Friday, August 14, 2009

98-ാമത് അന്തര്‍ദേശീയ തൊഴില്‍ സമ്മേളനം

98-ാമത് അന്തര്‍ദേശീയ തൊഴില്‍ സമ്മേളനം 2009 ജൂണ്‍ 3 മുതല്‍ 19 വരെ ജനീവയില്‍ ചേര്‍ന്നു. വലിയ ഭൂകമ്പമൊന്നും ഉണ്ടാക്കുന്നതായിരുന്നില്ല ഈ സമ്മേളനം; പക്ഷേ, ലോക മുതലാളിത്തത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കംതട്ടി തുടങ്ങിയ വര്‍ഷത്തിലായിരുന്നു അത് നടത്തപ്പെട്ടത്. സ്വതന്ത്രവിപണി സമ്പദ്ഘടനയുടെയും നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെയും കടുത്ത വക്താക്കള്‍ക്കെതിരെ, അവര്‍ ലോകസമ്പദ്ഘടനയെ കൊണ്ടുചെന്നിത്തിച്ച വിനാശകരമായ സ്ഥിതിവിശേഷത്തിന്റെ പേരില്‍, ലോകപൊതുജനാഭിപ്രായം രോഷംകൊണ്ട് ജ്വലിച്ചുനില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ഈ സമ്മേളനം. ഇത്തരം ഒരു സാഹചര്യത്തില്‍ ലോകമുതലാളിത്തത്തിന്റെ നേതാക്കള്‍ എന്തുചെയ്യുമെന്ന് ഊഹിക്കാന്‍പോലും ആര്‍ക്കും കഴിയില്ല. ആഗോളസമ്പദ്ഘടനയുടെ ഇത്തരത്തിലുള്ള വിനാശകരമായ തകര്‍ച്ചയുടെ ഈ ഘട്ടത്തില്‍ റൊണാള്‍ഡ് റീനന്റെയും മാര്‍ഗരറ്റ് താച്ചറുടെയും കാലംമുതല്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന മുദ്രാവാക്യങ്ങളെയെല്ലാം എത്രവേഗമാണ് അവര്‍ വിസ്മരിച്ചത്. "ബിസിനസ് നടത്തുന്നത് സര്‍ക്കാരിന്റെ ബിസിനസല്ല''. മുതലാളിത്തത്തവും സ്വതന്ത്രവിപണി സമ്പദ്‌വ്യവസ്ഥയ്ക്കും "ബദലൊന്നുമില്ല'', "സര്‍ക്കാര്‍തന്നെ ഒരു പ്രശ്നമാണ്, പ്രശ്നപരിഹാരമല്ല'', "പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സ വിപണിയാണ്'' - ഈ കഴിഞ്ഞ കാലമത്രയും നാം നിരന്തരം കേണ്ടുകൊണ്ടിരുന്ന സുപരിചിത മുദ്രാവാക്യങ്ങളാണിവ. സമൂഹത്തിന്റെ പുരോഗതിക്കുള്ള ആത്യന്തികമാര്‍ഗ്ഗം "ആഗോളവല്‍ക്കരണം'' എന്ന് വിശേഷിപ്പിക്കുന്നതിനായി അതിന്റെ പണംപറ്റുന്ന ദല്ലാളന്മാര്‍ "ആഗോളവല്‍ക്കരണം'' എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെ വാനോളം വാഴ്ത്തി ഒട്ടേറെ പേജുകള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്.

