Thursday, December 24, 2009

കോളണിവാഴ്‌ചയ്ക്കെതിരെ ഇസ്ലാമിന്റെ പോരാട്ടങ്ങള്‍

ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ഓരോന്നായി യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ അമരാന്‍ തുടങ്ങിയ കാലത്ത് തങ്ങളുടെ മതപരമായ സ്വത്വം അപകടത്തിലാണെന്ന ഭയം ഇസ്ലാംമത വിശ്വാസികളുടെ മനസ്സിനെ അലട്ടി. ക്രിസ്‌തുമതവിശ്വാസികളും വെള്ളക്കാരുമായ യജമാനന്‍മാരുടെ കീഴിലുള്ള അടിമത്ത ജീവിതം മാത്രമായിരുന്നില്ല കാരണം. യൂറോപ്പിലെ ക്രിസ്‌ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളും ഇസ്ലാമിന്റെ ജീര്‍ണതയെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണങ്ങളും മുസ്ലിംമനസ്സുകളില്‍ ഭയാശങ്കളും സംശയങ്ങളും ഉണ്ടാക്കി. ഫ്രഞ്ച് ചിന്തകനും ഹിബ്രൂഭാഷാ പണ്ഡിതനുമായ മാക്സിം റോഡിന്‍സണ്‍ന്റെ അഭിപ്രായം ചരിത്രപരമായും മനഃശാസ്‌ത്രപരമായും പ്രസക്തമാണ്.

കോളണിവാഴ്‌ചയിലായ മുസ്ലിംലോകത്തിന്റെ അധഃസ്ഥാവസ്ഥ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ക്ക് ഇസ്ലാമിനെ തരംതാഴ്ത്തിക്കാണിച്ച് മതപ്രചാരണം നടത്താന്‍ അവസരം നല്‍കി. മതപരിവര്‍ത്തനകുരിശുയുദ്ധം (proselytizing crusade) ആരംഭിക്കുകയും വളരെ വേഗത്തില്‍ വ്യാപിപ്പിക്കുകയും ചെയ്‌തു. അന്നത്തെ കാലത്തെ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ക്രിസ്‌ത്യന്‍ മിഷണറിമാര്‍ യൂറോപ്പിലെ രാജ്യങ്ങളുടെ ശാസ്‌ത്രസാങ്കേതിക മുന്നേറ്റം ക്രിസ്‌തുമതത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തുകയും മുസ്ലിംലോകത്തിന്റെ നഷ്ടങ്ങള്‍ക്ക് കാരണം ഇസ്ലാംമതമാണെന്ന് ഇകഴ്ത്തുകയും ചെയ്‌തു. ക്രിസ്‌തുമതം പ്രകൃത്യാ തന്നെ പുരോഗതിക്ക് അനുകൂലമാണെന്നും ഇസ്ലാംമതം സാംസ്കാരികവും വികാസപരവുമായ നിശ്ചലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു മിഷണറിമാരുടെ പ്രചാരണം.

ക്രിസ്‌ത്യന്‍ മിഷണറിമാരുടെ ആത്മീയതലത്തിലുള്ള ആക്രമണവും കോളണി വാഴ്‌ച വരുത്തിയ ദുരവസ്ഥയും ഇസ്ലാമിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അനിവാര്യമാക്കി. കോളണിവാഴ്‌ചയോട് നാലു വിധത്തിലാണ് ഇസ്ലാം പ്രതികരിച്ചത്. ചെറുത്തുനില്പും വിശുദ്ധയുദ്ധവും നിഷ്‌ഫലമാണെന്ന് തോന്നിയ വിഭാഗം നിഷ്‌ക്രിയത്വത്തിലേക്കും നിസ്സഹകരണത്തിലേക്കും പിന്‍വലിഞ്ഞു.

ക്രിസ്‌ത്യാനികളെയും ജൂതരെയും അവിശ്വാസികള്‍ (കാഫിറുകള്‍) ആയല്ല, വേദക്കാര്‍ (അഹലുല്‍-കിത്താബ്) ആയാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. പക്ഷേ ഇസ്ലാമിനെ കോളണി അടിമത്തത്തിലാക്കിയ ക്രിസ്‌ത്യാനികളെ കാഫിറുകളായിത്തന്നെ മുസ്ലിങ്ങള്‍ വീക്ഷിക്കാന്‍ തുടങ്ങി. അതുകൊണ്ട് അവര്‍ക്കെതിരെ യുദ്ധം (ജിഹാദ്) ചെയ്യേണ്ടത് മതപരമായ കടമയായി. കോളണികള്‍ ഇസ്ലാമിന് യുദ്ധമേഖല (ദാറുല്‍-ഹര്‍ബ്) തന്നെയായിരുന്നു. യുദ്ധം ചെയ്യാന്‍ സാധ്യമല്ലാത്തതുകൊണ്ട് വിവേകപൂര്‍വ്വം പിന്‍വാങ്ങുന്നു. ഇതായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം. ഇങ്ങനെ പിന്‍വാങ്ങല്‍ നയം സ്വീകരിച്ചവര്‍ പാശ്ചാത്യമായ എല്ലാത്തിനോടും അകന്നുമാറി. പാശ്ചാത്യരുമായി ആശയവിനിമയം നടത്തുന്നതും സൌഹൃദം പുലര്‍ത്തുന്നതും അവര്‍ നടത്തുന്ന പാഠശാലകളില്‍ കുട്ടികളെ അയച്ച് പഠിപ്പിക്കുന്നതും ഇസ്ലാംവിരുദ്ധമാണെന്ന് ഉലമകള്‍ വിധിച്ചു.

പാശ്ചാത്യരെപോലെ ശക്തിയാര്‍ജ്ജിക്കാന്‍ ആധുനികരാകുകയാണ് വേണ്ടതെന്ന് മറ്റൊരു വിഭാഗം വാദിച്ചു. ഉസ്‌മാനിയ സാമ്രാജ്യത്തിലെയും ഇറാനിലെയും ഈജിപ്തിലെയും ഭരണാധികാരികള്‍ പാശ്ചാത്യരുടെ ശക്തിയില്‍ ആകൃഷ്ടരായി തങ്ങളുടെ സൈന്യത്തെയും ഭരണകൂടത്തെയും പാശ്ചാത്യമാതൃകയില്‍ പരിഷ്കരിക്കുവാന്‍ പാശ്ചാത്യരെത്തന്നെ ആശ്രയിച്ചു. ഇന്ത്യയിലെ വരേണ്യ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍ പാശ്ചാത്യ വിദ്യാഭ്യാസം നേടാനും പാശ്ചാത്യമാതൃകകള്‍ സ്വീകരിക്കാനും വ്യഗ്രത കാണിച്ചു. യൂറോപ്പില്‍ നിന്നും അധ്യാപകരെ വരുത്തി ഇംഗ്ളീഷ് സ്കൂളുകള്‍ നടത്തി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചു. ഉപരിപഠനത്തിന് കുട്ടികളെ പാശ്ചാത്യ നാടുകളിലേക്കയച്ചു. കോളണിവാഴ്‌ചയിലെ അടിമത്തത്തെ മറികടക്കാന്‍ ഏറ്റവും നല്ല മാര്‍ഗം യജമാനരുമായി താദാത്മ്യം പ്രാപിക്കലാണെന്ന് അവര്‍ ചിന്തിച്ചു. മുസ്ലിം ഭരണാധികാരികള്‍ തങ്ങളുടെ കൈവശമുള്ള പരമാധികാരത്തിന് കോട്ടം തട്ടാത്ത വിധത്തില്‍ ഭരണ നിര്‍വഹണരംഗം പാശ്ചാത്യരീതിയില്‍ പുനഃക്രമീകരിക്കാനും മതനിരപേക്ഷമാക്കാനും ശ്രമിച്ചു. ഉസ്‌മാനിയ സാമ്രാജ്യാധിപന്‍ സുല്‍ത്താന്‍ അബ്‌ദുല്‍ ഹമീദ് രണ്ടാമന്‍ 1876ല്‍ ഉസ്‌മാനിയ്യ ഭരണഘടനയ്ക്ക് (Ottoman Constitution ) രൂപം കൊടുത്തു. ഇറാനിലെ ഷാ ബ്രിട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി 1906ല്‍ ദേശീയ ആലോചനാസഭ (National Consultative Assembly) രൂപവത്കരിച്ചു. അന്ധമായ പാശ്ചാത്യവത്കരണത്തിന്റെ അനന്തരഫലം ഇസ്ലാമില്‍ പുതിയൊരു വരേണ്യവര്‍ഗം രൂപപ്പെട്ടതാണ്. അവര്‍ ഭാഷയിലും വേഷഭൂഷാദികളിലും പാശ്ചാത്യരെ അനുകരിച്ചു. ഇസ്ലാമില്‍ രണ്ടുതരം പാഠശാലകളും രണ്ടുതരം ജീവിതരീതികളുമുണ്ടായി. ഇസ്ലാമിക സാമ്രാജ്യം നിലനിന്നിരുന്ന കാലത്ത് സമൂഹത്തില്‍ വര്‍ഗവിഭജനം ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തെ വര്‍ഗീകരിച്ചില്ല. ഇസ്ലാമിക സമൂഹത്തില്‍ സാംസ്കാരികമായ ഭിന്നതയും ഇല്ലായിരുന്നു.

മതത്തിന്റെ പ്രതിലോമപരമായ പുനരുജ്ജീവനശ്രമങ്ങളായിരുന്നു (revivalism) മൂന്നാമത്തെ പ്രതികരണം. പഴയ ഇസ്ലാമിനെ പുനരുജ്ജീവിപ്പിച്ച് കോളണിവാഴ്‌ചയ്ക്കെതിരെ പോരാടാന്‍ സജ്ജമാക്കുകയായിരുന്നു ഈ വിഭാഗത്തിന്റെ ലക്ഷ്യം. എല്ലാ മതവും പ്രതിസന്ധികളെ നേരിടുമ്പോള്‍ വിശ്വാസികളില്‍ ഒരു വിഭാഗം മതത്തിന്റെ മൌലികതത്വങ്ങളില്‍ നിന്നു വ്യതിചലിച്ചതുകൊണ്ടാണ് പ്രതിസന്ധി ഉണ്ടായതെന്ന് ധരിച്ച് പഴയ മതത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കും. മറ്റൊരു വിഭാഗം നിലവിലുള്ള മതത്തെ കാലത്തിനനുയോജ്യമായ വിധത്തില്‍ നവീകരിക്കാന്‍ ശ്രമിക്കും. ഈ പൊതു തത്വം ഇസ്ലാമിനും ബാധകമാണ്. എക്കാലത്തും യാഥാസ്ഥിതികര്‍ നവീകരണശ്രമങ്ങളെ എതിര്‍ക്കുകയും പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതല്‍ അരനൂറ്റാണ്ടുകാലമായി ലോകത്തുള്ള എല്ലാ മതങ്ങളിലും പുനരുജ്ജീവനത്വര കണ്ടുവരുന്നതായി കത്തോലിക്കാമതത്തിലെ കന്യാസ്‌ത്രീ ആയിരുന്ന ബ്രിട്ടീഷ് എഴുത്തുകാരി കരെന്‍ ആംസ്‌ട്രോങ് പറയുന്നു. എന്തുകൊണ്ട് എല്ലാ മതത്തിലും മൌലികവാദം തലപൊക്കി എന്ന് വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. റഷ്യന്‍ വിപ്ളവത്തിനുശേഷം മതങ്ങള്‍ അപകടത്തിലാണെന്ന ഭയം മതവിശ്വാസികളില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് യഥാര്‍ഥത്തില്‍ കരെന്‍ ആംസ്‌ട്രോങ് ചൂണ്ടിക്കാണിച്ച മതങ്ങളിലെ മൌലികവാദപ്രവണതയും പുനരുജ്ജീവനത്വരയും.

