Thursday, December 24, 2009

നാലാം തൂണ് വില്‍പ്പനയ്ക്ക്

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ 50-ാംലക്കത്തിലെ മുഖപ്രസംഗം

ചുരുള്‍ നിവരുന്ന വിവാദം ദീര്‍ഘനാളായി പൊതുജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുകയാണ്, കാരണം ജനങ്ങള്‍ എന്തറിയണമെന്ന് തീരുമാനിക്കുന്ന കാവല്‍ക്കാരനാണ് ഇതിന്റെ ഉത്തരവാദി. വിവരങ്ങള്‍ അറിയാനുള്ള അവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ, മാധ്യമങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവരങ്ങളുടെമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്നു. മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പല വിധത്തിലുള്ള കവറേജ് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് പരക്കെ ബോധ്യമുള്ള സംഗതിയാണ്. ഇപ്പോള്‍ ഈ പ്രവണത ഔദ്യോഗികവും വ്യവസ്ഥാപിതവുമായി മാറിയിരിക്കുന്നു. പരസ്യങ്ങളുടെ കാര്യത്തില്‍ ചെയ്യുന്നതുപോലെ വാര്‍ത്താമാധ്യമങ്ങള്‍ സ്ഥലം വിറ്റ് കവറേജ് നടത്തുന്നു.

'പണത്തിനു പകരം കവറേജ്' എന്ന അധാര്‍മികപ്രവൃത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട പ്രചാരണവേളയിലാണ് അരങ്ങേറിയത്. സംസ്ഥാന നിയമസഭകളിലേക്ക് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും അനുകൂലമായ മാധ്യമ കവറേജിനുവേണ്ടി വന്‍തോതില്‍ പണം ചെലവിട്ട സംഭവങ്ങളുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ ഈ ദുര്‍വിനിയോഗം ഉന്നതശീര്‍ഷരായ ചില മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ പരാതി പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും ഇതേപ്പറ്റി ഔപചാരിക അന്വേഷണം ആരംഭിക്കുകയുംചെയ്തു. എന്നിട്ടും മാധ്യമങ്ങള്‍തന്നെ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. എന്നാല്‍, ഹൈദരാബാദില്‍ പത്രവ്യവസായത്തിന്റെ ആഗോളസമ്മേളനത്തിന് തുടക്കംകുറിച്ച നാളില്‍ അപവാദത്തെക്കുറിച്ച് 'ദി ഹിന്ദു' ഒന്നാം പേജ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ സൌകര്യപ്രദമായ ഏര്‍പ്പാടിന്റെ മൂടുപടം പൊഴിഞ്ഞുവീണു.

മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഇനിയും വെളിപ്പെടാത്ത കാരണങ്ങളാല്‍, തന്റെ നേട്ടങ്ങളെക്കുറിച്ച് (യഥാര്‍ഥവും സാങ്കല്‍പ്പികവുമായ, കൂടുതലും സാങ്കല്‍പ്പികങ്ങളാണ്) വിവിധ മറാത്താ പത്രങ്ങളില്‍ ഒരേ വാര്‍ത്താകഥകള്‍ വ്യത്യസ്ത ലേഖകരുടെ പേരുകളില്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വര്‍ണിച്ച് ഒട്ടേറെ പത്രങ്ങള്‍ പരസ്യമാണെന്ന സൂചനപോലും നല്‍കാതെ പ്രത്യേക പതിപ്പുകള്‍തന്നെ ഇറക്കി. പണത്തിനുവേണ്ടിയുള്ള നഗ്നമായ ഈ ഇടപെടല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പത്രവ്യവസായം സ്വീകരിച്ച പുതിയ മാതൃകകളുടെ ശരിയായ വിവരണം നല്‍കുന്നു. സമ്പദ്ഘടനയുടെ ചില മേഖലകള്‍ കഴിഞ്ഞ രണ്ട് ദശകത്തില്‍ മാധ്യമങ്ങള്‍ക്ക് ഉത്സാഹഭരിതമായ നേട്ടങ്ങള്‍ സമ്മാനിച്ചു. നിയന്ത്രണരഹിതമായ അന്തരീക്ഷത്തില്‍ ചില മാധ്യമങ്ങള്‍ ആര്‍ഭാടത്തോടെതന്നെ പ്രവര്‍ത്തിച്ചു. നിയന്ത്രണരാഹിത്യം മൂല്യങ്ങളെ നിര്‍ണയിച്ച രണ്ട് ദശകങ്ങളില്‍ മത്സരാധിഷ്ഠിതമായ കമ്പോളസ്ഥലം ഉപയോക്താവിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന മാനദണ്ഡമായി. സോപ്പിന്റെയും അലക്കുപൊടിയുടെയും ടെലിവിഷന്‍ സേവനങ്ങളുടെയും വിമാനയാത്രയുടെയും കാര്യത്തില്‍ ഇതുകൊണ്ട് വലിയ ദോഷം ഉണ്ടായില്ലെന്നു വരാം. പക്ഷേ, വിവരങ്ങളുടെ കാര്യത്തിലും കമ്പോളതാല്‍പ്പര്യം അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ ഇടപെടുമ്പോള്‍ ഫലം സമാനമായിരിക്കില്ല.

