Thursday, July 2, 2009

ഭക്ഷ്യസുരക്ഷ: പരിഗണിക്കപ്പെടേണ്ട പ്രശ്നങ്ങള്‍

പുതിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നൂറുദിവസത്തെ അജണ്ടയില്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടിയെന്ന നിലയില്‍ ഉള്‍ക്കൊള്ളിയ്ക്കപ്പെട്ടിട്ടുള്ള ഒരു ഇനം ഭക്ഷ്യസുരക്ഷയാണ്. ഈ പദ്ധതി ശരിയായ വിധത്തില്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെങ്കില്‍, ജനങ്ങള്‍ക്കത് വലിയ ആശ്വാസമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുതിച്ചുയരുന്ന വിലക്കയറ്റംകൊണ്ട് ഇപ്പോള്‍ അവര്‍ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും മൂന്നു രൂപയ്ക്ക് ഒരു കിലോ വീതം 25 കിലോ ഭക്ഷ്യധാന്യം നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ട്, പ്രസിഡന്റിന്റെ പ്രസംഗത്തില്‍ വിഭാവനം ചെയ്യുന്ന നിയമം യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമോ? ബിപിഎല്‍ വിഭാഗത്തില്‍പെടുന്നവരായി കണ്ടെത്തപ്പെട്ട ഏതാണ്ട് 6 കോടി കുടുംബങ്ങള്‍ക്ക് ഇന്ന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ഇവരില്‍ത്തന്നെ 2.5 കോടി കുടുംബങ്ങള്‍ അന്ത്യോദയ വിഭാഗത്തില്‍പെടുന്നവരാണ്. അതായത് ദരിദ്രരില്‍ ദരിദ്രര്‍. അവര്‍ക്ക് കിലോക്ക് 2 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ വീതം ഗോതമ്പ് കിട്ടാനും അര്‍ഹതയുണ്ട്. പ്രസിഡന്റ് പ്രസ്താവിക്കുന്ന നിയമം നടപ്പിലാവുന്ന ദിവസം തൊട്ട് ഇങ്ങനെ ലഭിക്കുന്ന ഗോതമ്പിന്റെ അളവില്‍ 10 കിലോയുടെ കുറവുണ്ടാവുകയും ചെയ്യും. എന്നു മാത്രമല്ല അവര്‍ ഒരു കിലോ ഗോതമ്പിന് ഒരു രൂപ കൂടി കൂടുതല്‍ കൊടുക്കേണ്ടിയും വരും. തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിലുള്ള കുറവ് പരിഹരിക്കുന്നതിനായി അവര്‍ 10 കിലോ ഗോതമ്പ് വിപണിയില്‍നിന്ന് വാങ്ങുകയാണെങ്കില്‍, അതിന് 120 രൂപ കൊടുക്കേണ്ടിവരും. കാരണം ഇന്ന് വിപണിയില്‍ ഒരു കിലോ ഗോതമ്പിന്റെ വില 12 രൂപയാണ്. അന്ത്യോദയ വിഭാഗത്തില്‍ പെടാത്തവരെങ്കിലും ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ബാക്കി 3.5 കോടി കുടുംബങ്ങളുടെ കാര്യത്തില്‍, ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വില, അവര്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വിലയേക്കാള്‍ (ഒരു കിലോക്ക്) ഏതാണ്ട് ഒന്നര രൂപ കുറവാണെങ്കില്‍ത്തന്നെയും, വിലയില്‍ ഉണ്ടാവുന്ന കുറവിന്റെ മെച്ചം ഭക്ഷ്യധാന്യത്തിന്റെ അളവ് 10 കിലോ വെട്ടിക്കുറയ്ക്കുന്നതുകൊണ്ട് ഇല്ലാതായിത്തീരുന്നു. കാരണം അവരുടെ കാര്യത്തിലും 10 കിലോയുടെ വെട്ടിക്കുറവ് വരുത്തുന്നുണ്ടല്ലോ. അതുകൊണ്ട് ഈ നിര്‍ദ്ദേശത്തിന്റെ മെച്ചം ദരിദ്രരായ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. നേരെമറിച്ച് നിര്‍ദിഷ്ട രൂപത്തില്‍ ഈ പദ്ധതി നടപ്പാക്കുകയാണെങ്കില്‍, ദരിദ്രര്‍ക്ക് ഇന്നു കിട്ടിക്കൊണ്ടിരിക്കുന്നതുപോലും അവരില്‍നിന്ന് കവര്‍ന്നെടുക്കപ്പെടും. മാത്രമല്ല, വാര്‍ഷിക ഭക്ഷ്യസബ്സിഡിയുടെ ഇനത്തില്‍ ഗവണ്‍മെന്റിന് 4000 കോടി രൂപയുടെയെങ്കിലും ലാഭമുണ്ടാവുകയും ചെയ്യും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആശ്ചര്യകരമായ മാര്‍ഗം തന്നെയാണിത്! അതുകൊണ്ട് ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് 35 കിലോയില്‍നിന്ന് 25 കിലോ ആക്കി വെട്ടിക്കുറയ്ക്കുകയില്ല എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ നിര്‍ദ്ദിഷ്ട പദ്ധതി ഭേദഗതി ചെയ്യണം. മാത്രമല്ല ഇന്നിപ്പോള്‍ അന്ത്യോദയ കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് ഒരു കിലോ വീതം ഗോതമ്പ് ലഭിച്ചുകൊണ്ടിരിക്കുന്നത് തുടരുകയും വേണം.

