Sunday, June 20, 2010

അമേരിക്കയ്ക്കെതിരെ ജപ്പാനില്‍ ജനരോഷം

ചൈനാ സമുദ്രത്തില്‍, ജപ്പാന്റെ ഭാഗമായുള്ള ഒരു ദ്വീപസമൂഹത്തിലെ അല്‍പം വലിയ ഒരു ദ്വീപാണ് ഓകിനാവ. 112 കി.മീ. നീളവും 11 കി.മീ. വീതിയും 1199 ചതുരശ്ര കി. മീ. വിസ്തീര്‍ണ്ണവുമുള്ള ഈ കൊച്ച് ദ്വീപും അവിടത്തെ ജനങ്ങളും ഇന്ന് ജപ്പാന്‍ രാഷ്ട്രീയത്തിലും ലോക രാഷ്ട്രീയത്തിലും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഏഷ്യന്‍ വന്‍കരയ്ക്ക് അഭിമുഖമായി ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ തന്നെ ഒരു കൂട്ടം ദ്വീപുകള്‍ ചേര്‍ന്നതാണ്. ലോക ജനസംഖ്യയുടെ മൂന്ന് ശതമാനമേ ഈ ദ്വീപ സമൂഹത്തില്‍ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 10 ശതമാനത്തിന്റെ ഉടമസ്ഥരാണ്. അടുത്ത കാലത്ത് ചൈന മുന്നിലെത്തുന്നതുവരെ ജപ്പാനായിരുന്നു അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തി. ലോകത്തിലെ അതിഭീമന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ചിലതിന്റെ ആസ്ഥാനവും ജപ്പാന്‍ തന്നെ. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഏറെക്കാലമായി, കൃത്യമായി പറഞ്ഞാല്‍ രണ്ടാംലോക യുദ്ധാനന്തരം, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിനുശേഷം, ജപ്പാന്‍ അമേരിക്കയുടെ സൈനിക നിയന്ത്രണത്തില്‍ കഴിയുകയാണ്.

ഭരണാധികാരികള്‍ അമേരിക്കയ്ക്ക് മുന്നില്‍ വിധേയരായി നില്‍ക്കാന്‍ സന്നദ്ധരായിരുന്നെങ്കിലും ജപ്പാനിലെ ജനങ്ങളുടെ മനസ്സില്‍ അമേരിക്കയോടുള്ള എതിര്‍പ്പ് ഉമിത്തീ പോലെ നീറി നില്‍ക്കുകയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ 50 വര്‍ഷത്തോളം നീണ്ടുനിന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി (എല്‍ഡിപി)യുടെ ഭരണം അവസാനിപ്പിച്ച് ഭൂരിപക്ഷം നേടാന്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ജപ്പാനെ (ഡിപിജെ) സഹായിച്ചത്, ജപ്പാന്‍ ജനതയുടെ മനസ്സില്‍ കെടാതെ നിന്ന ഈ അമേരിക്കന്‍ വിരോധമായിരുന്നു. ജപ്പാനിലെ അമേരിക്കന്‍ താവളങ്ങള്‍ അടച്ചു പൂട്ടിക്കും എന്നും ജപ്പാന്‍ രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം ഉണ്ടാക്കും എന്നുമായിരുന്നു ഡിപിജെയുടെയും അതിന്റെ നേതാവ് യൂക്കിയൊ ഹട്ടോയാമയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനം. ഈ വാഗ്ദാനങ്ങള്‍ പാലിക്കനാവാതെ, ഒരു വര്‍ഷം മുമ്പ് 70 ശതമാനം ജനപിന്തുണ ഉണ്ടായിരുന്ന ഹട്ടോയാമ, അത് 20 ശതമാനമായി ഇടിയുകയും സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, ജൂണ്‍ 2ന് രാജിവെച്ച് ഒഴിയുകയും ഉപപ്രധാനമന്ത്രി നവോട്ടോ കാന്‍ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുക്കുകയും ചെയ്തതാണ് ജപ്പാന്‍ രാഷ്ട്രീയത്തിലെ ഒടുവിലത്തെ നില.

