Tuesday, January 12, 2010

ന്യൂനപക്ഷ വിരോധത്തിന്റെ കാണാപ്പുറങ്ങള്‍

"...ഒരു മതവിഭാഗത്തെയാകെ വേട്ടയാടുംവിധമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം. മഅ്ദനി, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ കൈക്കൊള്ളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനം കേരളസമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് സച്ചിദാനന്ദന്‍, ജോ ദയാല്‍, ഡോ. എ കെ രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു''.

ഇപ്പോഴത്തെ കേരളത്തിലെ ഏറ്റവും സജീവമായ ചര്‍ച്ചാവിഷയങ്ങളിലൊന്നിനെക്കുറിച്ചുള്ള പ്രമുഖരായ സാംസ്കാരിക വ്യക്തിത്വങ്ങളുടെ പ്രതികരണമാണിത്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധസമീപനത്തിന് ഉദാഹരണമായി ചില വാര്‍ത്തകളുടെ പകര്‍പ്പുകള്‍ ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വിതരണംചെയ്തു.

മനോരമയാണ്‘'ലവ് ജിഹാദ് '’ എന്ന പേരില്‍ വിവാദം ഉയര്‍ത്തിയതെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.‘'ലവ് ജിഹാദ് ' എന്ന പേരില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അവള്‍ ഇരയാണ്, അവിടെയും ഇവിടെയും' എന്ന പേരിലാണ് മനോരമ ലേഖനപരമ്പര പ്രസിദ്ധീകരിച്ചത്. ക്യാമ്പസുകളില്‍ ലവ്ബോംബ് സ്‌ഫോടനമെന്ന പേരില്‍ പേജ് മുഴുവന്‍ വാര്‍ത്തയും നല്‍കി. മാതൃഭൂമിയില്‍ വന്ന‘വാര്‍ത്ത’മാധ്യമങ്ങളുടെ നിരുത്തരവാദ റിപ്പോര്‍ട്ടിന് ഉദാഹരണമാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.‘'പ്രണയത്തിന്റെ പേരില്‍ മതംമാറ്റത്തിന് ആസൂത്രിതശ്രമം: ഡിജിപി' എന്ന തലക്കെട്ടിലാണ് വാര്‍ത്ത. എന്നാല്‍‘'ലവ്ജിഹാദ്' എന്ന പേരില്‍ മതപരിവര്‍ത്തനത്തിനായി ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നതായി തെളിവില്ലെന്ന് ഡിജിപി പറഞ്ഞു എന്നാണ് വാര്‍ത്തയ്ക്കുളളിലെ പരാമര്‍ശം. ഒരു യഥാര്‍ഥ പത്രത്തിന്റെ സംസ്കാരം! എത്ര വീരോജ്വലമായിരിക്കുന്നു എന്നു കാണുക!

"മുഖ്യധാരകള്‍'' എന്തെന്ത് ആപത്തുകളാണ് വരുത്തിവയ്ക്കുന്നത് എന്ന് വല്ലാത്തൊരു അമ്പരപ്പോടെ നാം കാണുകയാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ "മലയാളം'' വാരികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചുകണ്ടു. (2010 ജനുവരി-1) കഴിഞ്ഞ നാല് ദശകങ്ങള്‍ക്കിടയ്ക്ക് മലയാളസിനിമയില്‍ ഇസ്ളാംമത വിശ്വാസികള്‍ ഏങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്ന് ആ ലേഖനം ഒരു പ്രത്യേക രീതിയില്‍ വിശദീകരിക്കുന്നുണ്ട്.

"........ഈ പശ്ചാത്തലത്തില്‍ വില്ലന്‍ സ്ഥാനത്തോ അപ്രധാന കഥാപാത്രങ്ങളായോ മാത്രമാണ് മുസ്ളിങ്ങളെ കാണാനാവുക.....കേരളീയ ജനജീവിതത്തില്‍ മുപ്പത് ശതമാനം വരുന്ന ഒരു വിഭാഗം സിനിമയിലെ പ്രാതിനിധ്യത്തില്‍ ഇത്ര ശുഷ്‌ക്കിച്ചുപോയതെന്തേ?മലയാള ജനപ്രിയ ചലച്ചിത്ര ഭൂപടത്തില്‍ പുറമ്പോക്കുകളിലേക്ക് തള്ളപ്പെടുകയോ അസുരവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്ന മുസ്ളിം സ്വത്വം.......മുസ്ളിമായിട്ടും മതേതരരായവരും മുസ്ളിമായതുകൊണ്ട് കുറ്റവാളികളായവരും എന്നൊരു പരികല്‍പ്പന കണ്ടുവരുന്നു......''’

