Saturday, July 17, 2010

ജഡ്ജിമാര്‍ ജനാധിപത്യം മറന്നാല്‍

സിപിഐ എം പരിപാടിയില്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഇപ്രകാരം പറയുന്നു.

"തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമായാണ് നീതിന്യായ വ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തില്‍ തുല്യരാണെങ്കിലും സാരാംശത്തില്‍ നീതിന്യായവ്യവസ്ഥ ചൂഷകവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുകയും അവരുടെ വര്‍ഗഭരണത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.''

നീതിന്യായ വ്യവസ്ഥയെപ്പറ്റി വളരെയധികം ആക്ഷേപങ്ങള്‍ ഉയര്‍ന്നുവരുന്ന ഈ ഘട്ടത്തില്‍ സിപിഐ എം നിലപാടിലെ ശരി കൂടുതല്‍ തിളക്കത്തോടെതന്നെ ബോധ്യപ്പെടുന്നു. ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തില്‍നിന്ന് വ്യത്യസ്തമായി നീതിന്യായ വ്യവസ്ഥക്ക് എന്തെങ്കിലും സ്വതന്ത്ര പദവിയോ നിഷ്പക്ഷ നിലപാടോ ഇല്ല. ഇതിനെല്ലാം അടിസ്ഥാനമായ ചൂഷണവ്യവസ്ഥതന്നെ ഇല്ലാതാക്കാനും ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള പുതിയ വ്യവസ്ഥയുടെ സൃഷ്ടിക്കായും പൊരുതുകയാണ് കമ്യൂണിസ്റ്റുകാര്‍. പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തിന്റെയും ഭരണഘടനയുടെയും പരിമിതികള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരങ്ങള്‍ ഏകീകരിക്കാനും ശക്തിപ്പെടുത്താനും നിലവിലുള്ള ഭരണഘടനാസ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. കമ്യൂണിസ്റ്റുകാരെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നവരാണെന്നും വിധി തങ്ങള്‍ക്കനുകൂലമാകുമ്പോള്‍ കോടതികളെ അഭിനന്ദിക്കുകയും തങ്ങള്‍ക്കെതിരാകുമ്പോള്‍ കോടതികളെ കല്ലെറിയുകയുമാണ് കമ്യൂണിസ്റ്റുകാരുടെ സ്വഭാവമെന്നും പറയുന്നവര്‍ സിപിഐ എം പരിപാടിയുടെ ഖണ്ഡിക 7.1ല്‍ പറയുന്ന കാര്യം മനസ്സിലാക്കാതെ ആട്ടം മാത്രം കാണുകയാണ്.

"ജനാധിപത്യത്തിനും ജനതാല്‍പര്യങ്ങള്‍ക്കും വേണ്ടിയുള്ള സമരത്തില്‍ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശവും പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ജനങ്ങള്‍ക്ക് ഉപകരണങ്ങളായി പ്രയോജനപ്പെടുന്നതാണ്. ബൂര്‍ഷ്വാസിയുടേത് ഒരുതരം വര്‍ഗമേധാവിത്തമാണെങ്കിലും ജനപുരോഗതിക്കുള്ള സാധ്യതകളെ ഇന്ത്യയുടെ പാര്‍ലമെന്ററി സമ്പ്രദായം ഉള്‍ക്കൊള്ളുന്നുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചെടുക്കാനും സ്റ്റേറ്റിന്റെ കാര്യങ്ങളില്‍ ഒരതിര്‍ത്തിവരെ ഇടപെടാനും സമാധാനത്തിനും ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടിയുള്ള സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രേരണ അവരില്‍ ചെലുത്താനും ഭരണഘടന ജനങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. '' (ഖണ്ഡിക. 7.1)

സാമൂഹ്യനീതിയിലധിഷ്ഠിതമായ പുതിയൊരു സാമ്പത്തിക ക്രമത്തിനായി പ്രവര്‍ത്തിക്കുന്ന സിപിഐ എം ഒരിക്കലും പാര്‍ലമെന്ററി സമ്പ്രദായത്തിനും ഭരണഘടനക്കും നീതിന്യായ വ്യവസ്ഥക്കും ഭീഷണി ഉയര്‍ത്തിയിട്ടില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ജനപക്ഷത്തുനിന്ന് വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടുവരികയും ഫലപ്രദവും പ്രായോഗികവുമായ ബദല്‍ നിര്‍ദേശങ്ങള്‍ ഉന്നയിക്കുകയുമാണ് ചെയ്തത്. പാര്‍ടി പരിപാടിയിലെ 5.15ല്‍ ഇപ്രകാരം പറയുന്നു. "മറുപടി പറയാന്‍ ജഡ്ജിമാര്‍ ബാധ്യസ്ഥരാകുന്ന ഫലപ്രദമായ സംവിധാനങ്ങളുടെ അഭാവത്തില്‍ നീതിന്യായ വ്യവസ്ഥയിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ അഴിമതി ഉള്ളതായി റിപ്പോര്‍ട് ചെയ്യപ്പെടുന്നു. അത് ഈ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്തുകളയുന്നു.'' ജുഡീഷ്യറിയുടെ ജനകീയ വിശ്വാസ്യത നഷ്ടപ്പെട്ടുകൂട എന്ന നിര്‍ബന്ധമാണ് സിപിഐ എമ്മിനുള്ളതെന്നു വ്യക്തം. അതുകൊണ്ടാണ് ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം, കുറ്റവിചാരണ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അധികാരമുള്ള ഒരു ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്. നാടുവാഴിത്തകാലത്ത് ബ്രിട്ടനില്‍ നിലവിലുണ്ടായിരുന്ന കോടതി അലക്ഷ്യ നിയമത്തിന്റെ സ്വഭാവവും സംവിധാനവും ഇന്ത്യയിലിന്നും തുടരുന്നത് അപമാനകരമാണ്. കോടതി അലക്ഷ്യ നിയമവും തിരുത്തി എഴുതണം.

ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമായി കോടതിവിധികളുടെ അപാകതകള്‍ ചൂണ്ടിക്കാട്ടുന്നതിനെ ചിലര്‍ ജുഡീഷ്യറിയുടെ മേലുള്ള യുദ്ധപ്രഖ്യാപനമായി ചിത്രീകരിക്കുന്നു. ജനാധിപത്യം സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയുടെ കൂടി ആവശ്യമാണ്. അല്ലെങ്കില്‍ അടിയന്തരാവസ്ഥയില്‍ ജുഡീഷ്യറിയെ നോക്കുകുത്തിയാക്കിയതുപോലെയാവും അനുഭവം.

പാതയോരങ്ങളില്‍ പൊതുയോഗങ്ങളും കൂട്ടായ്മകളും നിരോധിച്ചുള്ള ഉത്തരവ് വന്നപ്പോള്‍ രാഷ്ട്രീയ- മത ചിന്തകള്‍ക്കതീതമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നു. ഈ ലേഖകന്റെതടക്കമുള്ള പ്രതികരണങ്ങളുടെ പൊതുവികാരം ഹൈക്കോടതി വിധി പൌരാവകാശവും ആശയപ്രചാരണ സ്വാതന്ത്ര്യവും നിഷേധിക്കുന്നതാണെന്നും പുനഃപരിശോധന വേണമെന്നുമാണ്. ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പൊതുവികാരത്തെ കാണാതെപോകുന്നത് ഖേദകരമാണ്. സ്വാതന്ത്ര്യസമരകാലം മുതല്‍ അനുഭവിച്ചുപോരുന്നതാണ് പാതയോരങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള സ്വാതന്ത്ര്യം. രാഷ്ട്രീയപാര്‍ടികളും മതസംഘടനകളും ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍തന്നെ ചില നിയന്ത്രണങ്ങള്‍ അധികൃതര്‍ അനുവാദം നല്‍കുമ്പോള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പകരം നിരോധനമായാല്‍ ജനാധിപത്യവ്യവസ്ഥ അപകടത്തിലാകും. നിരന്തരം ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പരിശ്രമങ്ങള്‍ ഉത്തരവാദപ്പെട്ട ഓരോ രാഷ്ട്രീയപാര്‍ടിയും ബഹുജനസംഘടനയും മതസംഘടനയും നടത്തുന്നില്ലെങ്കില്‍ സാമൂഹ്യവിരുദ്ധശക്തികളും അരാഷ്ട്രീയ- അരാജകവാദികളും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതിനിടയാക്കും. ഈ സാമൂഹ്യവീക്ഷണമാണ് ഹൈക്കോടതി വിധിയെ വിമര്‍ശിക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

ബൂര്‍ഷ്വാ സമൂഹത്തില്‍ ജുഡീഷ്യറിപോലും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടുവെന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. മുന്‍ ചീഫ് ജസ്റ്റിസ് പി എ ന്‍ ഭഗവതിയുടെ അഭിപ്രായത്തില്‍ 20 ശതമാനം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കാരാണ്. അഴിമതിക്കാരായ ജഡ്ജിമാര്‍ നീതിന്യായ വ്യവസ്ഥക്കാകെ അപമാനമാണെന്ന നിരീക്ഷണം ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും നടത്തിയിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ഷമിത് മുഖര്‍ജി രാജിവെച്ചൊഴിയേണ്ടിവന്നത് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ്. ഹരിയാണ- പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസ്വാമി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞിട്ടും സ്ഥാനംവിടാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് 1993ല്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരേണ്ടിവന്നത്. കോണ്‍ഗ്രസാകട്ടെ പാര്‍ലമെന്റ് അംഗങ്ങളെ വോട്ടെടുപ്പില്‍നിന്നും വിലക്കിക്കൊണ്ട് അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിക്കുകയാണ് ചെയ്തത്. ഫലത്തില്‍ സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയുടെ അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനായി കണ്ടെത്തിയിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു. 1991 ല്‍ മദിരാശി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ വീരസ്വാമിയുടെ വീട്ടില്‍നിന്നും സിബിഐ വന്‍തോതില്‍ കള്ളപ്പണം കണ്ടെടുത്തു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍പോലും സുപ്രീംകോടതി സിബിഐ യെ അനുവദിച്ചില്ല. ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അനുവാദം വേണമെന്ന സാങ്കേതികത്വമാണ് ഇവിടെ അഴിമതി തടയുന്നതിനേക്കാള്‍ വലിയ നീതിനിര്‍വഹണമായി കോടതി കണ്ടെത്തിയത്. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് എ എം ഭട്ടാചാര്യ അനധികൃതമായി ഒരു പബ്ളിഷിങ് കമ്പനിയില്‍നിന്നും 80,000 ഡോളര്‍ പ്രതിഫലമായി വാങ്ങിയെന്നു തെളിഞ്ഞപ്പോള്‍ രാജിവെക്കേണ്ടിവന്നു.

ഗുജറാത്തിലെ രണ്ട് ജഡ്ജിമാര്‍ പരസ്യമായി ഏറ്റുമുട്ടിയപ്പോള്‍ സ്ഥലംമാറ്റേണ്ടിവന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തുകയും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുകയും ചെയ്തതിന്റെ പേരിലാണ് കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന ദിനകരനോട് രാജിവെച്ചൊഴിയാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. യുപിയിലെ കോടതി ജീവനക്കാരുടെ പിഎഫ് പണംപോലും തട്ടിയ ജഡ്ജിയും നമ്മുടെ രാജ്യത്തുണ്ട്. കര്‍ണാടക ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ വനിതാ അഭിഭാഷകരോടൊപ്പം 'ഉല്ലാസയാത്ര' നടത്തിയത് നീതിനിര്‍വഹണത്തിനായിരുന്നുവോ എന്ന ചോദ്യം കോടതി അലക്ഷ്യമാണോ? കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ സല്‍ക്കാരം സ്വീകരിച്ച പ്രശ്നം സമകാലീന കേരളരാഷ്ട്രീയത്തില്‍ വലിയ വിവാദമാണുയര്‍ത്തിയത്. കൊക്കകോളക്കനുകൂലമായ കോടതിവിധിയിലെ വാചകങ്ങള്‍ കോള കമ്പനി മാനേജ്മെന്റ് സമര്‍ഥമായി പരസ്യത്തിനായി ഉപയോഗിച്ചപ്പോള്‍ ഒരു കോടതിയും സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചുകണ്ടില്ല. 26 വര്‍ഷത്തിനുശേഷം വന്ന ഭോപാല്‍ വിധി മുഴുവന്‍ ഭാരതീയരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

"ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിനുത്തരവാദികള്‍ക്ക് നിസാര ശിക്ഷയാണ് ലഭിച്ചത്. ഇതില്‍ മുഖ്യപ്രതി കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണെങ്കില്‍ കൂട്ടുപ്രതി ജുഡീഷ്യറികൂടിയാണ്. വാറന്‍ ആഡേഴ്സനെ രക്ഷിക്കാന്‍ സഹായിച്ച രാജീവ്ഗാന്ധിയും (ഐപിസി സെക്ഷന്‍ 304) നരഹത്യക്കുപകരം അശ്രദ്ധമൂലമുള്ള അപകടമരണം (സെക്ഷന്‍ 304 (എ) എന്നാക്കി കേസ് ഭേദഗതി ചെയ്ത സുപ്രിംകോടതിയും ഒരുപോലെയാണ് പങ്ക് വഹിച്ചത്. ഫലത്തില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവുമില്ല, കൊലയാളികള്‍ക്ക് ശിക്ഷയുമില്ല.'' ഇത്തരത്തില്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ നിരവധിയാണ്. ജഡ്ജിമാരില്‍ പലരും അഴിമതിയും സ്വജനപക്ഷപാതവും പിടിപ്പുകേടും കാട്ടുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നു. ആക്ഷേപങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനത്തിലും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നു. കര്‍ണാടകയില്‍ മുന്‍സിഫ് നിയമനത്തില്‍ നടന്ന അഴിമതി ഒരു പത്രം പുറത്തുകൊണ്ടുവന്നു. സുപ്രിംകോടതി കോടതിയലക്ഷ്യ കേസെടുത്തു. പിന്നീട് തെളിവുകള്‍ നിരത്തിക്കൊണ്ടാണ് മാധ്യമപ്പട രംഗത്തെത്തിയത്. കോടതിയലക്ഷ്യ കേസിന്റെ ഗതിയെന്തായെന്ന് ആര്‍ക്കുമറിയില്ല. കേരളത്തില്‍ ജില്ലാ ജഡ്ജിമാരായി സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ മോഡറേഷന്‍ നല്‍കിയ നടപടിയും വിവാദമായി.

നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു. "ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൌരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനം അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും (രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും) ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൌരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണഘടനാ നിര്‍മാണസഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ''

സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ലഭിക്കാന്‍ ജനങ്ങള്‍ തന്നെയാണ് ഭരണഘടന നിര്‍മിക്കുന്നതെന്നും വ്യക്തമാക്കുന്നു. സ്ഥിതിസമത്വം, ജനാധിപത്യം, മതേതരത്വം എന്നിവ ഭരണഘടനയുടെ അടിസ്ഥാനശിലകളാണ്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നവിധത്തിലായിരിക്കണം ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളാണ് നിയമനിര്‍മാണസഭയും ഭരണനിര്‍വഹണ സമിതിയും നീതിന്യായ വ്യവസ്ഥയും. ഈ മൂന്നു തൂണുകളും അധികാരപരിധികള്‍ ലംഘിക്കുന്നത് ഭൂഷണമല്ല. ഭരണഘടന ഓരോന്നിന്റെ അധികാരപരിധി നിര്‍ണയിച്ചിട്ടില്ലെങ്കിലും പരസ്പരം അധികാരങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. നിയമനിര്‍മാണ സഭക്ക് നിയമം നിര്‍മിക്കുകയല്ലാതെ വിധിപറയാനോ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാനോ അധികാരമില്ല. അതുപോലെ ജുഡീഷ്യറി ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുകയല്ലാതെ നിയമം നിര്‍മിക്കാനോ ഭരണനിര്‍വഹണ വിഭാഗത്തെപ്പോലെ ഉത്തരവുകള്‍ ഇറക്കാനോ പാടില്ല. നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സാമൂഹ്യവീക്ഷണത്തോടെയാവണം. നിയമം നിര്‍മിച്ചവരുടെ ഉദ്ദേശ ശുദ്ധിയെ പരിഗണിക്കണം. നിയമം വ്യാഖ്യാനിക്കുമ്പോള്‍ ജനതാല്‍പര്യത്തെ അടിസ്ഥാനമാക്കി നിയമങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ മെച്ചപ്പെട്ട നിയമനിര്‍മാണത്തിന് ജനപ്രതിനിധിസഭക്ക് മുതല്‍ക്കൂട്ടായും ജുഡീഷ്യറിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ നിയമനിര്‍മാണസഭയുടെയും ഭരണനിര്‍വഹണ സമിതിയുടെയും അതിര്‍ത്തി പലപ്പോഴും കോടതി ലംഘിക്കുന്നു. ഭരണഘടനയെയും നിയമങ്ങളെയും ഭാവനാപൂര്‍ണമായി വ്യാഖ്യാനിച്ചാല്‍ കോടതികള്‍ ദേവാലയങ്ങളായി ജനങ്ങള്‍ കണക്കാക്കും. മറിച്ചായാല്‍ വിമര്‍ശനവിധേയമാവുകയും ചെയ്യും. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ഇക്കാര്യം സാമൂഹ്യവീക്ഷണമുള്ള ജഡ്ജിമാര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു ന്യൂഡല്‍ഹിയില്‍ 'ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോ'യില്‍ 2007 ജനുവരി 15ന് നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു. "ജനാധിപത്യത്തിലെ ഒരു അടിസ്ഥാന തത്വം ജനങ്ങളാണ് യജമാന്മാരെന്നും എല്ലാ അധികാരികളും (കോടതികള്‍ ഉള്‍പ്പെടെ) അവരുടെ സേവകരാണെന്നുമാണ്. സേവകന്മാരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനുള്ള അധികാരം യജമാനന്മാര്‍ക്കുണ്ട്. ഒരു ജനാധിപത്യത്തില്‍ ജഡ്ജിമാരെ വിമര്‍ശിക്കാനുള്ള അധികാരം തീര്‍ച്ചയായും ജനങ്ങള്‍ക്കുണ്ട്.

