ക്കുന്ന വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പ്രതിരോധവും പാര്‍ടി സംഘടിപ്പിക്കുന്നു. ഹിന്ദുവര്‍ഗീയത മുന്നോട്ട് വയ്‌ക്കുന്ന അജണ്ടകളില്‍നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാട് എടുത്തത് കമ്യൂണിസ്റ്റുകാരാണ്. തലശേരി മെരുവമ്പായി യു കെ കുഞ്ഞിരാമന്റെ ജീവന്‍ നഷ്‌ടപ്പെട്ടത് പള്ളി സംരക്ഷിക്കാന്‍ ധീരമായ നിലപാട് എടുത്തതിന്റെ പേരിലാണ്.

മലബാറിലെ കാര്‍ഷിക കലാപത്തെ മാപ്പിള ലഹള എന്ന് അധിക്ഷേപിക്കാനാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പരിശ്രമിച്ചത്. ഈ കാഴ്‌‌ചപ്പാടിനെ തിരുത്തി മലബാര്‍ കലാപത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കവും ജന്മിത്വവിരുദ്ധ സമീപനവും തുറന്നുകാട്ടിയത് കമ്യൂണിസ്‌റ്റ് പാര്‍ടിയാണ്. 1957ലെ കമ്യൂണിസ്‌റ്റ് മന്ത്രിസഭയുടെ കാലത്ത് നടപ്പാക്കപ്പെട്ട ഭൂപരിഷ്‌ക്കരണം പാവപ്പെട്ട മുസ്ളിം കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ അടിമ സമാനമായ ജീവിതത്തില്‍നിന്ന് മോചനം നല്‍കി. സര്‍ക്കാര്‍ സഹായത്തോടെ സ്‌കൂളുകള്‍ വ്യാപകമായി ആരംഭിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയുംചെയ്‌തു. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുമാണ് മലപ്പുറം ജില്ലയിലെ ജനതയെ ഗള്‍ഫ് മേഖലയില്‍ ഉള്‍പ്പെടെ അയക്കുന്നതിന് പശ്ചാത്തലം ഒരുക്കിയത്. മലബാര്‍ പൊലീസില്‍ മുസ്ളിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചത് ഇ എം എസ് മന്ത്രിസഭയാണ്. പിന്നോക്ക പ്രദേശത്തിന് ഒരു ജില്ല എന്ന നിലയില്‍ മലപ്പുറം ജില്ല രൂപീകരണത്തിനു മുന്‍കൈ എടുത്തതും കമ്യൂണിസ്‌റ്റ് പ്രസ്ഥാനമാണ്.

ഖിലാഫത്തിന്റെ ആരാധ്യനേതാക്കളായ അലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്‌മാരകം പണിതതും വാഗണ്‍ ട്രാജഡിയുടെ ഓര്‍മയ്‌ക്കായി സ്‌മാരകം ഉയര്‍ത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഖിലാഫത്ത് പ്രസ്ഥാനത്തെ അതിക്രൂരമായി നേരിട്ട ഹിച്ച്കോക്കിന് സ്‌മാരകമായി വള്ളുംപുറത്ത് ഉണ്ടായിരുന്ന പ്രതിമ നീക്കംചെയ്‌ത് കെഎസ്ആര്‍ടിസി ബസ് വെയിറ്റിങ് ഷെഡ് പണിതത് ഇമ്പിച്ചിബാവ മന്ത്രിയായിരുന്നപ്പോഴാണ്. അമേരിക്കന്‍ സാമ്രാജ്യത്വം മധ്യേഷ്യയില്‍ ഉള്‍പ്പെടെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ തുറന്നു കാട്ടുന്നതിനും പ്രതിരോധിക്കുന്നതിനും മുന്നിട്ടിറങ്ങിയതും സിപിഐ എം ആണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിലും ഒരു വിമുഖതയും സിപിഐ എം കാണിച്ചില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് ബില്ല് നടപ്പാക്കാന്‍ നേതൃപരമായ പങ്കാണ് സിപിഐ എം വഹിച്ചത്.

മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നതിന് സംഘപരിവാര്‍ തടസം ഉന്നയിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സിപിഐ എം ഉണ്ടായിരുന്നു. കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെടുന്ന ഘട്ടത്തില്‍ ശക്തമായ പ്രതിരോധമുയര്‍ത്തിയതും ഈ പാര്‍ടി തന്നെ. ഒറീസയില്‍ ആക്രമിക്കപ്പെട്ട ക്രിസ്‌തുമത വിശ്വാസികള്‍ക്ക് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തന്നെ പ്രാര്‍ഥനയ്‌ക്കായി നല്‍കുന്നതിനും സിപിഐ എമ്മിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ മതവിശ്വാസികളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനും അവ കാത്തുസൂക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനത്തെയാണ് മതവിരുദ്ധര്‍ എന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്.

മതവിശ്വാസികളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുമ്പോള്‍ത്തന്നെ വര്‍ഗീയതയുമായി സന്ധി ചെയ്യാന്‍ സിപിഐ എം തയ്യാറായിട്ടില്ല. വര്‍ഗീയത എന്നത് മതത്തെ രാഷ്‌ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്നതാണ്. മുസ്ളിം ലീഗ് ഇസ്ളാം വിശ്വാസത്തെ രാഷ്‌ട്രീയ താല്‍പ്പര്യത്തിന് ഉപയോഗപ്പെടുത്തുകയാണ്. തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമുദായത്തെ ഉപയോഗപ്പെടുത്തുക എന്ന നിലയിലാണ് ഇത് മാറുന്നത്. അതിലൂടെ സമുദായത്തിലെ സമ്പന്ന വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

വര്‍ഗീയതയുമായി ബന്ധപ്പെട്ടതും അതേസമയം അതില്‍നിന്ന് വ്യത്യസ്‌തപ്പെട്ടതുമായ ഒന്നാണ് തീവ്രവാദം. ഇത് മതത്തെ രാഷ്‌ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നു എന്നു മാത്രമല്ല, അതിനെ സായുധമായി സംഘടിപ്പിക്കുന്നതിനും മറ്റു വിശ്വാസങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍ നടത്തുന്നതിനും പ്രേരിപ്പിക്കുന്നു. വര്‍ഗീയമായ സമീപനം ഇതിന് ആശയാടിത്തറ ഒരുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മുസ്ളിം ലീഗിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വളരുന്നതിനിടയാകുന്നത്. തീവ്രവാദത്തിനെതിരെ പൊരുതാന്‍ കഴിയാതിരിക്കുന്നതും അവരുമായി നാഭീ-നാള ബന്ധം സൂക്ഷിക്കുന്നതും ഇതുകൊണ്ടാണ്. തീവ്രവാദം ഭീകരവാദത്തിന്റെ തലത്തിലേക്ക് വളരുമ്പോള്‍ അത് രാജ്യദ്രോഹകരമായ ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒന്നായിത്തീരുന്നു. കേരളത്തിലെ തീവ്രവാദം ഇത്തരമൊരു തലത്തിലേക്ക് വികസിച്ചുവരുന്നു എന്നതിന്റെ തെളിവായിരുന്നു കശ്‌മീരില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ട സംഭവം.

മതവിശ്വാസത്തെ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തലത്തിലേക്ക് ഉയര്‍ത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം മതവിശ്വാസികള്‍ എല്ലാ കാലത്തും ഉയര്‍ത്തിയിട്ടുണ്ട്. മതവിശ്വാസികള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതിന്റെ പക്ഷത്തുനിന്നില്ലെങ്കില്‍ തങ്ങളുടെ അടിത്തറ ദുര്‍ബലപ്പെടുമെന്നും മുഖംമൂടി കൊഴിഞ്ഞുവീഴുമെന്നും ലീഗ് ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങള്‍ മതേതര പ്രസ്ഥാനത്തില്‍പ്പെട്ടവരാണ് എന്ന വായ്‌ത്താരിയുമായി ലീഗ് രംഗപ്രവേശം ചെയ്യുന്നത്.