വാര്‍ത്തകള്‍ എപ്പോഴും, അച്ചടി-ദൃശ്യമാധ്യമങ്ങളില്‍, അതിന്റെ ചെലവിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന ചരക്കുകളാണ്. പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പത്രവ്യവസായം വക്രമായ സഞ്ചാരപഥത്തിലൂടെ നീങ്ങി വാര്‍ത്തയെ തീരെ വിലയില്ലാത്ത ചരക്കാക്കി മാറ്റിയിരിക്കുന്നു. ഒരു ഉപയോക്താവ് വാങ്ങുന്ന ഉല്‍പ്പന്നം അയാള്‍ക്ക് വിവരങ്ങള്‍ ചെലവു കുറച്ച് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവിധം ഉയര്‍ന്ന വിലയ്ക്ക് മുമ്പേതന്നെ പലതവണ വിറ്റതാണെന്ന് അയാളോട് പറഞ്ഞാല്‍ പ്രതികരണം എന്തായിരിക്കും? വാര്‍ത്തയുടെ പ്രകടമായ രൂപത്തിന് ഉപരിയായി അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുടെ ബഹുമുഖമായ നിഗൂഢ താല്‍പ്പര്യങ്ങള്‍ അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഉപയോക്താവിനോട് വെളിപ്പെടുത്തിയാല്‍ അയാള്‍ ഏതുവിധത്തില്‍ പ്രതികരിക്കും?

പത്രം വാങ്ങാന്‍ മുടക്കുന്ന പണം അതിന്റെ ഉള്ളടക്കം തീരുമാനിക്കാന്‍ ചെലവിട്ട തുകയുമായി താരതമ്യംചെയ്യുമ്പോള്‍ തുച്ഛമായതിനാല്‍ മൂല്യശൃംഖലയിലെ അവസാനത്തെ കണ്ണി മാത്രമാണ് ഉപയോക്താവ്. ഇന്ത്യയിലെ മാധ്യമവ്യവസായം അതിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ നേരിടുകയാണ്. രണ്ടുദശകമായി മാധ്യമവ്യവസായം സ്വീകരിച്ചുവന്ന തന്ത്രപരമായ വഴികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. വാണിജ്യവിജയം നേടാന്‍ പ്രചാരം കൂട്ടുന്നതിനു പകരം പരസ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് 1990കളുടെ മധ്യത്തോടെ മാധ്യമങ്ങള്‍ നീങ്ങിയത് ശരിയായ നടപടി ആയിരുന്നോ എന്ന് ചോദിക്കാന്‍ സമയമായിരിക്കുന്നു. ഇത് രാജ്യത്തെ വന്‍കിട മാധ്യമങ്ങള്‍ കൂട്ടായി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട തന്ത്രപരമായ വ്യതിയാനമായിരുന്നു.