2009 ജൂണ്‍ 15-ന്റെ പ്രീനറിസെഷനില്‍ "അമേരിക്കന്‍ ബാങ്കുകളും ജര്‍മ്മന്‍ ബാങ്കുകളുമെല്ലാം പരാജയപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് അവ വിപണയിലേക്ക് പോകാതിരുന്നത് ? എന്തുകൊണ്ട് അവ സര്‍ക്കാരിനെ സമീപിച്ചു ?'' എന്ന സരളമായ ഒരു ചോദ്യം പ്ളീനറി സെഷനില്‍ ലുല ഡ സില്‍വ ഉന്നയിച്ചപ്പോള്‍, അതിനവര്‍ക്ക് ഉത്തരമില്ലായിരുന്നു. 1980 കളിലും 1990 കളിലും ഐ.എം. എഫിനും ലോകബാങ്കിനു ദരിദ്രരാജ്യങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിരവധി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടേയും ജപ്പാന്റേയും യൂറോപ്പിന്റെ സമ്പദ്ഘടനകളെ ബാധിച്ചിട്ടുള്ള കുഴപ്പങ്ങള്‍ക്ക് എന്തു പരിഹാരമാണ് അവര്‍ നിര്‍ദ്ദേശിക്കാനുള്ളത് എന്ന് ചോദിച്ച് ലുല ഐഎംഎഫിനെയും ലോകബാങ്കിനെയും കണക്കിന് കളിയാക്കി. പ്ളീനറി സമ്മേളനം ചേര്‍ന്നിരുന്ന ആ ഭീമന്‍ ഹാള്‍ കരഘോഷത്താല്‍ മുഖരിതമായതില്‍ അത്ഭുതത്തിനവകാശമില്ല. ഐഎല്‍ഒ കോണ്‍ഫറന്‍സിന്റെ 98-ാമത് സമ്മേളനത്തിന്റെ പൊതുവികാരമായിരുന്നു ഇത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകസമ്പദ്ഘടനയെയും രാഷ്ട്രീയത്തെയും കൈപ്പിടിയിലൊതുക്കി വച്ചിരുന്ന സ്വതന്ത്രവിപണി വാദക്കാരുടെയും കമ്പോള മൌലികവാദികളുടെയും കൈകളില്‍ കിടന്ന് പിടയുകയായിരുന്ന സാധാരണക്കാരുടെ ആഹ്ളാദപ്രകടനമായിരുന്നു ഇത്.

ചര്‍ച്ചയില്‍ പങ്കെടുത്ത പലരും അമേരിക്കന്‍ ബാങ്കര്‍മാരെ "കൊള്ളസംഘാംഗങ്ങള്‍'' എന് വിളിച്ചാക്ഷേപിക്കുകയും സദസ്യര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്യുന്നിടംവരെ ഈ ജനരോഷം വളര്‍ന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അമേരിക്കന്‍ ആധിപത്യത്തെയും ഐഎംഎഫിനേയും ലോകബാങ്കിനെയും പരോക്ഷമായി ആക്രമിച്ചതും ഈ ജനരോക്ഷത്തിന്റെ പ്രകടനമായിരുന്നു; അദ്ദേഹം പറഞ്ഞു -
"അന്താരാഷ്ട്രസംഘടനകള്‍ പാഠങ്ങള്‍ നല്‍കാനാണ് പോകുന്നതെങ്കില്‍, ആ പാഠങ്ങള്‍ സ്വയം പ്രയോഗിക്കാന്‍ അവര്‍തന്നെ തയ്യാറാവുകയും വേണം''
ലോകത്തിനുമുന്നില്‍ അമേരിക്ക കുറ്റവാളിയപ്പോലെ നില്‍ക്കുകയാണുണ്ടാത്; അതേസമയം ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഭൂരിപക്ഷവും ഇപ്പോളത്തെ കുഴപ്പത്തിന് അമേരിക്കയെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഐഎല്‍ ഒ സമ്മേളനങ്ങളിലെ പതിവ് രീതികളില്‍ നിന്നുള്ള വലിയൊരു വ്യതിയാനമാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോളവല്‍ക്കരണത്തിനെതിരെയും നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെയും സംസാരിക്കുന്നത് കടുത്ത അപരാധമായി കണക്കാക്കിയിരുന്നതാണ്. വിപണിയാണ് ദൈവം എന്നാണ് അപ്പോഴെല്ലാം പരിഗണിച്ചിരുന്നത്. തൊഴിലാളി വര്‍ഗ്ഗം കടുത്തചൂഷണത്തിനും ദുരിതങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിരുന്നു; ആഗോളവല്‍ക്കരണത്തിന് ഒത്താശ നല്‍കുന്നതിലും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്‍തുണ നല്‍കുന്നതിലും ഏര്‍പ്പംട്ടിരിക്കുകയായിരുന്നു ഐഎല്‍ഒ. പുതിയ പശ്ചാത്തലത്തില്‍ ഐഎല്‍ഒ അപ്രസക്തമായിരിക്കുന്നെന്നും വേതന വ്യവസ്ഥയും സേവനവ്യവസ്ഥയും മറ്റെല്ലാ തൊഴില്‍പ്രശ്നങ്ങളും വിപണിയാണ് നിശ്ചയിക്കേണ്ടത് എന്നിരിക്കെ ത്രികക്ഷി കൂടിയാലോചനകള്‍ അര്‍ത്ഥശൂന്യമാമെന്നും ലോകത്തെ ഭരണാധികാരികള്‍ തീരുമാനിച്ചതിനെതുടര്‍ന്ന് ഐഎല്‍ഒ തന്നെ ലോകബാങ്ക് നിയന്ത്രണത്തിലുള്ള അനാഥ ശിശുവായിമാറിയിരുന്നു. ഐഎല്‍ഒ മാത്രമല്ല, എല്ലാ രാജ്യങ്ങളിലെയും തൊഴില്‍വകുപ്പുകളും പ്രായോഗികമായി പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞു.

