Friday, July 9, 2010

എണ്ണവിലയല്ല കാര്യം

എണ്ണവില മുമ്പും പല തവണ കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കൂട്ടല്‍ പഴയതുപോലെയല്ല. ഇപ്പോള്‍ കുടിച്ചതാണ് ശരിയായ കള്ള് ! വില മാത്രമല്ല, നയം കൂടി മാറിയിരിക്കുന്നു. ദശകങ്ങളായി നാടന്‍-മറുനാടന്‍ കുത്തക ഭീമന്മാര്‍ ആവശ്യപ്പെട്ടുപോന്ന തരത്തില്‍ കാര്യങ്ങളാകെ മാറ്റിമറിച്ചിരിക്കുന്നു. ഭരണമുന്നണിയിലെ ഘടകകക്ഷികളുടെ മാത്രമല്ല, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ തന്നെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായങ്ങള്‍ ഒട്ടും മാനിക്കാതെയാണ് ഈ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

പക്ഷേ മാനിക്കേണ്ടവരുടെ അഭിപ്രായം വേണ്ടുംവിധം കണക്കിലെടുത്തു എന്നതിന്റെ തെളിവാണല്ലോ ഈ തീരുമാനത്തില്‍ സി ഐ ഐയും ഫിക്കിയും കൈക്കൊണ്ട നിലപാട് ! മുതലാളിമാരുടെ സംഘടനകള്‍ക്കറിയാം സാധാരണക്കാരുടെ പേരും പറഞ്ഞ് രാഷ്‌ട്രീയക്കാരാകെ സര്‍ക്കാരിന് നേരെ ചാടി വീഴുമെന്ന് ! ആകയാല്‍ അത്രക്ക് വിഷമിച്ചും കാര്യങ്ങള്‍ തീരുമാനിച്ചതിന്, ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാരസ്‌മരണ!

വിവേകം വേണമെന്ന് കോണ്‍ഗ്രസ് നേതാവ്

"സാധാരണക്കാരുടെ കാര്യത്തില്‍ യാതൊരു ഉത്കണ്ഠയുമില്ലാതെ എണ്ണ മേഖലയില്‍ നിന്ന് പരമാവധി ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന രീതി മാറ്റണം എന്നുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അഞ്ചാമത് (14-ാം ലോൿസഭ) റിപ്പോര്‍ടിലെ മുന്‍ നിര്‍ദേശം ഞങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചുന്നയിക്കുന്നു. ഈ മേഖലയില്‍നിന്ന് വരുമാനമുണ്ടാക്കുന്ന കാര്യത്തില്‍ കുറച്ച് നിയന്ത്രണം പാലിക്കണമെന്നും വിവേകപൂര്‍വമായ ഒരു നയം ഇക്കാര്യത്തില്‍ ആവിഷ്‌ക്കരിക്കണമെന്നും കമ്മിറ്റി ഒരിക്കല്‍ക്കൂടി സര്‍ക്കാരിനോടാവശ്യപ്പെടുന്നു.'' ഏതെങ്കിലും ഇടതുപക്ഷ കക്ഷി തയാറാക്കിയ രേഖയില്‍ നിന്നല്ല ഈ ഉദ്ധരണി. കോണ്‍ഗ്രസിന്റെ സമുന്നതനേതാവായ ജനാര്‍ദനറെഡ്ഡി അധ്യക്ഷനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടേതാണ് വരികള്‍.

കണക്കുകള്‍ കൃത്യമാണ്. 2001ല്‍ കേന്ദ്ര ഖജനാവിലേക്ക് പെട്രോളിയം മേഖല നല്‍കിയ റവന്യൂ 46603 കോടി രൂപയായിരുന്നു. 2008-09ല്‍ ഇത് ഇരട്ടിയിലേറെയായി 93513 കോടിയിലെത്തി. ഇതിങ്ങനെ ഞെക്കിപ്പിഴിഞ്ഞെടുക്കരുതെന്നായിരുന്നു സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശം.