തുടങ്ങിയ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ലേഖനം വിശദാംശങ്ങളില്‍ എന്തു പറയുന്നു എന്നതിലപ്പുറം അവതരിപ്പിക്കുന്ന കാഴ്‌ച സവിശേഷതയുള്ളതാണ്. ദൃശ്യകലാരംഗത്തെ മുഖ്യധാരയാണല്ലോ ചലച്ചിത്രം. ഒരു മുഖ്യധാരാ കലാരൂപമെന്ന നിലയില്‍ ചലച്ചിത്ര രംഗം ഇസ്ളാമിനെ എങ്ങനെയാണ് കൈകാര്യംചെയ്യുന്നത് എന്നതിന്റെ സൂചനകള്‍ ഉദ്ധരിക്കപ്പെട്ട ലേഖനഭാഗങ്ങളില്‍ കാണാം.

"1921ല്‍ ഫ്യൂഡലിസത്തിനുണ്ടായ അരക്ഷിതാവസ്ഥയില്‍നിന്ന് സാഹിത്യം കടംകൊണ്ട മുസ്ളിം വിരുദ്ധത വ്യവസായീകരണത്തിന്റെയും സംസ്ഥാപനത്തിന്റെയും ആദ്യഘട്ടങ്ങളില്‍ സിനിമയെ ബാധിച്ചിരുന്നില്ല. പിന്നീട് രൂപംകൊള്ളുന്ന സാംസ്‌ക്കാരിക വ്യവസായം സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ഗൃഹാതുരതയുടെ നിര്‍മാണത്തിലൂടെയും പ്രത്യയശാസ്‌ത്രപരമായ നീക്കങ്ങളിലൂടെയും പൂഴ്ത്തിവയ്ക്കാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണം.....''’’
(മലയാളം വാരിക മലയാള സിനിമയിലെ മുസ്ളിം വൈകാരികതക്കപ്പുറം)

ഇത്തരമൊരു നിരീക്ഷണത്തിന് അടിസ്ഥാനമാകുന്ന കാര്യകാരണബന്ധങ്ങളുടെ വിശദപരിശോധന ആവശ്യമായിത്തീരുന്നുണ്ട്. എന്നാല്‍, മുമ്പേതന്നെ സാഹിത്യത്തില്‍ ഇത് സംബന്ധിയായ സവിശേഷ പ്രവണതകള്‍ പ്രകടമാകുന്നുണ്ട് എന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഈ പ്രത്യേകത 1921ന്റെ മാത്രം സംഭാവനയാണ് എന്ന് മനസ്സിലാക്കുന്നത് വസ്‌തുതാപരമാകാനിടയില്ല എന്നും പരിഗണിക്കേണ്ടതുണ്ട്. എന്ന് മുതലാരംഭിച്ചു എവിടം മുതലാരംഭിച്ചു എന്നതിനപ്പുറം ഇസ്ളാം മതവിശ്വാസിയുടെ സാമൂഹ്യ അസ്‌തിത്വം പ്രത്യേകതകളാര്‍ന്ന പരിവേഷങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നതൊരു യാഥാര്‍ഥ്യംതന്നെയാണ്.

മാധ്യമരംഗവും ചലച്ചിത്രരംഗവും സാഹിത്യരംഗവും എടുത്തുപറയാവുന്ന വിധം ന്യൂനപക്ഷവിരുദ്ധതയുടെ ഏറ്റക്കുറച്ചിലുകളോടുകൂടിയ പ്രദര്‍ശനം നടത്തുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ അത് ഗൌരവപൂര്‍വം അപഗ്രഥിച്ച് മുന്നോട്ടുപോകേണ്ടത് ഒരു ജനാധിപത്യസമൂഹത്തിന്റെ മുഖ്യബാധ്യതയായി മാറുന്നുണ്ട്. ജനാധിപത്യം ജനാധിപത്യമാകുന്നത് അത് അവഗണിക്കപ്പെട്ടവരെ പരിഗണിക്കുന്നിടത്താണ്. ന്യൂനപക്ഷ മതഭീകരവാദത്തിന്റെ കഴുകന്‍ കണ്ണുകളില്‍പെട്ടുപോയ മലയാളി യൌവനങ്ങളെ വിമോചിപ്പിക്കുന്നതിനും നേര്‍പാതയിലെത്തിക്കുന്നതിനും ഈ ദിശയിലുള്ള നീക്കങ്ങള്‍ അനിവാര്യമാണ്. ഇസ്ളാംമതക്കാര്‍ക്കിടയിലെ വിശ്വാസികളായ മതനിരപേക്ഷവാദികളെ തെറ്റായ പ്രവണതകള്‍ക്കെതിരെ അണിനിരത്തുന്നതിലും ഇത്തരമൊരു അപഗ്രഥനം പ്രധാനപ്പെട്ട പങ്കുതന്നെയാണ് വഹിക്കുന്നത്.

