Saturday, April 25, 2009

ദിവാകരന്‍ വല്യച്ഛന്‍ വരുമ്പോള്‍

രംഗം 1

ശ്രീറാമിന്റെ വീട്- ശരാശരി നഗരവാസിയെപ്പോലെ തിരക്കാണ് ശ്രീറാമിന്റെ ജീവിതമുഖമുദ്ര. ബാങ്ക്, ഐടി, സെക്രട്ടറിയറ്റ്, ബിസിനസ് അങ്ങനെ എവിടെയെങ്കിലും ആകാം ഉദ്യോഗം. (ഇനി ജോലിയേ ഇല്ലെങ്കിലും തിരക്ക് മസ്റ്റാണ്. നാടകത്തിന്റെ ക്ളൈമാക്സ് തിരക്കുമായി ബന്ധപ്പെട്ടതാണ്) ശ്രീറാമിന്റെ ഭാര്യ മീനു. മീനുവും തിരക്കില്‍ത്തന്നെ. തിരക്കിട്ട് കുളിയും കാപ്പികുടിയും കഴിക്കുന്ന ശ്രീറാം. അല്‍പ്പം വികൃതിയായ മകനോട് തിരക്കിനിടയില്‍ "മോനേ നോക്ക് നീ ബഹളമോ വികൃതിയോ മറ്റോ കാണിക്കുകയാണെങ്കില്‍, ആ ജനാലയുടെ വശത്തായി ഒരു കമ്പ് വച്ചിട്ടുണ്ട്. അതെടുത്ത് നാല് തല്ല് സ്വയമങ്ങ് തല്ലിക്കോണം. തിരക്കു കാരണം അച്ഛന് തല്ലാനുള്ള സമയംപ്പോലും ഇല്ലെന്നറിയാമല്ലോ'' അതും പറഞ്ഞ് വീടിന് പുറത്തേക്കിറങ്ങുന്ന ശ്രീറാം. അതാ ഗേറ്റ് കടന്നുവരുന്ന ഒരു 60-65 വയസ്സുകാരന്‍. ആള്‍ ആരാണെന്ന മട്ടില്‍ ശ്രീറാം നോക്കുന്നു. "നിനക്കെന്നെ മനസ്സിലായില്ലേടാ ദിവാകരന്‍ വല്യച്ഛനെ അങ്ങ് മറന്നോടാ മക്കളേ''.

അതും പറഞ്ഞ് വികാര വിജൃംഭിത വീര്യനായി ശ്രീറാമിന്റെ കൈയില്‍ പിടിക്കുന്ന വല്യച്ഛന്‍.

"അയ്യൊ, പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. വല്യച്ഛന്‍ വരൂ''.

ശ്രീറാം വലിയച്ഛനെയും വിളിച്ച് അകത്തേക്ക്. ആ സമയം ഓഫീസിലേക്ക് തിരക്കിട്ട് പോകാനിറങ്ങിയ മീനു.

"മീനു, ദാ വല്യച്ഛന്‍ വന്നിരിക്കുന്നു''.

മീനു വലിയച്ഛനെ ഒന്നുനോക്കി.

"തിരക്കു കാരണം നീയും വല്യച്ഛനെ മറന്നു അല്ലേ മോളേ''..

"ഏയ്... ഇല്ല.. വല്യച്ഛന്‍ ഇരിക്കൂ''.

വല്യച്ഛന്‍ കസേരയില്‍ ഇരിക്കുനു. "ഇതിലേ പോയപ്പോള്‍, ഇങ്ങോട്ടു കയറിയതായിരിക്കും. അല്ലേ... ഉടനെ ഇറങ്ങുകയായിരിക്കും അല്ലേ?'' ശ്രീറാം ചോദിച്ചു.

ദിവാ: "എന്റെ മക്കളോടൊപ്പം കുറച്ചു ദിവസം താമസിച്ചിട്ടേ ഞാന്‍ തിരികെ പോകുന്നുള്ളൂ. എവിടെ എന്റെ റൂമെവിടെ. ങാ ഉച്ചക്ക് മട്ടണ്‍ മതികേട്ടോ. എനിക്കെന്തോ ചിക്കന്‍ പിടിക്കില്ല. ബാത്റൂമില്‍ ഹീറ്ററുണ്ടോ? ഇല്ലെങ്കില്‍ വെള്ളം ചൂടാക്കാനുള്ള ഏര്‍പ്പാട് ചെയ്യണം. ടൌണിലാകുമ്പോ അടുപ്പും വിറകും ഒന്നും വേണ്ടല്ലോ? ഗ്യാസ് തുറന്നങ്ങുവച്ചാല്‍ പോരേ... ങാ രാത്രിയിലെ ഭക്ഷണത്തിന്റെ മെനു വൈകിട്ട് പറയാം''..