ഒരു വിലാപവചനം

ഇതിന് മുമ്പ്, 2006 മെയ് മാസത്തില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോടില്‍ പെട്രോളിയം പ്രകൃതിവാതക സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഒരു വിലാപവചനമുണ്ട്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ചുമത്തുന്ന സെസ് എണ്ണമേഖലക്ക് തന്നെയായി വിനിയോഗിക്കപ്പെടുന്നില്ലെങ്കില്‍ അതിന് യാതൊരു നീതീകരണവുമില്ലെന്ന് തങ്ങള്‍ മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. ആ നിര്‍ദേശത്തെ അവഗണിച്ചതില്‍ മാത്രമല്ല പരാതി. പിരിച്ചെടുക്കുന്ന സെസ് ഉപയോഗിച്ച് ഒരു വില നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന തങ്ങളുടെ ഉപദേശം പെട്രോളിയം മന്ത്രാലയവും പ്ളാനിങ് കമീഷനും അംഗീകരിച്ചശേഷം ധനമന്ത്രാലയം അതിനെ ഞെക്കിക്കൊന്നതിലുള്ള രോഷമാണ് അതില്‍ കത്തിനിന്നത്. "ധനമന്ത്രാലയം ഈ നിര്‍ദേശത്തോട് യോജിച്ചില്ല എന്നതില്‍ കമ്മിറ്റി കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുന്നു'' എന്നാണ് വാചകം. പിരിച്ചെടുത്ത സെസ് ഒരു വില ദൃഢീകരണ നിധി (price Stabilisation Fund) ആക്കി മാറ്റണമെന്നായിരുന്നു ശുപാര്‍ശ.അങ്ങനെ വന്നാല്‍ അന്താരാഷ്‌ട്ര മാര്‍ക്കറ്റിലെ വില ഉയരുമ്പോള്‍ അതിന്റെ ഭാരം സാധാരണക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ആവും എന്നായിരുന്നു വിലയിരുത്തല്‍.

ക്രൂഡ് സെസ്സിന്റെ ക്രൂഡ്‌നെസ്സ്

ക്രൂഡോയിലിന് ചുമത്തിയിരുന്ന സെസ്സിന്റെ നിജസ്ഥിതി അറിഞ്ഞാലേ ജനാര്‍ദന റെഡ്ഡിയുടെ കണ്ണീരിന്റെ ആഴം മനസ്സിലാവൂ. 2000-01 ല്‍ സെസ് ടണ്ണിന് 900 രൂപയായിരുന്നു. 2002 ലെ എന്‍ ഡി എ സര്‍ക്കാര്‍ അത് നേരെയങ്ങ് ഇരട്ടിയാക്കി 1800 ലെത്തിച്ചു. 2006 ല്‍ കയറ്റം 2500 ലേക്കാണ്. ഇടയ്‌ക്ക് നിയുക്തമായ രങ്കരാജന്‍ കമ്മിറ്റി 2006 ല്‍ പറഞ്ഞത് ടണ്ണിന് 2500 രൂപ എന്നത് 4800 ആക്കി വര്‍ധിപ്പിക്കണമെന്നാണ് !

എന്നാല്‍ 1974 മുതല്‍ സര്‍ക്കാര്‍ ഈ ഇനത്തില്‍ പിരിച്ചെടുത്ത തുക 81,106 കോടി രുപയാണ്. ഇതില്‍ തിരിച്ച് എണ്ണമേഖലക്ക് നല്‍കിയതാകട്ടെ, എണ്ണവ്യവസായ വികസന ബോഡിന് കനിഞ്ഞനുവദിച്ച 902.04 കോടി മാത്രം!

സബ്‌സിഡികള്‍ ഒഴിവാകുന്നതെങ്ങനെ?

