Sunday, July 5, 2009

അന്താരാഷ്ട്ര നാണയ, ധന സംവിധാനങ്ങളുടെ പരിഷ്കാരം

(ജോസഫ് സ്റ്റിഗ്ലിറ്റ് ചെയര്‍മാനായുള്ള സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ചുള്ള യു.എന്‍ ജനറല്‍ അസംബ്ലി വിദഗ്ദ കമ്മീഷന്‍ ശുപാര്‍ശകള്‍‍)

ജനറല്‍ അസംബ്ളി പ്രസിഡന്റിന്റെ കുറിപ്പ്

2008-ല്‍ പൊട്ടിപ്പുറപ്പെട്ട ധനപ്രതിസന്ധിയുടെ ഉറവിടം വികസിത രാജ്യങ്ങളാണ്. പക്ഷേ അത് അതിവേഗം പടര്‍ന്ന് ആഗോള സാമ്പത്തിക പ്രതിസന്ധിയായി മാറി. വളര്‍ന്നുവരുന്ന ആഗോള സമ്പദ്ഘടനകളും കുറച്ചുമാത്രം വികസിച്ച രാജ്യങ്ങളും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചു. ആഗോള സംവിധാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം ചെയ്യാനും കൂടുതല്‍ ഈടുറ്റതും നീതിയുക്തവുമായ ആഗോള സാമ്പത്തിക സംവിധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനും ഞാന്‍ ഒരു വിദഗ്ധസമിതിക്ക് രൂപം നല്‍കി. 2001-ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച പ്രൊഫസര്‍ ജോസഫ് സ്റിഗ്ളിറ്റ്സ് ആ സമിതിയുടെ അധ്യക്ഷത വഹിച്ചു. ജപ്പാന്‍, പശ്ചിമയൂറോപ്പ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ദക്ഷിണപൂര്‍വ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും നയ ആവിഷ്കര്‍ത്താക്കളും അടങ്ങിയതാണ് ഈ കമ്മീഷന്‍. ധനസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന സങ്കീര്‍ണവും പരസ്പരബന്ധിതവുമായ വിഷയങ്ങളെ സംബന്ധിച്ച് സമഗ്രമായ അറിവുള്ളവരെയാണ് വിദഗ്ധന്മാരായി തെരഞ്ഞെടുത്തത്. നിലവിലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ ശക്തി-ദൌര്‍ബല്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തികളാണ് കമ്മിഷന്‍ അംഗങ്ങള്‍ എല്ലാപേരും. വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക വികസന തലങ്ങളുള്ളതും ലോകത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളതുമായ രാജ്യങ്ങള്‍ സവിശേഷമായ വെല്ലുവിളികളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണവര്‍. കമ്മിഷന്റെ പ്രാഥമിക ശുപാര്‍ശകള്‍ നിങ്ങളുടെ പരിഗണനയ്ക്കായി ഞാന്‍ സമര്‍പ്പിക്കുകയാണ്.

വിദഗ്ധ കമ്മീഷന്‍ ശുപാര്‍ശകള്‍ - 2009 മാര്‍ച്ച് 19

ആമുഖം

1. വളരെക്കുറച്ച് വികസിത രാജ്യങ്ങളില്‍ ആരംഭിച്ച ധനപ്രതിസന്ധി ദ്രുതഗതിയില്‍ ആഗോള സമ്പദ്ഘടനയിലാകെ പടര്‍ന്നുപിടിച്ചത് 21-ാം നൂറ്റാണ്ടിലെ മാറിയ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് അന്താരാഷ്ട്ര വ്യാപാരവും ധനസംവിധാനവും അടിസ്ഥാനപരമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധികളുടെയെല്ലാം പ്രത്യാഘാതം പ്രതിസന്ധിയുടെ ഭാരം താങ്ങാന്‍ വേണ്ട ശേഷിയില്ലാത്ത ദരിദ്രരെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിരുന്നത്. പ്രതിസന്ധി അവസാനിച്ച് ഏറെ കഴിഞ്ഞാലും അതിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനം ലഭിക്കുന്നില്ല.

