Thursday, September 17, 2009

വരള്‍ച്ചയുടെ നേര്‍ക്കാഴ്ചകള്‍

ആന്ധ്ര പ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ഹാരേക്കല്‍ ഗ്രാമത്തിലെ കന്നുകാലി നോട്ടക്കാരനാണ് ടിക്കാ സാമി. തന്റെ ഗ്രാമത്തിലെ വിവിധ ഗൃഹങ്ങളില്‍നിന്ന് പശുക്കളെയും മറ്റ് കന്നുകാലികളെയും പരിരക്ഷിക്കുന്നതിനു ഏറ്റുവാങ്ങുന്ന അയാള്‍ നാല് ജോലിക്കാരെ നിര്‍ത്തിയാണ് അവരെ പരിരക്ഷിച്ചിരുന്നത്. മുമ്പൊക്കെ 250ഓളം കന്നുകാലികള്‍ തന്റെ പരിരക്ഷയിന്‍ കീഴിലുണ്ടാവും. ഓരോ കാലിക്കും ദിവസത്തില്‍ രണ്ടു രൂപ വെച്ച് മാസം 60 രൂപ സംരക്ഷണച്ചെലവ് ഉടമസ്ഥനില്‍നിന്ന് ലഭിക്കും. അതായത് മാസത്തില്‍ 15000 രൂപ ലഭിക്കും. നാല് ജോലിക്കാര്‍ക്ക് ദിവസത്തില്‍ 100 രൂപ വെച്ച് കൂലി നല്‍കിയാല്‍ 12000 രൂപ മാസം ചെലവാകും. ബാക്കി 3000 രൂപകൊണ്ട് അയാള്‍ തന്റെ ജീവിതം തള്ളിനീക്കും. ചില പശുക്കളില്‍നിന്ന് കുറച്ചൊക്കെ പാലുകിട്ടും. പിന്നെ ചാണകം. അങ്ങനെ അല്ലറ ചില്ലറ വരുമാനം. ചിലപ്പോള്‍ നല്ല ആരോഗ്യമുള്ള കാലികളെക്കൊണ്ട് പണിയുമെടുപ്പിക്കാം. എന്നാല്‍ അവയ്ക്ക് പുല്ലും വെള്ളവും മറ്റ് തീറ്റകളും തൊഴുത്തും ഒക്കെ വേണം. എങ്കിലും ഒരുവിധം ജീവിതം കഴിഞ്ഞുപോന്നു.

അപ്പോഴാണ് സാധനവിലകള്‍ ഉയരാന്‍ തുടങ്ങിയത്. ഉടമസ്ഥന്മാര്‍ അയാളുടെ അടുക്കല്‍നിന്ന് കന്നുകാലികളെ തിരികെ വാങ്ങിച്ചുകൊണ്ടുപോയി. മാസം 60 രൂപ അങ്ങനെ അവര്‍ക്ക് ലാഭിക്കാമല്ലോ. പലരും കന്നുകാലികളെ വിറ്റു. കാലിത്തീറ്റയും വെള്ളവും ദുര്‍ലഭമായിത്തീര്‍ന്നു. ഒരു ട്രാക്ടര്‍ നിറച്ച് വൈക്കോല്‍ ലഭിക്കണമെങ്കില്‍ 11000-12000 രൂപ കൊടുക്കണം. ഏതാനും മാസംകൊണ്ട് വില പത്തിരട്ടിയായി വര്‍ദ്ധിച്ചു. കന്നുകാലികളെ ഉടമസ്ഥന്മാര്‍ തിരികെ വാങ്ങിപ്പോയതു കാരണം ടിക്കാ സാമിയുടെ കളത്തില്‍ ഇപ്പോള്‍ 150 എണ്ണം തികച്ചില്ല. ജോലിക്കാരെ പറഞ്ഞുവിട്ടു. അവര്‍ക്കുപകരം പിള്ളേരെ വെച്ചാല്‍മതി. ദിവസക്കൂലി 50 രൂപയില്‍ ഒതുക്കാം. എന്നാല്‍ തീറ്റയും വെള്ളവും വേണ്ടത്ര ലഭിക്കാനില്ലാത്തതുകൊണ്ട് ടിക്കാ സാമിയുടെ ബിസിനസ് നഷ്ടത്തിലാണ്. ഇങ്ങനെ എത്രയെത്ര ടിക്കാ സാമിമാര്‍! രാജ്യത്ത് 60 കോടി കന്നുകാലികളുണ്ടെന്നാണ് കണക്ക്.

