Friday, June 19, 2009

നിയമത്തിന്റെ തലകീഴ് മറിയല്‍

കുറ്റപത്രം സമര്‍പ്പിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ചിലകാര്യങ്ങള്‍ ഇനിയും അന്വേഷിക്കുമെന്ന് അന്വേഷണ ഏജന്‍സി പറയുന്നെങ്കില്‍ അത് കുറ്റപത്രം സ്വീകരിച്ച കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. കോടതി കുറ്റപത്രം സ്വീകരിക്കുന്നത് അന്വേഷണ ഏജന്‍സി അതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു എന്ന വിശ്വാസത്തിലാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് അന്വേഷണ ഏജന്‍സിയുടെ വിശ്വാസമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചുകൂടാ. അപൂര്‍ണമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ആരുടെമേല്‍ കുറ്റം ചുമത്താനാവും? അന്വേഷണത്തിന്റെ അടുത്തഘട്ടം പ്രതി ചേര്‍ക്കപ്പെടുന്നവരുടെ നിരപരാധിത്വത്തിലാണ് ചെന്നെത്തുന്നതെങ്കിലോ? അങ്ങനെ വന്നാല്‍, കുറ്റപത്രസമര്‍പ്പണവും നടപടികളും അനാവശ്യമായി പ്രതി ചേര്‍ക്കപ്പെട്ടവരെ വലയ്ക്കലാവും. അതിലുപരിയായി കോടതിയുടെ വിലപ്പെട്ട സമയം മെനക്കെടുത്തലുമാവും. ലാവ്ലിന്‍ കേസില്‍ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പിറ്റേന്നത്തെ മലയാള മനോരമയില്‍ സിബിഐയെ തന്നെ ഉദ്ധരിച്ചുകൊണ്ട് 'അന്വേഷണം തുടരും' എന്നു വാര്‍ത്ത കൊടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചിന്ത പ്രസക്തമാവുന്നത്. തെളിവുകള്‍ കിട്ടാനുണ്ടെന്നും അതിനായുള്ള അന്വേഷണം തുടരും എന്നുമാണ് സിബിഐ പറയുന്നത്. അഥവാ സിബിഐയെ ഉദ്ധരിച്ചുകൊണ്ടു മലയാള മനോരമ പറയുന്നത്. തെളിവുകള്‍ കിട്ടാനിരിക്കുന്നതേയുള്ളുവെങ്കില്‍, അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് സിബിഐക്കു ബോധ്യമെങ്കില്‍ അന്വേഷണം തീര്‍ന്നെന്ന് കോടതിയെ ധരിപ്പിക്കുംവിധം തിരക്കിട്ട് സിബിഐ എന്തിനു കുറ്റപത്രം സമര്‍പ്പിച്ചു?

ക്രിമിനല്‍ പ്രോസീജ്യര്‍ കോഡിന്റെ (സിആര്‍പിസി)173-ാം വകുപ്പിന്റെ ശീര്‍ഷകം തന്നെ Report of Police officer on completion of investigation എന്നാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമുള്ള പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ട് എന്നര്‍ഥം. അതിന്റെ സബ്സെക്ഷന്‍ 2 പറയുന്നത് അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ഉടനെ പൊലീസ് ഓഫീസര്‍ കുറ്റപത്രം മജിസ്ട്രേട്ടിന് സമര്‍പ്പിക്കുന്നതിനെക്കുറിച്ചാണ്. ചുരുക്കത്തില്‍, കുറ്റപത്ര സമര്‍പ്പണമെന്നത് അന്വേഷണ പ്രക്രിയയുടെ പൂര്‍ത്തീകരണവും അവസാനവുമാണ്. നിയമത്തിന്റെ നില ഇതായിരിക്കെ, ഇനിയും അന്വേഷണമുണ്ട് എന്നു കുറ്റപത്രസമര്‍പ്പണത്തിനു തൊട്ടുപിന്നാലെ അന്വേഷണ ഏജന്‍സി കോടതിയെ മറികടന്നു പറഞ്ഞാല്‍, അന്വേഷണം അപൂര്‍ണമെന്ന് അറിഞ്ഞുകൊണ്ടുതന്നെ കുറ്റപത്രം സമര്‍പ്പിച്ചു എന്നാണര്‍ഥം. ഇക്കാര്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തിയെന്നര്‍ഥം. കൂടുതല്‍ തെളിവ് എന്തെങ്കിലും ശ്രദ്ധയില്‍ വരുന്നപക്ഷം ആ ഘട്ടത്തില്‍ അതു കോടതിയില്‍ സമര്‍പ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി തേടാം. നിയമപ്രക്രിയ അനിശ്ചിതമായി നീട്ടാനും പ്രതികളെ വലയ്ക്കാനുമുള്ളതല്ല അത് എന്നു കോടതിക്കു ബോധ്യപ്പെട്ടാല്‍ വേണമെങ്കില്‍ അനുമതി കൊടുക്കാം. മറിച്ചായാല്‍ കൊടുക്കാതിരിക്കുകയും ചെയ്യാം. അതു കോടതിയുടെ അധികാരം. കോടതിയില്‍മാത്രം നിക്ഷിപ്തമായ ആ അധികാരം ഇവിടെ സിബിഐ ഓഫീസര്‍ സ്വയം എടുത്തണിഞ്ഞിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഇതു കോടതിക്കെതിരായ അവഹേളനമാവുന്നതും.