ജനവിരുദ്ധ സാമ്പത്തിക നയം പിന്തുടരുന്ന കോണ്‍ഗ്രസിന് കേരള രാഷ്‌ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ഊന്നുവടിയാണ് രാഷ്‌ട്രീയത്തിന്റെ മതവല്‍ക്കരണം. കഴിഞ്ഞ അരനൂറ്റാണ്ടായി കോണ്‍ഗ്രസും മുസ്ളിംലീഗും തുടരുന്ന രാഷ്‌ട്രീയ സഖ്യം ഇതിനുദാഹരണമാണ്. ഈ സഖ്യം മതനിരപേക്ഷതയെയല്ല, മറിച്ച് വര്‍ഗീയ ധ്രുവീകരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാത്രമല്ല, തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തിന് വിരുദ്ധമായ അച്ചുതണ്ടും ഇതാണ്. തീവ്രവാദവും വര്‍ഗീയതയും തമ്മിലുള്ള ബന്ധവും വ്യത്യാസവും അറിയാത്തവരാണ് ലീഗിന് ക്ളീന്‍ചിറ്റ് നല്‍കാന്‍ രംഗത്തിറങ്ങിയിരിക്കുന്ന സാംസ്‌ക്കാരിക നായകരെന്നും കാണാം. മാത്രമല്ല, ഇവര്‍ ഒരിക്കലും ഏതെങ്കിലും കാര്യത്തില്‍ സിപിഐ എമ്മിന്റെ രാഷ്‌ട്രീയ നയവുമായി പൊരുത്തപ്പെട്ടുനിന്നതായി ചരിത്രം രേഖപ്പെടുത്തുന്നില്ല.

മുസ്ളിംലീഗും മതനിരപേക്ഷതയും

ഇന്ത്യാ വിഭജനത്തിന് നേതൃത്വം നല്‍കിയ ദ്വിരാഷ്‌ട്രവാദം മുന്നോട്ടുവച്ച പഴയ ലീഗിന്റെ പിന്തുടര്‍ച്ചക്കാരല്ല തങ്ങളെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് അവകാശപ്പെട്ടതായി എവിടെയും രേഖപ്പെടുത്തിക്കണ്ടിട്ടില്ല. മുസ്ളിംലീഗ് മതനിരപേക്ഷമാവണമെങ്കില്‍ മതത്തെ രാഷ്‌ട്രീയത്തിലും രാഷ്‌ട്രീയത്തെ മതത്തിലും ഇടപെടുവിക്കുന്ന രീതിയെ പ്രതിരോധിക്കുകയാണ് വേണ്ടത്. അത്തരം പ്രവര്‍ത്തനം ലീഗ് സംഘടിപ്പിച്ചതായി നാം കണ്ടിട്ടില്ല. മതപരമായ കൂടിച്ചേരലുകളെ ഉപയോഗപ്പെടുത്തി അതിനെ രാഷ്‌ട്രീയ ശക്തിയായി പരിവര്‍ത്തിപ്പിക്കുകയെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. രാഷ്‌ട്രീയ അധികാരത്തിനായി അതിനെ ഉപയോഗപ്പെടുത്താനാണ് എക്കാലത്തും ലീഗ് ശ്രമിച്ചത്.

മുസ്ളിം ജനവിഭാഗത്തിനകത്തുള്ള എല്ലാ സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് അവരുടെ അജന്‍ഡ. എന്നിട്ട് അതിനെ തങ്ങളുടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമാക്കുക. കോട്ടയ്‌ക്കലില്‍ വിളിച്ചുചേര്‍ത്ത മുസ്ളിംസംഘടനകളുടെ യോഗത്തില്‍ ലീഗ് സമര്‍പ്പിച്ച മതനിരപേക്ഷ അജന്‍ഡ ഇത്തരത്തിലുള്ള ഒരു ഇടപെടലിന്റെ ഭാഗമാണ്. കുറച്ചുനാള്‍ മുമ്പാണ് ജമാഅത്തെ ഇസ്ളാമിയുമായി രാഷ്‌ടീയ കൂട്ടുകെട്ട് ഉണ്ടാക്കുന്ന കാര്യം ഇവര്‍ ചര്‍ച്ചചെയ്‌തത്. ഇത് പുറത്തുവരികയും കേരളത്തിലെ മതനിരപേക്ഷ സമൂഹം ശക്തമായ രീതിയില്‍ പ്രതികരിക്കുകയുംചെയ്‌തു. ജമാഅത്തെ ഇസ്ളാമി രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയതാണെന്നു പറഞ്ഞ് ആ അവസരത്തില്‍ തടിതപ്പാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്.