പുതിയ നിയമത്തിന്‍കീഴില്‍ സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിന് അര്‍ഹതയുള്ളത് ആരൊക്കെയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രശ്നം. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടന ഭക്ഷ്യസുരക്ഷയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: "ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ അളവില്‍ ഭക്ഷണം എല്ലാവര്‍ക്കും എല്ലാ സമയത്തും ലഭ്യമാക്കുന്നതിന് ഉതകുന്ന ഭൌതികവും സാമ്പത്തികവുമായ സാഹചര്യം''. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു നിയമം, അത്തരമൊരു നിര്‍വചനത്തെയാണ് അനിവാര്യമായും അടിസ്ഥാനമാക്കേണ്ടത്.

ഭക്ഷ്യകാര്യത്തില്‍ അരക്ഷിതത്വം അനുഭവിക്കുന്നവരും സബ്സിഡി ലഭിക്കാന്‍ അര്‍ഹതയുള്ളവരുമായ ജനങ്ങളെ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ സംശയാസ്പദമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജനങ്ങളില്‍ മഹാഭൂരിപക്ഷവും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്; അവരുടെ വരുമാനം സദാ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതുകൊണ്ട് ഭക്ഷ്യആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവരുടെ കഴിവിനെ സംബന്ധിച്ച് കൃത്യമായി വിലയിരുത്താന്‍ കഴിയാതെ വരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സ്ഥിതിയെപ്പറ്റി പഠിച്ച അര്‍ജുന്‍സെന്‍ ഗുപ്ത കമ്മീഷന്റെ നിഗമനം അനുസരിച്ച്, ഇന്ത്യയിലെ പ്രായപൂര്‍ത്തി വന്ന ജനങ്ങളില്‍ 77 ശതമാനത്തിനും ദിവസത്തില്‍ 20 രൂപയില്‍ താഴെ മാത്രമേ ചെലവാക്കാന്‍ കഴിയുകയുള്ളൂ. ചെലവാക്കാനുള്ള കഴിവ് ഇത്രമാത്രം കുറവാണെങ്കില്‍ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതെങ്ങനെയാണ്? ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടിയുള്ള ഒരു നിയമത്തിന് ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കാന്‍ കഴിയുമോ? എന്നിട്ടും ഭക്ഷ്യസുരക്ഷയ്ക്ക് അര്‍ഹരായവരെ, ബിപിഎല്‍ കുടുംബങ്ങളില്‍ പരിമിതപ്പെടുത്തി നിര്‍ത്താനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നത്. 2005ല്‍ എന്‍ആര്‍എജിഎ ബില്‍ കൊണ്ടുവന്നപ്പോഴും, അതിന്റെ ഗുണം ബിപിഎല്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുക്കിനിര്‍ത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയുണ്ടായി.

ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ്, തൊഴില്‍ ആവശ്യമുള്ള എല്ലാവര്‍ക്കും ഈ അവകാശം ലഭ്യമായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്. അവിടെ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ വ്യാപ്തി ബിപിഎല്‍ കുടുംബങ്ങളില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നത് തികച്ചും തെറ്റാണ്. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ച എന്ന് ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും, അതിന്റെ മെച്ചം ലഭിക്കാനര്‍ഹതയുള്ളവരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന ഒരു നയമാണത്. ദരിദ്രരില്‍ ഒരു വലിയ വിഭാഗം ബിപിഎല്‍ വിഭാഗത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്; അതിന് കൃത്യമായ രേഖകളുമുണ്ട്. ഉദാഹരണത്തിന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ അത്യാവശ്യമായി ലഭിക്കേണ്ടിയിരിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ കായിക ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പകുതിയില്‍ അധികം പേര്‍ക്കും ബിപിഎല്‍ കാര്‍ഡില്ല എന്ന് 61-ാമത് നാഷണല്‍ സാമ്പിള്‍ സര്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ബിപിഎല്‍ കാര്‍ഡില്ലാത്തവരുടെ ശതമാനം ബീഹാറില്‍ 71ഉം ഉത്തര്‍പ്രദേശില്‍ 73ഉം ആണ്. ഇങ്ങനെ ഒഴിവാക്കപ്പെടുന്നതിനുള്ള ഒരു കാരണം, തെറ്റായ രീതിയിലുള്ള കണക്കെടുപ്പാണ്. മറ്റൊരു കാരണം, ബിപിഎല്‍ കാര്‍ഡുകള്‍ അനര്‍ഹരായവര്‍ക്ക് നല്‍കുന്ന കാര്യത്തിലുള്ള അഴിമതിയാണ്. ഇങ്ങനെ വലിയ ഒരു വിഭാഗം ഒഴിവാക്കപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ദാരിദ്ര്യത്തിന്റെ തീവ്രത കണക്കാക്കുന്നതിന് ആസൂത്രണ കമ്മീഷന്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രമാണ്. ഇങ്ങനെയുള്ള തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതും മറ്റൊരു കാരണമാണ്.

ദാരിദ്ര്യത്തിന്റെ നിര്‍വചനം (അതിന്റെ അടിസ്ഥാനത്തിലാണല്ലോ ആസൂത്രണ കമ്മീഷന്‍ അതിന്റെ കണക്കുകള്‍ തയ്യാറാക്കുന്നത്) ഭേദഗതി ചെയ്യണം എന്ന് സിപിഐ എം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. നൂറുകോടിയില്‍പ്പരം ഡോളറിന്റെ ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ചുകൊല്ലത്തിനുള്ളില്‍ ഒമ്പതില്‍നിന്ന് 53 ആയി വര്‍ദ്ധിച്ചു. അതേ അവസരത്തില്‍ സാമ്പത്തികമായ അസമത്വം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. എന്നിട്ടും ഗവണ്‍മെന്റിന്റെ ദാരിദ്ര്യരേഖാ കണക്കുകള്‍ അനുസരിച്ച് ഗ്രാമീണ ഇന്ത്യയില്‍ ദിവസത്തില്‍ 11.80 രൂപയും നഗരപ്രദേശങ്ങളില്‍ 17.80 രൂപയും കിട്ടുന്നവര്‍ ദാരിദ്ര്യരേഖയ്ക്കുമേലെയുള്ളവരായി കണക്കാക്കപ്പെടുന്നു. അതില്‍താഴെ വരുമാനമുള്ളവരെ മാത്രമേ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കുന്നുള്ളൂ. ഇങ്ങനെയുള്ള ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് ഗവണ്‍മെന്റിന്റെ സബ്സിഡി ലഭിക്കാനര്‍ഹതയില്ല. ദാരിദ്ര്യരേഖ കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണം എന്ന ഇടതുപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന്, എസ് ടെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ കമ്മിറ്റി രൂപീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടുണ്ട്. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടുത്തുതന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് ഗ്രാമപ്രദേശങ്ങളിലെങ്കിലും ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചേയ്ക്കാം എന്നും പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അത് സ്വാഗതാര്‍ഹമായ നടപടി തന്നെ. അതെന്തായാലും ഭക്ഷ്യകാര്യത്തിലുള്ള അരക്ഷിതാവസ്ഥ അളക്കുന്നതിലുള്ള വൈകല്യങ്ങള്‍ പിന്നെയും തുടരുക തന്നെ ചെയ്യും.