ഈ പ്രാവശ്യം എത്ര വലിയ മാറ്റം! തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഐഎല്‍ഒ ഇടപെടണമെന്നും തൊഴിലില്ലായ്മയുടെ സാഹചര്യം ഇല്ലാതാക്കണമെന്നും തൊഴിലാളികളുടെ ദുരിതങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തണമെന്നും ജി-20 സമ്മേളനം ഐഎല്‍ഒയോട് ആവശ്യപ്പെട്ടിരിക്കുന്നു. വളരെ പെട്ടെന്ന് ഐഎല്‍ഒയ്ക്ക് ഉന്നതമായ സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

അടുത്തമാസം അമേരിക്കയില്‍ ചേരുന്ന ജി-20 യോഗത്തിലേക്ക് ഐഎല്‍ഒയെ ക്ഷണിക്കണമെന്ന് പല ലോകനേതാക്കളും ക്ഷണിച്ചിരിക്കുകയാണ്. താന്‍ പുതുതായി കണ്ടെത്തിയ സുഹൃത്തായ ഐഎല്‍ഒയോട് സര്‍ക്കോസിക്ക് ശക്തവും തീക്ഷണവുമായ അടുപ്പമാണുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഈ വരികള്‍ നോക്കൂ.

"അന്താരാഷ്ട്ര കരാറുകളില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തത്തക്കവിധം ആഗോളഭരണനിര്‍വഹണത്തില്‍ മറ്റൊരു വിപ്ളംകൂടി ആവശ്യമാണെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഐഎല്‍ഒ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി നടപ്പാക്കപ്പെടേണ്ടവയല്ലെങ്കില്‍ അതുകൊണ്ട് എന്തുകാര്യം? നിര്‍ബന്ധിതമല്ലാത്ത മാനദണ്ഡങ്ങള്‍, മാനദണ്ഡങ്ങളേയല്ല; വെറും ശുപാര്‍ശകള്‍ മാത്രമായിരിക്കും! വെറും ഉപദേശങ്ങള്‍ മാത്രം; കാറ്റില്‍ കീറിപറത്താവുന്ന ഒരു തുണ്ട് കടലാസ് മാത്രമായിരിക്കും അവ.''

"അന്താരാഷ്ട്ര തര്‍ക്കപ്രശ്നങ്ങളില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഏജന്‍സികള്‍ക്ക് പങ്കെടുക്കാന്‍ കഴിയണം എന്ന ആശയത്തെ ആധാരമാക്കിയുള്ള ഒരു വിപ്ളവത്തിലേക്ക് നാമെല്ലാം കടക്കണമെന്നാണ് ഞാന്‍ വാദിക്കുന്നത്. അടിസ്ഥാനപരമായ നിലപാടുകള്‍ വെല്ലുവിളി നേരിടുന്നതിനു മുന്‍പുതന്നെ ലോകവ്യാപാര സംഘടനയിലും ഐഎംഎഫിലും ലോകബാങ്കിലും ഐഎല്‍ഒയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയത്തക്കവിധം നമുക്ക് ഈ പുതിയ ആഗോളഭരണ നിര്‍വഹണം സൃഷ്ടിക്കാം.''

"അന്താരാഷ്ട്ര സമൂഹത്തിന് ഭ്രാന്ത് പിടിക്കാന്‍ പറ്റില്ല; എന്നാല്‍, ഐഎല്‍ഒ പറയുന്ന കാര്യങ്ങലെ ലോകവ്യാപാര സംഘടനയും ബ്രെട്ടന്‍ വുഡ്സ സ്ഥാപനങ്ങളും (ഐഎംഎഫും ലോകബാങ്കും) അവഗണിക്കുമ്പോള്‍ അത് ശുദ്ധഭ്രാന്ത് തന്നെയാണ്.''

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളില്‍ ലോകമുതലാളിത്ത നായകന്മാര്‍ ചെയ്ത കാര്യങ്ങളില്‍ നിന്ന് സ്വയം അകന്നു നില്‍ക്കാനുള്ള വൃഥാ ശ്രമമാണ് "വിപ്ളവ''ത്തെക്കുറിച്ച് ഭയക്കുന്ന സര്‍ക്കോസി നടത്തുന്നത് അദ്ദേഹം തുടരുന്നു.

