Wednesday, January 27, 2010

സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി

കറ തീര്‍ന്ന എക്സിസ്റ്റെന്‍ഷ്യലിസ്റ്റ്, (അസ്തിത്വവാദി), തലപ്പൊക്കമുള്ള നോവലിസ്റ്റ്, വീറുള്ള സാംസ്കാരിക വിമര്‍ശക, ഫ്രഞ്ച് ഫെമിനിസത്തിന്റെ പ്രാമാണിക ശബ്ദം: സിമണ്‍ ദെ ബോവെക്ക് (ബൊവേര്‍ എന്ന് ഫ്രഞ്ച് ഉച്ചാരണം) ഗുണവിശേഷണങ്ങളേറെ. അവരുടെ ആഗോളവും അതിസങ്കീര്‍ണവുമായ പുകഴിന് എപ്പോഴുമുണ്ടായിരുന്നു വിവാദങ്ങളുടെ അകമ്പടി. പോയ നൂറ്റാണ്ടിലെ ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ ധീരമായ മുഖങ്ങളിലൊന്ന് ഈ സിംഹികയുടേതായിരുന്നു. സ്ത്രീപക്ഷ ചിന്തയുടെ രണ്ടാം വരവില്‍ ഏറെ മുഴങ്ങിക്കേട്ടതും അവരുടെ സ്വരംതന്നെ.

1949- ല്‍ സിമണ്‍ ദെ ബൊവെ എഴുതിയ 'ദി സെക്കന്‍ഡ് സെക്സ്' (The Second Sex - Le Dluxiem Sexe ) യുദ്ധാനന്തര പടിഞ്ഞാറന്‍ ഫെമിനിസത്തിന്റെ അടിസ്ഥാനപാഠങ്ങളില്‍ പ്രമുഖമായ ഒരു പീഠം നേടുന്നു. (ഇംഗ്ളീഷ് വിവര്‍ത്തനം വന്നത് 1953 -ല്‍). സ്ത്രീ എന്താണ് എന്ന അന്വേഷണവും അപഗ്രഥനവുമാണ് അവര്‍ ഈ പുസ്തകത്തില്‍ നടത്തുന്നത്. ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഒരു പാഠം. അതിനിശിതവും പലപ്പോഴും വിഷലിപ്തവുമായ വിമര്‍ശനത്തിന് ഈ പുസ്തകം വിധേയമായി. 'ദി സെക്കന്‍ഡ് സെക്സി'നെ ആക്രമിച്ചത് പുരുഷസൂകരങ്ങള്‍ മാത്രമല്ല. പല പെണ്‍പുലികളും അതിനെ കടിച്ചുകീറാന്‍ വന്നു. പോസ്റ്റ് സ്ട്രക്ചറല്‍ ഫെമിനിസ്റ്റുകള്‍ -ഘടനോത്തര സ്ത്രീപക്ഷവാദികള്‍-ആണ് മുഖ്യമായും പട നടത്തിയത്. സിമണ്‍ ദെ ബൊവെയുമായി അവര്‍ രാഷ്ട്രീയമായും ആശയശാസ്ത്രപരമായും വിയോജിക്കുകയും ആ വിയോജനക്കുറിപ്പുകള്‍ ആഘോഷപൂര്‍വം അവതരിപ്പിക്കുകയുമുണ്ടായി. 1970 കളിലാണ് ബൊവെ വിരോധം ഏതാണ്ടൊരു പരിഷ്കാരമായത്.