നിയമപ്രക്രിയ നടക്കുന്നതിനിടയ്ക്ക് സിബിഐയുടെ ശ്രദ്ധയിലേക്ക് ഒരു തെളിവു വരികയോ, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ട് എന്നു അദ്ദേഹത്തിനു തോന്നുകയോ അല്ല ഇവിടെ ഉണ്ടായത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍തന്നെ സിബിഐക്കു തോന്നിയിരിക്കുന്നു അന്വേഷണം അപൂര്‍ണമാണെന്ന്; തെളിവുകള്‍ കിട്ടിയില്ല എന്ന്. എങ്കില്‍പ്പിന്നെ, ധൃതി പിടിച്ചു കുറ്റപത്രം സമര്‍പ്പിച്ച് കോടതിയെ എന്തിനു മിനക്കെടുത്തുന്നു? അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുക എന്നതല്ലാതെ, കുറ്റപത്രം സമര്‍പ്പിച്ചിട്ട് അന്വേഷിക്കുക എന്നത് വണ്ടിക്കു പിന്നില്‍ കുതിരയെ കെട്ടലാണ്. നിയമം അതിന് അനുവാദം നല്‍കുന്നില്ല. തെളിവുകള്‍ പര്യാപ്തമായ ശേഷംമാത്രമേ കുറ്റപത്രം സമര്‍പ്പിക്കാവൂ എന്ന് സിആര്‍പിസി 170-ാം വകുപ്പ് പറയുന്നത് സിബിഐ വായിച്ചു മനസ്സിലാക്കട്ടെ!

നിയമത്തിന്റെ തലകീഴായുള്ള പ്രയോഗമാണ് ലാവ്ലിന്‍ കേസിലുടനീളം കാണാനാവുന്നത്. അന്വേഷണ ഏജന്‍സി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അനുബന്ധമായി മെമ്മോ ഓഫ് എവിഡന്‍സ് കൂടി സമര്‍പ്പിക്കാന്‍ നിയമപരമായി ബാധ്യസ്ഥമാണ്. ലാവ്ലിന്‍ കേസില്‍ കുറ്റപത്ര സമര്‍പ്പണത്തിനു ചെന്ന സിബിഐ ഓഫീസര്‍മാരുടെ പക്കല്‍ അതുണ്ടായിരുന്നില്ല. അതില്ലെങ്കില്‍ കേസെടുക്കാനാവില്ല. നിയമത്തിന്റെ ഈ നില കോടതിക്ക് സിബിഐ ഓഫീസര്‍മാരെ ബോധ്യപ്പെടുത്തേണ്ടിവന്നു. അപ്പോള്‍, ഉടന്‍തന്നെ ചില വെള്ളക്കടലാസുകളെടുത്ത് എന്തൊക്കെയോ ധൃതിപിടിച്ചെഴുതി മെമ്മോ ഓഫ് എവിഡന്‍സ് എന്നു പേരുമിട്ട് കോടതിയില്‍ കൊടുത്തു. കോടതിയുടെ വിലപ്പെട്ട കൂറെ മണിക്കൂറുകള്‍ അങ്ങനെ പോയി! മെമ്മോ ഓഫ് എവിഡന്‍സ് എന്നു പറയുന്നത് തെളിവുകളുടെ രേഖയാണ്. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും തങ്ങളുടെ പക്കല്‍ തെളിവില്ലെന്ന് കോടതിയെ പരസ്യമായിത്തന്നെ അറിയിക്കുന്ന വിധത്തിലായി മെമ്മോ ഓഫ് എവിഡന്‍സ് ഇല്ലാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ചെന്ന സിബിഐയുടെ പ്രകടനം. സിബിഐയെ ഉദ്ധരിച്ചുകൊണ്ടുതന്നെ മലയാള മനോരമ കുറ്റപത്രസമര്‍പ്പണത്തിന്റെ പിറ്റേന്ന് മറ്റൊരു കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നു. എസ്എന്‍സി ലാവ്ലിന്‍ കേരളത്തിനു നല്‍കേണ്ടിയിരുന്ന മുഴുവന്‍ പണവും കൊടുത്തിട്ടുള്ളതായി സിബിഐക്ക് അന്വേഷണത്തില്‍ ബോധ്യപ്പെട്ടുവത്രേ. ആ പണം ഇന്ത്യയില്‍ എത്തുകയും ചെയ്തുവത്രേ. കൊടുക്കാനുള്ള തുക മുഴുവന്‍ കൊടുത്തുതീര്‍ത്തതു സിബിഐക്കു ബോധ്യപ്പെട്ടുവെങ്കില്‍ പിന്നെ എന്തിനാണ് സിബിഐ. വിശ്വാസവഞ്ചനക്കുറ്റത്തിന് ലാവ്ലിനെ പ്രതിചേര്‍ത്തിരിക്കുന്നത്? പ്രതിപ്പട്ടികയിലെ ലാവ്ലിന്റെ സാന്നിധ്യവും ലാവ്ലിന്‍ ഏറ്റ തുക നയാപൈസ കുറയ്ക്കാതെ കൊടുത്തുതീര്‍ത്തു എന്ന സിബിഐയുടെ ബോധ്യവും എങ്ങനെ ഒത്തുപോവും?