"ആഗോളവല്‍ക്കരണത്തെ നിയന്ത്രണ വിധേയമാക്കലാണ് മുഖ്യവിഷയം. ചോദനത്തിന്റേതും വിതരണത്തിന്റേതുമായ വിപണി നിയമങ്ങള്‍ കൊണ്ടുമാത്രം ലോകത്തെ ഭരിക്കാനാവില്ല. നമ്മുടെ രാഷ്ട്രീയവും ധൈഷണികവും ധാര്‍മ്മികവുമായ ഉത്തരവാദിത്വങ്ങള്‍ കൈവെടിയുന്നതിന് ആഗോളവല്‍ക്കരണം ഒഴികഴിവാകാന്‍ പാടില്ല. എന്നാല്‍ നാം ആഗോള നിയന്ത്രണം നടപ്പാക്കാന്‍ നാം വഴ്ചവരുത്തുകയാണെഹ്കില്‍ കൃത്യമായും അതുതന്നെയാകും സംഭവിക്കുന്നത്. ചട്ടങ്ങള്‍ കൂടാതെ സ്വതന്ത്ര്യവും ഉണ്ടാകില്ല എന്നതിനാല്‍ ആഗോളവല്‍ക്കരണത്തിന് കാട്ടുനീതിയെ അതിജീവിക്കാനാവില്ല.

അങ്ങനെ 2009-ലെ ഐഎല്‍ഒ സമ്മേളനം നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍തന്നെ ആഗോളവല്‍ക്കരണത്തെയും വിപണി സമ്പദ്ഘടനയെയും ആക്രമിക്കുന്ന സ്ഥിതി സംജാതമായി. പല കാര്യങ്ങളിലും അവര്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ കടത്തിവെട്ടുന്നു; തൊഴിലാളിവര്‍ഗത്തിന്റെ രോഷം കെടുത്തുന്നതിനുള്ള വഴികള്‍ ആരായുന്ന കടമ ഐഎല്‍ഒ ഏറ്റെടുത്തിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ വിധത്തില്‍ ഐല്‍ഒ ഗവേണിംഗ് ബോഡി ഏറെക്കുറെ അവസാനി നിമിഷം അജണ്ടയില്‍ മാറ്റംവരുത്തി; സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്നംകൂടി അതില്‍ ഉള്‍പ്പെടുത്തി. "പ്രതിസന്ധിയുടെ പ്രതികരണങ്ങള്‍ സംബന്ധിച്ച് മൊത്തത്തിലുള്ള കമ്മറ്റി'' എന്ന വിപുലമായ സമിതിയെ ആധാരമാക്കിയാണത്. ഇത്തരം ഒരു കമ്മറ്റി ഉണ്ടാകുന്നതുതന്നെ മുന്‍പുണ്ടായിട്ടില്ലാത്തതാണ്. അതില്‍ പങ്കെടുത്തവരുടെ എണ്ണമാകട്ടെ വളരെ വിപുലവും. തൊഴിലാളികളുടെ ഗ്രൂപ്പില്‍ നിന്നും ഇരുനൂറില്‍ അധികം അംഗങ്ങള്‍ ഉണ്ടായിരുന്നു; അതേപോലെ എണ്ണം തൊഴില്‍ ഉടമകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടായിരുന്നു.

