Sunday, August 9, 2009

ചിതലരിക്കുന്ന ബാങ്ക് ദേശസാല്‍ക്കരണം

ബാങ്ക് ദേശസാല്‍കരണത്തിന്റെ 40-ാം വാര്‍ഷമാണിത്. 1969 ജൂലൈ 19ന്റെ ബാങ്ക് ദേശസാല്‍ക്കരണ പ്രഖ്യാപനം സാമ്പത്തികരംഗത്തുമാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തിലും വലിയ അനുരണനങ്ങള്‍ ഉണ്ടാക്കിയതാണ്. സ്വകാര്യ മുതലാളിമാരുടെ കൈപ്പിടിയിലായിരുന്ന 14 പ്രധാന ബാങ്കുകളെയാണ് അന്ന് ദേശസാല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍നിയന്ത്രണത്തിലാക്കിയത്. ബാങ്കുകളുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാക്കുകയായിരുന്നു സുപ്രധാന ലക്ഷ്യം. അതോടൊപ്പം സര്‍ക്കാരിന്റെ വികസനനയത്തിന് അനുരോധമായി ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും വിഭവവിന്യാസത്തിലും മാറ്റമുണ്ടാക്കാനും ഉദ്ദേശിച്ചിരുന്നു. തല്‍ഫലമായി ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചു. പട്ടണകേന്ദ്രീകൃതമായിരുന്ന ബാങ്ക് ശാഖകള്‍ ഗ്രാമങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഗ്യാരന്റി വന്നതോടെ വിശ്വാസ്യത വര്‍ധിച്ചു. കാര്‍ഷികവായ്പയും മുന്‍ഗണനവായ്പയും നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായതോടെ വന്‍തോതില്‍ തൊഴിലവസരം ലഭ്യമായി. രാജ്യത്തിന്റെ സുപ്രധാന വിഭവസ്രോതസ്സായി ബാങ്കുകള്‍ രൂപാന്തരപ്പെട്ടു. ജനകീയ ബാങ്കിങ് ശൈലിക്ക് ലോകോത്തരമാനം സൃഷ്ടിക്കുന്ന വിതാനത്തിലേക്ക് ഇന്ത്യന്‍ ബാങ്കിങ് സംവിധാനം പുരോഗമിക്കുകയായിരുന്നു.

ഇന്ത്യന്‍ ബാങ്കുകള്‍ പുഷ്പിച്ച് കായ്ഫലങ്ങള്‍ സമൃദ്ധമായി നല്‍കിയ വേളയിലാണ് 1991ല്‍ പുതിയ സാമ്പത്തികപരിഷ്കരണങ്ങള്‍ക്ക് തുടക്കമിടുന്നത്. രാജ്യത്തിന്റെ അക്ഷയഖനികളായ ബാങ്ക്-ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിഷ്കരണനടപടി. മത്സരാധിഷ്ഠിതവും സ്വകാര്യമേഖലയ്ക്ക് നിര്‍ണായകപങ്കുള്ളതുമായ ഒരു സാമ്പത്തികവികസനമായിരുന്നു പരിഷ്കരണങ്ങളുടെ ലക്ഷ്യം. അതിനനുസൃതമായ നയങ്ങള്‍ ആവിഷ്കരിക്കാനുള്ള മാര്‍ഗരേഖകളായി നിരവധി കമ്മിറ്റികളും റിപ്പോര്‍ട്ടുകളും രംഗത്തുവന്നു. ലോക സാമ്പത്തികകുത്തകകള്‍ക്ക് അന്യഥാ നിഷേധിച്ചിരുന്ന ഇന്ത്യയിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുകയായിരുന്നു ഈ നടപടികളുടെയെല്ലാം യഥാര്‍ഥ ഉദ്ദേശ്യം. സ്വാഭാവികമായും ബാങ്കുകളുടെ മനോഭാവത്തിലും വലിയ മാറ്റം വരാന്‍ തുടങ്ങി. ജനസേവനത്തിനും രാജ്യതാല്‍പ്പര്യത്തിനും പകരം ലാഭവും നിക്ഷിപ്ത താല്‍പ്പര്യങ്ങളും മുഖമുദ്രയായി. സാധാരണക്കാര്‍ക്ക് നല്‍കിപ്പോന്ന ബാങ്ക് നിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശനിരക്ക് വന്‍തോതില്‍ വെട്ടിക്കുറച്ചു. തല്‍ഫലമായിട്ടുള്ള നേട്ടം കൈമാറിയത് കോര്‍പറേറ്റ് മുതലാളിമാരുടെ വായ്പ പലിശനിരക്ക് കുറവുചെയ്തുകൊണ്ടാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നാലുശതമാനം പലിശയ്ക്ക് നല്‍കിയിരുന്ന വായ്പസമ്പ്രദായം ഇല്ലാതായി. കാര്‍ഷികവായ്പകള്‍ ചുരുങ്ങിവന്നു. ചെറുകിടവായ്പകളോട് ബാങ്കുകള്‍ അലര്‍ജി പ്രകടിപ്പിച്ചു. നഷ്ടപരാമര്‍ശം നടത്തി ഗ്രാമീണമേഖലയിലെ മൂവായിരത്തിലധികം ബാങ്ക് ശാഖ അടച്ചുപൂട്ടി. പട്ടണങ്ങളില്‍ കേന്ദ്രീകരിച്ച് സമ്പന്നതാല്‍പ്പര്യ അജന്‍ഡയുമായി ന്യൂ ജനറേഷന്‍ ബാങ്കുകള്‍കൂടി രംഗത്തുവന്നതോടെ ദേശസാല്‍ക്കരണം ലക്ഷ്യംവച്ച വിശുദ്ധിയെല്ലാം നിരാകരിക്കപ്പെട്ടു.