രാഷ്‌ട്രീയമായി ലീഗ് പ്രതിസന്ധികളില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് തീവ്രവാദ പ്രസ്ഥാനവുമായി എളുപ്പത്തില്‍ യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്നത് എന്നത് ഗൌരവമായിപരിശോധിക്കേണ്ട വിഷയമാണ്. കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ നയം സ്വീകരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് എളുപ്പത്തില്‍ സന്ധിയുണ്ടാക്കിയത് എന്‍ഡിഎഫുമായാണ്. ലീഗ് കേന്ദ്രങ്ങളിലെ പോളിങ്ങിനെ നയിച്ചതും ഇവരാണെന്ന് വ്യക്തം. ഇത്തരമൊരു ഐക്യം എളുപ്പം ഉണ്ടാക്കാനാകുന്നത്, ലീഗിന്റെ വര്‍ഗീയത തീവ്രവാദവുമായി യോജിക്കുന്നതിന് മടിച്ചുനില്‍ക്കുന്നില്ല എന്നതുകൊണ്ടാണ്.

എന്‍ഡിഎഫിന്റെ തീവ്രവാദപ്രവര്‍ത്തനത്തിന് ആദ്യമായി രാഷ്‌ട്രീയ അംഗീകാരം ലഭിച്ചത് 2001ലെ തെരഞ്ഞെടുപ്പില്‍ ലീഗ് മുന്‍കൈയെടുത്ത് യുഡിഎഫിനായി എന്‍ഡിഎഫ് വോട്ട് വാങ്ങിയപ്പോഴാണ്. ലീഗും എന്‍ഡിഎഫും കൈകോര്‍ത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. പ്രത്യുപകാരമായി ലീഗിന് അധികാരം കിട്ടിയ ഉടന്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചു. ഈ ആവശ്യം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് മുമ്പില്‍ നിവേദനരൂപത്തില്‍ നല്‍കിയത് രണ്ട് ലീഗ് എംഎല്‍എമാരാണ്. തീവ്രവാദത്തോടുള്ള ലീഗിന്റെ വിരോധം കാപട്യമാണെന്നും അതിന്റെ മറവില്‍, അവരെ സ്വന്തം രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്നും ഈ നടപടിയിലൂടെ വ്യക്തമാകുന്നു. തീവ്രവാദക്കേസുകളന്വേഷിച്ചിരുന്ന പ്രത്യേക പൊലീസ് സംവിധാനം സ്വാധീനം ഉപയോഗിച്ച് ലീഗ് ഇല്ലാതാക്കി. യുഡിഎഫ് ഭരണത്തില്‍ ലീഗ് പിന്തുണയോടെ എന്‍ഡിഎഫ് അവരുടെ പ്രവര്‍ത്തനം നിര്‍ബാധം വ്യാപിപ്പിക്കുകയായിരുന്നു.