അര്‍ദ്ധേന്ദുദക്ഷി (സിഐടിയു), തമ്പാന്‍ തോമസ് (എച്ച്എംഎസ്), ഉദയ് പട്‌വര്‍ദ്ധന്‍ (ബിഎംഎസ്) എന്നിവരായിരുന്നു ഈ കമ്മറ്റിയിലെ അംഗങ്ങള്‍. മിക്കവാറും എല്ലാ ദിവസവും ഈ കമ്മറ്റി ചേര്‍ന്നിരുന്നു. സാമ്പത്തികശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, അംബാസിഡര്‍മാര്‍. വിദഗ്ദ്ധന്മാര്‍, രാഷ്ട്രീയനേതാക്കള്‍, ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഉദ്യോഗസ്ഥര്‍, എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രൊഫസര്‍മാര്‍ എന്നിവരുമായ പതിനൊന്ന് പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ഈ കാലഘട്ടമാകെ ലോകബാങ്ക്, ഐഎംഎഫ് കടന്നാക്രമണങ്ങളുടേതും കളങ്കപ്പെടുത്തലുകളുടേതുമാണെന്ന് അടയാളപ്പെടുത്തപ്പെടുന്നു. ഏതൊരുവിധ നിയന്ത്രണവും നിയമവും ക്രമവുമൊന്നുമില്ലാത്ത നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ ഘട്ടമായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരായ കുറ്റവാളികള്‍ ഇവിടെ സന്നിഹിതരായിരുന്നില്ല; അവരെ സംരക്ഷിക്കാന്‍ ആര്‍ക്കും താല്‍പര്യവും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് കഴിഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്കുശേഷം തൊഴിലാളികള്‍ അരങ്ങിന്റെ മദ്ധ്യത്തില്‍ എത്തിയിരിക്കുന്നതായി ഐഎല്‍ഒ കണ്ടെത്തി. വരുമാനത്തിന്റെ വിതരണത്തെക്കുറിച്ചും രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ വിതരണത്തെക്കുറിച്ചും രക്ഷാമാര്‍ഗങ്ങളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ സംവിധാനത്തെക്കുറിച്ചും ഐഎല്‍ഒയുമായുള്ള ഏകീകൃതമായ പ്രവര്‍ത്തനത്തെക്കുറിച്ചും എല്ലാം അവര്‍ സംസാരിച്ചു. ഈ സംഭവവികാസങ്ങളെല്ലാം തികച്ചും പുതുതാണ്; മുന്‍ വര്‍ഷങ്ങളിലെ പൊതുരീതില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. നിരവധി രാജ്യങ്ങളില്‍, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ സ്ഫോടനാത്മകമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന വന്‍തോതിലുള്ള തൊഴില്‍ നഷ്ടങ്ങള്‍, വരുമാനശോഷണം, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയാണ് ഇതിനിടയാക്കിയത്.

ആയതിനാല്‍, ലോകനേതാക്കളെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ നിരാശാജനകമാണ്. ജനരോഷം തണുപ്പിക്കുന്നതിനായി അവര്‍ നാനാ വഴികളില്‍ പണിപ്പെടുകയാണ്. ഒരുവശത്ത് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുന്നതിനായി വീണ്ടെടുപ്പിന്റെ "പച്ചത്തുരുത്തുകള്‍'' പ്രത്യക്ഷപ്പെടുന്നതായി അവര്‍ പ്രഖ്യാപിക്കുന്നു; ആ പച്ചപ്പ് വളര്‍ന്നുവരുന്നതുവരെയും തൊഴില്‍ അവസരങ്ങള്‍ എന്ന ഫലം ലഭിക്കുന്നതിനായും ക്ഷമയോടെ കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നു. മറുവശത്ത്, കൃത്യവും ഊര്‍ജ്ജിതവുമായ നടപടികളിലൂടെ തൊഴിലാളികള്‍ക്കിടയില്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളര്‍ത്തിയെടുക്കാന്‍ ഐഎല്‍ഒയെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ഐഎല്‍ഒയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത് തന്നെയാണ് അതിന്റെ 98-ാമത് സമ്മേളനം ചെയ്തത്. "പ്രതിസന്ധിയില്‍ നിന്ന് കരകയറ്റം ആഗോളതൊഴില്‍ അവസര പദ്ധതി'' എന്ന പേരില്‍ അത് ഒരു രേഖ തയ്യാറാക്കി. "ഈ പ്രതിസന്ധിക്കുശേഷം ലോകം തികച്ചും വ്യത്യസ്തമായി കാണപ്പെടും'' എന്നിങ്ങനെയുള്ള നിരവധി കൊള്ളാവുന്ന പദാവലികളും ശുഭപ്രതീക്ഷകളും അതിലുണ്ട്. ഒപ്പം "സാധാരണയായി, സാമ്പത്തിക കരകയറ്റത്തിനുശേഷം നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടാലേ തൊഴില്‍ അവസരങ്ങളുടെ വീണ്ടെടുപ്പുണ്ടാകൂ'' എന്ന അപകടസൂചനയും നല്‍കുന്നു. സമ്പദ്ഘടനയില്‍ വീണ്ടെടുപ്പ് ഉണ്ടായതിനുശേഷമേ, അതായത് മൂലധനം അതിന്റെ മുന്‍നില പുനഃസ്ഥാപിച്ചു കഴിഞ്ഞശേഷമേ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കൂ എന്ന "വലിയ'' ഒരു ഉറപ്പാണ് ഇത് നല്‍കുന്നത്.

