Thursday, March 12, 2009

ഉയർന്നുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ ഗ്രാഫ്

പരസ്യങ്ങളുടെ വർണശബളമായ ലോകം ദൃശ്യമാധ്യമങ്ങളിലൂടെ ഇതൾ വിരിയുമ്പോൾ അവിടെ പൊട്ടിച്ചിരിക്കുകയും നന്നായി വേഷം ധരിക്കുകയും ഏറ്റവും പുതിയ മോഡൽകാറുകളോടിക്കുകയും ഏറ്റവും ആധുനിക വീട്ടുപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന സുന്ദരികളും സുന്ദരന്‍മാരുമായ സന്തുഷ്ടരായ മനുഷ്യരാണ്.

മൊബൈൽഫോണുകളുടെ അപാരസാധ്യതകളെക്കുറിച്ചും അത്ഭുതപ്പെടുത്തുന്ന കാര്യക്ഷമതയുള്ള കമ്പ്യൂട്ടറുകളെക്കുറിച്ചും ഒരിക്കലും പ്രായം തോന്നിക്കാതിരിക്കാന്‍ ഉപയോഗിക്കേണ്ട ക്രീമുകളെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്ന ഈ പരസ്യങ്ങളുടെ ഗുണഭോക്താക്കളാണ് ആഗോളകുത്തകകൾക്ക് പ്രിയങ്കരമായ ഇന്ത്യന്‍ മാർക്കറ്റിനെ നിലനിർത്തുന്നത്.

ആഗോളവത്കരണ സാമ്പത്തിക നയങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ഉപഭോഗത്തിന്റെ കാര്യത്തിലുള്ള അസമത്വം വർദ്ധിപ്പിച്ചിരിക്കുന്നതായാണ് പഠനങ്ങൾ കാണിക്കുന്നത്. വേൾഡ് വാച്ച് എന്ന സംഘടന നടത്തിയ പഠനം അടിസ്ഥാനമാക്കിയത് ഓരോ രാജ്യത്തെയും ജനങ്ങളുടെ വാങ്ങൽകഴിവിൽ വന്നിട്ടുള്ള ഏറ്റക്കുറച്ചിലുകളെയാണ്. വാങ്ങാന്‍ കഴിവുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്; 12.2 കോടി ജനങ്ങൾ. സ്വാഭാവികമായും ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്- 24.3 കോടി . രണ്ടാം സ്ഥാനത്ത് ചൈനയാണ് - 24 കോടി. സമ്പന്ന രാജ്യങ്ങളായ ജപ്പാന്‍, ജർമ്മനി, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടൻ എന്നിവയ്ക്ക് മുന്നിലാണ് വാങ്ങൽകഴിവുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ എന്നത് ഒരു പക്ഷെ അഭിമാനാർഹമായ കാര്യമായി ഇന്ത്യന്‍ ഭരണാധികാരികൾക്ക് തോന്നുന്നുണ്ടാകാം.

എന്നാൽ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തിനു മാത്രമാണ് ആധുനിക കമ്പോളത്തെ ഉപയോഗിക്കാനാകുന്നത് എന്ന വസ്തുത ഭൂരിപക്ഷം നേരിടുന്ന ഇല്ലായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്. അമേരിക്കയിൽ ജനസംഖ്യയുടെ 84 ശതമാനത്തിനും ജപ്പാനിൽ 95 ശതമാനത്തിനും വാങ്ങൽകഴിവുള്ളപ്പോൾ ഇന്ത്യയിൽ12 ശതമാനത്തിനും ചൈനയിൽ19 ശതമാനത്തിനും മാത്രമേ വാങ്ങൽകഴിവുള്ളൂ. എങ്കിലും എണ്ണം വെച്ചുനോക്കുമ്പോൾ ഇന്ത്യയും ചൈനയും ചേർന്നാൽ 36.2 കോടി ഉപഭോക്താക്കളെയാണ് സംഭാവന ചെയ്യുന്നത്. ഇതു തന്നെയാണ് വന്‍കിട കുത്തകകൾക്ക് ഇന്ത്യയും ചൈനയും ആകർഷണ കേന്ദങ്ങളാകുന്നതിന്റെ പ്രേരണ.

ഭക്ഷണത്തിന്റെ ഉപഭോഗത്തിലടക്കം പ്രകടമായ വിവേചനമാണ് ലോകത്ത് വിവിധരാജ്യങ്ങളിൽ അനുഭവപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെയും പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുടെയും ആകെ ജനസംഖ്യ ലോകജനസംഖ്യയുടെ 12 ശതമാനമേ വരൂ. എന്നാൽലോകത്ത് സ്വകാര്യ ഉപഭോഗത്തിനായി ചെലവഴിക്കപ്പെടുന്ന ആകെ പണത്തിന്റെ 60 ശതമാനവും ഈ രണ്ടു ഭൂപ്രദേശങ്ങളിൽ നിന്നാണ്. തെക്കന്‍ ഏഷ്യയിലെയും സബ്‌ സഹാറന്‍ ആഫ്രിക്കയിലേയും ജനങ്ങൾ സ്വകാര്യ ഉപഭോഗത്തിനായി ആഗോളചെലവിന്റെ 3.2 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്.

ലോകത്തെ ഏറ്റവും ധനാഢ്യരായ 32 പേരുടെ സമ്പത്ത് തെക്കന്‍ ഏഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും ആകെ ആഭ്യന്തര വരുമാനത്തേക്കാൾ അധികം വരും എന്ന ഒറ്റ കണക്കുമതി സാമ്പത്തിക അസമത്വത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍. ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ഭക്ഷണം പോലും നിഷേധിക്കപ്പെടുന്ന സാമ്പത്തിക വിവേചനത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുളള ബോധപൂർവ്വമായ തീരുമാനമെടുക്കുകയാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. സാധാരണക്കാരുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായ ക്ഷേമപ്രവർത്തനങ്ങളും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ ഇത്തരം പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലാണ് ഐക്യരാഷ്ട്രസഭ തന്നെ നടത്തിയത്.