വിദേശത്തേക്ക് കയറ്റുമതി ചെയ്യാനായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന കുത്തകക്കമ്പനികള്‍ക്ക് നല്‍കുന്ന പ്രോത്സാഹന സബ്‌സിഡികള്‍ (Duty Draw back incentives) ഒഴിവാക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. 2008-09 ല്‍ സ്വകാര്യ റിഫൈനറികള്‍ 85000 കോടിയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. അത്തരം കയറ്റുമതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കനത്ത സബ്‌സിഡി ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം.

സബ്‌സിഡി ഒഴിവാക്കണമെന്ന ശുപാര്‍ശ നമ്മുടെ എൿസിക്യൂട്ടീവ് ശിരസാ വഹിച്ചു- കുത്തകകള്‍ക്ക് നല്‍കിപ്പോന്ന സബ്‌സിഡിയല്ലെന്ന് മാത്രം. പെട്രോള്‍ വിലയിലുള്ള സബ്‌സിഡി പൂര്‍ണമായും എടുത്തു കളഞ്ഞു. ഡീസലിന്റേത് വെട്ടിച്ചുരുക്കി. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലകള്‍ കുത്തനെ കൂട്ടി. ( എന്നാല്‍ പരമ ദരിദ്രരായ വിമാനയാത്രക്കാരെ വിലക്കയറ്റം ബാധിക്കരുതെന്ന പതിവ് സമീപനം തുടരുകയും ചെയ്‌തു. പെട്രോളിന് ലിറ്ററിന് 14.78 രൂപയും ഡീസിലിന് 4.75 രൂപയും എൿസൈസ് ഡ്യൂട്ടി ചുമത്തുന്ന സര്‍ക്കാര്‍ വിമാന എണ്ണക്ക് ഈടാക്കുന്നത് 3.6 രൂപയാണ് ) വിലകളുടെ കാര്യത്തില്‍ ഇനി മേലാല്‍ സര്‍ക്കാര്‍ ഇടപെടുകയില്ലെന്ന ഉറപ്പും നല്‍കി. (അതോടെ ഉണങ്ങിക്കിടന്നിരുന്ന ആയിരക്കണക്കിന് റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ സജീവമായിക്കൊണ്ടിരിക്കയാണ്).

സ്വകാര്യകുത്തകക്കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി കൈക്കൊണ്ട ഈ നടപടി ജനാധിപത്യ സംവിധാനത്തിനകത്തുള്ള ചട്ടവട്ടങ്ങള്‍ കൃത്യമായും പാലിച്ചുകൊണ്ടാണെന്ന് തോന്നിപ്പിക്കാന്‍ ഒരു കമ്മിറ്റി റിപ്പോര്‍ട് എഴുതി വാങ്ങിക്കുകയും ചെയ്‌തു. ജനാര്‍ദനറെഡ്ഡിയും അഹമ്മദ് പട്ടേലും രാജീവ് ശുക്ളയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളടങ്ങുന്ന പാര്‍ലമെന്ററി കമ്മിറ്റിയേക്കാള്‍ കേമത്തമുള്ള കിരീത് പരീഖ് കമ്മിറ്റി!

കമ്മിറ്റിയോട് കമ്മിറ്റി - കമ്മിറ്റ്മെന്റോ?

ഒരിക്കല്‍ നാടന്‍ - മറുനാടന്‍ കുത്തകകളുടെ കൈപ്പിടിയിലായിരുന്ന പെട്രോളിയം മേഖല വീണ്ടും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കുന്നതിനുള്ള നാനാവിധ ശ്രമങ്ങള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ട്. അനേകം കമ്മിറ്റികള്‍ അതിനായി തട്ടിപ്പടച്ചിട്ടുണ്ട്. 1995-ലെ വിജയ കേല്‍ക്കര്‍ കമ്മിറ്റി, 2005-ലെ രങ്കരാജന്‍ കമ്മിറ്റി , 2008-ലെ ചതുര്‍വേദി കമ്മിറ്റി, അതും പോരാഞ്ഞ് ഇപ്പോള്‍ കിരീത് പരീഖ് ! ഈ കമ്മിറ്റികളുടെ മുഴുവന്‍ ലക്ഷ്യവും ഒന്നുതന്നെ. എണ്ണയൂറ്റി തിന്നു കൊഴുക്കാന്‍ നാടന്‍-മറുനാടന്‍ ഭീമന്‍ കമ്പനികള്‍ക്ക് അവസരമൊരുക്കല്‍ !