വഹ്ഹാബിയ്യത്ത് (വഹ്ഹാബിസം)

ഇസ്ലാമിലെ പുനരുജ്ജീവനപ്രവണത യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ അമരുന്നതിനു മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ സൌദി അറേബ്യയില്‍ ജീവിച്ചിരുന്ന മുഹമ്മദ് ഇബ്‌സ അബ്ദല്‍ വഹ്ഹാബും (1703-1792) അനുയായികളും അവരുടെ ഇസ്ലാംമത പുനരുജ്ജീവന പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത് മുവഹ്ഹിദീന്‍ (ഏകദൈവ മതക്കാര്‍) എന്നാണ്. മറ്റുള്ള മുസ്ലിങ്ങള്‍ ഏകദൈവ മതക്കാരല്ലെന്ന ധ്വനിയുണ്ട് ഈ വിശേഷണത്തില്‍.

വഹ്ഹാബിന്റെ ആദ്യത്തെ പ്രവൃത്തി മുഹമ്മദ്നബിയുടെ സഹാബിയും രണ്ടാം ഖലീഫ ഉമ്മര്‍ ഇബ്‌സ അല്‍-ഖത്താബിന്റെ സഹോദരനുമായിരുന്ന സെയ്ദ് ഇബ്‌സ അല്‍-ഖത്താബിന്റെ മഖ്‌ബറ (ശവകുടീരം) തകര്‍ക്കലായിരുന്നു. കപടപ്രവാചകനെന്ന് മുഹമ്മദ് നബിയും അനുയായികളും മുദ്രകുത്തിയ മുസയ്‌ലിമത്തിനെതിരെ ഒന്നാം ഖലീഫ അബൂബക്കര്‍ നടത്തിയ യുദ്ധത്തില്‍ പങ്കെടുത്ത് വീരചരമമടഞ്ഞ ആളാണ് സെയ്‌ദ് ഇബ്‌സ അല്‍-ഖത്താബ്. വിശ്വാസികള്‍ ഉയയ്‌ന നഗരത്തില്‍ സ്ഥിതിചെയ്തിരുന്ന അദ്ദേഹത്തിന്റെ മഖ്‌ബറ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തുക പതിവായിരുന്നു. മരണത്തിനു ശേഷം ചിലരെ പുണ്യാളന്‍മാരാക്കി അവരുടെ മഖ്‌ബറകളില്‍ പോയി പ്രാര്‍ഥിക്കുന്നത് ഏകദൈവ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കലാണെന്നായിരുന്നു വഹാബിന്റെ സിദ്ധാന്തം. സിദ്ധാന്തം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് സെയ്‌ദ് ഇബ്‌സ അല്‍-ഖത്താബിന്റെ മഖ്‌ബറ തകര്‍ത്തത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്ത് വീരചരമമടഞ്ഞ രക്തസാക്ഷിയുടെ മഖ്‌ബറ തകര്‍ത്തത് സാധാരണ ജനങ്ങളെ കുപിതരാക്കി.

വ്യഭിചാരിണിയെന്ന് സംശയിക്കപ്പെട്ട ഒരു വനിതയെ കല്ലെറിഞ്ഞ് കൊന്നതായിരുന്നു വഹാബിന്റെ രണ്ടാമത്തെ ചെയ്തി. രണ്ടു ചെയ്തികളും ഭരണാധികാരി സുലൈമാന്‍ ഇബ്‌സ ഗുറൈര്‍നെ കുപിതനായി. വഹ്ഹാബിനെ കൊല്ലാന്‍ സുലൈമാന്‍ നഗരാധിപനോട് കല്പിച്ചു. അദ്ദേഹം വഹ്ഹാബിനെ നഗരത്തില്‍ നിന്നു പുറത്താക്കുക മാത്രം ചെയ്‌തു. തൊട്ടടുത്ത നഗരമായ അല്‍-ദിരിയാത്തിന്റെ അധിപതി മുഹമ്മദ് ഇബ്‌സ സഉദ് 1740ല്‍ വഹ്ഹാബിന് അഭയം കൊടുത്തു. ഇബ്‌സ സഉദും വഹാബും തമ്മില്‍ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു. മതത്തിന്റെ സൈദ്ധാന്തിക കാര്യങ്ങള്‍ വഹ്ഹാബ് നിര്‍ണയിക്കും. സിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള ചുമതല ഇബ്‌സ സഉദിനായിരിക്കും. തുടര്‍ന്ന് ഇബ്‌സ സഉദും കുടുംബാംഗങ്ങളും ചേര്‍ന്ന് വഹ്ഹാബിന്റെ തത്വങ്ങള്‍ അല്‍-ദിരിയാത്തിലും അടുത്ത നഗരങ്ങളിലും ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ തുടങ്ങി. ക്രമേണ അത് നഗരങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും പിടിച്ചടക്കലുകളായി മാറി. ഇസ്ലാമിന്റെ പുണ്യനഗരങ്ങളായ മക്കയും മദീനയും സഉദ് കുടുംബത്തിന്റെ കൈവശമായതോടെ ഇസ്ലാംമതത്തിന്റെ പുതിയൊരു രാഷ്‌ട്രം സ്ഥാപിക്കുകയായി സഉദ്കുടുംബത്തിന്റെ ലക്ഷ്യം.

സഉദി ഭരണകൂടം മക്കയിലും മദീനയിലും വരുത്തിയ പ്രധാന പരിഷ്കാരം ചരിത്രപ്രാധാന്യമുള്ള സ്‌മാരകങ്ങളുടെ നശീകരണമായിരുന്നു. മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ ശവകുടീരവും നശിപ്പിക്കപ്പെട്ട സ്‌മാരകങ്ങളില്‍പ്പെടും.

ഇസ്ലാംമതം അപകടത്തിലാണെന്ന ധാരണ ഇബ്‌സ വഹ്ഹാബിന്റെ മനസ്സില്‍ ഉടലെടുക്കാന്‍ കാരണം ഉസ്‌മാനിയ സാമ്രാജ്യം അറേബ്യന്‍ ഉപദ്വീപ് സ്വന്തമാക്കാന്‍ നടത്തിയ നീക്കങ്ങളാണ്. തുര്‍ക്കികള്‍ മുസ്ലിങ്ങളാണെങ്കിലും അറബികളേക്കാള്‍ തരം താണവരാണെന്ന പൊതു ബോധമാണ് അറബികള്‍ക്കുണ്ടായിരുന്നത്. തുര്‍ക്കികളുടെ ആധിപത്യം അറബികള്‍ക്ക് അസ്വീകാര്യമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ ഇബ്‌സ സഉദിന്റെ കുടുംബം ആരംഭിച്ച സൈനിക നീക്കങ്ങള്‍ 140 വര്‍ഷക്കാലം തുടര്‍ന്നു.

സഉദ് കുടുംബം പിടിച്ചടക്കിയ അറേബ്യയുടെ ഭാഗങ്ങള്‍ 1922ല്‍ ലീഗ് ഓഫ് നേഷന്‍സ് മാന്‍ഡേറ്റ് അനുസരിച്ച് ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സഉദി അറേബ്യ എന്ന പേരില്‍ രാഷ്‌ട്രമായി അംഗീകരിച്ചു. വഹ്ഹാബി പ്രസ്ഥാനം സൌഉദി അറേബ്യയുടെ ഔദ്യോഗികമതമായി. എണ്ണ കണ്ടെത്തുന്നതുവരെ ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ സഉദി അറേബ്യ എന്ന വഹ്ഹാബി രാഷ്‌ട്രത്തിന് ഉണ്ടായിരുന്നുള്ളു. എണ്ണ കണ്ടെത്തിയതോടെ രാഷ്‌ട്രത്തിന്റെ വരുമാനം വര്‍ധിച്ചു. ലോകത്തെങ്ങും വഹ്ഹാബി ഇനത്തിലുള്ള ഇസ്ലാംമതം പ്രചരിപ്പിക്കാന്‍ നിര്‍ലോപം പണം ചെലവഴിക്കാന്‍ തുടങ്ങി. അതുകൊണ്ടാണ് സഉദി മാതൃകയിലുള്ള ഇസ്ലാമിന് ഇസ്ലാം വിരോധികള്‍ “പെട്രോ ഇസ്ലാം” എന്ന പേര് നല്‍കിയത്. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള ഇസ്ലാമിക തീവ്രവാദിപ്രസ്ഥാനങ്ങള്‍ക്കും സഉദി അറേബ്യയില്‍ നിന്ന് ധനസഹായം എത്തുന്നുണ്ട്.
മതതീവ്രവാദവും പുനരുജ്ജീവനത്വരയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യഥാര്‍ഥ സാമ്രാജ്യവിരുദ്ധ നിലപാടെടുക്കാനുള്ള ഇസ്ലാമിന്റെ സാധ്യതകളെ തടയുകയാണ് അമേരിക്കയുടെ സഖ്യകക്ഷിയായ സഉദി അറേബ്യയുടെയും അതിന്റെ ഔദ്യോഗികമതമായ വഹ്ഹാബിയത്തിന്റെയും ഇന്നത്തെ ലക്ഷ്യം.

സലഫിയ (സലഫിസം)

ഇസ്ലാമിലെ പുനരുജ്ജീവനത്തെ തജ്‌ദീദ് എന്നും നവീകരണത്തെ ഇസ്ലാഹ് എന്നും പറയുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ഇസ്ലാമിക പുനരുജ്ജീവനപ്രസ്ഥാനങ്ങള്‍ക്ക് പൊതുവില്‍ കൊടുത്തിരിക്കുന്ന പേരാണ് സലഫിയ. ഇംഗ്ളീഷില്‍ സലഫിസം എന്നാണ് പറയാറ്. സലഫ് എന്ന വാക്കിനര്‍ഥം പൂര്‍വികര്‍ എന്നാണ്. സലഫ് അസ്-സാലിഹ് (ധര്‍മനിഷ്ഠരായ പൂര്‍വികര്‍) എന്നാണ് പൂര്‍ണരൂപം. പൂര്‍വികരുടെ കാലത്തേക്ക് തിരിച്ചുപോകണമെന്നാണ് സലഫിയ പ്രസ്ഥാനക്കാരുടെ മുദ്രാവാക്യം. മുഹമ്മദ് നബിയുടെയും സഹാബികളുടെയും തലമുറയാണ് മുസ്ലിങ്ങളുടെ ആദ്യത്തെ തലമുറ. അടുത്ത രണ്ടു തലമുറകളോടെ ഇസ്ലാം മതം അതിന്റെ എല്ലാ നിയമങ്ങളോടും ചട്ടങ്ങളോടും കൂടി പൂര്‍ണമായി എന്നാണ് സലഫിയക്കാരുടെ വാദം. രണ്ടാമത്തെ തലമുറ ‘താബിഈന്‍’ എന്നും മൂന്നാമത്തെ തലമുറ ‘തബാഅത്ത് താബിഈന്‍’ എന്നുമാണ് അറിയപ്പെടുന്നത്. ഈ മൂന്നു തലമുറകള്‍ക്കുശേഷം ജീവിച്ചിരുന്നവര്‍ മതത്തില്‍ അനുചിതമായ ചില പരിഷ്കരണങ്ങള്‍ (ബിദ്അത്ത്) വരുത്തിയതുകൊണ്ട് വിശ്വാസികള്‍ യഥാര്‍ഥ മതത്തില്‍ നിന്നു വ്യതിചലിച്ചുവെന്നും അതുകൊണ്ട് പൂര്‍വികരുടെ കാലത്തുണ്ടായിരുന്ന മതത്തിലേയ്ക്ക് തിരിച്ചു പോകണമെന്നുമാണ് സലഫിയ പ്രസ്ഥാനക്കാരുടെ ശാഠ്യം.