അനന്തപ്പൂര്‍ ജില്ലയിലെ പാലച്ചേര്‍ള ഗ്രാമത്തിലെ നാരായണമ്മയുടെ കഥ കേള്‍ക്കൂ. അവര്‍ക്ക് കോഴി കച്ചവടമാണ്. കോഴിയുടെ വില കിലോയ്ക്ക് 60 രൂപയില്‍നിന്ന് 100 രൂപയായി ഉയര്‍ന്നു കഴിഞ്ഞു. അതോടെ വില്‍പ്പന കുറഞ്ഞു. മുമ്പ് ആഴ്ചയില്‍ 70 കിലോ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30 കിലോ വിറ്റാലായി. തന്റെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെയെല്ലാം വില വാണംപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തുവരപ്പരിപ്പിന് തന്നെയായില്ലേ കിലോയ്ക്ക് നൂറുരൂപയില്‍ കൂടുതല്‍ വില! വില കൂടിയപ്പോള്‍ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറച്ചു. മറ്റെന്തു ചെയ്യും?

സ്കൂളുകളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയും കുഴപ്പത്തിലായി. ഒരു ദിവസം ഒരു കുട്ടിയ്ക്ക് 3 രൂപ എന്ന നിരക്കിലാണ് ഭക്ഷണം നല്‍കുന്നത്. കര്‍ണൂര്‍ ജില്ലയിലെ ഗോകുലപാടു ഗ്രാമത്തിലെ ഹൈസ്കൂളില്‍ മുമ്പ് മാസത്തില്‍ 5-6 ക്വിന്റല്‍ അരി കിട്ടിയിരുന്നു. ഇപ്പോഴത് 2-3 ക്വിന്റലായി കുറഞ്ഞു. ഉച്ചഭക്ഷണം ചോറായിരുന്നു; അത് കഞ്ഞിയായി. കഞ്ഞിയില്‍ വറ്റ് കുറഞ്ഞു. സാമ്പാറില്‍ വെള്ളം അധികമായി. ഭക്ഷണം വിതരണം ചെയ്തിരുന്ന സംഘത്തിലെ സ്ത്രീകളുടെ വരുമാനം കുറഞ്ഞു.

അനന്തപ്പൂര്‍, കര്‍ണൂല്‍, മഹബൂബ് നഗര്‍, നല്‍ഗൊണ്ട, റായല്‍സീമ തുടങ്ങിയ ജില്ലകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന സായിനാഥ് പ്രസ്താവിക്കുന്നത് വഴിയരികിലെ പെട്ടിക്കടക്കാരും സ്റ്റേഷനറി കടക്കാരും എല്ലാം ദുരിതത്തിലാണ് എന്നാണ്. അവരുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞിരിക്കുന്നു. ആളുകള്‍ക്ക് കിട്ടുന്ന കൂലിയും വരുമാനവും കുറഞ്ഞു. കിട്ടിയ തുക, ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനു തന്നെ തികയുന്നില്ല. മഹബൂബ് നഗറിലെ സുജാതമ്മ പറയുന്നത് മുമ്പ് ദിവസത്തില്‍ 1000 രൂപ വിറ്റുവരവുണ്ടായിരുന്നത് ഇപ്പോള്‍ 200 രൂപയായി കുറഞ്ഞിരിക്കുന്നുവെന്നാണ്. അതില്‍നിന്ന് കിട്ടുന്ന ലാഭം കൊണ്ടുവേണമല്ലോ അവരുടെയും കുടുംബത്തിന്റെയും ജീവിതച്ചെലവ് കഴിയാന്‍. ആഞ്ജനേയലുവിന്റെ ജോലി കുഴല്‍ക്കിണര്‍ റിപ്പയര്‍ ചെയ്യുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഒരൊറ്റയാളും തന്നെ ജോലിക്ക് വിളിച്ചിട്ടില്ല എന്നാണ് അയാളുടെ സങ്കടം. അയാളുടെ വീടിനടുത്തുള്ള ജംഗലാമ്മ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്നുണ്ട് - ഒരു ചായമക്കാനി. മുമ്പൊക്കെ ദിവസത്തില്‍ 1200 രൂപ വിറ്റുവരവുണ്ടായിരുന്നു. ഇപ്പോഴത് 300 രൂപയായി കുറഞ്ഞിരിക്കുന്നു. അതില്‍നിന്ന് കിട്ടുന്ന ലാഭം ഏറിയാല്‍ 40 രൂപ, ഒരു വീട്ടിലെ ചെലവ് അതുകൊണ്ടെങ്ങനെ കഴിയും?

റോഡിലൂടെ നടന്നുപോകുന്ന സായിനാഥ്, ഒരു ഉന്തുവണ്ടിക്കാരനെ കണ്ടു. ഉന്തുവണ്ടിക്കാരനും അയാളുടെ ഭാര്യയും കൂടി, വണ്ടിയില്‍ ലോഹപാത്രങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുകയാണ്. കിലോ കണക്ക് തൂക്കിയിട്ടാണ് വില്‍പ്പന. പഴയ പാത്രങ്ങള്‍ ഇങ്ങോട്ടു വാങ്ങുകയും ചെയ്യും. മുമ്പ് കിലോക്ക് 20 രൂപ വെച്ച് ഏഴെട്ട് കിലോ പാത്രങ്ങള്‍ ദിവസവും വിറ്റിരുന്നതാണ്. ഇപ്പോള്‍ നാല് കിലോ ചെലവായാലായി.