*****

ബേബി ജോണ്‍, കടപ്പാട് : ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

മാധ്യമരംഗവും ചലച്ചിത്രരംഗവും സാഹിത്യരംഗവും എടുത്തുപറയാവുന്ന വിധം ന്യൂനപക്ഷവിരുദ്ധതയുടെ ഏറ്റക്കുറച്ചിലുകളോടുകൂടിയ പ്രദര്‍ശനം നടത്തുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ അത് ഗൌരവപൂര്‍വം അപഗ്രഥിച്ച് മുന്നോട്ടുപോകേണ്ടത് ഒരു ജനാധിപത്യസമൂഹത്തിന്റെ മുഖ്യബാധ്യതയായി മാറുന്നുണ്ട്. ജനാധിപത്യം ജനാധിപത്യമാകുന്നത് അത് അവഗണിക്കപ്പെട്ടവരെ പരിഗണിക്കുന്നിടത്താണ്. ന്യൂനപക്ഷ മതഭീകരവാദത്തിന്റെ കഴുകന്‍ കണ്ണുകളില്‍പെട്ടുപോയ മലയാളി യൌവനങ്ങളെ വിമോചിപ്പിക്കുന്നതിനും നേര്‍പാതയിലെത്തിക്കുന്നതിനും ഈ ദിശയിലുള്ള നീക്കങ്ങള്‍ അനിവാര്യമാണ്. ഇസ്ളാംമതക്കാര്‍ക്കിടയിലെ വിശ്വാസികളായ മതനിരപേക്ഷവാദികളെ തെറ്റായ പ്രവണതകള്‍ക്കെതിരെ അണിനിരത്തുന്നതിലും ഇത്തരമൊരു അപഗ്രഥനം പ്രധാനപ്പെട്ട പങ്കുതന്നെയാണ് വഹിക്കുന്നത്.

Mohamed Salahudheen said...

we still believe in Islam!

Unknown said...

കേരള മാധ്യമങ്ങള്‍ ഒന്നടംഗം ഒരൊറ്റ സമുദായത്തെ വെട്ടയടിക്കൊണ്ടിരിക്കുകയാണ് വാര്കെര്സ് ഫോറം പറഞ്ഹതുപോലെ ലവ് ജിഹാദ്, മദനി വിഷയങ്ങളില്‍ പ്രത്യേകിച്ചും അല്ലാതെയും . അത് സമൂഹത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രതികരണങ്ങളെ കുറിച്ചോ അല്ലെങ്കില്‍ അതിന്റെ പരിണിത ഫലങ്ങളെ കുറിച്ചോ ഒന്നും തന്നെ ഇത്തരക്കാര്‍ ന്ടിക്കുന്നെ ഇല്ല. ഇത്തരം കാര്യങ്ങള്‍ക്ക് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് എം ആര്‍ അജയന്‍ കേരള ശബ്ദത്തില്‍ എയുതിയ ലേകനം. ഒരു മിനിമം അറിവ് പോലും ആ പുസ്തകങ്ങളെ കുരിചില്ലാതെ കുറെ പുസ്തകങ്ങളുടെ പേരും ഫോട്ടോയും കൊടുക്കുകയും തിങ്കളയ്ച്ച ജുമുഹ നടത്തി ഭീകരത തെളിയിക്കുകയും ചെയ്ത ഇത്തരം സന്ഗ് വര്‍ഗീയ എയുതുകരാന് ഒരു വിഭാഗത്തെ മുയുവന്‍ ഇല്ലാത്ത കെട്ടുകഥകള്‍ സൃഷ്ടിച് വിഭാഗീയത ഉണ്ടാക്കുന്നത് . ഇത്തരക്കരെയും അതുപോലെ അതിന്‍ ഓശാന പാടുന്ന ചാനല്‍ മാഫിയ ജുഡിഷ്യറി അവിശുദ്ധ കൂടുകെട്ടിനെയും നാം തിരിച്ചറിയണം