ലീഗില്ലെങ്കില്‍ കേരളത്തിലെ മുസ്ളിങ്ങളാകെ വര്‍ഗീയവാദികളും ഇസ്ളാമിക തീവ്രാദികളുമായി മാറും എന്നാണ് ഇപ്പോള്‍ അവരുടെ പ്രചാരണം. ലോകത്ത് വിവിധ രാഷ്‌ട്രങ്ങളിലായി കോടിക്കണക്കിന് മുസ്ളിങ്ങളുണ്ട്. മുസ്ളിംലീഗ് എന്ന സംഘടന കേരളത്തിലാണ് കാര്യമായി പ്രവര്‍ത്തിക്കുന്നത് എന്ന് ഏവര്‍ക്കുമറിയാം. കുഞ്ഞാലിക്കുട്ടിയുടെ വാദപ്രകാരമാണെങ്കില്‍ ലീഗില്ലാത്ത ഇന്ത്യയുടെ മറ്റു മേഖലകളിലെയും മറ്റു രാജ്യങ്ങളിലെയും മുസ്ളിങ്ങളെല്ലാം ഭീകരവാദികളായിത്തീരേണ്ടതാണ്. ലീഗില്‍ പ്രവര്‍ത്തിക്കാത്ത മുസ്ളിങ്ങളെല്ലാം തീവ്രവാദികളാവാന്‍ സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ കരുതേണ്ടിവരും. ആര്യാടന്‍ മുഹമ്മദും എം എം ഹസനും എം ഐ ഷാനവാസുമെല്ലാം ലീഗില്ലെങ്കില്‍ എന്നേ വര്‍ഗീയവാദികളായി മാറിപ്പോയേനെ. ഈ വാദം ഇസ്ളാം മതവിശ്വാസികള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് യഥാര്‍ഥത്തില്‍ മുസ്ളിം മതവിശ്വാസികളെ അപമാനിക്കുന്നതിനു തുല്യമാണ്. സൂഫിസത്തിന്റെ മഹത്തായ പാരമ്പര്യം പേറുന്ന മതത്തിന്റെ പശ്ചാത്തലത്തില്‍നിന്നാണ് ഇത്തരം വായ്‌ത്താരികള്‍ നടത്തുന്നത്. ഇസ്ളാമിന്റെ മഹത്തായ പാരമ്പര്യത്തെ മനസിലാക്കുന്ന ഒരാളും ഇത്തരത്തിലുള്ള വിടുവായത്തങ്ങള്‍ പുറപ്പെടുവിക്കില്ല.

ബാബറി മസ്‌ജിദ് സംഭവത്തെ തുടര്‍ന്നുണ്ടായ കാര്യങ്ങളെ സംബന്ധിച്ച് തികച്ചും അസത്യപ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ആ സംഭവത്തെതുടര്‍ന്ന് കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമില്ലാതെ പോയതിന്റെ കാരണം കേരളത്തില്‍ വിപുലമായ അടിത്തറയുള്ള മതനിരപേക്ഷ രാഷ്‌ട്രീയ ശക്തികള്‍ ഉള്ളതുകൊണ്ടാണ്. ഹിന്ദുവര്‍ഗീയവാദിക്കും മുസ്ളിം തീവ്രവാദിക്കും സമാഹരിക്കാനാവുന്നതിനപ്പുറം ജനപിന്തുണ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ നടന്നിരുന്നില്ല എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. പാണക്കാട്ടെ തങ്ങള്‍മാര്‍ ഒറ്റയ്‌ക്കുനിന്ന് കേരളത്തെ വര്‍ഗീയകലാപങ്ങളില്‍നിന്ന് കാത്തുസൂക്ഷിച്ചു എന്നത് കുത്തകപത്രങ്ങളുടെ കള്ളമൊഴിയാണ്. യഥാര്‍ഥത്തില്‍ വര്‍ഗീയലഹള നടക്കാതെ പോയത് കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തി ജീവിക്കാനുള്ള അവകാശം കേരളത്തിലുണ്ടായിരുന്നു. മതസൌഹാര്‍ദത്തിന്റെ സംഗമ ഭൂമിയായിരുന്നു എല്ലാ കാലത്തും നമ്മുടെ നാട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് പ്രഖ്യാപിച്ച ശ്രീനാരായണന്റെ മണ്ണാണിത്. വക്കം മൌലവിയും ഇ മൊയ്‌തു മൌലവിയും മുഹമ്മദ് അബ്‌ദുറഹിമാനും ഇ എം എസും കൃഷ്ണപിള്ളയും എ കെ ജിയും ജനങ്ങളെ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ പാഠങ്ങള്‍ പഠിപ്പിച്ച മണ്ണുകൂടിയാണ് കേരളം. ആ മഹത്തായ പാരമ്പര്യം മുറിച്ചുമാറ്റാന്‍ വര്‍ഗീയ ശക്തികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും കഴിയാത്ത തരത്തില്‍ ശക്തമായ സാമൂഹ്യബന്ധമായി മതേതരത്വം ഇവിടെയുണ്ട്. ആ മഹത്തായ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനം ഇടതുപക്ഷ പ്രസ്ഥാനം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. ചരിത്രപരമായ ഈ സവിശേഷത കാണാതെ എട്ടുകാലി മമ്മൂഞ്ഞായി മാറാനുള്ള പരിശ്രമം ജനങ്ങള്‍ ചിരിച്ചുതള്ളും.