പഴയ എണ്ണ പുതിയ കുപ്പി

ഓര്‍മയുണ്ടോ സ്വാതന്ത്ര്യപൂര്‍വ നാളുകളിലെ എണ്ണക്കച്ചവടം? അത്രക്കൊന്നും പിറകോട്ട് പോവേണ്ടതില്ല. അറുപതുകളില്‍ നമ്മുടെ റോഡുകളിലൂടെ കുമ്പകുലുക്കിപ്പാഞ്ഞുപോയിരുന്ന പെട്രോള്‍ വണ്ടികളെ ഓര്‍മയില്ലേ? എസ്സോവിന്റെയും കാല്‍ടെൿസിന്റെയും ബര്‍മാഷെല്ലിന്റെയും സുന്ദരക്കുട്ടപ്പന്മാര്‍! കുറച്ചുകൂടി പിറകോട്ട് പോകാം. 30കളിലേക്ക്. ഇന്ത്യയിലെ നാടന്‍ എണ്ണക്കച്ചവടക്കാര്‍ ഒരു വശത്തും ബ്രിട്ടീഷ് കമ്പനിയായ ബര്‍മാഷെല്ലും അമേരിക്കക്കാരന്‍ വകയുള്ള കാല്‍ടെൿസ് മറുഭാഗത്തുമായി നടന്ന വില മത്സരം . നാടന്‍ കച്ചവടക്കാരുടെ നടുവൊടിച്ചുകൊണ്ട് മറുനാടന്‍ കുത്തകകള്‍ അരങ്ങ് പിടിച്ചെടുത്തു. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ എണ്ണമേഖലയാകെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സപ്ളൈ നിയന്ത്രിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‌തു. ലണ്ടനിലെ കമ്മിറ്റിക്ക് കീഴെ ഇന്ത്യയിലുമൊരു കമ്മിറ്റി. അതിന്റെ അധ്യക്ഷനാകട്ടെ, ബര്‍മാ ഷെല്ലിന്റെ ജനറല്‍ മാനേജര്‍! അംഗങ്ങളായി എണ്ണക്കമ്പനി പ്രതിനിധികളും.

2010 ജൂണ്‍ 25ന്റെ ക്യാബിനറ്റ് തീരുമാനത്തോടെ കാര്യങ്ങള്‍ ഏതാണ്ട് അങ്ങോട്ടാണ് നീങ്ങുന്നത്. എണ്ണക്കമ്പനി ഉടമകള്‍, നാടനും മറുനാടനും ചേര്‍ന്ന്, ഇന്ത്യന്‍ എണ്ണവ്യവസായത്തിന്റെ ഗതി നിശ്ചയിക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യവസായനയ പ്രമേയമുണ്ടല്ലോ, അതിന് 60 തികയും മുമ്പേ കുഴിച്ചുമൂടുകയായിരുന്നല്ലോ- പാതിജീവനോടെ. പ്രസ്‌തുത നയമനുസരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതക്കും നിയന്ത്രണത്തിനുമായി റിസര്‍വ് ചെയ്‌ത ഒരു മേഖലയെയാണ് ഇപ്പോള്‍ തിരിച്ചു പതിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നത്!

