Tuesday, February 17, 2009

ബജറ്റല്ലാത്ത ഇടക്കാല ബജറ്റ്

2009-10ലെ ഇടക്കാല ബജറ്റ് രണ്ടു കാരണംകൊണ്ട് പരമ്പരാഗത ബജറ്റുകളില്‍നിന്നു വ്യത്യസ്‌തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. വളരെ അടുത്തെത്തിയിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനുമുമ്പുള്ള വോട്ട് ഓൺ അക്കൌണ്ടാണ് ഇതെന്നാണ് ഒന്നാമത്തെ കാരണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാനും വീണ്ടും അധികാരത്തിലെത്താനായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനുമുള്ള വേദിയായി ബജറ്റിനെ മാറ്റുമെന്നും പ്രതീക്ഷിച്ചിരുന്നു.

ആഗസ്‌തിലും ജനുവരിയിലും രണ്ട് ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചശേഷവും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം ഒട്ടും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ വോട്ട് ഓൺ അക്കൌണ്ടിനേക്കാള്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. നികുതിയിളവുകളോ നികുതി ചുമത്തലോ നടത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും വിമര്‍ശം നേരിടുമായിരുന്നു. വളർച്ച നിരക്ക് കുറയുന്നതും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മയും സാമ്പത്തികമാന്ദ്യത്തിന്റെ ഭീഷണിയും കണക്കിലെടുത്ത് കൂടുതല്‍ ചെലവ് നിര്‍ദേശിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പുള്ള കൌശലമായി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുമായിരുന്നു. ഇത് ധനകമ്മി വര്‍ധിപ്പിക്കുകയും അതിന്റെ ബാധ്യത പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുമായിരുന്നു. എന്നാല്‍, മേല്‍ വിവരിച്ച കാര്യങ്ങളില്‍ ഒന്നു മാത്രമേ പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ (കൂടുതല്‍ ഭാഗവും പ്രധാനമന്ത്രിയും മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്ന് തയ്യാറാക്കിയത് ) സംഭവിച്ചുള്ളൂ.

ബജറ്റ് പ്രസംഗത്തിന്റെ ഭൂരിഭാഗവും യുപിഎ സര്‍ക്കാരിന്റെ ആദ്യ നാലു വര്‍ഷത്തെ വളര്‍ച്ചയും വികസനവും മൂലമുണ്ടായ നേട്ടങ്ങളെ വിശദമായി പ്രതിപാദിക്കുന്നതായിരുന്നു. സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാന്‍ തുടങ്ങിയ നടപ്പു സാമ്പത്തികവര്‍ഷത്തെ കാര്യങ്ങളെക്കുറിച്ച് വളരെക്കുറച്ച് പരാമര്‍ശമേയുള്ളൂ. സര്‍ക്കാരിന് വലിയ താല്‍പ്പര്യമില്ലാതിരുന്നതും എന്നാല്‍ യുപിഎയെ പിന്തുണച്ചിരുന്ന പാര്‍ടികളുടെയും പ്രതിപക്ഷ പാര്‍ടികളുടെയും സമ്മര്‍ദംകൊണ്ട് നടപ്പാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി, കാര്‍ഷിക കടാശ്വാസ പദ്ധതി എന്നിവയും വലിയ നേട്ടമായി വിലയിരുത്തിയിട്ടുണ്ട്. വളര്‍ച്ചനിരക്ക് ഒമ്പതു ശതമാനത്തില്‍നിന്ന് 2008-09ല്‍ ഏഴു ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും ലോകത്തെ മികച്ച രണ്ടാമത്തെ വളര്‍ച്ചനിരക്കായി കൊട്ടിഘോഷിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, സാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയും യുപിഎ സര്‍ക്കാരും മോശമായ പ്രകടനമല്ല കാഴ്ചവയ്‌ക്കുന്നത്. അന്താരാഷ്‌ട്ര നിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ്. തൊഴില്‍നഷ്‌ടത്തിന്റെയും വിപണിയുടെയും മാളുകളുടെയും മാന്ദ്യത്തിന്റെയും തെളിവുകളുണ്ടായിട്ടും സാമ്പത്തികമാന്ദ്യമുണ്ടെന്ന കാര്യം നിഷേധിക്കുന്നതിന് രണ്ടു കാരണമുണ്ട്. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ അര ശതമാനംമാത്രം വരുന്ന തുകയുടെ രണ്ട് ഉത്തേജക പാക്കേജ് അപര്യാപ്‌തമായിരുന്നെന്ന് സമ്മതിക്കാനുള്ള വൈമനസ്യമാണ് ഒന്നാമത്തേത്. 2008-09ലെ ബജറ്റ് എസ്‌റ്റിമേറ്റിനേക്കാള്‍ 40,000 കോടി രൂപ പുതുക്കിയ എസ്‌റ്റിമേറ്റില്‍ ചെലവഴിക്കേണ്ടിവന്നെങ്കിലും കുറഞ്ഞത് 8000 കോടി രൂപയെങ്കിലും മൂലധനച്ചെലവായിരുന്നു. പശ്ചാത്തലസൌകര്യ മേഖലയില്‍ 70,000 കോടി രൂപ ചെലവഴിക്കേണ്ടിവന്നത് സാമ്പത്തികമാന്ദ്യംമൂലം അധികമായി ചെലവഴിച്ചതല്ലെന്നും നേരത്തെ നിശ്ചയിച്ചപ്രകാരമുള്ള ചെലവായിരുന്നെന്നും സാരം. ഇപ്പോള്‍ ഇടക്കാല ബജറ്റില്‍ ചെലവിനത്തില്‍ 5.8 ശതമാനം കൂടുതല്‍ തുക നീക്കിവയ്ക്കുന്നുവെന്നത് നാണയപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ വര്‍ധനയല്ല, സ്‌തംഭനമാണ്.