പ്രധാനമന്ത്രിയും മന്ത്രിസഭയും കാലാവധി പൂര്‍ത്തിയാക്കാതെ അധികാരം ഒഴിയുന്നത് ജപ്പാനില്‍ പുത്തരിയല്ല. കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടയില്‍ കാലാവധി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിലധികം തുടര്‍ച്ചയായി അധികാരത്തിലിരിക്കാന്‍ കഴിഞ്ഞ ഏക പ്രധാനമന്ത്രി എല്‍ഡിപി നേതാവ് ജൂനിച്ചിറൊ കൊയ്സുമി ആയിരുന്നു. എന്നാല്‍ 2006ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്ന കൊയ്സുമിക്കും ഒടുവില്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ അധികാരം ഒഴിയേണ്ടതായി വന്നിരുന്നു. 2006നുശേഷം അധികാരത്തില്‍ എത്തുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ അധികാരമേറ്റ നവോട്ടോ കാന്‍. യൂക്കിയോ ഹട്ടോയാമ 259 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. സമഗ്രമായ മാറ്റമാണ് ഡിപിജെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഒരു മാറ്റവും വരുത്താന്‍ ഹട്ടോയാമയ്ക്കോ ഡിപിജെ സെക്രട്ടറി ജനറല്‍ ഇച്ചിറൊ ഒസാവയ്ക്കോ കഴിഞ്ഞില്ലെന്നു മാത്രമല്ല, ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഭരണം അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തപാല്‍ സര്‍വീസും ഇന്‍ഷ്വറന്‍സ് കമ്പനിയും ആയ ജപ്പാന്‍ പോസ്റ്റിനെ കൊയ്സുമിയുടെ ഭരണകാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരിച്ച നടപടി റദ്ദ് ചെയ്യുമെന്ന വാഗ്ദാനംപോലും പാലിക്കാനായില്ല. അതിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സ്വകാര്യ കുത്തകകളില്‍നിന്നുള്ള സമ്മര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് തീരുമാനമെടുക്കാതെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

ഓകിനാവയിലെ അമേരിക്കന്‍ സൈനിക താവളമാണ് ഇതിനെല്ലാം ഉപരിയായി ജപ്പാന്‍ രാഷ്ട്രീയത്തിലും അമേരിക്കയും ജപ്പാനും തമ്മിലുള്ള ബന്ധത്തിലും കീറാമുട്ടി ആയി തുടരുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഓകിനാവ തന്ത്രപ്രധാനമായ ഒരു സൈനികത്താവളമാണ്. ചൈനയുമായും ഉത്തരകൊറിയയുമായുള്ള അതിന്റെ സാമീപ്യമാണ് ഈ താവളത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത്. അമേരിക്കക്കാരെ ഇവിടെനിന്ന് ഒഴിപ്പിക്കണമെന്നത് ഓകിനാവയിലെ ജനങ്ങള്‍ നിരവധി വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍ ജപ്പാന്‍ ഭരണാധികാരികള്‍ അത് ചെവിക്കൊണ്ടിരുന്നില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ ഹട്ടോയാമയുടെയും ഡിപിജെ സഖ്യത്തിന്റെയും തുറുപ്പുചീട്ടുകളില്‍ പ്രധാനം ഓകിനാവയിലെ അമേരിക്കന്‍ താവളം ഒഴിപ്പിക്കുമെന്നതായിരുന്നു. അതനുസരിച്ച് ജനവിധി നേടിയ ഹട്ടോയാമയ്ക്ക് കാര്യത്തോടടുത്തപ്പോഴാണ് സംഗതിയുടെ പുളിപ്പ് പിടികിട്ടിയത്.

രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാനും അമേരിക്കയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമാണ് ഓകിനാവ. 1945ല്‍ ഇരുകൂട്ടര്‍ക്കും കനത്ത ആള്‍നാശം വരുത്തിയ, മൂന്ന് മാസം നീണ്ടുനിന്ന സംഘട്ടനത്തിനൊടുവില്‍ അമേരിക്കന്‍ പട്ടാളം ദ്വീപിന്റെ നിയന്ത്രണം പിടിച്ചടക്കി. 1972 വരെ ഓകിനാവയുടെ ഭരണപരമായ നിയന്ത്രണം അമേരിക്കന്‍ സൈന്യത്തിനായിരുന്നു. ഓകിനാവയുടെ ഭരണപരമായ നിയന്ത്രണം ജപ്പാന് കൈമാറിയെങ്കിലും അമേരിക്കന്‍ സൈനിക താവളം അവിടെ തന്നെ തുടര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഒന്നാണ് ഇവിടെ ഉള്ളത്. ജപ്പാനില്‍ ഇപ്പോഴുള്ള 50,000 അമേരിക്കന്‍ സൈനികരില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഇവിടെയാണുള്ളത്. അത് ഒഴിഞ്ഞുപോകാന്‍ അമേരിക്ക തയ്യാറല്ല; അവരെ ഒഴിപ്പിച്ചുവിടാന്‍ ജപ്പാന്‍ ഭരണാധികാരികള്‍ക്ക് അത്ര എളുപ്പം കഴിയുകയുമില്ല.