സമ്പൂര്‍ണമായും ഭാരതസര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ 49 ശതമാനംവരെ സ്വകാര്യമൂലധനവും 20 ശതമാനംവരെ വിദേശമൂലധനവും അനുവദിച്ചതോടെ ബാങ്കുകളുടെ പ്രവര്‍ത്തനശൈലിയില്‍ പ്രകടമായ മാറ്റം ദൃശ്യമായി. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനപ്പെട്ട അവകാശവാദം പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍നിന്ന് കുറയ്ക്കില്ലെന്നതാണ്. പാലില്‍ ചേര്‍ക്കുന്ന വെള്ളത്തെക്കുറിച്ചുള്ള തര്‍ക്കത്തിനുസമാനമായ കാപട്യംനിറഞ്ഞ പ്രസ്താവനയാണിത്. സ്വകാര്യ-വിദേശ മൂലധനത്തോട് അനുകമ്പയും പക്ഷപാതവും വച്ചുപുലര്‍ത്തുന്ന ഒരു സര്‍ക്കാരാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ആ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊതുമേഖലയ്ക്കും സ്വകാര്യ-വിദേശ ശക്തികളോട് തികഞ്ഞ വിധേയത്വമാണുള്ളത്. തന്മൂലം 51 ശതമാനം സര്‍ക്കാര്‍ ഓഹരി നിലനില്‍ക്കുന്ന സ്ഥാപനങ്ങളിലും ജൂനിയര്‍ പങ്കാളിയായ സ്വകാര്യമൂലധനത്തിന്റെ താല്‍പ്പര്യവും ആധിപത്യവുമാണ് സംരക്ഷിക്കപ്പെടുക.