2. ഭാവിയില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കുന്നതിന് അനുയോജ്യമായി അന്താരാഷ്ട്ര സംവിധാനങ്ങളെ മാറ്റുന്നതിന് ഘടനാപരമായ മാറ്റങ്ങള്‍ അനിവാര്യമായിരിക്കുമ്പോള്‍തന്നെ, ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ട ഗണ്യമായ നടപടികള്‍ കൈക്കൊള്ളാതെ അത് സാധ്യമാകില്ല. കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചവയെക്കാള്‍ ഏറെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സാഹചര്യങ്ങള്‍ ഇതേപോലെ വഷളായിക്കൊണ്ടിരുന്നാല്‍, തൊഴിലില്ലായ്മ 2007-ല്‍ 300 ലക്ഷമായിരുന്നത് 2009-ല്‍ 500 ലക്ഷമായി വര്‍ധിക്കുമെന്നാണ് ഐ.എല്‍.ഒ കണക്കാക്കുന്നത്. വികസ്വര രാജ്യങ്ങളിലെ പ്രതിസന്ധിയുടെ പ്രത്യാഘാതത്തെ നേരിടാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ 20 കോടി ആളുകള്‍ കൂടി കടുത്ത ദാരിദ്യ്രത്തിലേക്ക് അകപ്പെടും. ചില വികസിത വ്യാവസായിക രാജ്യങ്ങളില്‍പ്പോലും ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരും ആരോഗ്യപരിരക്ഷ ഇല്ലാത്തവരുമാകും. ആസ്തിവില തകര്‍ന്നതോടുകൂടി തങ്ങളുടെ ആജീവനാന്ത സമ്പാദ്യം നഷ്ടപ്പെട്ട വൃദ്ധജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മയും തന്മൂലമുള്ള മാനസികാസ്വസ്ഥതകളും വര്‍ധിച്ചുവരികയാണ്.

3. വലിയ തോതില്‍ സംയോജിക്കപ്പെട്ടിട്ടുള്ള ലോക സമ്പദ്ഘടനയില്‍ വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ക്ഷേമം പരസ്പരാശ്രിതമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളെ നേരിടുന്നതിന് സ്വീകരിക്കുന്ന ഹ്രസ്വകാല നടപടികള്‍ ലോകത്തെ ദരിദ്രരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാകണം. അതേസമയം ഇനിയുമൊരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കുന്ന ദീര്‍ഘകാല നടപടികള്‍ വികസ്വര രാജ്യങ്ങളുടെ നയപരമായ നടപടികളെ കരുത്തുറ്റതാക്കുന്നതിന് ഈടുറ്റ ധനസംവിധാനം ഉറപ്പാക്കുന്നതായിരിക്കണം. ശരിക്കും എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന നടപടി കൂടാതെ, പരിഷ്ക്കരണ പ്രക്രിയയില്‍ എല്ലാ രാജ്യങ്ങള്‍ക്കുമുള്ള പ്രാധാന്യം പരിഗണിക്കുമ്പോള്‍, ആഗോള സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കാനാവില്ല; സാമ്പത്തിക വളര്‍ച്ചയും ഒപ്പംതന്നെ ദാരിദ്ര്യനിര്‍മാര്‍ജനവും ലോകത്താകെ അപകടത്തിലാകും.

4. എല്ലാപേരെയും ഉള്‍ക്കൊള്ളിക്കുന്ന ഈ ആഗോള നടപടികളില്‍ അന്താരാഷ്ട്ര സമൂഹത്തെ ഒന്നാകെ പങ്കെടുപ്പിക്കേണ്ടത് ആവശ്യമാണ്. ജി-7 ലോ ജി-8-ലോ ജി-20-ലോ മാത്രം അത് പരിമിതപ്പെടാന്‍ പാടില്ല. മറിച്ച്. ഈ ഭൂഗോളത്തിന്റെയാകെ പ്രാതിനിധ്യം അതിനുണ്ടാകണം. പ്രതിസന്ധി നേരിടാന്‍ ആവശ്യമായ നടപടികളെ സംബന്ധിച്ച് ദീര്‍ഘകാല പരിഷ്ക്കരണങ്ങളെക്കുറിച്ചും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് ജനറല്‍ അസംബ്ളിയുടെ പ്രസിഡന്റ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. ജി-8-ഉം ജി-20-ഉം മറ്റും മററു വേദികളും കൈക്കൊള്ളുന്ന നടപടികളെ അംഗീകരിക്കുന്ന കമ്മീഷന്‍ സ്വന്തം പ്രവര്‍ത്തനത്തെ അവയ്ക്ക് അനുപൂരകമായാണ് കാണുന്നത്. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്മിഷന്‍ ദാരിദ്യ്രത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലാണ് പ്രതികരിക്കുന്നത്.