സലഫിയ പ്രസ്ഥാനം ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈജിപ്തിലാണ്. കെയ്റോയിലെ അല്‍-അസ്‌ഹര്‍ ഇസ്ലാമിക സര്‍വകലാശാലയിലെ പണ്ഡിതന്‍മാരാണ് പുതിയ മതചിന്തയ്ക്ക് തുടക്കം കുറിച്ചത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ലോ സ്കൂളിലെ നിയമ പണ്ഡിതന്‍ അലി ഖാന്‍ പുതിയ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത് ഇജ്‌തിഹാദിന്റെ (സ്വതന്ത്രനിയമവിധിയുടെ) രണ്ടാം യുഗമെന്നാണ്. മുഹമ്മദ് അബ്‌ദു, റശീദ് റിദ, ജമാല്‍ അദ്-ദീന്‍ അഫ്‌ഗാനി തുടങ്ങിയവര്‍ സലഫിയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഇവര്‍ക്കു മുമ്പ് പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഇസ്ലാംമത പുനരുജ്ജീവന പ്രസ്ഥാനം തുടങ്ങിയ മുഹമ്മദ് ഇബ്‌സ അബ്ദല്‍ വഹ്ഹാബിനെ ചിലര്‍ സലഫിയ പ്രസ്ഥാനത്തിന്റെ ആരംഭകനായിട്ടും വഹ്ഹാബിയ്യത്ത് പ്രസ്ഥാനത്തെ (വഹ്ഹാബിസം) സലഫിയ പ്രസ്ഥാനത്തിന്റെ ഭാഗമായും ചിലര്‍ അവതരിപ്പിക്കാറുണ്ട്.

രണ്ടു പ്രസ്ഥാനങ്ങളും സാരാംശത്തില്‍ ഒന്നാണെങ്കിലും വഹാബിന്റെ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണം യൂറോപ്പിന്റെ കോളണിവാഴ്‌ചയായിരുന്നില്ല മറിച്ച് ഉസ്‌മാനിയ സാമ്രാജ്യം അറേബ്യ കീഴടക്കുമെന്ന ഭയമായിരുന്നു.

സലഫികള്‍ പല വിഭാഗങ്ങളായി ഭിന്നിച്ചു നില്‍ക്കുന്നു. ചില വിഭാഗങ്ങള്‍ ഇസ്ലാമിക ഭരണകൂടം വേണ്ടെന്ന് വാദിക്കുന്നവരാണ്. പക്ഷേ എല്ലാ വിഭാഗങ്ങളും ഒരുപോലെ ഇസ്ലാമിനെ രക്ഷിക്കാന്‍, അതായത് ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ജിഹാദ് (യുദ്ധം) ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. യൂറോപ്പിന്റെ കോളണി വാഴ്‌ചയില്‍ അമര്‍ന്ന ഇസ്ലാമിന് നഷ്ടപ്പെട്ട സാമ്രാജ്യങ്ങളും രാഷ്‌ട്രങ്ങളും പുനഃസ്ഥാപിക്കുക അസാധ്യമാണെന്ന നൈരാശ്യബോധമാണ് ഇസ്ലാമിക ഭരണകൂടം ആവശ്യമില്ലെന്ന ചിന്തയില്‍ അവരെ കൊണ്ടുചെന്നെത്തിച്ചത്. ഇസ്ലാംമതത്തിന് രാഷ്‌ട്രീയം വേണമെന്ന് തന്നെയാണ് എല്ലാ സലഫികളുടെയും അഭിപ്രായം. ശരീഅത്ത്നിയമങ്ങള്‍ സംരക്ഷിക്കാനും നടപ്പിലാക്കാനും ജിഹാദ് ചെയ്യണമെന്ന വാദം ഇസ്ലാം മതത്തില്‍ രാഷ്‌ട്രീയം അന്തര്‍ലീനമാണെന്ന വസ്‌തുതയാണ് തെളിയിക്കുന്നത്.

ഇസ്ലാംമതം ശരിയായ മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചതുകൊണ്ടാണ് കോളണിവാഴ്‌ചയ്ക്കടിമപ്പെട്ട് മുസ്ലിങ്ങള്‍ക്ക് കഴിയേണ്ടിവന്നത് എന്ന ചിന്തയാണ് സലഫിയ പ്രസ്ഥാനം ഉദ്ഭവിക്കാനുണ്ടായ യഥാര്‍ഥ കാരണം. അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി നേരിട്ട് രൂപം കൊടുത്ത മതത്തിന് ഇങ്ങനെയൊരു അധഃസ്ഥാവസ്ഥ വരാന്‍ മറ്റൊരു കാരണവുമില്ലെന്നായിരുന്നു സലഫികളെ നയിച്ച ചിന്ത. ബാബിലോണിലെ പ്രവാസകാലത്ത് ജൂതരെ നയിച്ചിരുന്ന ചിന്തയും ഇതു തന്നെയായിരുന്നു. യഹോവയുടെ ദത്തുജനതയായ ഇസ്രായേല്യര്‍ യഹോവയുടെ മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചതുകൊണ്ടാണ് ബാബിലോണില്‍ അടിമകളായി പ്രവാസ ജീവിതം നയിക്കേണ്ടിവന്നത്.

സയ്യിദ് ജമാലുദ്ദീന്‍ അഫ്‌ഗാനിയും പാന്‍ ഇസ്ലാമിസവും

പൂര്‍വികരുടെ കാലത്തേയ്‌ക്കുള്ള പിന്നോക്കംപോക്കും മതത്തിന്റെ പ്രതിലോമപരമായ പുനുരുജ്ജീവനവും ലക്ഷ്യമാക്കിയ വഹാബിയ്യത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായി യൂറോപ്പിന്റെ കോളണിവാഴ്‌ചയ്ക്കെതിരെ പോരാടുവാന്‍ ഇസ്ലാംമതത്തെ നവീകരിക്കുകയും രാഷ്‌ട്രീയതലത്തില്‍ പ്രയോഗിക്കുകയും ചെയ്യണമെന്ന് വാദിക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്ത മതപണ്ഡിതനായിരുന്നു സയ്യിദ് ജമാലുദ്ദീന്‍ അഫ്‌ഗാനി (1838-1897). ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും ഇറാനിലാണ്. ശിയവിഭാഗത്തിന്റെ പുണ്യനഗരങ്ങളായ നജഫിലും കര്‍ബലയിലുമാണ് അഫ്‌ഗാനി മതകാര്യങ്ങളില്‍ ഉപരിപഠനം നടത്തിയത്. ഉപരിപഠനം പൂര്‍ത്തിയാക്കി മുജ്‌തഹിദ് സ്ഥാനം ലഭിച്ചതിനുശേം ഇന്ത്യയിലേക്കാണ് വന്നത്.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് അഫ്‌ഗാനി ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി പട്ടാളത്തെ ഉപയോഗിച്ച് സ്വാതന്ത്ര്യ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതിന് അഫ്‌ഗാനി സാക്ഷിയായി. ബ്രിട്ടീഷുകാരുടെ നൃശംസത അഫ്‌ഗാനിയെ ഞെട്ടിച്ചു. അതുമുതല്‍ യുവാവായ അഫ്‌ഗാനിയെ നയിച്ച വികാരം ഇസ്ലാമിക ലോകത്തെയാകെ അടിമത്തത്തിലാഴ്ത്തിയ യൂറോപ്പിന്റെ കോളണിവാഴ്‌ചയോടുള്ള വിരോധമായിരുന്നു. പ്രസംഗങ്ങളിലും സ്വകാര്യസംഭാഷണങ്ങളിലും രചനകളിലും അഫ്‌ഗാനി സാമ്രാജ്യത്വ വിരോധം പ്രകടമാക്കി.

മുസ്ലിങ്ങളുള്‍പ്പെടെ ഇന്ത്യയിലെ ജനങ്ങളെയാകെ ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ബ്രിട്ടന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അഫ്‌ഗാനി ധരിച്ചു. ഇന്ത്യയിലെ മുസ്ലിങ്ങളും അതുതന്നെയാണ് ഭയപ്പെട്ടിരുന്നത്. ഇന്ത്യയില്‍ നിന്നാണ് അഫ്‌ഗാനി മക്കയില്‍ ഹജ്ജിനു പോയത്. ഹജ്ജിനുശേഷം അദ്ദേഹം ഇറാഖ്, തുര്‍ക്കി, പേര്‍ഷ്യ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അഫ്‌ഗാനിസ്ഥാനില്‍ എത്തി. അഫ്‌ഗാനിസ്ഥാനിലെ ഭരണാധികാരി (അമീര്‍) അഅ്സം ഖാനുമായി അഫ്‌ഗാനി അടുത്ത സൌഹൃദത്തിലായി. ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടാന്‍ റഷ്യയുമായി സഖ്യത്തിലേര്‍പ്പെടാന്‍ അഫ്‌ഗാനി അമീറിനെ ഉപദേശിച്ചു. അഅ്സം ഖാനെ സ്ഥാനഭ്രഷ്ടനാക്കി അമീര്‍സ്ഥാനത്ത് എത്തിയ ശേര്‍ അലി ബ്രിട്ടീഷ് അനുകൂലിയായിരുന്നു. ശേര്‍ അലി ഭരണം ഏറ്റെടുത്ത ഉടനെ അഫ്‌ഗാനിയെ നാടുകടത്തി. അദ്ദേഹം ബോംബെ, കെയ്റോ എന്നിവിടങ്ങളില്‍ കുറച്ചുകാലം തങ്ങിയതിനു ശേഷം 1869ല്‍ ഇസ്താംബൂളിലെത്തി.

ഇസ്താംബൂളിലെ ബുദ്ധിജീവികള്‍ മുസ്ലിങ്ങള്‍ പാശ്ചാത്യ ജീവിതരീതി സ്വീകരിക്കണമെന്നും മതനിരപേക്ഷ ഭരണകൂടം സ്ഥാപിക്കണമെന്നും വാദിച്ചിരുന്നു. അഫ്‌ഗാനി അവരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ഇസ്താംബൂളിലെ വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷന്‍ മുനീഫും പുതുതായി സ്ഥാപിക്കപ്പെട്ട സര്‍വകലാശാലയുടെ മേധാവി തഹ്സീനും വിദ്യാഭ്യാസ രംഗത്ത് മതനിരപേക്ഷ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഉലമകളുടെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടുവരികയായിരുന്നു. ശാസ്‌ത്രോന്‍മുഖതയ്‌ക്കും ആധുനികതയ്‌ക്കും ഭംഗം വരാത്ത രീതിയില്‍ വിദ്യാഭ്യാസ പദ്ധതിയില്‍ മതകാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും അതുവഴി യാഥാസ്ഥിതികരായ മതപണ്ഡിതന്‍മാരുടെ എതിര്‍പ്പുകളെ തരണം ചെയ്യാനും വിദ്യാഭ്യാസ വിചക്ഷണരെ ഉപദേശിച്ചത് അഫ്‌ഗാനിയാണ്. പുതിയ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുവാനായി അഫ്‌ഗാനി ക്ഷണിക്കപ്പെട്ടു.

യൂറോപ്യരെപ്പോലെ ശക്തരാകാന്‍ മുസ്ലിങ്ങള്‍ പാശ്ചാത്യ സമ്പ്രദായങ്ങളും ശാസ്‌ത്രങ്ങളും സ്വായത്തമാക്കണമെന്നാണ് പ്രസംഗത്തില്‍ അഫ്‌ഗാനി ഉപദേശിച്ചത്. മറ്റൊരു പ്രസംഗത്തില്‍ പ്രവാചകത്വം സര്‍ഗാത്മകതയുടെ കൌശലമാണെന്ന് പറഞ്ഞത് വിവാദത്തിനും അതിരൂക്ഷമായ എതിര്‍പ്പിനും കാരണമായി. അഫ്‌ഗാനിയെ ക്ഷണിച്ച സര്‍വകലാശാല അധിപനെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്‌തു. അഫ്‌ഗാനിയെ 1871ല്‍ നാടുകടത്തി. ഇസ്താംബൂളില്‍ നിന്നു കെയ്റോയിലെത്തിയ അഫ്‌ഗാനി 1879 വരെ അവിടെ തങ്ങി. ഇവിടെ അദ്ദേഹം യുവാക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയത്. അഫ്‌ഗാനിയുടെ ശിഷ്യരില്‍ ഒരാളായ മുഹമ്മദ് അബ്‌ദു പില്‍ക്കാലത്ത് ഈജിപ്തിലെ മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ സാരഥ്യം ഏറ്റെടുത്തു.