സിമണ്‍ ദെ ബൊവെയുടെ പ്രശസ്തിക്ക് ഒരു പ്രഭാവലയമുണ്ട്; ഒരു തമോവലയവും. രണ്ടും നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അവരുടെ ദര്‍ശനം, അവരുടെ സമീപനം, അവരുടെ രചന ഇതെല്ലാംതന്നെ ബൊവെയുടെ സ്വകാര്യജീവിതവുമായി കുരുക്കഴിക്കാനാവില്ലാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്നു. നോവലെഴുത്തിലും സിദ്ധാന്തവിചാരത്തിലുമൊക്കെ സ്വകാര്യാനുഭവം സാന്നിധ്യമറിയിക്കുന്നു. ആത്മകഥയെ അകറ്റിനിര്‍ത്തിക്കൊണ്ടുള്ള സര്‍ഗവ്യാപാരമോ, ബുദ്ധിപ്രവര്‍ത്തനമോ ഈ എഴുത്തുകാരിക്കില്ല. കത്തുകള്‍, അഭിമുഖങ്ങള്‍, ആത്മകഥാപരമായ ആഖ്യാനങ്ങള്‍, ഇങ്ങനെ ബൊവെയുടെ സ്വകാര്യസാഹിത്യം വളരെ വലുതാണ്. അവയും അവരുടെ ഗൌരവമായ സിദ്ധാന്തപാഠങ്ങളും പല ഘട്ടങ്ങളിലും കണ്ണികോര്‍ക്കുന്നുണ്ട്. അവരുടെ എല്ലാ എഴുത്തുകള്‍ക്കും പാഠാന്തര്‍ബന്ധവുമുണ്ട്. അവരുടെ ബുദ്ധിപരവും വികാരപരവും ലിംഗപരവുമായ ജീവിതവൃത്താന്തവുമായി ബൊവെസാഹിത്യം അഭേദ്യമാംവിധം ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്ന് ചുരുക്കം.

അവരുടെ അച്ഛന്‍ ഒരഭിഭാഷകനും അമേച്ചര്‍ നടനുമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യരുചിയാണ് മകള്‍ക്കും പകര്‍ന്നുകിട്ടിയത്. ആദ്യകാല വിദ്യാഭ്യാസം ഒരു കത്തോലിക്കാ പള്ളിക്കൂടത്തില്‍. എങ്ങനെ നല്ല കുടുംബിനികളാകാമെന്ന് പെണ്‍കിടാങ്ങളെ പഠിപ്പിക്കുക: അതാണ് പ്രധാനമായും ആ കോണ്‍വന്റ്സ്കൂള്‍ ചെയ്തുകൊണ്ടിരുന്നത്. സിമണ്‍ നല്ലൊരു ഭാര്യയായില്ല; നല്ലൊരു അമ്മയുമായില്ല Ecole Normale എന്ന സ്ഥാപനത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നപ്പോഴാണ് സതീര്‍ഥ്യനായ ഴാങ്പോള്‍ സാര്‍ത്രുമായി പരിചയപ്പെട്ടത്. അത് ജീവിതകാലം മുഴുവന്‍ നിലനിന്ന അത്യൂഷ്മള ബന്ധമായി വളര്‍ന്നു. ഈ അടുപ്പത്തിന് എല്ലാ അര്‍ഥങ്ങളുമുണ്ടായിരുന്നു: ബുദ്ധിപരം, ശാരീരികം, വൈകാരികം. സിമണിന് അന്ന് വയസ്സ് ഇരുപത്തൊന്ന്, സാര്‍ത്രിന് ഇരുപത്തിനാലും. ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് കാമുകന്; രണ്ടാം സ്ഥാനം കാമുകിക്കും. വിവാഹം എന്ന ഔപചാരികതക്ക്, സമൂഹസമ്മതിക്ക്, കീഴ്പെടാതെ സാര്‍ത്രിന്റെ കൂട്ടുകാരിയായി, കിടപ്പറ പങ്കാളിയായി കഴിയാനാണ് ബൊവെ തീരുമാനിച്ചത്. അത് അവരുടെ പെണ്‍ബോധത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പോളും സിമണും ബുദ്ധിജീവിതവും രാഷ്ട്രീയവീക്ഷണവും ശരീരത്തോടൊപ്പം പൂര്‍ണമായും പങ്കുവച്ചു. അവര്‍ എഴുതുന്നതെല്ലാം പരസ്പരം കൈമാറുകയും വിമര്‍ശനാത്മകമാമായി വായിക്കുകയും ചെയ്യുമായിരുന്നു. അതിനുശേഷമേ അവരെന്തും പ്രസിദ്ധീകരണത്തിന് കൊടുത്തിരുന്നുള്ളൂ. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഫ്രാന്‍സിലെ സ്ത്രീമോചന മുന്നേറ്റങ്ങളില്‍ മുഖ്യ പങ്കുവഹിച്ച സിമണ്‍ 1971 ലെ വിഖ്യാതമായ 'മാനിഫെസ്റ്റോ'വില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഈ മാനിഫെസ്റ്റോ, ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. അത് നടന്നു. 1974 മുതല്‍ ഫ്രാന്‍സില്‍ അത് നിയമമനുവദിക്കുന്ന ഒരു നടപടിയായിത്തീര്‍ന്നു. സാര്‍ത്രിന്റെ മരണശേഷവും സിമണ്‍ തന്റെ സ്ഥാപനവിരുദ്ധ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, എഴുപത്തെട്ടാം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് കാലംചെയ്യുംവരെ.