ആസൂത്രണ കമ്മീഷന്‍ കൈക്കൊണ്ട പൊതുവിലുള്ള ദാരിദ്ര്യനിര്‍ണയ മാനദണ്ഡങ്ങളും ഭക്ഷ്യധാന്യവിഹിതവും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഇന്നത്തെ സമ്പ്രദായം അവസാനിപ്പിക്കുകയാണ് പ്രശ്ന പരിഹാരത്തിലുള്ള ഒരു മാര്‍ഗം. കഴിഞ്ഞ പത്തുവര്‍ഷമായി ദാരിദ്ര്യത്തെ സംബന്ധിച്ച മാനദണ്ഡങ്ങളില്‍നിന്ന് ദരിദ്രരുടെ കൃത്യമായ സംഖ്യയുണ്ടാക്കുകയാണ് പതിവ്. എന്നിട്ട് അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യവിഹിതം നിശ്ചയിക്കുന്നത്. ഗവണ്‍മെന്റിന്റെ നയങ്ങള്‍ നിശ്ചയിക്കുന്നതിന് പൊതുവിലുള്ള ദാരിദ്യനിര്‍ണയ മാനദണ്ഡങ്ങള്‍ ആവശ്യം തന്നെ. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം നിശ്ചയിക്കുന്നതിനെ അത്തരം പൊതുവായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നത് തികച്ചും അന്യായവും അനീതിയും ആണ്. മിക്ക സംസ്ഥാന ഗവണ്‍മെന്റുകളുടെയും കണക്കനുസരിച്ച് (അവയില്‍ ബീഹാര്‍, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി വിശദമായ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്) സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുടുംബങ്ങളുടെ സംഖ്യ ഏതാണ്ട് 10.5 കോടിയാണെന്ന് കാണുന്നു. അതായത് ആസൂത്രണ കമ്മീഷന്റെ ഔദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം അധികം.