അലിഗഡ് സര്‍വകലാശാല ക്യാമ്പസ് 'പാണക്കാട്ട്' വേണമെന്നും എല്‍ഡിഎഫ് അലിഗഡ് മുസ്ളിം സര്‍വകലാശാല ക്യാമ്പസിനെതിരാണെന്നും പ്രചരിപ്പിച്ച് എല്ലാ മുസ്ളീം വര്‍ഗീയ സംഘടനകളെയും യോജിപ്പിച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ മലപ്പുറം ജില്ലയില്‍ കടുത്ത വര്‍ഗീയ പ്രചാരണം ലീഗ് കെട്ടഴിച്ചുവിട്ടു. പെരിന്തല്‍മണ്ണയില്‍ അലിഗഡ് ക്യാമ്പസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ദ്രുതഗതിയില്‍ നീങ്ങുമ്പോഴാണ് ലീഗിന്റെ വര്‍ഗീയ പ്രചാരണം. സര്‍വകലാശാല വിഷയത്തെ മതവല്‍ക്കരിക്കാന്‍ ലീഗ് നടത്തിയ പരിശ്രമം 'സെക്കുലറിസ'മാണെന്ന് വ്യാഖ്യാനിക്കാനാവുമോ? ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് മലപ്പുറം കലൿടറേറ്റിനു മുന്നില്‍ നൂറിലധികം ദിവസം നീണ്ടുനിന്ന ഒരു മദ്യവിരുദ്ധ സമരം മുസ്ളിം വര്‍ഗീയവാദികളുടെ പിന്തുണയോടെ നടന്നു. മുസ്ളിം തീവ്രവാദ സംഘടനകളെ മലപ്പുറത്ത് മാത്രമായി ഈ സമരത്തില്‍ അണിനിരത്തിയതിലെ ലീഗിന്റെ പങ്ക് വിസ്‌മരിക്കാനാവുമോ?

വിദേശമദ്യം വില്‍ക്കുന്നുവെന്നതിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ രണ്ടു ഹോട്ടലുകള്‍ അടച്ചുപൂട്ടിക്കാന്‍ അടുത്തകാലത്ത് സമരം നടന്നു. നിയമപ്രകാരം വിദേശമദ്യം വില്‍ക്കുന്ന നൂറുകണക്കിന് ഹോട്ടലുകള്‍ സംസ്ഥാനത്തുണ്ടായിരിക്കെയാണ് ലീഗിന്റെ പോഷകസംഘടനയായ യൂത്ത് ലീഗും എല്ലാ മുസ്ളിം തീവ്രവാദ വര്‍ഗീയ സംഘടനകളും കൈകോര്‍ത്ത് ഈ സമരം നടത്തിയത്. ഹോട്ടലില്‍നിന്ന് പുറത്തിറങ്ങുന്നവരെ പിന്തുടര്‍ന്ന് കല്ലെറിയുന്ന ഈ താലിബാന്‍ സമരത്തിന് മതനിരപേക്ഷതയുടെ ഏത് സര്‍ട്ടിഫിക്കറ്റാണ് നല്‍കാന്‍ കഴിയുക. ചുരുക്കത്തില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ എന്‍ഡിഎഫിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ലീഗ് ചെയ്‌തത്. ഇപ്പോള്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായപ്പോള്‍ അത് മുസ്ളിം സമുദായത്തിനെതിരായ ആക്രമണമാണ് എന്ന പ്രചാരണം ഏറ്റുപിടിക്കുകവഴി തീവ്രവാദത്തിനോട് തന്നെയാണ് പ്രതിബദ്ധത എന്ന സന്ദേശം നല്‍കാനാണ് ലീഗ് ശ്രമിച്ചത്.