എന്തുകൊണ്ട് ജുഡീഷ്യറി വിമര്‍ശനവിധേയമാകുന്നു എന്നാണ് നാം പരിശോധിക്കേണ്ടത്. വിമര്‍ശനത്തിനുവേണ്ടി വിമര്‍ശനം ഉയര്‍ത്തുകയല്ല. എല്ലാറ്റിലും കുറ്റം കണ്ടെത്തുകയല്ല. ഇഷ്ടപ്പെട്ട വിധി വരുമ്പോള്‍ പ്രശംസിക്കുകയും എതിരായ വിധി വരുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയുമല്ല ചെയ്യുന്നത്. അഴിമതിയും സ്വജനപക്ഷപാതവും പിടിപ്പുകേടും കാട്ടിയാല്‍ പൌരസമൂഹത്തില്‍നിന്നും വിമര്‍ശനമുയരുന്നില്ലെങ്കില്‍ ഒരുപാട് രാമസ്വാമിമാരുണ്ടാകും. ജനപ്രതിനിധികള്‍ അപ്രമാദികളായാല്‍ മുസോളിനിമാരും ഹിറ്റ്ലര്‍മാരും സൃഷ്ടിക്കപ്പെടും. വിമര്‍ശനം സംഹാരമല്ല, സൃഷ്ടിപരമാണ്. ജുഡീഷ്യറി കൂടുതല്‍ വിശ്വാസ്യതയാര്‍ജിക്കണമെന്ന ആഗ്രഹമാണ് ഇത്തരം വിമര്‍ശനങ്ങളുടെ അടിസ്ഥാനം. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആറ് ദശകത്തെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.

ആദ്യഘട്ടങ്ങളില്‍ കോടതി സ്വത്തവകാശ സംരക്ഷണത്തിനാണ് പ്രാധാന്യം കൊടുത്തതെങ്കില്‍ അടിയന്താവസ്ഥയുടെ ഘട്ടത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാവിധ പൌരാവകാശങ്ങളെയും നിഷേധിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടികളെ കോടതികളും സാധൂകരിക്കുകയാണ് ചെയ്തത്. ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള ഐതിഹാസിക പോരാട്ടം 1975 മുതല്‍ 1977 വരെ രാജ്യത്ത് നടന്നു. കോടതികളുടെ പിന്തുണയില്ലാതെയായിരുന്നു ഭരണഘടന നല്‍കുന്ന ജനാധിപത്യാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം നടന്നത്. ഈ ജനകീയ മുന്നേറ്റത്തിനൊടുവിലാണ് രാജ്യത്താദ്യമായി 1977ല്‍ കോണ്‍ഗ്രസിതര ഭരണം നിലവില്‍വന്നത്. അപ്പോഴാണ് കോടതികളുടെ സമീപനത്തിലും ചില മാറ്റങ്ങള്‍ പ്രകടമായത്. പൊതുതാല്‍പര്യ ഹരജികള്‍ കോടതികള്‍ സ്വീകരിക്കാന്‍ തുടങ്ങി. തപാല്‍കാര്‍ഡില്‍ കോടതിക്ക് ലഭിച്ച ഒരു പരാതിയാണ് പ്രസിദ്ധമായ സുനില്‍ ഭദ്രാ കേസില്‍ റിട്ട് ഹര്‍ജിയായി പരിഗണിച്ചത്.