ദരിദ്രരെ കണക്കാക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് അവരുടേതായ ചില മാനദണ്ഡങ്ങളുണ്ട്. 13 ചോദ്യങ്ങളാണ് അതിലുള്ളത്. ഈ ചോദ്യാവലിയെ ഇടതുപക്ഷവും മറ്റും ശക്തിയായി വിമര്‍ശിക്കുന്നു. ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിനുവേണ്ടി എന്‍ സക്സേന ചെയര്‍മാനായുള്ള ഒരു കമ്മിറ്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡം എത്ര തന്നെ അപര്യാപ്തവും വികലവും ആണെങ്കില്‍ത്തന്നെയും, ഗ്രാമീണ വികസനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സര്‍വെകളില്‍നിന്നു ലഭ്യമാകുന്ന ദരിദ്ര കുടുംബങ്ങളുടെ എണ്ണം, ആസൂത്രണ കമ്മീഷന്റെ കണക്കുകളേക്കാള്‍ എത്രയോ കൂടുതലാണ്. എന്നാല്‍ പുത്തന്‍ ഉദാരവല്‍ക്കരണ അജണ്ടയുടെ ഭാഗമായി തൊണ്ണൂറുകളുടെ അവസാനം തൊട്ട് കേന്ദ്ര ഗവണ്‍മെന്റ് ഏകപക്ഷീയമായി നിര്‍ബന്ധം പിടിക്കുന്നത്, സംസ്ഥാനങ്ങള്‍ കണ്ടെത്തിയ ദരിദ്ര കുടുംബങ്ങളുടെ എണ്ണവും ആസൂത്രണ കമ്മീഷന്റെ കണക്കുകളിലുള്ള എണ്ണവും തമ്മില്‍ പൊരുത്തം വേണമെന്നാണ്. ഇങ്ങനെ കേന്ദ്ര ഗവണ്‍മെന്റ് സ്വേച്ഛാപരമായി ഇവയെ ബന്ധപ്പെടുത്തുന്നതിന് നിര്‍ദ്ദിഷ്ട ഭക്ഷ്യസുരക്ഷാനിയമം അറുതി വരുത്തണം.

എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു വസ്തുത അംഗീകരിക്കണം: കഴിഞ്ഞ അഞ്ചുകൊല്ലമായി ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെങ്കിലും, ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് അക്ഷന്തവ്യമായ കാലതാമസമാണ് വരുത്തിയത്. ഇതിനിടയില്‍ ഭക്ഷ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പത്തു സംസ്ഥാനങ്ങളെങ്കിലും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ പദ്ധതികളില്‍ മിക്കവയും കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ നിര്‍ദ്ദിഷ്ട നിയമത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടവയാണുതാനും. ഈ പത്തു സംസ്ഥാനങ്ങള്‍ ഏതാണ്ടെല്ലാം തന്നെ, തങ്ങളുടെ സ്വന്തം മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ള കുടുംബങ്ങളുടെ എണ്ണം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടവയാണ് ഈ സംസ്ഥാനങ്ങളുടെ മാനദണ്ഡങ്ങള്‍; അതുവഴി എത്രയോ കൂടുതല്‍ കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഉദാഹരണത്തിന് ഛത്തീസ്ഗഢ് സംസ്ഥാനത്തില്‍ എല്ലാ ഗോത്രവര്‍ഗകുടുംബങ്ങളെയും വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളെയും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തത്തക്കവിധത്തിലാണ് മാനദണ്ഡം ഉണ്ടാക്കിയിട്ടുള്ളത്. അതുകാരണം സംസ്ഥാനത്തെ ജനസംഖ്യയിലെ 70 ശതമാനം പേര്‍ക്കും 35 കിലോ വീതം ഭക്ഷ്യധാന്യം സബ്സിഡി നിരക്കില്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അന്ത്യോദയ കുടുംബങ്ങള്‍ക്ക് ഒരു കിലോയ്ക്ക് ഒരു രൂപ നിരക്കിലും മറ്റുള്ളവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കിലും ആണ് ലഭിക്കുന്നത്. കേരളത്തിലാകട്ടെ, എല്ലാ ഗിരിവര്‍ഗ കുടുംബങ്ങളും എല്ലാ ദളിത കുടുംബങ്ങളും എല്ലാ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒമ്പതിനങ്ങള്‍ അടങ്ങിയ ഒരു മാനദണ്ഡമാണ് ആ സംസ്ഥാനം ഇതിനായി അവലംബിക്കുന്നത്. ഇതിനുപുറമെ കിലോക്ക് രണ്ടു രൂപ വെച്ച് 35 കിലോ അരി വീതം ഓരോ കുടുംബത്തിനും നല്‍കുന്നുമുണ്ട്. ജനസംഖ്യയില്‍ 30 ശതമാനത്തിന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉതകുന്ന മാനദണ്ഡങ്ങളാണ് കേരള ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രം നല്‍കുന്ന ഭക്ഷ്യധാന്യവിഹിതം കൊണ്ട് ഇത്രയൊന്നും കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ അരി നല്‍കാന്‍ കഴിയുകയുമില്ല. ആന്ധ്രാപ്രദേശില്‍ ജനസംഖ്യയില്‍ 80 ശതമാനം പേര്‍ക്കും കിലോയ്ക്ക് രണ്ടു രൂപ എന്ന നിരക്കില്‍ ഒരാള്‍ക്ക് 6 കിലോ വരെ അരി ലഭ്യമാക്കുന്നുണ്ട്. കുടുംബത്തിന്റെ വലിപ്പവും ഇതിനായി കണക്കാക്കുന്നുണ്ട്. തമിഴ്നാട്ടില്‍ സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥയുണ്ട് - കിലോക്ക് ഒരു രൂപ എന്ന നിരക്കില്‍ ഓരോ കുടുംബത്തിനും 16-20 കിലോ അരിവരെ നല്‍കിവരുന്നു. ഈ സംസ്ഥാനങ്ങള്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ ഭക്ഷ്യസബ്സിഡിക്കായി വളരെ വലിയ സംഖ്യയാണ് വകയിരുത്തിയിട്ടുള്ളത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഛത്തീസ്ഗഢില്‍ അത് പ്രതിവര്‍ഷം 1450 കോടി രൂപയാണ്; തമിഴ്നാട്ടില്‍ 2800 കോടിയിലധികം രൂപ വരും; ആന്ധ്രപ്രദേശില്‍ 3000 കോടി രൂപയും വരും.