പൊതുമേഖലയെന്ന തത്വത്തെ ഒരു അസ്ഥികൂടംപോലെ നിലനിര്‍ത്തി സ്ഥാപനത്തിന്റെ ഉള്ളടക്കവും പ്രവൃത്തികളും കഴുത്തറപ്പന്‍ ലാഭാധിഷ്ഠിത രീതിയാക്കി തീര്‍ക്കുക എന്നതാണ് പ്രായോഗികമായി നിര്‍വഹിക്കപ്പെടുന്നത്. ലാഭംതേടിയുള്ള വ്യഗ്രതയില്‍ മൂല്യങ്ങളെ നിരാകരിക്കുന്ന പ്രവൃത്തികള്‍ ഇന്ന് ശക്തമാണ്. ജനകീയനിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരെന്ന നിലയില്‍ ആവശ്യമുള്ള വികസനമേഖലയിലേക്ക് പണം വിന്യസിക്കുന്ന ധര്‍മമാണ് ബാങ്കുകള്‍ നിര്‍വഹിച്ചുവന്നത്. എന്നാല്‍, വായ്പവിതരണത്തിനുപകരമായി ബാങ്ക് നിക്ഷേപത്തെ മറ്റ് സുരക്ഷിത തുറകളില്‍ പുനര്‍നിക്ഷേപം നടത്തുന്ന മാര്‍ഗമാണ് ബാങ്കുകള്‍ അവലംബിക്കുന്നത്. മാത്രവുമല്ല ദേശസാല്‍കൃത ബാങ്കുകള്‍പോലും ഏറ്റെടുക്കുന്ന പ്രധാന പ്രവര്‍ത്തനം വിദേശ-സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി വില്‍പ്പനയാണ്. ഒരു വിദേശ കമ്പനി നേരിട്ട് ജനങ്ങളെ സമീപിച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് കമ്പോളത്തില്‍ വിജയിക്കാനാകില്ല. അതുകൊണ്ടാണ് അവര്‍ സല്‍പ്പേരുള്ള ബാങ്കുകളുമായി കൈകോര്‍ത്തുള്ള കൂട്ടുസംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഇടപാടുകാര്‍ക്ക് സുപരിചിതരായ ബാങ്ക് ജീവനക്കാരെ നിയോഗിച്ചാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. നല്ല ബാങ്ക് നിക്ഷേപമുള്ള ഇടപാടുകാരുടെ പേരുവിവരം ലഭിക്കാനും ഈ സൌഹൃദം തുണയാകുന്നു. സ്വന്തം ബാങ്കിലെ ബാങ്ക് നിക്ഷേപത്തെ ചോര്‍ത്തിയെടുത്ത് വിദേശകമ്പനികള്‍ക്ക് കൈമാറുന്ന വഞ്ചനാപരമായ പ്രവൃത്തിയാണിത്. അതിനായി ബാങ്കുകള്‍ക്ക് വന്‍ തുക കമീഷനും ജീവനക്കാര്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കുന്നു. എഐജി തുടങ്ങിയ ഇന്‍ഷുറന്‍സ് രാജാക്കന്മാര്‍പോലും കടപുഴുകിവീഴുന്ന കാലത്ത് വിദേശ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കുന്ന പണം തിരിച്ചുകിട്ടുമെന്നതിന് ഒരു ഉറപ്പുമില്ല. എന്നിട്ടും ഇത്തരം പ്രവൃത്തികളില്‍ ബാങ്കുകളും ജീവനക്കാരും മുഴുകുന്നത് ഏതുവിധേനയും ലാഭംകൊയ്യുക എന്ന ലക്ഷ്യം നേടാനാണ്. ബാങ്കുകളെ ഒരു വരേണ്യവര്‍ഗസംവിധാനമാക്കി തീര്‍ക്കാനുള്ള ശ്രമമാണ് ദ്രുതഗതിയില്‍ നടക്കുന്നത്.

സേവിങ്സ് അക്കൌണ്ടിലെ മിനിമം തുക കുത്തനെ ഉയര്‍ത്തുകയും വന്‍തോതില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുമ്പോള്‍ നിരാലംബരാകുന്നത് സാധാരണ ഇടപാടുകാരാണ്. കോര്‍പറേറ്റ് ഇടപാടുകാര്‍ക്കുള്ള സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും എന്നാല്‍, അവരുടെ ബാങ്കിങ് സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്. ദേശസാല്‍ക്കരണ കാലയളവിലെ മുഖമല്ല തങ്ങള്‍ക്കുള്ളതെന്ന് വിളംബരംചെയ്യാനാണ് പല ബാങ്കും സ്വന്തം എംബ്ളംതന്നെ മാറ്റിക്കൊണ്ടിരിക്കുന്നത്. രണ്ടു പതിറ്റാണ്ടായി ബാങ്കുകളില്‍ നിയമനവും നടത്തുന്നില്ല. സ്വാഭാവികമായും ചെറുകിട ഇടപാടുകാരെല്ലാം ബാങ്കുകളില്‍നിന്ന് പടികടക്കുകയേ രക്ഷയുള്ളൂ. ബാങ്ക് ലയനങ്ങളും ഫലത്തില്‍ ശാഖകള്‍ അടച്ചുപൂട്ടുന്നതിനായുള്ള പരോക്ഷപദ്ധതിയാണ്. എസ്.ബി.ടി സ്റേറ്റ് ബാങ്കില്‍ ലയിക്കുമ്പോള്‍ ഒരേപ്രദേശത്ത് അധികപ്പറ്റാകുന്ന ശാഖകള്‍ അടച്ചുപൂട്ടുമെന്നത് സ്വാഭാവികയുക്തിയാണ്. ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ബാങ്കിങ് പരിധിക്കുപുറത്ത് കഴിയുന്ന ഒരു രാജ്യത്ത് കൂടുതല്‍ ശാഖ തുറന്ന് ഇടപാടുകാരെ ഉള്‍പ്പെടുത്തുന്നതിനുപകരം അവരെ അകറ്റിനിര്‍ത്തുന്ന സമീപനവുമായാണ് ദേശസാല്‍കൃത ബാങ്കുകള്‍പോലും മുന്നോട്ടുനീങ്ങുന്നത്.