എന്താണ് സംഭവിക്കുന്നതെന്ന് ശ്രീറാമിനും മീനുവിനും വ്യക്തമാവുന്നതിന് മുമ്പുതന്നെ, ദിവാകരന്‍ വല്യച്ഛന്‍ സ്വയം പ്രഖ്യാപിത റൂമില്‍ കയറി കതകടച്ചു.

"ഈശ്വരാ കുറച്ചു ദിവസം നിന്നിട്ടേ പോകുന്നുള്വോ'' ആത്മഗത രൂപത്തില്‍ മീനു കരഞ്ഞു.

"വല്യച്ഛനായിപ്പോയി..'' ശ്രീറാം പല്ലു കടിച്ചു.

രംഗം രണ്ട്

രാത്രി ഭക്ഷണം വെട്ടിയടിക്കുന്ന ദിവാകരന്‍ വല്യച്ഛന്‍

"മീന്‍ പൊള്ളിച്ചത് ശരിയായിട്ടില്ലകേട്ടോ... കുറച്ചുകൂടി മൊരിയാനുണ്ട്. സാരമില്ല. ഇനി ശ്രദ്ധിച്ചാല്‍ മതി''.

ദയനീയമായി ശ്രീമതിയെ നോക്കുന്ന ശ്രീറാം. ഭക്ഷണം കഴിച്ച് കൈ കഴുകി ഏമ്പക്കം വിടുന്ന ദിവാകരന്‍ വല്യച്ഛന്‍. ഏമ്പക്കത്തിന്റെ എഫക്ടില്‍ വീടിന് ഒരു വിറയല്‍. വല്യച്ഛന്‍ മുറിക്കകത്തേക്ക്."മോളേ കമ്പിളി ഉണ്ടെങ്കില്‍ രണ്ടെണ്ണമെടുത്തേ. വിരിക്കാനും പുതയ്ക്കാനും'' എന്ന ശബ്ദം ഓവര്‍ലാപ്പു ചെയ്യുന്നു.

"വല്യച്ഛനെ നാളെത്തന്നെ ഓടിച്ചേ പറ്റുള്ളൂ''.

"അതെ വല്യച്ഛനാണെന്ന് സെന്റിമെന്റ്സ് കാണിച്ചിട്ട് കാര്യമില്ല''

"എനിക്ക് ഒരൈഡിയ കിട്ടി. നീവാ''.

ഐഡിയയുമായി ശ്രീറാമും മീനുവും വല്യച്ഛന്റെ മുറിയിലേക്ക്.

"വല്യച്ഛാ ഞങ്ങളൊരു കാര്യം പറഞ്ഞാല്‍ വല്യച്ഛന്‍ ഞെട്ടരുത്.

"എന്താ, നാളെ കരിമീന്‍ കിട്ടില്ലേ?''

ഇപ്പോള്‍ ദേഷ്യം വന്ന് ഞെട്ടിയത് മിസ്റ്ററും മിസിസുമാണ്.

"വല്യച്ഛാ, കാര്യമെന്താണെന്നുവച്ചാല്‍, വല്യച്ഛന്‍ പേടിക്കരുത്, ഈ വീട്ടില്‍ ബാധോപദ്രവമുണ്ട്. പണ്ട് ഇവിടെ ഒരു തൂങ്ങിമരണം നടന്നു. അന്നു മരിച്ച സ്ത്രീയുടെ ആത്മാവ് യക്ഷിയായി കറങ്ങിനടക്കുകയാണ്''.

ഒന്നു നോക്കിയിരിക്കുന്ന വല്യച്ഛന്‍ അനന്തരം ആഹ്ളാദഘോഷത്തോടെ ചാടിയെണീറ്റു.

"മതി സന്തോഷായി. 'യക്ഷി-ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ ഞാന്‍ ഗവേഷണം നടത്തുകയാണ്. ശൊ! എന്തായാലും ഒരു യക്ഷിയെ കണ്ണിന് മുന്നില്‍ കാണിച്ചുതരാന്‍ പോകുന്നല്ലോ... യക്ഷിയെ ഒരു വര്‍ഷം ഒന്നു നിരീക്ഷിച്ച് അതിന്റെ ചലനങ്ങള്‍, സഞ്ചാരരീതികള്‍, യക്ഷിപ്പാട്ട്, വെള്ളവസ്ത്രം മാത്രം സെലക്ട് ചെയ്യുന്നതിന്റെ കാരണം, തലമുടി കെട്ടിവയ്ക്കാത്തതിന്റെ ഗുട്ടന്‍സ് തുടങ്ങിയ സമൂഹത്തിന് പ്രയോജനപ്രദമായ യക്ഷി വിഷയങ്ങളെക്കുറിച്ച് എഴുതണം''.