അനുഭവം പഠിപ്പിച്ചത്

വികസ്വര മുതലാളിത്തത്തിന് വളര്‍ന്നുവലുതാവാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യമെങ്കിലും 1948 ലെ വ്യവസായ നയം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം തന്ത്രപ്രധാന മേഖലകളിലൊക്കെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു. ഇന്ത്യക്കായി ഇന്ത്യന്‍ മണ്ണില്‍ തുടങ്ങാനുദ്ദേശിക്കുന്ന എണ്ണ ശുദ്ധീകരണശാലക്കുള്ള പ്രൊജൿടിനുവേണ്ടിയുള്ള ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ നവജാത ഇന്ത്യന്‍ സര്‍ക്കാര്‍ ബ്രിട്ടനിലെയും അമേരിക്കയിലെയും എണ്ണക്കമ്പനികളോടഭ്യര്‍ഥിച്ചു. രണ്ടു രാജ്യങ്ങളിലുമായുള്ള സംയുക്ത സാങ്കേതിക സമിതി നവസ്വതന്ത്രരാജ്യത്തിന് ഉപദേശം നല്‍കുകയും ചെയ്‌തു- അത്തരമൊരു പ്രൊജൿട് വന്‍ നഷ്‌ടമാണ് വരുത്തിവെക്കുക, ആകയാല്‍ അതേക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന് !

ഇന്ത്യന്‍ പെട്രോളിയം മേഖലയില്‍നിന്ന് എണ്ണയൂറ്റി ലാഭം കടത്തിക്കൊണ്ടുപോയ അമേരിക്കന്‍-ബ്രിട്ടീഷ് കുത്തകകള്‍ ഇങ്ങനെ മുഖം തിരിച്ചുനിന്നപ്പോള്‍, ഇന്ത്യയുടെ സ്വാശ്രയ സമീപനത്തിന് സഹായകമായ നിലപാടെടുക്കാന്‍ മുന്നോട്ടുവന്നത് അന്നത്തെ സോവിയറ്റ് യൂണിയനാണ്. അങ്ങനെ ഇന്ത്യയുടെ ആദ്യ എണ്ണ ശുദ്ധീകരണശാല റഷ്യയുടെയും റൊമാനിയയുടെയും സഹകരണത്തോടെ സ്ഥാപിതമായി- ഇന്ത്യന്‍ റിഫൈനറീസ് ലിമിറ്റഡ്. ഈ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കമ്പനിയും സംയോജിച്ചാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനായി മാറിയത്. എണ്ണ മേഖലയില്‍ എഴുപതുകളില്‍ നടന്ന ദേശസാല്‍ക്കരണത്തോടെ 1948 ലെ വ്യവസായ നയപ്രഖ്യാപനത്തില്‍ പറഞ്ഞതിനനുസരിച്ച് ഏതാണ്ട് കാര്യങ്ങള്‍ നീങ്ങി. സ്വാഭാവികമായും അന്തരാഷ്‌ട്ര ഭീമന്‍ കുത്തകകള്‍ക്ക് രുചിക്കുന്ന ഒന്നായിരുന്നില്ല തീരുമാനം.

തല തിരിച്ചിടല്‍

പക്ഷേ ഏറെക്കാലം അവര്‍ക്കങ്ങനെ വിഷമിക്കേണ്ടിവന്നില്ല. ഒന്നരപ്പതിറ്റാണ്ടിനകം കാര്യങ്ങള്‍ തല തിരിച്ചിടീക്കാന്‍ കഴിയാവുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ഒന്നര നൂറ്റാണ്ടോളംകാലം സാമ്രാജ്യത്വത്തോട് മല്ലടിച്ച് നേടിയ സ്വാശ്രയത്വം അടിയറവു വെക്കാന്‍ ഭരണവര്‍ഗത്തിന് വിഷമമേതുമുണ്ടായില്ല. ഇന്ത്യന്‍ കുത്തക മുതലാളിമാരില്‍ പലരും സ്വതന്ത്രഭാരതത്തിലെ വിഭവങ്ങളും സാധ്യതകളും ഉപയോഗിച്ച് ചീര്‍ത്ത് കൊഴുത്ത് ബഹുരാഷ്‌ട്ര ഭീമന്മാരായി മാറിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. റിലയന്‍സടക്കമുള്ള അത്തരം ബഹുരാഷ്‌ട്രക്കുത്തകകള്‍ക്കിണങ്ങിയ രീതിയില്‍ ലോകക്രമമാകെ മാറ്റിമറിക്കാനുള്ള തിടുക്കപ്പെട്ട നീക്കങ്ങളാണ് നടന്നത്. 1991 ലെ നരസിംഹറാവു സര്‍ക്കാര്‍ ഇതിന് കണക്കായി മണ്ണൊരുക്കുകയായിരുന്നു.