തന്റെ ആത്മകഥയുടെ മൂന്നാം വാള്യത്തില്‍ 'ദി സെക്കന്‍ഡ് സെക്സ്'രചിക്കുവാനുണ്ടായ പ്രേരണകളെക്കുറിച്ച് ബൊവെ സംസാരിക്കുന്നുണ്ട്. സാര്‍ത്രുമായുണ്ടായ ഒരു സംഭാഷണമാണത്രെ മൂലകാരണം. ആ സംഭാഷണത്തിനിടക്ക് ഒരാണായി പിറക്കുന്നതും പെണ്ണായി പിറക്കുന്നതും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസ്സിലായി. ആരാണ് പെണ്ണ് എന്ന ചോദ്യത്തെ 'ദി സെക്കന്‍ഡ് സെക്സി'ല്‍ അവര്‍ നേരിടുന്നുണ്ട്. സ്ത്രീയുടെ സ്വത്വത്തെ നിര്‍മിച്ചത് പുരുഷനാണ്. പുരുഷ പ്രതിമാനത്തിന് അനുയോജ്യമാംവിധമാണ് അവനത് നിര്‍വഹിച്ചത്. ചരിത്രപരമായിത്തന്നെ 'Humanity'-മനുഷ്യരാശി-എന്നാല്‍ പുല്ലിംഗമാകുന്നു എന്ന ധാരണ ആണ്‍പക്ഷം ഉല്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തു. അവന്റെ സ്ത്രീഭാഷ്യം അവന്റേതുമാത്രമാണ്. എന്നുവച്ചാല്‍, അവന്റെ താല്പര്യാനുസാരമാണ് അവന്റെ വ്യാഖ്യാനങ്ങളെല്ലാംതന്നെ. സ്വയം നിര്‍ണയാവകാശമുള്ള സ്വതന്ത്രജീവിയായി പുരുഷന്‍ സ്ത്രീയെ പരിഗണിക്കുന്നില്ല. ആണിനെ സംബന്ധിച്ചിടത്തോളം പെണ്ണ് എന്നത് 'സെക്സ്' ആണ്- ' Sex, Absolute Sex' അതില്‍ കുറഞ്ഞോ കൂടുതലായോ ഒന്നുമില്ല. 'Female' -പെണ്ണ്- നിര്‍വചിക്കപ്പെടുന്നത്, വ്യവഹരിക്കപ്പെടുന്നത് 'Male' -ആണ് -എന്നതിനോട് ചേര്‍ത്തുവച്ചുകൊണ്ടാണ്. പെണ്ണ് എന്നതിനോട് ചേര്‍ത്തുപിടിച്ച് ആണ് എന്നത് വ്യാഖ്യാനിക്കപ്പെടുന്നതുമില്ല. അവള്‍ 'incidental' -ആനുഷംഗികം -ആകുന്നു അത്യാന്താപേക്ഷികമല്ലാതാകുന്നു(inessential). എന്നാല്‍ അവനോ? അവന്‍ ഒഴിച്ചുകൂടാത്തത്, പരമപ്രധാനം. അവന്‍ കര്‍ത്താവ്, മുഖ്യ വിഷയം, പരമം. (absolute). അവളോ? the other - മറ്റത്, അമുഖ്യം.