ദാരിദ്രരാജ്യങ്ങളിൽ വരുമാനത്തിന്റെ മൂന്നിൽ രണ്ടും ഭക്ഷണത്തിനു വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്. കൃഷിക്കാർക്ക് വരുമാനത്തിന്റെ ഭൂരിപക്ഷവും ഭക്ഷണത്തിനടക്കം വിനിയോഗിക്കേണ്ടിവരുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വന്‍ തോതിൽ പണമൊഴുക്കാന്‍ കഴിവുള്ള കാർഷിക മുതലാളിമാർക്കല്ലാതെ സാധാരണ കൃഷിക്കാർക്ക് കൃഷിയിൽപിടിച്ചു നിൽക്കാന്‍ പറ്റാത്ത സാഹചര്യമാണ് മിക്ക വികസ്വര രാജ്യങ്ങളിലും നിലനിൽക്കുന്നത്. ഭൂമിയുടെയും സമ്പത്തിന്റെയും കേന്ദീകരണം അവസാനിപ്പിക്കാന്‍ സഹായകരമായ ഭൂപരിഷ്കരണമടക്കമുള്ള നടപടികൾ സ്വീകരിക്കാതെ കൃഷിക്കാരെ സഹായിക്കാനാകില്ല എന്ന സത്യമാണ് ഇന്ത്യന്‍ ഭരണാധികാരികൾ അടക്കം അംഗീകരിക്കേണ്ടത്.

ഭക്ഷണം ആവശ്യത്തിലധികം ഉല്പാദിപ്പിക്കുമ്പോഴും അത് വിശക്കുന്നവന്റെ മുന്നിലെത്തിക്കാന്‍ തയ്യാറാകാത്ത ഭരണ നയങ്ങളാണ് അസമത്വങ്ങളെയും വിവേചനങ്ങളെയും രൂക്ഷമാക്കുന്നത്. പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ തയ്യാറാകാതെ സർക്കാരിന്റെ പക്കൽ അധികമുള്ള ഭക്ഷ്യ കരുതൽ ശേഖരത്തെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്നതിൽ എന്തർത്ഥമാണുള്ളത് !

ലക്ഷക്കണക്കിന് കൃഷിക്കാർ ആത്മഹത്യാമുനമ്പിലേക്ക് വലിച്ചെറിയപ്പെട്ട നാളുകളിലാണ് ബി.ജെ.പിയുടെ എന്‍ഡിഎ സർക്കാർ ഇന്ത്യ തിളങ്ങുന്നു എന്ന അവകാശ വാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുപ്പിൽ തീയെരിയാന്‍ വഴിയില്ലാതെ നട്ടം തിരിഞ്ഞിരുന്ന കോടിക്കണക്കിന് സാധാരണ ഇന്ത്യക്കാരന്റെ കണ്ണീർ കാണാന്‍ കൂട്ടാക്കാതിരുന്നതാണ് എന്‍ഡിഎ സഖ്യത്തിന് തെരഞ്ഞെടുപ്പിൽനേരിട്ട തോൽവിയുടെ പ്രധാന കാരണം എന്ന ചരിത്രപാഠം ബിജെപിക്കു മാത്രമല്ല, കോൺഗ്രസിനും ബാധകം തന്നെയാണ്. കോടീശ്വരന്മാരുടെ വർദ്ധിക്കുന്ന ആസ്തിയുടെയും എണ്ണത്തിന്റെയും ചിത്രം ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വളർച്ച ആഘോഷിക്കുന്ന കോൺഗ്രസിനെ കാത്തിരിക്കുന്നതും കോടിക്കണക്കിന് സാധാരണക്കാരുടെ രോഷമാണ്.

*****

ഡോ. ടി.എന്‍.സീമ, കടപ്പാട് : സ്ത്രീ ശബ്‌ദം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലക്ഷക്കണക്കിന് കൃഷിക്കാർ ആത്മഹത്യാമുനമ്പിലേക്ക് വലിച്ചെറിയപ്പെട്ട നാളുകളിലാണ് ബി.ജെ.പിയുടെ എന്‍ഡിഎ സർക്കാർ ഇന്ത്യ തിളങ്ങുന്നു എന്ന അവകാശ വാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുപ്പിൽ തീയെരിയാന്‍ വഴിയില്ലാതെ നട്ടം തിരിഞ്ഞിരുന്ന കോടിക്കണക്കിന് സാധാരണ ഇന്ത്യക്കാരന്റെ കണ്ണീർ കാണാന്‍ കൂട്ടാക്കാതിരുന്നതാണ് എന്‍ഡിഎ സഖ്യത്തിന് തെരഞ്ഞെടുപ്പിൽനേരിട്ട തോൽവിയുടെ പ്രധാന കാരണം എന്ന ചരിത്രപാഠം ബിജെപിക്കു മാത്രമല്ല, കോൺഗ്രസിനും ബാധകം തന്നെയാണ്. കോടീശ്വരന്മാരുടെ വർദ്ധിക്കുന്ന ആസ്തിയുടെയും എണ്ണത്തിന്റെയും ചിത്രം ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വളർച്ച ആഘോഷിക്കുന്ന കോൺഗ്രസിനെ കാത്തിരിക്കുന്നതും കോടിക്കണക്കിന് സാധാരണക്കാരുടെ രോഷമാണ്.

ഡോ ടി എൻ സീമ എഴുതുന്നു