വിദ്യാഭ്യാസം മൌലികാവകാശമാണെന്ന മോഹിനി ജെയിന്‍ കേസിലെ വിധിപ്രഖ്യാപനത്തിലൂടെ സുപ്രീംകോടതിയുടെ സാമൂഹ്യപ്രതിബദ്ധതയാണ് വ്യക്തമായത്. ഫെര്‍ട്ടിലൈസേഷന്‍ കാംഗാര്‍ യൂണിയന്‍ കേസില്‍ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനനുകൂലമായും രൂപന്‍ഷാ കേസില്‍ പൌരന്മാര്‍ക്കുനേരെ സ്റ്റേറ്റിന്റെ ഭാഗത്തുനിന്നും നീതികരിക്കാനാവാത്ത കടന്നാക്രമണങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയുണ്ടായി. ജസ്റ്റിസുമാരായ പി എന്‍ ഭഗവതി, വി ആര്‍ കൃഷ്ണയ്യര്‍, പി സുബ്രഹ്മണ്യം പോറ്റി ,ചിന്നപ്പ റെഡ്ഡിഎന്നിവരുടെ നിരവധി വിധിന്യായങ്ങള്‍ ജുഡീഷ്യറിയുടെ ജനപക്ഷ നിലപാടിന്റെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നുവെന്ന സത്യം ജനങ്ങള്‍ അറിഞ്ഞത് ജസ്റ്റിസ് സുബ്രഹ്മണ്യംപോറ്റിയുടെ വിധിയിലൂടെയായിരുന്നു. ഈ വിധി പിന്നീട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ രാജിയിലെത്തി. അലഹബാദ് ഹൈക്കോടതി വിധിയാണ് ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍പോലും പ്രേരിപ്പിച്ചത്. ഈ വിധി വന്നപ്പോഴാണ് സഞ്ജയ്ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോടതിക്കെതിരായി രംഗത്തിറങ്ങിയത്. കോടതിക്കെതിരായ ഭീഷണികള്‍ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസില്‍നിന്നുമുണ്ടായത്. തങ്ങള്‍ക്കിഷ്ടപ്പെടാത്ത വിധികള്‍ വന്നാല്‍ അധികാരം കൂടി ഉപയോഗിച്ച് ജുഡീഷ്യറിയെ വരുതിയില്‍ നിര്‍ത്താന്‍ യാതൊരു മടിയും തങ്ങള്‍ക്കില്ലെന്നും കോണ്‍ഗ്രസ് തെളിയിച്ചു. നിയമനത്തിലൂടെയും സ്ഥലംമാറ്റത്തിലൂടെയും സര്‍ക്കാരിന്റെ ചട്ടുകമായി ജുഡീഷ്യറിയെ മാറ്റിത്തീര്‍ത്തതാണ് പിന്നീട് നിയമനരീതിയടക്കം മാറ്റാനിടയായത്.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയം കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലകളിലും നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ജുഡീഷ്യറിയിലും ചില മാറ്റങ്ങള്‍ പ്രകടമായി. ഉണ്ണിക്കൃഷ്ണന്‍ കേസില്‍ 1993ല്‍ 'ഉന്നത വിദ്യാഭ്യാസം നല്‍കുന്നത് ഒരു ബിസിനസോ വ്യാപാരമോ അല്ലെന്നും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം അനുവദിക്കാനാവില്ലെന്നുമാണ് കോടതി വിധിച്ചതെങ്കില്‍ 2002ല്‍ ടിഎം എ പൈ കേസില്‍ ആഗോളവല്‍ക്കരണ നയത്തിനനുകൂലമായിരുന്നു വിധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള മാനേജ്മെന്റിന്റെ അവകാശം ഭരണഘടനയുടെ 19(1) ജി യിലെ മൌലിക അവകാശമാണെന്നും ലോകത്ത് എല്ലായിടത്തും വ്യവസ്ഥാപിതമായ തത്വമാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസം ആവശ്യമുള്ളവര്‍ അതിനു വില നല്‍കണമെന്നുള്ളത് എന്നുമാണ് പ്രസ്തുത വിധി. സമീപകാലത്തെ വിധിന്യായങ്ങളില്‍ ഏറ്റവും കൂടുതല്‍ വിര്‍മശനവിധേയമായവ സംഘടിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നവയാണ്. രാജ്യത്തെ മറ്റ് ഹൈക്കോടതികളില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും വ്യത്യസ്തമായി ഇത്തരം വിധികള്‍ കേരള ഹൈക്കോടതിയില്‍നിന്നുമാണുണ്ടാകുന്നത് എന്നതാണ് ഏറെ ആശ്ചര്യം. ജനക്ഷേമ പുരോഗമന നടപടികള്‍ക്കും അതിന് സഹായകരമായ നിയമനിര്‍മാണങ്ങള്‍ക്കും മാതൃകയാണ് കേരളം. വിദ്യാര്‍ഥികള്‍ക്ക് സംഘടന പാടില്ലെന്നും കലാലയങ്ങളില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാടില്ലെന്നുമാണ് ഹൈക്കോടതി വിധി. 18 വയസ് വോട്ടവകാശം നടപ്പാക്കിയ ഒരു രാജ്യത്ത് വിദ്യാര്‍ഥികള്‍ വ്യക്തമായ രാഷ്ട്രീയബോധമുള്ളവരായി മാറുകയാണ് വേണ്ടത്. കോടതി നിലപാട് ഭാവിതലമുറ അടിമകളും അരാഷ്ട്രീയവാദികളും അരാജകവാദികളുമായി മാറാനെ ഉപകരിക്കൂ. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ വിദ്യാര്‍ഥികള്‍ ക്ളാസ്മുറികള്‍ ബഹിഷ്കരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം തെറ്റാണെന്നു പരോക്ഷമായി വിലയിരുത്തുന്ന ഒരു നടപടിയാണ് ഹൈക്കോടതിയുടേത്. 2005ല്‍ ബന്ദ് നിരോധിച്ചുകൊണ്ടുള്ള വിധിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ടികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധിയും സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം കവര്‍ന്നെടുക്കുന്നവയാണ്.

സമരത്തിനുവേണ്ടി ആരും സമരം നടത്തുന്നില്ല. ജനകീയ ആവശ്യങ്ങളാണ് ഓരോ സമരത്തിനും ഹേതു. ജൂലൈ അഞ്ചിന്റെ ദേശീയ ഹര്‍ത്താല്‍ ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഇത്തരം സമരങ്ങള്‍. സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍ ജനാധിപത്യത്തിന്റെ ജീവവായുവായി പരിഗണിക്കുകതന്നെവേണം. അതിനു തടസ്സം നില്‍ക്കുന്ന നടപടികള്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ ഭരണഘടന നല്‍കുന്നതും സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയടക്കമുള്ളവര്‍ മാതൃകയാക്കിയതുമായ പാതക്കായി നിയമനിര്‍മാണമല്ലാതെ മറ്റ് വഴികളില്ല. വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യത്തിനായി നിയമം കൊണ്ടുവരുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപനം ഈ കാഴ്ചപ്പാടോടെയാണ്.