മിനിമംകൂലി, സംഘം ചേരാനുള്ള അവകാശം, കൂട്ടായി വിലപേശാനുള്ള അവകാശം, ലിംഗസമത്വം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളിലെ ഐഎല്‍ഒ കണ്‍വെന്‍ഷനുകളുടെ നടത്തിപ്പിന്റെയും അംഗീകാരം നല്‍കലിന്റെയും നിലവാരം സംബന്ധിച്ച ഐഎല്‍ഒയുടെ മുന്‍കാല റിക്കാര്‍ഡ് അനുസരിച്ചാണെങ്കില്‍, ഈ തൊഴില്‍ അവസരപദ്ധതിയും ഓഫീസിലെ അലമാരകളിലോ ലൈബ്രറിയിലോ ഭദ്രമായി ഒരിടത്ത് വിശ്രമിച്ചേക്കാം; ചിലപ്പോള്‍ ചവറ്റുകുട്ടയില്‍ ഇടം കാണാനും സാധ്യതയുണ്ട്.

ഞങ്ങള്‍ തൊഴില്‍ രഹിതരായ തൊഴിലാളികളെ തുണയ്ക്കാന്‍ പണം എവിടെ എന്ന ചോദ്യം തൊഴിലാളി സംഘടനകളുടെ ഭാഗമെന്ന നിലയില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തി. ബാങ്കുകള്‍ തകരുമ്പോള്‍ അവയ്ക്ക് ധനപിന്തുണ, രക്ഷാപദ്ധതി ലഭിക്കുന്നു; കയറ്റുമതിക്കാര്‍ക്ക് നഷ്ടമുണ്ടായാല്‍ അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പരിഹാരമോ ഇന്‍സെന്റീവോ ലഭിക്കുന്നു; എന്നാല്‍ തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെടുമ്പോഴോ? ഇതിന് ആരില്‍ നിന്നും ഒരു മറുപടിയും ലഭിക്കുന്നില്ല. സര്‍ക്കാരോ തൊഴിലുടമയോ ഒരു ബാധ്യതയും ഏറ്റെടുക്കുന്നില്ല.

അഭിവൃദ്ധിയുടെ ഘട്ടത്തില്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭിക്കുന്നില്ല എന്നും സമ്പദ്ഘടന കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുമ്പോള്‍ അവര്‍ക്ക് ആരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനുള്ളത് എന്ന ചോദ്യമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. ഐഎല്‍ഒ അവതരിപ്പിച്ച പദ്ധതിയിലെ തൊഴിലാളികള്‍ക്കനുകൂലമായ വ്യവസ്ഥകള്‍ നടപ്പാക്കപ്പെടുമെന്ന ഉറപ്പിനുവേണ്ടി ഞങ്ങള്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തി. സാമ്പത്തിക പ്രതിസന്ധി സാമഹിക സംഘര്‍ഷത്തിന് ഇടയാക്കുന്ന അസാധാരണായ സാഹചര്യത്തില്‍ തൊഴില്‍ അവസരപദ്ധതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ചില സംവിധാനങ്ങള്‍ക്കു വേണ്ടിയും ഞങ്ങള്‍ ശക്തിയായി വാദിച്ചു. അപ്പോഴും അതിനും ആരില്‍ നിന്നും ഒരു മറുപടിയും ഉണ്ടായില്ല. അര്‍ജന്റീനയിലും മറ്റും ചെയ്തതുപോലെ റിട്രെഞ്ച്മെന്റ് നിരോധിക്കുന്നതുപോലുള്ള തൊഴിലാളികളെ സഹായിക്കാനുള്ള നിയമനടപടികള്‍ വേണമെന്ന ആവശ്യം ഞങ്ങള്‍ ഉന്നയിച്ചു. അതും അനുവദിക്കപ്പെട്ടില്ല.

അങ്ങനെ തൊഴില്‍ അവസര പദ്ധതി തൊഴിലാളികള്‍ക്ക് ധനപരമായ സഹായമോ നിയമപരിരക്ഷയോ ഇല്ലാത്തതായി; പ്രത്യേക അവസത്തില്‍ പ്രത്യേക നടപടികള്‍ നടപ്പാക്കുമെന്നതിന് ഒരു ഉറപ്പും ഇല്ല. തൊഴില്‍ അവസര പദ്ധതിയെ സംബന്ധിച്ച് ആര്‍ക്കും ഒരു വ്യാമോഹവും വേണ്ട. സര്‍ക്കാര്‍ പറയുന്നതുപോവെയാണെങ്കില്‍ അലംഘനീയമായ ഇന്ത്യ-അമേരിക്ക ആണവകരാറിനെപോലെയുള്ള ഒരു അന്താരാഷ്ട്ര കരാര്‍ അല്ലാത്തതിനാല്‍ ഗവണ്‍മെന്റുകള്‍ അതിനെ പാടെ അവഗണിക്കും. ബോര്‍ഡ് യോഗങ്ങളിലെ തൊഴില്‍ ഉടമകള്‍ അവര്‍ക്ക് സാമ്പത്തി ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ എടുക്കും. അവര്‍ക്ക് സാമ്പത്തിക ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ എടുക്കും. അവര്‍ക്കാവശ്യം ലാഭമാണ്. തൊഴിലാളി ക്ഷേമമല്ല അവരുടെ ലക്ഷ്യം.