സിമണ്‍ ദെ ബൊവെയുടെ മറ്റൊരു പേരുകേട്ട പ്രസ്താവം 'ദി സെക്കന്‍ഡ് സെക്സി'ല്‍ വായിക്കാം:'One is not born, but rather become a woman'' (ആരും പെണ്ണായി പിറക്കുന്നില്ല; പെണ്ണായിത്തീരുകയാണ് ചെയ്യുന്നത്). സിമണ്‍ ദെ ബൊവെയുടെ വാദം അസ്തിത്വവേദാന്തത്തില്‍നിന്ന് മുളപൊട്ടിയതാണ്. അസ്തിത്വവാദം സാമാന്യമായി പറയുന്നത് ഇച്ഛാനുസാരം പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്നാണ്.മറ്റുള്ളവരെക്കുറിച്ചുള്ള അത്യാവശ്യമായ അറിവ് ഈ വാദത്തെ അല്‍പ്പം കുഴപ്പിക്കുന്നു. മറ്റുള്ളവരെ സ്വന്തമാക്കാന്‍, നിയന്ത്രിക്കാന്‍ ശക്തമായൊരു പ്രേരണ ആണിനും പെണ്ണിനുമുണ്ട്. ലൈംഗിക വേഴ്ചകളുടെ, ശാരീരിക ബന്ധങ്ങളുടെ, വൈകാരിക സമീപനങ്ങളുടെ പിന്നില്‍ ഈ പ്രേരണ കാണാമെന്ന് സിമണ്‍ ദെ ബൊവെ സമര്‍ഥിക്കുന്നു. എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ -അസ്തിത്വവാദത്തിന്റെ -ഒരു സ്ത്രീപക്ഷ വ്യാഖ്യാനമാണ് ഈ എഴുത്തുകാരി പ്രഗത്ഭമായി അവതരിപ്പിച്ചത്. അതില്‍ പുനര്‍വിചാരം കൂടി പ്രവര്‍ത്തിക്കുന്നു. 'സ്ത്രൈണം' എന്ന് സമൂഹം പൊതുവെ വിവരിക്കുന്ന സ്വഭാവങ്ങളെ സിമണ്‍ ദെ ബോവെ വിശദമായി പരിശോധിക്കുന്നു. സഹനം (passivity), പുരുഷാശ്രയം, താന്‍ ആണിന് താഴെയാണെന്ന ധാരണ എന്നിവ; പെണ്ണിന്റെ സാമൂഹ്യവിഭജനം സംബന്ധിച്ച ചരിത്ര വിവരണങ്ങള്‍, ചരിത്രാതീതകാലം മുതല്‍ക്കുള്ള ആണിന്റെ വേഷം, സാഹിത്യത്തിലും പുരാണത്തിലുമൊക്കെ സ്ത്രീ എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നത്: ഇതൊക്കെ സിമണ്‍ ദെ ബൊവെ ചര്‍ച്ചക്കെടുക്കുന്നുണ്ട്. സ്ത്രീവിരുദ്ധ മിത്തുകളെക്കുറിച്ചും അവര്‍ വാചാലയാവുന്നു.ആധുനിക സ്ത്രീയുടെ സ്ഥാനം, അവള്‍ സ്വീകരിക്കുന്ന ഭാവങ്ങള്‍, അവളുടെ സാമൂഹ്യാവസ്ഥ, അവളുടെ ലൈംഗിക പ്രശ്നങ്ങള്‍- ഇവയെല്ലാം വിസ്തരിക്കപ്പെടുന്നു. സിമണ്‍ സ്വീകരിച്ച എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് സമീപനത്തിന്റെ അവഗണിക്കാനാവാത്ത സ്വാധീനം പല സ്ത്രീപക്ഷ സൈദ്ധാന്തികരുടെയും പില്‍ക്കാല രചനകളില്‍ സ്പഷ്ടമാണ്. ഒരുദാഹരണമത്രെ കേറ്റ് മില്ലറ്റ് 1970 ല്‍ എഴുതിയ ക്ളാസിക് പാഠം: 'Sexual Politics' (ലൈംഗിക രാഷ്ട്രീയം).