ബാങ്കുകളില്‍ ഉണ്ടാകുന്ന നിക്ഷേപത്തിന്റെ 38 ശതമാനം സ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍), 15 ശതമാനം ക്യാഷ് റിസര്‍വ് റേഷ്യോ (സി.ആര്‍.ആര്‍) എന്നീ വിധത്തില്‍ യഥാക്രമം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും റിസര്‍വ് ബാങ്കിലും നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. നാടിന്റെ വികസനപന്ഥാവിലെ ഒരു സുപ്രധാന വിഭവസ്രോതസ്സായിരുന്നു ഇത്. സ്വകാര്യ മൂലധനശക്തികളുടെ ഇടപെടല്‍മൂലം ഈ നിരക്കുകള്‍ 24 ശതമാനമായും അഞ്ചുശതമാനമായും കുറയ്ക്കാന്‍ സര്‍ക്കാര്‍തന്നെ സന്നദ്ധമായി. 40 ലക്ഷം കോടി രൂപ ബാങ്ക് നിക്ഷേപമുള്ള ഇന്ത്യയില്‍ ഒരുശതമാനം നിരക്ക് കുറയുമ്പോള്‍ 40,000 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിന് ലഭിക്കാതെ പോകുന്നത്. സാമ്പത്തികപരിഷ്കരണങ്ങളുടെ ഫലമായി ഇത്തരത്തില്‍ നഷ്ടപ്പെട്ട തുക ഭീമമായിരുന്നു. ഈ തുക ലഭ്യമായതാകട്ടെ സ്വകാര്യ കോര്‍പറേറ്റുകളുടെ ആവശ്യങ്ങള്‍ക്കും.

ശക്തമായൊരു കടന്നാക്രമണം മുഖാന്തരമല്ല ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ആഗോളവല്‍ക്കരണശക്തികള്‍ അധിനിവേശ പ്രക്രിയ നടത്തിവരുന്നത്. വളരെ സാവകാശത്തിലൂടെ ക്യാന്‍സര്‍പോലെ കരണ്ടുതിന്ന്, ഉമിത്തീപോലെ നീറ്റിനീറ്റി, ഇന്ത്യന്‍ നന്മകളെയൊക്ക ചാരമാക്കി തീര്‍ക്കുന്ന പ്രക്രിയയാണ് അരങ്ങേറുന്നത്. ഇടയ്ക്കിടെ വേദനസംഹാരി നല്‍കുന്നതുപോലെ ജനപ്രിയ പദ്ധതികളുടെ ആവരണംകൂടിയാകുമ്പോള്‍ ചെറുത്തുനില്‍പ്പുകള്‍ കുറയുമെന്നാണ് കണക്കുകൂട്ടല്‍.