സംസ്ഥാനങ്ങള്‍ എടുക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവിനെ സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായ ചില കണക്കുകള്‍ ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള സംസ്ഥാനവിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയംകാരണം സംസ്ഥാനങ്ങളുടെ ചെലവ് വളരെയധികം വര്‍ധിച്ചിരിക്കുന്നു. 2006നും 2008നും ഇടയ്ക്ക് എപിഎല്‍ വിഭാഗക്കാര്‍ക്കുള്ള ഗോതമ്പ് വിഹിതം 73 ശതമാനത്തിലധികം കണ്ടാണ് വെട്ടിക്കുറച്ചത്. അതുകാരണം 2006നുശേഷം ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ ആരംഭിച്ച സംസ്ഥാനങ്ങള്‍ക്ക്, ഈ പദ്ധതികള്‍ സുഗമമായി നടത്തുന്നതിനായി തങ്ങളുടെ ബജറ്റില്‍ വളരെ വലിയ തുകകള്‍ വകയിരുത്തേണ്ടിവരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വിഹിതം വിതരണം ചെയ്യുന്നതിനുമേല്‍ നിയന്ത്രണം ചെലുത്തുന്ന കേന്ദ്ര ഗവണ്‍മെന്റ്, ഇതിനുവേണ്ടിവരുന്ന ചെലവിന്റെ സിംഹഭാഗവും സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുന്നു. അതേ അവസരത്തില്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കുതന്നെ വിഭവ ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുകയാണുതാനും. അതുകൊണ്ട് ഭക്ഷ്യസുരക്ഷയ്ക്കുള്ള അടിയന്തിര നടപടി എന്ന നിലയ്ക്കും സംസ്ഥാന പദ്ധതികള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുവേണ്ടിയും സബ്സിഡി നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍ വരുത്തിയ വെട്ടിക്കുറവ് കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കണം; പഴയ നില പുനഃസ്ഥാപിക്കണം, കേന്ദ്ര ഗവണ്‍മെന്റിന്റെ കയ്യില്‍ വളരെ വലിയ ഭക്ഷ്യധാന്യശേഖരം ഉണ്ടല്ലോ. ബഫര്‍ സ്റ്റോക്ക് നിബന്ധന അനുസരിച്ച് ഉണ്ടാകേണ്ട സ്റ്റോക്കിനേക്കാള്‍ എത്രയോ കൂടുതലാണിത്. അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് അവര്‍ക്കൊരു പ്രശ്നമായിരിക്കുകയില്ല.