പ്രോസിക്യൂഷന് അനുമതി കൊടുക്കുന്ന കാര്യത്തിലുള്ളതായിരുന്നു നിയമത്തിന്റെ മറ്റൊരു തലതിരിവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ടുചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം ഗവമെന്റിനാണ് ഗവര്‍ണര്‍ക്കല്ല. അത്തരം കാര്യങ്ങളില്‍ അവസാനവാക്ക് പറയാനുള്ള അധികാരം ഗവമെന്റിനുണ്ട് എന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാവുന്നുണ്ട്. എന്നാല്‍, മന്ത്രിമാരുടെ കാര്യത്തില്‍ ഈ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാക്കിയത് മന്ത്രിമാരുടെ നിയമനാധികാരി ഗവര്‍ണറാണ് എന്ന സാങ്കേതികത്വം കൊണ്ടുമാത്രമാണ്. അതിനര്‍ഥം മന്ത്രിസഭ തീരുമാനിക്കുന്നത് ഇല്ലായ്മ ചെയ്യുംവിധം ഗവര്‍ണര്‍ക്ക് തോന്നുംപോലെ ചെയ്യാം എന്നല്ല. ഗവമെന്റിന്റെ തീരുമാനമെന്തോ, അത് നടപ്പാക്കാനുള്ള ഉപകരണമായി ഗവര്‍ണറെ ഭരണഘടന ഇവിടെ കാണുന്നു എന്നേയുള്ളൂ. ഗവമെന്റില്‍നിന്ന് സ്വതന്ത്രമായ ഒരു അനുമതി അധികാരം വിനിയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ട് എന്നല്ല. ആ അധികാരം ഗവമെന്റില്‍ തന്നെയാണ് നിക്ഷിപ്തമായിട്ടുള്ളത്. മറിച്ച് ഗവമെന്റില്‍നിന്നു വേറിട്ട അധികാരമാണ് ഗവര്‍ണറുടെ കാര്യത്തില്‍ സങ്കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഈ അധികാരം ഗവര്‍ണറില്‍ത്തന്നെ നിക്ഷിപ്തമാക്കിയേനേ, പക്ഷേ, അതല്ല ഭരണഘടനയുടെ നില. ഗവര്‍ണര്‍ അതു തലകീഴാക്കിയെന്നതു വേറെ കാര്യം.
നിയമത്തിലുണ്ടാവുന്ന ഈ തലതിരിവ് നിയമകാര്യങ്ങള്‍ ഉപദേശിക്കുന്ന ചിലരിലും കുറേനാളായി പ്രകടമാണ്. യുഡിഎഫ് നേതാക്കള്‍ മാത്രമല്ല യുഡിഎഫിനു പുറത്തുള്ള നേതാക്കള്‍വരെ പറഞ്ഞതായി കണ്ടു 'പിണറായി വിജയന്‍ കേസ് നിയമപരമായി നേരിടുകയാണ് വേണ്ടത്' എന്ന്. ഇതു കേട്ടാല്‍ തോന്നുക, പിണറായി വിജയന്‍ എവിടെയോ ഒളിവില്‍ പോയിരിക്കുകയാണെന്നാണ്. രാജ്യത്തെ നിയമമൊന്നും തനിക്കു ബാധകമല്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു എന്നാണ്. അത്തരമൊരു പ്രതീതി ജനിപ്പിക്കുന്നതിനുള്ള ഉപദേശമാണിത്. പൊതുരംഗത്തുള്ള ഒരാള്‍ക്കെതിരെ കേസ് വന്നാലും കള്ളക്കേസ് വന്നാലും അതിനെ നിയമപരമായി നേരിടുകയേ ആര്‍ക്കും നിര്‍വാഹമുള്ളൂ. പിണറായി വിജയനും അതേ നിര്‍വാഹമുള്ളൂ. അദ്ദേഹം അതു തന്നെയാണു ചെയ്യുന്നതും. അതിനിടെ, നിയമപരമായി നേരിടുകയാണ് വേണ്ടതെന്ന ഈ ഉപദേശം ആര്‍ക്കുവേണ്ടിയാണ്; എന്തിനു വേണ്ടിയാണ്?