അഫ്‌ഗാനി കെയ്റോയില്‍ തങ്ങിയ 1870കളില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന സുല്‍ത്താന്‍ ഇസ്‌മാഈല്‍ ബ്രിട്ടീഷുകാരുടെ പാവയായിരുന്നു. അയാള്‍ ബ്രിട്ടീഷുകാരുടെ പ്രേരണകള്‍ക്ക് വഴങ്ങി പണം ധൂര്‍ത്തടിച്ച് ഖജനാവ് കാലിയാക്കി. സുല്‍ത്താന്റെ ചെലവുകള്‍ക്ക് പണം കടം കൊടുത്ത് ധൂര്‍ത്തിനെ പ്രോത്സാഹിപ്പിച്ചിരുന്നത് ബ്രിട്ടീഷുകാരാണ്. ബ്രീട്ടന്‍ ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയെ ചൂഷണം ചെയ്തത് കടം കൊടുപ്പിലൂടെ ആയിരുന്നു. കടം തിരിച്ചടയ്ക്കാനായി നികുതികള്‍ വര്‍ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിച്ചു. ദുരിതമനുഭവിക്കാന്‍ തുടങ്ങിയ ജനങ്ങളെ ബോധവത്കരിച്ച് പാശ്ചാത്യര്‍ക്കെതിരായി സംഘടിപ്പിക്കുവാന്‍ അഫ്‌ഗാനി അനുയായികളെ ഉപദേശിച്ചു.

ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ആശയപരമായ ആയുധം കണ്ടെത്താന്‍ അഫ്‌ഗാനി ആശ്രയിച്ചത് ഖുര്‍ആന്‍നെയും ഹദീസുകളെയുമാണ്. ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കാന്‍ മനുഷ്യന്റെ യുക്തിബോധം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. ആധുനികയുഗത്തിന് അനുയോജ്യമാം വിധം സജീവമായ രാഷ്‌ട്രീയപ്രവര്‍ത്തനങ്ങള്‍ക്കു കൂടി മതത്തെ ഉപയോഗിക്കത്തക്ക രീതിയില്‍ ഇസ്ലാമിനെ നവീകരിക്കണമെന്നും അതിനായി മനുഷ്യന്റെ യുക്തി ഉപയോഗിക്കണമെന്നുമായിരുന്നു അഫ്‌ഗാനിയുടെ നിലപാട്. മധ്യകാലത്തെ മുസ്ലിം തത്വചിന്തകര്‍ ഖുര്‍ആന്‍നെ വ്യാഖ്യാനിക്കാന്‍ ഗ്രീക്ക് ചിന്തകനായ അരിസ്‌റ്റോട്ടിലിന്റെ യുക്ത്യധിഷ്ഠിത വ്യാഖ്യാനരീതികള്‍ ഉപയോഗിച്ചതാണ് അഫ്‌ഗാനി മാതൃകയാക്കിയത്. മധ്യകാലത്തെ ചിന്തകരായ മുഅ്തസിലികളുടെ രീതിശാസ്‌ത്രമാണ് അഫ്‌ഗാനി സ്വീകരിച്ചത്. ജീവതത്തില്‍ ആധുനിക ശാസ്‌ത്രത്തിനും ഭരണത്തില്‍ ജനാധിപത്യത്തിനും പാര്‍ലമെന്റ് സമ്പ്രദായത്തിനും സ്ഥാനമുണ്ടെന്ന് ഖുര്‍ആനും ഹദീസുകളും അനുശാസിക്കുന്നതായി അദ്ദേഹം വ്യാഖ്യാനിച്ചു.

പാശ്ചാത്യരുടെ ആശയങ്ങള്‍ സ്വീകാര്യമായിരുന്നെങ്കിലും അടിമത്ത മനോഭാവത്തോട അവ സ്വീകരിക്കുന്നതിനെ അഫ്‌ഗാനി എതിര്‍ത്തു. പാശ്ചാത്യവും ഇസ്ലാമികവുമായ ആശയങ്ങളെ സംയോജിപ്പിച്ച് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാനുള്ള നൂതനമായ ആശയങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരുന്നു അഫ്‌ഗാനിയുടെ ലക്ഷ്യം. മതത്തെ നവീകരിക്കുകയും കൊളോണിയല്‍ വാഴ്‌ചയ്ക്കെതിരെ പടപൊരുതാന്‍ സജ്ജമാക്കുകയും ചെയ്യുന്നതിന് മാത്രമേ പാശ്ചാത്യ ലോകത്തു നിന്നുള്ള ആശയങ്ങളും മാതൃകകളും സ്വീകരിക്കാവൂ എന്നായിരുന്നു അഫ്‌ഗാനിയുടെ നിലപാട്. ആശയപ്രചാരണത്തിനായി പാശ്ച്യാത്യമാതൃകയില്‍ പത്രമാസികകള്‍ പ്രസിദ്ധീകരിക്കുവാന്‍ അഫ്‌ഗാനി അനുയായികളെ ഉപദേശിച്ചു. അഫ്‌ഗാനിയുടെ മതപ്രഭാഷണപരമ്പരകള്‍ പ്രചണ്ഡമായ സാമ്രാജ്യത്വവിരുദ്ധ പ്രചാരണങ്ങളായിരുന്നു. അഫ്‌ഗാനിയുടെ ഈജിപ്തിലെ രാഷ്‌ട്രീയപ്രവര്‍ത്തനം യൂറോപ്പിലെ ഫ്രീമേസണ്‍മാരുടേതുപോലെ രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നുവെന്ന് അലി റഹ്‌നീമ പറയുന്നു.

രഹസ്യ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ധൂര്‍ത്തനും ബ്രിട്ടീഷുകാരുടെ പാവയുമായിരുന്ന സുല്‍ത്താന്‍ ഇസ്‌മാഈലിനെ സ്ഥാനഭ്രഷ്ടനാക്കി പുത്രന്‍ തൌഫീഖിനെ അധികാരത്തിലേറ്റുകയായിരുന്നു. തൌഫീഖിനെ ഭരണത്തിലേറ്റാന്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തൌഫീഖ് അധികാരത്തില്‍ വന്നപ്പോള്‍ ബ്രിട്ടീഷ് വിരുദ്ധ പ്രചാരണങ്ങളുടെ പേരില്‍ ബ്രിട്ടീഷുകാരുടെ പ്രേരണയില്ലാതെ തന്നെ 1879ല്‍ അഫ്‌ഗാനിയെ നാടുകടത്തുകയാണ് ചെയ്തത്. തുടര്‍ന്നുള്ള രണ്ടുവര്‍ഷം അഫ്‌ഗാനി ഇന്ത്യയിലെ മുസ്ലിം നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിലായിരുന്നു.

ഇന്ത്യയില്‍ അദ്ദേഹം എതിര്‍ത്തത് ബ്രിട്ടീഷുകാരെ അനുകൂലിച്ചിരുന്ന പരിഷ്കരണവാദി സയ്യിദ് അഹമ്മദ് ഖാനെയാണ്. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനി ലണ്ടനിലെത്തി. അവിടെവച്ച് ഈജി പ്തിലെ ശിഷ്യന്‍ മുഹമ്മദ് അബ്‌ദുവുമായി ചേര്‍ന്ന് അനുഭാവികളുടെ സാമ്പത്തിക സഹായത്തോടെ അല്‍-ഉര്‍വ അല്‍-വുസ്‌ഗ (ശക്തിയുള്ള ചങ്ങലക്കണ്ണി) എന്ന അറബിഭാഷാപത്രം ആരംഭിച്ചു. അറബിഭാഷയിലുള്ള പത്രം അറബിലോകത്താകെ ആശയപ്രചാരണത്തിന് ഉപകരിച്ചു. കോളണി വാഴ്‌ചയിലൂടെ ഇസ്ലാമിക ലോകത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളെയാണ് അഫ്‌ഗാനി ആക്രമിച്ചുകൊണ്ടിരുന്നത്.

ഈജിപ്തിനെയും സുഡാനെയും പാവകളായ ഭരണാധികാരികളെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്‌തുകൊണ്ടിരുന്ന ബ്രിട്ടനെയാണ് ഏറ്റവും കൂടുതല്‍ ശരവ്യമാക്കിയത്. ആശയ പ്രചാരണത്തിന് പത്രം നടത്തിയതു കൂടാതെ അഫ്‌ഗാനി പല രാജ്യങ്ങളിലും സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ ചെയ്യുകയുമുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ഈജിപ്തിലെ അനുയായികള്‍ അറബിഭാഷയില്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയതോടെ ഇസ്ലാമിക ലോകത്താകെ അഫ്‌ഗാനി അറിയപ്പെടാന്‍ തുടങ്ങി. ലോകത്തിന്റെ എല്ലാ ഭാഗത്തും അഫ്‌ഗാനിക്ക് ശിഷ്യരുണ്ടായി. തുര്‍ക്കിയിലെ യുവജനപ്രസ്ഥാനത്തിന്റെ (യുവതുര്‍ക്കി പ്രസ്ഥാനം) പ്രവര്‍ത്തകന്‍ നമിക് കമാല്‍ സാര്‍വലൌകിക ഇസ്ലാമിക ഐക്യം എന്ന ആശയം മുന്നോട്ടുവച്ചു. കവിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന നമിക് കമാലിന്റെ പ്രവര്‍ത്തനം തുര്‍ക്കിയില്‍ മാത്രം ഒതുങ്ങി നിന്നു. അദ്ദേഹം തുര്‍ക്കിഭാഷയില്‍ രചനകള്‍ നടത്തിയതിനാല്‍ മറ്റുഭാഷകള്‍ സംസാരിക്കുന്നവര്‍ അതിനെക്കുറിച്ചറിഞ്ഞില്ല. അഫ്‌ഗാനി നെമിക്ക് കമാലിന്റെ ആശയം സ്വായത്തമാക്കുകയും അതിന് വ്യാപകമായ പ്രചാരണം നല്‍കുകയും ചെയ്‌തു. സാര്‍വലൌകിക ഇസ്ലാമിക ഐക്യം എന്ന പരികല്പനയെ പാശ്ചാത്യര്‍ പാന്‍-ഇസ്ലാമിസം എന്നാണ് വിളിച്ചത്. യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ നിന്ന് ഇസ്ലാമിനു മോചനം കിട്ടണമെങ്കില്‍ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങള്‍ ഐക്യത്തിലാകണം. ഇതായിരുന്നു പാന്‍-ഇസ്ലാമിസത്തിന്റെ സന്ദേശം. പാന്‍-ഇസ്ലാമിസത്തിനു പിന്നില്‍ 1848ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നു.

യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ നിന്ന് ഇസ്ലാമിന്റെ മോചനം എന്ന ആശയം സാധിതമാകണമെങ്കില്‍ ഇസ്ലാം ശാസ്‌ത്രവിരുദ്ധമാണെന്ന പാശ്ചാത്യരുടെ പ്രചാരണത്തെ എതിര്‍ത്ത് തോല്‍പിക്കുകയും ഇസ്ലാം ശാസ്‌ത്രത്തെ സ്വീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അഫ്‌ഗാനിക്കു മനസ്സിലായി. പാശ്ചാത്യസമൂഹം ശക്തി സംഭരിച്ച് ലോകത്തെ മുഴുവന്‍ കോളണികളാക്കിയത് ആധുനിക ശാസ്‌ത്രത്തിന്റെ നേട്ടമായ സാങ്കേതികവിദ്യകളിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇസ്ലാം ശാസ്‌ത്ര വിരുദ്ധമാണെന്ന് ഫ്രഞ്ച് ചിന്തകാനായ ഏണസ്റ്റ് റെനാങ് ലേഖനമെഴുതി. ആധുനികശാസ്‌ത്രം ഖുര്‍ആനില്‍ അന്തര്‍ലീനമാണെന്ന മറുപടിയാണ് യാഥാസ്ഥിതികരായ പണ്ഡിതന്‍മാര്‍ അവതരിപ്പിച്ചത്. മറിച്ച് ക്രിസ്‌തുമതം ഉള്‍പ്പെടെ എല്ലാ മതങ്ങളും ശാസ്‌ത്രവിരുദ്ധമാണെന്നായിരുന്നു അഫ്‌ഗാനിയുടെ മറുപടി. വിശ്വാസപ്രമണങ്ങള്‍ ശാസ്‌ത്ര വിരുദ്ധം ആയിരിക്കുമ്പോള്‍ തന്നെ ശാസ്‌ത്രത്തിന്റെ നേട്ടങ്ങള്‍ സ്വീകരിക്കുവാന്‍ ശാസ്‌ത്രോന്‍മുഖത കൈവരിക്കുയാണ് ക്രിസ്‌തുമതം ചെയ്തത്. ക്രിസ്‌തു മതത്തേക്കാള്‍ താരതമ്യേന പ്രായക്കുറവുള്ള മതമായതിനാലാണ് ശാസ്‌ത്രോന്‍മുഖത കൈവരിക്കുന്നതില്‍ ഇസ്ലാംമതം പിന്നിലായിപ്പോയത് എന്നായിരുന്നു അഫ്‌ഗാനിയുടെ മറുപടി.