5. അന്താരാഷ്ട്ര സംവിധാനത്തിന്റെ പരിഷ്ക്കരണത്തിന് ആഗോള നന്മയ്ക്കായി ലോകസാമ്പത്തിക സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലായിരിക്കണം ലക്ഷ്യം. ഈടുറ്റതും എല്ലാപേര്‍ക്കും തുല്യമായി ലഭ്യമാകുന്നതുമായ വളര്‍ച്ച, "മാന്യമായ തൊഴില്‍'' എന്ന സങ്കല്‍പ്പനത്തിന് അനുസൃതമായി തൊഴില്‍ സാധ്യത സൃഷ്ടിക്കല്‍, പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വപൂര്‍ണമായ വിനിയോഗം, ഹരിതഗൃഹ വാതക ഉത്സര്‍ജനം കുറയ്ക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നതിനൊപ്പം ഭക്ഷ്യ-ധനപ്രതിസന്ധികള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ നേരിടുന്നതിനുള്ള അടിയന്തിര നടപടികളും ഒരേ സമയം സ്വീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതില്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍തന്നെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും ലോകത്തെ രക്ഷിക്കുകയും ചെയ്യുകയെന്ന ദീര്‍ഘകാല ബാധ്യതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുമാണ്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പുരോഗതി കൈവരിക്കുന്നതിനുള്ള അവസരംകൂടി പ്രദാനം ചെയ്യുന്നതായിരിക്കണം നിര്‍ദ്ദിഷ്ട ആഗോളപരിഷ്ക്കരണം.

ആഗോള ധനപ്രതിസന്ധിയോടുള്ള പ്രതികരണം

6. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഈടുറ്റ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ പ്രതിസന്ധിക്കിടവരുത്തിയ ഘടകങ്ങള്‍ എന്തെല്ലാമെന്നും അത് അതിവേഗം ലോകമെങ്ങും പടര്‍ന്നുപിടിച്ചത് എന്തുകൊണ്ടെന്നും കണ്ടെത്തേണ്ടത് ആവശ്യമായിരിക്കുന്നു. അയഞ്ഞ ധനനയവും അപര്യാപ്തമായ നിയന്ത്രണ ചട്ടങ്ങളും മേല്‍നോട്ട രാഹിത്യവും ധനപരമായ അസ്ഥിരത സൃഷ്ടിക്കുന്നതിന് ഇടവരുത്തി. വമ്പിച്ച ആഗോള അസന്തുലിതാവസ്ഥയില്‍ ഇതിന്റെ ഫലങ്ങള്‍ കാണാവുന്നതാണ്. ഇതിനെതിരായി കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കും.

7. അപര്യാപ്തമായ നിയന്ത്രണങ്ങള്‍ക്കുള്ള ഭാഗികമായ കാരണം വിപണിയുടെ പരിമിതികളെ സംബന്ധിച്ച അപര്യാപ്തമായ വിലയിരുത്തലാണ് - ഇതിനെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ "വിപണി പരാജയങ്ങള്‍'' എന്ന് വിളിക്കുന്നത്. പല വിപണികളിലും ഇത്തരം പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ ധനവിപണിയുടെ കാര്യത്തില്‍ അതിന് പ്രത്യേക പ്രാധാന്യം കൈവരുന്നു. "യഥാര്‍ത്ഥ'' സാമ്പത്തിക നടപടികളിലേക്ക് അവ കിനിഞ്ഞിറങ്ങുന്നതോടുകൂടി വലിയ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുന്നു.