1952ല്‍ ജപ്പാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച സുരക്ഷാസന്ധിയുടെ മൂന്നാം വകുപ്പ് പ്രകാരം അമേരിക്കയ്ക്ക് ജപ്പാനിലെ അവരുടെ താവളങ്ങളില്‍ എല്ലാ "അവകാശവും അധികാരവും ആധികാരികതയും'' ഉണ്ട്; അവിടെ സൈനികത്താവളം സ്ഥാപിക്കാനും അത് ഉപയോഗിക്കാനും പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട്. 1960ല്‍ ഈ കരാര്‍ സ്റ്റാറ്റസ് ഓഫ് ഫോഴ്സസ് എഗ്രിമെന്റ് എന്ന പേരില്‍ പുതുക്കിയപ്പോഴും ജപ്പാനില്‍ സൈനികത്താവളം സ്ഥാപിക്കാനും യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനുമുള്ള അധികാരം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ജപ്പാന്‍ ഭരണാധികാരികള്‍ ഈ കരാര്‍ ഇതേവരെ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ഹട്ടോയാമ പ്രധാനമന്ത്രി ആയപ്പോള്‍ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ച തുടങ്ങിയതോടെയാണ് 1952ലെയും 1960ലെയും സുരക്ഷാ കരാറുകള്‍ പുറത്തായത്.

മെയ്മാസം ആദ്യ ആഴ്ചയില്‍ ഓകിനാവ സന്ദര്‍ശിച്ച യൂക്കിയൊ ഹട്ടോയാമ, അമേരിക്കന്‍ നാവികസേനയുടെ ഫുട്ടേന്‍മ വ്യോമത്താവളത്തിന്റെ ഒരു ഭാഗം ഓകിനാവയില്‍ തന്നെ മറ്റൊരിടത്തേയ്ക്കും കാഗോഷിമ പ്രവിശ്യയിലെ തോക്കുനോഷിമ ദ്വീപിലേക്കും മാറ്റുന്നതിനുള്ള പുതിയ ഒരു ഒത്തുതീര്‍പ്പ് പദ്ധതി പ്രഖ്യാപിച്ചു. ഇത് അമേരിക്കയ്ക്കും ഓകിനാവയിലെ ജനങ്ങള്‍ക്കും സ്വീകാര്യമായില്ല എന്നു മാത്രമല്ല കാഗോഷിമ പ്രവിശ്യയിലുള്ള ജനങ്ങളും തെരുവിലിറങ്ങുന്ന സ്ഥിതിയിലെത്തിച്ചു. ഓകിനാവയ്ക്കുള്ളില്‍ തന്നെ മറ്റെവിടേയ്ക്കെങ്കിലും സൈനികത്താവളം മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഒരു ലക്ഷത്തോളം വരുന്ന ഓകിനാവ നിവാസികളും പ്രവിശ്യാ സര്‍ക്കാരും നഗരസഭകളും ഒന്നടങ്കം എതിര്‍ക്കുകയാണ്.