തുര്‍ക്കിയില്‍ കഴിയുമ്പോഴായിരുന്നു അഫ്‌ഗാനിയുടെ അന്ത്യം. കീഴ്ത്താടിയെല്ലിനു ക്യാന്‍സര്‍ ബാധിച്ചാണ് അന്തരിച്ചത്. ഇസ്ലാമിനെതിരെ പാശ്ചാത്യലോകം നടത്തിയ തേജോവധത്തിന്റെ ഫലമായി ഇസ്ലാമിന്റെ സല്‍പ്പേരിനു വന്നുപോയ കളങ്കം മാറ്റുന്നതോടൊപ്പം ഇസ്ലാമിക സാര്‍വലൌകികത വളര്‍ത്തിയെടുത്ത് യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ നിന്ന് ഇസ്ലാമിനെ മോചിപ്പിക്കുക എന്നതായിരുന്നു ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെ സ്വപ്‌നം. സ്വപ്‌നസാക്ഷാത്കാരത്തിന് അന്ധമായി പാശ്ചാത്യാശയങ്ങളെയും ശാസ്‌ത്രസാങ്കേതികവിദ്യകളെയും സ്വായത്തമാക്കുക എന്നതായിരുന്നില്ല കാര്യപരിപാടി. ഇസ്ലാമിന്റെ വേദഗ്രന്ഥത്തിലെയും നബിചര്യകളിലെയും ആശയങ്ങളും മാതൃകകളും ആധുനികയുഗത്തിലെ സാമ്രാജ്യവിരുദ്ധപ്പോരാട്ടങ്ങള്‍ക്കുതകും വിധം പാശ്ചാത്യാശയങ്ങളുമായി സംയോജിപ്പിച്ച് നവീകരിച്ച് ഇസ്ലാമിനെ ആശയപരമായി ആയുധമണിയിക്കുക എന്നതായിരുന്നു ആശയരംഗത്തും പ്രായോഗികരംഗത്തും അഫ്‌ഗാനി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. വിശ്വാസപ്രമാണങ്ങളെ തിരസ്കരിച്ച് ഭൌതികവാദം സ്വീകരിച്ചുകൊണ്ടല്ല, മതത്തിനകത്തുതന്നെ നിന്നുകൊണ്ടാണ് അദ്ദേഹം സാമ്രാജ്യ വിരുദ്ധപ്പോരാട്ടങ്ങള്‍ നടത്തിയത്. ഇസ്ലാം മതത്തെ വിശ്വാസപ്രമാണങ്ങളും മതപണ്ഡിതര്‍ മാത്രം നിയന്ത്രിക്കുന്ന മതനിയങ്ങളും അടങ്ങുന്ന വിശ്വാസ പദ്ധതി എന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന് മത-രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രം (politico-religious ideology) ആക്കിമാറ്റുകയും ആ പ്രത്യയശാസ്‌ത്രത്തെ കൊളോണിയല്‍ വാഴ്‌ചയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ആയുധമാക്കുകയും ചെയ്തതായിരുന്നു അഫ്‌ഗാനയുടെ സംഭാവന.

II

നൈല്‍നദീമുഖത്തെ ഒരു ഗ്രാമത്തിലെ കര്‍ഷകുടുംബത്തില്‍ ജനിച്ച മുഹമ്മദ് അബ്‌ദു (1849-1905) പഠിച്ച് മതപണ്ഡിതനും (ഉലമ) മുഫ്‌തിയുമായപ്പോള്‍ മതപരിഷ്കരണത്തില്‍ ശ്രദ്ധാലുവാകാന്‍ കാരണം കുടുംബ പശ്ചാത്തലമാണെന്ന് അബ്‌ദുവിന്റെ മതപരിഷ്കരണശ്രമങ്ങളെക്കുറിച്ച് പഠനം നടത്തിയ യവോന്‍ ഹദ്ദാദ് പറയുന്നു. അദ്ദേഹത്തിന്റെ പിതാവിന് രണ്ട് ഭാര്യമാരായിരുന്നു. ബഹുഭാര്യത്വംമൂലം കുടുംബങ്ങളിലുണ്ടാകുന്ന കാലുഷ്യങ്ങളെ ക്കുറിച്ച് അബ്‌ദുവിന് നേരിട്ട് അനുഭവങ്ങളുണ്ടായിരുന്നു. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ പാടെ നിരാകരിക്കാന്‍ അബ്‌ദുവിന് കഴിഞ്ഞില്ലെങ്കിലും ശരീഅത്ത് നിയമങ്ങളില്‍ കുടുംബ ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍, വിശേഷിച്ച് സ്‌ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ളവ, പരിഷ്കരിക്കണമെന്ന് ശക്തിയായി വാദിച്ച മതപണ്ഡിതനാണ് അബ്‌ദു.

അബ്‌ദുവിന്റെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ത്തന്നെയായിരുന്നു. അറബി എഴുതാനും വായിക്കാനും ഖുര്‍ആന്‍ ഓതാനും പഠിക്കല്‍ മാത്രമായിരുന്നു അന്നത്തെ പ്രാഥമിക വിദ്യാഭ്യാസം. ബാല്യത്തില്‍ത്തന്നെ അബ്‌ദു ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. പതിമൂന്നാം വയസ്സില്‍ അബ്‌ദുവിനെ താന്ത നഗരത്തിലെ അഹ്മദി മസ്‌ജിദില്‍ പഠിക്കാനയച്ചു. ഈ മസ്‌ജിദിനോടനുബന്ധിച്ചുള്ള വിദ്യാലയത്തിന് കെയ്റോയിലെ അല്‍-അസ്‌ഹര്‍ യൂണിവേഴ്സിറ്റി കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണുണ്ടായിരുന്നത്. ഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളും പാരായണം ചെയ്ത് ഹൃദിസ്ഥമാക്കല്‍ മാത്രമായിരുന്നു അവിടത്തെ പഠനം. മടുപ്പ് തോന്നിയ അബ്‌ദു അതുപേക്ഷിച്ചു. താന്ത മദ്രസയിലെ അനുഭവമാണ് പില്‍ക്കാലത്ത് ഈജിപ്തിലെ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്ന് വാദിക്കാനും അതിനുവേണ്ടി പരിശ്രമിക്കാനും അബ്‌ദുവിനെ പ്രേരിപ്പിച്ചത്.

സൂഫിയായ അമ്മാവന്‍ ശെയിഖ് ദര്‍വീശ് ഖദറുമായുള്ള സഹവാസം ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അബ്‌ദുവിനെ പ്രേരിപ്പിച്ചു. അല്‍-അസ്‌ഹര്‍ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് അബ്‌ദു ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെ സ്വാധീന വലയത്തിലായത്. അല്‍-അസ്‌ഹറിലെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ പുതുതായി സ്ഥാപിച്ച ദാറുല്‍ ഉലൂം കോളേജില്‍ അധ്യാപകജോലി സ്വീകരിച്ചു. ഇവിടെ വെച്ചാണ് അബ്‌ദു തന്റെ ആശയങ്ങള്‍ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിക്കാന്‍ തുടങ്ങിയത്. ദേശീയത, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളോടൊപ്പം വിദ്യാഭ്യാസപരിഷ്‌ക്കാരത്തെക്കുറിച്ചും അബ്‌ദു പ്രചാരണം നടത്തി. ബ്രിട്ടീഷ് വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ അബ്‌ദുവിന്റെ ഗുരുസ്ഥാനീയനായ ജമാലുദ്ദീന്‍ അഫ്‌ഗാനിയെ 1879ല്‍ ഈജിപ്തില്‍നിന്നു നാടുകടത്തിയ കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. ഒപ്പംതന്നെ അബ്‌ദുവിനെയും അധ്യാപകജോലിയില്‍ നിന്നു പിരിച്ചുവിട്ടു. നിര്‍ഭയനായ അബ്‌ദു ബ്രിട്ടീഷ് വിരുദ്ധ പ്രചാരണം ശക്തിയായി തുടര്‍ന്നു. ഗുരുവിനെ നാടുകടത്തിയതിന്റെ മൂന്നാംവര്‍ഷം 1882ല്‍ ശിഷ്യനെയും നാടുകടത്തി.

ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിഷ്‌ക്രിയനായി രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അഫ്‌ഗാനി അബ്‌ദുവിനെ പാരീസിലേക്ക് ക്ഷണിച്ചു. അവിടെവെച്ചാണ് രണ്ടുപേരും ചേര്‍ന്ന് അല്‍-ഉര്‍വ അല്‍-വുസ്‌ഖ (ശക്തമായ ചങ്ങലക്കണ്ണി) എന്ന അറബി പ്രസിദ്ധീകരണം തുടങ്ങിയത്. അതിന്റെ പതിനെട്ട് ലക്കങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നിന്നു പോയത്. പതിനെട്ട് ലക്കങ്ങളേ പുറത്തിറങ്ങിയുള്ളുവെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളുടെ കോളണി വാഴ്‌ച്ചയ്ക്കെതിരെ ശക്തമായ സന്ദേശങ്ങളാണ് ‘ചങ്ങലക്കണ്ണി’ ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്ലിങ്ങളില്‍ എത്തിച്ചത്. പ്രസിദ്ധീകരണം നിലച്ചപ്പോള്‍ അബ്‌ദു ബെയ്റൂത്തില്‍ തിരിച്ചെത്തി ഒരു മുസ്ലിം സ്കൂളിലെ അധ്യാപകനായി. സായാഹ്നങ്ങളില്‍ യുവാക്കള്‍ അബ്‌ദുവിന്റെ വീട്ടില്‍ സമ്മേളിക്കുക പതിവാക്കി. അബ്‌ദുവിന്റെ സംഭാഷണചാതുരി ആസ്വദിക്കാന്‍ മുസ്ലിങ്ങള്‍ മാത്രമല്ല, ജൂതരും ക്രിസ്‌ത്യാനികളും ദ്രൂസുകളും കൂടുമായിരുന്നു. ബെയ്റൂത്തില്‍ വെച്ചാണ് അബ്‌ദു രിസാലത്ത് അത്-തൌഹീദ് (ഏകത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍) എന്ന ദൈവശാസ്‌ത്രഗ്രന്ഥം രചിച്ചത്. The Theology of Unity എന്ന പേരില്‍ ഈ ഗ്രന്ഥം ഇംഗ്ളീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കെയ്റോയിലേക്ക് തിരിച്ചുവരാന്‍ 1888ല്‍ അബ്‌ദുവിന് അനുവാദം കിട്ടി. അധ്യാപക വൃത്തിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു അനുവാദം. ഈജിപ്തിന്റെ മുഫ്തിയായി നിയമിക്കപ്പെട്ട അബ്‌ദു 1905ല്‍ അന്തരിക്കുന്നതുവരെയും വിദ്യാഭ്യാസ പരിഷ്കരണത്തിനു വേണ്ടി യത്നിച്ചു. സൌമ്യനും സഹിഷ്ണുവുമായിരുന്ന അബ്‌ദുവിന്റെ മരണത്തില്‍ അനുശോചിക്കാന്‍ മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും ജൂതരും ഒത്തുകൂടി.