8. മൊത്തം ആഗോള ചോദനത്തിലെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി നാണയനയം നടപ്പിലാക്കുന്നതിനെ കാണാനാവും, മിക്ക രാജ്യങ്ങളിലും ഇത് വരുമാന അസമത്വത്തെ വര്‍ദ്ധിപ്പിക്കുന്നു. പുതുതായി വളര്‍ന്നുവരുന്ന ചില വിപണി രാജ്യങ്ങള്‍ വിദേശ നാണയ കരുതല്‍ സഞ്ചയിക്കുന്നതും ധന സ്ഥിതിഗതികളെ സ്വാധീനിക്കും. ആഗോള അനിശ്ചിതത്വത്തില്‍ നിന്നും ബഹുരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗതമായി നിലനില്‍ക്കുന്ന ദുരിതങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനാണ് ഈ രാജ്യങ്ങള്‍ വിദേശനാണയ കരുതല്‍ സഞ്ചയിക്കുന്നത്.

9. നാണയനയം നടപ്പിലാക്കുന്നതിനും ധനമേഖലയ്ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അപ്പുറത്തേക്ക് കടക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പ്രതിഫലിക്കുന്നത്. കോര്‍പ്പറേറ്റ് ഭരണനിര്‍വഹണം, മത്സരനയങ്ങള്‍ തുടങ്ങിയവപോലുള്ള രംഗങ്ങളിലെ വലിയ അപര്യാപ്തതകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ഈ പല പരാജയങ്ങള്‍ക്കും വിപണിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ശരിയായ ധാരണ ഇല്ലാതിരുന്നതും കാരണമായിട്ടുണ്ട്. അടുത്ത കാലത്ത് ധനരംഗത്തെ നിയന്ത്രണരാഹിത്യത്തിന് ഇതും ഇടവരുത്തിയിട്ടുണ്ട്. ചില അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നയങ്ങളുടെതന്നെ അടിത്തറ ഈ വീക്ഷണമാണ്. ആഗോളവല്‍ക്കരണത്തിന്റെ രൂപകല്‍പനതന്നെ ഏറെക്കുറെ ഇതിനുസരിച്ചാണ്.

10. പൊതുവെ, മുന്‍പ് അംഗീകൃതമായിരുന്ന ചില സാമ്പത്തിക സിദ്ധാന്തങ്ങളെ ആധാരമാക്കി അന്തര്‍ദേശീയ സ്ഥാപനങ്ങളും ചില ദേശീയ അധികൃതരും നടപ്പാക്കിയ നയങ്ങളിലെ അപര്യാപ്തതകള്‍ വെളിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നിയന്ത്രണരഹിതമായ വിപണികള്‍ സ്വമേധയാ തന്നെ തിരുത്തപ്പെടുമെന്നും അവ ഫലപ്രദമാകുമെന്നുമായിരുന്നു നിലനിന്നിരുന്ന സാമ്പത്തിക സിദ്ധാന്തങ്ങള്‍. ആഗോളവല്‍ക്കരണം തന്നെ ഈ പൊളിഞ്ഞ ധാരണയെ ആധാരമാക്കിയുള്ളതാണ്. അത് പലയാളുകള്‍ക്കും നേട്ടങ്ങളുണ്ടാക്കിയപ്പോള്‍, ഒരു സാമ്പത്തിക സംവിധാനത്തിലെ തകരാറുകള്‍ ലോകമാകെ പടര്‍ന്നുപിടിക്കുന്നതിന് അത് അവസരമൊരുക്കി. മികച്ച നിയന്ത്രണ ചട്ടക്കൂടുകള്‍ വികസിപ്പിക്കുകയും ഫലപ്രദമായ ധനസ്ഥാപനങ്ങള്‍ കരുപ്പിടിപ്പിക്കുകയും ശക്തമായ ധനനയങ്ങള്‍ നടപ്പാക്കുന്നതില്‍ വിജയം വരിക്കുകയും ചെയ്ത വികസ്വര രാജ്യങ്ങളില്‍പ്പോലും മാന്ദ്യവും ദാരിദ്യ്രവും സൃഷ്ടിച്ചത് അതാണ്.