സിമണ്‍ ദെ ബൊവെയുടെ കഥകളില്‍ മിക്കതിലും സ്വന്തം ജീവിതത്തില്‍നിന്നുരുത്തിരിഞ്ഞുവന്ന ചോദ്യങ്ങള്‍ക്കാണ് അവര്‍ ഉത്തരമന്വേഷിക്കുന്നത്. പല വിഭവങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ശേഖരിച്ചവതന്നെ. അവരുടെ കന്നി നോവല്‍ 'She came to stay' (L' invitee) ഒരു പുരുഷനുവേണ്ടിയുള്ള രണ്ടു പെണ്ണുങ്ങളുടെ മത്സരമാണ് വിഷയമാക്കുന്നത്. 'സെക്ഷ്വല്‍ ജലെസി'യുടെ- ലൈംഗികാഭ്യസൂയയുടെ - കാരണശാസ്ത്രം നോവലിസ്റ്റ് ആനുഷംഗികമായി ആലോചനക്കെടുക്കുന്നു; ഭോഗപരതയും. 1948ല്‍ എഴുതിയ 'The Blood of Others' വ്യക്തിസ്വാതന്ത്ര്യം, നിര്‍ണയാധികാരം, മറ്റുള്ളവരോടുള്ള ഒരു വ്യക്തിയുടെ ചുമതല തുടങ്ങിയ കാര്യങ്ങളാണ് സ്പര്‍ശിച്ചുപോകുന്നത്. നാസികള്‍ ഫ്രാന്‍സ് കീഴടക്കിയ കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചുപോന്ന ഒളിപ്പോരാളികളുടെ കഥ പറയുമ്പോഴത്രെ മുന്‍ചൊന്ന പ്രശ്നങ്ങള്‍ പ്രസക്തമാവുന്നത്.

സിമണ്‍ ദെ ബോവെയുടെ ഏറ്റവും അറിയപ്പെടുന്ന നോവല്‍ 'The Mandarins' ആണെന്ന് നിസ്സംശയം പറയാം. 1954-ലാണ് ഇത് വെളിച്ചം കണ്ടത്. കേന്ദ്ര കഥാപാത്രമായ ഒരു സ്ത്രീയും ഒരു അമേരിക്കന്‍ എഴുത്തുകാരനും തമ്മിലുള്ള വേഴ്ചയാണ് പ്രമേയം. ലൈംഗികമായ സ്വീകരണ സ്വാതന്ത്യ്രവും യുദ്ധാനന്തര ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയവും നോവലിസ്റ്റിന്റെ പരിഗണനയില്‍ വരുന്നുണ്ട്. സിമണ്‍ ദെ ബൊവെയുടെ നാലു വാള്യങ്ങള്‍ വരുന്ന ആത്മകഥയിലും നോവലുകളില്‍ വിചാരണക്കെടുത്ത വിഷയങ്ങള്‍ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.

'Memoirs of a dutiful daughter' എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങിയ ആത്മകഥയുടെ ആദ്യ വാള്യത്തില്‍ എഴുത്തുകാരി തന്റെ ബാല്യ-കൌമാര -താരുണ്യ കാലങ്ങള്‍ അനാവരണം ചെയ്യുന്നു. ഇതൊരു തുറന്നെഴുത്താകുന്നു. പ്രഥമ ലൈംഗിക വേഴ്ചയെക്കുറിച്ച് പറയാന്‍ അവര്‍ മടിക്കുന്നില്ല. ഴാങ് പോള്‍ സാര്‍ത്രിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും സിമണ്‍ പ്രതിപാദിക്കുന്നുണ്ട്. താന്‍ പില്‍ക്കാലത്ത് സ്വീകരിച്ച ദാര്‍ശനിക നിലപാടുകളുടെ ആരൂഢത്തെപ്പറ്റിയും അവര്‍ സംസാരിക്കുന്നു. 'The Prime of Life' എന്ന് പേരിട്ടിരിക്കുന രണ്ടാം വാള്യത്തില്‍ (1960) പറയുന്നത്, സാര്‍ത്രുമായി തനിക്കുള്ള ബന്ധത്തിന്റെ വൈകാരികവും ധൈഷണികവുമായ കാലാവസ്ഥയെക്കുറിച്ചാണ്. മൂന്നാം വാള്യമായ 'Force of Circumstance' 1963- ല്‍ വായനക്കാര്‍ക്ക് കിട്ടി. ഇതില്‍ ചിത്രീകരിക്കുന്നത് സോഷ്യലിസ്റ്റ് രാഷ്ട്രീയവുമായി എഴുത്തുകാരി നടത്തിയ ഇടപാടുകളുടെ കാലമാണ്. ആള്‍ ഗ്രൈന്‍, ലാന്‍സ്മ്യാന്‍ എന്നിവരുമായി തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചും സിമണ്‍ വിസ്തരിച്ചെഴുതുന്നു. ആത്മകഥാസഞ്ചികയിലെ അവസാനത്തെ പുസ്തകമാണ് 1972 -ല്‍ പ്രസിദ്ധീകരിച്ച 'All Said and Done'. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ മരണം ഹൃദയസ്പൃക്കായ ഒരു സൃഷ്ടിക്ക് കാരണമായി: ' മി ലമ്യ റലമവേ' 1981ല്‍ തന്റെ കൂട്ടുകാരന്റെ - ഴാങ് പോള്‍ സാര്‍ത്രിന്റെ - ദേഹവിയോഗത്തെത്തുടര്‍ന്ന് സിമണ്‍ വികാരോഷ്മളമായ ഓരോര്‍മപ്പുസ്തകമെഴുതി: 'Adieu: A Farewell to Satre.' ഏറെക്കാലം ഈ എഴുത്തുകാരിയെ ആവേശിച്ചത് മൃത്യുചിന്തകളായിരുന്നു.