മീനു ഒന്നുവിറച്ചു. കിളവന്റെ മാറുപിളര്‍ന്ന് ചോര കുടിച്ച് ഒന്നു കുരവയിടാന്‍ തോന്നിപ്പോയി.

രംഗം 3

ശ്രീറാമിന്റെ വീട് അര്‍ദ്ധരാത്രി- വല്യച്ഛന്‍ വന്നിട്ട് അഞ്ചുദിവസം തികഞ്ഞിരിക്കുന്നു. ശ്രീറാമിനും മീനുവിനും ഉറക്കം നഷ്ടപ്പെട്ടിട്ടും.

"ഞാന്‍ തലയ്ക്കടിച്ചുകൊല്ലും.. പക്ഷേ വല്യച്ഛനായിപോയി''

"അതെ അതുകൊണ്ടാ ഞാനും ക്ഷമിക്കുന്നത്''.

"നാളെ രാവിലെ ഞാന്‍ നേരിട്ടുതന്നെ പറയാന്‍ പോവുകാ. നമുക്ക് ബുദ്ധിമുട്ടാണെന്ന്''.

"ചൂടാകണ്ട വല്യച്ഛനോട് ഞാന്‍ തന്ത്രപരമായി കാര്യങ്ങള്‍ അവതരിപ്പിക്കാം''.

രംഗം 4

ശ്രീറാമിന്റെ വീട്, പ്രഭാതം. കരഞ്ഞ് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വല്യച്ഛന്റെ മുറിയിലേക്ക് വരുന്ന ശ്രീറാം. മീനു. അവിടെ വല്യച്ഛനില്ല. വീടിന് പുറത്തും മുറ്റത്തുമൊന്നുമില്ല. മുറിയില്‍ വല്യച്ഛന്റെ വസ്ത്രങ്ങളുമില്ല.

"ഭാഗ്യം. നമ്മള്‍ പറയാതെത്തന്നെ സ്ഥലം വിട്ടു''.

"കുറ്റബോധം തോന്നിക്കാണും അതാ നമ്മളോടും പറയാത്തത്''.

"ഏതായാലും ഏട്ടന്റെ വല്യച്ഛന് ഒന്നിനും ഒരു കുറവുണ്ടാക്കീലല്ലോ?''.

"എങ്ങനെ എന്താ പറഞ്ഞത്''..

"ഏട്ടന്റെ വല്യച്ഛന്‍, ദിവാകരന്‍ വല്യച്ഛന്‍.. അദ്ദേഹം ആവശ്യപ്പെട്ടതൊക്കെ കൊടുക്കാന്‍ സാധിച്ചില്ലോ എന്ന്''.

"എന്റെ വല്യച്ഛനോ? അത് നിന്റെ വല്യച്ഛനല്ലേ?''

"ഏയ്.. ഏട്ടന്റെ വല്യച്ഛനാണെന്നു കരുതിയാ ഞാന്‍ ഒക്കെ ക്ഷമിച്ചെ''.

"നിന്റെ വല്യച്ഛനായതുകൊണ്ടാ ഞാന്‍ ക്ഷമിച്ചേ''.

പെട്ടെന്നതാ ഒരു കത്തു കണ്ണില്‍ പെടുന്നു. വല്യച്ഛന്‍ എഴുതിവച്ചിട്ടുപോയത്...