11. ഇവയ്ക്ക് ആധാരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുള്ള തത്വങ്ങളുടെയും നിര്‍ദേശങ്ങളുടെയും രൂപരേഖയാണ് ഈ റിപ്പോര്‍ട്ട്. അതിവേഗം നടപ്പിലാക്കാന്‍ കഴിയുന്നതും നടപ്പിലാക്കേണ്ടതുമായ ഫലപ്രദമായ ഇടക്കാല നടപടികളും മറ്റൊരു പ്രതിസന്ധിയില്‍ നാം അകപ്പെടാതിരിക്കുന്നതിനും ഒരു പ്രതിസന്ധിയെ അതിജീവിക്കുന്നതിനുള്ള സാര്‍വദേശീയ സമൂഹത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ ദീര്‍ഘകാല പരിഷ്കാരങ്ങളും അടങ്ങിയതാണ് ഈ റിപ്പോര്‍ട്ട്.

12. പ്രതിസന്ധിയോടുള്ള ദേശീയവും ആഗോളവുമായ പ്രതികരണങ്ങള്‍ വിശകലനം ചെയ്ത കമ്മീഷന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

13. ആഗോള സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവന്നാല്‍ അനിവാര്യമായും അതിന്റെ ആഴവും കാലപരിധിയും വര്‍ധിക്കുകയും കൂടുതല്‍ സന്തുലിതമായ ഒരു വീണ്ടെടുപ്പിന് വലിയ വിലകൊടുക്കേണ്ടതായും വരും.

14. ആഗോളമായി ഉദ്ഗ്രഥിക്കപ്പെട്ട ഒരു ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ നടപടി മറ്റുള്ളവയെയും ബാധിക്കും. പലപ്പോഴും ദേശീയ നയ തീരുമാനങ്ങളില്‍ ഈ ബാഹ്യഘടകങ്ങള്‍ കണക്കിലെടുക്കാറില്ല. പ്രത്യേകിച്ചും വികസിത രാജ്യങ്ങള്‍ക്ക് ഈ ബാഹ്യഘടകങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കേണ്ടതാണ്. വ്യവസ്ഥാപരമായി നിര്‍ണായകമായ രാജ്യങ്ങളിലെ നിയന്ത്രണപരവും സ്ഥൂലസാമ്പത്തികവുമായ പരാജയങ്ങളില്‍ നിന്ന് സ്വയം രക്ഷ പ്രാപിക്കാന്‍ സഹായകരമായ പരിപാടികള്‍ വികസ്വര രാജ്യങ്ങള്‍ക്കും ആവശ്യമാണ്.

15. വികസ്വര രാജ്യങ്ങള്‍ അനുയോജ്യമായ പ്രതിചാക്രിക നയങ്ങള്‍ നടപ്പിലാക്കാന്‍ അവയെ പ്രാപ്തമാക്കുന്ന സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനും നയങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള സാധ്യത വികസിപ്പിക്കണം.

16. വികസിത വ്യാവസായിക രാജ്യങ്ങള്‍ സ്വയം സംരക്ഷണ (protectionist) നടപടികള്‍ കൈക്കൊള്ളില്ലെന്ന വാഗ്ദാനം കര്‍ശനമായി പാലിക്കണം. അതിലും പ്രധാനമായി, ഉത്തേജക പാക്കേജുകളും വീണ്ടെടുപ്പ് (recovery) പരിപാടികളും ആഗോള അസന്തുലിതാവസ്ഥയെ ഇനിയും കൂടുതല്‍ വര്‍ധിപ്പിക്കുന്നതും സാമ്പത്തിക നയരംഗത്തെ കൂടുതല്‍ വികലമാക്കുന്നതും ആകരുത് എന്ന് ഉറപ്പാക്കുകയും വേണം.

17. വികസിത രാജ്യങ്ങളില്‍ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള സബ്സിഡികളിലൂടെ ആഭ്യന്തരവിപണി പുനഃസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാന്തരമായി വികസ്വര രാജ്യങ്ങളിലേക്കുള്ള മൂലധന പ്രവാഹത്തില്‍ കുത്തനെയുള്ള കുറവും ഉണ്ടായി. പുതിയ തരത്തില്‍പ്പെട്ട ഒരു ധനപരമായ സംരക്ഷണവാദം സൃഷ്ടിക്കുന്നതിനുള്ളതായി ഈ നടപടികള്‍ മാറാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണം എന്നതാണ് ഏറെ പ്രധാനം. ധനപരമായ സബ്സിഡികള്‍ താരിഫുകളെപ്പോലെ സ്വതന്ത്രവും നീതിപൂര്‍വവുമായ വ്യാപാര സംവിധാനത്തിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. നിശ്ചയമായും അവ വളരെയേറെ അസമവുമായിരിക്കും. കാരണം സമ്പന്ന രാജ്യങ്ങള്‍ക്കായിരിക്കും സബ്സിഡികള്‍ നല്‍കാന്‍ വേണ്ട വിഭവങ്ങള്‍ അധികമുള്ളത്.

18. പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ എല്ലാ കക്ഷികളും കൂടുതല്‍ സുതാര്യത പ്രകടിപ്പിക്കേണ്ടത് ആവശ്യമാണ്. പൊതുവെ, തീരുമാനം എടുക്കുന്നതില്‍ എല്ലാപേര്‍ക്കും പങ്കാളിത്തം എന്നതുള്‍പ്പെടെയുള്ള ജനാധിപത്യ തത്വങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ആദരിക്കപ്പെടേണ്ടതും അനിവാര്യമാണ്.

19. ധന വിപണിയിലെ നിയന്ത്രണരാഹിത്യവും അന്താരാഷ്ട്ര വ്യാപാരവും അമിതമായതിന്റെ ഫലമായുണ്ടായതാണ് ഒരു പരിധിവരെ ഈ പ്രതിസന്ധി. ആഗോള സമ്പദ്ഘടനയുടെ ആരോഗ്യം പുനഃസ്ഥാപിക്കണമെങ്കില്‍ വിപണിയുടെ പങ്കും ഭരണകൂടത്തിന്റെ പങ്കും തമ്മിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കേണ്ടതുണ്ട്.

20. ഈ പ്രതിസന്ധിയോടുള്ള പ്രതികരണമെന്ന നിലയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന ഹ്രസ്വകാല നടപടികള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് ഇടവരുത്താന്‍ പാടില്ല. അത് അനിശ്ചിതാവസ്ഥ വര്‍ധിപ്പിക്കുകയോ ഭാവിയിലെ വളര്‍ച്ച കുറയ്ക്കുകയോ ചെയ്യും.

21. ഈ പ്രതിസന്ധിയില്‍ നിന്ന് ലോകം ഈടുറ്റതും സന്തുലിതവുമായ വളര്‍ച്ചയിലേക്ക് ഉയര്‍ന്നുവരണമെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയ ഘടകങ്ങളില്‍ ചിലതിന് പരിഹാരം കാണാന്‍ കഴിയുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകേണ്ടതാണ്. മുന്‍പ് നിലനിന്നിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോകുന്നതുകൊണ്ടുമാത്രം യാതൊരു കാര്യവുമില്ല.

22. അനുയോജ്യമായ ഹ്രസ്വകാല നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം അതിന് അനുപൂരകമായ ദീര്‍ഘകാല ലക്ഷ്യങ്ങളും ഉണ്ടായിരിക്കണം. വിശിഷ്യാ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍.
അടിയന്തിര നടപടികള്‍

23. ഇപ്പോഴത്തെ പ്രതിസന്ധി ദ്രുതഗതിയിലുള്ളതും ഫലപ്രദവുമായ നടപടികള്‍ കൊണ്ട് നേരിടണം; എന്നാല്‍ അത് ദീര്‍ഘകാല പരിഷ്ക്കരണങ്ങള്‍ക്ക് അടിത്തറ പാകുകയും വേണം. ഭാവിയില്‍ ആഗോള പ്രതിസന്ധി ഒഴിവാക്കുന്നതിനും കൂടുതല്‍ സ്ഥിരതയുള്ളതും അഭിവൃദ്ധിയുള്ളതുമായ ആഗോളസമ്പദ്ഘടന ഉണ്ടാക്കുന്നതിനും അത് അത്യാവശ്യമാണ്.

24. ആഗോളമായ വീണ്ടെടുപ്പിന് 10 അടിയന്തിര നടപടികള്‍ അനിവാര്യമാണ്.

1. തങ്ങളുടെ സമ്പദ്ഘടനയെ ദൃഢപ്പെടുത്തുന്നതിന് എല്ലാ വികസിത രാജ്യങ്ങളും ശക്തവും ഏകീകൃതവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം.

2. വികസ്വര രാജ്യങ്ങള്‍ക്ക് അധിക സമ്പത്ത് ആവശ്യമാണ്.