അബ്‌ദുവിന്റെ മനസ്സിനെ അലട്ടിയ പ്രശ്നം ഇസ്ലാമിന്റെ അധഃസ്ഥമായ അവസ്ഥയായിരുന്നു. ആന്തരികവും ബാഹ്യവുമായ കാരണങ്ങളാലാണ് ഇസ്ലാം അങ്ങനെയൊരവസ്ഥയിലായതെന്ന് അബ്‌ദു മനസ്സിലാക്കി. ഇസ്ലാമിനുമേലുള്ള യൂറോപ്പിന്റെ കോളണിവാഴ്‌ചയാണ് ബാഹ്യമായ കാരണം. ഇസ്ലാമിലെ അനൈക്യമാണ് ആന്തരികമായ കാരണമെന്നും അതുമൂലമാണ് യൂറോപ്പിന് ഇസ്ലാമിന്റെ മേല്‍ കോളണി വാഴ്‌ച സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നുമായിരുന്നു അബ്‌ദുവിന്റെ സിദ്ധാന്തം. ഒരു ഖുര്‍ആന്‍ വചനത്തെ ആധാരമാക്കിയാണ് അബ്‌ദു ഈ സിദ്ധാന്തം ആവിഷ്കരിച്ചത്.
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക; പരസ്പരം തര്‍ക്കിക്കരുത്; അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിക്കുകയും ചെയ്യും... (ഖുര്‍ആന്‍ 8.46)

തര്‍ക്കങ്ങളും വിഭാഗീയതയും ഇസ്ലാമിന്റെ ശക്തി ക്ഷയിപ്പിച്ചു; യുക്തി ഉപയോഗിച്ച് സ്വതന്ത്രമായി വിധികല്പിക്കുന്ന സമ്പ്രദായം (ഇജ്‌തിഹാദ്) ഉപേക്ഷിച്ചതുകാരണം ഇസ്ലാം നിശ്ചലാവസ്ഥയിലുമായി. ഇക്കാരണങ്ങളാലാണ് ഇസ്ലാമിനു മേല്‍ യൂറോപ്പിന് കോളണിവാഴ്‌ച ഉറപ്പിക്കാന്‍ കഴിഞ്ഞത്. ശക്തി വീണ്ടും സംഭരിച്ച് കോളണിവാഴ്‌ചയില്‍ നിന്നു മോചനം നേടാന്‍ ഇസ്ലാം പൂര്‍വികരുടെ (സലഫ്) കാലത്തേക്ക് തിരിച്ചുപോകണം.
സലഫിയ സിദ്ധാന്തം അബ്‌ദു അംഗീകരിച്ചെങ്കിലും മതത്തിന്റെ പ്രതിലോമപരമായ പുനരുജ്ജീവനമായിരുന്നില്ല അബ്‌ദുവിന്റെ ലക്ഷ്യം. മുസ്ലിങ്ങള്‍ മുഹമ്മദ് നബിയെയും സഹാബികളെയും മാത്രമേ മാതൃകയാക്കാവൂ. വിശ്വാസയോഗ്യമായ പാഠം ഖുര്‍ആന്‍ മാത്രമാണെന്നും മറ്റെല്ലാ ഗ്രന്ഥങ്ങളും ഖുര്‍ആന്‍ വചനങ്ങളെ അടിസ്ഥാനമാക്കി സത്യാവസ്ഥ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ സ്വീകരിക്കാവൂ എന്നും അബ്‌ദു അഭിപ്രായപ്പെട്ടു. മനുഷ്യന്റെ യുക്തി ഉപയോഗിച്ച് ഖുര്‍ആന്‍ വചനങ്ങളെ ആധാരമാക്കി നിയമനിര്‍മാണം നടത്തുകയും വിധികല്പനകള്‍ പുറപ്പെടുവിക്കുകയും വേണം. ജമാലുദ്ദീന്‍ അഫ്‌ഗാനിയേക്കാള്‍ കൂടുതലായി വ്യക്തിജീവിതത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഖുര്‍ആന് അബ്‌ദു പ്രാധാന്യം നല്‍കി.

ഫ്രാന്‍സിലെ വിദേശകാര്യമന്ത്രിയായിരുന്ന ഗാബ്രിയേ ഹേനോത്തോ (Gabriel Hanoteaux) ഇസ്ലാമിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ആര്യവംശത്തില്‍ നിന്നുത്ഭവിച്ച യൂറോപ്യന്‍ സംസ്കാരം മഹത്തായത്. സെമിറ്റിക് വംശത്തിന്റെ അധമമായ സംസ്കാരമാണ് ഇസ്ലാമിനുള്ളത്. ഇതായിരുന്നു ഹേനോത്തോയുടെ വാദം. പാശ്ചാത്യര്‍ ഇസ്ലാമിനുമേല്‍ മേധാവിത്വം സ്ഥാപിച്ചത് സാംസ്കാരികമായ മഹത്വത്തിന്റെ തെളിവാണത്രേ. പാശ്ചാത്യരുടെ മഹത്വത്തിന്റെ അടിസ്ഥാനം ക്രിസ്‌തുമതവും. പാശ്ചാത്യ സംസ്കാരത്തിന്റെ സര്‍ഗാത്മകതയും നൈപുണിയും ഉത്ഭവിച്ചത് ആര്യവംശപാരമ്പര്യത്തില്‍ നിന്നാണെന്നും ഹേനോത്തോ സിദ്ധാന്തിച്ചു. ക്രിസ്‌തുമതവും ആര്യവംശ മേന്മയും സമ്മേളിച്ചതിന്റെ ഫലമായിട്ടാണ് പാശ്ചാത്യര്‍ക്ക് ഇസ്ലാമിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇസ്ലാമിന്റെ അധഃസ്ഥാവസ്ഥയുടെ പ്രധാനകാരണം അത് സെമിറ്റിക്ക് വംശത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നുവെന്നതാണെന്നും ഹേനോത്തോ അഭിപ്രായപ്പെട്ടു.

യൂറോപ്പിന്റെ സംസ്കാരം യഥാര്‍ഥത്തില്‍ സെമിറ്റിക് വംശപാരമ്പര്യത്തില്‍ നിന്നുത്ഭവിച്ചതാണെന്നായിരുന്നു അബ്‌ദുവിന്റെ മറുപടി. പേര്‍ഷ്യ, ഈജിപ്ത്, റോം, ഗ്രീസ് എന്നീ പൂരാതനസംസ്കാരങ്ങളില്‍ നിന്നു സ്വായത്തമാക്കിയ വിജ്ഞാനത്തെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്തത് ഇസ്ലാമാണ്. അതിന്റെ ഒരു ഭൂമിക അന്തലൂസ് (സ്പെയിന്‍) ആയിരുന്നു. അവിടത്തെ ക്രൈസ്തവ പുരോഹിതവര്‍ഗം അവരുടെ അധികാരം നഷ്ടപ്പെടുമെന്ന് കണ്ട് അതിനെ ഉന്മൂലനം ചെയ്യാന്‍ പരമാവധി ശ്രമിച്ചു.

സെമിറ്റിക് വംശത്തിന്റെ മതം ഏകദൈവവിശ്വാസം ആയതുകൊണ്ടാണ് സാസ്കാരികമായ അഭ്യുന്നതി നേടാന്‍ കഴിഞ്ഞതെന്നായിരുന്നു അബ്‌ദുവിന്റെ സിദ്ധാന്തം. ക്രിസ്‌തുമതത്തിന്റെ വേദഗ്രന്ഥത്തിലെ സുവിശേഷങ്ങള്‍ ജീവിതത്തില്‍നിന്നു പിന്തിരിഞ്ഞുപോയി സംന്യാസമനുഷ്ഠിക്കാന്‍ ഉപദേശിക്കുമ്പോള്‍ ഇസ്ലാമിന്റെ ഖുര്‍ആന്‍ ജീവിതോന്മുഖത നിലനിര്‍ത്താനാണ് അനുശാസിക്കുന്നതെന്നും അബ്‌ദു വാദിച്ചു. ക്രിസ്‌തുമതത്തിന്റെ അടിത്തറ ദിവ്യാത്ഭുതങ്ങളുടെ കഥകളിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. മറിച്ച് ഇസ്ലാമിന്റെ അടിത്തറ യാഥാര്‍ഥ്യങ്ങളിലും-അബ്‌ദു വാദിച്ചു; ഒരു മതപണ്ഡിതന്റെ വാചാലതയോടെ.

ഏതായാലും, പാശ്ചാത്യ സംസ്കാരത്തിനെതിരെയുള്ള അബ്‌ദുവിന്റെ മറ്റൊരു വിമര്‍ശനം കഴമ്പുള്ളതായിരുന്നു. പാശ്ചാത്യരുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നായിരുന്നു അബ്‌ദുവിന്റെ വിമര്‍ശം. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും പാശ്ചാത്യര്‍ ലോകത്തെങ്ങുമുള്ള ജനതകളെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയും അടിമത്തത്തില്‍ അടിച്ചമര്‍ത്തുകയും ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന് അബ്‌ദു രോഷത്തോടെ ചൂണ്ടിക്കാണിച്ചു.

ഇസ്ലാമിനെതിരായി പാശ്ചാത്യര്‍ നടത്തിയ ആക്രമണം അബ്‌ദുവിനെ പ്രകോപിപ്പിക്കുകയും കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങളില്‍ നിന്നു ശ്രദ്ധ മതത്തെ രക്ഷിക്കുവാനുള്ള ആശയപരമായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്‌തുവെന്ന് ഈ വാദപ്രതിവാദങ്ങള്‍ വ്യക്തമാക്കുന്നു. യാഥാസ്ഥിതികരായ ഉലമാക്കളില്‍നിന്നു വ്യത്യസ്തമായി ഇസ്ലാംമത ചിന്തകളെ നവീകരിച്ചുകൊണ്ടുവേണം മതത്തെ രക്ഷിക്കേണ്ടത് എന്ന നിലപാടാണ് മുഹമ്മദ് അബ്‌ദു സ്വീകരിച്ചത്. ഇസ്ലാമിന് ശാസ്‌ത്രസാങ്കേതികരംഗങ്ങളിലെ നേട്ടങ്ങള്‍ അന്യമല്ലെന്നും അവയെല്ലാം സ്വായത്തമാക്കി ഇസ്ലാം ആധുനികയുഗത്തിന് അനുയോജ്യമായ മതമാണെന്ന് തെളിയിക്കണമെന്നുമായിരുന്നു അബ്‌ദുവിന്റെ അഭിപ്രായം. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് അബ്‌ദു ഇസ്ലാമിന്റെ ദൈവശാസ്‌ത്രം (theology) നവീകരിക്കാനുള്ള ശ്രമം നടത്തി.
അബ്‌ദു ഇസ്ലാമിനു നല്‍കിയ സംഭാവനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മതവിദ്യാഭ്യാസം കാലോചിതമായി പരിഷ്കരിക്കണമെന്നും ശരീഅത്ത് നിയമങ്ങള്‍ സ്‌ത്രീകള്‍ക്കനുകൂലമായി ഭേദഗതിചെയ്യണമെന്നും ഉള്ള ആശയങ്ങളാണ്.

രാഷ്‌ട്രീയത്തില്‍ അബ്‌ദുവിന്റെ മുഖ്യ എതിരാളി ഫറാഹ് അന്തൂന്‍ (1874-1922) ആയിരുന്നു. ലബനനിലെ ട്രിപ്പോളിയില്‍ ജനിച്ച അന്തൂന്‍ ജീവിതത്തിന്റെ അധികഭാഗവും ചെലവഴിച്ചത് കെയ്റോയിലായിരുന്നു. ക്രിസ്‌ത്യാനിയായ അന്തൂന്‍ ഇസ്ലാമിനെക്കുറിച്ച് അവഗാഹമായി പഠിച്ചു. അറബിഭാഷയില്‍ അല്‍-ജാമിഅ (സമൂഹം) എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം നടത്തിയിരുന്നു. പാശ്ചാത്യരുടെ ആക്രമണങ്ങളില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വാദിച്ച അന്തൂന്‍ രാഷ്‌ട്രീയത്തിന്റെ കാര്യത്തില്‍ അബ്‌ദുവുമായി ഏറ്റുമുട്ടി. ഭരണകൂടം മതനിരപേക്ഷമായിരിക്കണം എന്നായിരുന്നു അന്തൂനിന്റെ ശക്തമായ അഭിപ്രായം. പാശ്ചാത്യര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞത് മതത്തെയും ഭരണകൂടത്തെയും വേര്‍പെടുത്തിയതുകൊണ്ടാണെന്നും അന്തൂന്‍ വാദിച്ചു.