നരസിംഹറാവു സര്‍ക്കാര്‍ അധികാരമേറ്റ് അധികനാള്‍ കഴിയുംമുമ്പേ എല്ലാ മേഖലകളിലും നിന്ന് സര്‍ക്കാര്‍ തടിയൂരാന്‍ തുടങ്ങി. കമ്പോള മൌലികവാദത്തിന്റെ പറച്ചെണ്ടകള്‍ ആഞ്ഞുമുഴങ്ങി. എല്ലാതരം നിയന്ത്രണങ്ങളും സാധുജന സംരക്ഷണ സംവിധാനങ്ങളും എടുത്തുകളയാന്‍ യാതൊരു ആലോചനയും വേണ്ടിവന്നില്ല. കാരണം നിയോ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിപ്പോന്ന രാജ്യങ്ങളിലെ സമ്പ്രദായങ്ങള്‍ അതേപടി പകര്‍ത്തുക മാത്രമായിരുന്നു പണി. കര്‍ഷകരുടെ സബ്‌സിഡികള്‍, പൊതുമേഖലയുടെ സ്വതന്ത്രമായ നിലനില്‍പ്പ്, തൊഴിലാളികള്‍ പൊരുതി നേടിയ അവകാശങ്ങള്‍, പൊതുവിതരണ സമ്പ്രദായം എല്ലാം തന്നെ കടന്നാക്രമണത്തിന് വിധേയമായി.

വര്‍ഷാവര്‍ഷം സര്‍ക്കാറിന് വന്‍ തോതില്‍ ലാഭവിഹിതം നല്‍കിപ്പോരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ പാട്ടവിലയ്ക്ക് സ്വകാര്യമുതലാളിമാര്‍ക്ക് കൈമാറുന്നതിനുള്ള നിമയഭേദഗതികള്‍, വിദേശകുത്തകകള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ യഥേഷ്‌ടം കടന്നുവന്ന് കൊള്ളചെയ്‌ത് മുതലും പലിശയും കൊടുംലാഭവുമടക്കം കീശയിലാക്കി തടിയൂരാനുള്ള സൌകര്യങ്ങള്‍ - അതിന്റെയൊക്കെ ഫലമായി സാധാരണ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുന്നതിന് നടുക്കാണ് ഇപ്പോഴത്തെ പെട്രോളിയം ഉല്‍പ്പന്നവില വര്‍ധനവും എണ്ണനയം തിരുത്തിയെഴുതലും!

രോഗത്തിന് വേണം ചികിത്സ

ഇവിടെയാണ് ജനാര്‍ദന റെഡ്ഡിയുടെ കണ്ണീര്‍ക്കടലാകെ പാഴായിപ്പോവുന്നത്. മൂലധത്തിന്റെ തേരോട്ടത്തിന് നടുക്ക് ഭൂതദയക്കും സഹതാപത്തിനും ഒട്ടും സ്ഥാനമില്ല. ഇത്തവണത്തെ എണ്ണവില വര്‍ധനവ് വെറുമൊരു വര്‍ധനവല്ലെന്നും കുത്തകകളുടെ ലാഭം തേടിയുള്ള ആര്‍ത്തിപിടിച്ച നെട്ടോട്ടത്തിന് നടുവില്‍ പിടഞ്ഞു ചാവാനായി ഒരു ജനതയെ ആട്ടിത്തെളിക്കുന്ന ഭയരഹിതമായ നയംമാറ്റമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴത്തെ ആക്രമണം നിയോലിബറല്‍ നയങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണ്. രോഗത്തിനാണ് ചികിത്സയെങ്കില്‍ എതിര്‍ക്കപ്പെടേണ്ടത് ഈ നയങ്ങളാണ്.