1995ല്‍ മാധ്യമങ്ങള്‍ നിയന്ത്രണവിമുക്തമായതോടെ വന്‍കിട പത്രങ്ങള്‍ അവരുടെ വില കാര്യമായി വെട്ടിക്കുറച്ചു, പത്രങ്ങളുടെ വില അവയുടെ പുനര്‍വില്‍പ്പന മൂല്യത്തിന് തുല്യമാക്കി (കമ്പോളത്തില്‍ പത്രങ്ങളെ ആക്രിവില്‍പ്പന ഉല്‍പ്പന്നങ്ങളാക്കി). മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളടക്കം പാര്‍ശ്വവസ്തുവാക്കി മാറ്റി, കാരണം പ്രസാധകന്റെ കാഴ്ചപ്പാടില്‍ അതിന് മൂല്യം ഒന്നുമില്ല. അന്നുമുതല്‍, പ്രത്യേക താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ഉള്ളടക്കം വരുമാനം വര്‍ധിപ്പിക്കാന്‍ ഹ്രസ്വലക്ഷ്യത്തോടെ സ്വീകരിച്ച മാര്‍ഗമായി. അങ്ങനെ, 2003 മാര്‍ച്ചില്‍, മാറുന്ന കാലത്തിന് അനുസൃതമായി മാധ്യമപ്രവര്‍ത്തന ശീലങ്ങള്‍ പരുവപ്പെടുത്താന്‍ രാജ്യത്തെ ഏറ്റവും വലിയ മാധ്യമഗ്രൂപ്പ് 'മീഡിയാ നെറ്റ്' സംരംഭം പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ അഴിമതികള്‍ അവസാനിപ്പിച്ച്, ഇത് സ്ഥാപനവല്‍ക്കരിക്കാന്‍ വേണ്ടിയായിരുന്നു ഈ സങ്കല്‍പ്പം. രണ്ടുവര്‍ഷത്തിനുശേഷം ഇതേ മാധ്യമഗ്രൂപ്പ് 'സ്വകാര്യ ഉടമ്പടികള്‍' എന്ന പേരില്‍ മറ്റൊരു ആശയം മുന്നോട്ടുവച്ചു, പരസ്യത്തിനു സ്ഥലം നല്‍കുന്നതിനു പകരമായി കമ്പനികളുടെ ഓഹരി കൈവശപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള സംഗതികള്‍ ഇതിലുണ്ടായിരുന്നു. ഇപ്പോള്‍ മാധ്യമവ്യവസായം പരസ്യമായി അതിന്റെ സേവനങ്ങള്‍ വിറ്റ് പണമാക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പരസ്യവരുമാനം കുറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഉപയോക്താവിന്റെ താല്‍പ്പര്യങ്ങളാണ് ഇതിന്റെ ആദ്യത്തെ ഇര. അടുത്ത ഇര മാധ്യമവ്യവസായം തന്നെയായിരിക്കും.

*
കടപ്പാട് ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

'പണത്തിനു പകരം കവറേജ്' എന്ന അധാര്‍മികപ്രവൃത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട പ്രചാരണവേളയിലാണ് അരങ്ങേറിയത്. സംസ്ഥാന നിയമസഭകളിലേക്ക് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും അനുകൂലമായ മാധ്യമ കവറേജിനുവേണ്ടി വന്‍തോതില്‍ പണം ചെലവിട്ട സംഭവങ്ങളുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ ഈ ദുര്‍വിനിയോഗം ഉന്നതശീര്‍ഷരായ ചില മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ പരാതി പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും ഇതേപ്പറ്റി ഔപചാരിക അന്വേഷണം ആരംഭിക്കുകയുംചെയ്തു. എന്നിട്ടും മാധ്യമങ്ങള്‍തന്നെ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. എന്നാല്‍, ഹൈദരാബാദില്‍ പത്രവ്യവസായത്തിന്റെ ആഗോളസമ്മേളനത്തിന് തുടക്കംകുറിച്ച നാളില്‍ അപവാദത്തെക്കുറിച്ച് 'ദി ഹിന്ദു' ഒന്നാം പേജ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ സൌകര്യപ്രദമായ ഏര്‍പ്പാടിന്റെ മൂടുപടം പൊഴിഞ്ഞുവീണു.

Unknown said...

സ്വന്തം നിലയില്‍ മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഗതിയില്ലാത്തവര്‍ പിന്നെ എന്തു ചെയ്യും? സ്വന്തം നിലയില്‍ മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയ രാഷ്‌ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നതും ഇതു തന്നെയല്ലെ. വായനക്കാരെ വിഡ്ഢികളാക്കല്‍. സ്വന്തം പാര്‍ട്ടികളുടെ അന്യായങ്ങളെ പോലും ന്യായങ്ങളായി ഇക്കൂട്ടര്‍ പരിവര്‍ത്തിപ്പിക്കുന്നു. പ്രതിപക്ഷം എന്നത് ഇക്കൂട്ടര്‍ക്ക് എന്നും തിന്മ മാത്രമാണ്‌. ഇക്കൂട്ടര്‍ ആദ്യമേ വന്‍‌തുക മുതല്‍മുടക്കി മാധ്യമരംഗത്ത് 'ഷെയര്‍' ഉറപ്പിക്കുന്നു. അതിനു സാധിക്കാത്തവര്‍ ആവശ്യത്തിനനുസരിച്ച് പണം മുടക്കുന്നു. രണ്ടും താത്വികമായി ഒന്നു തന്നെ. സത്യത്തെ ബലി കഴിക്കല്‍.