വിദേശ ഉടമസ്ഥാവകാശം ഏറെ മുന്നോട്ടുപോയ രാജ്യങ്ങളിലാണ് ആഗോളസാമ്പത്തികക്കുഴപ്പങ്ങളുടെ ആഘാതം രൂക്ഷമായിട്ടുള്ളത്. ബാങ്ക് ദേശസാല്‍ക്കരണമാണ് പ്രതിവിധിയെന്നാണ് അവിടങ്ങളില്‍ ഹൃദിസ്ഥമാക്കിയ പാഠം. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ ഇന്ത്യന്‍ സ്വകാര്യബാങ്കുകളില്‍ 74 ശതമാനവും ദേശസാല്‍കൃത ബാങ്കുകളില്‍ 20 ശതമാനവും വിദേശ ഓഹരി ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുകയാണ്. 2009 ഏപ്രില്‍ ഒന്നുമുതല്‍ ഏത് സ്വകാര്യബാങ്കിനെയും ഏറ്റെടുക്കാന്‍ വിദേശബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അത് യാഥാര്‍ഥ്യമാകാതിരിക്കുന്നത് വോട്ടവകാശം 10 ശതമാനമായി നിജപ്പെടുത്തിയിട്ടുള്ള 1949ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ 12(2) വകുപ്പുമൂലമാണ്. പ്രസ്തുത വകുപ്പ് റദ്ദാക്കാനുള്ള നീക്കങ്ങള്‍ നിരവധിതവണ നടത്തിയെങ്കിലും ഇടതുപക്ഷ എതിര്‍പ്പുമൂലം വിജയിച്ചില്ല. അത്തരം ഒരു സാഹചര്യം പാര്‍ലമെന്റില്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ശക്തമായ സ്വകാര്യ-വിദേശവല്‍ക്കരണ പ്രക്രിയയിലേക്കാണ് ഇന്ത്യന്‍ ബാങ്കിങ് രംഗം നടന്നുനീങ്ങുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നാല്‍ ഒരുകാലത്ത് സാമ്രാജ്യത്വ വിരുദ്ധതയുടെ ഒന്നാന്തരം പ്രതീകമായിരുന്നു. എന്നാല്‍, ആ പേരു നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്റെ സമീപനം സാമ്രാജ്യത്വ ദാസ്യവേലയുടേതാണെന്ന് സമകാലീന സംഭവങ്ങള്‍ തെളിവുതരുന്നു. സമാനമായൊരു സ്ഥിതിവിശേഷമാണ് പൊതുമേഖലാ ബാങ്കുകളായി നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. ദേശസാല്‍ക്കരണത്തിന്റെ സാരാംശവും ഉള്ളടക്കവും നഷ്ടമാകുന്നു എന്ന നൊമ്പരമാണ് ബാങ്ക് ദേശസാല്‍ക്കരണത്തിലെ 40-ാംവാര്‍ഷികാഘോഷവേളയില്‍ നിലനില്‍ക്കുന്നത്. ആ നല്ല നയത്തിന്റെ ഉറവ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടത്.

*
ടി നരേന്ദ്രന്‍ ദേശാഭിമാനി ദിനപ്പത്രം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്ക് ദേശസാല്‍കരണത്തിന്റെ 40-ാം വാര്‍ഷമാണിത്. 1969 ജൂലൈ 19ന്റെ ബാങ്ക് ദേശസാല്‍ക്കരണ പ്രഖ്യാപനം സാമ്പത്തികരംഗത്തുമാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തിലും വലിയ അനുരണനങ്ങള്‍ ഉണ്ടാക്കിയതാണ്. സ്വകാര്യ മുതലാളിമാരുടെ കൈപ്പിടിയിലായിരുന്ന 14 പ്രധാന ബാങ്കുകളെയാണ് അന്ന് ദേശസാല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍നിയന്ത്രണത്തിലാക്കിയത്. ബാങ്കുകളുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാക്കുകയായിരുന്നു സുപ്രധാന ലക്ഷ്യം. അതോടൊപ്പം സര്‍ക്കാരിന്റെ വികസനനയത്തിന് അനുരോധമായി ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും വിഭവവിന്യാസത്തിലും മാറ്റമുണ്ടാക്കാനും ഉദ്ദേശിച്ചിരുന്നു. തല്‍ഫലമായി ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചു. പട്ടണകേന്ദ്രീകൃതമായിരുന്ന ബാങ്ക് ശാഖകള്‍ ഗ്രാമങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഗ്യാരന്റി വന്നതോടെ വിശ്വാസ്യത വര്‍ധിച്ചു. കാര്‍ഷികവായ്പയും മുന്‍ഗണനവായ്പയും നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. ബാങ്ക് ശാഖകളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായതോടെ വന്‍തോതില്‍ തൊഴിലവസരം ലഭ്യമായി. രാജ്യത്തിന്റെ സുപ്രധാന വിഭവസ്രോതസ്സായി ബാങ്കുകള്‍ രൂപാന്തരപ്പെട്ടു. ജനകീയ ബാങ്കിങ് ശൈലിക്ക് ലോകോത്തരമാനം സൃഷ്ടിക്കുന്ന വിതാനത്തിലേക്ക് ഇന്ത്യന്‍ ബാങ്കിങ് സംവിധാനം പുരോഗമിക്കുകയായിരുന്നു.