തൊഴിലാളികളുടെ സ്ഥിതി ഇപ്പോഴത്തെപ്പോലെ തുടരും

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അറിയാന്‍ താല്പര്യമുള്ള ചില സംഗതികളുണ്ട്. ഐഎല്‍ഒയില്‍ ഇന്ത്യക്ക് പ്രമുഖപദവിയൊന്നുമില്ല; എന്നാല്‍ ഈ പ്രാവശ്യം ദേശീയ തൊഴില്‍ ഉറപ്പുപദ്ധതിയുടെ പേരില്‍ ഇന്ത്യ ഒട്ടേറെ തവണ പരാമര്‍ശിക്കപ്പെട്ടു. വളരെക്കാലം ഇങ്ങനെയൊരു നിയമം പാസാക്കാന്‍ വിസമ്മതിക്കുകയും ഒടുവില്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദംമൂലം മാത്രം അത് ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത്തരം ഒരു പരാമര്‍ശം അര്‍ഹിക്കുന്നില്ല എന്നതാണ് വാസ്തവമെങ്കിലും ഇന്ത്യക്ക് അതിന്റെ പേരില്‍ വലിയ പരിഗണന ലഭിച്ചു. അത്തരമൊരു തൊഴിലുറപ്പു പദ്ധതിയായി തൊഴില്‍ അവസരം പദ്ധതി വിലയിരുത്തപ്പെട്ടു.

ചൈന യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കു നല്‍കുന്ന സഹായങ്ങളും ആഭ്യന്തര ചോദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളും കാരണം പരമാവധി കൈയടി അവര്‍ക്ക് ലഭിച്ചു.

രണ്ടുവിഷയങ്ങള്‍കൂടി ഐഎല്‍ഒ സമ്മേളനം ചര്‍ച്ചയ്ക്കാതി എടുത്തു. ഒന്ന്, അന്തസ്സുള്ള ജോലിക്ക് ലിംഗസമത്വം. മറ്റൊന്ന് എച്ച്ഐവി / എയ്‌ഡ്‌സും തൊഴില്‍ ലോകവും. പതിവുപോലെ, ലിംഗസമത്വത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് വലിയ പ്രതീക്ഷയിലാണ് അവസാനിക്കുന്നത്. അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കപ്പെടുമെന്നും പുരോഗതി സ്ഥിരമായി നിരീക്ഷിക്കുമെന്നുമുള്ള പ്രതീക്ഷയാണ് അത് നല്‍കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സാഹചര്യത്തില്‍ ഒരു മാറ്റവുമില്ലാതെ ചില പ്രതീക്ഷകള്‍ ആവര്‍ത്തിച്ച് പ്രകടിപ്പിക്കുകയാണെന്ന് ഓര്‍ക്കണം. ഇപ്പോള്‍, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. കാരണം, അവര്‍ക്കായിരിക്കും ആദ്യം തൊഴില്‍ നഷ്ടപ്പെടുന്നത്. ഒരു നിര്‍ദ്ദേശം അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത സാധാരണ സമ്മേളനത്തിന്റെ അജണ്ടയില്‍ എച്ച്ഐവി / എയ്ഡ്‌സ് ഉള്‍പ്പെടുത്തുമെന്ന് ഒടുവില്‍ സമ്മേളനം വാഗ്ദാനം നല്‍കി.

സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ, കൂടുതല്‍ തൊഴില്‍ നഷ്ടങ്ങളും കൂടുതല്‍ പണിമുടക്കുകളും ചില കലാപങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഉത്തേജക പാക്കേജുകളുടെ ഉറപ്പുകളും പലതുണ്ടെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സാഹചര്യം കലാപകലുഷിതമാണ്.