കഴിഞ്ഞ ഒന്നര ദശകമായി ലീഗിന്റെ ബഹുജന അടിത്തറയില്‍ കാര്യമായ ചോര്‍ച്ച സംഭവിച്ചതായി കാണാം. 1987ല്‍ ലീഗില്ലാത്ത കേരള സര്‍ക്കാരിന് നായനാര്‍ നേതൃത്വം നല്‍കിയപ്പോള്‍ ലീഗ് കോട്ടയായ മലപ്പുറത്ത് ഒരു ഇടതുപക്ഷ എംഎല്‍എ ഉണ്ടായിരുന്നില്ല. ഇന്ന് ലീഗിനൊപ്പം ഇടതുപക്ഷ എംഎല്‍എമാര്‍ മലപ്പുറത്തുമുണ്ട്. ജമാ അത്തെ ഇസ്ളാമി മുതല്‍ എന്‍ഡിഎഫ് വരെ നിരവധി മുസ്ളിംസംഘടനകളുമായി സഖ്യം ചെയ്‌താണ് ലീഗ് നിലനില്‍ക്കുന്നത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടന്ന പൊന്നാനിയില്‍ ജമാ അത്തിന്റെയും എന്‍ഡിഎഫിന്റെയും പിന്തുണ ഉറപ്പാക്കുകയാണ് ലീഗ് ചെയ്‌തത്. ലീഗ് അതിന്റെ നിലനില്‍പ്പിനായി സ്വയം കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കുകയും മതമൌലികവാദികളുമായും തീവ്രവാദികളുമായും രഹസ്യവും പരസ്യവുമായ കൂട്ടുചേരലുകള്‍ നടത്തുകയുംചെയ്യുന്നു. കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തിനു നേരെ ഇതുയര്‍ത്തുന്ന വെല്ലുവിളി അത്യന്തം ഗൌരവമേറിയതാണ്. രാഷ്‌ട്രീയ നിലനില്‍പ്പിനായി കീഴടങ്ങുന്ന കോണ്‍ഗ്രസിന് ഇതിനെ എതിര്‍ക്കാനുമാവില്ല. മാര്‍ൿസിസ്‌റ്റ് വിരോധം സമൂഹത്തിലേക്ക് ഒളിച്ചുകടത്തുന്ന കുത്തകപ്പത്രങ്ങള്‍ ഈ തീവ്രവാദ വര്‍ഗീയവല്‍ക്കരണത്തെ വെള്ളപൂശുകയാണ്. അതിനായി കൂലിയെഴുത്തുകാര്‍ക്ക് സ്വന്തം മാധ്യമത്താളുകളില്‍ അവര്‍ പായ വിരിച്ചുകൊടുക്കുന്നു.

ഹിന്ദു വര്‍ഗീയവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്‌‌ചയില്ലാത്ത രാഷ്‌ട്രീയ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. അധികാരത്തിന്റെ ഏണിപ്പടികള്‍ കയറാന്‍ മതത്തെ ദുര്‍വിനിയോഗംചെയ്‌തും തീവ്രവാദപരമായ കാഴ്‌‌ചപ്പാടുകളോട് സന്ധിചെയ്‌തും ആത്മീയ നേതാവായി എന്നതുകൊണ്ടുമാത്രം ഒരാളെ നേതൃസ്ഥാനത്ത് പ്രതിഷ്‌ഠിച്ചും ലീഗ് മുന്നോട്ടുപോവുകയാണ്. ഈ രീതിയെ മതനിരപേക്ഷതയായി ലീഗ് ചിത്രീകരിച്ചാലും കേരളം അത് തള്ളിക്കളയും

*****

എ. വിജയരാഘവന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹിന്ദു വര്‍ഗീയവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്‌‌ചയില്ലാത്ത രാഷ്‌ട്രീയ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. അധികാരത്തിന്റെ ഏണിപ്പടികള്‍ കയറാന്‍ മതത്തെ ദുര്‍വിനിയോഗംചെയ്‌തും തീവ്രവാദപരമായ കാഴ്‌‌ചപ്പാടുകളോട് സന്ധിചെയ്‌തും ആത്മീയ നേതാവായി എന്നതുകൊണ്ടുമാത്രം ഒരാളെ നേതൃസ്ഥാനത്ത് പ്രതിഷ്‌ഠിച്ചും ലീഗ് മുന്നോട്ടുപോവുകയാണ്. ഈ രീതിയെ മതനിരപേക്ഷതയായി ലീഗ് ചിത്രീകരിച്ചാലും കേരളം അത് തള്ളിക്കളയും