മര്‍ല ബീഡുവിലെ ശ്രീനിവാസലു പാല്‍ക്കച്ചവടക്കാരനാണ്. കറവയുള്ള വീടുകളില്‍നിന്ന് പാല്‍ വാങ്ങിച്ച്, ആവശ്യക്കാരന് കൊണ്ടു കൊടുക്കുന്നു. മുമ്പൊക്കെ ദിവസം 100 ലിറ്റര്‍ പാല്‍ വാങ്ങിക്കും. (ഗ്രാമത്തില്‍ ആകെയുണ്ടാകുന്ന പാല്‍ 300 ലിറ്റര്‍ എന്നു കണക്കാക്കാം) ഇപ്പോള്‍ കച്ചവടം മഹാമോശമാണ്. വീട്ടില്‍ കറവയുണ്ടായിരുന്ന പലരും തീറ്റയുടെ വിലക്കൂടുതല്‍ കാരണം പശുവിനെയും എരുമയേയും വിറ്റ് ഒഴിവാക്കി. ശ്രീനിവാസലുവിന് എട്ടുപത്ത് ലിറ്റര്‍ പാല്‍ ദിവസവും നല്‍കിയിരുന്ന വീട്ടുകാരനാണ് രാമണ്ണ. എന്നാല്‍ ഇന്ന് രാമണ്ണയുടെ വീട്ടില്‍ കറവപ്പശുക്കളില്ല. അയാള്‍ ശ്രീനിവാസലുവിന്റെ കയ്യില്‍നിന്ന് അരലിറ്റര്‍ പാല്‍ വാങ്ങിക്കുകയാണ്.

ഉള്‍നാടുകളിലെ പട്ടണങ്ങളിലും സ്ഥിതി ഒട്ടും മെച്ചമല്ല. അനന്തപ്പൂര്‍ ജില്ലയിലെ കാദിരി പട്ടണത്തില്‍ തുണിക്കച്ചവടം നടത്തുന്ന കടക്കാരില്‍ ഒരാള്‍ പറഞ്ഞത് മുമ്പൊക്കെ ഈ സീസണില്‍ 20,000 രൂപയിലധികം വിറ്റുവരവുണ്ടാകുമായിരുന്നുവെന്നാണ്. ഇന്നിപ്പോള്‍ അത് 7000 രൂപയില്‍ താഴെയാണ്. "കഴിഞ്ഞ കൊല്ലം ഇക്കാലത്താണ് സാറ് വന്നിരുന്നതെങ്കില്‍ സാറിനോട് ഇങ്ങനെ സംസാരിക്കാനുള്ള സമയംപോലും കിട്ടുമായിരുന്നില്ല'' എന്നു ഒരു കടക്കാരന്‍ പറഞ്ഞു. ഈ പ്രദേശത്ത് നാട്ടുകാര്‍ സാധാരണയായി പുതിയ ഉടുപ്പുകളും തുണികളും വാങ്ങുന്നത് ഗണേശോല്‍സവത്തിന്റെ സമയത്താണ്. ഇന്നിപ്പോള്‍ ദിവസത്തില്‍ ഒരാളെങ്കിലും വരാത്ത അവസ്ഥയുണ്ടാകുമോ എന്നാണ് കടക്കാരന്‍ ഭയപ്പെടുന്നത്. കൈനീട്ട വില്‍പ്പനപോലും നടക്കാതെ വരുമോ? തൊട്ടടുത്തുള്ള സത്യസായി ജനറല്‍ സ്റ്റോര്‍ ഉടമ പി എസ് വിഷ്ണു പറയുന്നു: വരള്‍ച്ച വന്ന് ജനങ്ങള്‍ ദുരിതത്തിലാവും മുമ്പുതന്നെ വിലക്കയറ്റം അവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങി. അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാതായി. സോപ്പ്, പൌഡര്‍, ഷാംപു തുടങ്ങിയ വസ്തുക്കള്‍ വാങ്ങിക്കുന്നതേ നിര്‍ത്തി. ഇത്തരം കടകളിലെ വിറ്റുവരവ് പകുതിയായി കുറഞ്ഞു. എന്റെ കടയിലെ ഏഴു ജോലിക്കാര്‍ക്കും കഴിഞ്ഞവര്‍ഷം ഇക്കാലത്ത് കാല് നിലത്തുവെക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഇന്നുനോക്കൂ. അവരൊക്കെ വെറുതെ നില്‍ക്കുകയാണ്- വിഷ്ണുവിന്റെ സങ്കടം പറച്ചില്‍.