ഇവിടെ ഐഐല്‍ഒയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ആളുകളുടെ കഴിവ് സമ്മതിച്ചേ തീരൂ. കഴിഞ്ഞ ദിവസം വരെ ആഗോളവല്‍ക്കരണത്തിനും സ്വതന്ത്രവിപണനി സമ്പദ്ഘടനയ്ക്കും നിയന്ത്രണരാഹിത്വത്തിനുംവേണ്ടി വീറോടെ വാദിച്ചിരുന്ന അതേ ആളുകള്‍തന്നെ ഇപ്പോള്‍ അവരുടെ ശൈലിയും മട്ടുമൊക്കെ പാടെ മാറ്റിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളോടെ ഭരണകൂട ഇടപെടലിനെക്കുറിച്ചും അവര്‍ ഇപ്പോള്‍ വാചാലരായിരിക്കുന്നു. അവര്‍ക്ക് ഇത് ചെയ്തേ പറ്റൂ. കാരണം, ഈ സാഹചര്യത്തില്‍ നിന്ന് മോചനം നേടുന്നതിന്, മുതലാളിത്തത്തെ രക്ഷിക്കുന്നതിന് അവര്‍ വൃഥാ ശ്രമിക്കുകയാണ്.

*
അര്‍ദ്ധേന്ദു ദക്ഷി കടപ്പാട്: സി.ഐ.ടി.യു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

98-ാമത് അന്തര്‍ദേശീയ തൊഴില്‍ സമ്മേളനം 2009 ജൂണ്‍ 3 മുതല്‍ 19 വരെ ജനീവയില്‍ ചേര്‍ന്നു. വലിയ ഭൂകമ്പമൊന്നും ഉണ്ടാക്കുന്നതായിരുന്നില്ല ഈ സമ്മേളനം; പക്ഷേ, ലോക മുതലാളിത്തത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കംതട്ടി തുടങ്ങിയ വര്‍ഷത്തിലായിരുന്നു അത് നടത്തപ്പെട്ടത്. സ്വതന്ത്രവിപണി സമ്പദ്ഘടനയുടെയും നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെയും കടുത്ത വക്താക്കള്‍ക്കെതിരെ, അവര്‍ ലോകസമ്പദ്ഘടനയെ കൊണ്ടുചെന്നിത്തിച്ച വിനാശകരമായ സ്ഥിതിവിശേഷത്തിന്റെ പേരില്‍, ലോകപൊതുജനാഭിപ്രായം രോഷംകൊണ്ട് ജ്വലിച്ചുനില്‍ക്കുന്ന ഘട്ടത്തിലായിരുന്നു ഈ സമ്മേളനം. ഇത്തരം ഒരു സാഹചര്യത്തില്‍ ലോകമുതലാളിത്തത്തിന്റെ നേതാക്കള്‍ എന്തുചെയ്യുമെന്ന് ഊഹിക്കാന്‍പോലും ആര്‍ക്കും കഴിയില്ല. ആഗോളസമ്പദ്ഘടനയുടെ ഇത്തരത്തിലുള്ള വിനാശകരമായ തകര്‍ച്ചയുടെ ഈ ഘട്ടത്തില്‍ റൊണാള്‍ഡ് റീനന്റെയും മാര്‍ഗരറ്റ് താച്ചറുടെയും കാലംമുതല്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന മുദ്രാവാക്യങ്ങളെയെല്ലാം എത്രവേഗമാണ് അവര്‍ വിസ്മരിച്ചത്. "ബിസിനസ് നടത്തുന്നത് സര്‍ക്കാരിന്റെ ബിസിനസല്ല''. മുതലാളിത്തത്തവും സ്വതന്ത്രവിപണി സമ്പദ്‌വ്യവസ്ഥയ്ക്കും "ബദലൊന്നുമില്ല'', "സര്‍ക്കാര്‍തന്നെ ഒരു പ്രശ്നമാണ്, പ്രശ്നപരിഹാരമല്ല'', "പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സ വിപണിയാണ്'' - ഈ കഴിഞ്ഞ കാലമത്രയും നാം നിരന്തരം കേണ്ടുകൊണ്ടിരുന്ന സുപരിചിത മുദ്രാവാക്യങ്ങളാണിവ. സമൂഹത്തിന്റെ പുരോഗതിക്കുള്ള ആത്യന്തികമാര്‍ഗ്ഗം "ആഗോളവല്‍ക്കരണം'' എന്ന് വിശേഷിപ്പിക്കുന്നതിനായി അതിന്റെ പണംപറ്റുന്ന ദല്ലാളന്മാര്‍ "ആഗോളവല്‍ക്കരണം'' എന്ന് വിശേഷിപ്പിക്കപ്പെടുന്നതിനെ വാനോളം വാഴ്ത്തി ഒട്ടേറെ പേജുകള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്.