"പ്രിയപ്പെട്ട ശ്രീറാമും മീനുവും അറിയുന്നതിന് ഒരാഴ്ചത്തെ താമസത്തിനുശേഷം ഞാന്‍ പോവുകയാണ്. ഞാന്‍ നിങ്ങളുടെ രണ്ടുപേരുടെയും വല്യച്ഛനല്ലെന്ന് ഇപ്പോള്‍ ഏതാണ്ട് പിടികിട്ടിയിട്ടുണ്ടാകും. കാലത്തിന്റെ വേഗത കാരണം ഇപ്പോള്‍ പലര്‍ക്കും അച്ഛന്‍ അമ്മ സഹോദരങ്ങള്‍ തുടങ്ങി ഫസ്റ്റ് സര്‍ക്കിളില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള മറ്റു റിലേറ്റീവ്സിനെ അറിയാന്‍ വയ്യ. പണ്ടൊക്കെ, ഇളയച്ഛന്റെ മകളെ വിവാഹം ചെയ്തിരിക്കുന്ന രമേശന്‍ ചേട്ടന്റെ അച്ഛന്റെ... തുടങ്ങി വളഞ്ഞു പുളഞ്ഞുപോകുന്ന ബന്ധങ്ങള്‍വരെ ബൈഹാര്‍ട്ടായിരുന്നു. ബന്ധുവീട് സന്ദര്‍ശനങ്ങള്‍, വീട്ടിലുണ്ടാകുന്ന പ്രത്യേക പലഹാരം ബന്ധുക്കള്‍ക്ക് കൊടുത്തയ്ക്കല്‍ തുടങ്ങി ബന്ധം മുറുക്കാനുള്ള കാര്യങ്ങള്‍ നമ്മളായിട്ടുതന്നെ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഇന്ന് തിരക്കിന്റെ ലോകത്ത് ബന്ധങ്ങളും അറിഞ്ഞുകൂട. ബന്ധുക്കളെയും അറിഞ്ഞുകൂടാ. മുറപറഞ്ഞ് പരിചയപ്പെടുത്തേണ്ടിവരുമ്പോള്‍ പതറിപോകും. റൂട്ട് നിശ്ചയമില്ല. എന്നെപോലുള്ളവര്‍ക്ക് ഇത് നല്ല അവസരമാണ്. നിങ്ങളുടെ വല്യച്ഛനെന്നോ, അമ്മാവനെന്നോ, അളിയനെന്നോ- വേണമെങ്കില്‍ നേരെ അനിയനെന്നോ ഒക്കെ പറഞ്ഞ് എവിടെയും കയറിചെല്ലാം. കുശാലായി താമസിക്കാം. ഇവിടെയും സംഭവിച്ചത് അതാണ്. ഇവിടുത്തെ താമസം കഴിഞ്ഞ് ഇനി അടുത്ത ജില്ലയില്‍ എവിടെയെങ്കിലും ഒരു രാമകൃഷ്ണന്‍ മുത്തച്ഛനാകാന്‍ പോവുകയാണ്. എന്നെപ്പോലെ മറ്റൊരു വല്യച്ഛന്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ തിരക്കിനിടയില്‍ സ്വന്തം നാട്ടിലൊക്കെ പോയി ബന്ധുക്കളെയും മറ്റും കാണാന്‍ സമയം കണ്ടെത്തി എല്ലാം ഒന്നറിഞ്ഞുവയ്ക്കുക. നിങ്ങള്‍ക്ക് നന്മ നേരുന്നു.

സ്നേഹത്തോടെ വല്യച്ഛനായിരുന്ന വല്യച്ഛന്‍.

എന്‍ബി: യാത്രാചെലവിനായി, അലമാരിയില്‍നിന്നും മൂവായിരം രൂപ എടുത്തിട്ടുണ്ട്. ഞാന്‍ ഇവിടെ താമസിച്ചാലുണ്ടാകുന്ന നഷ്ടംവെച്ചു നോക്കിയാല്‍ അത് ലാഭമാണ്.

*
കൃഷ്ണ പൂജപ്പുര ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കാലത്തിന്റെ വേഗത കാരണം ഇപ്പോള്‍ പലര്‍ക്കും അച്ഛന്‍ അമ്മ സഹോദരങ്ങള്‍ തുടങ്ങി ഫസ്റ്റ് സര്‍ക്കിളില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള മറ്റു റിലേറ്റീവ്സിനെ അറിയാന്‍ വയ്യ. പണ്ടൊക്കെ, ഇളയച്ഛന്റെ മകളെ വിവാഹം ചെയ്തിരിക്കുന്ന രമേശന്‍ ചേട്ടന്റെ അച്ഛന്റെ... തുടങ്ങി വളഞ്ഞു പുളഞ്ഞുപോകുന്ന ബന്ധങ്ങള്‍വരെ ബൈഹാര്‍ട്ടായിരുന്നു. ബന്ധുവീട് സന്ദര്‍ശനങ്ങള്‍, വീട്ടിലുണ്ടാകുന്ന പ്രത്യേക പലഹാരം ബന്ധുക്കള്‍ക്ക് കൊടുത്തയ്ക്കല്‍ തുടങ്ങി ബന്ധം മുറുക്കാനുള്ള കാര്യങ്ങള്‍ നമ്മളായിട്ടുതന്നെ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഇന്ന് തിരക്കിന്റെ ലോകത്ത് ബന്ധങ്ങളും അറിഞ്ഞുകൂട. ബന്ധുക്കളെയും അറിഞ്ഞുകൂടാ.....

ഹു :: Hu said...

ഇതു കലക്കി. :)

Jayasree Lakshmy Kumar said...

സംഭവിക്കാവുന്നതു തന്നെ