ആത്യന്തികവിശകലനത്തില്‍, 'The Second Sex' എന്ന ക്ളാസിക്കിന്റെ കര്‍ത്രി എന്ന നിലക്കാവും സിമണ്‍ ദെ ബൊവെ എക്കാലത്തും വാഴ്ത്തപ്പെടുക. അസാമാന്യമായ ഒരാഘാതമാണ് ഈ പുസ്തകം പടിഞ്ഞാറന്‍ സ്ത്രീ സമൂഹത്തിന് സമ്മാനിച്ചത്. ആയിരത്തിത്തൊളളായിരത്തി അമ്പതുകളിലും അറുപതുകളിലെ ആദ്യ പതിറ്റാണ്ടിലും ചെങ്കോല്‍ നടത്തിയിരുന്ന പുരുഷാധീശ പ്രത്യയശാസ്ത്രത്തിന്റെ തടവറയില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന സ്ത്രീക്ക് ഒരു പുതിയ ഊര്‍ജവും ഒരു പുതിയ വെളിച്ചവും പകര്‍ന്നുനല്‍കിയത് സിമണ്‍ ദെ ബോവെയുടെ ഈ മാസ്റ്റര്‍ പീസ് ആണെന്നതില്‍ ഒരു തര്‍ക്കവുമില്ല. സമ്പ്രദായങ്ങളില്‍നിന്ന് സ്വയം മോചിപ്പിച്ച് സാര്‍ഥകമായ മറ്റൊരു ജീവിതം നയിക്കാനുള്ള ഉള്‍ക്കരുത്തും വിഭവശേഷിയും പെണ്ണിനുണ്ടെന്ന് യൂറോപ്യന്‍ മിഡില്‍ക്ളാസ് സ്ത്രീ സമൂഹം മനസ്സിലാക്കിയത് 'The Second Sex' വായിച്ചിട്ടാണ്. സ്വന്തം ജീവിതങ്ങളെ ഈപുസ്തകം എവ്വിധം സ്വാധീനിച്ചു എന്ന് വിവരിക്കുന്ന കത്തുകള്‍ ഈഎഴുത്തുകാരിക്കു വന്നുകൊണ്ടേയിരുന്നു. എഴുപതുകളുടെ ആദ്യം'The Second Sex' പെണ്‍പക്ഷ ഗ്രൂപ്പുകളുടെ അടിസ്ഥാന പാഠപുസ്തകമായി (Basic Text) മാറി.