ആവശ്യമുള്ളവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം, പൊതുവിതരണ വ്യവസ്ഥ സാര്‍വത്രികമാക്കുക എന്നതാണ്. 1996ല്‍ ദരിദ്രരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യവസ്ഥ നടപ്പാക്കുന്നതിനുമുമ്പ് നിലനിന്നിരുന്ന വ്യവസ്ഥ അതായിരുന്നുവല്ലോ. സാര്‍വത്രികമായ പൊതുവിതരണ വ്യവസ്ഥയുടെ മെച്ചങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. അതുസംബന്ധിച്ച് കൃത്യമായ രേഖകളുമുണ്ട്. അര്‍ഹതപ്പെടാത്തവര്‍ കൂടി ഉള്‍പ്പെടുന്നതുമൂലമുള്ള തെറ്റിനേക്കാള്‍ എത്രയോ വമ്പിച്ചതാണ്, അര്‍ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെടുന്നതുമൂലമുള്ള തെറ്റ്. ബിപിഎല്‍ വിലയ്ക്ക് സാര്‍വത്രികമായ ഭക്ഷ്യധാന്യ വിതരണവും അതോടൊപ്പം വിപുലമായ അന്ത്യോദയ സംവിധാനവും നിലനിര്‍ത്തുകയും അതിനു നിയമത്തിന്റെ പ്രാബല്യം നല്‍കുകയും ചെയ്യുകയാണെങ്കില്‍ത്തന്നെ, അതിന് ആകെ കൂടി വരുന്ന ചെലവ്, ജിഡിപിയുടെ രണ്ടുശതമാനത്തില്‍ താഴെ മാത്രമായിരിക്കും എന്ന് പ്രശസ്തരായ സാമ്പത്തിക ശാസ്ത്രജ്ഞരുടെ കണക്കുകള്‍ കാണിക്കുന്നു. കൂറ്റന്‍ കോര്‍പറേറ്റുകള്‍ക്കു നല്‍കുന്ന നികുതി സൌജന്യംമൂലം ഗവണ്‍മെന്റിനുണ്ടാകുന്ന വരുമാന നഷ്ടം, അവര്‍ കണക്കുകൂട്ടി നോക്കേണ്ടതാണ്. ഭക്ഷ്യകാര്യത്തിലുള്ള അരക്ഷിതാവസ്ഥയും പട്ടിണിയും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി വേണ്ടിവരുന്ന തുകയേക്കാള്‍ എത്രയോ വലിയതായിരിക്കും നികുതി നഷ്ടത്തിലൂടെ ഉണ്ടാകുന്നത് എന്ന് ഗവണ്‍മെന്റിന് കാണാന്‍ കഴിയും.