3. പുതിയ വായ്പാസൌകര്യം സൃഷ്ടിച്ചുകൊണ്ട് അധിക വികസനഫണ്ട് സ്വരൂപിക്കണം. ഒരു പുതിയ വായ്പാസൌകര്യം സൃഷ്ടിക്കേണ്ടത് അടിയന്തിരാവശ്യമായിരിക്കുന്നു. അത്തരം ഒരു സൌകര്യം സമയബന്ധിതമായി സൃഷ്ടിക്കപ്പെട്ടാല്‍ അത് ആവശ്യമായ അധികഫണ്ട് കണ്ടെത്താന്‍ ഉപയുക്തമാകും.

4. വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ നയപരമായ ഇടം കണ്ടെത്തണം.

5. വ്യാപാരത്തെയും ധനകാര്യത്തെയും സംബന്ധിച്ച നയങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടിന് പരിഹാരം കാണണം.

6. പ്രതിസന്ധിയോടുള്ള പ്രതികരണം സംരക്ഷണവാദമായിരിക്കരുത്.

7. വികസിത രാജ്യങ്ങളുടെ വിപണി വികസനത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കണം,

8. നിയന്ത്രണപരമായ (Regulatory) പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ വിജയകരമായ നയങ്ങളില്‍ നിന്നും പഠിക്കുക.

9. സര്‍ക്കാര്‍ ധനമേഖലാ പിന്തുണയുള്ള ആഭ്യന്തരവും ആഗോളവുമായ അനന്തരഫലങ്ങളെ കൂട്ടി യോജിപ്പിക്കുക.

10.ആഗോള സാമ്പത്തിക നയങ്ങളുടെ വര്‍ധിച്ച ഏകീകരണം.

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തിന്റെ പരിഷ്കാരം

1. ബ്രട്ടന്‍വുഡ്സ് സ്ഥാപനങ്ങളുടെയും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിനെയും അതിന്റെ വിവിധ സമിതികളെയും ധനസ്ഥിരതാ വേദിയെയും പോലുള്ള ആഗോള ധനസംവിധാനത്തില്‍ പങ്കുവഹിക്കാന്‍ പറ്റുന്ന മറ്റു പ്രാതിനിധ്യേതര സ്ഥാപനങ്ങളുടെയും സുതാര്യതയെയും ഉത്തരവാദിത്വങ്ങളെയും ഭരണനിര്‍വഹണ പരിഷ്കാരത്തെയും പിന്താങ്ങുന്നതിന് അന്താരാഷ്ട്രതലത്തില്‍ പൊതുസമിതി വര്‍ധിച്ചുവരികയാണ്. പ്രതിസന്ധിയോട് പ്രതികരിക്കുന്നതിലും അത് തടയുന്നതിനുവേണ്ടത്ര നടപടികള്‍ എടുക്കുന്നതിനും ഈ സ്ഥാപനങ്ങള്‍ക്കുള്ള ശേഷിയെ ഈ പോരായ്മകള്‍ ബലഹീനമാക്കിയിട്ടുണ്ട്. അവ സ്വീകരിക്കുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്ത നയങ്ങളിലും നിലപാടുകളിലും ചിലത് വികസ്വര രാജ്യങ്ങള്‍ക്കും വളര്‍ന്നുവരുന്ന വിപണി സമ്പദ്ഘടനകള്‍ക്കും ഹാനികരവുമായിരിക്കും. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവകാശം അനുവദിക്കുന്നതും കൂടുതല്‍ സുതാര്യതയും ഉള്‍പ്പെടെ ഈ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തില്‍ പ്രധാന പരിഷ്കാരങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.