2007-08ല്‍ അവസാനിച്ച അഞ്ചു വര്‍ഷത്തെ ഉയര്‍ന്ന വളര്‍ച്ചനിരക്കിന്റെ പ്രാഥമികമായ പ്രയോജനം അനുഭവിക്കാത്തവരാണ് ജനസംഖ്യയുടെ വലിയ വിഭാഗമെന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കലാണ് വളര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന വീമ്പുപറച്ചില്‍. വളര്‍ച്ചയുടെ ഗുണം അനുഭവിച്ചിരുന്ന നഗരവാസികളും പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ പോകുന്നെന്ന സത്യവും അംഗീകരിച്ചിട്ടില്ല. ചെറിയ നികുതിയിളവുകളേക്കാള്‍ സുപ്രധാനമായ ചെലവിനങ്ങള്‍ വര്‍ധിപ്പിക്കുന്ന സാമ്പത്തികനയം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ യാഥാസ്ഥിതികത്വമാണ് ഇതിലൂടെ തെളിഞ്ഞുകാണുന്നത്. യുക്തിഹീനമായ ഫിസ്‌ക്കല്‍ റെസ്‌പോൺസിബിലിറ്റി-ബജറ്റ് മാനേജ്‌മെന്റ് നിയമപ്രകാരം 2.5 ശതമാനമായി നിശ്ചയിക്കേണ്ടിയിരുന്ന ധനകമ്മി ആറു ശതമാനമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായതിനെ വലിയ ത്യാഗമായി അവതരിപ്പിക്കുന്നു. സാമ്പത്തികവളര്‍ച്ച കുറഞ്ഞതിനാല്‍ നികുതിവരുമാനത്തിലെ കുറവ്, സാമ്പത്തികമാന്ദ്യം കാരണമായിപ്പറഞ്ഞ് ബിസിനസ് സമൂഹം നേടുന്ന ആനുകൂല്യങ്ങള്‍, സബ്‌സിഡികളില്‍ വരുത്തുന്ന വര്‍ധന (പാവങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുമില്ല. സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യവിഹിതം വന്‍തോതില്‍ വെട്ടിക്കുറയ്‌ക്കുകയുംചെയ്തു) എന്നിവയാണ് ധനകമ്മി വര്‍ധിക്കുന്നതിനുള്ള കാരണം. നല്ല മഴ കിട്ടിയതുമൂലം ഭക്ഷ്യധാന്യശേഖരത്തില്‍ വര്‍ധനയുണ്ടായതും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തത് എഫ്‌സിഐയുടെ ചെലവും വര്‍ധിപ്പിച്ചിട്ടുണ്ട്. മൂലധനച്ചെലവിനത്തിലെ ചെറിയ വര്‍ധന ധനകമ്മി വര്‍ധിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടില്ല. എന്നിട്ടും ധനകമ്മി 5.5 ശതമാനമേ ആകുന്നുള്ളൂ.

പശ്ചാത്തലസൌകര്യമേഖല വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ ധനപരമായ യാഥാസ്ഥിതികത്വം വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികമാന്ദ്യം സ്വകാര്യമേഖലയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തമെന്ന സങ്കല്‍പ്പം അസംബന്ധമാണ്. സാമ്പത്തികമാന്ദ്യം നേരിടുന്ന ഉപയോക്താക്കളില്‍നിന്ന് യൂസര്‍ ചാര്‍ജ് വന്‍തോതില്‍ പിരിക്കാമെന്ന് ഉറപ്പുകൊടുക്കാതെ സ്വകാര്യമേഖല ഇത്തരം കൂട്ടു സംരംഭങ്ങള്‍ക്ക് തയ്യാറാകില്ല. ഡല്‍ഹി വിമാനത്താവള വികസനം ഇതിന് ഉദാഹരണമാണ്. ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിന്റെ ഗൌരവമായ ഒരു ബജറ്റായി ഇതിനെ കാണാനാകില്ല. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്‌ക്കാനുള്ള നടപടിയൊന്നും സ്വീകരിക്കാതെ വാചകമടികൊണ്ടുമാത്രം തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്നു കരുതുന്ന ഒരു കൂട്ടുസര്‍ക്കാരിന്റെ വൃഥാവ്യായാമം മാത്രമാണ് ഈ ബജറ്റ്. എന്നാല്‍, സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്‌തതെന്നും ചെയ്യാതിരുന്നതെന്നും കാണാനുള്ള ശേഷി വോട്ടര്‍മാര്‍ക്കുണ്ട്.

****

സി പി ചന്ദ്രശേഖര്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഗസ്‌തിലും ജനുവരിയിലും രണ്ട് ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചശേഷവും ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം ഒട്ടും പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ വോട്ട് ഓൺ അക്കൌണ്ടിനേക്കാള്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. നികുതിയിളവുകളോ നികുതി ചുമത്തലോ നടത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും വിമര്‍ശം നേരിടുമായിരുന്നു. വളർച്ച നിരക്ക് കുറയുന്നതും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മയും സാമ്പത്തികമാന്ദ്യത്തിന്റെ ഭീഷണിയും കണക്കിലെടുത്ത് കൂടുതല്‍ ചെലവ് നിര്‍ദേശിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പുള്ള കൌശലമായി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുമായിരുന്നു.

പ്രിയ said...

ശാസ്ത്രകൗതുകം : ഇടക്കാല ബജറ്റ് ...

adyam vayichathu kondu ivide oru ref paranjuvennu mathram