*
വൃന്ദാ കാരാട്ട് കടപ്പാട്: ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പുതിയ കേന്ദ്ര ഗവണ്‍മെന്റിന്റെ നൂറുദിവസത്തെ അജണ്ടയില്‍ അടിയന്തിരമായി കൈക്കൊള്ളേണ്ട നടപടിയെന്ന നിലയില്‍ ഉള്‍ക്കൊള്ളിയ്ക്കപ്പെട്ടിട്ടുള്ള ഒരു ഇനം ഭക്ഷ്യസുരക്ഷയാണ്. ഈ പദ്ധതി ശരിയായ വിധത്തില്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെങ്കില്‍, ജനങ്ങള്‍ക്കത് വലിയ ആശ്വാസമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുതിച്ചുയരുന്ന വിലക്കയറ്റംകൊണ്ട് ഇപ്പോള്‍ അവര്‍ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും മൂന്നു രൂപയ്ക്ക് ഒരു കിലോ വീതം 25 കിലോ ഭക്ഷ്യധാന്യം നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ട്, പ്രസിഡന്റിന്റെ പ്രസംഗത്തില്‍ വിഭാവനം ചെയ്യുന്ന നിയമം യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമോ? ബിപിഎല്‍ വിഭാഗത്തില്‍പെടുന്നവരായി കണ്ടെത്തപ്പെട്ട ഏതാണ്ട് 6 കോടി കുടുംബങ്ങള്‍ക്ക് ഇന്ന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ഇവരില്‍ത്തന്നെ 2.5 കോടി കുടുംബങ്ങള്‍ അന്ത്യോദയ വിഭാഗത്തില്‍പെടുന്നവരാണ്. അതായത് ദരിദ്രരില്‍ ദരിദ്രര്‍. അവര്‍ക്ക് കിലോക്ക് 2 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ വീതം ഗോതമ്പ് കിട്ടാനും അര്‍ഹതയുണ്ട്. പ്രസിഡന്റ് പ്രസ്താവിക്കുന്ന നിയമം നടപ്പിലാവുന്ന ദിവസം തൊട്ട് ഇങ്ങനെ ലഭിക്കുന്ന ഗോതമ്പിന്റെ അളവില്‍ 10 കിലോയുടെ കുറവുണ്ടാവുകയും ചെയ്യും. എന്നു മാത്രമല്ല അവര്‍ ഒരു കിലോ ഗോതമ്പിന് ഒരു രൂപ കൂടി കൂടുതല്‍ കൊടുക്കേണ്ടിയും വരും. തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവിലുള്ള കുറവ് പരിഹരിക്കുന്നതിനായി അവര്‍ 10 കിലോ ഗോതമ്പ് വിപണിയില്‍നിന്ന് വാങ്ങുകയാണെങ്കില്‍, അതിന് 120 രൂപ കൊടുക്കേണ്ടിവരും. കാരണം ഇന്ന് വിപണിയില്‍ ഒരു കിലോ ഗോതമ്പിന്റെ വില 12 രൂപയാണ്. അന്ത്യോദയ വിഭാഗത്തില്‍ പെടാത്തവരെങ്കിലും ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ബാക്കി 3.5 കോടി കുടുംബങ്ങളുടെ കാര്യത്തില്‍, ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വില, അവര്‍ ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വിലയേക്കാള്‍ (ഒരു കിലോക്ക്) ഏതാണ്ട് ഒന്നര രൂപ കുറവാണെങ്കില്‍ത്തന്നെയും, വിലയില്‍ ഉണ്ടാവുന്ന കുറവിന്റെ മെച്ചം ഭക്ഷ്യധാന്യത്തിന്റെ അളവ് 10 കിലോ വെട്ടിക്കുറയ്ക്കുന്നതുകൊണ്ട് ഇല്ലാതായിത്തീരുന്നു. കാരണം അവരുടെ കാര്യത്തിലും 10 കിലോയുടെ വെട്ടിക്കുറവ് വരുത്തുന്നുണ്ടല്ലോ. അതുകൊണ്ട് ഈ നിര്‍ദ്ദേശത്തിന്റെ മെച്ചം ദരിദ്രരായ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. നേരെമറിച്ച് നിര്‍ദിഷ്ട രൂപത്തില്‍ ഈ പദ്ധതി നടപ്പാക്കുകയാണെങ്കില്‍, ദരിദ്രര്‍ക്ക് ഇന്നു കിട്ടിക്കൊണ്ടിരിക്കുന്നതുപോലും അവരില്‍നിന്ന് കവര്‍ന്നെടുക്കപ്പെടും.

*free* views said...

If a government does good it is good to appreciate it than trying to find issues with it. Brinda Karat should share some of her expertise with Kerala government so that Kerala people will get benefited.

I really would like to know, like others, to find what Kerala government did for the poor. You can also add Bengal government. Instead of discussing Lavlin-Pinarayi ....

Do not play parliamentary politics with Communism and poor people.