അമേരിക്കന്‍ നാവികസേനയുടെ ആയിരം ഹെലികോപ്റ്ററുകള്‍ അടങ്ങുന്ന ഒരു യൂണിറ്റാണ് തോക്കുനോഷിമയിലേക്ക് മാറ്റാന്‍ പദ്ധതി തയ്യാറാക്കിയത്. ആ ദ്വീപ് നിവാസികളായ 26,000 ആളുകളും അതിനെതിരെ ഒപ്പുശേഖരണവും മറ്റ് പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചു കഴിഞ്ഞു. കാഗോഷിമ പ്രവിശ്യാ സര്‍ക്കാരും നാല് നഗരസഭകളും ഈ നീക്കത്തില്‍നിന്ന് പിന്തിരിയാന്‍ ജപ്പാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. "ഇവിടെ എന്തിനാ ഒരു അമേരിക്കന്‍ സൈനികത്താവളം? അമേരിക്കന്‍ സൈന്യത്തിന് ഭീകരതയെ തടയാനും സുരക്ഷ ഉറപ്പാക്കാനും ആവില്ലെന്ന് അഫ്ഗാനിസ്ഥാനിലെ അനുഭവം തെളിയിക്കുന്നല്ലോ'' എന്ന് ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞതായാണ് ജാപ്പനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ 'അക്കാഹത്ത' റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി മാറിയെങ്കിലും ജപ്പാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് പരിഹാരം കാണാന്‍ പ്രയാസമുള്ള ഒരു കീറാമുട്ടിയായി ഓകിനാവ സൈനികത്താവളത്തിന്റെ പ്രശ്നം മാറിയിരിക്കുകയാണ്. ജനങ്ങള്‍ അമേരിക്കന്‍ താവളങ്ങള്‍ പൊളിച്ചു മാറ്റാന്‍ ശക്തമായ സമ്മര്‍ദ്ദം തുടരുമ്പോള്‍, മറുവശത്ത് സുരക്ഷാ കരാറിന്റെ പിന്‍ബലത്തില്‍ താവളം മാറ്റുന്നതിന് വിസമ്മതിക്കുകയാണ് അമേരിക്ക. ജൂണ്‍ 11നു നടക്കുന്ന ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ പ്രശ്നം ഒരു പ്രധാന വിഷയമായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ എല്‍ഡിപിയുടെ നിലപാടും അമേരിക്കയ്ക്ക് അനുകൂലമായതിനാല്‍ അമേരിക്കന്‍ വിരുദ്ധ ജനവികാരത്തിന്റെ ആനുകൂല്യം ചെറിയ പാര്‍ടികള്‍ക്ക് ലഭിക്കാനാണ് സാധ്യത.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകമേധാവിത്വം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഏറ്റുകൊണ്ടിരിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ സാമ്പത്തികമായും സൈനികമായും മുഖ്യ എതിരാളിയായി അമേരിക്ക കാണുന്ന ചൈനയെ വലയം ചെയ്യുന്നതിനായി അവര്‍ ഒരുക്കുന്ന താവളങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയാണ് കാണുന്നത്. മധ്യേഷ്യയിലെ കിര്‍ഗിസ്ഥാനില്‍ രണ്ടാമതൊരു താവളം കൂടി വേണമെന്ന ആവശ്യം നിരസിച്ച അവിടത്തെ പുതിയ സര്‍ക്കാര്‍, നിലവിലുള്ള താവളംപോലും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനു പുറമെയാണ് തന്ത്രപ്രധാനമായ ഓകിനാവ താവളത്തിനെതിരെ ജപ്പാനില്‍ ജനവികാരം ഉയരുന്നത്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക

പ്രസക്തമായ മറ്റൊരു പോസ്റ്റ്

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചൈനാ സമുദ്രത്തില്‍, ജപ്പാന്റെ ഭാഗമായുള്ള ഒരു ദ്വീപസമൂഹത്തിലെ അല്‍പം വലിയ ഒരു ദ്വീപാണ് ഓകിനാവ. 112 കി.മീ. നീളവും 11 കി.മീ. വീതിയും 1199 ചതുരശ്ര കി. മീ. വിസ്തീര്‍ണ്ണവുമുള്ള ഈ കൊച്ച് ദ്വീപും അവിടത്തെ ജനങ്ങളും ഇന്ന് ജപ്പാന്‍ രാഷ്ട്രീയത്തിലും ലോക രാഷ്ട്രീയത്തിലും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഏഷ്യന്‍ വന്‍കരയ്ക്ക് അഭിമുഖമായി ശാന്തസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്‍ തന്നെ ഒരു കൂട്ടം ദ്വീപുകള്‍ ചേര്‍ന്നതാണ്. ലോക ജനസംഖ്യയുടെ മൂന്ന് ശതമാനമേ ഈ ദ്വീപ സമൂഹത്തില്‍ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 10 ശതമാനത്തിന്റെ ഉടമസ്ഥരാണ്. അടുത്ത കാലത്ത് ചൈന മുന്നിലെത്തുന്നതുവരെ ജപ്പാനായിരുന്നു അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തി. ലോകത്തിലെ അതിഭീമന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ ചിലതിന്റെ ആസ്ഥാനവും ജപ്പാന്‍ തന്നെ. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടില്‍ ഏറെക്കാലമായി, കൃത്യമായി പറഞ്ഞാല്‍ രണ്ടാംലോക യുദ്ധാനന്തരം, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിനുശേഷം, ജപ്പാന്‍ അമേരിക്കയുടെ സൈനിക നിയന്ത്രണത്തില്‍ കഴിയുകയാണ്.