നിരവധി വിഷലിപ്തമായ വിമര്‍ശനശരങ്ങളും അതിന്മേല്‍ പതിച്ചു. പെണ്ണിന്റെ പീഡനത്തിനും അടിച്ചമര്‍ത്തലിനും മറുപടി സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണെന്ന് സിമണ്‍ ദെ ബൊവെ സമര്‍ഥിച്ചുവെങ്കിലും, സ്ത്രീ ചൂഷണത്തെ, മറ്റു ചൂഷണ രൂപങ്ങളില്‍ നിന്ന് വകതിരിച്ചുകാണാനുള്ള അവരുടെ ഉദ്യമത്തെ ഇടതുപക്ഷ വിമര്‍ശകന്മാര്‍ കലശലായ സംശയത്തോടുകൂടിയാണ് പൊതുവെ വീക്ഷിച്ചത്. പുരുഷാധികാരഘടനകളോട് സിമണ്‍ ദെ ബൊവെ പരോക്ഷമായി സന്ധിചെയ്യുകയാണെന്ന ഗൌരവമായ ആരോപണവും ഉയര്‍ന്നുകേള്‍ക്കായി. 'The Second Sex'ലും മറ്റു ചില രചനകളിലും masculinity യെ -പുരുഷതയെ -അവര്‍ അബോധമായി ആദര്‍ശവത്കരിക്കുന്നില്ലേ എന്ന സന്ദേഹം ചില സ്ത്രീപക്ഷ ആക്ടിവിസ്റ്റുകള്‍തന്നെ പരസ്യമായി പ്രകടിപ്പിച്ചു. masculinity യെ -പുരുഷതയെ- ഒരു norm (പ്രതിമാനം)ആയി ബൊവെ അംഗീകരിക്കുന്നു എന്ന കുറ്റപ്പെടുത്തലും യൂറോപ്പിലെ ചില സ്ത്രീ സദസ്സുകളില്‍നിന്നുണ്ടായി. 'സൈക്കോ അനാലിസിസു'-മനഃശാസ്ത്ര അപഗ്രഥനരീതി-യുമായി കൈകോര്‍ത്ത ഘടനോത്തര സ്ത്രീപക്ഷവാദികള്‍ (post structural feminists) അവരെ 'Phallic Woman' (ധ്വജസ്ത്രീ) എന്ന് കളിയാക്കാന്‍പോലും ശങ്കിച്ചില്ല. സിമണ്‍ ദെ ബൊവെയുടെ ഹ്യൂമനിസ്റ്റ് വിശ്വാസങ്ങള്‍ക്ക് പെണ്‍പോരാട്ടങ്ങളിലേക്ക് വിശേഷിച്ചൊന്നും സംഭാവന ചെയ്യാനായിട്ടില്ലെന്ന് ഇക്കൂട്ടര്‍ വാദിച്ചു. 1980 കളിലെ ഫ്രഞ്ച് ഫെമിനിസ്റ്റുകളില്‍ മോണിക്വിറ്റിങ് മാത്രമാണ് സിമണ്‍ ദെ ബോവെയുടെ സ്വാധീനവും സംഭാവനയും പൂര്‍ണമായും വരവുവയ്ക്കാന്‍ തയാറായത്.

ഇരുപതാം നൂറ്റാണ്ടിലെ ഉത്കൃഷ്ടനായ അസ്തിത്വദാര്‍ശനികനായി ഴാങ് പോള്‍ സാര്‍ത്രിനെ പൊക്കിക്കാട്ടാന്‍ സിമണ്‍ പാടുപെട്ടതും വലിയ കോലാഹലങ്ങള്‍ക്ക് വഴിതുറന്നു. 'എക്സിസ്റ്റന്‍ഷ്യലി'സത്തിന് താന്‍തന്നെ നല്‍കിയ കനപ്പെട്ട സംഭാവനകളെ മറച്ചുപിടിച്ചുകൊണ്ടാണ് കാമുകനും സഹശായിയുമായ സാര്‍ത്രിനുവേണ്ടി അവര്‍ വാദിച്ചതെന്ന് Kate and Edward Fullbroke അവരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ വെളിപ്പെടുത്തി.

സിമണ്‍ ദെ ബൊവെയെക്കുറിച്ച്, അവരുടെ സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് സത്യസന്ധമായൊരു വിലയിരുത്തല്‍ നടത്തിയത് Toril Moi എന്ന സൈദ്ധാന്തികയാണ്. 'Simon De Beauvoir - the making of an intellectual woman' എന്ന മോയുടെ പഠനം സൂക്ഷ്മങ്ങളിലേക്കിറങ്ങുന്ന നിരൂപണ പാഠമാണ്.