ഈ ഗണത്തില്‍പ്പെടുന്നതും അറുപിന്തിരിപ്പനും ആശയപ്രകാശന സ്വാതന്ത്ര്യവും പൌരാവകാശവും നിഷേധിക്കുന്നതുമായ ഒരു വിധിയാണ് റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള 2010 ജൂണ്‍ 23ന്റെ കേരള ഹൈക്കോടതി വിധി. ആലുവ സ്വദേശിയായ ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ വിധി. ഹരജിയില്‍ ആലുവ റെയില്‍വേസ്റ്റേഷന്‍ പരിസരത്തു നടന്ന പൊതുയോഗം ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. ഹരജിയോടൊപ്പം ഹാജരാക്കിയ ചിത്രങ്ങള്‍ കോടതി വിശ്വാസത്തിലെടുത്തു. ഹരജിയിലെ എതിര്‍കക്ഷികളായ പിഡബ്ള്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയറെയോ എറണാകുളം റൂറല്‍ എസ്പിയെയോ കോടതി സ്വമേധയാ എതിര്‍കക്ഷിയാക്കിയ ചീഫ് സെക്രട്ടറിയെയോ കേട്ടില്ല. റോഡരികില്‍ പൊതുയോഗം നടത്താന്‍ അനുവാദം നല്‍കിയവരോട് വിശദീകരണം തേടിയില്ല. ഹാജരാക്കിയ ഫോട്ടോകളുടെ നിജസ്ഥിതി അന്വേഷിച്ചില്ല. ആലുവയിലെ കാര്യം ഹരജിക്കാരന്‍ പറയുന്നതുപോലെയാണെന്നുതന്നെ കരുതുക. എങ്കില്‍ ആലുവയില്‍ മാത്രമല്ലേ പൊതുയോഗം നിരോധിക്കേണ്ടത്. അതിനുപകരം കേരളത്തിലാകെ പൊതുയോഗങ്ങള്‍ നിരോധിക്കുകയാണ് ഉണ്ടായത്. ഹരജിക്കാരന്‍പോലും പറയാത്തതും കോടതിയുടെ മുമ്പാകെ മറ്റൊരു സ്ഥലത്തെക്കുറിച്ചുള്ള ഫോട്ടോകളോ വസ്തുതകളോ ഇല്ലാതെയും ഒരു നിഗമനത്തിലെത്തുന്നത് എന്തടിസ്ഥാനത്തിലാണ്. നല്ല നിയമത്തിനും പ്രസ്തുത നിയമത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തിലും ഏറ്റവും പ്രധാനം ഏത് നിയമമനുസരിച്ച്, ഏത് വകുപ്പനുസരിച്ചുള്ള വിധിയാണെന്നതാണ്.

നിയമവിദ്യാര്‍ഥികള്‍ പഠിക്കാനായി ഭരണഘടനയിലെയും നിയമങ്ങളിലെയും വകുപ്പുകള്‍ക്ക് ശക്തിനല്‍കാന്‍ സഹായകരമായ വിധത്തിലാണ് വിധിന്യായങ്ങളുടെ രത്നചുരുക്കം സുപ്രീംകോടതിയും ഹൈക്കോടതിയും റിപ്പോര്‍ട് ചെയ്യുന്നത്. എന്നാല്‍ ഈ വിധിയില്‍ യാതൊരു നിയമത്തിന്റെയും പിന്‍ബലമില്ല. ഇത്തരം പൊതുതാല്‍പര്യ ഹരജി കിട്ടിയാല്‍ കോടതികള്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും പറയാനുള്ളത് കേള്‍ക്കണമായിരുന്നു. കോടതിതന്നെ സര്‍ക്കാരുമായി ആലോചിച്ച് ഒരു കമീഷനെ വെക്കാമായിരുന്നു. അതിനുശേഷം പ്രായോഗികമായി നടപ്പാക്കാന്‍ പറ്റുന്ന ഒരു നിര്‍ദേശം രൂപീകരിക്കാമായിരുന്നു.

കേരളത്തില്‍ മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും മൈതാനങ്ങളില്ല. ജനസാന്ദ്രത വളരെ കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് സ്ഥലം പരിമിതമാണ്. റോഡ് വീതികൂട്ടാനോ പുതിയ റോഡുകള്‍ നിര്‍മിക്കാനോ സ്ഥലം ലഭ്യമല്ല. അത്തരമൊരു സംസ്ഥാനത്ത് റോഡരികില്‍ മറ്റുള്ളവരുടെ വാഹനഗതാഗതമോ സഞ്ചാരസ്വാതന്ത്ര്യമോ നിഷേധിക്കാതെ പ്രകടനവും പൊതുയോഗവും നടത്താനുള്ള ക്രമീകരണമാണ് നാം ഉണ്ടാക്കേണ്ടത്. പ്രകടനവും പൊതുയോഗങ്ങളും നടത്താന്‍ നേതൃത്വം കൊടുക്കുന്നവരും സാധാരണ ജനങ്ങളാണ്. ഇന്ധനവില കുറക്കണമെന്നും വിലക്കയറ്റംമൂലം സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ തടയുന്നതെന്നുമാണ് പാതയോരങ്ങളില്‍ പൊതുയോഗങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത് മറ്റുള്ളവര്‍ക്ക് തടസ്സമാകുന്നില്ലെന്നു മാത്രമല്ല, ഇന്ധനവില കുറച്ചാല്‍ അത് പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചയാള്‍ക്കുപോലും പ്രയോജനകരമാണുതാനും.

ഈ വിധി അപ്രായോഗികമാണ്. കാരണം രാഷ്ട്രീയപാര്‍ടികളും ബഹുജനസംഘടനകളും മാത്രമല്ല, പാതയോരങ്ങളില്‍ ജനങ്ങളുമായി സംവദിക്കുന്നത്. ആറ്റ്കാല്‍ പൊങ്കാല, ക്രിസ്മസ് കരോള്‍, നബിദിന ഘോഷയാത്ര എന്നിങ്ങനെ എല്ലാ മതവിശ്വാസികളും പാതയോരങ്ങളില്‍തന്നെയാണ് തങ്ങളുടെ വിശ്വാസപ്രമാണമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. മാത്രമല്ല, ജനങ്ങളുള്ള സ്ഥലങ്ങളില്‍ മാത്രമെ ഇത്തരം പരിപാടികള്‍ നടത്താന്‍ കഴിയൂ. വിശദമായ പരിശോധനയും തെളിവുകളും വസ്തുതകളും കണക്കിലെടുക്കാതെ നടത്തുന്ന ഇത്തരം കോടതിവിധികള്‍ ജുഡീഷ്യല്‍ ആക്ടിവിസം തന്നെ.