തൊട്ടടുത്തുള്ള ലക്ഷ്മി വെങ്കിടേശ്വര വൈന്‍സ് എന്ന വിദേശ മദ്യഷോപ്പിലെ വിറ്റുവരവ് കഴിഞ്ഞവര്‍ഷം ഇക്കാലത്ത് 80,000 രൂപയ്ക്കും ഒരുലക്ഷം രൂപയ്ക്കും ഇടയിലായിരുന്നു. ഇന്നത് 40,000 രൂപയോളമായി ഇടിഞ്ഞു.

ഇന്ന് ഏറെക്കുറെ വലിയ ഇടിവില്ലാതെ നടക്കുന്ന ഒരു ബിസിനസ് മെഡിക്കല്‍ ഷോപ്പുകളിലേതാണ്. കാദിരി പട്ടണത്തിലെ ഒരു പ്രധാന മെഡിക്കല്‍ ഷോപ്പിന്റെ ഉടമ പറയുന്നത് മുമ്പ് ഒരു ദിവസത്തെ വിറ്റുവരവ് 14,000 രൂപയായിരുന്നുവെങ്കില്‍ ഇന്നത് ശരാശരി 19,000 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മരുന്നുകള്‍ ബിപിയ്ക്കും ഹൃദ്രോഗ സംബന്ധമായ മറ്റ് അസുഖങ്ങള്‍ക്കും ഉള്ളതാണ്.

കര്‍ണൂല്‍ ജില്ലയിലെ കോഡുമരു ഗ്രാമത്തിലെ നെയ്ത്തുകാരുടെ അടുത്തു ചെന്നാലോ? അവരെ വരള്‍ച്ചയും വറുതിയും ബാധിച്ചിട്ട് എത്രയോ വര്‍ഷങ്ങളായി; തുണി വില്‍പ്പനയില്ല; ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കുന്നില്ല. ഹുണ്ടികക്കാര്‍ തങ്ങളെ പിഴിയുന്നു. മറ്റുള്ളവരെ വരള്‍ച്ച ബാധിക്കുന്നതിന് എത്രയോ മുമ്പുതന്നെ അവരെ വരള്‍ച്ച ദുരിതത്തിലാഴ്ത്തിക്കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ വരള്‍ച്ചയും മഴക്കുറവും അത് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

*
പി സായ്നാഥ് കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആന്ധ്ര പ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ഹാരേക്കല്‍ ഗ്രാമത്തിലെ കന്നുകാലി നോട്ടക്കാരനാണ് ടിക്കാ സാമി. തന്റെ ഗ്രാമത്തിലെ വിവിധ ഗൃഹങ്ങളില്‍നിന്ന് പശുക്കളെയും മറ്റ് കന്നുകാലികളെയും പരിരക്ഷിക്കുന്നതിനു ഏറ്റുവാങ്ങുന്ന അയാള്‍ നാല് ജോലിക്കാരെ നിര്‍ത്തിയാണ് അവരെ പരിരക്ഷിച്ചിരുന്നത്. മുമ്പൊക്കെ 250ഓളം കന്നുകാലികള്‍ തന്റെ പരിരക്ഷയിന്‍ കീഴിലുണ്ടാവും. ഓരോ കാലിക്കും ദിവസത്തില്‍ രണ്ടു രൂപ വെച്ച് മാസം 60 രൂപ സംരക്ഷണച്ചെലവ് ഉടമസ്ഥനില്‍നിന്ന് ലഭിക്കും. അതായത് മാസത്തില്‍ 15000 രൂപ ലഭിക്കും. നാല് ജോലിക്കാര്‍ക്ക് ദിവസത്തില്‍ 100 രൂപ വെച്ച് കൂലി നല്‍കിയാല്‍ 12000 രൂപ മാസം ചെലവാകും. ബാക്കി 3000 രൂപകൊണ്ട് അയാള്‍ തന്റെ ജീവിതം തള്ളിനീക്കും. ചില പശുക്കളില്‍നിന്ന് കുറച്ചൊക്കെ പാലുകിട്ടും. പിന്നെ ചാണകം. അങ്ങനെ അല്ലറ ചില്ലറ വരുമാനം. ചിലപ്പോള്‍ നല്ല ആരോഗ്യമുള്ള കാലികളെക്കൊണ്ട് പണിയുമെടുപ്പിക്കാം. എന്നാല്‍ അവയ്ക്ക് പുല്ലും വെള്ളവും മറ്റ് തീറ്റകളും തൊഴുത്തും ഒക്കെ വേണം. എങ്കിലും ഒരുവിധം ജീവിതം കഴിഞ്ഞുപോന്നു.

പി സായ്നാഥ് എഴുതുന്നു...