ആരെന്തൊക്കെപ്പറഞ്ഞാലും സ്ത്രീപക്ഷ മുന്നേറ്റത്തിന് സിമണ്‍ ദെ ബൊവെ നല്‍കിയ സിദ്ധാന്തപരമായ കാഴ്ചപ്പാട് ചരിത്രവും സമൂഹവും കണക്കിലെടുക്കുകതന്നെ ചെയ്യും-തീര്‍ച്ച.

*
വി സുകുമാരന്‍ ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കറ തീര്‍ന്ന എക്സിസ്റ്റെന്‍ഷ്യലിസ്റ്റ്, (അസ്തിത്വവാദി), തലപ്പൊക്കമുള്ള നോവലിസ്റ്റ്, വീറുള്ള സാംസ്കാരിക വിമര്‍ശക, ഫ്രഞ്ച് ഫെമിനിസത്തിന്റെ പ്രാമാണിക ശബ്ദം: സിമണ്‍ ദെ ബോവെക്ക് (ബൊവേര്‍ എന്ന് ഫ്രഞ്ച് ഉച്ചാരണം) ഗുണവിശേഷണങ്ങളേറെ. അവരുടെ ആഗോളവും അതിസങ്കീര്‍ണവുമായ പുകഴിന് എപ്പോഴുമുണ്ടായിരുന്നു വിവാദങ്ങളുടെ അകമ്പടി. പോയ നൂറ്റാണ്ടിലെ ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ ധീരമായ മുഖങ്ങളിലൊന്ന് ഈ സിംഹികയുടേതായിരുന്നു. സ്ത്രീപക്ഷ ചിന്തയുടെ രണ്ടാം വരവില്‍ ഏറെ മുഴങ്ങിക്കേട്ടതും അവരുടെ സ്വരംതന്നെ.

1949- ല്‍ സിമണ്‍ ദെ ബൊവെ എഴുതിയ 'ദി സെക്കന്‍ഡ് സെക്സ്' (The Second Sex - Le Dluxiem Sexe ) യുദ്ധാനന്തര പടിഞ്ഞാറന്‍ ഫെമിനിസത്തിന്റെ അടിസ്ഥാനപാഠങ്ങളില്‍ പ്രമുഖമായ ഒരു പീഠം നേടുന്നു. (ഇംഗ്ളീഷ് വിവര്‍ത്തനം വന്നത് 1953 -ല്‍). സ്ത്രീ എന്താണ് എന്ന അന്വേഷണവും അപഗ്രഥനവുമാണ് അവര്‍ ഈ പുസ്തകത്തില്‍ നടത്തുന്നത്. ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഒരു പാഠം. അതിനിശിതവും പലപ്പോഴും വിഷലിപ്തവുമായ വിമര്‍ശനത്തിന് ഈ പുസ്തകം വിധേയമായി. 'ദി സെക്കന്‍ഡ് സെക്സി'നെ ആക്രമിച്ചത് പുരുഷസൂകരങ്ങള്‍ മാത്രമല്ല. പല പെണ്‍പുലികളും അതിനെ കടിച്ചുകീറാന്‍ വന്നു. പോസ്റ്റ് സ്ട്രക്ചറല്‍ ഫെമിനിസ്റ്റുകള്‍ -ഘടനോത്തര സ്ത്രീപക്ഷവാദികള്‍-ആണ് മുഖ്യമായും പട നടത്തിയത്. സിമണ്‍ ദെ ബൊവെയുമായി അവര്‍ രാഷ്ട്രീയമായും ആശയശാസ്ത്രപരമായും വിയോജിക്കുകയും ആ വിയോജനക്കുറിപ്പുകള്‍ ആഘോഷപൂര്‍വം അവതരിപ്പിക്കുകയുമുണ്ടായി. 1970 കളിലാണ് ബൊവെ വിരോധം ഏതാണ്ടൊരു പരിഷ്കാരമായത്.

നന്ദന said...

വാ‍രിക വായികാൻ കഴിഞ്ഞില്ല!!
വളരെ വിലപ്പെട്ട ലേഖനം