അങ്ങനെ വരുമ്പോള്‍ വിലവര്‍ധനവ് പിന്‍വലിക്കുക എന്ന ആവശ്യത്തിനപ്പുറത്തേക്ക് വികസിക്കേണ്ടതുണ്ട് മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന നിയോ ലിബറല്‍ നയങ്ങള്‍ ഇതിലും വലിയ ദുരിതങ്ങളിലേക്കേ നയിക്കൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അതിനെതിരെ പോരാടാന്‍ സന്നദ്ധമാവുകയല്ലാതെ മറ്റു വഴികളില്ല. മറ്റെല്ലാ കാര്യങ്ങളിലും പ്രസ്‌തുത നയങ്ങളോട് ഒട്ടിനില്‍ക്കുന്ന ആര്‍ക്കുംതന്നെ എണ്ണവില വര്‍ധനവിനെച്ചൊല്ലി ഉരിയാടാനവകാശമില്ല.

*****

എ കെ രമേശ്, കടപ്പാട് : ദേശാഭിമാനി വാരിക

(BEFI സെക്രട്ടറി ആണ് ലേഖകൻ)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇവിടെയാണ് ജനാര്‍ദന റെഡ്ഡിയുടെ കണ്ണീര്‍ക്കടലാകെ പാഴായിപ്പോവുന്നത്. മൂലധത്തിന്റെ തേരോട്ടത്തിന് നടുക്ക് ഭൂതദയക്കും സഹതാപത്തിനും ഒട്ടും സ്ഥാനമില്ല. ഇത്തവണത്തെ എണ്ണവില വര്‍ധനവ് വെറുമൊരു വര്‍ധനവല്ലെന്നും കുത്തകകളുടെ ലാഭം തേടിയുള്ള ആര്‍ത്തിപിടിച്ച നെട്ടോട്ടത്തിന് നടുവില്‍ പിടഞ്ഞു ചാവാനായി ഒരു ജനതയെ ആട്ടിത്തെളിക്കുന്ന ഭയരഹിതമായ നയംമാറ്റമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴത്തെ ആക്രമണം നിയോലിബറല്‍ നയങ്ങളുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണ്. രോഗത്തിനാണ് ചികിത്സയെങ്കില്‍ എതിര്‍ക്കപ്പെടേണ്ടത് ഈ നയങ്ങളാണ്.

അങ്ങനെ വരുമ്പോള്‍ വിലവര്‍ധനവ് പിന്‍വലിക്കുക എന്ന ആവശ്യത്തിനപ്പുറത്തേക്ക് വികസിക്കേണ്ടതുണ്ട് മുദ്രാവാക്യം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന നിയോ ലിബറല്‍ നയങ്ങള്‍ ഇതിലും വലിയ ദുരിതങ്ങളിലേക്കേ നയിക്കൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അതിനെതിരെ പോരാടാന്‍ സന്നദ്ധമാവുകയല്ലാതെ മറ്റു വഴികളില്ല. മറ്റെല്ലാ കാര്യങ്ങളിലും പ്രസ്‌തുത നയങ്ങളോട് ഒട്ടിനില്‍ക്കുന്ന ആര്‍ക്കുംതന്നെ എണ്ണവില വര്‍ധനവിനെച്ചൊല്ലി ഉരിയാടാനവകാശമില്ല.