പാശ്ചാത്യര്‍ മതത്തെയും ഭരണകൂടത്തെയും വേര്‍പെടുത്തിയെന്ന് പറയുന്നത് മിഥ്യയാണെന്നായിരുന്നു അബ്‌ദുവിന്റെ മറുപടി. പള്ളി ഭരണകൂടത്തെ നേരിട്ടല്ലെങ്കിലും നിയന്ത്രിക്കുന്നുണ്ട്. പള്ളി തന്നെ ഒരു ഭരണകൂടമാണ്. ഇസ്ലാം സാമൂഹികപുരോഗതിക്ക് എതിരല്ല. ഉമ്മത്ത് (സമുദായം) ആണ് ഭരണാധികാരിയുടെ അധികാരത്തിന്റെ സ്രോതസ്സ്. അതുകൊണ്ട് ഭരണകൂടം ലക്ഷ്യമാക്കേണ്ടത് ഉമ്മത്തിന്റെ (സമൂഹത്തിന്റെ) നന്മയായിരിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നുണ്ടെന്നായിരുന്നു അബ്‌ദുവിന്റെ വാദം. ഭരണാധികാരികള്‍ മതപണ്ഡിതന്‍മാരുടെ ഫത്വ (മതവിധി) കള്‍ക്ക് അനുസൃതമായി ഭരണനിര്‍വഹണം നടത്തിയാല്‍ സാമൂഹികമായ അഭ്യുന്നതി കൈവരിക്കാന്‍ കഴിയുമെന്ന് അബ്‌ദുവിന് ഉറപ്പുണ്ടായിരുന്നു.
ഫലത്തില്‍ ജനാധിപത്യം, മതനിരപേക്ഷ ഭരണകൂടം തുടങ്ങിയ ആധുനിക രാഷ്‌ട്രമീമാംസാ തത്വങ്ങളുടെ നിഷേധമായിരുന്നു അബ്‌ദുവിന്റെ മതരാഷ്‌ട്രീയ സിദ്ധാന്തങ്ങള്‍. എങ്കിലും കോളണി വാഴ്‌ചയ്ക്കെതിരെ പോരാടുന്ന ഒരു പ്രത്യയശാസ്‌ത്രായുധമായി മതത്തെ ഉപയോഗിക്കണമെന്ന അബ്‌ദുവിന്റെ വാദം ആ കാലഘട്ടത്തിന് അനുയോജ്യമായിരുന്നു.

മുഹമ്മദ് റശീദ് റിദ

മുഹമ്മദ് അബ്‌ദുവിന്റെ ശിഷ്യരില്‍ ഏറ്റവും പ്രമുഖനായിരുന്ന റിദ (1865-1935) ജനിച്ചത് സിറിയയിലാണെങ്കിലും ജീവതത്തിന്റെ അധികഭാഗവും കഴിച്ചത് ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലാണ്. റിദയുടെ പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തിലെ കുത്തബില്‍ (ഖുര്‍ആന്‍ പാഠശാല) ആയിരുന്നു. ഖുര്‍ആന്‍ ഓതി ഹൃദിസ്ഥമാക്കല്‍ മാത്രമായിരുന്നു കുത്തബുകളിലെ പഠനം. കൂടാതെ അറബി ഭാഷ എഴുതാനും വായിക്കാനും, കണക്ക് കൂട്ടാനും പഠിക്കണം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ട്രിപ്പോളിയിലെ ദേശീയ പ്രാഥമിക വിദ്യാലത്തില്‍ ചേര്‍ന്നു. അവിടെ അധ്യയന മാധ്യമം തുര്‍ക്കിഭാഷയായിരുന്നതുകൊണ്ട് റിദ പഠനം ഉപേക്ഷിച്ച് അറബി ഭാഷയില്‍ അധ്യയനം നടത്തിയിരുന്ന ദേശീയ ഇസ്ലാമിക പാഠശാലയില്‍ ചേര്‍ന്നു.

പഠിക്കുന്ന കാലത്ത് ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെയും മുഹമ്മദ് അബ്‌ദുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി. 1894ല്‍ മുഹമ്മദ് അബ്‌ദു ട്രിപ്പോളി സന്ദര്‍ശിച്ചപ്പോളാണ് നേരിട്ട് പരിചയപ്പെട്ടതും അനുയായി ആയതും. റിദയെ അബ്‌ദു കെയ്റോയിലേയ്ക്ക് ക്ഷണിച്ചു. റിദ കെയ്റോയിലെത്തിയ ഉടനെ രണ്ടു പേരും ചേര്‍ന്ന് അല്‍-മനാര്‍ (ദീപസ്തംഭം) എന്ന മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. 1905ല്‍ അബ്‌ദു അന്തരിച്ചതിനുശേഷം റിദ തനിയെയാണ് അല്‍-മനാറിന്റെ പ്രസിദ്ധീകരണം തുടര്‍ന്നത്.

റിദയുടെ ആശയങ്ങള്‍ അബ്‌ദുവിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായിരുന്നു. റിദയുടെ മനസ്സിനെ അലട്ടിയ പ്രശ്നം ഇസ്ലാമിക മതപണ്ഡിതത്മാരുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയും കടുത്ത യാഥാസ്ഥിതിക മനോഭാവവുമായിരുന്നു. മതവിദ്യാഭ്യാസം പരിഷ്കരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് റിദ നിരന്തരം പ്രചാരണം നടത്തി. അബ്‌ദുവിനെപ്പോലെ റിദയും സലഫിയ പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ചു.
പൂര്‍വികരെ മാതൃകയാക്കുമ്പോള്‍ ഭൂതകാലത്തേക്ക് തിരിച്ചു പോവുകയല്ല, ആധുനിക കാലത്തിന് അനുയോജ്യമായ രീതിയില്‍ മതത്തെ നവീകരിക്കുകയാണ് വേണ്ടതെന്ന് റിദ വാദിച്ചു. ഇസ്ലാമിന്റെ ആദിമരൂപം മാനവികതയും യുക്തിചിന്തയും ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്ന് റശീദ് റിദ അഭിപ്രായപ്പെട്ടു. മുഹമ്മദ് നബിയുടെയും സഹചരന്മാരുടെയും മാതൃക സ്വീകരിച്ച് ആധുനിക യുഗത്തിന് ഇണങ്ങുന്ന വിധത്തില്‍ മതത്തെ നവീകരിക്കാന്‍ മനുഷ്യര്‍ യുക്തി ഉപയോഗിക്കണം. റിദ തന്റെ ആശയങ്ങള്‍ക്കനുസരണമായി സമകാലികപ്രശ്നങ്ങളോട് പ്രതികരിച്ചുകൊണ്ടിരുന്നു.
റഷ്യന്‍ വിപ്ളവം ഇസ്ലാമിന് നിഷിദ്ധമാണെന്ന് വിധിച്ചുകൊണ്ട് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി 1919ല്‍ ബോള്‍ഷെവിക് (കമ്യൂണിസ്റ്റ്) വിരുദ്ധ ഫത്വ പുറപ്പെടുവിച്ചു. അതിനോട് റശീദ് റിദ ഒരു ലേഖനത്തിലൂടെ പ്രതികരിച്ചതിങ്ങനെയാണ്:

റഷ്യയിലും സമീപരാഷ്‌ട്രങ്ങളിലും വ്യാപിച്ച ബോള്‍ഷെവിസത്തെ ഇകഴ്ത്തുന്നത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പതിവാക്കിയിരിക്കുകയാണ്. അവിടങ്ങളില്‍ അരാജകത്വവും അക്രമവും കൊലകളും നടമാടുകയാണെന്ന് അവ പ്രചരിപ്പിക്കുന്നു. മനുഷ്യന്റെ അഭിമാനം ഹനിക്കപ്പെടുകയും സ്വത്ത് അപഹരിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് അവ പ്രചരിപ്പിക്കുന്നത്. ഇംഗ്ളണ്ടും സഖ്യരാജ്യങ്ങളും ബോള്‍ഷെവിസത്തിനെതിരെ പ്രചാരണം നടത്താന്‍ വാക്കും പ്രവൃത്തിയും പണവും മതവും ഉപയോഗിക്കുന്നു. ഈജിപ്തിലെ മുഫ്തി ശൈഖ് മുഹമ്മദ് ബക്ഹിതിനെക്കൊണ്ട് ബോള്‍ഷെവിസത്തെ ഇസ്ലാം നിരോധിച്ചിരിക്കുന്നുവെന്ന് ഫത്വ ഇറക്കിച്ചിരിക്കുകയാണ്. എല്ലാ മതങ്ങളും ബോള്‍ഷെവിസത്തെ നിരോധിച്ചിരിക്കുന്നുവെന്നാണ് പ്രചാരണം. തങ്ങളുടെ രാഷ്‌ട്രങ്ങളിലേക്ക് ബോള്‍ഷെവിസം വ്യാപിക്കുമെന്നും അതിന്റെ ഭരണസംവിധാനവും നിയമങ്ങളും ധര്‍മനീതിയും മേധാവിത്വം സ്ഥാപിക്കുമെന്നും വികസിത രാഷ്‌ട്രങ്ങള്‍ ഭയപ്പെടുന്നു. അവരുടെ ഈ ഭയം തന്നെയാണ് ബോള്‍ഷെവിസവിരുദ്ധ പ്രചാരണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. ബോള്‍ഷെവിസം എല്ലാ മതങ്ങളെയും ധര്‍മനീതികളെയും ധ്വംസിക്കുന്ന തരത്തിലുള്ള ഘോരമാംവിധം ഭയജനകമായ ഒന്നാണെങ്കില്‍ അത് നിലവിലുള്ള മതത്തിനോ ധര്‍മനീതിക്കോ വ്യവസ്ഥിതിക്കോ ഭീഷണിയാവുകയില്ല. കാരണം നന്‍മയുള്ളതിനെ നില നിര്‍ത്തുക എന്നതാണ് അല്ലാഹുവിന്റെ പ്രവര്‍ത്തനമാര്‍ഗം. ബോള്‍ഷെവിസത്തെക്കുറിച്ച് എന്താണഭിപ്രായമെന്ന് പലരും നമ്മോട് ചോദിക്കുന്നു. യഥാര്‍ഥത്തില്‍ അതെന്താണ്? ചില രാഷ്‌ട്രീയക്കാരും ഫത്വയും പറയുന്നത് പോലെ അതില്‍ തിന്‍മയും ദ്രോഹവും മാത്രമാണോ? അത് ഒരു വിഭാഗത്തിനു മാത്രം നന്‍മചെയ്യുന്നതും മറ്റുള്ളവര്‍ക്കെല്ലാം തിന്‍മയും ദ്രോഹവും വരുത്തുന്നതുമാണോ? നമുക്ക് പറയാനുള്ളതിതാണ്: നാം വായിച്ചു പഠിച്ചതില്‍ നിന്നു മനസ്സിലാക്കിയത് അത് ധനാര്‍ത്തിയുള്ള പ്രഭുക്കന്‍മാരെയും, അവരുടെ പിണിയാളുകളെയും, അവരെ പിന്തുണയ്‌ക്കുകുയും സ്വന്തം രാജ്യത്തിലെ തൊഴിലാളികളുടെ അവകാശങ്ങളെ ധ്വംസിക്കുകയും മറ്റുള്ള രാജ്യങ്ങളെ കോളണിവാഴ്‌ചയില്‍ അടിമപ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരികളെയും സ്ഥാനഭ്രഷ്ടരാക്കുന്നു എന്നാണ്. ബോള്‍ഷെവിക്ക് എന്ന വാക്കിന്റെ അര്‍ഥം ഭൂരിപക്ഷം എന്നാണ്. യഥാര്‍ഥഭരണം രാഷ്‌ട്രത്തിലെ ഭൂരിപക്ഷത്തിന്റെ കൈളിലാണെന്നാണ് അതിന്റെ സാരം. ഉസ്‌മാനിയ, പേര്‍ഷ്യാ ഭൂഭാഗങ്ങളെ പങ്കുവെച്ചെടുത്ത ഇംഗ്ളീഷുകാരെയും ഫ്രഞ്ച്കാരെയും ”സഖ്യകകക്ഷികളാക്കിയ സ്വേച്ഛാധിപതിയും ഭീകരനുമായ സാറിനെ സ്ഥാനഭ്രഷ്ടനാക്കിയിട്ടാണ് അത് അധികാരത്തില്‍ വന്നത്. അതിന്റെ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ധരിക്കുക സാധ്യമല്ല. മതത്തെ പിന്തുടരുന്ന ഒരു മുസ്ലിമിന് അതിന്റെ എല്ലാ തത്വങ്ങളും സിദ്ധാന്തങ്ങളും അംഗീകരിക്കാനും കഴിയുകയുമില്ല. പക്ഷേ ഇത് ബോള്‍ഷെവിസത്തിനു മാത്രം ബാധകമായ കാര്യമല്ല. യൂറോപ്പിലും ഈജിപ്ത്, ഉസ്‌മാനിയരാഷ്‌ട്രം തുടങ്ങിയ പൂര്‍വദേശങ്ങളിലും നിലനില്‍ക്കുന്നതും, ഇസ്ലാമിക നിയമങ്ങളെ നിരാകരിക്കുന്നതുമായ നിയമങ്ങള്‍ക്കും ബാധകമാണ്. ജനതകളെ (അവരെല്ലാം തന്നെ തൊഴിലാളികളാണ്) അടിമത്തത്തിലാഴ്ത്തുന്ന വ്യവസ്ഥിതിയെ തൂത്തെറിഞ്ഞ് സോഷ്യലിസം വിജയിക്കണമെന്ന് മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നു. അതേ സമയം ഇസ്ലാമിക നിയമങ്ങളെ നിഷേധിക്കുന്നതായ പ്രവര്‍ത്തനങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നു. അവര്‍ (ബോള്‍ഷെവിക്കുകള്‍) മുസ്ലിങ്ങളല്ലാത്തതുകൊണ്ട് ഇസ്ലാമിക നിയമങ്ങള്‍ അതേപടി നടപ്പിലാക്കുമെന്ന് കരുതുന്നുമില്ല.