*
പ്രഭാവര്‍മ ദേശാഭിമാനി ദിനപ്പത്രം 190609

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കുറ്റപത്രം സമര്‍പ്പിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ചിലകാര്യങ്ങള്‍ ഇനിയും അന്വേഷിക്കുമെന്ന് അന്വേഷണ ഏജന്‍സി പറയുന്നെങ്കില്‍ അത് കുറ്റപത്രം സ്വീകരിച്ച കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. കോടതി കുറ്റപത്രം സ്വീകരിക്കുന്നത് അന്വേഷണ ഏജന്‍സി അതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു എന്ന വിശ്വാസത്തിലാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് അന്വേഷണ ഏജന്‍സിയുടെ വിശ്വാസമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചുകൂടാ. അപൂര്‍ണമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ആരുടെമേല്‍ കുറ്റം ചുമത്താനാവും? അന്വേഷണത്തിന്റെ അടുത്തഘട്ടം പ്രതി ചേര്‍ക്കപ്പെടുന്നവരുടെ നിരപരാധിത്വത്തിലാണ് ചെന്നെത്തുന്നതെങ്കിലോ? അങ്ങനെ വന്നാല്‍, കുറ്റപത്രസമര്‍പ്പണവും നടപടികളും അനാവശ്യമായി പ്രതി ചേര്‍ക്കപ്പെട്ടവരെ വലയ്ക്കലാവും. അതിലുപരിയായി കോടതിയുടെ വിലപ്പെട്ട സമയം മെനക്കെടുത്തലുമാവും. ലാവ്ലിന്‍ കേസില്‍ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പിറ്റേന്നത്തെ മലയാള മനോരമയില്‍ സിബിഐയെ തന്നെ ഉദ്ധരിച്ചുകൊണ്ട് 'അന്വേഷണം തുടരും' എന്നു വാര്‍ത്ത കൊടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചിന്ത പ്രസക്തമാവുന്നത്. തെളിവുകള്‍ കിട്ടാനുണ്ടെന്നും അതിനായുള്ള അന്വേഷണം തുടരും എന്നുമാണ് സിബിഐ പറയുന്നത്. അഥവാ സിബിഐയെ ഉദ്ധരിച്ചുകൊണ്ടു മലയാള മനോരമ പറയുന്നത്. തെളിവുകള്‍ കിട്ടാനിരിക്കുന്നതേയുള്ളുവെങ്കില്‍, അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് സിബിഐക്കു ബോധ്യമെങ്കില്‍ അന്വേഷണം തീര്‍ന്നെന്ന് കോടതിയെ ധരിപ്പിക്കുംവിധം തിരക്കിട്ട് സിബിഐ എന്തിനു കുറ്റപത്രം സമര്‍പ്പിച്ചു?

*free* views said...

If Karunakaran was in Pinarayi's position and a congress government was in power, will you agree with the congress governments decision not to prosecute Karunakaran?

Please stop stop forcing your hypocrisy down people's throat.

Comrades are busy reading "indian laws for dummies" and "juddge's handlbook" to find all loopholes to save Pinarayi. Suddenly they found that they are fighting it niyamaparamayi, till now they were telling they will fight politically.

[When I say mainstream media is biased, I also need to say that I do not consider Deshabhimani a newspaper, it is a party notice paper. I will never read that, I will go crazy with the propaganda forced down my throat]