Unknown said...

രണ്ടും താത്വിക മായി ഒന്നല്ല. രണ്ടു ഉദാഹരണം പറയാം.
1) അടുത്തിടെ ഓജോ (അതല്ല വെജോ?) എന്ന ആത്മീയ പരിപാടി കൈരളിയില്‍ വന്നു.പലരും അതിനെ വിമര്‍ശിച്ചു, അകത്തും പുറത്തും ബ്ലോഗിലും ഒക്കെ വിമര്‍ശനം വന്നു,അന്ധവിശ്വാസം വളര്‍ത്തുന്ന പരിപാടി ആണതെന്നു.ഏഷ്യനെറ്റോ, മനോരമയോ,മാതൃഭൂമിയോ ഇന്ദ്യാവിഷണോ ആണെങ്കില്‍ ആരും വിമര്ഷിക്കില്ലായിരുന്നു. അതെല്ലാം സ്വകാര്യ ചാനലുകളാണ്.നിങ്ങള്‍ സ്വടെഷഭിമാനി രാമകൃഷണപിള്ളയ്ടെ ഇളം തലമുറ അല്ലെ,എന്ന് പറഞ്ഞു ഒരു കൊച്ചു കുട്ടി പോലും കേരളീയ സമൂഹത്തില്‍ അവരെ വിമര്ഷിക്കില്ല, എന്നാല്‍ കൈരളിയെ വിമര്‍ശിക്കും വിമര്‍ശിക്കപ്പെടും
2) മാതൃഭൂമി ഡയരക്ടര പി വി നിധീഷ് ്‍ - മാനേജിംഗ് എഡിറ്റര്‍ ചന്ദ്രന്റെ മകന്‍- പരസ്യമായി ഒരു ടീവി അഭിമുഖത്തില്‍ പറഞ്ഞു ഫാരിസ് അബൂബക്കര്‍ "എന്റെ ചങ്ങായി'ആണെന്ന്,എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് അവനാണ്,എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് എന്നൊക്കെ."വെരുക്കപ്പെട്ടവനുമായി" മാതൃഭൂമി പ്രമുഖന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നത്,മറുഭാഗത്ത് ആ വ്യക്തിയുടെ ഫോട്ടോ പോലും കിട്ടാനില്ല,അത്ര ഭീകരനാണ് എന്ന് മാതൃഭൂമി പ്രചരിപ്പിക്കുമ്പോള്‍ ആ വ്യക്തിക്കെതിരെ ശക്തമായി നിരന്തരം വാര്‍ത്ത കൊടുക്കുമ്പോള്‍,ആരും മാതൃഭൂമിയെ വിമര്‍ശിച്ചില്ല....എന്നാല്‍ കൈരളി വളരെയധികം വിമര്‍ശിക്കപ്പെട്ടു, ഫാരിസ് അഭിമുഖത്തിന്റെ പേരില്‍.
പറഞ്ഞു വരുന്നത് "രണ്ടും താത്വികമായി" ഒന്നല്ല എന്ന് തന്നെ.. വലതു ഇടതു മാധ്യമങ്ങള്ടെ ചെയ്തികളും, ആ ചെയ്തിയുടെ ഭവിഷതും ഒന്നല്ല എന്ന് തന്നെ.

Unknown said...

അതായത്,മുകളില്‍ പറഞ്ഞ പോലെ ഇടതു സാമൂഹ്യ ചാനലിനു കൂടതല്‍ ഉത്തരവാദിത്തം,കൂടുതല്‍ സോഷ്യല്‍ auditing ഒക്കെ കേരളീയ സാഹചര്യത്തില്‍ നേരിടുന്നതിനാല്‍ സത്യത്തില്‍ നിന്ന്, അകലാന്‍,രാഷ്ട്രീയമുന്ടെങ്കില്‍ പോലും സാധ്യമല്ല.