മനുഷ്യസമൂഹത്തിന്റെ നന്മയെ ലാക്കാക്കിയുള്ള നിരവധികാര്യങ്ങള്‍ ബോള്‍ഷെവിസത്തില്‍ ഉണ്ടെന്നും അതൊക്കെ സ്വീകരിക്കുകയും അതിന്റെ ദൈവനിഷേധം തിരസ്കരിക്കുകയും ചെയ്യണമെന്നാണ് റശീദ് റിദ ലേഖനത്തില്‍ അഭിപ്രായപ്പെട്ടത്.

പൂര്‍വികരുടെ കാലത്തുണ്ടായിരുന്ന പരിശുദ്ധമതത്തിലേക്ക് തിരിച്ചു പോകണമെന്ന് റശീദ് റിദ വാദിച്ചെങ്കിലും ആധുനികയുഗത്തിലെ മാനവികതയും യുക്തിചിന്തയും കൈവിടാതെ വേണം മതത്തിന്റെ പരിശുദ്ധി വീണ്ടെടുക്കാനെന്നായിരുന്നു റിദയുടെ അഭിപ്രായം. സലഫിയ പ്രസ്ഥാനത്തിന് ആധുനികതയുടെ മാനം റിദ നല്‍കി. യാഥാസ്ഥിതികരായ ഉലമകള്‍ റശീദ് റിദയുടെ നിശിതവിമര്‍ശനത്തിന് വിധേയനായി.

റിദയുടെ അഭിപ്രായത്തില്‍ ഉലമകള്‍ ആധുനികയുഗത്തിന് നിരക്കാത്ത വിധം ജാധിപത്യവിരുദ്ധ ഭരണത്തെയും ഖലീഫയുടെ സ്വേച്ഛാധിപത്യത്തെയും ന്യായീകരിക്കാനും സ്ഥാപനവത്കരിക്കാനും സഹായിക്കുകയാണ് ചെയ്തത്. ഇസ്ലാമിന് ഭരണഘടനാനുസൃതമായ ഗവണ്‍മെന്റാണ് വേണ്ടതെന്ന് റിദ വാദിച്ചു. ഇത് യൂറോപ്പ് പൌരസ്‌ത്യലോകത്തിനും ഇസ്ലാമിനും നല്‍കിയ ഏറ്റവും മഹത്തായ സംഭാവനയാണെന്നും റിദ അഭിപ്രായപ്പെട്ടു. ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ഭരണഘടനയില്‍ ശരീഅത്ത് നിയമങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും റിദയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ ശരീഅത്ത് നിയമങ്ങള്‍ പ്രകാരമുള്ള വിധികള്‍ സ്വതന്ത്രമായ നിഗമനങ്ങളെ (ഇജ്‌തിഹാദ്) അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരിക്കണമെന്നും പൂര്‍വികരുടെ മതനിയമ വിധികളെ അതേപടി അനുകരിച്ചുള്ളവ ആയിരിക്കരുതെന്നും റിദ അഭിപ്രായപ്പെട്ടു.

നബിചര്യകളും നബിവചനങ്ങളും വിവരിക്കുന്ന പല ഹദീസുകളെക്കുറിച്ചും റിദ സംശയാലുവായിരുന്നു. പൊതുജനനന്മയ്ക്ക് വിരുദ്ധമായ ഹദീസുകള്‍ വ്യാജഹദീസുകളാണെന്നും, അവ തിരസ്കരിക്കണമെന്നും റിദ വാദിച്ചു. പാശ്ചാത്യമായ എല്ലാത്തിനെയും തിരസ്കരിക്കണമെന്നല്ല, മറിച്ച് അതില്‍ സ്വീകാര്യമായതിനെ ഇസ്ലാമികചിന്തകളുമായി സംശ്ളേഷിപ്പിച്ച് ഇസ്ലാമിനെ നവീകരിക്കണമെന്ന പുതിയ സിദ്ധാന്തമാണ് റശീദ് റിദ ഇസ്ലാമിക ലോകത്തിനു കാഴ്‌ചവെച്ചത്.

റശീദ് റിദ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സ്വന്തം പത്രാധിപത്യത്തില്‍ നടത്തിയ അല്‍-മനാര്‍ മാസിക 1935ല്‍ അന്തരിക്കുംവരെ മുടക്കം കൂടാതെ നടത്തി. മതപരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലൂടെ യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ നിന്ന് ഇസ്ലാമിനെ മോചിപ്പിക്കുകയാണെന്ന വീക്ഷണത്തില്‍ നിന്ന് റിദ അല്പം പോലും വ്യതിചലിച്ചില്ല. ജമാലുദ്ദീന്‍ അഫ്‌ഗാനി കോളണിവാഴ്‌ചയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കണമെന്ന ആശയക്കാരനായിരുന്നെങ്കില്‍ റശീദ് റിദ മതത്തെയാണ് പ്രധാന ആയുധമായി കണ്ടത്. റശീദ് റിദയുടെ ആശയങ്ങളില്‍നിന്നു വ്യതിചലിച്ച് മതപരമായ യുദ്ധം (ജിഹാദ്) ചെയ്ത് ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കുക എന്ന സിദ്ധാന്തത്തില്‍ ഹസന്‍ അല്‍-ബന്നയും മൌലാനാ മഅ്ദൂദിയും എത്തിച്ചേര്‍ന്നു. അതുകൊണ്ടുതന്നെ അവര്‍ സോഷ്യലിസത്തിന്റെ ബദ്ധശത്രുക്കളുമായി.

*****

ഡോ.എന്‍.എം.മുഹമ്മദലി കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ ഓരോന്നായി യൂറോപ്പിന്റെ കോളണിവാഴ്‌ചയില്‍ അമരാന്‍ തുടങ്ങിയ കാലത്ത് തങ്ങളുടെ മതപരമായ സ്വത്വം അപകടത്തിലാണെന്ന ഭയം ഇസ്ലാംമത വിശ്വാസികളുടെ മനസ്സിനെ അലട്ടി. ക്രിസ്‌തുമതവിശ്വാസികളും വെള്ളക്കാരുമായ യജമാനന്‍മാരുടെ കീഴിലുള്ള അടിമത്ത ജീവിതം മാത്രമായിരുന്നില്ല കാരണം. യൂറോപ്പിലെ ക്രിസ്‌ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന ശ്രമങ്ങളും ഇസ്ലാമിന്റെ ജീര്‍ണതയെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണങ്ങളും മുസ്ലിംമനസ്സുകളില്‍ ഭയാശങ്കളും സംശയങ്ങളും ഉണ്ടാക്കി. ഫ്രഞ്ച് ചിന്തകനും ഹിബ്രൂഭാഷാ പണ്ഡിതനുമായ മാക്സിം റോഡിന്‍സണ്‍ന്റെ അഭിപ്രായം ചരിത്രപരമായും മനഃശാസ്‌ത്രപരമായും പ്രസക്തമാണ്.

കോളണിവാഴ്‌ചയിലായ മുസ്ലിംലോകത്തിന്റെ അധഃസ്ഥാവസ്ഥ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ക്ക് ഇസ്ലാമിനെ തരംതാഴ്ത്തിക്കാണിച്ച് മതപ്രചാരണം നടത്താന്‍ അവസരം നല്‍കി. മതപരിവര്‍ത്തനകുരിശുയുദ്ധം (proselytizing crusade) ആരംഭിക്കുകയും വളരെ വേഗത്തില്‍ വ്യാപിപ്പിക്കുകയും ചെയ്‌തു. അന്നത്തെ കാലത്തെ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി ക്രിസ്‌ത്യന്‍ മിഷണറിമാര്‍ യൂറോപ്പിലെ രാജ്യങ്ങളുടെ ശാസ്‌ത്രസാങ്കേതിക മുന്നേറ്റം ക്രിസ്‌തുമതത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തുകയും മുസ്ലിംലോകത്തിന്റെ നഷ്ടങ്ങള്‍ക്ക് കാരണം ഇസ്ലാംമതമാണെന്ന് ഇകഴ്ത്തുകയും ചെയ്‌തു. ക്രിസ്‌തുമതം പ്രകൃത്യാ തന്നെ പുരോഗതിക്ക് അനുകൂലമാണെന്നും ഇസ്ലാംമതം സാംസ്കാരികവും വികാസപരവുമായ നിശ്ചലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു മിഷണറിമാരുടെ പ്രചാരണം.

ക്രിസ്‌ത്യന്‍ മിഷണറിമാരുടെ ആത്മീയതലത്തിലുള്ള ആക്രമണവും കോളണി വാഴ്‌ച വരുത്തിയ ദുരവസ്ഥയും ഇസ്ലാമിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം അനിവാര്യമാക്കി. കോളണിവാഴ്‌ചയോട് നാലു വിധത്തിലാണ് ഇസ്ലാം പ്രതികരിച്ചത്. ചെറുത്തുനില്പും വിശുദ്ധയുദ്ധവും നിഷ്‌ഫലമാണെന്ന് തോന്നിയ വിഭാഗം നിഷ്‌ക്രിയത്വത്തിലേക്കും നിസ്സഹകരണത്തിലേക്കും പിന്‍വലിഞ്ഞു.....

കോളണിവാഴ്‌ചയ്ക്കെതിരെ ഇസ്ലാമിന്റെ പോരാട്ടങ്ങളെക്കുറിച്ച് ഡോ.എന്‍.എം.മുഹമ്മദലി എഴുതുന്നു.