2. ലോകബാങ്കിന്റെ ഭരണനിര്‍വഹണ ഘടനയുടെ പരിഷ്ക്കാരം അതിവേഗം പൂര്‍ത്തിയാക്കണം. പരിഷ്ക്കാരത്തിന്റെ രണ്ടാംഘട്ടത്തെ സംബന്ധിച്ചിടത്തോളം ഓഹരികളുടെ പുനഃക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതാണ്. അതിന് മൂന്ന് മാനദണ്ഡങ്ങള്‍ കണക്കിലെടുക്കണം: സാമ്പത്തിക ഉത്തരവാദിത്വവും ലോകബാങ്കിന്റെ വികസന മാന്‍ഡേറ്റിനായുള്ള സംഭാവനയും (ഉദാഹരണത്തിന്, ഐഡിയയിലേക്കും ട്രസ്റ് ഫണ്ടുകളിലേക്കുമുള്ള സംഭാവനയുടെ അടിസ്ഥാനത്തിലാണ് അവയെ അളക്കുന്നത്) ബാങ്കില്‍ നിന്നുള്ള കടമെടുക്കലിന്റെ വലിപ്പവും, ഐഎം.എഫിനെ സംബന്ധിച്ചിടത്തോളം, അടിസ്ഥാന വോട്ടുകളുടെ ഗുരുത്വം പുനഃസ്ഥാപിക്കുന്നത് ഗൌരവമായി പരിഗണിക്കണം. ഇരട്ട വോട്ടിങ് സംവിധാനമോ, ബഹുകക്ഷി വോട്ടിങ്ങിലെ ജനപ്രിയതയോ പുനഃസ്ഥാപിക്കുന്ന കാര്യം ഗൌരവപൂര്‍വം പരിഗണിക്കേണ്ടതാണ്.

3. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നേതാക്കന്മാരുടെ തെരഞ്ഞെടുപ്പ് പൊതുജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനത്തിലായിരിക്കണം.

ആഗോള സാമ്പത്തിക ഏകീകരണ സമിതി

ആഗോള സാമ്പത്തിക സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആഗോളപ്രാതിനിധ്യവേദിക്ക് രൂപം നല്‍കണം.

4. മികച്ചതും കൂടുതല്‍ സന്തുലിതവുമായ മേല്‍നോട്ടം

5. വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രബാങ്ക് നയങ്ങള്‍ പരിഷ്ക്കരിക്കല്‍.

6. ധന വിപണി നയങ്ങള്‍

വ്യവസ്ഥാപനം (Regulation) ഉള്‍പ്പെടെയുള്ള ധനനയങ്ങളുടെ ലക്ഷ്യം ധനസ്ഥാപനങ്ങളുടെ ശക്തിയും സുരക്ഷയും ധനസംവിധാനത്തിന്റെ സ്ഥിരതയും ഉറപ്പുവരുത്തല്‍ മാത്രമല്ല, മറിച്ച് ബാങ്ക് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും മൂലധനനിക്ഷേപം നടത്തുന്നവരുടെയും സംരക്ഷണവും വായ്പ ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കിങ് സേവനങ്ങളുടേയും ലഭ്യത പോലുള്ള ധനഇടപാടുകളില്‍ എല്ലാപേര്‍ക്കും ഉള്‍പ്പെടാനാകുമെന്ന് ഉറപ്പുവരുത്തലും വ്യക്തികളെയും കുടുംബങ്ങളെയും അവര്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യത തരണം ചെയ്യാന്‍ സഹായിക്കുന്നതും ന്യായമായ വ്യവസ്ഥകളോടെ വായ്പ ലഭ്യമാകുന്നതുമായ ധനകാര്യസംവിധാനങ്ങള്‍ക്കുള്ള വ്യവസ്ഥയും ഉള്‍പ്പെടെയാണ്. ഈ മേഖല മത്സരക്ഷമവും നൂതനവുമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.

7. അപകടശമന സാധ്യത വിപുലമാക്കുന്നതിനുള്ള ധനപരമായ മാറ്റങ്ങള്‍ക്ക് പിന്തുണ.

8. പരമാധികാര വായ്പാ പുനഃസംഘടനയും അതിരുകടക്കലുകളും കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍.

9. ശരിക്കും വികസനാധിഷ്ഠിതമായ വ്യാപാരവട്ട നിക്ഷേപ തര്‍ക്കങ്ങളുടെ പൂര്‍ത്തീകരണം.

10. കൂടുതല്‍ ദൃഢവും സുസ്ഥിരവുമായ വികസന സൌകര്യം.

*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജോസഫ് സ്റ്റിഗ്ലിറ്റ് ചെയര്‍മാനായുള്ള സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ചുള്ള യു.എന്‍ ജനറല്‍ അസംബ്ലി വിദഗ്ദ കമ്മീഷന്‍ ശുപാര്‍ശകള്‍)