ജനങ്ങളുമായും നാടുമായും സാമൂഹ്യയാഥാര്‍ഥ്യങ്ങളുമായും പൊരുത്തപ്പെടാത്ത നിരവധി ഉത്തരവുകളും ഓപ്പണ്‍ കോര്‍ടിലെ പരാമര്‍ശങ്ങളും കേരള ഹൈക്കോടതിയിലെ വിവിധ ജഡ്ജിമാരില്‍നിന്നും സമീപകാലത്തുണ്ടായത് ഏറെ വിമര്‍ശനവിധേയമായിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ സ്ത്രീകള്‍ സാരിധരിച്ച് കയറാന്‍ പാടില്ലെന്ന ഉത്തരവ് കേരളീയ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നു മാത്രമല്ല, പ്രായോഗികവുമല്ല. അതുകൊണ്ടാണ് ഇപ്പോഴും സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സാരിതന്നെ ധരിക്കുന്നതും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും. ശബരിമല 18-ാം പടി വളരെ ഇടുങ്ങിയതാണെന്നും അത് വീതികൂട്ടി സൌകര്യപ്രദമാക്കണമെന്നും ഗുരുവായൂര്‍ ക്ഷേത്രമെന്തിനാണ് നഗരത്തിന്റെ ഹൃദയഭാഗത്ത് പണിതത്, മറ്റെവിടെയെങ്കിലും ആക്കിക്കൂടെയെന്നുമുള്ള ചോദ്യങ്ങള്‍പോലും ജഡ്ജിമാരില്‍നിന്നുമുണ്ടാകുന്നു. ഉത്സവസമയത്ത് വെടിക്കെട്ടിനു പകരം കേസറ്റില്‍ റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണമെന്നതും കേരള ഹൈക്കോടതിയില്‍നിന്നുമുണ്ടായ ഉത്തരവാണ്. സമാന വിഷയത്തില്‍ ഭിന്ന വിധികള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. അതില്‍ ഏറെ വിവാദമായതാണ് ചെങ്ങറയില്‍ ബലപ്രയോഗം പാടില്ലെന്നും വയനാട്ടില്‍ എന്തു വിലകൊടുത്തും ബലംപ്രയോഗിച്ച് ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്നുമുള്ള വിധികള്‍.

എന്തുകൊണ്ട് ഇത്തരം വിധിന്യായങ്ങള്‍ ജഡ്ജിമാര്‍ പറയുന്നു? അതിനെക്കുറിച്ചുള്ള അന്വേഷണം നമ്മെ എത്തിക്കുന്നത് ജുഡീഷ്യറിയിലെ നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലുമുള്ള അപാകതകളിലേക്കാണ്. 1993 ലാണ് സുപ്രീംകോടതി വിധിയിലൂടെ ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ നിയമിക്കുന്ന സമ്പ്രദായം ഇന്ത്യയില്‍ നടപ്പില്‍വന്നത്. അതിനുമുമ്പുവരെ ഭരണനിര്‍വഹണ സമിതിയായിരുന്നു ജഡ്ജിമാരെ നിയമിച്ചിരുന്നത്. നമ്മുടെ ഭരണഘടന പ്രകാരം ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനാണ്. പ്രസിഡന്റാവട്ടെ മന്ത്രിസഭയുടെ സഹായത്തോടും ഉപദേശത്തോടും കൂടി മാത്രമെ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാവൂ. സുപ്രീംകോടതിയിലെ അഡ്വക്കറ്റ് ഓണ്‍ റിക്കാര്‍ഡ്സ് അസോസിയേഷന്‍ ഒരു പൊതുതാല്‍പര്യഹരജി സുപ്രീംകോടതിയില്‍ നല്‍കി. 1993ല്‍ ഒമ്പതംഗബെഞ്ച് ഭരണഘടനാവ്യവസ്ഥകള്‍ക്ക് അത്ഭുതകരമായ പുതിയ വ്യാഖ്യാനം നല്‍കി. ചീഫ് ജസ്റ്റിസും ഏറ്റവും സീനിയര്‍മാരായ രണ്ട് ജഡ്ജിമാരും ചേര്‍ന്നുള്ള കൊളീജിയം അഥവാ ജഡ്ജിമാരുടെ നിയമനസംഘമാണ് ജഡ്ജിമാരായി നിയമിക്കേണ്ട ആളിന്റെ പേര് ശുപാര്‍ശ ചെയ്യേണ്ടത് എന്നും സുപ്രീംകോടതി നിശ്ചയിച്ചു. ഇതില്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭക്ക് അധികാരമില്ല. ഈ ശുപാര്‍ശ പ്രകാരം ഉത്തരവിടുകയാണ് പ്രസിഡന്റിന്റെ ചുമതലയെന്നും സുപ്രീംകോടതി വിധിച്ചു. ദുര്‍ബലമായ രാഷ്ട്രീയ പരിതസ്ഥിതിയിലാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ എന്നതുകൊണ്ടാണ് 'വിധിന്യായം' നടപ്പായത്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് കോടതിയെ നിശ്ശബ്ദമാക്കിയ നിയമനത്തിലും സ്ഥലംമാറ്റത്തിലും സര്‍ക്കാര്‍ ജഡ്ജിമാരെ ഉദ്യോഗസ്ഥരെപ്പോലെ തന്റെ ചട്ടുകമാക്കി നിര്‍ത്തിയ പഴയകാലം ഇന്ത്യയിലെ ജനങ്ങള്‍ മറന്നുകാണില്ല. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും ജഡ്ജിമാരെ പാവകളാക്കിമാറ്റുന്ന നടപടിയോട് നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിക്കാനാവില്ല. എന്നാല്‍ ജഡ്ജിമാരെ ജഡ്ജിമാര്‍തന്നെ നിയമിക്കുന്നത് നീതിയല്ല. അതിനു പരിഹാരമായി 1998ല്‍ സുപ്രീംകോടതിതന്നെ 93ലെ തീരുമാനം ഭേദഗതി ചെയ്തു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അഞ്ച് സീനിയര്‍ ജഡ്ജിമാരാണ് ഇപ്പോള്‍ കൊളീജിയത്തിലുള്ളത്. ഒരേ കാഴ്ചപ്പാടുള്ളവര്‍ ജഡ്ജിമാരാകുന്ന സ്ഥിതി ഉണ്ടാകുന്ന നീതിന്യായ വ്യവസ്ഥയില്‍ രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ പ്രതിഫലിക്കുന്നില്ല. കൊളീജിയത്തില്‍ അയോഗ്യര്‍ കടന്നുകൂടിയാല്‍ തുടര്‍ന്ന് നിയമിക്കപ്പെടുന്നവരും അത്തരക്കാരാകും. ആശ്രിതരും പാര്‍ശ്വവര്‍ത്തികളും ജുഡീഷ്യറിയില്‍ നുഴഞ്ഞുകയറും. സാധാരണക്കാരായ ജനങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക് ജഡ്ജിമാരായി നിയമനം ലഭിക്കാതെവരും. ഇത് കേവലം വിലയിരുത്തലുകളല്ല, പുതിയ നിയമനരീതിയുടെ അപകടാവസ്ഥ വ്യക്തമാക്കുന്നതാണ്. സുതാര്യമല്ലാത്തതും യാതൊരു ബഹുജന മേല്‍നോട്ടമില്ലാത്തതുമായ ജഡ്ജിമാരുടെ നിയമനരീതിമൂലം സാമൂഹ്യപ്രതിബദ്ധതയില്ലാത്തവര്‍ ജഡ്ജിമാരായി വരാന്‍ തുടങ്ങി. കടലാസ് മാത്രം നോക്കിയുള്ള വിധികള്‍ ഇത്തരം ജഡ്ജിമാരുടെ സംഭാവനകളാണ്. ഒരു നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ എങ്ങനെ ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ കഴിയുമെന്നാണ് നോക്കേണ്ടത്. ജഡ്ജിമാരുടെ വീക്ഷണമല്ല, നിയമം കൊണ്ടുവന്ന ജനപ്രതിനിധിസഭയുടെ ഉദ്ദേശ്യശുദ്ധിയാണ് നിയമം വ്യാഖ്യാനിക്കുമ്പോള്‍ പരിഗണിക്കേണ്ടത്.

കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ കോടതി റദ്ദാക്കി. സാമൂഹ്യനീതിയും മെറിറ്റും പരിഗണിച്ച് പാവപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും ഉദ്ദേശ്യശുദ്ധിയും നാടിന്റെ താല്‍പര്യവും കോടതിവിധിയിലൂടെ ചവിട്ടിയരക്കപ്പെട്ടു. ജനപ്രാതിനിധ്യസഭയുടെയും ഭരണനിര്‍വഹണ സമിതിയുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന വിധികള്‍ വര്‍ധിച്ചുവരികയാണ്. നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനുപകരം നിയമനിര്‍മാണത്തിലേക്കും കോടതി കടക്കുകയാണ്. കുഴപ്പക്കാരായ ജഡ്ജിമാരുടെ എണ്ണം കൂടുകയാണ്. അത്തരക്കാരെ ഒഴിവാക്കാനുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമാണ്. അത്തരം ഘട്ടങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. ജനങ്ങളുടെ ന്യായമായ ഇടപെടലുകളെപ്പോലും കോടതിയലക്ഷ്യ കേസുകളിലൂടെ നേരിടുന്നത് കൂടുതല്‍ അപകടത്തിലേക്കാണ് നയിക്കുക. ഇന്ത്യയിലെ ജഡ്ജിമാര്‍ വര്‍ഗപക്ഷപാതിത്വമുള്ളവരാണെന്ന് ഇ എം എസ് പറഞ്ഞപ്പോള്‍ കോടതിയലക്ഷ്യ കേസിലൂടെ ശിക്ഷിച്ചു. എന്നാല്‍ ഇതേകാര്യം വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസുകാരനായ പി ശിവശങ്കര്‍ വ്യക്തമാക്കിയപ്പോള്‍ അദ്ദേഹത്തെ വെറുതെവിട്ടു. ജുഡീഷ്യറിയിലെ രാഷ്ട്രീയം എന്ന ജെ ഡി ജി ഗ്രാഫിത്തിന്റെ ഗ്രന്ഥം ഇംഗ്ളണ്ടിലെ ജഡ്ജിമാരുടെ വര്‍ഗപക്ഷപാതിത്വത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അത് ഇന്ത്യയില്‍ പറയാന്‍ പാടില്ല. കോടതി ജനതാല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുമ്പോള്‍ ജനപക്ഷത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ നടത്തുന്ന വിമര്‍ശനം ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അതിനെ കോടതിയലക്ഷ്യ നടപടികളിലൂടെ നേരിടുന്നത് ആര്‍ക്കും ഭൂഷണമല്ല. കമ്യൂണിസ്റ്റുകാര്‍ക്ക് ഇത്തരം നടപടികള്‍ ഇതാദ്യവുമല്ല.

*
എം വി ജയരാജന്‍ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബൂര്‍ഷ്വാ സമൂഹത്തില്‍ ജുഡീഷ്യറിപോലും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടുവെന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. മുന്‍ ചീഫ് ജസ്റ്റിസ് പി എ ന്‍ ഭഗവതിയുടെ അഭിപ്രായത്തില്‍ 20 ശതമാനം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കാരാണ്. അഴിമതിക്കാരായ ജഡ്ജിമാര്‍ നീതിന്യായ വ്യവസ്ഥക്കാകെ അപമാനമാണെന്ന നിരീക്ഷണം ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും നടത്തിയിരുന്നു.