ഇന്ത്യന്‍ ബാങ്കുകള്‍ പുഷ്പിച്ച് കായ്ഫലങ്ങള്‍ സമൃദ്ധമായി നല്‍കിയ വേളയിലാണ് 1991ല്‍ പുതിയ സാമ്പത്തികപരിഷ്കരണങ്ങള്‍ക്ക് തുടക്കമിടുന്നത്. രാജ്യത്തിന്റെ അക്ഷയഖനികളായ ബാങ്ക്-ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിഷ്കരണനടപടി. മത്സരാധിഷ്ഠിതവും സ്വകാര്യമേഖലയ്ക്ക് നിര്‍ണായകപങ്കുള്ളതുമായ ഒരു സാമ്പത്തികവികസനമായിരുന്നു പരിഷ്കരണങ്ങളുടെ ലക്ഷ്യം. അതിനനുസൃതമായ നയങ്ങള്‍ ആവിഷ്കരിക്കാനുള്ള മാര്‍ഗരേഖകളായി നിരവധി കമ്മിറ്റികളും റിപ്പോര്‍ട്ടുകളും രംഗത്തുവന്നു. ലോക സാമ്പത്തികകുത്തകകള്‍ക്ക് അന്യഥാ നിഷേധിച്ചിരുന്ന ഇന്ത്യയിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുകയായിരുന്നു ഈ നടപടികളുടെയെല്ലാം യഥാര്‍ഥ ഉദ്ദേശ്യം. സ്വാഭാവികമായും ബാങ്കുകളുടെ മനോഭാവത്തിലും വലിയ മാറ്റം വരാന്‍ തുടങ്ങി. ജനസേവനത്തിനും രാജ്യതാല്‍പ്പര്യത്തിനും പകരം ലാഭവും നിക്ഷിപ്ത താല്‍പ്പര്യങ്ങളും മുഖമുദ്രയായി. സാധാരണക്കാര്‍ക്ക് നല്‍കിപ്പോന്ന ബാങ്ക് നിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശനിരക്ക് വന്‍തോതില്‍ വെട്ടിക്കുറച്ചു. തല്‍ഫലമായിട്ടുള്ള നേട്ടം കൈമാറിയത് കോര്‍പറേറ്റ് മുതലാളിമാരുടെ വായ്പ പലിശനിരക്ക് കുറവുചെയ്തുകൊണ്ടാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നാലുശതമാനം പലിശയ്ക്ക് നല്‍കിയിരുന്ന വായ്പസമ്പ്രദായം ഇല്ലാതായി. കാര്‍ഷികവായ്പകള്‍ ചുരുങ്ങിവന്നു. ചെറുകിടവായ്പകളോട് ബാങ്കുകള്‍ അലര്‍ജി പ്രകടിപ്പിച്ചു. നഷ്ടപരാമര്‍ശം നടത്തി ഗ്രാമീണമേഖലയിലെ മൂവായിരത്തിലധികം ബാങ്ക് ശാഖ അടച്ചുപൂട്ടി. പട്ടണങ്ങളില്‍ കേന്ദ്രീകരിച്ച് സമ്പന്നതാല്‍പ്പര്യ അജന്‍ഡയുമായി ന്യൂ ജനറേഷന്‍ ബാങ്കുകള്‍കൂടി രംഗത്തുവന്നതോടെ ദേശസാല്‍ക്കരണം ലക്ഷ്യംവച്ച വിശുദ്ധിയെല്ലാം നിരാകരിക്കപ്പെട്ടു.

Joker said...

Thanks for this Good Article .

privetisation of Banks is the main mission of Our central govt. Becasue past election and other expenses is meet with commission from the Forign Corporates. Our Primeminister is the main Fox for this all deals.

But one thing small scale agricultarist and small scale money borrwres was faced problem on getting loan from our banks. Need to go the same banks for getting a loan. But in new generation banks easily giving the loan to borrowers. Also domestic wealthy people easily getting loan from those banks. But at last when writting off these debt by the govt. mainly that benefits got to these big borrowers.

Anyway control over the banks losing from the Govt is very dangerous situation.